'സ്വര്‍ഗ്ഗത്തിന്റെ മണം'- വി. സുരേഷ് കുമാര്‍ എഴുതിയ കഥ

സ്റ്റേഷന്റെ മുക്കിലും മൂലയിലും കുറ്റവാളികളെപ്പോലെ തലകുനിച്ചു നില്‍ക്കുന്നവരൊക്കെ കറുപ്പിലും മറ്റുള്ളവരൊക്കെ വെളുപ്പിലും ആണെന്ന് കണ്ടതിനാല്‍ അനൂപ് സ്വയം തന്റെ ശരീരത്തിലേക്ക് നോക്കി
'സ്വര്‍ഗ്ഗത്തിന്റെ മണം'- വി. സുരേഷ് കുമാര്‍ എഴുതിയ കഥ

രുപത്തിയേഴ് വര്‍ഷത്തെ ജീവിതത്തിനിടയില്‍ ആദ്യമായി പൊലീസ് സ്റ്റേഷനില്‍ കയറുന്നതിന്റെ എല്ലാ അസ്വസ്ഥതകളും നേരത്തെ തന്നെ കരുവാളിച്ച അനൂപിന്റെ മുഖത്തെ കൂടുതല്‍ ചോര വാര്‍ന്നതാക്കി.

സ്റ്റേഷന്റെ മുക്കിലും മൂലയിലും കുറ്റവാളികളെപ്പോലെ തലകുനിച്ചു നില്‍ക്കുന്നവരൊക്കെ കറുപ്പിലും മറ്റുള്ളവരൊക്കെ വെളുപ്പിലും ആണെന്ന് കണ്ടതിനാല്‍ അനൂപ് സ്വയം തന്റെ ശരീരത്തിലേക്ക് നോക്കി... 

കറുപ്പോ വെളുപ്പോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ പറ്റാത്ത ഇരുണ്ട നിറം!

രേഖകള്‍ ഒന്നുമില്ലാതെ മറ്റൊരു രാജ്യത്തേക്ക് എങ്ങനെയോ എത്തപ്പെട്ട ഒരാള്‍ ആണ് താനെന്ന് സ്റ്റേഷന്‍ വളപ്പില്‍നിന്നും അനൂപിന് തോന്നി.

ഇതിനിടയില്‍ എതിരെ വേഗത്തില്‍ നടന്നുവരുന്ന പൊലീസിനോട് സുമോദ് സര്‍ ന്റെ ആഫീസ് എവിടെയാണ്? എന്ന് അനൂപ് ചോദിച്ചു.

അയാള്‍ തന്റെ വേഗതയേറിയ നടത്തത്തിനിടയില്‍ അനൂപിനെ ഒന്ന് അമര്‍ത്തി നോക്കി
ഏതു സുമോദ്...?

സൈബര്‍ സെല്ലില്‍ ആണോ അതോ ക്രൈംബ്രാഞ്ചിലോ?

സൈബര്‍ സെല്ല്  അനൂപ് പറഞ്ഞു.

നേരെ പോയി വലത്തോട്ട്... അയാള്‍ നടക്കുന്നതിനിടയില്‍ കൈ ചൂണ്ടി.

പൊലീസ്‌കാരന്‍ പറഞ്ഞുതന്നത്രയും എളുപ്പം ആയിരുന്നില്ല ഓഫീസിലേക്കുള്ള വഴി.

നിര്‍മ്മിക്കുമ്പോഴേ തെറ്റുകുറ്റങ്ങള്‍ നിറഞ്ഞ ഒരു കെട്ടിടം ആയിരുന്നു അത്.

എങ്ങും ദുരൂഹത നിറഞ്ഞ വഴികളും അടയാളങ്ങളും...

ആദ്യം വലത്തോട്ടും പിന്നെ ഇടത്തോട്ടും വീണ്ടും വലത്തേക്കും നടന്ന് ആദ്യം തുടങ്ങിയ സ്ഥലത്തിനു തൊട്ട് മുട്ടിയ രീതിയില്‍ ആയിരുന്നു സൈബര്‍ സെല്‍ വിഭാഗം.

ഇരുമ്പിന്റെ വലിയ ഗ്രില്ലുകള്‍, അതിനു കീഴെ തീവണ്ടി വാതിലുകളുടെ വണ്ണത്തില്‍ ഉള്ള മരപാളികള്‍ വാതിലുകള്‍ക്കു മുന്‍പില്‍ കാവലായി പൊലീസും. അനൂപ് ഇനി എങ്ങോട്ട് പോകണം എന്നറിയാതെ പരുങ്ങി.

കാവല്‍ നില്‍ക്കുന്ന പൊലീസ് ഒരു കുറ്റവാളിയെ കണ്ടതുപോലെ അനൂപിന് നേരെ തുടരെ ചോദ്യങ്ങള്‍ ചോദിച്ചു:

എങ്ങോട്ടാണ്, ആരെ കാണാന്‍ ആണ്...?

സുമോദ് സാറിനെ...

സാമൂഹ്യക്ഷേമ ഓഫീസിലെ ഗോപാലകൃഷ്ണന്‍ സര്‍ പറഞ്ഞിട്ടാണ്...

തന്റെ പേര് എന്താണ്...?

അനൂപ്

ഫോണ്‍ നമ്പര്‍...?

അയാള്‍ വലിയ ബുക്കില്‍ പേരും നമ്പറും എഴുതി തനിയെ അടയുന്ന തടിച്ച വാതിലുകള്‍ക്കുള്ളിലേക്ക് കയറി.

കുറച്ചു നിമിഷങ്ങള്‍ക്കകം കയറിയ അതേ വേഗത്തില്‍ പുറത്തേക്കിറങ്ങി:

അവിടെ ഇരിക്ക്, വിളിക്കും.

അനൂപ് ഇരുപതോ മുപ്പതോ മിനുട്ട് ഒരേ ഇരിപ്പ് ഇരുന്നു.

ഇതിനിടയില്‍ പലരും ചിരിച്ചും കരഞ്ഞും ഉള്ളിലേക്കും പുറത്തേക്കും നീങ്ങുന്നുണ്ടായിരുന്നു. 

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ചിരിച്ചു കയറുന്നവരേയും കരഞ്ഞിറങ്ങുന്നവരേയും ഒരേ ഫ്രെയിമിലേക്ക് കൊണ്ടുവന്നപ്പോള്‍ തന്റെ കണ്മുന്നിലൂടെ കറുപ്പും വെളുപ്പും നിറങ്ങളില്‍ കുറെ മനുഷ്യര്‍ നീളന്‍ പരേഡ് നടത്തുന്നതായി അനൂപിനു തോന്നി.
സാറ് വിളിക്കുന്നുണ്ട്... കയറിക്കോ.

കുളപടവുകളുടെ തണുപ്പുള്ള ഒരു മുറി...

ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകിയ അഞ്ചോ ആറോ പേര് തുറന്നുകിടക്കുന്ന ഒരു കുളി പുരയിലേക്ക് എന്നപോലെ കംപ്യൂട്ടറുകളിലേക്ക് നോക്കിയിരിക്കുന്നു.

അവര്‍ ചിരിക്കുന്നു, ആരോടൊക്കെയോ രഹസ്യഭാഷകളില്‍ സംസാരിക്കുന്നു. വീണ്ടും ചിരിക്കുന്നു.

അനേകം മനുഷ്യരുടെ ഇ.സി.ജി രേഖകള്‍ ഒന്നിച്ചു പോകുന്ന കംപ്യൂട്ടറുകളിലേക്ക് അനൂപ് നോക്കി.

ചിലരുടേത് മരണം കാത്ത് കിടക്കുന്നത്രയും നേര്‍ത്തതായിരുന്നു, മറ്റു ചിലത് തെളിഞ്ഞതും!

ആരാണ് സുമോദ് സര്‍ എന്നറിയാതെ അനൂപ് കുഴങ്ങി.

ഇങ്ങോട്ട് വാ... ഉള്ളില്‍നിന്നും ആരോ വിളിക്കുന്നു.

അനൂപ് ഉള്ളിലെ മുറിക്കുള്ളിലേക്ക് നടന്നു.

നീയാണ് അല്ലെ അനൂപ്...

എന്താണ് നിന്റെ പ്രശ്‌നം...?

അനൂപിന്റെ മുഖം ചെറുതായി ഒന്നു തെളിഞ്ഞു.

എങ്കിലും എങ്ങനെയാണ്, എവിടെയാണ് തുടങ്ങേണ്ടത് എന്നത് സംബന്ധിച്ച് ആകെ ഒരു 
പിടികിട്ടായ്മ മുഖത്ത് ഉരുണ്ടുകൂടി...

