'ഗംഗാസ് മാര്യേജ് സര്‍വ്വീസ്'- സന്ധ്യ എന്‍.പി. എഴുതിയ കഥ

ചത്തുമലച്ച് നഗ്‌നരായി ചോരയൊലിപ്പിച്ചു കിടക്കുന്ന ശരീരങ്ങളെ വെട്ടിമുറിച്ച് കഷണങ്ങളാക്കി രഹസ്യമായി മറവുചെയ്യുമായിരുന്നോ?
'ഗംഗാസ് മാര്യേജ് സര്‍വ്വീസ്'- സന്ധ്യ എന്‍.പി. എഴുതിയ കഥ


ചുമരിലൊരു തോക്കുണ്ടായിരുന്നെങ്കില്‍ അതു വലിച്ചെടുത്ത് ആ നിമിഷം അവര്‍ രണ്ടു പേരുടേയും നെഞ്ചത്തേക്ക് വെടിയുതിര്‍ക്കുമായിരുന്നോ അയാള്‍?

ചത്തുമലച്ച് നഗ്‌നരായി ചോരയൊലിപ്പിച്ചു കിടക്കുന്ന ശരീരങ്ങളെ വെട്ടിമുറിച്ച് കഷണങ്ങളാക്കി രഹസ്യമായി മറവുചെയ്യുമായിരുന്നോ?

കിടപ്പുമുറിയോടു ചേര്‍ന്ന കുളിമുറിയില്‍ തന്റെ ഭാര്യയെ മറ്റൊരുവന്‍ കുളിപ്പിക്കുന്നത് വിജയദാസ് എന്ന തിരക്കുപിടിച്ച ബിസിനസ്സുകാരന്‍ ഒരുതരം മരവിപ്പോടുകൂടി നോക്കിനിന്നു.

ബിസിനസ്സ് ആവശ്യങ്ങള്‍ക്കു ദീര്‍ഘനാള്‍ യാത്ര ചെയ്യുന്ന ദാസ് വല്ലപ്പോഴുമേ വീട്ടില്‍ കാണൂ, വല്ലപ്പോഴുമേ ഗംഗയെ വിളിക്കൂ. അയാള്‍ എപ്പോള്‍ വരും പോകും എന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു പിടിയും ഇല്ല. പല പല ഫുഡ് കമ്പനികളുടെ തിരക്കുപിടിച്ച കണ്‍സള്‍ട്ടന്റായ ദാസ് കമ്പനികള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് ഡല്‍ഹി, ആന്ധ്ര, ബീഹാര്‍, മദ്രാസ് എന്നിങ്ങനെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിച്ചുകൊണ്ടേയിരിക്കും. എപ്പോഴും അടുത്ത യാത്രയ്ക്കുള്ള ഒരടുക്ക് ഡ്രസ്സ് അയാളെക്കാത്ത് അലമാരയില്‍ ഇരിക്കുന്നുണ്ടാവും അലക്കിത്തേച്ച് നല്ല വടിവൊത്ത വൃത്തിയില്‍.

ചിലപ്പോള്‍ യാത്ര കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസം റെസ്‌റ്റെടുത്തെന്നുമിരിക്കും വിജയദാസ്. വീട്ടിലിരിക്കുമ്പോഴും എപ്പോഴും ഫോണിലായിരിക്കും അയാള്‍. പകല്‍ ശാന്തമാണ്, വിജയദാസ് ഉള്ളപ്പോള്‍ രാത്രി ഇല്ലാതിരുന്നെങ്കിലെന്ന് ഗംഗ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. കൊവിഡ് കാലം ഗംഗയ്ക്ക് പരീക്ഷണകാലമായിരുന്നു. യാത്രയില്ലാത്ത, കമ്പനി വിളികളില്ലാത്ത ദാസ് വീട്ടിനുള്ളില്‍ വെരുകിനെപ്പോലെ നടന്നു. അക്കാലത്ത് അയാള്‍ക്ക് ഒരേയൊരു എന്റര്‍ടെയിന്‍മെന്റേ ഉള്ളൂ  ഗംഗ. അവളുടെ ശരീരത്തിനും മനസ്സിനും ഏറ്റവും മുറിവേറ്റ കാലം. ആകെ വലഞ്ഞ് ജീവിതം എത്ര അസഹ്യം എന്ന് അവള്‍ക്കു തോന്നിക്കൊണ്ടിരുന്നു. പക്ഷേ, അവള്‍ വിചാരിക്കുംപോലെ ആയിരുന്നില്ല കാര്യങ്ങള്‍! ജീവിതം ആര്‍ക്കും പ്രവചിക്കാന്‍ പറ്റുന്ന ഒന്നല്ലല്ലോ...

കല്യാണത്തിനു ചെറുക്കനും പെണ്ണും ചെറുക്കന്റെ അമ്മയും അച്ഛനും പെണ്ണിന്റെ അച്ഛനും അമ്മയും സഹോദരനും എന്നിങ്ങനെ നാലും മൂന്നും ഏഴാളും കല്യാണസാരിക്കു മാച്ചായ മാസ്‌കും ഒക്കെ ഉണ്ടായിട്ടും സരളച്ചേച്ചീടെ മോള്‌ടെ കല്യാണം വന്നപ്പോള്‍ സരളച്ചേച്ചി വേവലാതിയിലായിരുന്നു. പെണ്ണിന്റെ മേക്കപ്പും മുല്ലപ്പൂവും ബൊക്കയും മാലയും... കടകളായ കടകളൊക്കെ അടപ്പിച്ച് പൊലീസ് കവാത്ത് നടത്തുന്ന സമയം.
 
