'ഇറച്ചി'- രണ്‍ജു എഴുതിയ കഥ

ദില്ലിയിലേക്ക് യാത്ര തിരിക്കുമ്പോള്‍ മനസ്സിലൊരു പെണ്‍കുട്ടിയുടെ സെപിയ നിറമാര്‍ന്നൊരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പഴയൊരോര്‍മ്മയായി തികട്ടിവന്നു
'ഇറച്ചി'- രണ്‍ജു എഴുതിയ കഥ

ദില്ലിയിലേക്ക് യാത്ര തിരിക്കുമ്പോള്‍ മനസ്സിലൊരു പെണ്‍കുട്ടിയുടെ സെപിയ നിറമാര്‍ന്നൊരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പഴയൊരോര്‍മ്മയായി തികട്ടിവന്നു. എത്രയോ കാലം മുന്‍പാണ് അവളെ കണ്ടത്. ഇനിയൊട്ട് കാണാനും വഴിയില്ല. എന്നിട്ടും...

റെയില്‍വെ സ്‌റ്റേഷനില്‍ വന്നിറങ്ങുമ്പോഴും അതുതന്നെയാണ് ആലോചിച്ചുകൊണ്ടിരുന്നത്. എ.സി കംപാര്‍ട്ടുമെന്റില്‍നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ ചുടുകാറ്റ് മുഖത്തേക്ക് വീശിയടിച്ചു. ക്ലീന്‍ഷേവ് ചെയ്തു മിനുമിനുത്തിരുന്ന മുഖമൊന്ന് വാടി. മേയ് മാസത്തെ വേനലാണ്. അതിന്റെ കാഠിന്യം അറിയാന്‍ പറ്റുന്നുണ്ട്. പോരാത്തതിന് ഒന്നു തുമ്മിയാല്‍ പൊടിപാറുന്ന അന്തരീക്ഷവും. 

ലഗേജെടുത്ത് പുറത്തിറങ്ങിയിട്ട് ആദ്യം തിരഞ്ഞത് ചായക്കാരനെയാണ്. പണ്ടെങ്ങോ ദില്ലിയില്‍നിന്നും കുടിച്ച ചായയുടെ രുചിയും ഗന്ധവും വെളുപ്പിനു കണ്ടൊരു സ്വപ്നമായി മനസ്സിനുള്ളില്‍ ഉഷ്ണിച്ച് കിടപ്പുണ്ടായിരുന്നു. ഒരു മസാലച്ചായ വാങ്ങിക്കുടിച്ച് ഉള്ളുലഞ്ഞൊന്ന് മൂരിനിവര്‍ത്തി. 

തെക്കന്‍ ദില്ലിയിലെ മൈദാന്‍ഗഡിയിലുള്ള ഇലക്ട്രോണിക് മീഡിയാ പ്രൊഡക്ഷന്‍ സെന്ററിലെ പുതിയ റിസര്‍ച്ച് ഓഫീസറായി ജോലിയില്‍ പ്രവേശിക്കാനായാണ് എത്തിയിരിക്കുന്നത്. ഗവേഷണം കഴിഞ്ഞ്, കുറച്ചുകാലം പത്രപ്രവര്‍ത്തനത്തിലും കൈവെച്ച ശേഷം, ഏറെ കാത്തിരുന്നു കിട്ടിയ ജോലിയാണ്. അതുകൊണ്ടുതന്നെ വല്ലാത്തൊരു സന്തോഷവും ഉത്സാഹവും മനമാകെ നിറഞ്ഞുനിന്നു.

ചായ മൊത്തിക്കുടിക്കവെ, സ്‌റ്റേഷനിലെ തിരക്കിനുള്ളില്‍ ഇര്‍ഫാനെ തിരഞ്ഞു. കൂട്ടിക്കൊണ്ടു വരാനായി സ്‌റ്റേഷനിലേക്കു വരാമെന്ന് ഉറപ്പ് പറഞ്ഞതാണ്. ജെ.എന്‍.യുവില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ് ഇര്‍ഫാന്‍. പത്രപ്രവര്‍ത്തനം പഠിക്കുന്ന കാലത്ത് കാര്യവട്ടത്ത് ഒപ്പമുണ്ടായിരുന്നതാണ്. ഒരു ഇംഗ്ലീഷ് പത്രത്തിലെ ജോലിയും കളഞ്ഞ് ഇപ്പോള്‍ അന്‍പതുകളിലെ മലയാള സിനിമയെപ്പറ്റി ഗവേഷണം ചെയ്യുന്നു. 

ഇതാദ്യമായൊന്നുമല്ല ദില്ലിയില്‍ വരുന്നത്. മുന്‍പൊരിക്കല്‍ ഇതുപോലെ ഇതേ സ്‌റ്റേഷനില്‍ വന്നിറങ്ങിയിട്ടുണ്ട്. അന്നു വിദ്യാര്‍ത്ഥിയായിരുന്നു. മാര്‍ക്‌സിസത്തിന്റെ അല്പം അസ്‌കിതയുണ്ടായിരുന്ന യൂണിവേഴ്‌സിറ്റി പഠനകാലം. മാവ്‌ലങ്കര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിദ്യാഭ്യാസ കോണ്‍ഫറന്‍സില്‍, തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് ഡെലിഗേറ്റുകളിലൊരാളായാണ് പങ്കെടുത്തത്. 

മഞ്ഞുകാലം വേനലിന് വഴിമാറിയിട്ടേ ഉണ്ടായിരുന്നുള്ളൂ. തണുപ്പ് പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ല. അതുപോലും അസഹ്യമായിരുന്നു. എന്നിട്ടും ശീലം മറക്കാതെ രാവിലെ അഞ്ചിനു തന്നെ ചാടിയെണീറ്റ്, ഉള്ളംപിടയ്ക്കുന്ന തണുപ്പിലുള്ള കുളിയും മാമന്റെ പഴയ സ്വറ്ററിട്ട്, ബസ്സില്‍ ഓഡിറ്റോറിയത്തിലേക്കുള്ള യാത്രയും...

രാജ്യത്തിന്റെ പലഭാഗങ്ങളില്‍നിന്നുമെത്തിയ കോമ്രേഡുകള്‍ക്കൊപ്പം താമസസ്ഥലത്തേക്ക് തിരിച്ചുപോകുമ്പോഴാണ് വടക്കേ ഇന്ത്യക്കാരിയായ ആ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പൂര്‍വ്വി എന്നാണ് പേര് പറഞ്ഞത് മുറി ഹിന്ദിയില്‍ സംസാരിച്ച് പരിചയമായപ്പോള്‍ മടിച്ചുമടിച്ച് മുഴുവന്‍ പേരും പറഞ്ഞുതന്നു ഗരസിയ പൂര്‍വ്വി.

ഓര്‍ത്തിരിക്കാന്‍ മാത്രമുള്ള ബന്ധമൊന്നും ഞങ്ങള്‍ തമ്മിലില്ലായിരുന്നു. കണ്ടു, പരിചയപ്പെട്ടു. കോണ്‍ഫറന്‍സ് കഴിഞ്ഞ് ഞാന്‍ തിരിച്ച് കേരളത്തിലേക്കും പൂര്‍വ്വി ഗുജറാത്തിലേക്കും പോയി. കത്തുകളിലൂടെ കുറേനാള്‍ സൗഹൃദം തുടര്‍ന്നു. പിന്നെ അവളെ ഞാന്‍ മറന്നുപോയി, എന്നെ അവളും. 

ഓട്ടോക്കാര്‍ ചുറ്റുംകൂടി. ഒരുത്തന്‍ ലഗേജെടുത്ത് പിടിച്ചുകഴിഞ്ഞു. ചായ വേഗം കുടിച്ചുതീര്‍ത്ത് കാശു കൊടുത്ത്, തിക്കിത്തിരക്കി അവരില്‍നിന്നും ഒഴിഞ്ഞുമാറി രക്ഷപ്പെട്ടു. 

സെല്‍ഫോണില്‍നിന്നും ഇര്‍ഫാനെയൊന്ന് വിളിച്ചുനോക്കി. രണ്ടാമത്തെ വിളിയിലാണ് ഫോണെടുത്തത്. തിരക്കില്‍പ്പെട്ട് വന്നുകൊണ്ടിരിക്കുകയാണ്. ചുടുകാറ്റില്‍നിന്നും രക്ഷനേടാനായി ടവല്‍കൊണ്ട് മുഖം മറച്ച് ഇര്‍ഫാന്‍ പറഞ്ഞിടത്തേക്ക് നടന്നു. 

സ്‌റ്റേഷനു പുറത്ത് ഇര്‍ഫാനെത്തി കാത്തു നില്‍പ്പുണ്ടായിരുന്നു. പഠാന്‍ കുര്‍ത്തയില്‍ അവനൊരു നോര്‍ത്ത് ഇന്ത്യന്‍ ഛായ തോന്നിച്ചു. അവനൊപ്പം 615 നമ്പര്‍ ബസ്സ് പിടിച്ച്, അവന്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റിയിലേക്ക് പോകവെ രൂപം മാറിക്കൊണ്ടിരിക്കുന്ന നഗരത്തിലേക്ക് ഞാന്‍ തറപ്പിച്ച് നോക്കിയിരുന്നു. 