നിന്റെ പരാതി എന്താണ്...? പെട്ടെന്ന് അത് പറഞ്ഞുതീര്‍ക്കണം 
എനിക്ക് ഇന്ന് കുറെ അധികം ജോലികള്‍ തീര്‍ത്തുകൊടുക്കാന്‍ ഉണ്ട് സുമോദ് സര്‍ അസ്വസ്ഥനായി.

സര്‍, എന്റെ അച്ഛന്‍ ചെന്നുപെട്ട പ്രശ്‌നം പറയാനാണ് ഞാന്‍ വന്നത്...

നിന്റെ അച്ഛന്‍ ആരാണ്...? 

എന്റെ അച്ഛനു പറയാന്‍ മാത്രം ഒന്നും ഇല്ല...

കേശവന്‍ എന്നാണ് പേര്.

ടൗണ്‍ഹാളില്‍ കാന്റീന്‍ നടത്തിപ്പ് ആയിരുന്നു.

സിവില്‍ സ്റ്റേഷനിലേയും കോര്‍പറേഷനിലേയും ഉദ്യോഗസ്ഥര്‍ ആയിരുന്നു കൂടുതലും അവിടെ വരുന്നത്.

ചായക്കും കടിക്കും അഞ്ചു രൂപ, ചോറിന് ഇരുപത്തിയഞ്ച്, മീന് പത്തും ഇരുപതും ചിക്കന് ഇരുപത്തിയഞ്ചും ആയാണ് അച്ഛന്‍ ചാര്‍ജ് ഈടാക്കുന്നത്...

വാടക കൊടുക്കേണ്ടല്ലോ... അതിലൊരു വലിയ ലാഭം ബാക്കിയില്ലേ?

സുമോദ് സര്‍ ഇടയ്ക്ക് കയറി.

അതെ, അതുമാത്രം ആണ് സര്‍ അതില്‍ നമ്മള് കൊടുക്കേണ്ടാത്തത്...

പക്ഷേ, എന്നാലും ആകെ മൊത്തം നോക്കിയാല്‍ വലിയ നഷ്ടം ആണ്.

അമ്മയും അച്ഛന്റെ കൂടെ പണിക്ക് കൂടും; ഒഴിവുള്ളപ്പോഴൊക്കെ ഞാനും...

ഉദ്യോഗസ്ഥര്‍ പലരും നീണ്ട ദിവസങ്ങളായി പട്ടിണിയില്‍ എന്നപോലെയാണ് ഉച്ചയ്ക്കും വൈകുന്നേരവും കാന്റീനിലേക്ക് കൂട്ടത്തോടെ ഓടിക്കയറുക...

നിത്യവും ആഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും നടക്കുന്ന നൈജീരിയയിലെയോ സോമാലിയയിലേയോ അഭയാര്‍ത്ഥി ക്യാമ്പുകളിലെ പത്രവാര്‍ത്തകളുടെ ഓര്‍മ്മകള്‍ ആണ് വളരെ ചെറുപ്പം മുതലേ കാന്റീനില്‍ എത്തുമ്പോഴൊക്കെ എനിക്കു തോന്നിയിരുന്നത്.

പകലിലെ യുദ്ധമൊക്കെ കഴിഞ്ഞ് പല ഉദ്യോഗസ്ഥന്മാരും രാത്രിയിലും പിറ്റേന്ന് രാവിലേക്കും വേണ്ടുന്നതുപോലും അച്ഛനോട് ഉണ്ടാക്കാന്‍ പറയും.

ശേഷം മുഴുവനും ഇലയില്‍ പൊതിഞ്ഞുകെട്ടി കാറില്‍ കൊണ്ട്‌പോകും...

ചിലര് ചില ദിവസങ്ങളില്‍ മട്ടന്‍ ഫ്രൈയും കല്ലുമ്മക്കായ ഫ്രൈയും വീട്ടില്‍ ആരെങ്കിലും വിരുന്ന് ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടുന്നതും ഈ ഏറ്റവും ചെറിയ പൈസയ്ക്ക് അച്ഛനെക്കൊണ്ട് അധികസമയം എടുത്തും ഉണ്ടാക്കിപ്പിക്കും.

ഞാന്‍ അച്ഛനോട് ചോദിക്കാറുണ്ട് എന്തിനാണ് അച്ഛാ വലിയ നഷ്ടവും സഹിച്ച്... അച്ഛനിങ്ങനെ?

ഇതു നമ്മുടെ തൊഴിലും അന്നവും അല്ലെ മോനെ...

അച്ഛന് ആകെ അറിയുന്ന ഒരു ജോലിയും ഇതാണ്.

പിന്നെ വലിയ വലിയ ഉദ്യോഗസ്ഥര്‍, അവരുമായുള്ള പരിചയങ്ങള്‍...

ഈ ലോകവും മനുഷ്യരും എങ്ങോട്ട് കറങ്ങണം എന്നു തീരുമാനിക്കുന്നത് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ ആണ്.

അച്ഛന്‍ ഇന്നു ചെയ്യുന്ന പ്രവൃത്തികളുടെ സഹായം മക്കള്‍ക്ക് എപ്പോഴെങ്കിലും അവരില്‍നിന്നും ലഭിക്കും...

ശെടാ നിന്റെ അച്ഛന്റെ പുരാണം പറയാന്‍ ആണോ നീ ഇങ്ങനെ കഷ്ടപ്പെട്ട് ഇവിടേക്ക് വന്നു എന്നെ മെനക്കെടുത്തുന്നത്.

സുമോദ് പെരുവിരല്‍ ബെഞ്ചിലേക്ക് അടിച്ചു ദേഷ്യത്തോടെ അനൂപിനെ നോക്കി.

അതല്ല സര്‍ ഞാന്‍, ഞങ്ങള്‍ ആകെ പെട്ടുപോയ ഒരു ജീവപ്രശ്‌നം പറയാനാണ് വന്നത്... 

ഇതൊക്കെ അതിലെ ഓരോ ഭാഗങ്ങള്‍ ആണ്...

നിന്റെ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വകുപ്പ് അല്ല ഇത്... 

അതിനു വേറെ സര്‍ക്കാര്‍ വകുപ്പുകള്‍ ഉണ്ട്.

സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടു നിനക്ക് എന്തു പരാതിയാണ് എന്നോട് പറയാനുള്ളത്...?

എന്റെ അച്ഛന് അധികം വിദ്യാഭ്യാസം ഒന്നും ഉണ്ടായിരുന്നില്ല സര്‍.

അച്ഛന്‍ വളരെ ചെറുപ്പത്തിലേ അമ്മാവന്റെ ഹോട്ടലില്‍ എച്ചില് എടുക്കാനും ഗ്ലാസ് കഴുകാനും കൂടി...

അമ്മാവന്റെ മരണം വരെ ആ ഹോട്ടലിലെ സകല പണിയും ഒരു അടിമയെപ്പോലെ അച്ഛന്‍ എടുത്തു. വിറക് കീറലും വെള്ളം കോരലും ഭക്ഷണം ഉണ്ടാക്കലും.

അച്ഛന്‍ കരുതിയത് അമ്മാവന്റെ മരണശേഷം ഹോട്ടല്‍ നടത്തുന്നത് അച്ഛനായിരിക്കും എന്നായിരുന്നു.

അതൊക്കെ അച്ഛന്റെ വലിയ സ്വപ്നങ്ങള്‍ ആയിരുന്നു.

അമ്മാവന്‍ മരിച്ചതും വിദേശത്തുള്ള ഏക മകന്‍ വന്നു ഹോട്ടല്‍ പുത്തന്‍ രീതിയിലേക്ക് മാറ്റി അദ്ദേഹത്തിന്റെ കൂട്ടുകാരനു നടത്താന്‍ കൊടുത്തു.

അവര്‍ക്ക് എല്ലാവര്‍ക്കും അച്ഛന്‍ വെറും കറിവേപ്പില മാത്രമായി.

അപ്പോഴേക്കും അച്ഛനു ഞങ്ങള്‍ രണ്ടു കുട്ടികളും പ്രാരബ്ധങ്ങളും ഏറിയിരുന്നു.

കുറേക്കാലം അമ്മയും അച്ഛനും ചേര്‍ന്നു വീട്ടില്‍ ഊണ് ഉണ്ടാക്കി നഗരങ്ങളില്‍ കൊണ്ടുപോയി വിറ്റു...

അച്ഛന്‍ എന്ത് ഉണ്ടാക്കിയാലും അതില്‍ വേറൊരു രുചിയും മണവും നിറഞ്ഞിരുന്നു.

അച്ഛന്‍ ടൗണിലെ ഓരോ ഓഫീസിലും കയറി ഇറങ്ങി. ഒരിക്കല്‍ ഊണ് കഴിച്ചവര്‍ അച്ഛന്റെ രുചിയും മണവും മറന്നില്ല. അവര്‍ അച്ഛനേയും ഭക്ഷണത്തേയും കാത്തിരുന്നു...

