'ജോണി'- സുസ്‌മേഷ് ചന്ത്രോത്ത് എഴുതിയ കഥ

തലസ്ഥാനമായതിനാല്‍ നിരത്തില്‍ വാഹനങ്ങള്‍ കുറയേണ്ട കാര്യവുമുണ്ടായിരുന്നില്ല. എങ്കിലും എല്ലാത്തിലും മ്ലാനതയും നിശ്ചലതയും താങ്കള്‍ക്ക് അറിയാനായി
'ജോണി'- സുസ്‌മേഷ് ചന്ത്രോത്ത് എഴുതിയ കഥ

തീവ രാവിലെ ഹോട്ടല്‍ പൈന്‍ട്രീയുടെ പതിനൊന്നാം നിലയിലെ ജനലരികില്‍ നിന്നുകൊണ്ട് താഴെയുള്ള നിരത്തിലേക്ക് നോക്കിനിന്നപ്പോള്‍ അകാരണമായി വേഗത നഷ്ടപ്പെട്ട നഗരത്തിലൂടെ ഒറ്റപ്പെട്ട് വാഹനങ്ങള്‍ നീങ്ങുന്ന പ്രതീതിയാണ് താങ്കള്‍ക്കനുഭവപ്പെട്ടത്. അന്നോ തലേന്നോ ബന്ദോ ഹര്‍ത്താലോ ഒന്നുമുണ്ടായിരുന്നില്ല. തലസ്ഥാനമായതിനാല്‍ നിരത്തില്‍ വാഹനങ്ങള്‍ കുറയേണ്ട കാര്യവുമുണ്ടായിരുന്നില്ല. എങ്കിലും എല്ലാത്തിലും മ്ലാനതയും നിശ്ചലതയും താങ്കള്‍ക്ക് അറിയാനായി. ആറുവരിപ്പാതയുടെ ഇരുവശത്തുമായി ചലിക്കുന്ന കാറുകളിലേക്ക് ഉയരത്തില്‍നിന്നും നോക്കിയപ്പോള്‍ താങ്കള്‍ക്ക് താങ്കളില്‍നിന്നും അകറ്റിക്കളയാന്‍ തോന്നിയ ജോണിയെ ഓര്‍മ്മവന്നതാവാം കാരണം.

ജോണി: വയസ്സ് താങ്കളെക്കാള്‍ രണ്ട് കൂടുതല്‍. 

ജോലി: നക്ഷത്രഹോട്ടലിലെ പുല്ലാങ്കുഴല്‍ വാദനം. 

കുടുംബം: ഭാര്യയും രണ്ട് മക്കളും സ്വന്തം മാതാവും പിതാവും. 

അടുപ്പത്തിന്റെ ആരംഭം: നക്ഷത്രഹോട്ടലില്‍ നടന്ന നിശാവിരുന്നിനിടയിലെ യാദൃച്ഛികമായ കണ്ടുമുട്ടല്‍. 

സ്വകാര്യ താല്പര്യം: ഉദ്യാനപാലനം. 

ഈ നഗരത്തില്‍വെച്ചുള്ള ആദ്യത്തെ കൂടിക്കാഴ്ചയ്ക്കും പരിചയപ്പെടലിനും ശേഷം ഒന്നരമാസം കഴിഞ്ഞ് തിരികെ വന്നപ്പോള്‍ താങ്കള്‍ ജോണിയെ ഫോണില്‍ വിളിച്ചു. ചിലരെയൊക്കെ താങ്കളങ്ങനെ ജീവിതത്തിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു. എന്നാല്‍, അതുപോലെയായിരുന്നില്ല ജോണി. താങ്കളുടെ പ്രകൃതത്തിനോ രീതികള്‍ക്കോ ഇണങ്ങുന്ന ഒരാളാണതെന്ന് തോന്നാതിരുന്നിട്ടും രണ്ടാം വരവില്‍ താങ്കള്‍ ജോണിയെ കാണാനാഗ്രഹിച്ചു. 

എന്നും വൈകുന്നേരം നാലര മുതല്‍ രാത്രി പതിനൊന്നുവരെയായിരുന്നു ഹോട്ടല്‍ ഹാനോക്കില്‍ ജോണിയുടെ ജോലിസമയം. കാണാനുള്ള ആഗ്രഹത്തെ മാനിച്ചുകൊണ്ട് കൂടിക്കാഴ്ച പകലെപ്പോളെങ്കിലുമാണെങ്കില്‍ അവധി നഷ്ടപ്പെടുത്താതിരിക്കാമായിരുന്നു എന്നു ജോണി അറിയിച്ചപ്പോള്‍ അന്നത്തെ പകലില്‍ 
താങ്കള്‍ക്ക് ഉദ്യോഗസംബന്ധമായ അനേകം കൂടിക്കാഴ്ചകളുള്ളതിനാല്‍ അതു സാദ്ധ്യമല്ല എന്നു വ്യക്തമാക്കിയിരുന്നു. അതുകാരണം അടുത്ത ദിവസം പകലില്‍ കാണാന്‍ ശ്രമിക്കാം എന്നു നിര്‍ദ്ദേശിച്ചത് ജോണിയല്ല താങ്കളാണ്. 

പിറ്റേന്ന് താങ്കളും ജോണിയും ആഹാരശാലയില്‍ വെച്ച് ജീവിതത്തിലെ രണ്ടാമത്തെ കൂടിക്കാഴ്ച നടത്തി. സ്വന്തം വാഗണ്‍ ആര്‍ ഓടിച്ചാണ് ജോണി വന്നത്. ആ കാറിനു ചാരനിറമായിരുന്നു. അതിന്റെ പിന്‍സീറ്റില്‍ ഒരു തുകല്‍പ്പെട്ടി മാത്രമേയുണ്ടായിരുന്നുള്ളൂ. പെട്ടിയുടെ ഉള്ളിലെന്താണെന്ന് താങ്കള്‍ക്കന്ന് മനസ്സിലായില്ല. അന്നത്തെ കൂടിക്കാഴ്ചയില്‍ നിന്നാണ് നിങ്ങള്‍ രണ്ടാള്‍ക്കുമിടയില്‍ സവിശേഷമായ മൈത്രി വളര്‍ന്നത്. അതിനാല്‍ നഗരം വിട്ടുപോകുന്നതിനു മുന്‍പ് താങ്കള്‍ വീണ്ടും ജോണിയെ കാണാനും ഒന്നിച്ചിരിക്കാനും ആഗ്രഹിച്ചു. എന്നാല്‍ താങ്കള്‍ക്ക് പകലുകളില്‍ തീരെ ഒഴിവുണ്ടായിരുന്നില്ല. അതുകാരണം സംഗീതം കേള്‍ക്കാനും അത്താഴം കഴിക്കാനുമായി ജോണിയുള്ള ഹോട്ടല്‍ ഹാനോക്കിലേക്ക് ചെല്ലാമെന്ന് താങ്കളറിയിച്ചു. 

അന്നുരാത്രി ഒരു ടിന്‍ ബീറിനും തന്തൂരിറൊട്ടിക്കും ഇറച്ചിക്കറിക്കുമൊപ്പം താങ്കളിരിക്കുമ്പോള്‍ ജോണി താങ്കള്‍ക്കായി എണ്‍പതുകളിലെ ഹിന്ദിഗാനങ്ങള്‍ പുല്ലാങ്കുഴലില്‍ വായിച്ചു. ജോണി എങ്ങനെയാണ് താങ്കളുടെ മനസ്സ് വായിച്ചതെന്നോര്‍ത്ത് താങ്കള്‍ അത്ഭുതപ്പെടാതിരുന്നില്ല. മുന്നിലിരിക്കുന്ന സഹൃദയന്റെ വിചാരങ്ങള്‍ വായിക്കാനുള്ള കഴിവ് തനിക്കുണ്ടെന്നും അതാണ് തന്റെ തൊഴില്‍ വിജയമെന്നും ജോണി പിന്നീട് താങ്കളോട് മനസ്സ് തുറക്കുന്നതിനു മുന്‍പാണത്. 