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

ക്വാര്‍ട്ടേഴ്‌സ് ശരിയാകുന്നതുവരെയും ഇര്‍ഫാനൊപ്പം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലൊരു ഗസ്റ്റായി കഴിഞ്ഞുകൂടി. ഇടയ്ക്ക് ഞങ്ങളുടെ ഗസ്റ്റ്ഹൗസിലും താമസിച്ചു നോക്കി. ഭക്ഷണം ഒട്ടും ശരിയായില്ല. പോരാത്തതിന് മുടിഞ്ഞ വാടകയും. 

ഹോസ്റ്റലില്‍ ഒളിച്ചു താമസിക്കുന്ന ഗസ്റ്റുകളെക്കുറിച്ച് ഇര്‍ഫാനൊരു ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട് 'ദ് പിഗ്.' പെര്‍മനന്റ്‌ലി ഇല്ലീഗല്‍ ഗസ്റ്റ് അഥവാ പിഗ്! ഒരു പിഗ്ഗായി കുറേനാള്‍ അവനൊപ്പം കഴിഞ്ഞു. ഹോസ്റ്റലില്‍നിന്നാണ് മൈദാന്‍ഗഡിയിലേക്ക് എന്നും പോയിവന്നത്. മുനീര്‍ക്കയിലെത്തി ബസ് മാറിക്കയറി, ഡി.എല്‍.എഫ് മാളിനടുത്തായുള്ള മാക്‌സ് ഹോസ്പിറ്റലിനു മുന്നിലിറങ്ങി സാകേത് മാര്‍ക്കറ്റിനടുത്തേക്ക് നടക്കും. ഇടവിട്ട സമയങ്ങളില്‍ അവിടെനിന്നും കാമ്പസ് ബസ് കിട്ടും. അതല്ലെങ്കില്‍ ഷെയര്‍ ഓട്ടോയില്‍ തിക്കിത്തിരക്കിയിരുന്ന് മൈദാന്‍ഗഡി വരെയുള്ള സാഹസികമായ യാത്ര.

ഒരു ദിവസം, മുനീര്‍ക്ക കഴിഞ്ഞ് ഇടത്തോട്ട് ബസ് തിരിയുമ്പോള്‍, ബസാറിനുള്ളില്‍ നിന്നുമൊരു പെണ്ണോടി വന്ന് ബസ്സില്‍ ചാടിക്കയറി. ബസ് നിര്‍ത്താത്തതിന് അവളന്ന് കണ്ടക്ടറിനോട് വഴക്കുണ്ടാക്കി. തലമൂടിയിരുന്ന ഷാള്‍ ഇടയ്‌ക്കൊന്ന് മാറിയപ്പോള്‍ ഒരു മിന്നായം പോലൊന്ന് അവളുടെ മുഖം കണ്ടു. നെറ്റിയില്‍ വട്ടത്തിലൊരു വലിയ പൊട്ട് തൊട്ടിട്ടുണ്ട്. കണ്ടക്ടറെന്തോ ചീത്തവിളിച്ചപ്പോള്‍ അവള്‍ അയാളുടെ കോളറിനു പിടിച്ച് പുറത്തേക്ക് വലിച്ചിട്ടു. പിന്നെ കാലുയര്‍ത്തി ചവിട്ടി. ചെരുപ്പൂരി മുഖം വീര്‍ത്ത് കല്ലച്ച് രക്തം പൊടിയുംവരെ തല്ലി.
 
അന്ന് ഓഫീസിലെത്താന്‍ വൈകി. തെക്കന്‍ ദില്ലിയിലെ ഉപരിവര്‍ഗ്ഗ ജീവിതത്തില്‍നിന്നും തെന്നിമാറി, ഇടുങ്ങി ചെളികെട്ടിക്കിടക്കുന്ന വഴി താണ്ടി ഉള്ളിലേക്കൊരു അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാലാണ് നഗരപ്രാന്തത്തിലുള്ള മൈദാന്‍ഗഡിയെന്ന ഗ്രാമത്തിലെത്തുക. ദില്ലിയുടെ അതിര്. അരാവലി വനനിരകളാല്‍ അതിരിട്ട ഗ്രാമം കഴിഞ്ഞ് കാട്ടിലൂടെ മുന്നോട്ട് പോയാല്‍ ഹരിയാനയില്‍ ചെന്നെത്തും.

കാമ്പസിന്റെ അറ്റത്തായി അരാവലി മലനിരകളുടെ ഒരതിര് വന്ന് മുട്ടിനില്‍ക്കുന്നതിന് അടുത്തായാണ് ക്വാര്‍ട്ടേഴ്‌സ്. അങ്ങോട്ടേക്ക് താമസം മാറിയിട്ട് അധികനാള്‍ കഴിഞ്ഞിട്ടുണ്ടാവില്ല, ആള്‍ക്കൂട്ടം ഉച്ചത്തില്‍ അലറുന്നതും ഓളിയിടുന്നതും കേട്ടാണ് ഉറക്കമുണര്‍ന്നെണീറ്റത്. ഞായറാഴ്ച ദിവസമായതിനാല്‍ ഉച്ചവരെ കിടന്നുറക്കമായിരുന്നു. 

കണ്ട കാഴ്ച മറക്കാന്‍ പറ്റാത്തതാണ്. അതിര്‍ത്തിയില്‍ അന്യരാജ്യക്കാരെന്നോണം മണ്ണും പൊടിയും പൊറ്റകെട്ടി മുഷിഞ്ഞുണങ്ങിയ ഒരുപറ്റം പിള്ളേര്‍ കാമ്പസിന്റെ അതിരില്‍, മതിലിനു മുകളിലും അപ്പുറത്തുമായി, കൂട്ടംകൂടി നിലയുറപ്പിച്ചിരുന്നു. അവരവിടെനിന്ന് കാമ്പസിനെ നോക്കി വെല്ലുവിളിക്കുകയും കൂക്കിവിളിച്ചുകൊണ്ട് കല്ലെടുത്തെറിയുകയും ചെയ്തു. മതില്‍ ചാടി അവരെല്ലാം അകത്തേക്ക് വരുമെന്ന ഭീതിയില്‍ ജനലും വാതിലുമെല്ലാമടച്ച് ഭയചകിതനായി ഞാന്‍ വീടിനകത്ത് ഒളിച്ചിരുന്നു. 

അന്നുരാത്രി തുള്ളപ്പനി വന്ന് പിച്ചുംപേയും പറഞ്ഞ് ഉറക്കം വരാതെ, ഉഷ്ണമില്ലാതെ ഉഷ്ണിച്ച് ഞാന്‍ കിടന്നു. പൊള്ളുന്ന പനി. ലീവെടുത്ത് വീട്ടിലിരിക്കേണ്ടിവന്നു. ഇര്‍ഫാനെത്തിയാണ് ഡോക്ടറുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. അവന്‍ തന്നെ സാകേതില്‍ പോയി മരുന്നും വാങ്ങിവന്നു. ഒപ്പം താമസിച്ച് കഞ്ഞിയും ചുക്കുകാപ്പിയുമൊക്കെ ഉണ്ടാക്കിത്തന്നു. പനി കുറഞ്ഞിട്ടേ അവന്‍ പോയുള്ളൂ. 

ഇര്‍ഫാന്‍ പോയതിന്റെ അടുത്തൊരു ദിവസം, ഉച്ചതിരിഞ്ഞാരോ കോളിംഗ് ബെല്ലടിച്ചു. ഉച്ചയുറക്കം വിട്ടെഴുന്നേറ്റ് ഉറക്കച്ചടവോടെ എഴുന്നേറ്റു ചെന്ന് വാതില്‍ തുറക്കുമ്പോള്‍ ബോക്‌സര്‍ മാത്രമാണ് ധരിച്ചിരുന്നത്. 
ഷാള്‍കൊണ്ട് തലമറച്ച, ചുരിദാറിട്ട ഒരു സ്ത്രീ പുറത്തു നിന്നിരുന്നു. ആ മുഖം പരിചിതമാണല്ലോയെന്ന് തോന്നി. അത് മുനീര്‍ക്കയില്‍വെച്ച് ബസ് കണ്ടക്ടറെ തല്ലിയ പെണ്ണായിരുന്നു. അവളും എന്നെ കണ്ട് അമ്പരന്ന് നില്‍ക്കുകയായിരുന്നു. 'സാബ് ഇവിടെ വീട്ടുപണിക്ക് ആളെ ആവശ്യമുണ്ടോ?' എന്ന ചോദ്യത്തില്‍നിന്നും മാറി പെട്ടെന്ന് പരിചിതയായൊരു സുഹൃത്തിന്റെ സ്വരമാധുരിയായി അവളുടെ ശബ്ദം മാറി. 