അങ്ങനെയാണ് അച്ഛന്‍ ടൗണ്‍ഹാളിലെ ഈ കാന്റീന്‍ നടത്തിപ്പിലേക്ക് എത്തുന്നത്.

വലിയ ലാഭം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ആദ്യകാലങ്ങളില്‍ അച്ഛന്‍ സന്തോഷവാനായിരുന്നു...

ഞങ്ങളെ നന്നായി സ്‌കൂളിലും കോളേജിലും പഠിപ്പിക്കണം, ഇവിടെ ഭക്ഷണം കഴിക്കാന്‍ വരുന്ന ഉദ്യോഗസ്ഥരായി രണ്ടു മക്കളേയും മാറ്റണം; ഇതുമാത്രം ആയിരുന്നു അച്ഛന്റെ അന്നത്തെ വലിയ ജീവിത സ്വപ്നങ്ങള്‍...

കാന്റീന്‍ നടത്തി പത്തു പന്ത്രണ്ട് കൊല്ലങ്ങള്‍ കഴിഞ്ഞതും അച്ഛന്റെ ജീവിത സങ്കല്പങ്ങളും ലോക കാഴ്ചപ്പാടുകളും മാറിമറിഞ്ഞു...

തന്റെ ജീവിതത്തിലും ചുറ്റുപാടിലും സന്തോഷവാനായിരുന്ന അച്ഛന്‍ വലിയൊരു പരാജിതനെപ്പോലെ എപ്പോഴും വിഷാദത്തിലായി...

അനുജത്തിയുടെ അസുഖവും അതിനൊരു കാരണം ആയിരിക്കാം...

തങ്ങള്‍ക്കു കണക്കില്ലാതെ കിട്ടുന്ന പണത്തില്‍നിന്നും ഒരു പൈസ ചെലവാക്കാതെ എങ്ങനെ ജീവിക്കാം എന്നതാണ് ഇപ്പോഴത്തെ കുറെയധികം മനുഷ്യരുടേയും ആലോചന എന്ന് അച്ഛന്‍ പറയും...

മിനുട്ടില്‍ ആയിരം രൂപ വരുമാനമുള്ളവര്‍ ദിനവും പത്തു രൂപ വരുമാനമില്ലാത്തവനില്‍നിന്നും ഇന്നത്തെ കാലത്ത് അവന്റെ ഏറ്റവും അവകാശപ്പെട്ട, അത്യാവശ്യപ്പെട്ട ഒരു പേപ്പര്‍ അനക്കാന്‍ മിനിമം നൂറ് രൂപ എങ്കിലും ആഗ്രഹിക്കുന്നു.
ശേഷം അവരിങ്ങനെ ഏറ്റവും സാധാരണക്കാരെ ചൂഷണം ചെയ്ത് ഉണ്ടാക്കിയ കോടികള്‍ കൊണ്ട് രാജാക്കന്മാരെപ്പോലെ ജീവിക്കുന്നു.

മക്കളെ മറ്റേതോ വലിയ രാജ്യത്തേക്ക് പഠിപ്പിനും ജോലിക്കും അയക്കുന്നു...

സമ്പന്നര്‍ വീണ്ടും വീണ്ടും അതിസമ്പന്നരായി മാത്രം ജനിക്കുന്നു!

സാഹചര്യങ്ങള്‍ എല്ലാം സമ്പന്നര്‍ സമ്പന്നര്‍ക്കുവേണ്ടി മാത്രം ഒരുക്കി കൊടുത്തുകൊണ്ടിരിക്കുന്നു.

അതുകൊണ്ട് മോനെ ഇപ്പോള്‍ ഈ വലിയ വലിയ ഉദ്യോഗസ്ഥരുടെ ഇടയില്‍ ജീവിക്കുമ്പോള്‍ ഞാനൊന്നും ഇതുവരെയും ജീവിച്ച ജീവിതത്തെ ജീവിതം എന്നു വിളിക്കാനോ മോന്റെ പ്രായത്തിലുള്ള പിള്ളേര്‍ ജീവിക്കുന്ന ജീവിതം വെച്ച് എന്റെ മക്കളുടെ ജീവിതത്തേയും ഒരു ജീവിതം എന്നു പറയാനും എനിക്കിപ്പോള്‍ തോന്നാത്തതായി.

നീ നക്‌സലൈറ്റ് ആണോടാ മൈരാ?

സുമോദ് ഒച്ചത്തില്‍ അലറി. 

നീ പറഞ്ഞുവരുന്നത് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ മുഴുവന്‍ കള്ളന്മാരും കൊള്ളക്കാരും ആണെന്നാണ്.
നീ നിന്റെ ആ ഫോണ്‍ ഈ മേശമേല്‍ വെക്ക്...

സുമോദ് കൂട്ടില്‍നിന്നും പുലിയായി മെരണ്ടു പുറത്തേക്കിറങ്ങി ആരെയൊക്കെയോ ഉച്ചത്തില്‍ വിളിച്ചു.
ശ്രീറാം, വിഷ്ണു...

വളരെ പെട്ടെന്ന് ഉള്ളില്‍നിന്നും രണ്ടു ചെറുപ്പക്കാര്‍ ഇറങ്ങി അനൂപിന്റെ ഫോണ്‍ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു അപകടവസ്തുവിനെപ്പോലെ ഉള്ളിലേക്കു നീക്കി.

സര്‍ എന്റെ ഫോണ്‍...

അത് പോകുമ്പോള്‍ ഞങ്ങള്‍ തരും.

ശേഷം അവിശ്വസനീയമായ ശാന്തതയോടെ സുമോദ് അനൂപിനെ നോക്കി പറഞ്ഞു.

പുറമെനിന്നുള്ളവരുടെ ഫോണ്‍ ഞങ്ങള്‍ അനുവദിക്കുകയില്ല.

ഇവിടെ നടത്തുന്ന സംഭാഷണങ്ങള്‍, അന്വേഷണങ്ങള്‍ ഒന്നും പുറത്തേക്ക് പോകാതിരിക്കാനുള്ള ഞങ്ങളുടെ ഔദ്യോഗിക നിയന്ത്രണം...

പുതിയ കാലത്തു മൊബൈല്‍ എന്നു പറയുന്നത് ഒരാളെ അയാള്‍ അറിയാതെ പിന്തുടരുന്ന അയാളുടെ തന്നെ ഒരു ചാര ഉപഗ്രഹം കൂടിയാണ്!

ഒരാളുടെ ജാതകംപോലും മൊബൈല്‍ തീരുമാനിക്കും. അതുകൊണ്ട് നീയധികം സുകുമാര്‍ അഴിക്കോട് കളിക്കാതെ കാര്യം മാത്രം പറയണം...

പോകണം.

എനിക്കൊരു അനുജത്തി കൂടിയുണ്ട് സര്‍...

പത്താംക്ലാസ്സില്‍ തൊണ്ണൂറ് ശതമാനം ആയിരുന്നു അവള്‍ക്ക് മാര്‍ക്ക്.

പ്ലസ് ടു വിലും അവള്‍ അത് തുടര്‍ന്നു.

ഡിഗ്രിക്ക് കെമിസ്ട്രി എടുത്തു പഠിക്കാനായിരിന്നു അവളുടെ തീരുമാനം.

അച്ഛന്റെ വരുമാനമോ ഞങ്ങളുടെ കുടുംബത്തിന്റെ സാഹചര്യങ്ങളോ എന്തോ, ഡോക്ടര്‍ ആകുന്നില്ല എന്ന് അവള്‍ ആദ്യമേ ഉറപ്പിച്ചിരുന്നു.

ഒന്നാംവര്‍ഷം കോളേജില്‍ പോയി കുറച്ചു നാളുകള്‍ക്കു ശേഷം അവളുടെ എല്ലുകള്‍ പൊട്ടി നുറുങ്ങുന്ന രോഗം രൂക്ഷമായി...

കുറെ ഡോക്ടര്‍മാരെ മാറി മാറി കാണിച്ചു; അവസാനം മാസ്‌ക്കുലര്‍ ഡിസ്‌ട്രോഫി അതാണ് അവള്‍ക്കെന്നു ഡോക്ടര്‍മാര്‍ ഉറപ്പിച്ചു...

അവള്‍ക്ക് അധികനേരം എഴുന്നേല്‍ക്കാന്‍ കഴിയില്ല, ഇരിക്കാന്‍ കഴിയില്ല, നടക്കാന്‍ കഴിയില്ല എപ്പോഴും വേദന...

ഞങ്ങളുടെ ചെറിയ വീട് കഥകളില്‍ പറയുന്നതുപോലെ ഒരിക്കലും വായ പൂട്ടാതെ കരയുന്ന ഒരു അറവുശാലയായെന്ന് എനിക്ക് തോന്നി.