ആ രാത്രിയിലെ ജോലിസമയം തീരും മുന്‍പ് ജോണി താങ്കള്‍ക്കായി വായിച്ചത് ദീപ്തി നവലിന്റേയും ഫാറൂഖ് ഷേക്കിന്റേയും പാട്ടായിരുന്നു. ജഗജിത് സിങ്ങും ചിത്രാസിങ്ങും പാടിയ ആ പാട്ടിന്റെ പുല്ലാങ്കുഴല്‍ ആവിഷ്‌കാരത്തില്‍ താങ്കള്‍ മധുരമായി തകര്‍ന്നടിഞ്ഞുപോയി എന്നതാണ് സത്യം. 'യേ തേരാ ഘര്‍... യേ മേരാ ഘര്‍...' എന്ന ആ പാട്ടിന്റെ വരികള്‍ പുല്ലാങ്കുഴലിനൊപ്പം താങ്കളും അറിയാവുന്നതുപോലെ മൂളിക്കൊണ്ടിരുന്നു. പാട്ടും പാട്ടിന്റെ സമയവും തീര്‍ന്ന് ആളുകളൊഴിഞ്ഞിട്ടും താങ്കള്‍ ജോണിക്കായി കാത്തുനിന്നത് ജീവിതത്തില്‍ ആ സൗഹൃദം നഷ്ടപ്പെടുത്താന്‍ പാടില്ലെന്ന് തിരിച്ചറിഞ്ഞിട്ടാണ്. അണിയറയില്‍നിന്നും ജോണി വന്നപ്പോള്‍ താങ്കളാ കരം കവര്‍ന്ന് താങ്കളുടെ ഹൃദയത്തിലെ സന്തോഷമറിയിച്ചു. അപ്പോള്‍ അപ്രതീക്ഷിതമായി താനും മുറിയിലേക്ക് വരട്ടെ എന്ന് ജോണി താങ്കളോട് ചോദിച്ചു. യഥാര്‍ത്ഥത്തില്‍ താങ്കള്‍ വിമുഖത കാണിക്കുമായിരുന്നു ജോണി അല്പം മുന്‍പ് ആ പാട്ടുകള്‍ പാടിയിരുന്നില്ലെങ്കില്‍. അതിനാല്‍ തെല്ല് അമ്പരന്ന നിമിഷങ്ങള്‍ക്കുശേഷം താങ്കള്‍ ജോണിയെ താങ്കളുടെ ഹോട്ടലിലേക്ക് ക്ഷണിച്ചു. നഗരത്തിലെ ആവശ്യങ്ങള്‍ക്കായി താങ്കള്‍ ടാക്‌സിക്കാറുകളെയാണ് ആശ്രയിച്ചിരുന്നത്. പക്ഷേ, ജോണി താങ്കളെ മുന്‍സീറ്റിലിരുത്തി സ്വന്തം കാറില്‍ ഹോട്ടലിലേക്ക് കൊണ്ടുപോയി. അയാള്‍ വിദഗ്ധനായ ഡ്രൈവറുമായിരുന്നു. 

മുറിയിലെത്തും വരെ കാറിലിരുന്ന് താങ്കള്‍ സംസാരിച്ചുകൊണ്ടിരുന്നത് കോളേജില്‍ പഠിക്കുന്ന കാലത്ത് ഫാറൂഖ് ഷേക്കിനെ അനുകരിച്ച് മുടി വളര്‍ത്തിയിരുന്നതിനെക്കുറിച്ചാണ്. ഹോട്ടല്‍മുറിയില്‍ ചെന്നപ്പോള്‍ റഫ്രിജറേറ്റര്‍ തുറന്ന് താങ്കള്‍ രണ്ട് ടിന്‍ ബീര്‍ പുറത്തെടുത്തു. അപ്പോളാണ് താന്‍ മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്യില്ലെന്ന് ജോണി താങ്കളെയറിയിച്ചത്. അതു കേള്‍ക്കുന്ന മറ്റുള്ളവരെപ്പോലെ തന്നെയാണ് താങ്കളും പ്രതികരിച്ചതെന്ന് ഉടനെ ജോണി സമ്മതിക്കുകയും ചെയ്തു. ഒരു മദ്യശാലാഗായകന്‍ ഇങ്ങനെ ജീവിക്കുമോ എന്ന ആവര്‍ത്തന ചോദ്യത്തോടെയും മന്ദഹാസത്തോടെയും താങ്കള്‍ ബീര്‍ ടിന്നുകള്‍ തിരികെ വെച്ചു. 

ഹിന്ദി ചലച്ചിത്രലോകത്തെ അധോലോകം വിഴുങ്ങിയതിനെക്കുറിച്ചാണ് വ്യക്തിപരമായ യാതൊന്നും സംസാരിക്കാതെ പിന്നീട് ജോണി വാചാലനായത്. ആ സംസാരം കേട്ടാല്‍ അയാള്‍ മാഫിയാലോകത്തെക്കുറിച്ച് ആഴത്തില്‍ ഗ്രഹിച്ച ഒരുവനാണെന്ന് തോന്നിക്കുമായിരുന്നു. പത്രപ്രവര്‍ത്തനം പഠിച്ചിട്ടുണ്ടോ എന്ന് താങ്കള്‍ ജോണിയോട് ചോദിക്കുകയും ചെയ്തു. മറ്റൊന്നുകൂടി താങ്കള്‍ ചോദിച്ചു. അത് മുംബൈയില്‍ ജീവിച്ചിട്ടുണ്ടോ എന്നായിരുന്നു. ആദ്യത്തേതിന് ഇല്ല എന്നും രണ്ടാമത്തേതിന് മന്ദഹാസത്തിലും ജോണി മറുപടി ഒതുക്കി. അപ്പോളേക്കും നേരം ഒരുപാട് വൈകിക്കഴിഞ്ഞിരുന്നു. ജോണി വീട്ടിലെത്താന്‍ വൈകില്ലേ എന്ന് മടിച്ചുമടിച്ച് താങ്കള്‍ ചോദിച്ചത് അയാളെ മുറിയില്‍നിന്നും ഒഴിവാക്കുന്നതിനു തന്നെയായിരുന്നു. ജീവിതത്തില്‍ തനിയെ ജീവിച്ചു ശീലിച്ചതിനാല്‍ ആരുടേയും കൂടെ മുറി പങ്കിടുന്നത് താങ്കള്‍ക്കാലോചിക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല. 

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

സമയത്തെക്കുറിച്ച് അപ്പോള്‍മാത്രം ബോധവാനായ ഒരുവനെപ്പോലെ ജോണി താങ്കളെ നോക്കി. എന്നിട്ട് ഇന്നിവിടെ തങ്ങുന്നതില്‍ വിരോധമുണ്ടോയെന്ന് തിരികെ ചോദിച്ചു. ഒരു നിമിഷം താങ്കള്‍ ജോണിയെ ചുഴിഞ്ഞുനോക്കി. ഇഷ്ടപ്പെട്ട പാട്ടുകള്‍ പാടി മനസ്സ് കവര്‍ന്നതും കൂടെ വന്നതും ഒരുമിച്ചു ശയിക്കാനുള്ള അഭിലാഷവുമായിട്ടാണോ എന്നുതന്നെയാണ് താങ്കള്‍ സംശയിച്ചത്. താങ്കള്‍ക്കതിനോട് താല്പര്യമില്ലാതിരുന്നതിനാല്‍ ആ രാത്രിയോടെ രൂപപ്പെട്ട സുദൃഢമായ നല്ല കൂട്ടുകെട്ട് പൊടുന്നനെ നശിച്ചുപോകുമല്ലോ എന്ന് ഖേദിച്ചു. ഒരുതരം നിരാശാബോധം തന്നെയായിരുന്നു അത്. എന്നാലും അയാളെ ഇറക്കിവിടാനുള്ള മടി കാരണം താങ്കള്‍ മുറി പങ്കിടാമെന്ന് സമ്മതിച്ചു. 