ആരു പുറത്തിറങ്ങിയാലും പൊലീസ് പിടിക്കും. എന്തിനു പുറത്തിറങ്ങി എന്നു ചോദ്യംവരും. ചിലയിടത്ത് ആളുകള്‍ പുറത്തിറങ്ങുന്നതു നിരീക്ഷിക്കാന്‍ ഡ്രോണ്‍ വരെ പൊലീസ് ഉപയോഗിക്കുന്നുണ്ട്. വീട്ടിലിരുന്ന് ബോറടിച്ച് ഇനി ആരും കാണാതെ പുഴയില്‍പോയി കുളിച്ചു വരാമെന്നോര്‍ത്ത് പുഴയില്‍പോയ മനുഷ്യന്‍ ഡ്രോണ്‍ കണ്ട് പേടിച്ച് നനഞ്ഞ തോര്‍ത്താലെ ഓടുന്ന ദൃശ്യം ഫോണില്‍കണ്ട് ചിരിച്ചതോര്‍ത്ത് സരളച്ചേച്ചിക്കു ഖേദം തോന്നി. അനാവശ്യമായി ഒറ്റമനുഷ്യരും പുറത്തേക്കിറങ്ങിപ്പോവരുതെന്ന മുഖ്യമന്ത്രിയുടെ ശാസന ഓര്‍ത്തപ്പോള്‍ അവരുടെ വേവലാതി ഒന്നുകൂടി കൂടി.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

ദിവസവും വൈകുന്നേരം മന്ത്രി നടത്തുന്ന പത്രസമ്മേളനത്തില്‍ കര്‍ശനമായ നിര്‍ദ്ദേശങ്ങളാണ്, കൊവിഡ് നിയന്ത്രിക്കാന്‍... അതിനിടയില്‍ എങ്ങനെ ബ്യൂട്ടീഷനെ സംഘടിപ്പിക്കും? കല്യാണമെന്നൊക്കെപ്പറയുമ്പോള്‍ എക്കാലത്തേക്കും ഓര്‍ത്തുവെക്കാനുള്ള ഒരു ദിവസമല്ലേ! ഉള്ളതാണെങ്കില്‍ ഒറ്റ മോള്. അവളുടെ കല്യാണം ഉഷാറാക്കിയില്ലെങ്കില്‍പിന്നെന്ത്!സരളച്ചേച്ചി ഓര്‍ത്തോര്‍ത്തു പറഞ്ഞ് നെടുവീര്‍പ്പിട്ട് താടിക്കു കയ്യും കൊടുത്ത് ഒരന്തമില്ലാതെ ഇരുന്നപ്പോള്‍ ഗംഗയാണവരെ സമാധാനിപ്പിച്ചത്.

'അതൊക്കെ ശരിയാക്കാം. ഞാനല്ലേ ഇരിക്കുന്നത്?' അവിശ്വാസത്തോടെ ചേച്ചി നോക്കിയപ്പോള്‍ എല്ലാം സെറ്റ് എന്ന് ഗംഗ കണ്ണിറുക്കിക്കാണിച്ചു. സരളച്ചേച്ചി വിശ്വസിച്ചു. പറഞ്ഞപോലെ ഗംഗ കല്യാണത്തിന് എല്ലാം ഒപ്പിച്ചു. അയല്‍ വീട്ടുമുറ്റങ്ങളില്‍നിന്നും ശേഖരിച്ച മുല്ല, നന്ത്യാര്‍വട്ടം, ചെമ്പകം, കനകാംബരം എന്നുവേണ്ട തൊടിയില്‍ കാടുപിടിച്ചു നിന്നിടത്തെ മേന്തോന്നി വരെ ശേഖരിച്ചു. അതില്‍ മഞ്ഞയും വെള്ളയും നിറമുള്ള ജമന്തികളും രണ്ടു മേന്തോന്നിയും പിന്നിലൊണ്ട കെട്ടി മനോഹരമാക്കിയ പെണ്ണിന്റെ മുടിയില്‍ ചൂടിച്ചു. കനകാംബരവും തൊളസിയും ഇടയില്‍ പനിനീര്‍ ചെമ്പകവും മഞ്ഞക്കോളാമ്പിയും വെച്ച് നല്ല നീളന്‍ മാലകള്‍ രണ്ടെണ്ണം കെട്ടി. നിറച്ച് എവര്‍ഗ്രീന്‍ ഇലകളും മഞ്ഞയും പച്ചയും കളര്‍ ഇലകളും ചേര്‍ത്ത് നടുവില്‍ മേന്തോന്നിപ്പൂക്കളും മുല്ലപ്പൂക്കളും മൂന്നാലു റോസാപ്പൂക്കളും ചേര്‍ത്ത് നല്ല രണ്ടു ബൊക്കകളും ഉണ്ടാക്കി. 

പെണ്ണും ചെക്കനും പല നിറപ്പൂക്കളണിഞ്ഞു ചിരിച്ചു നിന്നപ്പോള്‍ സരളച്ചേച്ചിയും ചിരിച്ചു.

വെളുത്ത മുല്ലപ്പൂ മാത്രം ചൂടിയ പെണ്ണിനു പകരം കനകാംബരവും കോളാമ്പി മഞ്ഞയുമണിഞ്ഞ കല്യാണപ്പെണ്ണ് എഫ്.ബിയിലും വാട്‌സാപ്പിലും വൈറല്‍ ആയിരുന്നു. അവളെ ഒരുക്കിയ ഗംഗയും.

പിന്നെ നിന്നുതിരിയാന്‍ ഇടയുണ്ടായിരുന്നില്ല ഗംഗയ്ക്ക്. കുന്നിന്‍മോളില്‍നിന്നും പിടിവിട്ട സൈക്കിളുപോലെ ഒരു പോക്കായിരുന്നു. അടുത്തുള്ള കല്യാണങ്ങള്‍ക്കെല്ലാം ഗംഗയ്ക്കു വിളിവരും. കിട്ടാവുന്ന വീടുകളില്‍നിന്നെല്ലാം പൂക്കള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്തു അവള്‍, മണവാട്ടിമാരെ നാട്ടുപൂക്കളാല്‍ കൂടുതല്‍ സുന്ദരിമാരാക്കി, അവര്‍ക്ക് എക്കാലത്തേക്കുമായി സൂക്ഷിച്ചുവെക്കാന്‍ തോന്നുന്നത്രയും ഭംഗിയുള്ള ബൊക്കകളുണ്ടാക്കിക്കൊടുത്തു സന്തോഷിച്ചു ഗംഗ. മനംനിറഞ്ഞ് പെണ്‍മക്കളുടെ അച്ഛനമ്മമാര്‍ തങ്ങളാലാവുന്ന പ്രതിഫലം കൊടുത്തു, ഗംഗയ്ക്ക് തന്റെ വഴി തെളിഞ്ഞു.

അങ്ങനെയാണ് ഗംഗ 'ഗംഗാസ് ഫ്‌ലവേഴ്‌സ്' എന്ന മാര്യേജ് സര്‍വ്വീസ് തുടങ്ങിയത്. കൊവിഡ് കഴിഞ്ഞപ്പോളും തെരക്കിനു കുറവുണ്ടായില്ല. കുറച്ചുകൂടി ഗംഗ പ്രൊഫഷണലായി. വീട്ടുമുറ്റത്ത് നിറയെ നാട്ടുപൂക്കള്‍ വെച്ചുപിടിപ്പിച്ചു. ചെടികളുടെ കാലോ കയ്യോ വളരുന്നത് എന്നു കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നു. 