'റാന്‍സാ...?'

റാന്‍സാ എന്ന് ഈ ഭൂലോകത്ത് ഒരാളേ എന്നെ വിളിച്ചിട്ടുള്ളൂ. അവള്‍ക്ക് ഇവളുടെ മുഖച്ഛായ അല്ലായിരുന്നല്ലോ എന്നാണപ്പോള്‍ ചിന്തിച്ചത്. എത്ര ഓര്‍ത്തെടുക്കാന്‍ നോക്കിയിട്ടും ആ മുഖം ഓര്‍മ്മവന്നതേയില്ല.
 
'റാന്‍സാ, ഭൂല് ഗയേ ഹമേ...?' (റാന്‍സാ, എന്നെ നീ മറന്നോ...?) 

ആ വിളിയിലേതോ ഒരോര്‍മ്മ ഞാന്‍ തിരഞ്ഞു. 

'പൂര്‍വ്വീ...?'

മടിച്ചുമടിച്ച് സംശയപൂര്‍വ്വം വിളിച്ചുനോക്കി.

'മേരേ പുരാനേ ദോസ്ത്, ആപ് തോ ഹമെ ഭൂല് ഗയെ ഥെ... ഫിര്‍ അഭി കൈസെ യാദ് ആയെ?' (എന്റെ പ്രിയ സ്‌നേഹിതാ, താങ്കളെന്നെ മറന്നുപോയതായിരുന്നല്ലോ... പിന്നെങ്ങനെ ഇപ്പോള്‍ ഓര്‍മ്മവന്നു?)

മാവ്‌ലങ്കര്‍ ഓഡിറ്റോറിയത്തില്‍നിന്നും താമസമൊരുക്കിയിരുന്ന ഹോട്ടലിലേക്കുള്ള ബസ് യാത്ര. മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ അവളും കൂട്ടുകാരിയും ചേര്‍ന്നിരുന്നു. അവള്‍ക്കരികിലായി ഒരാള്‍ക്കിരിക്കാനുള്ള ഇടമുണ്ട്. 'ഇരുന്നോട്ടെ?' എന്ന് മുറി ഹിന്ദിയില്‍ ചോദിച്ചപ്പോള്‍ അവള്‍ സമ്മതപൂര്‍വ്വം തലയാട്ടി. 

യാത്രയ്ക്കിടയില്‍, ഒപ്പമുള്ള കോമ്രേഡുകള്‍ അവളോട് പാടാന്‍ പറഞ്ഞു. മാധുര്യമുള്ള ശബ്ദത്തില്‍ അവള്‍ പാടി. 

ആ പാട്ട് പാടുപെട്ട് ഓര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചു.

'ഓര്‍മ്മയുണ്ടോ അന്നു പാടിയ ആ പാട്ട്?'

പെട്ടെന്ന് അറിയാതെ മലയാളത്തില്‍ ചോദിച്ചപ്പോള്‍ അവള്‍ക്കത് മനസ്സിലായില്ല.
 
'റാന്‍സാ, ക്യാ മലയാളീ മെ ബോലെ?'

'ജീ, മലയാളം' ഞാന്‍ അവളെ തിരുത്തി. 

ജെ.എന്‍.യുവിലെ പ്രൊഫസറുടെ വീട്ടിലെ അടിമപ്പണി വിട്ട് അവളിപ്പോള്‍ ഞങ്ങളുടെ കാമ്പസ്സിലാണ് വീട്ടുപണിയെടുക്കുന്നത്. ഗ്രാമത്തില്‍നിന്നും അരാവലി മലനിരകള്‍ക്കിടയിലൂടെയുള്ള ഊടുവഴിയിലൂടെ കിലോമീറ്ററുകള്‍ നടന്നാണ് മറ്റു പണിക്കാരി സ്ത്രീകള്‍ക്കൊപ്പം അവള്‍ വരുന്നത്. ചില ദിവസങ്ങളില്‍ അവളുടെ കാമുകന്‍ റോക്കി ബുള്ളറ്റില്‍ കൊണ്ടുവിടും.

മൈദാന്‍ഗഡിയില്‍നിന്നും നഗരത്തിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന ബ്ലൂലൈന്‍ ബസ് ഓട്ടം നിര്‍ത്തിയിട്ട് വര്‍ഷങ്ങളായിരുന്നു. ബസ് ചാര്‍ജ്ജ് കൂടിയതോടെ ഗ്രാമവാസികള്‍ ബസ് ഉപേക്ഷിച്ച് കാല്‍നടയായി യാത്ര ചെയ്തു. പണിയില്ലാതായി കഷ്ടപ്പാടിലായപ്പോള്‍ പട്ടിണി സഹിക്കാന്‍ പറ്റാതെ പിടിച്ചുപറിക്കാനും അല്ലറചില്ലറ അക്രമങ്ങള്‍ നടത്തി സമ്പാദിക്കാനും നോക്കി. പലരും പൊലീസിന്റെ പിടിയിലായി. ആരോഗ്യമില്ലാത്തവര്‍ ഗുരുദ്വാരകളില്‍നിന്നും സൗജന്യമായി കിട്ടുന്ന ഭക്ഷണം തേടിച്ചെന്നു. ആണുങ്ങള്‍ ലഹരിക്കടിമകളായി വിദ്വേഷം ഛര്‍ദ്ദിച്ച് വഴിവക്കില്‍ കിടന്നു. വിഷമം മൂത്ത് തലക്കടിച്ച് പലരും കെട്ടിത്തൂങ്ങിച്ചത്തു. സ്ത്രീകളാണ് വീട്ടുപണിക്കും മറ്റും പോയി വീട് പുലര്‍ത്തിയിരുന്നത്. 

പണിക്കു വരാന്‍ തുടങ്ങിയതിനുശേഷമൊരു ദിവസം പണ്ടെപ്പോഴോ ഞാന്‍ അവള്‍ക്കയച്ചു കൊടുത്തിരുന്ന എന്റെ ഫോട്ടോ കൊണ്ടുവന്നു കാണിച്ചുതന്നു. 

'യാദ് ഹെ?' (ഓര്‍മ്മയുണ്ടോ?) 

ഒരു യുവകോമളനായി ഫോട്ടോയില്‍ ഞാന്‍ പുഞ്ചിരിച്ചുകൊണ്ടിരുന്നു. 

വല്‍സദിലെ സര്‍ക്കാര്‍ വക പെണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് അവളന്ന് താമസിച്ച് പഠിച്ചിരുന്നത്. റാന്‍സ എന്നു വിളിച്ചോട്ടേയെന്ന് അവളൊരിക്കല്‍ കനത്തില്‍ എഴുതിച്ചോദിച്ചു. ശരിയെന്നു പറഞ്ഞതില്‍പിന്നെ അവളെന്നെ അങ്ങനെയാണ് വിളിച്ചിരുന്നത്.

എല്ലാ കത്തിനു മുകളിലും 'ഓം നമ:ശിവായ' എന്നെഴുതിയിരുന്ന പെണ്‍കുട്ടി എങ്ങനെയൊരു കോമ്രേഡായെന്നു ചിന്തിച്ച് അക്കാലത്ത് ഞാന്‍ കുറേ ചിരിച്ചിട്ടുണ്ട്. എഴുത്തിലൊക്കെ ഒട്ടും രാഷ്ട്രീയം പറയാതെ, വീട്ടുകാര്യങ്ങള്‍ മാത്രം പറഞ്ഞിരുന്നൊരു മണ്ടിപ്പെണ്ണ്. എഴുതി ചോദിച്ചപ്പോള്‍ മറുപടി വന്നു. രാഷ്ട്രീയത്തിലൊന്നും വലിയ താല്പര്യമില്ല, കൂട്ടുകാര്‍ക്കൊപ്പം ചുമ്മാ ദില്ലിയൊക്കെ കറങ്ങിയടിക്കാനായി വന്നതാണ്. ദില്ലിയിലേക്ക് സ്റ്റഡീ ടൂറ് പോവുകയാണെന്ന നുണയാണ് അവള്‍ വീട്ടില്‍ പറഞ്ഞിരുന്നത്. 

ഒരു കത്തില്‍ കാള്‍ മാര്‍ക്‌സിനെപ്പറ്റി എന്തോ എഴുതിയതിന് അവളെന്നെ ശകാരിക്കുകപോലും ചെയ്തു. രാഷ്ട്രീയമൊന്നും എഴുതരുതെന്ന മുന്നറിയിപ്പും തന്നു. ഹോസ്റ്റല്‍ വാര്‍ഡന്‍ വായിച്ച് സെന്‍സര്‍ ചെയ്ത കത്തുകളാണ് അവള്‍ക്ക് കിട്ടിയിരുന്നത്. വീട്ടിലായാലും എഴുതാനും വായിക്കാനുമറിയുന്ന ഒരു മാമനുണ്ട്. അയാള്‍ വായിച്ചേ എന്തും അവള്‍ക്ക് കൊടുക്കൂ. എത്ര നിര്‍ബ്ബന്ധിച്ചിട്ടാണ് അവളൊരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോപോലും അയച്ചുതന്നത്. അത് വീട്ടിലെ മേശവലിപ്പിനുള്ളില്‍ എവിടെയോ കിടപ്പുണ്ടായിരിക്കണം.

