'മോളുട്ടോഫ് കോക്ക്‌ടൈല്‍'- ആഷ് അഷിത എഴുതിയ കഥ

'പുട്ടിന്‍ തുലയട്ടെ, ഫാസിസം തുലയട്ടെ' എന്ന് ഫിന്നിഷില്‍ നീലക്കോട്ടുകാരി എഴുതിച്ചേര്‍ത്തപ്പോള്‍ ചുറ്റും നിന്നിരുന്ന നീളന്‍ക്കോട്ടുകള്‍ ഒരേസമയം കീ കൊടുത്തതുപോലെ കൈകളുയര്‍ത്തി ആര്‍പ്പുവിളിച്ചു
'മോളുട്ടോഫ് കോക്ക്‌ടൈല്‍'- ആഷ് അഷിത എഴുതിയ കഥ

മോണ്‍സ്റ്റര്‍ തലയുള്ള പുട്ടിന്‍ ഉെ്രെകന്റെ പാടങ്ങള്‍ക്കുമീതെ തീബോംബുകള്‍ തുപ്പുകയാണ്. മതിലിന്റെ അതിര്‍ത്തികടന്ന് പടര്‍ന്നൊഴുകുന്നു കടുകുപൂക്കളുടെ മഞ്ഞ. അതിനു മുകളില്‍ കറുത്ത പെയിന്റ്‌കൊണ്ട് 'പുട്ടിന്‍ തുലയട്ടെ, ഫാസിസം തുലയട്ടെ' എന്ന് ഫിന്നിഷില്‍ നീലക്കോട്ടുകാരി എഴുതിച്ചേര്‍ത്തപ്പോള്‍ ചുറ്റും നിന്നിരുന്ന നീളന്‍ക്കോട്ടുകള്‍ ഒരേസമയം കീ കൊടുത്തതുപോലെ കൈകളുയര്‍ത്തി ആര്‍പ്പുവിളിച്ചു. 

കൂടിയാല്‍ പത്തോ പതിനഞ്ചോ പേര്‍. മൈനസ് പത്തിലേക്കു വീണുപോയ ഉച്ചനേരത്തെ നേരിടാന്‍ അവര്‍ തമ്മില്‍ തമ്മില്‍ തൊട്ടാണ് നിന്നിരുന്നത്. 

മഞ്ഞുകാലം പകല്‍വെട്ടത്തെ വിഴുങ്ങിത്തുടങ്ങുമ്പോള്‍ ഫിന്‍ലാന്റുകാര്‍ പൊതുവെ പുറത്തിറങ്ങാന്‍ മെനക്കെടാറില്ല. തണുപ്പ് പെയ്തു തുടങ്ങിയാല്‍ പിന്നെ സൂര്യന്‍ തന്നെ ഒന്നോ രണ്ടോ മണിക്കൂര്‍ തല പുറത്തിട്ട് നോക്കിയാലായി. 

മഞ്ഞുവീഴ്ച അല്പം കുറവായിരിക്കുമെന്നാണ് ഇന്നത്തെ വെതര്‍ അലെര്‍ട്ട്. എന്നിട്ടും മരങ്ങളെല്ലാം പാലപ്പം ചൂടി നില്‍ക്കുന്നു. 

'അയല്‍വക്കത്തെ പട്ടിക്ക് പേ പിടിച്ചാല്‍ അത് എല്ലാവരുടേയും ഉറക്കം കളയും. നമ്മള്‍ കരുതിയിരിക്കണം...' 

അടുത്ത് ചെന്നു നോക്കിയപ്പോളാണ് വാള്‍ ഓഫ് ഡെമോക്രസി എന്ന പേരുള്ള ആ ചുമരിനു മുന്നില്‍നിന്നുകൊണ്ട് കിളവന്‍ വിറയ്ക്കുന്ന ഒച്ചയില്‍ പറയുന്നത് എനിക്കു കേള്‍ക്കാനായത്. 

ഉടുപ്പിനു പുറമെ തെര്‍മല്‍ വെയറും പുള്ളോവറും കാലുകള്‍ മൂടുന്ന ട്രെഞ്ചു 
കോട്ടുമിട്ട് നോക്കുകുത്തിക്കോലത്തില്‍ എല്ലാ ദിവസവും ഈ വഴി പാര്‍ക്കിലേയ്ക്ക് നടക്കാറുണ്ടെങ്കിലും ഇത്തരം പ്രകടനം ആദ്യമായി കാണുകയാണ്. 

എപ്പോള്‍ വേണമെങ്കിലും തുകല്‍ പൊട്ടിച്ചുവരാന്‍ സാധ്യതയുള്ള റഷ്യയോട് ആയിരത്തി മുന്നൂറോളം കിലോമീറ്ററുകള്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ്. രണ്ടു ഏറ്റുമുട്ടലുകളുടെ മുറിവേറ്റ ചരിത്രവുമുണ്ട്. 

'അതിര്‍ത്തി പങ്കിടുന്നവനേയും കിടക്ക പങ്കിടുന്നവനേയും നമ്പരുത്. അധികാരം സ്ഥാപിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും അവറ്റകള്‍ പാഴാക്കില്ല' എന്ന് ഉര്‍സുല ഗ്രാനി പറഞ്ഞത് അപ്പോള്‍ ഓര്‍മ്മവന്നു. 