അന്നു രാത്രി രണ്ടു കിടക്കകളില്‍ കിടന്നുകൊണ്ട് കിടക്കവിളക്കിന്റെ മനോഹരമായ വെട്ടത്തില്‍ ജോണി സംസാരിച്ചത് ബന്ധങ്ങളെക്കുറിച്ചായിരുന്നു. ദീപ്തി നവലിന്റേയും ഫാറൂഖ് ഷേക്കിന്റേയും തിരശ്ശീലയിലെ അടുപ്പത്തിന്റെ തുടര്‍ച്ചപോലെ ജീവിതങ്ങളില്‍ സംഭവിക്കുന്ന ചില അടുപ്പത്തെക്കുറിച്ചും അകല്‍ച്ചകളെക്കുറിച്ചുമാണ് ജോണി മധുരമായി സംസാരിച്ചത്. അയാളുടെ സംസാരത്തില്‍പ്പോലും സംഗീതമുണ്ടെന്ന് താങ്കള്‍ കണ്ടെത്തുകയും ചെയ്തു. ഏതിനും മീതെ വിഷാദച്ഛായയും തെളിഞ്ഞുകിടന്നിരുന്നു. തീരെ ഉറങ്ങാത്തതെന്ന് പറയാവുന്ന ആ രാത്രി പൂര്‍ണ്ണമായും ചന്ദ്രന്റേയും സാക്ഷ്യത്തോടെയാണ് അവസാനിച്ചത്. 

പിന്നീട് താങ്കളും ജോണിയും ഈ നഗരത്തില്‍വച്ച് പലപ്പോഴും കണ്ടുമുട്ടി. ജോണി ഒരിക്കല്‍പ്പോലും ജന്മനാട് വിട്ട് അകലേക്ക് പോയിട്ടില്ലെന്ന് താങ്കള്‍ക്കു മനസ്സിലായി. അതുകൂടാതെ അയാളെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിച്ച കാര്യങ്ങളാണ് ആ ബന്ധത്തിന്റെ അര്‍ത്ഥപൂര്‍ണ്ണതയെ സംബന്ധിച്ച തെളിഞ്ഞ ആശയലോകം താങ്കളില്‍ ഉണ്ടാക്കിയത്. 

ഒന്ന്: ജോണി വിമാനയാത്ര ചെയ്തിട്ടില്ല. 

രണ്ട്: ഹോട്ടലിലെ പാട്ടുകച്ചേരിയിലല്ലാതെ ഒരു വേദിയിലും അയാള്‍ പുല്ലാങ്കുഴല്‍ വായിച്ചിട്ടില്ല.
 
മൂന്ന്: ഇറച്ചിയും മീനും ലഹരിവസ്തുക്കളും അയാള്‍ ഉപയോഗിക്കാറുണ്ടായിരുന്നില്ല. 

നാല്: പള്ളിയില്‍ പോകുകയോ ഗൃഹാങ്കണങ്ങളിലെ ആരാധനകളിലും നോവേനകളിലും നോമ്പുകളിലും പങ്കെടുക്കുകയോ പതിവുണ്ടായിരുന്നില്ല. 

അഞ്ച്: താനൊരു ഉദ്യാനം പരിപാലിക്കുന്നുണ്ടെന്ന കാര്യം അധികമാരോടും അയാള്‍ വെളിപ്പെടുത്തിയിരുന്നില്ല. 

ഹോട്ടലിലെ വൈകുന്നേരങ്ങളിലല്ലാതെ എപ്പോളെങ്കിലും പുല്ലാങ്കുഴല്‍ വായിക്കാറുണ്ടോയെന്ന് ഒരിക്കല്‍ താങ്കള്‍ ചോദിച്ചപ്പോള്‍ തന്റെ വീടിന്റെ മുറ്റത്തും മട്ടുപ്പാവിലുമുള്ള ഉദ്യാനം അതിനുള്ളതാണെന്ന് അറിയിച്ചതുമാത്രമാണ് വീടുമായും പൂന്തോപ്പുമായും ബന്ധപ്പെട്ട് ജോണി പറഞ്ഞ വ്യത്യസ്തമായ കാര്യം. അയാളുടെ ഭാര്യയും മക്കളും അയാളുടെ കഴിവിനെപ്പറ്റി അറിയുന്നത് ആ നേരത്തായിരിക്കുമെന്നും താങ്കള്‍ കണക്കുകൂട്ടി. 

വര്‍ഷങ്ങള്‍ മുന്നോട്ടോടുന്നതിനിടയില്‍ പലവട്ടം ജോണിയെ കാണാനും അയാളുടെ സംഗീതം കേള്‍ക്കാനുമായി താങ്കള്‍ നഗരത്തിലെത്തി. അങ്ങനെ വന്നപ്പോളെല്ലാം ജോണി താങ്കള്‍ക്കൊപ്പം ഒരു ദിനമെങ്കിലും മുറിയില്‍ കഴിഞ്ഞു. ജോണിക്ക് താങ്കളോട് അഗാധമായ വികാരവായ്പുണ്ടെന്ന് താങ്കള്‍ മനസ്സിലാക്കി. വണിക്കുകളും വ്യവസായികളും ദല്ലാളുമാരുമായ മറ്റു സുഹൃത്തുക്കളോടൊപ്പം താങ്കള്‍ ദൂരയാത്ര ചെയ്യുമ്പോള്‍ കുട്ടികളെപ്പോലെ ജോണി കൂട്ടുവെട്ടി. അതിനു കാരണമായി പറഞ്ഞത് അതെല്ലാം നല്ല മനുഷ്യര്‍ക്കു ചേരുന്ന ബന്ധങ്ങളല്ലെന്നായിരുന്നു. അതുകേട്ട് താങ്കള്‍ക്ക് പലപ്പോഴും കോപവും വെറുപ്പും വന്നു. ജോണി അജ്ഞാനിയായ കുഴലൂത്തുകാരന്‍ മാത്രമായി അധഃപതിക്കുന്നുവെന്ന് താങ്കള്‍ പരിഹസിച്ചു. ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നവന്റെ വാക്കുകള്‍ കേട്ടല്ല യാത്രികന്‍ പുതിയ മുനമ്പുകള്‍ കണ്ടെത്തുന്നതെന്നും താങ്കള്‍ കുത്തുവാക്ക് പറഞ്ഞു. ജോണി മിണ്ടാതിരുന്നു. നിതാന്തമായി പിണങ്ങാനോ അകലാനോ കഴിയാത്ത ഒരുവനെപ്പോലെ. തന്നെക്കാള്‍ മുതിര്‍ന്നയാളായിട്ടും തന്നെക്കാള്‍ ഇളപ്പമുള്ള ആളെപ്പോലെയാണ് പലപ്പോഴും ജോണി പെരുമാറുന്നതെന്ന് താങ്കള്‍ക്കു പറയേണ്ടിവന്നു. അതു ശരിയാണെന്നും അത് താങ്കള്‍ക്കു മുന്നില്‍ മാത്രമേയുള്ളൂവെന്നും ജോണി സ്വകാര്യമായി സമ്മതിക്കാതിരുന്നില്ല. 