രാജസ്ഥാനിലും ഗുജറാത്തിലുമായി വസിച്ചിരുന്ന ഒരു നൊമാഡിക് ഗോത്രവര്‍ഗ്ഗമാണ് അവളുടേത്. എന്നാല്‍, രജ്പുത് എന്നാണ് അവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. ആയൊരൊറ്റ കാരണം കൊണ്ടാണ് സമ്പന്ന മധ്യവര്‍ഗ്ഗ ഗൃഹങ്ങളില്‍ അവള്‍ക്ക് വീട്ടുപണിക്കായി കയറിപ്പറ്റാന്‍ സാധിച്ചത്. 

വെളുത്ത് ചുവന്ന കവിളുള്ള അവളെയൊരു കശ്മീരി സുന്ദരിയായി ഭാവനയില്‍ കാണാനായിരുന്നു എനിക്കിഷ്ടം. അതു പറഞ്ഞപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചു. 

'വഹാം തോ ദംഗേ ഹോതേ ഹെ.' (അവിടെ കലാപം നടക്കുന്ന സ്ഥലമാണ്.) 

'അത് എല്ലാ നാട്ടിലും നടക്കാറില്ലേ?' എന്ന ചോദ്യത്തിനു മുന്നില്‍ അവള്‍ നിശ്ശബ്ദയായി. പിന്നെ ദു:ഖഛവിയാര്‍ന്നൊരു കാലത്തിന്റെ സ്മരണയില്‍ മുഗ്ദ്ധയായി പറഞ്ഞു: 'പിതാജീ തോ ദംഗേ മെ ഹീ ഗുസര്‍ ഗയെ ഥെ...' (അച്ഛനും കലാപത്തിലാണ് മരിച്ചത്...)

കത്തിയ ബോഗിക്കുള്ളില്‍നിന്നും വെന്തുകരിഞ്ഞ ശരീരമായാണ് അവളുടെ അച്ഛന്‍ തിരിച്ചെത്തിയത്. അതിന്റെ ദു:ഖം അവളില്‍ ഉറഞ്ഞുകൂടിക്കിടന്നു. 

അവള്‍ ഇറച്ചി കഴിക്കില്ല. എന്നാല്‍, നന്നായി കറിവെയ്ക്കും. അതെങ്ങനെ സാധിക്കുന്നു എന്നു ഞാന്‍ കൗതുകം പൂണ്ടു. ചോദിച്ചപ്പോള്‍, പ്രണയത്തിനായി എന്തും ചെയ്യും എന്നവള്‍ വാശിപിടിച്ച കുട്ടിയെപ്പോലെ ആവര്‍ത്തിച്ചു പറഞ്ഞുതന്നു. അതു പറയുമ്പോള്‍ ഒരു നിര്‍വ്വികാരഭാവമായിരുന്നു അവളുടെ മുഖത്ത്. 

'റോക്കി കൊ ചിക്കന്‍ ബഹുത് പസന്ത് ഹെ. കഭി കഭി തൊ മട്ടന്‍ ഭീ ഖാത്താ ഹെ... ബനാനാ പട്താഹെ... പ്യാര്‍ മെ ലോഗ് അന്ധേ ഹോജാതെ ഹെനാ...' (റോക്കിക്ക് കോഴിക്കറി വളരെ ഇഷ്ടമാണ്. ചിലപ്പോഴൊക്കെ മട്ടനും കഴിക്കും.
 
ഉണ്ടാക്കേണ്ടിവരും. പ്രണയത്തില്‍ ആളുകള്‍ അന്ധരായിപ്പോവുമല്ലോ...)

എന്തോ അസംബന്ധംപോലെയാണ് അവളത് പറഞ്ഞത്. 

അച്ഛന്‍ മരിക്കുന്നതിനും മുന്‍പ് അവള്‍ക്ക് വേറൊരു ജാതിയില്‍പ്പെട്ട പയ്യനുമായി പ്രണയമുണ്ടായിരുന്നു. വീട്ടുകാരത് അറിഞ്ഞതോടെ പഠിത്തമെല്ലാം ഇടയ്ക്ക് നിര്‍ത്തി. ഒരു റീഹാബിലിറ്റേഷന്‍ സെന്ററില്‍ കൊണ്ടുപോയി അവളുടെ മനംമാറ്റാനായി ദേഹോപദ്രവമൊക്കെ ചെയ്തു. സഹികെട്ട് അവള്‍ വഴങ്ങി. പിന്നെ അവരുടെ കീഴിലായി അവളുടെ പഠനം.
ആചാരമനുസരിച്ചാണ് അവളെ കെട്ടിച്ചുവിട്ടത്. അയാളാകട്ടെ, എന്നും അവളെ ഉപദ്രവിച്ചുകൊണ്ടിരുന്നു. ആരോ പറഞ്ഞറിഞ്ഞ് അവളുടെ പഴയ പ്രണയകഥ അയാള്‍ക്കറിയാമായിരുന്നു. അയാളുടെ ചവിട്ടുംകുത്തും സഹിക്കവയ്യാതെയാണ് എല്ലാം അവസാനിപ്പിച്ച് ദില്ലിയിലേക്ക് അവള്‍ ഒളിച്ചോടിപ്പോന്നത്. വീട്ടുജോലിക്ക് ആളെ ശരിയാക്കിക്കൊടുക്കുന്ന ഒരു എന്‍.ജി.ഒ വഴി പിന്നെയവള്‍ മധ്യവര്‍ഗ്ഗക്കാരായ ഓഫീസ് ജോലിക്കാരുടെ വീടുകളില്‍ വീട്ടുപണിക്കായി പോയിത്തുടങ്ങി. 

ജെ.എന്‍.യുവിലെ പ്രൊഫസറുടെ വീട്ടിലെ പണിയും കഴിഞ്ഞിറങ്ങി മുനീര്‍ക്കയിലെ ബസാറില്‍ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കൊണ്ട് നില്‍ക്കുമ്പോഴൊരിക്കലാണ് അവള്‍ റോക്കിയെ ആദ്യമായി കാണുന്നത്. ഇക്കഥയൊക്കെ വാരാന്ത്യത്തിലെ സൗഹൃദ നിമിഷങ്ങള്‍ക്കിടയില്‍ അവള്‍ തന്നെ എന്നോട് പറഞ്ഞതാണ്.

'റോക്കീ സെ മുഝെ പ്യാര്‍ മിലീ... ഔര്‍ എയ്ഡ്‌സ് ഭീ!' (റോക്കിയില്‍നിന്നും എനിക്ക് സ്‌നേഹം കിട്ടി... ഒപ്പം എയ്ഡ്‌സും!) 
അവളതും പറഞ്ഞു പൊട്ടിച്ചിരിച്ചു. 

'എന്ത് ലൈഫാണ് പൂര്‍വ്വീ നിന്റെ?'

ഞാനത് മനസ്സില്‍ പറഞ്ഞതേയുള്ളൂ. 

'ജീനാ പട്താഹെ റാന്‍സാ മേരെ പ്യാരെ ദോസ്ത്, ജീനാ പട്താ ഹെ...' (ജീവിതമങ്ങനൊക്കെയാണ് റാന്‍സാ, എന്റെ പ്രിയ കൂട്ടുകാരാ, ജീവിതമങ്ങനൊക്കെയാണ്...)

അവളന്ന് എന്നെയൊന്ന് കെട്ടിപ്പിടിച്ചു, വല്ലാതെ ഇറുക്കിയിറുക്കി...

റോക്കിയെ കാണാനില്ലാതായ ദിവസം രാത്രി അവള്‍ വീട്ടിലേക്കു തിരിച്ചുപോയതേയില്ല. ബാല്‍ക്കണിയില്‍ പോയിരുന്ന് ഒറ്റയ്ക്ക് കുറേനേരം കരഞ്ഞു. പൊലീസിലൊന്നും പറയാന്‍ പോയില്ല. പാവങ്ങള്‍ സ്‌റ്റേഷനില്‍ പരാതി പറയാന്‍ പോയാല്‍ തന്നെ അവര്‍ പിടിച്ചകത്തിടും. പുറത്തിറങ്ങാന്‍ പിന്നെ പൊലീസുകാര്‍ക്ക് അങ്ങോട്ട് കൈക്കൂലി കൊടുക്കണം. അതിനുശേഷം കുറേക്കാലം അവള്‍ എന്റൊപ്പം ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചത്. 