തൊണ്ണൂറിലെത്തിനില്‍ക്കുന്ന ചെന്നായമുഖി ഇപ്പോള്‍ വാടകയ്ക്ക് നില്‍ക്കുന്ന വീടിന്റെ ഉടമയാണ്. ഇതുവരെ കണ്ടുമുട്ടിയതില്‍ വെച്ച് വര്‍ത്തമാനം പറയാന്‍ പിശുക്കില്ലാത്ത ഒരേ ഒരു ഫിന്നിഷുകാരി അവരാണ്. 

പ്രധാനപ്പെട്ടതൊന്നും പറയാനില്ലെങ്കില്‍ വാ തുറക്കാതെ ഇരിക്കുന്നതാണ് ഇവിടുത്തുകാരുടെ നാഷണല്‍ പോളിസി. ദുഃഖവും സന്തോഷവും ഒരുപോലെ ഒളിപ്പിച്ചുവെച്ച് രുചിക്കുന്നവര്‍. 

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക 
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക 

പണ്ട് കുറെയേറെ ആളുകളേയും കൊന്ന് സ്ഥലങ്ങള്‍ അടിച്ചോണ്ടുപോയ ശത്രുവിനെതിരെയെങ്കിലും എല്ലാവരും നല്ല നാല് തെറി പറയുമെന്നു കരുതി. 

'നമ്മള്‍ എന്തിനും തയ്യാറാണ്...' കോളേജ് പ്രായത്തില്‍ ഒരു വെളുമ്പന്‍. 

'നമ്മള്‍ ജയിക്കും...' ഫിന്‍ലന്‍ഡിയ വോഡ്ക കുടിച്ച് ചീര്‍ത്ത വയസ്സന്‍.

'നമ്മള്‍ ചരിത്രം തിരുത്തും...' മിലിട്ടറിപ്പച്ച ജാക്കറ്റ് ഇട്ട സ്വര്‍ണ്ണമുടിക്കാരി. 

തീര്‍ന്നു. പത്തു മിനുട്ടിനുള്ളില്‍ എല്ലാം തീര്‍ത്ത് ഓരോരുത്തരായി പിരിഞ്ഞുപോകാന്‍ തുടങ്ങി. 

വൈകിയതിനു ക്ഷമ പറഞ്ഞുകൊണ്ടാണ് നീലക്കോട്ടുകാരി അടുത്തുവന്നത്. അപ്പോള്‍ മാളത്തില്‍നിന്നിറങ്ങിയ മുയലിനെപ്പോലെ ജൊഹാന്ന അത്യുത്സാഹിയായിരുന്നു. 

പോളിനെ കുറ്റം പറയാനാവില്ല. അയാളുടെ പാതി പ്രായമേ കാണൂ ജൊഹാന്നയ്ക്ക്. നോര്‍ഡിക് രക്തമാണ്. പാതിയില്‍ മുറിച്ചുവെച്ച ആപ്പിള്‍മുഖം തണുപ്പില്‍ ചുവന്നിട്ടുണ്ട്. നീലപ്പച്ച ഗോലിക്കണ്ണുകള്‍. 

അവളുടെ കെട്ടിപ്പിടുത്തത്തില്‍പെടാതെ പെട്ടെന്നു പിന്നിലേയ്ക്ക് മാറാനാണ് തോന്നിയത്.
 
വിളറിയ ചിരിയോടെ അവള്‍ കയ്യുറയൂരി കൈ നീട്ടി. 

എത്ര പോളിഷ് ചെയ്താലും ഇണങ്ങാന്‍ മടിക്കുന്ന ഫിന്നിഷ് കാട്ടുചന്തമാണ് അവളുടെ ചലനങ്ങള്‍ക്കും.
 
അച്ഛന്‍ എസ്‌തോണിയന്‍ പെണ്ണിന്റെ കൂടെ പോയതില്‍ പ്രതിഷേധിച്ചാണ് ജൊഹാന്ന പന്ത്രണ്ടാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തിയത്. അന്നുതൊട്ട് ഉര്‍സുല ഗ്രാനിയുമായി കൊച്ചുമകള്‍ യുദ്ധത്തിലാണ്. കഴിഞ്ഞ മാസം വീട്ടില്‍ നിന്നിറക്കി വിടുകയും ചെയ്തു. അതേക്കുറിച്ച് പറയാനാണെന്നും പറഞ്ഞാണവള്‍ മെസ്സേജ് അയച്ചിരുന്നത്. 

'ഫോസില്‍ ലേഡി ജീവനോടെ ഇരിക്കുന്നില്ലേ?'

അവള്‍ കയ്യിലെ പിടിവിടാതെയാണ് മിണ്ടിത്തുടങ്ങിയത്. 

കഴിഞ്ഞ ഹോളിഡേയ്ക്കും വേലിക്കപ്പുറം വന്നുനിന്ന് അവള്‍ ഗ്രാനിയുടെ ക്ഷമ പരീക്ഷിച്ചതാണ്. നല്ല സൊയമ്പന്‍ ഗോള്‍ജി ആറ്റിക്കുറുക്കി കുടിച്ചതിന്റെ കെട്ട് വിടുംവരെ അവര്‍ തെറി വിളിച്ചുകൊണ്ടിരുന്നു. 

'വയസ്സിത്തള്ളേ നിങ്ങള് ഒറ്റയ്ക്ക് കിടന്നു ചത്തുപോയാല്‍ എന്റെ അമ്മയെന്നെ പ്രാകില്ലേ...' 