ഇണങ്ങിയും പിണങ്ങിയും തര്‍ക്കിച്ചും ശാസിച്ചും ഒന്നര പതിറ്റാണ്ടു നീങ്ങിയതിനുശേഷമാണ് പതിയെപ്പതിയെ ജോണിയെ താങ്കള്‍ അകറ്റിയത്. അകലുന്നതിനുള്ള ചില സൂചനകള്‍ വര്‍ഷങ്ങള്‍ക്കിടയില്‍ പലപ്പോഴായി താങ്കള്‍ ഇട്ടുകൊടുത്തിരുന്നു. അത് വിശകലനം ചെയ്യുമ്പോഴാണ് വിചിത്രമായ പല നിര്‍ബ്ബന്ധങ്ങളും താങ്കളെ നയിച്ചിരുന്നു എന്നും അതൊന്നും ജോണിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ലെന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. 

ജോണിയും പ്രത്യേകതരം നിര്‍ബ്ബന്ധബുദ്ധിക്കാരനായിരുന്നു. തന്റെ നിര്‍ബ്ബന്ധങ്ങളെ താന്‍ സ്‌നേഹിക്കുന്ന വ്യക്തിയിലേക്ക് ചേര്‍ത്തുവയ്ക്കാനും ജോണി ശ്രദ്ധ വച്ചിരുന്നു. അത് ജോണിയുടെ വീക്ഷണകോണിലൂടെ മാത്രം നോക്കിയാല്‍ ശരിയായി തോന്നുന്നതാണെന്നും വേറെ വീക്ഷണങ്ങള്‍ ആ വിഷയത്തിലുണ്ടാകാമെന്നും അതുകൂടി പരിഗണിക്കണമെന്നും വാദിച്ചാല്‍ ജോണി കേള്‍ക്കുമായിരുന്നില്ല. എന്തിനേയും ഇഷ്ടപ്പെടുമ്പോള്‍ അങ്ങേയറ്റം പോയി ഇഷ്ടപ്പെടാനും അല്ലാത്തപ്പോള്‍ ഉള്‍വലിയാനും അയാള്‍ക്ക് ശീലമുണ്ടായിരുന്നു. ഇഷ്ടപ്പെടുന്നയാള്‍ക്കായി വാദിക്കേണ്ടിവരുമ്പോള്‍ ജോണി കര്‍ക്കശക്കാരനും വാശിക്കാരനും പോരാളിയുമായി മാറുന്നതു കാണാനാവും. ജോണിയെ ചിലപ്പോഴെല്ലാം താങ്കള്‍ 'മൂര്‍ച്ചയേറിയ സ്വേച്ഛാപതി' എന്നു വിളിച്ചുപോയത് അതുകാരണമാണ്. 

ആദ്യം മുതലേ താങ്കളുടെ ഓരോ പുതിയ കൂട്ടുകാരനേയും പരിചയപ്പെടുത്തുമ്പോള്‍ ജോണി നെറ്റിചുളിക്കാറുണ്ടായിരുന്നു. ചിലപ്പോളെങ്കിലും സ്വകാര്യമായി പരിഭവിച്ചു. കാരണം ആ വ്യക്തികളെക്കുറിച്ച് ഒന്നോ രണ്ടോ ദിവസത്തിനകം കാര്യമായി എന്തെങ്കിലും മനസ്സിലാക്കുന്നതില്‍ ജോണി എല്ലായ്‌പോഴും വിജയിച്ചിരുന്നു. കേതകിയുടെ കാര്യത്തില്‍ സംഭവിച്ചതും മറ്റൊന്നല്ല. അധോലോകങ്ങളെക്കുറിച്ച് വാചാലനാകുന്ന ജോണിയില്‍നിന്നും വ്യത്യസ്തനായിരുന്നില്ല ആ ജോണി. 

ഉദ്യോഗത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ജോണിയുടെ മുന്നറിയിപ്പുകള്‍ അവഗണിക്കാന്‍ പലപ്പോഴും താങ്കള്‍ക്കു കഴിഞ്ഞു. തന്നെയുമല്ല, ചിലപ്പോളെങ്കിലും വ്യക്തിപരമായ നേട്ടത്തിനുവേണ്ടി ജോണിയുടെ സൂചനകളെ മറന്നു പ്രവര്‍ത്തിക്കാനും താങ്കള്‍ ശ്രമിച്ചു. ആദ്യകാലത്തെല്ലാം ജോണി അതു കണ്ടില്ലെന്നു വച്ചെങ്കിലും പിന്നീട് ജോണിയുടെ കയ്യില്‍ താങ്കള്‍ ഒതുങ്ങുന്നില്ല എന്നുവന്നപ്പോള്‍ ജോണി പൊട്ടിത്തെറിക്കാതിരുന്നില്ല. താന്‍ പറയുന്നതെല്ലാം താങ്കളുടെ നന്മയ്ക്കുവേണ്ടിയാണെന്ന് ജോണി സമര്‍ത്ഥിക്കുമ്പോള്‍ താങ്കള്‍ ലജ്ജയില്ലാതെ മാപ്പ് പറയുകയോ ജോണി പറഞ്ഞത് അനുസരിക്കുകയോ ചെയ്യും. അപ്പോള്‍ ജോണി വീണ്ടും പഴയപടിയാകും. എന്നാല്‍, അതൊന്നും ഏറെക്കാലത്തേക്ക് നീണ്ടുപോകുന്നതല്ല എന്നു താങ്കള്‍ മനസ്സിലാക്കി.

ജോണിക്ക് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ലേ എന്നു ചോദിച്ചാല്‍ സൗഹൃദങ്ങളില്‍ ജോണി കണിശമായ തെരഞ്ഞെടുപ്പ് നടത്തിയിരുന്നു എന്നു താങ്കള്‍ക്കു സമ്മതിക്കേണ്ടിവരും. ജോണിയുടെ കൂട്ടുകാര്‍ താങ്കളെപ്പോലെ ലാഭലക്ഷ്യങ്ങള്‍ അളന്നുനോക്കി അടുപ്പമുണ്ടാക്കുന്നവരായിരുന്നില്ല. എന്നാലും അവരില്‍ പലതരക്കാരുണ്ടായിരുന്നു. ജോണിയുടെ സംഗീതം ഇഷ്ടപ്പെടുന്നവരായിരുന്നു കൂടുതലും. ചിലര്‍ അയാളുടെ സ്വഭാവത്തെ സ്തുതിച്ചു. മറ്റു ചിലര്‍ക്ക് ഇഷ്ടമായത് അയാളുടെ അച്ചടക്കമാണ്. എങ്ങനെയായാലും ജോണിയെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരുപറ്റം പുരുഷന്മാരും സ്ത്രീകളും ജോണിയുടെ ചുറ്റിനുമുണ്ടായിരുന്നു. അതിനെക്കുറിച്ചെല്ലാം ജോണി ബോധവാനുമായിരുന്നു. പക്ഷേ, അവരെക്കാളെല്ലാം മേലെയായിരുന്നു ജോണിക്കു മുന്നില്‍ താങ്കളുടെ സ്ഥാനം. പലപ്പോഴും താങ്കളത് തിരിച്ചറിഞ്ഞില്ല എന്നു അംഗീകരിക്കേണ്ടിവരും. അഥവാ അക്കാലത്ത് തെല്ല് അസഹ്യതയോടെയാണ് ജോണിയുടെ സ്‌നേഹത്തെ സ്വീകരിച്ചിരുന്നത് എന്നു സമ്മതിക്കേണ്ടിവരും. അത് ജോണി മനസ്സിലാക്കിയതാവട്ടെ, അങ്ങേയറ്റത്തെ വേദനയോടെയാണ്. എന്നിട്ടും താങ്കള്‍ പലപ്പോഴും ജോണിക്ക് സമാധാനം കിട്ടുന്ന വിധത്തില്‍ പെരുമാറാന്‍ മുതിര്‍ന്നില്ല. അതേസമയം ജോണി സങ്കുചിതമായി ചിന്തിക്കുന്ന ഒരുവനല്ലെന്ന് താങ്കള്‍ക്കറിയാമായിരുന്നു. 