ഇടയ്ക്ക് പഴയൊരു കുസൃതിപോലെ, അവളോട് രാഷ്ട്രീയമൊക്കെ സംസാരിക്കാന്‍ ഞാന്‍ ശ്രമിച്ചു. കോളേജ് പഠനകാലത്തും യൂണിവേഴ്‌സിറ്റിയിലുമൊക്കെ രാഷ്ട്രീയം പ്രസംഗിച്ചും എഴുതിയുമൊക്കെ നടന്നിരുന്നതിനാല്‍ പുരോഗമന നാട്യമുള്ള സ്ഥിരം പൈങ്കിളി രാഷ്ട്രീയ വാചകങ്ങള്‍ എനിക്ക് മന:പാഠമായിരുന്നു.

'യേ സബ് മുഝേ നഹി മാലും റാന്‍സാ... ഐസേഹീ ദില്ലി ഖൂമ്‌നെ ആയെ ഥെ സഹേലിയോം കെ സാഥ്. രാജ്‌നീതീ സേ ഹമേം കുഛ് ലേനാദേനാ നഹി.' (ഇതൊന്നും എനിക്കറിയില്ല റാന്‍സാ... കൂട്ടുകാരികള്‍ക്കൊപ്പം ദില്ലി കറങ്ങാന്‍ വന്നതായിരുന്നു. രാഷ്ട്രീയവുമായി എനിക്കൊരു ബന്ധവുമില്ല.) 

വീട്ടിലെ കൊച്ചു ലൈബ്രറിയിലെ പുസ്തകങ്ങളിലൂടെ കയ്യോടിച്ച് ഒരിക്കല്‍ അവള്‍ ചോദിച്ചു: 'ഇത്‌നാ സാരാ കിതാബ് കോന്‍ പട്താഹെ?' (ഇത്രയേറെ പുസ്തകങ്ങള്‍ ആരാ വായിക്കുന്നത്?)

അവളുടെ നിഷ്‌കളങ്കമായ ചോദ്യം കേട്ട് ഞാന്‍ മനസ്സില്‍ ചിരിച്ചു. പൂര്‍വ്വി പഴയ പോലെത്തന്നെ. അവള്‍ക്കൊരു മാറ്റവുമില്ല. 

ഈദിന് ഇര്‍ഫാന്‍ നാട്ടില്‍ പോയിരിക്കുകയായിരുന്നു. ജാമിയ മില്യ ഇസ്‌ലാമിയയിലെ ഫാക്കല്‍റ്റിയായ സുഹൃത്ത് അഷ്‌റഫ് വീട്ടിലേക്ക് ക്ഷണിച്ചു. ആ വിവരം പറഞ്ഞപ്പോള്‍ പൂര്‍വ്വി ഉല്‍ക്കണ്ഠാകുലയായി.

'ആപ് കെ ദോസ്ത് ലോഗ് സാരെ ഐസെ ഹീ ഹെ ക്യാ?' (താങ്കളുടെ കൂട്ടുകാരെല്ലാം ഇതുപോലുള്ളവരാണോ?)

അതിനോട് പ്രതികരിക്കാന്‍ പോയില്ല. ഇര്‍ഫാനെക്കൂടി ഉദ്ദേശിച്ചാണ് അവള്‍ പറഞ്ഞതെന്ന് മനസ്സിലായി. നാട്ടിലായിരുന്നപ്പോള്‍ അമ്മയും അതുതന്നെയായിരുന്നു ഒരു കുറ്റമായി പറഞ്ഞിരുന്നതും. തെക്കും വടക്കുമെന്ന വ്യത്യാസമൊന്നുമില്ല. എല്ലാം ഒരുപോലെ തന്നെ. ഒരേ ആശങ്കകള്‍, ഒരേ ആകുലതകള്‍. ഒരേ സ്വരം... 

ജാമിയയുടെ ഭാഗത്ത് നല്ല ഭക്ഷണം കിട്ടും. തെക്കന്‍ ദില്ലിയിലെപ്പോലെ ഛോലെ ബട്ടൂരെയും കഡി ചാവലുമല്ല. നല്ല രുചിയുള്ള ഒന്നാന്തരം കബാബും ടിക്കയും ഖിമിരി റൊട്ടിയും ബിരിയാണിയും നീഹാരിയുമൊക്കെ.

വീടിന്റെ ഒരു താക്കോല്‍ പൂര്‍വ്വിയെ ഏല്പിച്ച് ഇറങ്ങി. അവളെ വിളിച്ചെങ്കിലും ജാമിയാ നഗര്‍ എന്നു കേട്ടതും ഭൂതപ്രേതാദികളെപ്പറ്റിയാണ് പറഞ്ഞതെന്ന മട്ടില്‍ അവള്‍ ഭയവും വെറുപ്പും പ്രകടിപ്പിച്ചു. വീട്ടിലെ പണിക്കാരിയെ കൂട്ടിയാണോ കൂട്ടുകാര്‍ക്കൊപ്പം ഈദാഘോഷിക്കാന്‍ പോകുന്നതെന്ന് കളിയായി പറഞ്ഞ് അവള്‍ ഒഴിഞ്ഞുമാറി. 
'ഖബര്‍ദാര്...' (സൂക്ഷിക്കണം...) 

അവളൊന്ന് വിലക്കാനും മറന്നില്ല. അതു കൂസാതെയാണ് ഇറങ്ങിയത്. 

ജാമിയാ നഗറിലൊരു 1 ആഒഗ ഫ്‌ലാറ്റിലാണ് അഷ്‌റഫ് താമസിച്ചിരുന്നത്. തനിച്ചാണ്. ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. രാത്രി അവിടെത്തന്നെ തങ്ങി. അഷ്‌റഫിനൊപ്പം ഒരേ കട്ടിലില്‍ രജായിക്കുള്ളില്‍ തണുത്തുറഞ്ഞു കിടക്കുമ്പോള്‍ പൂര്‍വ്വി പറഞ്ഞത് വെറുതെ ഓര്‍ത്തു.

രാത്രിയെപ്പോഴോ ഉറക്കത്തില്‍ ആരോ എന്നെ ശീല്‍ക്കാരത്തോടെ ഇറുക്കിപ്പുണര്‍ന്ന് ചുണ്ടിലമര്‍ത്തി ചുംബിച്ചു. ഭയം കൊണ്ട് എനിക്ക് അനങ്ങാന്‍പോലും സാധിച്ചില്ല. ആ രാത്രി പേടിച്ചു വിറങ്ങലിച്ച് ഉറങ്ങാതെ ഞാന്‍ കിടന്നു. എന്നാല്‍, ഭയന്നതുപോലൊന്നും സംഭവിച്ചില്ല. 

പിറ്റേന്ന് ഒന്നും സംഭവിക്കാത്തതുപോലെയാണ് അഷ്‌റഫ് പെരുമാറിയത്. അതെന്നെ അസ്വസ്ഥനാക്കി. തലേന്ന് രാത്രിയിലെ സംഭവത്തെപ്പറ്റി ചോദിക്കണമെന്നുണ്ടായിരുന്നു. പ്രഭാതഭക്ഷണം കഴിച്ചതിനുശേഷം അതേപ്പറ്റി ചോദിക്കണമെന്ന് മനസ്സില്‍ ചട്ടംകെട്ടി. 

വൈകിയാണ് ഭക്ഷണം കഴിക്കാനിരുന്നത്. അന്നേരം വാതിലില്‍ മുട്ടുകേട്ടു. വല്ലാത്തൊരു ഭയം നിറഞ്ഞ മുട്ട്. അഷ്‌റഫാണ് വാതില്‍ തുറന്നത്. 

തോളില്‍ പരിക്കേറ്റ് രക്തം കിനിഞ്ഞ്, കലാപകലുഷിതനായൊരു യുവാവ് വീടിനുള്ളിലേക്ക് ഓടിക്കയറി വന്നു. സംസാരിക്കാന്‍പോലും പറ്റാത്തവിധം അയാള്‍ വല്ലാതെ അണച്ചുകൊണ്ടിരുന്നു. 

പിന്നീട് സംഭവിച്ചതെന്താണെന്നൊരു എത്തുംപിടിയും കിട്ടിയില്ല. പുറത്തുനിന്ന് ആക്രോശങ്ങളും വെടിയൊച്ചയും ഉയരുന്നുണ്ടായിരുന്നു. ആരൊക്കെയോ നിറയൊഴിച്ചുകൊണ്ട് തോക്കുമായി വീടിനുള്ളിലേക്ക് ഓടിക്കയറി വരികയും ആ ചെറുപ്പക്കാരനെ കീഴ്‌പെടുത്തുകയും ചെയ്തു.

പരസ്പരം കെട്ടിപ്പിടിച്ച് ഭയന്നുവിറച്ച് മുറിയുടെ മൂലക്കല്‍ ഞാനും അഷ്‌റഫും തലതാഴ്ത്തി കിടന്നു. ഞങ്ങള്‍ക്കു മേലെക്കൂടി തീതുപ്പുന്നൊരു ലോകം പൊടിപടലങ്ങള്‍ പടര്‍ത്തിക്കൊണ്ട് പാഞ്ഞുപോയി. 