മരണക്കല്ലറയില്‍ കിടക്കുന്ന മകളെക്കുറിച്ചോര്‍മ്മിപ്പിച്ചാല്‍ കിളവി ഒരു പൊടിക്ക് അടങ്ങുമെന്ന് അവള്‍ കരുതിക്കാണണം. 

വെടിയുണ്ടപോലെ ഒരു പൂച്ചെട്ടി അവളുടെ നേരെ പറന്നുപോകുന്നതാണ് കണ്ടത്.

'ജൊഹാന്നാ... ഓടിക്കോ...' 

ഞാന്‍ ബാല്‍ക്കണിയില്‍നിന്നും ഒച്ചവെച്ചു. 

അവള്‍ തലതിരിച്ചതുകൊണ്ട് പുറത്ത് വീണത് പൊട്ടിച്ചിതറി. അവള്‍ അല്പനേരം കുനിഞ്ഞിരുന്നു കരഞ്ഞു. ഏതെങ്കിലും കാമുകനുമായുള്ള ബന്ധത്തില്‍ എന്തോ തട്ടുകേട് പറ്റിക്കാണുമെന്നാണ് അപ്പോള്‍ എനിക്കു തോന്നിയത്. 

'തെമ്മാടി. ഈ കുടുംബത്തിലെ പെണ്ണുങ്ങളുടെ പേര് പറയാന്‍ നിനക്കു യോഗ്യതയില്ല. ആ തന്തയില്ലാത്തവന്റെ നെഞ്ചില്‍ ഉണ്ട കയറ്റിയിട്ട് ചെന്നായ്ക്കള്‍ക്ക് തിന്നാന്‍ ഇട്ട്‌കൊട്. എന്നിട്ട് വാ...'

ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ഗ്രാനി ജനാല വലിച്ചടച്ചു. 

ഇങ്ങനെയൊക്കെ ഒച്ചപ്പാടുണ്ടാക്കിയാല്‍ അയല്‍വക്കക്കാര്‍ ഉടനെ പൊലീസിനെ വിളിക്കുകയാണ് പതിവ്. കിളവി ഇന്നോ നാളെയോ ചാവുമെന്ന പ്രതീക്ഷയില്‍ ആളുകള്‍ ക്ഷമിക്കുന്നതാവാം. അവരുടെ ഭാവമാണെങ്കിലോ, ഒരു രാജ്യത്തിന്റെ ചരിത്രം മൊത്തം താങ്ങിനടക്കുന്നത്‌പോലെയാണ്. 

ഗ്രാനി ഉദ്ദേശിച്ച തന്തയില്ലാത്തവന്‍ പോള്‍ ആണെന്ന് പിന്നീടാണ് മനസ്സിലായത്. 

'ഇപ്പോള്‍ ഞാന്‍ വന്നാലവരെന്നെ ബങ്കറിലിട്ട് കത്തിച്ചുകളയും. നിങ്ങളുടെ ഭര്‍ത്താവിനോടും പറഞ്ഞേയ്ക്ക് ആ വഴി 
പോകേണ്ടെന്ന്... സോണയില്‍ വെച്ചങ്ങനെ ചെയ്‌തോ എന്നും ചോദിച്ചാണ് അവരെന്നെ ഓടിച്ചത്...' 

അവള്‍ ചിരിക്കാതിരിക്കുന്നതാണ് നല്ലത്. 

ഒരു സ്ത്രീയോട് അവളുടെ ഭര്‍ത്താവിനോടൊപ്പം കിടന്നത് പറയുമ്പോള്‍ അവള്‍ക്ക് കുറച്ചൊക്കെ കുറ്റബോധം അഭിനയിക്കാം എന്നെനിക്കു തോന്നി. സോണാമുറിയില്‍ വെച്ചാണ് പോള്‍ അവളുമായി സെക്‌സ് നടത്തിയതെന്ന് പുതിയ അറിവാണ്. 

നാട്ടിലെ ആളുകള്‍ മുടങ്ങാതെ അമ്പലത്തിലും പള്ളിയിലും പോകുന്നപോലെയാണ് ഇവിടുത്തുകാര്‍ ആവികൊണ്ട് ശരീരത്തെ സുഖിപ്പിക്കുന്ന ചൂടുമുറികളില്‍ കയറുന്നത്. അഞ്ച് മില്യണ്‍ ആളുകള്‍ക്ക് രണ്ടു മില്യണ്‍ സോണകള്‍. മിണ്ടാനാണികള്‍ക്ക് എല്ലാരും കാണ്‍കെ തുണിയില്ലാതെ കുളിക്കുന്നതു പുല്ലുപോലെ ചെയ്യാവുന്ന കാര്യമാണ്. 
മരിച്ചവരുടെ ആത്മാവ് ശരീരത്തെ വേര്‍പെടാന്‍ വേണ്ടി ഇത്തരം മുറികളില്‍ ശുചിയാക്കി കിടത്തുന്ന ചടങ്ങൊക്കെ പണ്ടുള്ളവര്‍ ചെയ്തിരുന്നെന്ന് ഗ്രാനിയാണ് പറഞ്ഞത്. പ്രേതങ്ങളുമായുള്ള ഇത്തരം ഇടപാട് ഇന്ത്യക്കാര്‍ക്കു മാത്രേ ഉള്ളൂ എന്നാണ് കരുതിയിരുന്നത്. അവര്‍ പെറ്റുവീണത് തന്നെ സോണയില്‍ ആണത്രെ. കല്യാണത്തിന്റെ തലേന്ന് ആണും പെണ്ണും ഒരുമിച്ച് ആവികൊള്ളാന്‍ പോകുന്നതിന്റെ രസമൊക്കെ പറയുമ്പോള്‍ പയര്‍വള്ളികള്‍പോലെ ഞരമ്പുകള്‍ പടര്‍ന്നുകിടക്കുന്ന ഗ്രാനിയുടെ മുഖത്തും ചിരി പൊടിയും. 