വൈകുന്നേരങ്ങളില്‍ ഹെഡ്‌സെറ്റ് ചെവിയില്‍ത്തിരുകി പാട്ടുകേട്ടുകൊണ്ട് അവള്‍ ചെടികള്‍ക്കിടയിലൂടെ നടന്നു. അക്കാലത്ത് അവള്‍ ഏറ്റവും കൂടുതല്‍ തവണ കേട്ടിരുന്ന പാട്ട് ബാബുരാജിന്റെ 'താമസമെന്തേ വരുവാന്‍...' ആയിരുന്നു. 'ഭാര്‍ഗ്ഗവീ നിലയ'ത്തിലെ നായകനെപ്പോലെ നിലാവില്‍ അവള്‍ മുല്ലപ്പന്തലിനു കീഴിലിരുന്ന് മാനത്തേക്കു നോക്കി, മാനത്തിരുന്ന് അവളെ ആരോ നോക്കുംപോലെ!

'പാലൊളിച്ചന്ദ്രികയില്‍ നിന്‍ മന്ദഹാസം കണ്ടുവല്ലോ
പാതിരാക്കാറ്റില്‍ നിന്റെ
പട്ടുറുമാലിളകിയല്ലോ 
...ഇളകിയല്ലോ...'

യേശുദാസ് പാടിക്കൊണ്ടിരിക്കുമ്പോള്‍ നിലാവഴിഞ്ഞഴിഞ്ഞ് അടുത്തേക്ക് വന്ന്, അരുമയായ് പുതപ്പിക്കുംപോലെ അവള്‍ക്കു കുളിര്‍ന്നു. ഇടയ്ക്കു തണുത്ത കാറ്റുവീശി. വള്ളിയിലെ പിടിവിട്ട് ആലസ്യത്തില്‍ പൂക്കള്‍ ഉതിര്‍ന്ന് നിലത്തേക്കു വീണു. ചിലത് അവളുടെ മുടിയില്‍ തങ്ങിനിന്നു. അപ്പോള്‍ നക്ഷത്രങ്ങളെ മുടിയില്‍ചൂടിയ ആശാന്റെ ചിന്താധീനയായ സീതയെപ്പോലിരുന്നു അവള്‍... വിജയദാസിന്റെ ഒച്ച വീട്ടിനുള്ളില്‍ കേള്‍ക്കുന്ന മാത്രയില്‍ അവള്‍ ചെടികളെ വിട്ട് വീട്ടിനുള്ളിലേക്കോടിപ്പോയി. അവളുടെ മുടിയില്‍നിന്നും പൂക്കള്‍ നിലത്തുവീണ് കാലടിയില്‍ അമര്‍ന്നു. കണ്ണീര്‍ മണംപോലെ ചതഞ്ഞ മുല്ലയുടെ മണം മുറിക്കുള്ളില്‍ വട്ടം ചുറ്റി.

തോട്ടത്തില്‍ ഇരട്ടിമുല്ലയും മാസ്മരിക മണമുള്ള റോസുകളും പനിനീര്‍ ചെമ്പകവും വെച്ചു പിടിപ്പിച്ചിട്ടുണ്ടെങ്കിലും അടുത്തുള്ള ചില വീടുകളില്‍നിന്നുകൂടി അവള്‍ സ്ഥിരമായി പൂക്കള്‍ ശേഖരിക്കാന്‍ തുടങ്ങി. ചെറിയൊരു പൈസ പകരം കൊടുക്കും. ഓരോ ഫംഗ്ഷനും ഓരോ പൂക്കള്‍ പുതുത് അവള്‍ നാട്ടുകാര്‍ക്കു പരിചയപ്പെടുത്തി. ബൊക്കകളും മാലകളും ഗംഗ തന്നെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്തു. അവ കൊടുത്തുവരുമ്പോള്‍ ടൂവീലറിന്റെ വേഗം കുറച്ച് ചെവിവള്ളിയില്‍ പാട്ടുകള്‍ കേട്ട് വഴിയരികില്‍ നില്‍ക്കുന്ന വീടുകളിലെ പൂക്കള്‍ ശ്രദ്ധിച്ചു. അടുത്ത വരവില്‍ 
ആ വീട്ടുകാരില്‍നിന്ന് അവള്‍ നോട്ടമിട്ട പൂക്കള്‍ സംഘടിപ്പിച്ചു.

ആയിടെ ആണ് അവള്‍ ചന്ദ്രമോഹനെ പരിചയപ്പെടുന്നത്. സത്യത്തില്‍ അതൊരു പരിചയപ്പെടല്‍ ആയിരുന്നില്ല.
സത്യേട്ടന്റെ മകന്റെ മകളുടെ കല്യാണത്തിനു പൂമാല കൊടുത്ത്

'രാവില്‍ രാഗനിലാവില്‍ 
എന്നാത്മ നാഥന്‍ വന്നെങ്കില്‍ 
പൂക്കള്‍ തേനല്ലിപ്പൂക്കള്‍
ഇന്നെന്റെ ദേവന്‍ തന്നെങ്കില്‍'

എന്ന് ജാനകിയുടെ കൂടെ ഒരാവര്‍ത്തി പാടി പൂര്‍ണ്ണിമാ ജയറാമിനെ ഓര്‍ത്തോണ്ടു വരുമ്പോഴാണ് റോഡരികില്‍ എമ്പാടും വീണുകിടക്കുന്ന സ്വര്‍ണ്ണയിതളുകള്‍ കണ്ണില്‍പെട്ടത്. തലനിറയെ പൂക്കള്‍ ചൂടി ചിരിക്കുന്ന പൂര്‍ണ്ണിമാ ജയറാമിനെ ഓര്‍ത്തതും റോഡരികില്‍ത്തന്നെ വണ്ടി നിര്‍ത്തി ഗംഗ ആ പൂക്കള്‍ക്കരികിലെത്തി. കുനിഞ്ഞെടുത്തു മണത്തു.
മൂക്കിലൊരു വിദ്യുത് പ്രവാഹം! തലച്ചോറാകെ മത്തുപിടിച്ച മന്ദത! ചെമ്പകം. സ്വര്‍ണ്ണച്ചെമ്പകം. നിറയെ നിറയെ ഇതളുകള്‍ വീണുകിടക്കുന്നു. മുകളിലേക്കു നോക്കി. ഒരു ഇരുനിലവീട്ടിന്റെ മതിലിനരികില്‍ 
റോട്ടിലേക്കു നോക്കിനില്‍ക്കുന്ന പൊക്കമുള്ള മരം. ഇതളായ് കൊഴിയാതെ കുറച്ചു പൂക്കള്‍ കിട്ടാന്‍ വഴിയുണ്ടോ? അവള്‍ ഗേറ്റുകുറ്റി തുറന്ന് മെല്ലെ വീട്ടുമുറ്റത്തേക്കു കടന്നു. അപ്പോഴും ചെവിയില്‍ ജാനകി പാടുന്നുണ്ട്. 