തിരിച്ച് വീട്ടിലെത്തിയിട്ടും ആ സംഭവം ഏല്പിച്ച ഷോക്കില്‍നിന്നും ഞാനൊട്ടും മുക്തനായിരുന്നില്ല. പൂര്‍വ്വിയോട് ബൈക്കില്‍നിന്നും വീണ് പരിക്കേറ്റു എന്നേ പറഞ്ഞുള്ളൂ. 

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

അതുകഴിഞ്ഞ് ആറു മാസമെങ്കിലുമായിട്ടുണ്ടാവും വെയിലിനു കടന്നുവരാനായി വാതിലും ജനലുമെല്ലാം തുറന്നിട്ട് കസേരയില്‍ കാലും കയറ്റിവെച്ച്, ടെലിവിഷനില്‍ ബജറ്റ് അവലോകനം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ശ്രീകൃഷ്ണാവതാരം സീരിയലിനു സമയമായെന്ന് പൂര്‍വ്വി അടുക്കളയില്‍നിന്നും വിളിച്ചോര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അതു വകവെയ്ക്കാതെ വാര്‍ത്തയില്‍തന്നെ മുഴുകിയിരിക്കുമ്പോള്‍, വാതിലിലൊന്ന് മുട്ടുകപോലും ചെയ്യാതെ തടിച്ചുകൊഴുത്ത് വയറുന്തി വീര്‍ത്തൊരാള്‍ വീടിനകത്തേക്ക് കൊടുങ്കാറ്റ്‌പോലെ കടന്നുവന്നു. ഒന്നു പരിചയപ്പെടുത്തുക പോലും ചെയ്യാതെ, അധികാര സ്വരൂപനായ അവതാരപുരുഷനായി അയാള്‍ എന്റെ മുന്നില്‍ കസേര വലിച്ചിട്ടിരുന്നു.

ക്രൈം സെല്ലിലെ ഇന്‍സ്‌പെക്ടറാണെന്നും പേര് രാജശേഖരന്‍ പിള്ളയാണെന്നുമൊക്കെ പറഞ്ഞ് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതിനു മുന്‍പ് അയാളെന്റെ ഊരും പേരുമെല്ലാം ചോദിച്ചറിഞ്ഞു. ജാമിയാ എന്‍കൗണ്ടര്‍ ഓപ്പറേഷനില്‍ ഉണ്ടായിരുന്ന ഓഫീസറാണെന്ന് അയാള്‍ പ്രത്യേകം ഊന്നിപ്പറഞ്ഞുകൊണ്ടിരുന്നു. ആദ്യമൊക്കെ ശാന്തനായി സുഖവിവരങ്ങള്‍ ചോദിച്ചറിഞ്ഞെങ്കിലും പിന്നീട് അയാളുടെ സ്വരം മാറിത്തുടങ്ങി. 

'നീ മലയാളിയല്ലേ? അഷ്‌റഫിന്റെ വീട്ടിലെന്തെടുക്കാരുന്നെടാ? നീയും അവര്‍ക്കൊപ്പമാണോ? നിന്റെ ശരിക്കുള്ള പേരെന്താടാ?'

അയാളെന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ചാടിയെഴുന്നേറ്റ് അടുത്തേക്ക് വന്ന് റിവോള്‍വറെടുത്ത് എന്റെ വയറ്റിലമര്‍ത്തിയിട്ട്, തന്തക്കും തള്ളക്കും വിളിച്ച് ഭീഷണിപ്പെടുത്തി. 

'നിന്നെ ഇവിടെവെച്ച് തട്ടിയാലും ആരുമൊന്നും ചോദിക്കാന്‍ വരില്ല. ഒളിച്ചു താമസിച്ചിരുന്ന അര്‍ബന്‍ ഭീകരവാദിയെ എന്‍കൗണ്ടര്‍ ചെയ്തു. അത്രയേയുള്ളൂ. മനസ്സിലായോടാ?'

ബുക്ക് ഷെല്‍ഫിലെ പുസ്തകങ്ങളില്‍നിന്നും മാര്‍ക്‌സിനേയും അംബേദ്കറേയും തിരഞ്ഞുപിടിച്ചെടുത്ത് അയാള്‍ എനിക്കു നേരെ നീട്ടി.

'ഈ പുസ്തകമൊക്കെ എന്തിനാടാ നീ വായിക്കുന്നേ?'

ജീവിതം കൊണ്ടാര്‍ജ്ജിച്ച ജ്ഞാനാഹന്തയെല്ലാം അയാളുടെ ചോദ്യത്തിനു മുന്നില്‍ ആ നിമിഷം കൊഴിഞ്ഞുവീണു. 

ക്രൂരമായൊരു മന്ദഹാസം ചുണ്ടിലൊളിപ്പിച്ച് ചുമലില്‍ പിടിച്ച് അയാള്‍ എന്നെ കസേരയിലിരുത്തി. പരുക്കില്‍നിന്നും പൂര്‍ണ്ണമായും മുക്തനായിട്ടില്ലായിരുന്നതിനാല്‍ വേദന കൊണ്ടൊന്ന് ഞെരങ്ങിയപ്പോള്‍ തൊണ്ടക്കുഴിയില്‍ റിവോള്‍വര്‍കൊണ്ട് അയാളൊരു ലക്ഷ്മണരേഖ വരച്ചു. 

'നിന്നെ വേണേല്‍ ഞാന്‍ രക്ഷിക്കാം. പക്ഷേ, ചുമ്മാ ഞാനതെന്തിനത് ചെയ്യണം? പറ... വെറുതെ നിന്നെയൊക്കെ രക്ഷിച്ചിട്ട് എനിക്കെന്ത് കിട്ടാനാ?'

'സര്‍... സാര്‍ ഞാന്‍ പറയുന്നതൊന്ന് കേള്‍ക്കണം. ഞാനവിടെ...' 

അതുപറഞ്ഞു മുഴുമിപ്പിക്കും മുന്‍പെ എന്റെ മുഖം അയാളുടെ ബലിഷ്ഠമായ കരങ്ങള്‍ക്കുള്ളിലായിക്കഴിഞ്ഞിരുന്നു.

'നീ അവിടെയുണ്ടായിരുന്നു എന്നത് തന്നെയാണ് നിനക്കെതിരായ തെളിവ്. നീ അവര്‍ക്കൊപ്പമല്ലായിരുന്നെങ്കില്‍ പിന്നെ അവനങ്ങോട്ട് ഓടിക്കയറിയതെന്തിനാ? പറയെടാ... നിന്റെ ഫ്രണ്ടിപ്പോ ഞങ്ങളുടെ കസ്റ്റഡിയിലാ... നിന്നെപ്പറ്റിയുള്ള എല്ലാ വിവരവും അവന്‍ ഞങ്ങളോട് പറഞ്ഞുകഴിഞ്ഞു...' 

'സാര്‍.... ഞങ്ങളൊരുമിച്ച് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചതാ... ഡിന്നര്‍ കഴിക്കാന്‍ ക്ഷണിച്ചപ്പോ പോയതാ...' 

'നീയിതൊക്കെ തെളിയിച്ച് വരുമ്പോഴേക്കും എത്ര വര്‍ഷം കഴിയുമെന്നറിയാമോ? നീയും ഞാനും മലയാളി. ഒരേ ജാതി. അതോണ്ട് നിന്നോടെനിക്കിത്തിരി ദയ തോന്നി. പറഞ്ഞതു കേട്ടാല്‍ നിന്നെ ഞാന്‍ രക്ഷിക്കാം... കുറച്ച് ചെലവ് വരും... മനസ്സിലാവുന്നോണ്ടാടാ നിനക്ക്?'

'എനിക്കൊന്നും മനസ്സിലാവുന്നില്ല സാര്‍...'

'നിനക്കൊക്കെ ഇനിയെന്നാടാ ബോധം വെയ്ക്കാ?'

എന്റെ കവിളില്‍ അയാള്‍ ആഞ്ഞടിച്ചു. കസേരയടക്കം ചെരിഞ്ഞ് നിലത്ത് തലയടിച്ച് ഞാന്‍ വീണു. അകത്തുനിന്നും പൂര്‍വ്വി ഓടിവന്നു. അവള്‍ എന്നെ താങ്ങിയെടുക്കാന്‍ നോക്കുമ്പോള്‍ അതു തടഞ്ഞുകൊണ്ട്, അവളിലേക്കൊരു അശ്ലീലനോട്ടമയച്ച് അയാള്‍ ചോദിച്ചു: 'ഇവളാരാ? നിന്റെ ഭാര്യയാണോ? ഇവള്‍ മലയാളി അല്ലല്ലോടാ...'

മറുപടിക്കു കാത്തുനില്‍ക്കാതെ അയാള്‍ അവളോട് കല്പിച്ചു: 'പാനീ ലേകെ ആ... തും സേ ഭീ കുഛ് കഹ്നാ ഹെ...' (കുടിക്കാനിത്തിരി വെള്ളം എടുത്തോണ്ടു വാ... നിന്നോടും ചിലത് പറയാനുണ്ട്...)