രാജ്യത്ത് പുതിയതായി എത്തിയ വാണിജ്യകേന്ദ്രവും അതിന്റെ മേധാവിയും താങ്കളുടെ ജീവിതം അപഹരിക്കുന്നതില്‍ തനിക്കുള്ള മനോവ്യഥ പങ്കുവച്ചുകൊണ്ടാണ് ഒരിടവേളയ്ക്കുശേഷം ജോണി താങ്കളോട് കലഹിച്ചത്. വമ്പന്‍ വ്യാപാരികള്‍ക്കു ലാഭം നേടിക്കൊടുക്കാന്‍ താങ്കള്‍ നടത്തുന്ന കഠിനവ്യായാമങ്ങളെ ശരിക്കും തിരിച്ചറിയാന്‍ ജോണിക്കു സാധിച്ചിരുന്നു. അതുവരെ പ്രയോഗിക്കാത്ത ഒരു വാക്ക് താങ്കള്‍ അന്നു പറഞ്ഞു. ഭാര്യയെപ്പോലെ ജോണി തന്നോട് പെരുമാറരുത് എന്നായിരുന്നു അത്. അതുകേട്ട് സത്യത്തില്‍ ജോണി വിളറിപ്പോകുന്നത് താങ്കള്‍ ആത്മസംതൃപ്തിയോടെ കണ്ടു. രണ്ട് പുരുഷന്മാര്‍ മാത്രമുള്ള ഹോട്ടല്‍മുറിയുടെ ഏകാന്തതയിലും തണുപ്പിലും വെളുത്ത ചുമരുകളുടെ മമതയിലും നിന്നുകൊണ്ടാണ് നിങ്ങള്‍ രണ്ടാളും സംസാരിച്ചത്. കുറച്ചുനേരം മിണ്ടാതിരുന്നതിനുശേഷം 'ഭാര്യയെപ്പോലെ...' എന്ന് ജോണി വിക്കി. താങ്കള്‍ക്കു വിഷമം വന്നു. ജോണി കാലുകള്‍ തിരക്കുപിടിച്ച് ഷൂസുകളില്‍ തിരുകുന്നതു കണ്ടപ്പോള്‍ അയാള്‍ മുറിവിട്ടു പോകാന്‍ ഭാവിക്കുകയാണെന്ന് താങ്കള്‍ക്കുറപ്പായി. അങ്ങനെ ചെയ്താല്‍ അത് തന്നെ അപമാനിക്കുന്നതിനു തുല്യമാകുമെന്ന് താങ്കള്‍ അപേക്ഷിച്ചപ്പോള്‍ ജോണി നിസ്സഹായനായി. അയാള്‍ വിക്കി വിക്കി താന്‍ ഭാര്യയോ കാമുകിയോ അല്ല എന്നു പതിയെ പറഞ്ഞു. താങ്കള്‍ ക്ഷമാപണം നടത്തിയെങ്കിലും ആ പരാമര്‍ശം ജോണിയെ മുറിപ്പെടുത്തി എന്ന് താങ്കള്‍ക്കു മനസ്സിലായി. 

പിന്നീട് അതുവരെ ജീവിച്ച വര്‍ഷങ്ങളുടെ മസൃണതയെ മറന്നുകൊണ്ട് അകല്‍ച്ചയിലാണ് ജോണി പെരുമാറിയത്. ജോണിക്ക് അങ്ങനെയാകാന്‍ കഴിയുമായിരുന്നില്ല. എന്നിട്ടും താങ്കള്‍ക്ക് ഇഷ്ടമില്ലാത്തത് ആവര്‍ത്തിക്കേണ്ട എന്ന് അയാള്‍ അംഗീകരിച്ചതുപോലെ അകന്നുപോയി. എന്നാല്‍, കൂടിക്കാഴ്ചകളും ഇഷ്ടഗാനങ്ങളുടെ ആലാപനവും നിര്‍ത്തിയതുമില്ല. പക്ഷേ, ആ ആലാപനങ്ങള്‍പോലും ആര്‍ക്കോ വേണ്ടി പാടുന്നതുപോലെയായിരുന്നു. ഊഷ്മളത നഷ്ടമായതിനെക്കുറിച്ച് കുത്തിക്കുത്തി ചോദിച്ചപ്പോള്‍ ജോണി തുറന്നുപറഞ്ഞത് താങ്കളില്‍നിന്നും അകലാന്‍ പരിശീലിക്കുന്നു എന്ന സത്യമാണ്. 

അതായിരുന്നു ജോണിയുടെ ഭാഗത്തുനിന്നുണ്ടായ ആദ്യത്തെ തുറന്നുപറച്ചില്‍. എന്തിന് എന്നു വേവലാതിയോടെ ചോദിച്ചപ്പോള്‍ ഒരു വില്‍പ്പനക്കാരന്‍ എന്തുമേതും വില്‍ക്കാനേ ശ്രമിക്കൂ എന്ന് താങ്കളുടെ തൊഴിലിനെ വ്യക്തമായും പരാമര്‍ശിച്ചുകൊണ്ട് ജോണി മറുപടി നല്‍കി. എന്തു വില്‍ക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് താങ്കള്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ ജോണി എന്ന മനുഷ്യന്റെ ആത്മാര്‍ത്ഥതയെ വില്‍ക്കാനാണ് താങ്കള്‍ ശ്രമിക്കുന്നതെന്ന് അയാള്‍ വിവരിച്ചു. വിപണിയില്‍ അതാര്‍ക്കും വേണ്ടാത്തതാണെന്നും കൂട്ടിച്ചേര്‍ത്തു. എന്നിട്ട് ഉല്പത്തി പുസ്തകത്തിലെ ആറാം അധ്യായത്തിലെ ഒന്‍പതാം വാക്യം മറക്കരുതെന്ന് മന്ത്രിച്ചു. ജോണി ദൈവവിശ്വാസിയായിരുന്നില്ല. മതഗ്രന്ഥങ്ങളെ പിന്തുടരുന്ന ആളുമായിരുന്നില്ല. അതിനാല്‍ ആ വാക്യം എന്തായിരിക്കുമെന്നോര്‍ത്ത് താങ്കള്‍ അമ്പരന്നു. അതാവാം താങ്കളന്ന് നിശബ്ദനായി സോഫയിലേക്ക് വീഴാന്‍ കാരണം. ഏറെ നേരം ആ ഇരിപ്പില്‍നിന്നും അനങ്ങാനോ ജോണിയെ അഭിമുഖീകരിക്കാനോ താങ്കള്‍ക്കായില്ല. 