'വെയിലില്‍ കളഭം അണിയും
വനിയില്‍നിന്നും 
മലരും നുള്ളി
വിടരും നിനവിന്‍ 
പടവുകളേറുമ്പോള്‍
കളമെഴുതീടുമ്പോള്‍
വിരലുകള്‍ ചേരുമ്പോള്‍'

ഒപ്പം പാടിക്കൊണ്ട് അവള്‍ മുന്നിലേക്കു നോക്കി.

മണ്‍ചട്ടിയിലും നിലത്തുമായി നിറയെ ചെടികള്‍! എല്ലാം ഓര്‍ക്കിഡ്, ആന്തൂറിയം, ലില്ലി ടൈപ്പ്. അതിനിടയില്‍ അവിടവിടെ കുത്തിനിര്‍ത്തിയ ഇരുമ്പുകാലുകള്‍ക്കുമോളില്‍ പടര്‍ത്തി വിട്ടിരിക്കുന്ന നീല, വെള്ള ശംഖുപുഷ്പ വള്ളി. അവയില്‍ നിറയെ പെണ്‍ചുണ്ടിനെ ഓര്‍മ്മിപ്പിക്കുന്ന പൂക്കള്‍ (പെണ്ണിനു രണ്ടു ചുണ്ടുണ്ട് എന്ന് ഗംഗ കുസൃതിയോടെ ഓര്‍ത്തു) അത്രയും പൂക്കള്‍ ഒരുമിച്ച് കണ്ട് അന്തംവിട്ട് ഗംഗ നിന്നു.

നീലശംഖുപുഷ്പം മാത്രം ചൂടിയ മണവാട്ടിയുടെ കറുത്ത മുടിച്ചുരുള്‍, വെളുത്ത ശംഖുപുഷ്പം മാത്രം ഉപയോഗിച്ചുള്ള ബൊക്കെ... ആഹാ! എന്തൊരു ഭംഗിയാണ് ഓര്‍ക്കാന്‍ തന്നെ! അവളുടെ കണ്ണുകള്‍ തിളങ്ങി. നീലശംഖു പുഷ്പമാലയണിഞ്ഞ മണവാട്ടിയെ ഓര്‍ക്കെ അവള്‍ക്ക് സന്തോഷമടക്കാനായില്ല. പെട്ടെന്നാണതുണ്ടായത്... ഒരു മുരള്‍ച്ച, കണ്‍മുന്നിലൊരു തീ നോട്ടം... ഗംഗ ഞെട്ടി നോക്കുമ്പോഴേക്കും കറുത്ത കൂറ്റന്‍ അല്‍സേഷന്‍ അവളുടെ മീതേക്ക് ഒറ്റച്ചാട്ടം. കാലില്‍, കയ്യില്‍ നെറ്റിയില്‍... ചുമലൊപ്പം വെട്ടിയ 
മുടിയില്‍ അത് കടിച്ചുവലിച്ചു... 'ഹേയ് ഹേയ് സോനൂ' എന്ന വിളിയോടെ അയാള്‍ എവിടുന്നോ ഓടി വന്നില്ലായിരുന്നെങ്കില്‍ ഗംഗയുടെ മനോഹരമായ കഴുത്തിന്‍ വള്ളി പട്ടി വായില്‍ക്കിടന്നെനേ!

അയാള്‍ പട്ടിയെ കൂട്ടില്‍കൊണ്ടുചെന്നു കെട്ടി, അവള്‍ക്കടുത്തെത്തി. അവളുടെ മേലാകെ മുറിഞ്ഞിരുന്നു, കാലിലൂടെ, കൈ മുട്ടിലൂടെ ചോര ഒഴുകി.

'സോറി' അയാള്‍ അവളെ എഴുന്നേല്‍പ്പിച്ചുകൊണ്ടു പറഞ്ഞു: 'ഞാന്‍ കൂടടയ്ക്കാന്‍ മറന്നു പോയി. സോറി...'

അവള്‍ വിളറിയ ചിരി ചിരിച്ചു. 

'സാരമില്ല. ഞാന്‍ കടന്നുകയറിയതാണല്ലോ.' കഴുത്തറ്റു നിലത്തുകിടക്കുന്ന ഹെഡ് സെറ്റ് അവള്‍ കയ്യിലെടുത്തു. ഇനി ഉപയോഗിക്കാനാവാത്തവിധം നാശമായിപ്പോയിരുന്നു അത്. മുറിഞ്ഞുപോയ പാട്ടോര്‍ത്ത് അവള്‍ക്കു ദുഃഖം തോന്നി.

താന്‍ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാമെന്ന് അയാള്‍ എത്ര പറഞ്ഞിട്ടും അവള്‍ സമ്മതിച്ചില്ല. വിവരമന്വേഷിക്കാന്‍ അയാള്‍ അവളുടെ ഫോണ്‍നമ്പര്‍ വാങ്ങി. നാശം! ഇന്നാരെയാണോ കണികണ്ടത്? കാലിലൂടെ ഒലിച്ചിറങ്ങുന്ന ചോരയിലേക്ക് അയാള്‍ നോക്കി അവള്‍ക്കു വല്ലായ്മ തോന്നി. ഇങ്ങനെയൊന്നുമല്ലാതെ തന്നെ ദേഹത്തെവിടെയെല്ലാം മുറിവേല്‍ക്കാറുള്ളതാണ്... മൂര്‍ച്ചപ്പല്ലുകള്‍ തട്ടിയുള്ള നീറ്റല്‍ പുതുമയല്ലല്ലോ... പക്ഷേ, അനുകമ്പയോടുകൂടിയുള്ള ഈ നോട്ടം, അവള്‍ക്ക് ഓടിപ്പോരണമെന്നു തോന്നി. ഒരു അപരിചിതനു മുന്‍പില്‍ മുറിവേറ്റുള്ള ഈ നില്‍പ്പ്, വേണ്ടായിരുന്നു നേരെ വണ്ടിയോടിച്ചങ്ങു പോയാല്‍ മതിയായിരുന്നു.