പൂര്‍വ്വി അകത്തേക്ക് വെള്ളമെടുക്കാനായി പോയി.

'കൊള്ളാലോടാ... എങ്ങനെ ഒപ്പിച്ചു? എവിടെന്ന് അടിച്ചുമാറ്റിയെടാ?'

'സാര്‍ അവളെ ഒന്നും ചെയ്യരുത്...' 

നിലത്തുനിന്നും പാടുപെട്ട് എഴുന്നേല്‍ക്കാന്‍ ശ്രമിക്കവെ ഞാനയാളോട് കെഞ്ചി. 

'അതു ഞാനാലോചിക്കട്ടെ...' 

അയാളുടെ കണ്ണില്‍ കെടാതെനിന്ന കുടിലത എന്നെ നിസ്സഹായനാക്കി. ഇയാള്‍ ശരിക്കും പൊലീസ് തന്നെയാണോ എന്നു ചിന്തിക്കാന്‍ തുടങ്ങുമ്പോഴേക്കും പൂര്‍വ്വി ഒരു ഗ്ലാസ്സില്‍ കൂള്‍ഡ്രിങ്കുമായെത്തി.

അവളെ ആര്‍ത്തിയോടെ നോക്കിക്കൊണ്ട്, ഗ്ലാസിലുള്ളതെല്ലാം ഒറ്റവലിക്കയാള്‍ കുടിച്ചുതീര്‍ത്തു. പിന്നെ ഗ്ലാസിലൊരു മുത്തമിട്ട് അട്ടഹസിച്ച് ചിരിച്ചു. ചിരി പെട്ടെന്നു ചുമയായി. ചുമച്ചുചുമച്ച് കണ്ണില്‍നിന്നും വായില്‍നിന്നും വെള്ളമൊഴുകാന്‍ തുടങ്ങി. പൊട്ടിയ പൈപ്പില്‍ നിന്നെന്നപോലെ അയാളുടെ മുഖത്തുനിന്നും തുപ്പലും കണ്ണീരും മൂക്കിളയും പ്രവഹിക്കാന്‍ തുടങ്ങി. പയ്യെപ്പയ്യെ അതിന്റെ നിറം മാറി. ചുവന്നുകൊഴുത്ത രക്തമാകെ അയാളില്‍നിന്നും ഇറ്റുവീണ് അവിടെമാകെ പരന്നു.

പതക്കോന്ന് തലകുത്തി അയാള്‍ മുന്നോട്ടു കുഴഞ്ഞുവീണു. കിതപ്പും ആന്തലും ആറിയപ്പോള്‍ ഞാന്‍ അയാളുടെ അടുത്ത് കുന്തിച്ചിരുന്ന് ശ്വാസമുണ്ടോയെന്നു നോക്കി. അനക്കമില്ല. മൂക്കില്‍നിന്നും ചോര പതഞ്ഞ് ഒഴുകിവരാനും തുടങ്ങിയിരുന്നു.

എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. എന്തുചെയ്യും? പൊലീസില്‍ വിളിച്ചറിയിച്ചാലോ എന്ന ചിന്തയില്‍ പൂര്‍വ്വിയെ നോക്കിയപ്പോള്‍ അവളൊരു ഭാവമാറ്റവുമില്ലാതെ നില്‍ക്കുന്നു. 

'ഹട്ടൊ... മെ ദേഖ്തീ ഹൂം...' (മാറ്... ഞാന്‍ നോക്കട്ടെ...)

എന്നെ മാറ്റിയിരുത്തിയിട്ട്, പിള്ളയുടെ ശരീരത്തെ അവളൊന്ന് അടിമുടി നോക്കി. വിദഗ്ദ്ധയായ ഒരു സര്‍ജനെപ്പോലെയാണ് അവള്‍ പിന്നീട് പെരുമാറിയത്. ആദ്യമൊന്ന് കൈകൂപ്പി പ്രാര്‍ത്ഥിച്ചു. പിന്നെ അകത്തുപോയി സിറിഞ്ചിലേതോ മരുന്നു നിറച്ചുകൊണ്ടുവന്ന് അതു ശക്തിയായി പിള്ളയുടെ സിരകളിലേക്ക് കുത്തിയിറക്കി. ചുമരില്‍ ആണിയടിക്കുന്നതുപോലെ ഉന്നം പിടിച്ചാണ് അവളതു ചെയ്തത്. ഇതൊക്കെ ഇവള്‍ക്കെങ്ങനെ അറിയാമെന്ന് ആലോചിച്ചു നില്‍ക്കവെ, പിള്ളയുടെ ശവമൊരു പായയിലാക്കി അവള്‍ ചുരുട്ടാന്‍ തുടങ്ങി. ബാല്‍ക്കണിയില്‍ കൂട്ടിയിട്ട സാധനങ്ങള്‍ക്കരികിലായി ഒരുമിച്ചത് ഞങ്ങള്‍ ഉരുട്ടിക്കൊണ്ടിട്ടു. 

അവള്‍ ആരോടോ ഫോണില്‍ വിളിച്ച് സംസാരിച്ചു. അതിനുശേഷം കുറേക്കഴിഞ്ഞ്, മതില്‍ക്കെട്ടിനടുത്തുള്ള കുറ്റിക്കാടുകള്‍ക്കരികിലേക്ക് അവള്‍ പോകുന്നതും പൊതിഞ്ഞുകെട്ടിയ വലിയൊരു വാളും കൊണ്ട് തിരിച്ചുവരുന്നതും കണ്ടു. 

ശവത്തിന്റെ വായില്‍നിന്നും നുരഞ്ഞ് പത വരാനൊക്കെ തുടങ്ങിയിരുന്നു. അവളതെല്ലാം തുണി കൊണ്ട് തുടച്ചുമാറ്റി. എന്നിട്ട് കയ്യിലെ ഞരമ്പ് മുറിച്ച് ഒരു ബക്കറ്റിലേക്ക് താഴ്ത്തിവെച്ചു. അന്നേരം ആ ശരീരമൊന്ന് പിടഞ്ഞതുപോലെ എനിക്കു തോന്നി.

വാര്‍ന്നൊലിച്ച രക്തമെല്ലാം ബക്കറ്റില്‍ നിറഞ്ഞുകിടന്നു. ഒട്ടും അമാന്തിക്കാതെ കറിക്ക് ഇറച്ചി നുറുക്കുന്ന ലാഘവത്തോടെ അവള്‍ ശരീരഭാഗമോരോന്നായി വെട്ടിനുറുക്കി കഷണങ്ങളാക്കി. അവള്‍ക്ക് അതിനു തക്ക പരിശീലനമൊക്കെ എവിടെന്നു കിട്ടിയെന്നോര്‍ത്ത് ഞാനമ്പരന്നു.

പോളിത്തീന്‍ കവറില്‍ പൊതികെട്ടി ഇറച്ചിക്കഷണങ്ങള്‍ പറ്റാവുന്നതൊക്കെ ഫ്രീസറിലേക്ക് കുത്തിക്കയറ്റി വെച്ചതിനുശേഷം, തെരുവിലെ പട്ടികള്‍ക്കിട്ടു കൊടുക്കാനായി രണ്ടു പൊതി എടുത്തോട്ടേയെന്നവള്‍ തരിമ്പും കുറ്റബോധമില്ലാതെ ചോദിച്ചു. ശരിയെന്ന് തലയാട്ടിയപ്പോള്‍ അവളത് പ്രത്യേകം മാറ്റിവെച്ചു. 

ഇങ്ങനൊരു പൂര്‍വ്വിയെ ഞാനിതുവരെ കണ്ടിട്ടില്ലായിരുന്നു. ഒരു നിമിഷത്തേക്ക്, ഞെട്ടിപ്പിക്കുന്ന മറ്റൊരു ചിന്ത എന്നിലേക്ക് പടച്ചുകയറി. അവളെ തുറിച്ചുനോക്കിക്കൊണ്ട് പതിഞ്ഞ ശബ്ദത്തില്‍ ഞാന്‍ ചോദിച്ചു: 'റോക്കി?'

അവളൊന്ന് ദീര്‍ഘശ്വാസമെടുത്തു. 

'ബഹുത് തംങ്ക് കര്‍ത്തെ ഥെ. പീകെ ലൗണ്ടാബാസി ഭീ കര്‍ത്താ ഥാ. ഉസീസെ മേരെ കൊ എയ്ഡ്‌സ് മിലി. മെ നഹി കര്‍ത്താ. തൊ കോയി ഔര്‍ കര്‍ത്തോ...' (മഹാശല്യമായിരുന്നു... മദ്യപിച്ച് കണ്ണിക്കണ്ട പെണ്ണുങ്ങടെയൊപ്പമൊക്കെ പോകുമായിരുന്നു. അയാളീന്നാ എനിക്ക് എയ്ഡ്‌സ് വന്നത്... ഞാന്‍ ചെയ്തില്ലേലും വേറെ ആരേലുമത് ചെയ്‌തേനെ...)