ശരീരത്തെ പുഴുങ്ങിയെടുത്ത ശേഷം, പുറത്തെ മഞ്ഞില്‍ പോയൊന്നുരുണ്ട്, അല്ലെങ്കില്‍ കുളിരന്‍ തടാകത്തില്‍ നീന്തിയിട്ട്, വീണ്ടും വന്ന് ചൂട് പിടിപ്പിക്കണം. പൂവരശ് മരത്തിന്റെ ഇലകള്‍ തണ്ടോട് കൂടി കെട്ടിയുണ്ടാക്കി ഇടയ്ക്കിടെ ദേഹത്ത് അടിക്കുകയും ചെയ്യും. 

ശരീരത്തേയും മനസ്സിനേയും തൂത്തെടുക്കുന്ന ഏര്‍പ്പാടിനു നിയമങ്ങളുമുണ്ട്. കയറും മുന്‍പ് ഉടുപ്പൂരണം, ഒച്ചയുണ്ടാക്കരുത്, തുറിച്ചുനോക്കരുത്...

പബ്ലിക് സോണയിലേയ്ക്ക് ഒരിക്കല്‍ പോള്‍ നിര്‍ബ്ബന്ധിച്ചു കൊണ്ടുപോവുകയുണ്ടായി. നഗ്‌നമനുഷ്യരെ നേരിടാനാവാതെ ഞാന്‍ ഒരു ടവ്വലിന്റെ കിളിക്കൂടിനുള്ളില്‍ ചൂളിയിരിക്കുന്നതും നോക്കി അയാള്‍ ബിയര്‍രസം നുണഞ്ഞുകൊണ്ടിരുന്നു. ആരുടെയെങ്കിലും മുന്നില്‍ ബ്രായുടെ വള്ളി വെളിപ്പെട്ടാല്‍ തന്നെ വെപ്രാളം വരുമായിരുന്നു അന്നൊക്കെ.

വീടിനുള്ളില്‍ സദാ സമയവും ഉടുപ്പില്ലാതെ നടക്കുന്നതായിരുന്നു പക്ഷേ, അയാളുടെ വിനോദം. അമ്മയും ചേച്ചിയും വീഡിയോകാളില്‍ വന്നിരുന്ന സമയങ്ങളില്‍ അയാള്‍ ആകാശത്ത്‌നിന്നും പൊട്ടിവീണപോലെ പ്രത്യക്ഷപ്പെട്ട് മുഴുവന്‍കാളയില്‍ സ്‌ക്രീനിലേയ്ക്ക് റാമ്പ് വാക് നടത്തുമായിരുന്നു. എല്ലാം ഇട്ടെറിഞ്ഞെങ്ങാനും നാട്ടിലേയ്ക്ക് പോരുമോ എന്നു ഭയന്നിട്ടാവും അവരതേക്കുറിച്ചൊന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. 

ആര്‍ട്ടിക് വൈല്‍ഡ്‌ലൈഫിനെക്കുറിച്ചാണയാള്‍ പഠിക്കുന്നത്. കുന്നുകളില്‍ രാപാര്‍ത്തിട്ട് കൂടെ കൊണ്ടുവരുന്ന മൃഗച്ചൂര് അയാള്‍ പോയാലും വീടിനുള്ളില്‍ ചുറ്റിപ്പറ്റി നില്‍ക്കും. ചെന്നായ്ക്കളുടെ ഗുഹകളിലൊക്കെ താമസിക്കാറുണ്ടെന്നു പറഞ്ഞാണ് പോള്‍ ഗ്രാനിയേയും ജൊഹാന്നയേയും കയ്യിലെടുത്തത്. 

അവരുടെ വീട്ടില്‍ ആദ്യ സന്ദര്‍ശനത്തിനു പോയതാണ്. സോഫയില്‍ ഉടല്‍പാതി ചെരിച്ചു വെച്ചുകൊണ്ട് കിടന്നിരുന്ന ജൊഹാന്നയുടെ നെഞ്ചില്‍ ഒരു കിഴവനാമ പതുങ്ങിയിരുന്നിരുന്നു. അവളുടെ കയ്യില്ലാത്ത ഉടുപ്പിന്റെ അലസവീഴ്ച ആരുടേയും ശ്രദ്ധ ക്ഷണിക്കാന്‍ പാകത്തിലുള്ളതായിരുന്നു. അതില്‍ അസ്വസ്ഥപ്പെട്ട് ഞാനെന്റെ കമ്പിളിഷാളിനുള്ളിലേയ്ക്ക് ചുരുങ്ങിക്കൂടിക്കൊണ്ടിരുന്നു. 