ബന്ധത്തിലുണ്ടായ വലിയ വഴിത്തിരിവ് എന്നു പറയാവുന്ന ആ സംഭവം അപ്രതീക്ഷിതമായിരുന്നില്ല താങ്കളെ സംബന്ധിച്ചിടത്തോളം. എങ്കിലും താങ്കള്‍ ശരിക്കും ഉലഞ്ഞുപോയി. ആത്മാര്‍പ്പണവും ത്യാഗവും സമ്മേളിക്കുന്ന ജോണിയുടെ സൗഹൃദം നഷ്ടപ്പെടുത്താന്‍ താങ്കള്‍ ഒരിക്കലും ഒരുക്കമല്ല എന്ന് അറിയിച്ചപ്പോള്‍ തന്റെ കാര്യകാരണബോധവും ഇഴയടുപ്പവുമുള്ള കരുതല്‍ താങ്കള്‍ അര്‍ഹിക്കുന്നില്ല എന്നാണ് നിസ്സംഗതയോടെ ജോണി അറിയിച്ചത്. ഏറെ നേരം നീണ്ടുനിന്ന വാദപ്രതിവാദത്തിലേക്കാണ് അത് നിങ്ങളെ രണ്ടാളേയും നയിച്ചത്. താന്‍ തന്റെ തീരുമാനത്തില്‍ മുന്നോട്ടുപോകുകയാണെന്ന് അന്ന് ജോണി താങ്കളെ അറിയിച്ചു. താങ്കള്‍ നാശത്തിലേക്കാണ് പോകുന്നതെന്ന് തനിക്ക് അഭിപ്രായമില്ലെന്നും എന്നാല്‍, ഒരു മനുഷ്യനുണ്ടായിരിക്കേണ്ട യഥാര്‍ത്ഥ ഗുണങ്ങള്‍ ഇല്ലാതാക്കിയാണ് താങ്കള്‍ മുന്നേറുന്നതെന്ന് പറയേണ്ടിവരുമെന്നും അന്ന് ജോണി പൂരിപ്പിച്ചു. സത്യത്തില്‍ താങ്കള്‍ക്ക് പ്രജ്ഞ നശിച്ചിരുന്നു. 
ഒരിക്കല്‍ താങ്കള്‍ കേതകിയെക്കുറിച്ച് ജോണിയോട് സംസാരിച്ചത് മറന്നിട്ടില്ലെന്നു കരുതുന്നു. പുതിയ വാണിജ്യസ്ഥാപനത്തില്‍ താങ്കളുടെ മേധാവിയുടെ സ്വകാര്യസഹായിയായി വന്നയാളായിരുന്നു കേതകി. അവിവാഹിതയും സുന്ദരിയും ചെറുപ്പക്കാരിയുമായിരുന്ന കേതകിയുടെ അച്ഛന്‍ പഞ്ചാബിയും അമ്മ പഹാഡിയുമായിരുന്നു. ആ പഴയകാല ചലച്ചിത്രതാരം ദീപ്തി നവലിനെപ്പോലെ. ജോണിയോട് അതും താങ്കള്‍ പറയാതിരുന്നില്ല. രണ്ടു ദിവസത്തിനുശേഷം കേതകിയുടെ അമ്മയുടെ പൂര്‍വ്വകഥ താങ്കള്‍ക്കു മുന്നില്‍ ജോണി നിവര്‍ത്തി. അതുകേട്ട് താങ്കള്‍ക്ക് ജോണിയോട് കഠിനമായ കോപം വന്നു. കേതകിയെ അപമാനിക്കുകയാണ് ജോണി ചെയ്യുന്നതെന്ന് താങ്കള്‍ ആരോപിച്ചു. എന്നുമാത്രമല്ല, കേതകിയോട് താങ്കള്‍ക്ക് തോന്നുന്ന ഇഷ്ടം ഇല്ലാതാക്കാനാണ് ജോണി ശ്രമിക്കുന്നതെന്നും ജോണിയുടെ പാളിപ്പോയ വൈവാഹിക ജീവിതത്തിന്റെ ഓര്‍മ്മ വച്ചാണ് താങ്കളോട് പെരുമാറുന്നതെന്നും താങ്കള്‍ ക്രൂരമായി പറഞ്ഞു. താന്‍ അതൊന്നും ആലോചിച്ചിട്ടുപോലുമില്ലെന്ന് ജോണി ആണയിട്ടെങ്കിലും താങ്കള്‍ വകവച്ചില്ല. ജോണി തന്റെ പുല്ലാങ്കുഴല്‍ പെട്ടിയും മടിയില്‍ വെച്ച് നിശ്ചലം ഇരിക്കുകയാണ് അന്നു ചെയ്തത്. 

വലിയൊരു മാര്‍വാഡി കുടുംബത്തേയും സ്ഥാപനത്തേയും ഒറ്റയ്ക്ക് നശിപ്പിച്ചവളാണ് കേതകിയുടെ അമ്മ എന്ന് താങ്കള്‍ക്കും അറിയാമായിരുന്നു. ജോണി പറഞ്ഞതിലെല്ലാം കാര്യമുണ്ടെന്നും. എന്നാല്‍, താങ്കളുടെ ശ്രമം കേതകിയെ മുതലെടുക്കാനായിരുന്നു. താങ്കളുടെ അത്തരം മനോഗതങ്ങളേയും നീക്കങ്ങളേയുമാണ് ജോണി എന്നും അപലപിച്ചു പോന്നത്. അതുകൊണ്ടാണ് അയാളൊരിക്കല്‍ താങ്കളെ 'തികഞ്ഞ സ്വാര്‍ത്ഥന്‍' എന്നു മുഖത്തുനോക്കി വിളിച്ചത്. 'മൂര്‍ച്ചയേറിയ സ്വേച്ഛാപതി' എന്നു താങ്കള്‍ വിളിച്ചതിന് കാലങ്ങള്‍ക്കിപ്പുറം നല്‍കുന്ന ഒരു മറുപടി പോലെയായിരുന്നു അത്. 

പിന്നീട് മാസങ്ങളോളം ജോണി താങ്കള്‍ക്കു പിടി തന്നില്ല. കേതകി ഉദ്യോഗം മതിയാക്കി വിദേശത്തേക്കു പോയത് അറിയുന്നതുവരെ ജോണി വഴുതിനിന്നു. മടങ്ങിവന്നപ്പോള്‍ ജോണി താങ്കളോട് ഒരു വാചകം പറഞ്ഞു. പുല്ലാങ്കുഴലിലേക്ക് സ്വന്തം പ്രാണവായു ഊതിക്കയറ്റിയാണ് മറ്റുള്ളവരെ ജീവിപ്പിക്കുന്ന സംഗീതം താനുണ്ടാക്കുന്നതെന്ന്. താങ്കള്‍ക്ക് ഒന്നും മനസ്സിലായില്ല. ഉറച്ച കൂട്ടുകെട്ടാണ് മുന്തിയ സംഗീതമെന്ന് ജോണി ആവര്‍ത്തിച്ചു. അന്നാണ് ജോണി എത്രത്തോളം സത്യസന്ധനും സാമൂഹ്യബോധമുള്ളവനാണെന്നും താങ്കള്‍ ആദ്യമായി തിരിച്ചറിഞ്ഞത്.

കേതകിയെപ്പോലെ മറ്റൊരാള്‍ പിന്നീട് താങ്കളുടെ മനസ്സിലേക്ക് വരാതിരുന്നത് ജോണിയുടെ സൗഹൃദം തുടരുന്നതിനു സഹായിച്ചു. അപ്പോളെല്ലാം ഒരു ഭാര്യയെപ്പോലെ പെരുമാറുന്നു എന്ന മുന്‍ ആരോപണത്തെ ശരിവയ്ക്കുന്നതുപോലെ താങ്കള്‍ക്കു മുന്നില്‍ പെരുമാറാതിരിക്കാന്‍ ജോണി ബലമായി പരിശീലിക്കുന്നത് താങ്കള്‍ മനസ്സിലാക്കി. അത് താങ്കളുമായുള്ള അടുപ്പം ഏതുവിധേനയും നിലനിര്‍ത്താനാണെന്ന് വ്യക്തമായിരുന്നു. അതോടെ സഹതാപത്തോട് സാമ്യമുള്ള വികാരത്താലും അനുകമ്പയാലും താങ്കള്‍ക്ക് ജോണിയോട് സ്‌നേഹമുള്ള വെറുപ്പ് തുടങ്ങി. എല്ലാം ഒരുതരം അനുഷ്ഠാനം പോലെയാകുന്നതില്‍ താങ്കള്‍ക്കു നിരാശയുണ്ടായി. ജോണിയുടെ ശാഠ്യം നിറഞ്ഞ സ്വഭാവത്തോട് താങ്കള്‍ കലഹിക്കാന്‍ തുടങ്ങി. താങ്കള്‍ ജോണിയുടെ ഫോണുകള്‍ ഒഴിവാക്കാന്‍ ആരംഭിച്ചു. അത് ജോണിയെ എത്രത്തോളം വേദനിപ്പിക്കും എന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെയുള്ള ഒരു പ്രവൃത്തിയായി. പ്രതികാരം പോലെ ചീഞ്ഞ എന്തോ ഒന്ന്. അപ്പോളേക്കും എണ്‍പതുകളിലെ ഹിന്ദിഗാനങ്ങളുടെ സാന്നിദ്ധ്യം നിങ്ങള്‍ ഇരുവര്‍ക്കുമിടയില്‍നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. 