കോളേജില്‍ പോകണം, പഠിക്കണം...

അവള്‍ വേദനയിലും കരച്ചിലിലും അച്ഛനോട് വിളിച്ചു പറഞ്ഞു...

അച്ഛന്‍ എനിക്കൊരു ഇലക്ട്രിക്ക് കസേര മാത്രം തന്നാല്‍ മതി.

ഞാന്‍ അതില്‍ എങ്ങനെ എങ്കിലും കോളേജില്‍ പോകാം, പഠിക്കാം...

അന്നു മുതല്‍ അച്ഛന്റെ ലക്ഷ്യം ആ കസേര ആയി.

അച്ഛനും ഞാനും ഒരുപോലെ അതിന്റെ വില അന്വേഷിച്ചു. ഏറ്റവും കുറഞ്ഞതിന് ഒരു ലക്ഷം രൂപ!

പിന്നീടുള്ള ദിനങ്ങളില്‍ അച്ഛന്റെ ഊണിലും ഉറക്കിലും ഈ ഒരൊറ്റ കാര്യം മാത്രം... 

മോള്‍ക്ക് ഒരു ചക്രക്കസേര...

അങ്ങനെയാണ് അച്ഛന്‍ ഗോപാലകൃഷ്ണന്‍ സര്‍ പറഞ്ഞ ആ ഓണ്‍ലൈന്‍ തട്ടിപ്പില്‍ ചേരുന്നത്...

ഗോപാലകൃഷ്ണന്‍ സര്‍ ആണ് നിന്റെ അച്ഛന്റെ പൈസ തട്ടാന്‍ മുന്‍കൈ എടുത്തത് എന്നാണോ നീ പറഞ്ഞുവരുന്നത്?

സുമോദ് അനൂപിനെ ഒന്നുകൂടി രൂക്ഷമായി നോക്കി.

അതെ, അദ്ദേഹം തന്നെയാണ് മുഖ്യകാരണം, അദ്ദേഹം പറഞ്ഞതുകൊണ്ടാണ് അച്ഛന്‍ അങ്ങനെ മുന്നും പിന്നും നോക്കാതെ ചാടി ഇറങ്ങിയത്...

പണം മുഴുവന്‍ തട്ടിയത് അയാള്‍ മാത്രം ആണെന്നു ഞാന്‍ പറയില്ല...

പക്ഷേ, ഇവിടെയുള്ള ആരൊക്കെയോ അറിഞ്ഞുകൊണ്ട് ആരുടെയൊക്കെയോ പണം തട്ടാന്‍ ഉണ്ടാക്കിയ ഒന്നാണത് എന്ന് എനിക്കുറപ്പാണ്.

ആരാണെന്ന് കൃത്യമായി യാതൊരു ഉറപ്പും ഇല്ലാതെയാണ് ഒരാള്‍ക്കെതിരെ അതും സമൂഹത്തില്‍ ഉന്നതരീതിയില്‍ ജീവിക്കുന്ന ഒരു വ്യക്തിക്കെതിരെ പരാതിയും ആയി നീ പുറപ്പെട്ടിരിക്കുന്നത്.

ഈ പുതിയ കാലത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ലോകത്ത് ആകമാനം സര്‍വ്വസാധാരണമാണ്.

ഞങ്ങള്‍ അന്വേഷിച്ചുപോയ പല കേസുകളിലും പിന്നില്‍ നൈജീരിയന്‍ ക്രിമിനിലുകള്‍ ആണെന്നാണ് കണ്ടെത്താന്‍ കഴിയുന്നത്.

ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ അപ്പോഴപ്പോള്‍ സൈബര്‍ സെല്ല് ജനങ്ങളെ അറിയിക്കാറുണ്ട്...

ഭൂമിയിലെ ഏറ്റവും വലിയ തട്ടിപ്പ് പാര്‍ട്ടികള്‍ ആണ് ഈ നൈജീരിയന്‍മാര്‍... 

പ്രത്യേകിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളില്‍; പോരാത്തതിനു ഒടുക്കത്തെ ക്രൂരന്മാരും!

ഇതും പറഞ്ഞ് സുമോദ് ആശ്വസിപ്പിക്കുന്ന മുഖഭാവത്തോടെ അനൂപിനെ നോക്കി.

നേരത്തെ മനസ്സില്‍ കണ്ട സിനിമയിലെ ദൃശ്യം അനൂപിനു വീണ്ടും ഓര്‍മ്മവന്നു.

വെളുപ്പ് ഉത്തരവിടുന്നു; കറുപ്പ് മരിച്ചവരുടെ പരേഡ് നടത്തുന്നു.

അനൂപ് രൂക്ഷതയോടെ സുമോദിന്റെ മുഖത്തേക്കു നോക്കി.

ലോകത്തിലെ എല്ലാ മോശത്തിനുമുള്ള കാരണക്കാര്‍ നൈജീരിയാക്കാര്‍; നല്ലതിനുള്ള കാരണക്കാര്‍ മറ്റുള്ളവരും...
വലിയ മനുഷ്യര്‍ മാത്രം ഭൂമിയില്‍ ജീവിച്ചാല്‍ മതിയെന്ന് ബോധമുള്ളവര്‍ക്ക് ലോകത്തിലെ കുറ്റങ്ങള്‍ക്കു മുഴുവന്‍ ഒരു കാരണക്കാര്‍ വേണമല്ലോ!

ഗൂഗിള്‍, ഫേസ്ബുക് തുടങ്ങിയ വമ്പന്‍ ഐ.ടി കമ്പനികളില്‍ മുഴുവന്‍ വെള്ളക്കാരും, ഇന്ത്യക്കാരും...
ലോകത്തിലെ പണം കൊള്ളയടിക്കാന്‍ മാത്രം ഉള്ള ടെക്‌നിക്കുകള്‍ ഉണ്ടാകുന്നത് നൈജീരിയയില്‍നിന്നും.
അതെന്താ സര്‍, ഇവിടുത്തെ മനുഷ്യര്‍ക്കൊന്നും പണം വേണ്ടേ...

എന്റെ അച്ഛന്റെ പണം തട്ടിയത് ഇന്ത്യയിലുള്ള കള്ളന്മാര്‍ തന്നെയാണ് എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.

നിനക്ക് അത്രയും ബുദ്ധിയും ഉറപ്പും ഉണ്ടെങ്കില്‍ നീ തന്നെ അവരെയും കണ്ടെത്തണം... 

എന്തിനാണ് ഇങ്ങോട്ട് വന്നത്...?

സുമോദ് ചുവന്ന കണ്ണുകളോടെ പല്ല് ഞെരിച്ചു.

സര്‍, എന്റെ അച്ഛന്‍ അനുജത്തിയുടെ ആവശ്യത്തിനു കടം മേടിച്ചും പലതില്‍നിന്നും നുള്ളിക്കൂട്ടി വെച്ചതും ആണ് ആ കള്ളന്മാര്‍ കൊണ്ടുപോയത്.

ഗോപാലകൃഷ്ണന്‍ എന്നു പറയുന്ന ആ വലിയ ഉദ്യോഗസ്ഥന്‍ ആണ് ഫേസ്ബുക്കോ വാട്‌സാപ്പോ മറ്റൊരു കുന്തവും അറിയാത്ത എന്റെ അച്ഛനെ അതിലേക്ക് പിടിച്ചു ചേര്‍ക്കുന്നത്...

എന്റെ അച്ഛന്റെ പണം സര്‍ എങ്ങനെ എങ്കിലും കണ്ടെത്തി തരണം...

ഞാന്‍ സര്‍ ന്റെ കാല് പിടിക്കാം...

ബി.പി ഇന്‍വെസ്റ്റ്‌മെന്റ് ട്രൂപ്പ് എന്നാണ് ആ തട്ടിപ്പ് കമ്പനിയുടെ പേര്...

എല്ലാം എന്റെ മൊബൈലില്‍ ഉണ്ട്.

സര്‍ ഓഫിസില്‍ പല ആവശ്യങ്ങള്‍ക്ക് വരുന്ന നൂറുകണക്കിനു മനുഷ്യരില്‍നിന്നും കൈ കൊണ്ട് മേടിക്കാത്ത കൈക്കൂലി ആയി ബി.പി ഇന്‍വെസ്റ്റ്‌മെന്റ് ട്രൂപ്പ് എന്ന ബി.പി ഐ.ടിയിലേക്ക് ആയിരം രൂപ ഇടാന്‍ ഗോപാലകൃഷ്ണന്‍ പറയും. ആ ആയിരം രൂപ അയാള്‍ പറയുന്നയിടത്തു വീണാലേ മുന്നിലുള്ള പേപ്പറുകള്‍ ഒന്ന് മറിച്ചുപോലും നോക്കൂ. ഓഫീസിലെ പ്യൂണ്‍ അടക്കം ഇതിനുവേണ്ടിയുള്ള അയാളുടെ ഉപകരണം ആണ്...