പ്രതീക്ഷിച്ചപോലെ പോള്‍ അവളുടെ അരികിലുള്ള കസേരയില്‍ ഇരിപ്പുറപ്പിച്ചു. 

ആമ മുഴുപ്പില്‍ പലവട്ടം തഴുകിക്കൊണ്ടാണ് അയാള്‍ ചുമരില്‍ തൂക്കിയിട്ടിരുന്ന മുയല്‍ വേട്ടക്കാരികളുടെ ചിത്രത്തെക്കുറിച്ച് ചോദിച്ചത്. നാട്ടിലെ കാട്ടുമുയലുകളേയും കീരികളേയും ആനകളേയും വരെ വീഴ്ത്തിയ അയാളുടെ വീട്ടുകാരുടെ കഥകള്‍ കിളവിയെ നല്ലവണ്ണം രസിപ്പിച്ചു. 'ഏഷ്യക്കാര്‍ക്കും മൃഗങ്ങളെയാണ് മനുഷ്യരേക്കാള്‍ ഇഷ്ട'മെന്ന് അവര്‍ അത്ഭുതപ്പെട്ടു. 

അയാളുടെ കഥ പറച്ചിലിന്റെ കയറ്റങ്ങളിലും ഇറക്കങ്ങളിലും പെട്ട് ഇക്കിളികൊണ്ട ജൊഹാന്ന ഇടയ്ക്കിടെ ഇളകിച്ചിരിച്ചു. 
തല ഒളിപ്പിച്ച് മടുത്ത ആ ആമ പാമ്പുവേഗത്തില്‍ പുറത്തേയ്ക്ക് നാക്ക് നീട്ടുകയും മനുഷ്യരെ കടിക്കുകയും ചെയ്യുന്ന രംഗം ഞാനപ്പോള്‍ മനസ്സില്‍ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരുന്നു.
 


'പോളിനു ചെറുപ്പം തൊട്ടേ ജീവികളെന്നു വെച്ചാ ജീവനാരുന്നു കേട്ടോ. കണ്ട കിളികളേം അണ്ണാനേം പാമ്പിനേം വരെ പിടിച്ചോണ്ട് വരും. ഒരു ദിവസം അലമാരേടെ ഉള്ളില് കുറെ ഷൂബോക്‌സുകള് ഇരിക്കുന്നത് കണ്ട് ഞാന്‍ നോക്കുമ്പോ അതിന്റുള്ളില് നെറയെ കോഴിക്കുഞ്ഞുങ്ങള്. അയല്‍വക്കത്തൂന്നൊക്കെ പിടിച്ചോണ്ട് വന്നിട്ട് പച്ചയും ചൊമലേം പെയിന്റൊക്കെ അടിച്ച് അവന്‍ അവറ്റകള്‍ടെ കഴുത്ത് ടപ്പേ ന്ന് വെട്ടിച്ച് കൊല്ലും. എന്നിട്ടിങ്ങനെ അവിടേം ഇവിടേം ഒളിപ്പിച്ച് വെയ്ക്കും... എന്തൊരു കുസൃതിയാരുന്നു...'

പോളിന്റെ അമ്മച്ചി വെള്ളയും വെള്ളയുമുടുത്ത് കയ്യിലൊരു കുരിശുകൊന്തയും കൊരുത്തിട്ട് എപ്പോള്‍ വേണമെങ്കിലും ആകാശത്തേയ്ക്ക് പറന്നുപോകാന്‍ തയ്യാറെന്ന മട്ടില്‍ ഇരിക്കുന്ന ഒരു വെള്ളാച്ചിപ്പാറ്റയായിരുന്നു. പ്രമേഹം മൂത്തുവന്ന് ഒരു കാല് മുറിച്ചോണ്ടുപോയതില്‍ പിന്നെ ടീവിയിലെ പള്ളിച്ചാനലുകളില്‍ കയറിയും ഇറങ്ങിയും രാവിലെ തൊട്ട് ഇരുട്ടും വരെയും ഇരിക്കും. 

മുംബൈയിലെ ജോലിസ്ഥലത്തെ വാടകവീട്ടില്‍ ഞങ്ങള്‍ കൂട്ടുജീവിതം ജീവിച്ചു തുടങ്ങി ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞപ്പോളാണ് നാട്ടില്‍ പോകാന്‍ പോളിന് ഉള്‍വിളിയുണ്ടാകുന്നത്. പത്തിരുപത് ആളുകള്‍ക്കു തമ്മില്‍ കാണാതെ ജീവിക്കാനുള്ളത്രയും ഇടമുള്ള വീട്ടില്‍ അമ്മയും അവര്‍ക്കു പകല്‍സഹായത്തിനായി കന്യകയായിത്തന്നെ നരച്ചുപോയ ഒരു സ്ത്രീയും മാത്രമാണുണ്ടായിരുന്നത്. യേശുവിനൊപ്പം പോളിന്റെ അപ്പച്ചനും ചുമരില്‍ പടമായി തൂങ്ങിക്കിടന്നിരുന്നു. അധികം വീര്‍ക്കും മുന്‍പ് ചുണുങ്ങിപ്പോയ മട്ടിലുള്ള അയാളുടെ മുഖത്ത് പുരികങ്ങള്‍ തഴച്ചു പന്തലിച്ചിരുന്നു.