ഒരുവിധം അയാളോടു യാത്ര പറഞ്ഞ് ടൂവീലറില്‍ കേറിപ്പോന്നു അവള്‍. വഴിയില്‍ സര്‍ക്കാരാശുപത്രിയില്‍ ഇറങ്ങി ഇഞ്ചക്ഷനെടുത്തു. വളര്‍ത്തുപട്ടിയാക കാരണം അവള്‍ക്കു കുറച്ചു സമാധാനം തോന്നി...

ഇടയ്ക്ക് അയാള്‍ വിളിച്ചു. എങ്ങനെയുണ്ട് കുഴപ്പമൊന്നുമില്ലല്ലോ, സംസാരത്തിനിടയില്‍ ചന്ദ്രമോഹന്‍ എന്നാണയാളുടെ പേരെന്നവള്‍ മനസ്സിലാക്കി. 

ഒരിക്കലയാള്‍ ഒരു കൂട് ഓറഞ്ചുമായി അവളുടെ വീട്ടിലേക്കു വന്നു. കൂടെ നീല, വെള്ള ശംഖുപുഷ്പത്തിന്റെ വിത്തുകളും പാന്റ്‌സിന്റെ പോക്കറ്റില്‍നിന്ന് മറ്റൊരു സാധനം കൂടി  ഒരു ഹെഡ് സെറ്റ്, നീലനിറത്തില്‍. അപ്പോഴേക്കും അവളുടെ മുറിവുകളൊക്കെ ഉണങ്ങിത്തുടങ്ങിയിരുന്നു. അയാള്‍ വരുമ്പോള്‍ അവള്‍ എവിടെനിന്നോ സംഘടിപ്പിച്ച ഒരു പവിഴമല്ലി മുറ്റത്തിനങ്ങേയറ്റത്ത് കുഴിയെടുത്ത് നടാന്‍ ഉള്ള ശ്രമത്തിലായിരുന്നു. പവിഴമല്ലിച്ചെടി പിടിപ്പിക്കാന്‍ ഉള്ള അവളുടെ മൂന്നാമത്തെ ശ്രമമാണിത്.

കണ്ട പാടെ 'അയ്യേ! പവിഴമല്ലി ഇങ്ങനെയല്ല നടേണ്ടത്' എന്നയാള്‍ വിലക്കി. നേന്ത്രപ്പഴം നടുവെ മുറിച്ച് അതില്‍ നടേണ്ട കമ്പിറക്കി അത് മണ്ണിലേക്കിറക്കി വെക്കണം. അങ്ങനെ നട്ടാല്‍ വേഗം വേരു പിടിക്കും. അവള്‍ അകത്തേക്കു പോയൊരു പഴവുമായി വന്നപ്പോള്‍ അയാള്‍ തന്നെ കമ്പ് നട്ടുകൊടുത്തു. പിന്നെയും കുറേനേരം ഇരുന്നാണയാള്‍ പോയത്.
മുറ്റത്തു വീണുകിടക്കുന്ന റോസിതളുകള്‍ പെറുക്കി മണത്തുകൊണ്ട് എന്താണയാള്‍ സംസാരിച്ചത് എന്നവള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു.

അയാള്‍ പറഞ്ഞതെല്ലാം പൂക്കളെക്കുറിച്ച്. അയാള്‍ക്ക് എല്ലാ പൂക്കളുടേയും പേരുകളറിയാം, അവയുടെ ഔഷധഗുണങ്ങളറിയാം, അതുപോലെ വിഷപ്പൂക്കളെക്കുറിച്ചും വിഷഹാരികളായ പൂക്കളെക്കുറിച്ചുമറിയാം, എവിടെയൊക്കെ അവ നന്നായി വളരുന്നു എന്നറിയാം... പൂക്കളുടെ ഒരു സര്‍വ്വവിജ്ഞാനകോശം... പൂക്കള്‍ക്ക് പൂര്‍വ്വജന്മമുണ്ടെന്നും കൂടി അയാള്‍ പറഞ്ഞു. ഉദാഹരണത്തിന് ശ്രീകൃഷ്ണ ഭഗവാനെ വിഷമിറക്കിക്കൊല്ലാന്‍ ശ്രമിച്ച കാളിയന്‍ എന്ന ഭീകര നാഗത്തിന്റെ പുഷ്പജന്മമാണ് മഞ്ഞയും ചെമപ്പും പച്ചയും കലര്‍ന്ന ഇതളില്‍ നേര്‍ത്ത ചുളിവുകളുമുള്ള മേന്തോന്നിപ്പൂവ് എന്നു പറഞ്ഞ് ചന്ദ്രമോഹന്‍ പൊട്ടിച്ചിരിച്ചു. ഗംഗ വാപൊളിച്ച് എല്ലാം കേട്ടു. 
അവള്‍ കൊടുത്ത ചൂടു കോഫി ആസ്വദിച്ചു കുടിച്ചുകൊണ്ടയാള്‍ പൂക്കളെ സംബന്ധിച്ച വേറൊരു രഹസ്യംകൂടി പറഞ്ഞു. പൂക്കള്‍ ജീവികളെയെല്ലാം പ്രേമാതുരരാക്കുമെന്ന്! അതു പിന്നെ എല്ലാവര്‍ക്കുമറിയുന്ന രഹസ്യമാണല്ലോ എന്നവള്‍ ഓര്‍ത്തു. എന്നിട്ടും പക്ഷേ, വിജയദാസ്? അവള്‍ക്ക് തലവേദനിക്കുന്നുണ്ടെന്നു തോന്നി.

ചന്ദ്രമോഹന്‍ യാത്ര പറഞ്ഞു പോയിട്ടും അവള്‍ പൂക്കളെക്കുറിച്ചുതന്നെ ആലോചിച്ചു കൊണ്ടിരുന്നു.
കുറേനാള്‍ കഴിഞ്ഞാണ് പിന്നെ ഗംഗ അയാളെ കണ്ടത്. പൂക്കള്‍ക്ക് ഓര്‍ഡറൊന്നും കിട്ടിയിരുന്നില്ല. എന്നാലും നേരത്തെ എഴുന്നേറ്റ് വെറുതെ ടൂവീലറിലൊന്ന് ചുറ്റി വരാമെന്നോര്‍ത്ത് പുറത്തേക്കിറങ്ങിയതായിരുന്നു അവള്‍.