വൈകുന്നേരം എപ്പോഴും കള്ളിന്റെ കൂടെ കടിച്ചുവലിക്കാന്‍ ഗോപാലകൃഷ്ണന് അച്ഛന്‍ കോഴിക്കാല് വറുത്തുവെക്കും.
പിന്നെ രാത്രിവരെ ഗോപാലകൃഷ്ണന്റേയും കൂട്ടാളികളുടേയും പണത്തെ സംബന്ധിച്ചുള്ള കൂട്ടലും കിഴിക്കലും ആയിരിക്കും.

അങ്ങനെ ഒരു വൈകുന്നേരം ആണ് അച്ഛന്‍ തന്റെ സങ്കടങ്ങള്‍ അയാളോട് പറയുന്നത്.

അയാള്‍ അച്ഛനെ പരിഹാസത്തോടെ വിളിച്ചുപറഞ്ഞു: പൈസ ഉണ്ടാക്കാന്‍ ഇപ്പോള്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് കൊശവാ...

അത്തരം മാര്‍ഗ്ഗങ്ങളിലൂടെ നിന്നെപ്പോലെ എത്ര പേര് ഈ നട്ട ദാരിദ്ര്യത്തില്‍നിന്നും സമ്പത്തിലേക്ക് കേറിപ്പോയിട്ടുണ്ട്...
എപ്പോഴും ഗവണ്‍മെന്റിന് ഈ നാട്ടുകാരെ മുഴുവന്‍ പണക്കാരന്‍ ആക്കി തരാന്‍ പറ്റുമോ...?

ചോദിക്കുന്നവര്‍ക്ക് മുഴുവന്‍ ചക്രക്കസേര വാങ്ങി കൊടുക്കാന്‍ പറ്റുമോ...?

അതിനുമാത്രം വരുമാനം ഒന്നും നമ്മുടെ ഗവണ്‍മെന്റിനും ഇല്ലല്ലോ...!

ധീരന്മാര്‍ പെട്ടെന്ന് പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കും... ഉയരങ്ങളിലേക്ക് കയറും.

നിന്റെ മോള്‍ക്ക് ഞാന്‍ ചക്രക്കസേര മാത്രമല്ല, ദിനവും കാറില്‍ പോകാനുള്ള വകുപ്പ് ഉണ്ടാക്കി 
തരും!

ഞാന്‍ പറയുന്നതുപോലെ നീ അനുസരിക്കണം. ഞാന്‍ ഫോണില്‍ ഒരു ലിങ്ക് അയച്ചു തരും. ബി.പി ഐ.ടി എന്നാണ് അതിന്റെ പേര്. നിന്റെ മോനോട് പറഞ്ഞ് ഇന്നു തന്നെ അതൊക്കെ ഒന്ന് പഠിപ്പിച്ചു തരാന്‍ പറയണം. പുതിയ കാലത്തിന് ആവശ്യം ആയ സോളാര്‍ എനര്‍ജികള്‍, നൂതന ഇലക്ട്രിക് ബേറ്ററികള്‍...

എല്ലാം ഈ ലോകത്തിന്റെ നന്മയ്ക്കും നിലനില്‍പ്പിനും വേണ്ടി ബി.പി ഐ.ടിയിലെ ബുദ്ധിമാന്മാര്‍ ഇന്നേ നിര്‍മ്മിക്കുന്നു.
മറ്റുള്ളവരെപ്പോലെ അവര്‍ ചീപ്പോ സോപ്പോ നമുക്കു വില്‍ക്കുന്നില്ല പകരം അവരുടെ നൂതന പ്രൊജക്ടുകളിലേക്ക് നമ്മളില്‍നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നു. അവര്‍ നമ്മള്‍ നല്‍കുന്ന നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മുന്തിയ ലാഭവിഹിതം തരും...

ഇതു സത്യമാണോ നുണയാണോ എന്നറിയാന്‍ നമ്മള് ആദ്യം ചെയ്യേണ്ടത് അവരുടെ ഏറ്റവും ചെറിയ പദ്ധതികളില്‍ നിക്ഷേപം നടത്തുക എന്നതാണ്.

ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ ഒരു വര്‍ഷത്തോളം ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈല്‍ ഇലക്ട്രിക്കല്‍ ബേറ്ററിയിലേക്കുള്ള ആയിരം രൂപയാണ് ഏറ്റവും ചെറിയ നിക്ഷേപം.

നിക്ഷേപം നടത്തി അടുത്ത ദിവസം മുതല്‍ അമ്പത് ദിവസം വരെയും അവര്‍ നമ്മുടെ അക്കൗണ്ടിലേക്ക് അമ്പത് രൂപ വീതം തിരിച്ചു തരും. അയ്യായിരം ആണെങ്കില്‍ ഡെയിലി അഞ്ഞൂറ്...

നീ ആദ്യം ഒരു ആയിരം ഇട്ട് തുടങ്ങ്...

നീ പറഞ്ഞിട്ട് വേറെ ആരെങ്കിലും ആയിരം രൂപയില്‍ തുടങ്ങിയാല്‍ ഡെയിലി കുറഞ്ഞത് പത്തു രൂപ നിനക്ക് ലഭിക്കും.
അവരുടെ നിക്ഷേപം കൂടിയാല്‍ അവരുടെ വരുമാനവും ഒരു രൂപ ചെലവില്ലാതെ നിന്റെ വരുമാനവും വര്‍ദ്ധിക്കും...
അച്ഛന്‍ വളരെ സന്തോഷത്തോടെ ആയിരുന്നു അന്നു വീട്ടിലേക്ക് കയറിയത്.
ഫോണ്‍ എന്റെ കയ്യിലേക്ക് തന്നു പറഞ്ഞു:

നീ ഇതൊന്നു നോക്ക്...

ഞാന്‍ അച്ഛന്റെ ഫോണില്‍ നോക്കി വലിയ വലിയ പ്രൊജക്ടുകളുടെ ചിത്രങ്ങള്‍, അതിന്റെ സുദീര്‍ഘ വിവരങ്ങള്‍, ആഫ്രിക്കയില്‍, യൂറോപ്പില്‍, ഗള്‍ഫ് രാജ്യങ്ങളില്‍ ഓരോ രാജ്യത്തിലേയും പ്രധാന കമ്പനികളുമായുള്ള അവരുടെ സഹകരണങ്ങള്‍, ലക്ഷ്യങ്ങള്‍...

അവരില്‍ നിക്ഷേപിച്ചു ജീവിതം മെച്ചപ്പെട്ട സാധാരണക്കാരുടെ സന്തോഷം നിറഞ്ഞ ഫോട്ടോകള്‍...

എങ്കിലും എനിക്ക് എന്തൊക്കെയോ സംശയം ബാക്കിവന്നു.

ഞാന്‍ അച്ഛനെ അതേ സംശയഭാവത്തോടെ നോക്കി.

നീ സംശയിക്കേണ്ടേ...

ഇതിലൂടെ എത്രയോ മനുഷ്യര്‍ അവരുടെ ദാരിദ്ര്യത്തില്‍നിന്നും കഷ്ടപ്പാടില്‍നിന്നും രക്ഷപെട്ടു പോയിട്ടുണ്ട്.
പിന്നെ നമ്മള് മാത്രം എന്തിനാണ് എപ്പോഴും ഇങ്ങനെ ദാരിദ്ര്യം തിന്നുന്നത്...?

പോയാല്‍ ഒരു ആയിരം കിട്ടിയാല്‍ എന്റെ മോളുടെ ജീവിതം!

പിറ്റേന്ന് വൈകുന്നേരം മുതല്‍ അച്ഛന്റെ അക്കൗണ്ടിലേക്ക് അന്‍പത് രൂപ വന്നുതുടങ്ങി.

അന്ന് വൈകുന്നേരം അച്ഛന്‍ എന്നോട് പറഞ്ഞു:

ഇതൊക്കെ നമ്മള് വളരെ നേരത്തെ തുടങ്ങേണ്ടതായിരുന്നു...

നീ ഈ ലൈബ്രറിയില്‍ പോയി ആര്‍ക്കും ഒരു ഉപകാരവും പറയാത്ത 
പുസ്തകങ്ങള്‍ വായിച്ചു സമയം കളയുന്നത് അല്ലാതെ മനുഷ്യര്‍ക്കു നല്ലത് വരുത്തുന്ന എന്തെങ്കിലും വായിച്ചു അറിഞ്ഞിരുന്നെങ്കില്‍ നമ്മള് നേരത്തെ രക്ഷപെട്ടു പോയേനെ...