ഒരൊച്ചയുമുണ്ടാക്കാതെയാണ് അമ്മച്ചി രണ്ടു ദിവസം ജീവിച്ചത്. പോള്‍ ആരുടേയോ കൂടെ കാട് കയറാന്‍ പോയ രാത്രി പക്ഷേ, അവര്‍ സ്വിച്ചിട്ടപോലെ വര്‍ത്തമാനം പറഞ്ഞുതുടങ്ങി. 

'ഇടയ്ക്കിടയ്ക്ക് അവന്‍ ഒളിച്ചുപോകും കെട്ടോ. ചിലപ്പോള്‍ വാതിലിലൊക്കെ വലിഞ്ഞുകേറിയിരിക്കും. അന്ന്, നടുവൊന്ന് ചായ്ക്കാന്‍ വേണ്ടി ഞാന്‍ മുറീലോട്ട് കേറിയതാണ്. അന്നേരം ഒരു ഇരുമ്പും കൊണ്ടവന്‍ ചാടിവീണ് ഒറ്റ വെട്ട്. ദേ നോക്കിയേ, തലേലെ മുടിയപ്പാടെ ചൊരണ്ടിക്കളഞ്ഞേച്ചാണ് തുന്നിക്കൂട്ടിയത്...'

അവര്‍ എന്റെ വിരലുകളെ അവരുടെ തലയുടെ മീതേയ്ക്ക് വലിച്ചുകൊണ്ടുപോയി. അവരുടെ കൈ നയിച്ചിടത്തെല്ലാം ഞാന്‍ തപ്പിനോക്കി. വര്‍ഷങ്ങള്‍ക്കുശേഷം ഒരാളെ സ്പര്‍ശിച്ചതിന്റെ ആര്‍ത്തിയോടെ അവര്‍ പിടിമുറുക്കി. പ്രാര്‍ത്ഥനയ്ക്കു പകരം താളത്തിലൊരു പാട്ട് അവരുടെ ചുണ്ടില്‍ നിന്നും പുറത്തേക്കു ചാടി.

ഞാനവരെ ദേഹത്തോട് ചേര്‍ത്തുപിടിച്ചു.

'അങ്ങേരെപ്പോലെ തന്നെ അവനും കാട്ടീന്ന് ഇറങ്ങിപ്പോരാന്‍ മടിയാരുന്നു. സത്യം പറഞ്ഞാല്‍, അവനങ്ങനെയങ്ങ് കേറിപ്പോയിരുന്നേലെന്ന് ഇടയ്‌ക്കൊക്കെ ഞാനും വിചാരിച്ചിട്ടൊണ്ട്...' 

പെട്ടെന്നവര്‍ എന്റെ കയ്യുടുപ്പ് മേലോട്ട് നീക്കിക്കൊണ്ട് പരതിത്തുടങ്ങി. മുഖത്തും കഴുത്തിലും പിടിച്ചുനോക്കി.

'മൂര്‍ച്ചയുള്ള വല്ലോം കയ്യില് കിട്ടിയാ പിന്നെ അവന്‍...' 

പോള്‍ പ്രേമമൂര്‍ച്ഛയില്‍ ശരീരത്തില്‍ പലവട്ടം പല്ലുകള്‍ പതിപ്പിച്ചതിന്റെ പാടുകള്‍ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. അവരതു കാണാതിരിക്കാന്‍ ഞാന്‍ മേലുടുപ്പ് നേരെയാക്കി എഴുന്നേറ്റു. 

അന്നു തിരികെ വന്നപ്പോള്‍ പോള്‍ കൊണ്ടുവന്നത് കാട്ടുപന്നിയുടെ ഇറച്ചിയായിരുന്നു. അമ്മച്ചി അത് ആക്രാന്തത്തോടെ അകത്താക്കിക്കൊണ്ട് അയാളെ അരുമയോടെ നോക്കി.

'അപ്പച്ചന്റെ അതേ കൈവഴക്കമാണ് കേട്ടോ നിനക്കും...' 

അകത്തേയ്ക്ക് പോവുകയായിരുന്ന അവരുടെ സാരിയില്‍ കയ്യും ചിറിയും തുടച്ചിട്ട്, അയാള്‍ മുന്താണി കടിച്ചുകീറിയെടുത്തു. 

അതുവെച്ച് എന്റെ കണ്ണുകളെ മൂടിക്കെട്ടി തീന്മേശയിലേയ്ക്ക് മറിച്ചിട്ടു. ഇറച്ചിമസാലയുടെ എരിവ് തൊലിയിലൂടെ പടര്‍ന്നുകയറി. 

അമ്മച്ചി ഒന്നും സംഭവിക്കാത്ത മട്ടില്‍ ഒരു പ്രാര്‍ത്ഥനയിലേയ്ക്ക് കയറിപ്പോയി. 

പച്ചയിറച്ചിയില്‍ കടിച്ചും മാന്തിയും അയാള്‍ ഏറെനേരം വേദനയുടെ തിരമാലകള്‍ ദേഹത്ത് പായിപ്പിച്ചുകൊണ്ടിരുന്നു. 
ചുമരിലെ ചതുരപ്പടത്തിലിരുന്ന് നോക്കിക്കൊണ്ടിരുന്ന അപ്പച്ചന്റെ വില കെടുത്തിക്കളയുന്നത് കൂട്ടുപുരികങ്ങളല്ല, ഒട്ടിച്ചുവെച്ചപോലുള്ള അശ്ലീലമീശയാണെന്ന് ഞാനപ്പോളാണ് കണ്ടുപിടിച്ചത്. 
 