മുന്നോട്ടു പോകുന്തോറും തനിക്ക് കുരുക്കാകുന്ന മാനസികാവസ്ഥയാണ് ജോണിക്കുള്ളതെന്നും അതിനോട് തനിക്കറിയാവുന്നതുപോലെ പെരുമാറിയിട്ട് കാര്യമില്ലെന്നും താങ്കള്‍ സ്വയം പഠിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ജോണിയെ ഉപേക്ഷിക്കാനോ ജോണി ആവശ്യപ്പെട്ടതുപോലെ വാണിജ്യകേന്ദ്രത്തിലെ ജോലിയുപേക്ഷിച്ച് സ്വതന്ത്രനായി മുന്നോട്ടുപോകാനോ താങ്കള്‍ ഉദ്ദേശിക്കുന്നുമുണ്ടായിരുന്നില്ല. എന്നിരുന്നാലും തന്നോട് ഒട്ടിനില്‍ക്കുന്ന കാലമത്രയും ജോണി സ്വയം ഉരുകുന്നുണ്ട് എന്നു മനസ്സിലാക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞു. ജോണിയെ ബാധിച്ച കറുകറുത്ത സംഘര്‍ഷം താങ്കളേയും ആദ്യമായി തൊട്ടുതീണ്ടി. 

അകന്നുനില്‍ക്കുന്നതാണ് ഇരുവര്‍ക്കും നല്ലതെന്ന് താങ്കള്‍ക്കും മനസ്സിലായി. പക്ഷേ, അത് എളുപ്പത്തില്‍ സാധിക്കുന്നതായിരുന്നില്ല. ജോണിയെ താങ്കള്‍ക്ക് ഒരുപാട് നഷ്ടപ്പെടുന്നുണ്ട്. ഈ നഗരത്തില്‍ വരുമ്പോഴും അല്ലാത്തപ്പോഴും. ജോണിക്കും അങ്ങനെ തന്നെയാവാം. പക്ഷേ, ജോണിയുടെ പ്രത്യേകതരം ശുദ്ധത ഒന്നിനോടും സമരസപ്പെടാന്‍ സമ്മതിക്കുന്നതായിരുന്നില്ല. 

ഇപ്പോള്‍ ഹോട്ടല്‍ പൈന്‍ട്രീയുടെ പതിനൊന്നാം നിലയില്‍ നില്‍ക്കുമ്പോള്‍ താങ്കള്‍ക്കറിയാം. ഈ നഗരത്തിന്റെ ഏതെങ്കിലും കോണില്‍ താങ്കളുടെ വഴികാട്ടിയായ കൂട്ടുകാരനുണ്ടെന്ന്. ഹോട്ടല്‍ ഹാനോക്കിലെ ജോലി നഷ്ടപ്പെട്ടാലും താനീ നഗരം ഒരിക്കലും ഉപേക്ഷിക്കുകയില്ലെന്ന് പരിചയപ്പെട്ട കാലത്തൊരിക്കല്‍ ജോണി താങ്കളോട് പറഞ്ഞിട്ടുണ്ട്. താഴെയുള്ള നിരത്തിലൂടെ ഓടുന്ന കാറുകളിലൊന്ന് ജോണിയുടേതാവാം. അതിന്റെ പിന്നിരിപ്പിടത്തില്‍ പല വലുപ്പമുള്ള മുളങ്കുഴലുകള്‍ ശേഖരിച്ച പേടകവും ഉണ്ടാകും. 

പൊടുന്നനെ മഴ പെയ്യാന്‍ തുടങ്ങി. അതിരാവിലെ തന്നെ മഴ തുടങ്ങുമെന്ന് താങ്കള്‍ വിചാരിച്ചിരുന്നില്ല. ഹോട്ടലിന്റെ വലിയ ചില്ലുജനാലകളിലൂടെ വെള്ളം ഒലിച്ചിറങ്ങിയപ്പോള്‍ നിരത്തുകള്‍ അപ്രത്യക്ഷമായി. അപ്പോഴും തലേരാത്രിയിലെ സ്വപ്നം താങ്കളെ വിട്ടുപോയിരുന്നില്ല. ആ സ്വപ്നത്തില്‍നിന്നാണല്ലോ താങ്കളില്‍ ജോണിയെന്ന നഷ്ടഗായകന്റെ വിചാരങ്ങള്‍ മടങ്ങിവന്നത്. 

ഇടതു സഖാക്കള്‍ പാര്‍ക്കുന്ന ഇടത്തരം കോളനികളിലൊന്നിലാണ് ജോണിയുടെ വീടെന്ന് താങ്കള്‍ക്കറിയാമായിരുന്നു. ഇന്നലെ രാത്രി കണ്ട സ്വപ്നത്തില്‍ താങ്കള്‍ ആ കോളനിയിലേക്ക് ചെല്ലുകയാണ്. ദൂരെനിന്നേ അവിടെയുള്ള എല്ലാ വീടുകളുടെ മുന്നിലും രക്തവര്‍ണ്ണ പതാക പാറുന്നത് താങ്കള്‍ കണ്ടു. അതിലേതായിരിക്കും ജോണിയുടെ വീടെന്നാലോചിച്ച് താങ്കള്‍ നടക്കുമ്പോള്‍ ജോണി പരിപാലിച്ചിരുന്ന ഉദ്യാനത്തെക്കുറിച്ച് താങ്കള്‍ക്ക് ഓര്‍മ്മവന്നു. വര്‍ഷങ്ങളുടെ ദൂരത്തിനിടയില്‍ ജോണി സംസാരിച്ചപ്പോളെല്ലാം പരാമര്‍ശിച്ചുകൊണ്ടിരുന്നത് ആ പൂന്തോപ്പിനെക്കുറിച്ചായിരുന്നു. പലതവണ നിങ്ങളൊരുമിച്ച് പൂച്ചെടികള്‍ വാങ്ങാന്‍ പോയിട്ടുമുണ്ട്. അതിനാല്‍ അവിടെക്കണ്ട വീടുകളുടെ മുറ്റത്തെ പൂന്തോപ്പ് തിരഞ്ഞായി പിന്നീട് താങ്കളുടെ നടപ്പ്. ഒന്നോ രണ്ടോ ചെടികളോ പൂത്തുനില്‍ക്കുന്ന ചെറിയ മരങ്ങളോ അല്ലാതെ ഉദ്യാനമുള്ള വീട് കാണാന്‍ കഴിയാതെ വന്നപ്പോള്‍ ജോണിക്ക് എന്തു സംഭവിച്ചുകാണുമെന്നോര്‍ത്ത് താങ്കള്‍ പരിഭ്രാന്തനായി. എല്ലാ വീടുകളുടേയും മുന്നില്‍ ഒരേ ഛായയുള്ള അപരിചിത മുഖങ്ങള്‍ പ്രത്യക്ഷപ്പെട്ടത് താങ്കള്‍ ഉറക്കെയുറക്കെ 'ജോണി...' എന്നു വിളിക്കാന്‍ തുടങ്ങിയപ്പോളാണ്. 