വിശ്വാസം വരാത്തവണ്ണം ഞാനവളെ തുറിച്ചുനോക്കി. അവളത് ശ്രദ്ധിക്കാതെ എന്നോട് കാറെടുക്കാന്‍ ആവശ്യപ്പെട്ടു. 

കാറിന്റെ ഡിക്കിയില്‍ ചാക്കില്‍ കെട്ടി ഇറച്ചിപ്പൊതികള്‍ അടുക്കിവെച്ചതിനു ശേഷം, അവള്‍ പറഞ്ഞതനുസരിച്ച്, അരാവലി കാടുകള്‍ക്കരികില്‍ ലോകം അനാഥമാക്കപ്പെട്ടതുപോലെ കിടന്ന ഊടുവഴിക്കരികിലേക്ക് ഞാന്‍ കാറോടിച്ചു. പൊന്തക്കാട് കൊണ്ടുള്ള മറ മാറ്റി, അതിനുള്ളിലേക്ക് ചാക്ക് വലിച്ചിഴച്ച് നൂഴ്ന്നു കടന്ന് അവള്‍ മറഞ്ഞു. അവള്‍ക്കു പിറകെ മുള്ളും പുല്ലും നീക്കി ഞാനും കടന്നുചെന്നു. 

അതൊരു വേറിട്ട ലോകമായിരുന്നു. ദേശീയതയുടെ ആ നഗരഭൂവിലൊരറ്റത്തായി അത്തരമൊരു ഇടം, അതും എന്റെ. മൂക്കിന്‍ തുമ്പത്ത്! ഞാനതിന്റെ സസ്യശ്യാമളഭംഗിയില്‍ അഭിരമിക്കാന്‍ മറന്ന് അന്ധാളിച്ചുനിന്നു. 

അവള്‍ ഇറച്ചിപ്പൊതികളോരോന്നായി ചാക്കില്‍നിന്നുമെടുത്ത് ഇടതൂര്‍ന്നു കിടന്ന കുറ്റിക്കാടുകളുടെ ഉള്ളിലേക്കായി വലിച്ചെറിഞ്ഞു. എന്നിട്ട് വിരല്‍ വായിലിട്ട് പ്രത്യേക താളത്തില്‍ ചൂളമടിച്ചു. അകലങ്ങളിലായി കാടിളകാന്‍ തുടങ്ങി. അതൊരു കാറ്റായി അലയടിച്ച് ഞങ്ങള്‍ക്കരിലേക്ക് ഇളകിയാടി വന്നു. 

അതും നോക്കിനില്‍ക്കെ, വിശപ്പിന്റെ ആ ഗോത്രത്തിലെ എനിക്കന്യമായൊരു വന്യമായ ജാതിക്കോളനിയില്‍നിന്നുമെന്നപോലെ പ്രാകൃതരായ കുറേ കുട്ടികള്‍ കുറ്റിക്കാടിനുള്ളില്‍നിന്നും ഇറച്ചിപ്പൊതികളിലേക്ക് ആര്‍ത്തിയോടെ ചാടിവീണു. ഒപ്പം കുതിച്ചുവന്ന നായ്ക്കളോടും കുറുനരികളോടും മല്ലിട്ട് അവര്‍ ഇറച്ചിപ്പൊതികളോരോന്നായി കവര്‍ന്നെടുത്തുകൊണ്ട് തിരികെ ഓടിമറഞ്ഞു. 

തിരിച്ചുവരുമ്പോള്‍ ഞങ്ങളൊന്നും മിണ്ടാതെ തുറിച്ചുനോക്കിയിരുന്നതേയുള്ളൂ. മൈദാന്‍ഗഡിയില്‍ എവിടെയാണ് താമസമെന്നു ചോദിച്ചപ്പോള്‍, വിധവകള്‍ കൂട്ടമായി വസിക്കുന്ന ഗ്രാമത്തെപ്പറ്റി മുന്‍പൊരിക്കല്‍ പൂര്‍വ്വി പറഞ്ഞുതന്നിരുന്നു. അതവളുണ്ടാക്കി പറഞ്ഞൊരു കഥപോലെയാണ് അന്നെനിക്കു തോന്നിയത്. കുടുംബത്തിലെ ആണുങ്ങളെല്ലാം മരിച്ചുപോയ, പെണ്ണുങ്ങളും അവരുടെ തലതെറിച്ച പിള്ളേരും മുതുക്കന്മാരും മുതുകിളവികളും മാത്രമുള്ളൊരു കോളനി. ഗ്രാമത്തിന്റെ അറ്റത്തിന്റെ അറ്റത്തായി പന്നികള്‍ പെറ്റുപെരുകി വളരുന്നിടത്ത്, ശവങ്ങള്‍ മറവുചെയ്യുന്ന ഇടത്തിനരികിലായി അവര്‍ വസിച്ചു. വീട്ടുപണിയെടുത്തും ശരീരം വിറ്റും പെണ്ണുങ്ങള്‍ ജീവിച്ചു. ജീവിച്ചിരിക്കാനായി അവര്‍ അവരെ ഒഴിച്ച് മറ്റെന്തും ഭക്ഷിച്ചു. 

അവശേഷിച്ച ഇറച്ചി അവള്‍ ഓരോ ദിവസവും ഒന്നോ രണ്ടോ പൊതിയെന്നോണം ഫ്രീസറില്‍നിന്നും എടുത്തുകൊണ്ടുപോയി. ഞാന്‍ അങ്ങോട്ട് നോക്കിയതേയില്ല. 

കുറേ നാളത്തേക്ക് ബാല്‍ക്കണിക്കരികിലേക്കൊന്നും പോയില്ല. മഞ്ഞുകാലം മാറുംവരെയും വിഷാദം ബാധിച്ച് ആരോടും ഒന്നും മിണ്ടാന്‍ പറ്റാതെ തലകുമ്പിട്ട് നടന്നു. 

ഹോളി വന്നെത്തിയപ്പോള്‍ മുനീര്‍ക്കയില്‍ പോയി ഭാംഗ് ഉണ്ടാക്കാനുള്ള സാധനങ്ങളൊക്കെ വാങ്ങി പൂര്‍വ്വി വന്നു. വീട് മുഴുവന്‍ അവള്‍ അടിച്ചുകഴുകി വൃത്തിയാക്കി. ഫര്‍ണീച്ചറിലെ പൊടിയെല്ലാം തട്ടിക്കളഞ്ഞ് തുണി വെള്ളത്തില്‍ മുക്കിത്തുടച്ചു.

ഷെല്‍ഫിലെ പുസ്തകങ്ങളിലെ പൊടിതട്ടിക്കൊണ്ടിരിക്കെ അവയിലൊന്നെടുത്ത് മറിച്ചുനോക്കിക്കൊണ്ട്, വളരെ നാളായി മനസ്സില്‍ തോന്നിയ സംശയത്തിന്റെ നിവാരണത്തിനെന്നോണം അവള്‍ ചോദിച്ചു: 'യെ കിതാബോം മെ ക്യാ ലിഖാ ഹെ?' (ഈ പുസ്തകങ്ങളിലൊക്കെ എന്താണെഴുതിവെച്ചിട്ടുള്ളത്?) 

'കഥ. വെറും കഥ!' ഞാന്‍ പിറുപിറുത്തു. 

രാത്രി ഞങ്ങളൊരുമിച്ച് ഭാംഗുണ്ടാക്കി. ഇഷ്ടികപ്പൊടിയുടെ നിറമുള്ള ബാല്‍ക്കണിയില്‍ വിരിച്ച പഞ്ഞിക്കിടക്കയില്‍ ഇരുന്ന് ഞങ്ങളത് കുടിച്ചു. അവിടെത്തന്നെ കിടന്നുറങ്ങി. ബോധം പോയിക്കിടക്കുമ്പോള്‍, ഇതൊക്കെ ശരിക്കും നടന്നതുതന്നെയോ എന്നോര്‍ത്ത് ഞാന്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. 

എത്ര ദിവസമങ്ങനെ ഉറങ്ങിക്കിടന്നുവെന്ന് അറിയില്ല. കണ്ണുംതിരുമ്മി എഴുന്നേല്‍ക്കുമ്പോള്‍ അരികിലായി പൂര്‍വ്വി ഇരിക്കുന്നുണ്ടായിരുന്നു. എന്നെയൊന്ന് അര്‍ത്ഥഗര്‍ഭമായി നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു: 'നീന്ദ് മെ തും ഹനുമാന്‍ ചലിസാ ജപ് രഹെ ഥെ.' (ഉറക്കത്തില്‍ നീ ഹനുമാന്‍ ചലിസ ജപിച്ചുകൊണ്ടിരുന്നു.) 

അതു കേട്ടില്ലെന്ന നാട്യത്തില്‍ മുഖംതിരിച്ച് ഞാനിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com