3 
'ഒറ്റത്തവണയില്‍ കൂടുതല്‍ അയാളെ ആര്‍ക്കും സഹിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല...'

ജൊഹാന്ന രണ്ട് ഗ്ലാസ്സ് തണുപ്പന്‍ കാപ്പിയുമായി വന്ന് മേശയ്ക്കപ്പുറത്ത് ഇരുന്നു. 

റോഡിനു താഴെയുള്ള അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിന്റെ ഉള്ളിലായിരുന്നു പല രാജ്യങ്ങളില്‍നിന്നുള്ള കാപ്പികള്‍ രുചിച്ചുനോക്കാന്‍ ക്ഷണിക്കുന്ന ആ ഷോപ്പ്. പാരലല്‍ വേള്‍ഡിലെന്നപോലെ ആളുകള്‍ ആ തുരങ്കത്തിനുള്ളില്‍ പല കളികളില്‍ മുഴുകിയിരുന്നു. 

രണ്ടു വര്‍ഷം മുന്‍പ് അയാളോടൊപ്പം ഫിന്‍ലാന്റില്‍ താമസം തുടങ്ങുമ്പോള്‍ ഇഗ്ലൂ ജീവിതം ജീവിക്കേണ്ടിവരുമല്ലോ എന്നാണ് നാട്ടിലുള്ള പലരും പേടിപ്പിച്ചത്. മഞ്ഞുകാലത്തും വേണമെങ്കില്‍ യുദ്ധകാലത്തും 
ജീവിക്കാനായി പാര്‍ക്കുകളും കളിയിടങ്ങളും പബ്ബുകളും ട്രെയിന്‍ സ്‌റ്റേഷനുമൊക്കെയുള്ള മറ്റൊരു രാജ്യം ഭൂമിക്കടിയില്‍ ഇവിടുത്തുകാര്‍ നിര്‍മ്മിച്ചുവെച്ചിട്ടുണ്ടെന്ന് കണ്ടുപിടിക്കാന്‍ ആറുമാസത്തോളം വേണ്ടിവന്നു. 

വെറുങ്ങലിച്ച് ചത്തുപോകുമോ എന്നു പേടിച്ച് വീടിനുള്ളില്‍ അടയിരിക്കുമായിരുന്നു. ജനലിലൂടെ നോക്കുമ്പോള്‍ ഒരേ പോസ്റ്റുകാര്‍ഡ് എന്നും എടുത്തുനോക്കുന്നത്‌പോലെ. വരച്ചുവെച്ചപോലെ കെട്ടിടത്തലകള്‍. കുമ്പിട്ടുനില്‍ക്കുന്ന മരങ്ങള്‍. തടാകത്തിന്റെ നീലവിടവുകള്‍. 

ഒറ്റയ്ക്ക് പുറത്തിറങ്ങിത്തുടങ്ങിയപ്പോള്‍ പക്ഷേ, കന്നിനെ കയം കാണിച്ച പോലെയായി. കടകളിലേയ്ക്കുള്ള അത്യാവശ്യ നടത്തങ്ങള്‍ക്കു നീളം വെച്ചു. സ്‌കേറ്റിംഗ് റിങ്ങുകളും മ്യൂസിയങ്ങളും കടന്നു പലവിധ ബെറികള്‍ പറിച്ചുതിന്നുകൊണ്ടുള്ള കാടുകയറലൊക്കെയായി. എവിടെ തിരിഞ്ഞാലും ചുറ്റിവരുന്ന ജലാശയത്തിന്റെ തുടക്കവും ഒടുക്കവും തിരഞ്ഞു ചില ദിവസങ്ങള്‍ നടന്നുതീര്‍ക്കും. മനുഷ്യരെല്ലാം അവരുടെ മാളങ്ങളിലേയ്ക്ക് വലിയുമ്പോള്‍ നഗരം മരിച്ചവരുടെ വീട് പോലെയാകും. എല്ലാറ്റിനുമൊടുവില്‍ ബാക്കിയാവുന്നവര്‍ക്ക് ലോകമൊരു സന്തോഷവും നല്‍കില്ല. വഴിവിളക്കുകളുടെ വിഷാദമഞ്ഞയിലൂടെ ഉച്ചത്തില്‍ മോങ്ങിക്കൊണ്ടാണ് തിരികെയുള്ള നടത്തം. 

'നിങ്ങളൊരു ബിച്ച് ആണെന്നാണ് അയാള്‍ പറഞ്ഞിരുന്നത്...'

കാപ്പി വലിച്ചുകുടിച്ചുകൊണ്ട് വളരെ സ്വാഭാവികമായാണ് ജൊഹാന്ന അതു പറഞ്ഞത്. 

ഡോഗി സ്‌റ്റൈലില്‍ കുനിച്ചുനിര്‍ത്തി, കഴുത്തില്‍ ബെല്‍റ്റ് മുറുക്കി, മുന്നിലെ പ്ലേറ്റില്‍നിന്നും മദ്യം നക്കിക്കുടിക്കാന്‍ അയാള്‍ പഠിപ്പിച്ചതാണ് ഓര്‍മ്മവന്നത്. ലാപ് ലാന്‍ഡിലെ കലമാനിന്റെ രക്തം ഗോതമ്പുമാവിലും മുട്ടയിലും അടിച്ചെടുത്തുണ്ടാക്കിയ പാന്‍കേക്ക് വായില്‍നിന്നും തുപ്പാനും ഇറക്കാനുമാവാതെ ഇരിക്കുമ്പോള്‍ ബെല്‍റ്റ്‌കൊണ്ട് അയാള്‍ ചന്തിയില്‍ വീശിയടിക്കും. 