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

താങ്കള്‍ ആവശ്യപ്പെട്ട പ്രകാരം അവര്‍ കാണിച്ചുതന്ന വീട്ടിലേക്ക് ചെല്ലുമ്പോള്‍ രാത്രിയായതായി തോന്നി. ചുറ്റിനും ഇരുട്ടായിരുന്നു. ഉമ്മറത്തെ മണിയടിച്ചപ്പോള്‍ കതക് തുറന്നത് ജോണിയുടെ മകനാണെന്ന് താങ്കള്‍ക്കു മനസ്സിലായി. അവന്റെ വളര്‍ച്ചയില്‍നിന്നും വര്‍ഷങ്ങളുടെ മാറ്റത്തിനിടയില്‍ ജോണിയുടെ താടിയും മുടിയും പൂര്‍ണ്ണമായും വെളുത്തിട്ടുണ്ടാവുമെന്ന് താങ്കളൂഹിച്ചു. ചോദ്യത്തിനു മറുപടിയായി പപ്പ ഇവിടെയില്ലെന്നാണ് ആ ചെറുപ്പക്കാരന്‍ അറിയിച്ചത്. എവിടെപ്പോയെന്ന് ചോദിച്ചപ്പോള്‍ താങ്കള്‍ക്കു കിട്ടിയ മറുപടി വിചിത്രമായി തോന്നി. പപ്പ വീടുപേക്ഷിച്ചു എന്നായിരുന്നു അത്. താങ്കള്‍ ശരിക്കും ഞെട്ടിത്തരിച്ചുപോയി. ആ മറുപടി വിശ്വസിക്കാന്‍ കഴിയാത്തതിനാല്‍ താങ്കള്‍ വീടിനുള്ളിലേക്കു കടന്നു. ഉള്ളിലെ ദിവാന്‍ കോട്ടില്‍ പഞ്ഞിത്തലയിണയില്‍ ചാരിക്കിടന്ന മറ്റൊരു യുവാവും ജോണിയുടെ മകന്‍ തന്നെയാണെന്ന് മുഖച്ഛായയിലൂടെ താങ്കളൂഹിച്ചു. അവന്‍ പറഞ്ഞ മറുപടിയാകട്ടെ, മുന്‍പു കേട്ട മറുപടിയെക്കാള്‍ വിചിത്രവും താങ്കള്‍ക്ക് അംഗീകരിക്കാന്‍ വിഷമമുള്ളതുമായിരുന്നു. മഞ്ഞനിറമുള്ള മുള വെട്ടാന്‍ പപ്പ കാട്ടില്‍ പോയെന്നായിരുന്നു അത്. എത്ര ദിവസമായി പോയിട്ടെന്ന് താങ്കള്‍ എടുത്തുചോദിച്ചപ്പോള്‍ ദിവസങ്ങളോ എന്ന പരിഹാസഭാവത്തില്‍ അവന്‍ നോക്കി. അതിനര്‍ത്ഥം മാസങ്ങളോ വര്‍ഷങ്ങളോ ആയിട്ട് ജോണി വീട്ടില്‍ വരാറില്ല എന്നാണെന്ന് താങ്കള്‍ക്കു മനസ്സിലായി. ഹോട്ടല്‍ ഹാനോക്കിലെ ജോലി ഉപേക്ഷിച്ചാണോ കാട്ടില്‍ പോയിരിക്കുന്നതെന്ന് താങ്കള്‍ക്കു ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍, അവിടെക്കേട്ട ഉത്തരങ്ങളെല്ലാം അസംബന്ധങ്ങളായി അനുഭവപ്പെട്ടതിനാല്‍ തുടര്‍ ചോദ്യങ്ങള്‍ക്കു പ്രസക്തിയില്ലെന്ന് താങ്കള്‍ സ്വയം അംഗീകരിച്ചു. എന്നിട്ടും സ്വരത്തിലെ വിറയലോടെയാണ് 
ജോണിയുടെ മനോഹരമായ പൂന്തോട്ടമെവിടെ എന്ന് താങ്കള്‍ അന്വേഷിച്ചത്. രണ്ടു യുവാക്കളും കൂടി താങ്കളെ തുറിച്ചുനോക്കി. ആ നോട്ടത്തിന്റെ തീക്ഷ്ണത നേരിടാനാവാതെ താങ്കള്‍ പരിഭ്രാന്തനായി. 

ജോണി നട്ടുനനച്ച ഒരു പൂന്തോട്ടം ഇവിടെയുണ്ടായിരുന്നെന്നും തനിക്കത് കാണണമെന്നും ദയവായി തടസ്സം നില്‍ക്കരുതെന്നും താങ്കള്‍ പറഞ്ഞപ്പോള്‍ മുകളിലേക്കു വരൂ എന്നു പറഞ്ഞ് ചെറുപ്പക്കാരിലൊരാള്‍ താങ്കളെ നയിച്ചു. ജോണിയുടെ ഉദ്യാനം കാണാനുള്ള കൊതിയില്‍ മുകളിലെത്തിയ താങ്കള്‍ക്കു കാണാന്‍ കഴിഞ്ഞത് മട്ടുപ്പാവില്‍ കയറിട്ടു വരിഞ്ഞു കെട്ടിയ ഏതാനും മുളങ്കുറ്റികള്‍ മാത്രമാണ്. അവ പുല്ലാങ്കുഴലുകളായിരുന്നില്ല. വേനല്‍ അപഹരിച്ച കൃഷിസ്ഥലത്തെ വേലിപോലെയായിരുന്നു അവ. മുറ്റത്തേക്കു ചെന്നപ്പോള്‍ അവിടെയും താങ്കളെ കാത്തിരുന്നത് മറ്റൊന്നായിരുന്നില്ല. ജോണിയുടെ പൂന്തോട്ടം ഉണങ്ങിയ മുളങ്കമ്പുകളാക്കിയത് താങ്കളും ചേര്‍ന്നാണെന്ന ഓര്‍മ്മയില്‍ ചെങ്കൊടികള്‍ അതിരിട്ട പാതയിലൂടെ പിന്നീട് താങ്കള്‍ ഓടാന്‍ തുടങ്ങി. 
ആ സ്വപ്നത്തില്‍നിന്നും ഇന്നുരാവിലെ ഉണരുമ്പോള്‍ താങ്കള്‍ ഓടിക്കിതച്ച ഒരാളെപ്പോലെ വിയര്‍ത്തിരുന്നു. അപ്പോള്‍ മഴ പെയ്തു തുടങ്ങിയിരുന്നില്ല. പക്ഷേ, ആകാശത്ത് നീര്‍മേഘങ്ങളുണ്ടായിരുന്നു. പിന്നീടാണ് മഴ ആര്‍ത്തലച്ചു പെയ്തു തുടങ്ങിയത്.

ലജ്ജയും കുറ്റബോധവും കാരണം ജോണിയെ കാണാന്‍ ശ്രമിക്കാതെ താങ്കള്‍ നാളെ ഈ നഗരത്തില്‍നിന്നും മടങ്ങിപ്പോകും. പോയാലും ഇനിയും ഈ നഗരത്തിലേക്ക് വ്യാപാരാവശ്യങ്ങള്‍ക്കായി തിരികെ വരും. ചിലപ്പോള്‍ ഹോട്ടല്‍ പൈന്‍ട്രീയില്‍ തന്നെ താമസിക്കും. അല്ലെങ്കില്‍ മറ്റൊരിടത്ത്. എവിടെയായാലും ജോണി സ്വന്തം പ്രാണവായു ഊതിക്കയറ്റിയുണ്ടാക്കിയ ആ ജീവസംഗീതം താങ്കളെ പിന്തുടരും. ഒരിക്കലും നിലയ്ക്കാത്ത ഇളങ്കാറ്റിനെപ്പോലെ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com