മൂന്നു ദിവസം കഴിഞ്ഞു രാത്രി അച്ഛന്‍ എന്നോട് ചോദിച്ചു:

നമുക്കൊരു അയ്യായിരം കൂടി ഇട്ടു നോക്കിയാലോ?

അച്ഛന്‍ എന്റെ മറുപടിക്ക് കാത്തുനില്‍ക്കാതെ ഉടനെ ഗോപാലകൃഷ്ണന്‍ സാറെ വിളിച്ചു: 

എടാ കേശവന്‍ കൊശവാ...

ഇപ്പോള്‍ വേണ്ട. രണ്ടു ദിവസം കഴിഞ്ഞാല്‍ ക്രിസ്മസ്...

ക്രിസ്മസ് കഴിഞ്ഞാല്‍ ഡിസംബര്‍ 26...

ഡിസംബര്‍ 26 നല്ല ദിവസം ആണ്.

അന്ന് അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ പുതിയ പ്രൊജക്റ്റുകള്‍ തുടങ്ങും.

അതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പുതുവത്സര സമ്മാനം ആയി വലിയ വലിയ തുകകള്‍ ഒന്നോ രണ്ടോ ദിനം കൊണ്ടു തിരികെയും തരും...

നമ്മള്‍ എന്തിനാണ് ഇങ്ങനെയുള്ള അവസരങ്ങള്‍ വെറുതെ കളയുന്നത്...

നീ വേണ്ടത് ഡിസംബര്‍ 26ലേക്ക് നല്ലൊരു തുക കരുതിവെക്കുക എന്നതാണ്.

അന്നു മുതല്‍ അച്ഛന്‍ ക്രിസ്മസ് ദിനത്തിലെ രാത്രിക്ക് കാത്തിരിക്കുന്ന കുട്ടിയായി...

ജനുവരി ഒന്നു മുതല്‍ പുതിയ ചക്രക്കസേരയില്‍ അനുജത്തി ഒറ്റയ്ക്ക് കോളേജിലേക്ക് പോകുന്നത് ഉണര്‍വ്വിലും ഉറക്കത്തിലും അച്ഛന്‍ സ്വപ്നം കണ്ടു.

പിന്നെ ആ ചക്രക്കസേര ഒരു കാറായി മാറി.

വലിയ വെളിച്ചമുള്ള ഒരു നക്ഷത്രം അച്ഛന്റെ മുഖത്ത് ഉറക്കത്തിലും വിരിഞ്ഞു.

ഡിസംബര്‍ 25
പകല്‍ മുതലേ ഫ്‌ലാഷ് മെസ്സേജുകള്‍ അച്ഛന്റെ ബി.പി ടീം 8011 എന്ന വാട്‌സ്ആപ് ഗ്രൂപ്പില്‍ മിന്നിത്തിളങ്ങി...

ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും ആയിരുന്നു അവരുടെ മെസ്സേജുകള്‍...

ലോകം മുഴുവന്‍ വെളിച്ചം പകരാന്‍ ഇന്ന് ഉണ്ണിയേശു പിറക്കും നാളെ രാത്രി...?

അതെ, നിങ്ങള്‍ നിങ്ങളുടെ വെളിച്ചത്തിനായി കാത്തിരിക്കുക...!

രാത്രി പന്ത്രണ്ടു മണി വരെയും അച്ഛന്‍ ഉറങ്ങാതെയിരുന്നു.
അച്ഛനു കൂട്ടായി ഞാനും.

യുദ്ധം, പ്രകൃതിക്ഷോഭം, കലാപം മുതലായ സന്ദര്‍ഭങ്ങളില്‍ ലോകം മുഴുവനും വെളിച്ചം എത്തിക്കാന്‍ കഴിയുന്നത്രയും ഭീമന്‍ ഇലക്ട്രിക്ക് ബേറ്ററി നിര്‍മ്മാണത്തിലേക്കായിരുന്നു അന്നത്തെ നിക്ഷേപം.

അന്‍പതിനായിരം, ഒരു ലക്ഷം, അഞ്ച് ലക്ഷം രൂപകളില്‍ ആയിരുന്നു നിക്ഷേപം.

അന്‍പതിനായിരം കൊടുക്കുന്നവര്‍ക്ക് ജനുവരി ഒന്നിനു രാവിലെ ഒരു ലക്ഷത്തി പതിനഞ്ചായിരം. ഒരു ലക്ഷം നിക്ഷേപിക്കുന്നവര്‍ക്ക് രണ്ടര ലക്ഷം. അഞ്ചു ലക്ഷത്തിനു പത്തു ലക്ഷം!

അച്ഛന്‍ അതുവരെയും കരുതിവെച്ചിരുന്ന മുഴുവന്‍ തുകയായ അന്‍പതിനായിരം രൂപ ഗൂഗിള്‍ വഴി മുന്‍ പിന്‍ നോക്കാതെ അയച്ചു.

ഇങ്ങനെ ആണ് സര്‍ ഇതില്‍ കാര്യങ്ങള്‍ നടന്നത്...

അനൂപ് ഇത്രയും പറഞ്ഞ് ശ്വാസം ആഞ്ഞുവലിച്ചു വീണ്ടും പറഞ്ഞുതുടങ്ങി:

എന്നാല്‍, ഇന്ന് രാവിലെ മുതല്‍ അവരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഇല്ലാതായി.

കുറച്ചുനേരങ്ങള്‍ക്കു ശേഷം സൈറ്റും.

അതിലുള്ള അഡ്മിന്‍മാരുടെ എല്ലാവരുടേയും ഫോണ്‍ നമ്പര്‍, പണം അയച്ചുകൊടുത്ത അക്കൗണ്ട് വിവരം, ഗൂഗിള്‍ പേ അക്കൗണ്ട് നമ്പര്‍...

എല്ലാം എന്റെ ഫോണിലുണ്ട് സര്‍...

ബോംബെ ആണ് അവരുടെ കേന്ദ്രം...

പണം തട്ടിയവരുടെ കൂട്ടത്തില്‍ മലയാളികളും ഹിന്ദിക്കാരും ഉണ്ട്.

എല്ലാവരേയും കൃത്യമായി അറിയാമെങ്കില്‍ നിനക്ക് തന്നെ അവരോട് നേരിട്ട് പോയി ചോദിച്ചാല്‍ പോരെ...

ഇങ്ങോട്ട് വന്നത് എന്തിനാണ്...?

ഇവിടെ ഞങ്ങളൊക്കെ ഇങ്ങനെ ഇരിക്കുന്നത് എന്തിനാണ്...?

രണ്ടാമത്തെ കാര്യം ഇങ്ങനെ പണം പെട്ടെന്ന് ഇരട്ടിപ്പിച്ചു കിട്ടും എന്നു കരുതി മുന്നും പിന്നും നോക്കാതെ നിക്ഷേപിക്കുന്നവരാണ് ഇവിടെ യഥാര്‍ത്ഥ കുറ്റവാളികള്‍...

കണക്കില്‍പ്പെടാത്ത പണം കയ്യിലുള്ളവര്‍ ആണ് കൂടുതലും ഇത്തരം നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുള്ളത്...

കാന്റീന്‍ നടത്തിപ്പിലൂടെ അതില്‍ അഴിമതിയും തട്ടിപ്പും കാണിച്ചു നല്ലൊരു തുക നിങ്ങളുടെ കയ്യില്‍ എത്തുന്നുണ്ട്. അത് വീണ്ടും വീണ്ടും ഇരട്ടിപ്പിക്കാന്‍ നിയമപരമല്ലാത്ത മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ കണ്ടെത്തുന്നു... 

സുമോദ് ചുണ്ടുകള്‍ വിടര്‍ത്തി ചിരിച്ചു.

അനൂപ് ഒരു നിമിഷം അനങ്ങാതെയായി.

ശേഷം ആത്മവിശ്വാസം മുഴുവന്‍ ചോര്‍ന്നു കരയുന്നതുപോലെ ചോദിച്ചു:

ഗോപാലകൃഷ്ണന്‍ പറഞ്ഞിട്ടല്ലേ എന്റെ അച്ഛന്‍ പണം...

ഞങ്ങള്‍ സൈബര്‍ സെല്ല് നിജസ്ഥിതി അറിയാന്‍ ഇതിനിടയില്‍ ഗോപാലകൃഷ്ണന്‍ സാറെ വിളിച്ചു.

അദ്ദേഹം പറഞ്ഞത് മുഴുവന്‍ ഞങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്...

സുമോദ് ഫോണ്‍ അനൂപിന്റെ ചെവിക്ക് അരികിലേക്ക് ചേര്‍ത്തുപിടിച്ചു.

'സര്‍ ഇതിലെ നിജസ്ഥിതി എന്താണെന്നു പറഞ്ഞാല്‍ കേശവന്‍ അയ്യായിരം രൂപ നിക്ഷേപിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാനായിരുന്നു തടഞ്ഞത്...