പൊലീസ് പിടിച്ചു കേസു ചാര്‍ജ്ജു ചെയ്ത് പുഴക്കരയില്‍ തള്ളിയ തുരുമ്പിച്ച മണല്‍ വാഹനങ്ങളുടെ ഇരുമ്പന്‍ ശ്മശാനം കഴിഞ്ഞ് റോഡിലേക്കിറങ്ങിയതും പതിവുപോലെ വലതു വശത്തെ പാര്‍ക്കിലേക്കു കണ്ണുകള്‍ പോയി. റോഡിലേക്കു ചാഞ്ഞ് ഓറഞ്ചുനിറമുള്ള കടലാസു പൂക്കള്‍. അവയ്ക്കടുത്ത് കുറച്ചുനേരം ഇരിക്കാതെങ്ങനെ? 

പാര്‍ക്കിലിരുന്ന് ചില ഫോണ്‍വിളികളൊക്കെക്കഴിഞ്ഞ് പോകാന്‍ നേരമാണവള്‍ ചന്ദ്രമോഹനനെ കണ്ടത്. സിമന്റു ബഞ്ചിലിരുന്ന് ചുറ്റും പറക്കുന്ന പ്രാവുകള്‍ക്ക് കടലമണികള്‍ വിതറുകയായിരുന്നു അയാള്‍. അവള്‍ ചിരിച്ചു, അയാളും. 
മനസ്സിനു ചിരിക്കുന്ന കടലാസുപൂക്കളുടെ നിറം തന്നെ! 

ഗംഗ അയാള്‍ക്കടുത്തിരുന്നു. സംശയിച്ചു സംശയിച്ച് അടുത്തേക്കു വന്ന അണ്ണാന്‍ കുഞ്ഞിനു മുന്‍പില്‍ കടലമണികളുള്ള കൈ നിവര്‍ത്തി ചന്ദ്രമോഹന്‍... ഒരു മണി കടലയെടുത്ത് അതോടിപ്പോകുന്നത് നോക്കി അവര്‍ ചിരിച്ചു. പിന്നെയുമവര്‍ ഒരുപാടു നേരം ചിരിച്ചു. വര്‍ത്തമാനം പറഞ്ഞു ചിരിച്ചു പിരിഞ്ഞു... 

കണ്ടു ചിരിച്ചു.

ഒരിക്കല്‍ നട്ടുകഴിഞ്ഞാല്‍ പിഴുതുകളയാനാവാത്തവിധം വേരുപിടിക്കുന്ന അപൂര്‍വ്വയിനം ചെടിയാണല്ലോ ചന്ദ്രമോഹന്‍ എന്ന് ഇടയ്ക്കവള്‍ക്കു തോന്നി.

അക്കാലത്ത് ഗംഗയ്ക്ക് മഞ്ഞപ്പൂക്കളോടാണ് ഏറ്റവും കൂടുതല്‍ പ്രിയം തോന്നിയിരുന്നത്. കൃത്യമായിപ്പറഞ്ഞാല്‍ പച്ചമഞ്ഞള്‍ മുറിവില്‍ പുരട്ടി മുറിവുണക്കാന്‍ തുടങ്ങിയതു മുതല്‍. 

പതിവു രാത്രിപ്പരാക്രമം കഴിഞ്ഞ് വിജയദാസ് ഉറങ്ങിയിട്ടും ഗംഗയ്ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അവളുടെ കവിള്‍ മുറിഞ്ഞ് ചോര വന്നുകൊണ്ടിരുന്നു. കണ്ണീരും ചോരയും കലര്‍ന്ന മുറിവിന്റെ പടം എന്തിനെന്നറിയാതെ ചന്ദ്രമോഹന്റെ ഫോണിലേക്കയച്ച് അവള്‍ ഫോണോഫാക്കി ലൈറ്റണച്ചു കിടന്നു. ആദ്യമായും അവസാനമായും ചന്ദ്രമോഹന് അവളയച്ച പടം അതായിരുന്നു.

പിറ്റേന്നുണര്‍ന്ന് ഫോണ്‍ നോക്കുമ്പോള്‍ അതില്‍ വന്നുകിടപ്പുണ്ടായിരുന്നു ചന്ദ്രമോഹന്റെ മറുപടി. 'പച്ചമഞ്ഞളരച്ചു മുറിവില്‍ തേച്ചാല്‍ മതി. വേഗം ഉണങ്ങിക്കോളും, പഴുക്കില്ല.' ഒപ്പം ഹഗ് ചെയ്യുന്നൊരു ഇമോജിയും. എത്രയോ നേരം അവളാ മെസ്സേജു തന്നെ നോക്കിക്കൊണ്ടിരുന്നു. ചന്ദ്രമോഹന്‍ കവിളില്‍ മെല്ലെ തലോടുന്നതായി അവള്‍ക്കു തോന്നി. നിലാവ് അഴിഞ്ഞഴിഞ്ഞു വന്നു തന്നെ കെട്ടിപ്പിടിക്കുന്നതുപോലെ!

പിന്നെ മഞ്ഞയോട് ഒരുതരം പ്രാന്തായിരുന്നു.

മഞ്ഞപ്പൂക്കള്‍ തെരഞ്ഞുപിടിച്ച് അവള്‍ ബൊക്കകളുണ്ടാക്കി. നോക്കുന്നിടത്തെല്ലാം മഞ്ഞക്കൊന്ന പൂത്തുനിറഞ്ഞ ഏപ്രില്‍. ലോകം മഞ്ഞയാല്‍ ഉണ്ടാക്കപ്പെട്ടത് എന്നവള്‍ക്കു തോന്നി. 

'മഞ്ഞ ഏറ്റവും മനോഹരം എവിടെ ഇരിക്കുമ്പോഴെന്നറിയുമോ?' 

പറഞ്ഞുതുടങ്ങിയാല്‍ നിറുത്താതെ പറഞ്ഞുകൊണ്ടിരിക്കുന്ന മനുഷ്യനാണ് ചന്ദ്രമോഹന്‍ എന്നവള്‍ക്ക് അതിനകം മനസ്സിലായിക്കഴിഞ്ഞിട്ടുണ്ട്. എത്രകേട്ടാലും മതിയാവാതെ അവള്‍ അയാളെ കേട്ടുകൊണ്ടിരിക്കും.