ഇതൊക്കെ നോക്കിയും കണ്ടും ചെയ്താല്‍ മതി എന്നും ഞാന്‍ ഉപദേശിച്ചിരുന്നു...

രണ്ടാമത്തെ പ്രധാന കാര്യം ഈ 
കേശവന്‍ ആണ് ഇങ്ങനെ ഒരു കമ്പനിയുടെ കാര്യം എന്നോട് പറയുന്നത്. എന്നിട്ടും ഞാന്‍ ആ കമ്പനിയില്‍ ആകെ നിക്ഷേപിച്ചത് ആയിരം രൂപ മാത്രം ആണ്.

ഈ തുക പോലും നിക്ഷേപിച്ചത് 
ആ കമ്പനിയുടെ നീക്കങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനും ആയിരുന്നു അല്ലാതെ ലാഭം ഉണ്ടാക്കാന്‍ അല്ല!

മുന്നും പിന്നും നോക്കാതെ അന്‍പതിനായിരവും ഒരു ലക്ഷവും എടുത്തെറിയാന്‍ ഞാനൊരു ബിസിനെസ്സ്മാന്‍ ഒന്നും അല്ലല്ലോ സാറെ?

നമുക്കൊക്കെ ജീവിക്കാന്‍ വെറും സര്‍ക്കാര്‍ ശമ്പളം മാത്രമല്ലേ ഉള്ളൂ...

അതും കൃത്യമായ കണക്കോടുകൂടിയത്!

ഗോപാലകൃഷ്ണന്റെ റെക്കോര്‍ഡ് ചെയ്ത ശബ്ദം സുമോദ് അനൂപിന്റെ കൂടുതല്‍ കരുവാളിച്ച മുഖത്തില്‍നിന്നും ദൂരേക്ക് നീക്കി കര്‍ക്കശമായ ഭാവത്തോടെ അനൂപിനെ നോക്കി ചോദിച്ചു:

'ഇനി ഗോപാലകൃഷ്ണന്‍ സാറെ കുറ്റവാളി ആക്കുന്ന എന്തെങ്കിലും തെളിവുകള്‍, രേഖകള്‍ നിന്റെ കയ്യില്‍ ഉണ്ടെങ്കില്‍ ഞങ്ങളെ കാണിക്കണം ഞങ്ങള്‍ പിടിച്ച് അകത്തിടും...'

സുമോദ് ഇത്രയും പറഞ്ഞുതീരുമ്പോഴേക്കും വെളുത്ത തടിച്ചൊരാള്‍ ഉള്ളിലേക്ക് കയറി. 

അയാളെ കണ്ടതും സുമോദ് ബഹുമാനത്തോടെ എഴുന്നേറ്റു സ്വീകരിക്കുന്നത് അനൂപ് കണ്ടു. 

നീ തല്‍ക്കാലം പുറത്തേക്ക് ഇറങ്ങിക്കൊ ഞാന്‍ വിളിക്കും. 

അനൂപ് അയാള്‍ വിളിക്കുന്നതും കാത്ത് അരമണിക്കൂറില്‍ അധികം പുറത്ത് നിന്നു...

അച്ഛന്റെ കയ്യില്‍ ഇനി എന്ത് തെളിവുകള്‍ ആണ് ബാക്കിയുണ്ടാവുക.

ക്യാന്റീനില്‍നിന്നും രാവിലേയും വൈകുന്നേരവും പണം തരാതെ മൂക്ക് മുട്ടെ കടം തിന്നു പോയവരുടെ വിവരങ്ങള്‍ എഴുതാനുള്ള ഒരു പറ്റു പുസ്തകംപോലും നാളിതുവരെയും അച്ഛന്‍ സൂക്ഷിച്ചിട്ടില്ല...

ഒരു ദിവസം ഈ കാര്യം അച്ഛനോട് ചോദിച്ചു:

അച്ഛനിതൊക്കെ ഒന്ന് എഴുതിവെച്ചൂടെ...?

എന്തിന്? അതിന്റെ കാര്യം ഇല്ല, എന്നെങ്കിലും ഒരാള്‍ നമ്മളെ പറ്റിക്കും എന്നു കരുതി ഇന്നേ ഭൂമിയിലെ സകല മനുഷ്യരേയും സംശയിക്കുന്നത് ശരിയല്ലല്ലോ...

വെളുത്തു തടിച്ച ആള്‍ കൂടുതല്‍ തെളിഞ്ഞ ചിരിയോടെ പുറത്തിറങ്ങിയതും സുമോദ് അനൂപിനെ വിളിച്ചു.

തല്‍ക്കാലം നീയൊരു പരാതി എഴുതി പൊയ്‌ക്കോ ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ അന്വേഷിക്കാം. ഇത്രയും പറഞ്ഞ് സുമോദ് ഒരു പേപ്പര്‍ അവന്റെ മുന്നിലേക്ക് നീട്ടി.

സര്‍ ഞങ്ങളുടെ നഷ്ടപ്പെട്ട പണം തിരികെ കിട്ടില്ലേ? എന്റെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്...

കാന്റീന്‍ നടത്തിയതിലും കുറെ അധികം പണം കിട്ടാനുണ്ട്...

അച്ഛന് ആകെ വിഷാദം കയറി സ്ഥിതി വളരെ മോശം ആയിരിക്കുന്നു.

നീ ഇങ്ങനെ കിട്ടാനുണ്ട് കിട്ടാനുണ്ട് എന്നു പറയുമ്പോഴേക്കും ഞങ്ങള്‍ അതു മുഴുവന്‍ വിശ്വസിക്കുമോ...? 

വേശ്യകളുടെ പീഡന പരാതി പോലെയാണല്ലോ നിന്റെ കിട്ടാനുണ്ട് പരാതി!
സുമോദ് ഒച്ചത്തില്‍ ചിരിച്ചു.

ഞങ്ങള്‍ക്ക് തെളിവ് വേണം... രേഖകള്‍ വേണം. നിയമത്തില്‍ രേഖകള്‍ ഉണ്ടാവുക എന്നതാണ് പ്രധാനം...

അമ്പലത്തില്‍ വിഗ്രഹങ്ങള്‍പോലെ!

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

പിന്നെ ഒരു കാര്യം എനിക്ക് നിന്നോട് പറയാനുള്ളത്... സുമോദ് അനൂപിന്റെ 
ചെവിക്ക് അരികിലേക്ക് നീങ്ങി ഒരു രഹസ്യംപോലെ പറഞ്ഞു: പൊലീസുകാരോടും മറ്റു ഉയര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരോടും കുറച്ചുകൂടെ ബഹുമാനത്തോടെ പെരുമാറാന്‍ നീ പരിശീലിക്കണം. ഈ നാട്ടില്‍ തന്നെ ജീവിക്കാനാണ് തീരുമാനം എങ്കില്‍!

ഇന്നു നിന്റെ ഫോണ്‍ ഞങ്ങള്‍ തരില്ല; നിന്റെ ഫോണ്‍ തിരിച്ചുതരുന്നത് വരെയും നിനക്ക് വിളിക്കാനും നിന്നെ വിളിക്കാനും ഞാന്‍ മറ്റൊരു ഫോണ്‍ തരും...

ഞങ്ങള്‍ എപ്പോള്‍ വിളിച്ചാലും 
ആ ഫോണ്‍ അറ്റന്‍ഡ് ചെയ്യണം.

കേസ് സംബന്ധമായ പുരോഗതി ഞങ്ങള്‍ അപ്പോഴപ്പോള്‍ നിന്നെ വിളിച്ച് അറിയിക്കും എന്നാല്‍ നീ ഇറങ്ങിക്കോ...
അനൂപ് വന്ന വഴിയേ നടന്നു സ്റ്റേഷനില്‍നിന്നും പുറത്തേക്കിറങ്ങി.

സ്റ്റേഷന്‍ കെട്ടിടത്തിനുള്ള ദുരൂഹതയും പിടിക്കിട്ടായ്മയും അതിനുള്ളിലെ മനുഷ്യര്‍ക്കും ഉണ്ടെന്ന് അനൂപിനു തോന്നി.

പുതുവത്സര ആഘോഷങ്ങള്‍ കഴിഞ്ഞു. ഒറ്റ പകല്‍ മങ്ങി രാത്രി ആയപ്പോഴേക്കും റോഡും തെരുവും മറ്റൊരു നൂറ്റാണ്ടിലേതുപോലെ നിശബ്ദമായിരുന്നു.

തെരുവ് വിളക്കുകളോ മറ്റു വെളിച്ചങ്ങളോ ഇല്ലാത്ത നീളന്‍ റോഡിലൂടെ അനൂപ് നടന്നു...