'ഇല്ലാ.'

'മനുഷ്യന്റെ തൊലിയില്‍.'

അവള്‍ കണ്ണുമിഴിച്ചു. അയാള്‍ക്ക് ഏറ്റവും ചേരുന്ന നിറം നിലാവിന്റെ മഞ്ഞയെന്ന്. അതോ നീലയോ  നിലാവിനു നിറം നീല തന്നെ. അവള്‍ ചിരിയൊതുക്കി.

അവര്‍ വഴിയരികില്‍ ഒരു ഉന്തുവണ്ടിക്കു സമീപം പഴംപൊരി ആസ്വദിച്ചു കഴിച്ചു കൊണ്ടിരിക്കെ ചന്ദ്രമോഹന്‍ ചിരിച്ചു.
'ഞാന്‍ കാണിച്ചുതരാം.'

'എപ്പോ?'

'നാളെ ഞാനവിടേക്കു വരട്ടെ?'

എവിടെ എന്നവള്‍ ചോദിച്ചില്ല. അവള്‍ക്കറിയാം, അവള്‍ തലകുലുക്കി.

'ചായവുമായി ഞാന്‍ വരാം.'

ചന്ദ്രമോഹന്‍ അവളെ കാക്കാതെ നടന്നു
..........

'മഞ്ഞില്‍ മുങ്ങി തെന്നല്‍ വന്നു മാവേലിക്കാവില്‍
മുറ്റത്തൊരു കൊമ്പില്‍ കിളി
കൂടും കൂട്ടീ നീ
ചൊടിയിണകളിലമൃതമോടവനിതു വഴി വന്നു
ഒരു ചെറു കുളിരലയിളകീ 
നിന്നോമല്‍ക്കരളില്‍' 

ഹെഡ്‌സെറ്റില്‍ പാട്ടു കേട്ടു വണ്ടിയോടിക്കേ ഗംഗയ്ക്കുള്ളില്‍ ഒരു നൂറു കിളികള്‍ പാടാന്‍ തുടങ്ങി. 
പിന്നെ കിളികളുടെ പാട്ടുകേട്ട് സ്വപ്നത്തിലെന്നവണ്ണം അവള്‍ നാളേയിലേക്ക് സ്‌കൂട്ടിയോടിച്ചു പോയി.
 
 

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

2
മഞ്ഞള്‍പൊടി ചാലിച്ചു മഞ്ഞനിറമുള്ള തേന്‍ നിറച്ച മൂന്നു കുപ്പികളുമായാണ് ചന്ദ്രമോഹന്‍ ഗംഗയുടെ വീട്ടിലെത്തിയത്. ചെറിയ പെയിന്റിംഗ് ബ്രഷുകളും. അവളുടെ വീട്ടുമുറ്റത്ത് കൊന്ന പൂത്ത് വെയിലിലാടുന്നത് നോക്കി അയാള്‍ നിന്നു. 'അത് നിന്നെപ്പോലൊരു പെണ്ണ്.' 

'ഞാന്‍ നട്ടത്' അവള്‍ ചിരിച്ചു.

അയാള്‍ അകത്തേക്കു കയറി വാതില്‍ ചാരി അവള്‍ പിന്നാലെ ചെന്നു. ഇവിടെയല്ലാ...

കിടപ്പുമുറി എവിടെ എന്ന് ചന്ദ്രമോഹന്റെ കണ്ണുകള്‍ തേടുന്നത് ഗംഗ കണ്ടു. അവള്‍ കിടപ്പുമുറിയിലേക്കു നടന്നു. ജനല്‍വിരികള്‍ വലിച്ചിട്ട് ലൈറ്റു കെടുത്തി അയാള്‍ തയ്യാറായി... ഇരുട്ടില്‍ ഇനി എന്ത് എന്നവള്‍ പരിഭ്രമിക്കുമ്പോള്‍ അയാള്‍ അവളെ നിലത്തിരുത്തി, അവളുടെ ഉടുപ്പുകള്‍ ഓരോന്നായഴിച്ചു, വിരലുകള്‍കൊണ്ട് കണ്ണെവിടെ എന്നു തിരഞ്ഞു. ബ്രഷില്‍ തേന്‍ മുക്കി വരക്കാന്‍ തുടങ്ങി. 

'ഗംഗേ, നിനക്കറിയുമോ മനുഷ്യന്‍ മൊത്തത്തില്‍ ഒരു ചെടിയാണ്... വേര്, ഇലകള്‍, മൊട്ട്, പൂക്കള്‍, കായ്കള്‍ എല്ലാം ഏറ്റിനില്‍ക്കുന്ന ആ ചെടിയുടെ ഹൃദയം എവിടെ എന്നറിയുമോ?' ആദ്യം ബ്രഷ് രണ്ടു പുരികങ്ങള്‍ക്കും നടുവില്‍ തൊട്ടു. 
ഒരു മഞ്ഞപ്പൊട്ട്.

'ഗംഗേ ആ ചെടിയില്‍ ഇലകള്‍ എവിടെ എന്നറിയുമോ നിനക്ക്?'

തേനില്‍ മുക്കിയ ബ്രഷ് അവളുടെ കണ്‍പോളകളില്‍ത്തൊട്ടു, ഇലത്തുമ്പില്‍ കാറ്റൂതുംപോലെ തോന്നി ഗംഗയ്ക്ക്, അവള്‍ മൂളി 'അതിന്റെ ഹൃദയം എവിടെ എന്നറിയുമോ നിനക്ക്?'

ബ്രഷ് അവളുടെ ചുണ്ടില്‍ തൊട്ടു.

അവള്‍ മൂളി.

'ഇലകള്‍ കാറ്റേറ്റിളകുമ്പോള്‍ അതിന്റെ ഹൃദയം എന്ത് നിറമെന്നറിയുമോ നിനക്ക്?'

'ഉം...'

അവള്‍ മൂളി.

തേനില്‍ മുങ്ങിയ ബ്രഷ് അവളുടെ നെഞ്ചില്‍ തൊട്ടു. 'മനുഷ്യന്‍ മരമേയല്ല ഒരു പൂവാണ്, ഗംഗേ ഏതു പൂവെന്നറിയുമോ നിനക്ക്?' ചന്ദ്രമോഹന്റെ ശബ്ദം ഗംഗ ചെവിയരികില്‍ കേട്ടു. അവള്‍ മൂളി.

'ഇവിടെ.'

ബ്രഷ് മുലഞെട്ടുകള്‍ക്കു ചുറ്റും ഓരോ വട്ടം വരച്ചു. വേഗത്തില്‍ വേഗത്തില്‍ അവയ്ക്കു ചുറ്റും ഇതളുകള്‍ വരച്ചു. അവള്‍ കണ്ണടച്ചു. അയാളുടെ കയ്യ് ചലിച്ചുകൊണ്ടിരുന്നു. കാല്‍വിരലുകളില്‍ അവസാന തുള്ളി തേന്‍കൊണ്ട് അയാള്‍ ഒരു പൂമൊട്ടു വരയ്ക്കുന്നത് അവള്‍ ചലനത്തില്‍ നിന്നറിഞ്ഞു.

'നീയിപ്പോള്‍ ഒരു മരം.' 

'മരമെന്ന പ്രകൃതി മുഴുവനായില്ല. ഞാന്‍ നിന്നെ മറ്റൊന്നാക്കട്ടെ?'

അയാള്‍ തുരുതുരന്നനെ അവളുടെ മുതുകില്‍ നട്ടെല്ലിനു കുറുകെ ബ്രഷുകള്‍ ചലിപ്പിച്ചു. നിറയെ മഞ്ഞവരകള്‍! ജനല്‍വിരികള്‍ കാറ്റിലിളകി, പച്ചിലകള്‍ കാറ്റിലുലയുംപോലെ. കാടിരമ്പം പോലെ ശബ്ദമുണ്ടായി ഗംഗയുടെ നോട്ടം എതിര്‍ദിശയില്‍ ഉള്ള കണ്ണാടിയില്‍ പതിഞ്ഞു: കടുവ! കാട്ടുചോലയ്ക്കരികില്‍ വാല്‍ചുഴറ്റി...

അയാള്‍ തേന്‍ തീര്‍ന്ന കുപ്പികളും ബ്രഷുകളും ഒരരികിലേക്കു മാറ്റിവെച്ചു. എഴുന്നേറ്റു ജനല്‍ക്കര്‍ട്ടന്‍ നീക്കിയിട്ടു. മുറിയില്‍ വെയില്‍ വെളിച്ചം പടര്‍ന്നു. അവളെ എഴുന്നേല്‍പ്പിച്ച് അയാള്‍ അലമാരക്കണ്ണാടിക്കു മുന്നിലേക്കു നീക്കി നിര്‍ത്തി. കണ്ണാടിയില്‍ ഒരു മഞ്ഞക്കൊന്നമരം! ഒന്നേ നോക്കിയുള്ളൂ. മാറില്‍ വലിയ രണ്ടു പൂക്കള്‍! അവയ്ക്ക് മനോഹരമായ മഞ്ഞ ഇതളുകള്‍... അവള്‍ നാലുകാലില്‍നിന്ന് ഇല്ലാത്ത ദംഷ്ട്ര നീട്ടി മുരണ്ട് കണ്ണാടിയിലേക്കു വീണ്ടും നോക്കി. കളിയായ് ചന്ദ്രമോഹന്റെ കയ്യില്‍ക്കടിച്ചു പിന്നെ നിവര്‍ന്നിരുന്ന് ചിരിക്കാന്‍ തുടങ്ങി. കൊന്നപ്പൂവിതളുകള്‍ കൊഴിയുംപോലെ മഞ്ഞ ദേഹത്തു പരക്കാന്‍ തുടങ്ങി. 

ചന്ദ്രമോഹന്‍ അവളെ കുളിമുറിയില്‍ ഷവറിനു ചോട്ടിലേക്കു നടത്തി. പട്ടി കടിച്ച പാടുകളില്‍ മഞ്ഞനീര് ഊര്‍ന്നിറങ്ങുന്നത് അയാള്‍ അനുകമ്പയോടെ നോക്കി. 

'ഗംഗേ ഈ പൂവിന്റെ ഹൃദയം എവിടെ എന്നറിയുമോ?'

'അവന്‍ മുറിവേല്പിച്ച ഈ നാഭിയില്‍.' ഗംഗ മേശമേലിരിക്കുന്ന വിജയദാസിന്റെ ഫോട്ടോയിലേക്കു ചൂണ്ടി. 

വിജയദാസിനോടു ചേര്‍ന്നു കല്യാണവേഷത്തില്‍ മുടിനിറയെ വെളുത്ത മുല്ലപ്പൂ ചൂടിയ ഗംഗ കണ്ണില്‍ നക്ഷത്രവുമായി അവരെ നോക്കി.

'അല്ലാ.'

അയാള്‍ മുഖം താഴ്ത്തി പൂവിന്റെ നടുവിലെ ഞെട്ട് വായിലാക്കി കണ്ണടച്ചു. അവള്‍ ചന്ദ്രമോഹന്റെ മുടിയില്‍ തഴുകിക്കൊണ്ടിരുന്നു. അയാളുടെ മുഖത്തിനു ചുറ്റും മഞ്ഞപ്പൂവിതളുകള്‍ സന്തോഷത്താല്‍ ഇളകി, ഉതിര്‍ന്നു. ചുണ്ടിന്‍ കോണില്‍ മുലപ്പാല്‍പ്പോലെ ഷവറില്‍ നിന്നുള്ള വെള്ളം ഊര്‍ന്നിറങ്ങി.

'ഹൃദയമേ' അയാള്‍ വാത്സല്യത്തോടെ അവളുടെ ദേഹത്തെ തേന്‍ചായം കഴുകിക്കളയാന്‍ തുടങ്ങി. നീലനിലാവിലലിയും പോലെ അവളയാളില്‍ മുങ്ങി ഒഴുകി.

താന്‍ കടിച്ചു മുറിച്ചപാടുകളില്‍ ചന്ദ്രമോഹന്‍ അലിവോടെ തഴുകുന്നത് വിജയദാസ് കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടിരുന്നു. പിന്നെ അവര്‍ കാണാതിരിക്കാന്‍ തിടുക്കത്തില്‍ പുറം തിരിഞ്ഞുനടന്നു.
മുറ്റത്തു വീണുകിടക്കുന്ന പൂക്കളില്‍ ചവിട്ടാതെ ശ്രദ്ധിച്ച്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com