വീട്ടിലേക്ക് ഇനിയും അരമുക്കാല്‍ മണിക്കൂര്‍ ദൂരം ബാക്കിയുണ്ട്.

പുതിയ ഹൈവേ വരുന്നതിന്റെ പണി നടക്കുന്നതിനാല്‍ റോഡില്‍ സ്ഥലത്തിന്റെ അടയാളങ്ങള്‍ എന്നു പറയാന്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല...

പഴയ മരങ്ങള്‍, കെട്ടിടങ്ങള്‍, തൂണുകള്‍ എല്ലാം ഇടിച്ചുനിരത്തിയിരുന്നു.

കുറെ ദൂരം നടന്നപ്പോള്‍ ഒരു കൊല്ലന്റെ ഋലയില്‍നിന്നുള്ള വെളിച്ചംപോലെ എന്തൊക്കെയോ റോഡില്‍നിന്നും തിളങ്ങുന്നതായി അനൂപിനു തോന്നി.

നടന്ന് നടന്ന് ആ വെളിച്ചത്തിന് അടുത്ത് എത്തിയപ്പോഴേക്കും വെളിച്ചത്തോടൊപ്പം അനവധി നല്ല മണങ്ങളും...

ഏറെ നേരമായി നടക്കുന്നതിനാല്‍ അനൂപ് ക്ഷീണിച്ചിരുന്നു.

അവിടെ ചില്ലു കൂജയില്‍ പല നിറങ്ങളില്‍ നിരത്തിവെച്ച മണങ്ങളെ വെള്ളം കുടിക്കാനുള്ള ആര്‍ത്തിയോടെ അനൂപ് ഉള്ളിലേക്ക് വലിച്ചുകയറ്റി.

നരച്ച താടിയുള്ള ഒരു വൃദ്ധന്‍ ആയിരുന്നു അതിന്റെ ഉടമസ്ഥന്‍...

അനൂപിനെ കണ്ടതും അയാള്‍ എഴുന്നേറ്റ് ഒരു കുപ്പിയില്‍നിന്നും കുറച്ചു മണങ്ങളെ അനൂപിന്റെ വിയര്‍ത്ത ശരീരത്തിലേക്കു പുരട്ടി. നല്ലത് ഉണ്ടെന്നു തോന്നുകയില്ല, ആരെയും ഒന്നും വിളിച്ചു പറഞ്ഞു അറിയിക്കുകയും ഇല്ല, മോശം ആണെങ്കില്‍ ഞാന്‍ കേമനാണെന്ന് ഇടയ്ക്കിടെ ഉച്ചത്തില്‍ വിളിച്ചു പറയുകയും ചെയ്യും!

ഈ മണം എന്നു പറയുന്നത് മനുഷ്യന്‍ പലതും മറക്കാന്‍ കണ്ടുപിടിച്ച ഒരു മരുന്നുകൂടിയാണ്.

ഓരോ മണങ്ങളും നിറച്ചുവെച്ച വൃദ്ധന്റെ ചില്ലുഭരണികള്‍ കണ്ടപ്പോള്‍ പെട്ടെന്ന് അനൂപിന് അച്ഛന്റെ കറിപ്പാത്രങ്ങള്‍ ഓര്‍മ്മവന്നു.

അച്ഛന്റെ ഓരോ കറികള്‍ക്കും വ്യത്യസ്ത നിറവും മണവും ആയിരുന്നു.

പാകമായ കറിയില്‍നിന്നുള്ള മണങ്ങള്‍ വിശക്കുന്നവര്‍ക്കുള്ള ക്ഷണക്കത്ത് പോലെ വളരെ ദൂരെ വരെയും പടരും.
 
വിശന്നുവലഞ്ഞു വരുന്നവര്‍ക്ക് അച്ഛന്‍ ദിനവും അഞ്ചോ ആറോ അതില്‍ കൂടുതലോ ഊണ് മാറ്റിവെക്കാറുള്ളതും അനൂപിന് ഓര്‍മ്മവന്നു.

അവര്‍ ഭക്ഷണം കഴിക്കുന്നത് നോക്കി അച്ഛന്‍ പറയും: വിശക്കുന്നവനെ ഊണിന്റെ രുചി അറിയൂ...

ഇതെന്താണ് ഈ രാത്രിയില്‍ കച്ചവടം..?

അനൂപ് വൃദ്ധനോട് ചോദിച്ചു.

ഈ നഗരത്തിലെ പകലില്‍, ഇപ്പോഴത്തെ മനുഷ്യരുടെ മുന്നില്‍ ഞാന്‍ സ്വര്‍ഗ്ഗത്തിന്റെ മണം കുപ്പിയില്‍ നിറച്ചാലും അവര്‍ക്ക് നാറുകയേ ഉള്ളൂ!

ഇതും പറഞ്ഞു അയാള്‍ അത്രയും മെല്ലെ ചിരിച്ചു.

വൃദ്ധന്റെ ചിരി കണ്ടപ്പോള്‍ അനൂപിന് അച്ഛന്‍ ചിരിക്കുന്നതുപോലെ തോന്നി.

അയാള്‍ ചിരിച്ചു തീരുന്നതിനും മുന്നേ ആംബുലന്‍സ് ശബ്ദത്തോടെ അനൂപിന്റെ പുതിയ ഫോണ്‍ ശബ്ദിച്ചു.

അനൂപ് വളരെ തിടുക്കത്തില്‍ ഫോണ്‍ ചെവിയിലേക്ക് ചേര്‍ത്തുപിടിച്ചു.

സൈബര്‍ സെല്ലില്‍നിന്നാണ്. നിന്റെ ഫോണ്‍ മുഴുവന്‍ ഞങ്ങള്‍ പരിശോധിച്ചു.

പല നിരോധിത സൈറ്റുകളിലും കയറി ഇറങ്ങി നീ നീല ചിത്രങ്ങള്‍ കാണാറുണ്ട്...

ചിലതൊക്കെ നിന്റെ ഫോണില്‍ ഡൗണ്‍ലോഡും ചെയ്തു വെച്ചിട്ടുണ്ട്.

മാന്യമായി ജീവിക്കുന്ന ഒന്നിലധികം സ്ത്രീകളുമായി സമയത്തും അസമയത്തും നിനക്ക് ഫോണ്‍ വഴി ബന്ധങ്ങള്‍ ഉണ്ട്!

എല്ലാറ്റിനും അപ്പുറം കവികള്‍ എന്നും എഴുത്തുകാര്‍ എന്നും പറഞ്ഞുനടക്കുന്ന ചില നക്‌സല്‍ ടീമുകളുമായി നിനക്ക് ദേശവിരുദ്ധ ബന്ധങ്ങള്‍ ഉണ്ടോ എന്നും ഞങ്ങള്‍ക്കു സംശയങ്ങള്‍ ഉണ്ട്...

കോഴിക്കോട് അരുന്ധതി റോയിയുടെ പുതിയ പുസ്തകം പ്രകാശനം നടത്തുമ്പോള്‍ നീ അവിടെ ഉണ്ടായിരുന്നു!

ഇതിനൊക്കെ നിനക്ക് എവിടുന്നാണ് പണം...

നിന്റെ വഴിവിട്ട ബന്ധങ്ങള്‍ക്ക് ചെലവാക്കിയ പണം തിരികെപിടിക്കാന്‍ നീ തന്നെ കണ്ടെത്തിയ മാര്‍ഗ്ഗം ആണോ ഈ സൈബര്‍ തട്ടിപ്പ് എന്നും ഞങ്ങള്‍ക്ക് സംശയം ഉണ്ട്!

വിശദമായ അന്വേഷണത്തിനായി നാളെ ഞങ്ങള്‍ നിന്റെ വീട്ടിലേക്ക് വരും.

അനൂപ് ഫോണും ചെവിയില്‍ ചേര്‍ത്ത് റോഡിലെ കനത്ത ഇരുട്ടിലൂടെ നടന്നു. 

പെട്ടെന്ന് വൃത്തികെട്ട ഒരു മണം നഗരത്തിന്റെ ഏതോ ദിക്കില്‍നിന്നും ആരംഭിച്ച് ഒരു ചുഴലിക്കാറ്റ് പിടിച്ചതുപോലെ തന്റെ ചുറ്റിലേക്കും നിറയുന്നത് വൃദ്ധന്‍ നിരാശയോടെ തിരിച്ചറിഞ്ഞു.

അയാള്‍ നിരത്തിവെച്ച തന്റെ ഏറ്റവും നല്ല മണങ്ങള്‍ നിറഞ്ഞ കുപ്പികളിലൊന്ന് മുഖത്തോട് ചേര്‍ത്തുപിടിച്ചു.

ശേഷം അത്രയും ശാന്തനായി റോഡിലെ വെറും നിലത്തേക്ക് 
കിടന്നു...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com