ന്യൂഡില്‍സ്‌പോലെ പുളഞ്ഞുകിടക്കുന്ന മുടിയില്‍ കുടുങ്ങിയ മഞ്ഞിന്‍ത്തരികള്‍ ജൊഹാന്ന കുതറിത്തെറിപ്പിക്കുന്നത് കണ്ടപ്പോള്‍ അവളെ ഒരു കുട്ടിക്കുതിരയെപ്പോലെയാവും പോള്‍ കരുതുന്നതെന്നു തോന്നി. 

ഹോബി ഹോഴ്‌സിംഗ് എന്നൊരു സ്‌പോര്‍ട്‌സ് ഈ ലോകത്ത് ഉണ്ടെന്നറിഞ്ഞത് തന്നെ പരിചയപ്പെട്ട കാലത്ത് ജൊഹാന്ന പറഞ്ഞപ്പോളാണ്. കളിക്കുതിരത്തല കുത്തിവെച്ച ഒരു നീളന്‍കോല്‍. അത് കാലുകള്‍ക്കിടയില്‍വെച്ച് കൗമാരക്കാരികള്‍ ഓടുകയും ഉയരത്തില്‍ ചാടുകയും ചെയ്യും. ജീവനുള്ള കുതിരയെ ഓടിക്കുന്നവരുടെ അതേ ചലനങ്ങള്‍. രണ്ടു മീറ്ററോളം ഉയരത്തില്‍ ചാടി മറ്റു രാജ്യക്കാരെ തോല്‍പ്പിച്ച് അവള്‍ ചാമ്പ്യന്‍ ആയ ഒരു മത്സരം കാണാന്‍ പോയപ്പോളാണ് അതു കുട്ടിക്കളി അല്ലെന്നു മനസ്സിലായത്.

'ഞങ്ങളുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ കാല്‍ പൊക്കിയാല്‍ 'അത്' പൊട്ടിപ്പോകുമെന്ന പേടിയാണ്...'

ഞാന്‍ പറഞ്ഞതു കേട്ട് ഇങ്ങനെയോ എന്നു ചോദിച്ച് കാല്‍ വലത്തോട്ടും ഇടത്തോട്ടും കുത്തനെയുമൊക്കെ പൊക്കിക്കാണിച്ച് കുറെ ചിരിച്ചു അവളന്ന്.

'ഗ്രാനി പക്ഷേ, നിങ്ങളെ കാണുന്നത് ഒരു പട്ടിക്കുട്ടിയായിട്ടാണ്. മുറിവേറ്റ ഒന്ന്. അങ്ങനെയുള്ളവരെ സംരക്ഷിക്കുന്നതായിരുന്നല്ലോ അവരുടെ ജോലി. പിന്നെ കഥകളൊക്കെ സഹിക്കാന്‍ കഴിവുള്ളവരെ എല്ലാ വയസ്സര്‍ക്കും ഇഷ്ടമാവും...'

ജൊഹാന്നയ്ക്ക് കിട്ടേണ്ട അപ്പക്കഷ്ണമാണ് ചിലപ്പോളൊക്കെ ഗ്രാനി തരുന്നതെന്ന് തോന്നാറുണ്ട്. 

അവരുമായി ഇടപാടൊന്നും വേണ്ടെന്ന് പോള്‍ പലവട്ടം കല്പിച്ചിരുന്നു. ഇടയ്‌ക്കൊക്കെ കണ്ടുകിട്ടുമ്പോള്‍ അവര്‍ പട്ടാളനോട്ടം കൊണ്ടയാളെ ചികഞ്ഞുനോക്കും. 

'നിങ്ങള്‍ അവിടെ കുട്ടികളെ വല്ലോം ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ? ആരാണ് ടും ടും ടും ഒച്ചയില്‍ ഓടുന്നത്? ഇടയ്ക്ക് മല്‍പിടുത്തം നടത്തുന്ന ശബ്ദമൊക്കെ കേള്‍ക്കാമല്ലോ...'

അതിനുശേഷം പിടിവലി ഉണ്ടാകുമ്പോള്‍ മരപ്പടികള്‍കൊണ്ടുള്ള തറയിലേയ്ക്ക് തള്ളിയിടാതെ അയാളും വീഴാതെ ഞാനും ശ്രദ്ധിക്കുമായിരുന്നു. 

കരയുമ്പോള്‍ ഒച്ച പുറത്ത് ചാടരുതെന്ന് അയാള്‍ക്കു നിര്‍ബ്ബന്ധമാണ്. വായില്‍ സോക്‌സുകള്‍ കുത്തിനിറച്ചുകൊണ്ട് നിലവിളിക്കണം. ഞരമ്പുകളില്‍ തട്ടാതെ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ കത്തിമുനകൊണ്ട് മുറിവുകള്‍ വരച്ചിടാന്‍ അയാള്‍ക്കു വൈദഗ്ദ്ധ്യമുണ്ടായിരുന്നു. 

'അയാളെക്കുറിച്ച് ഗ്രാനിക്കറിയാം. നിങ്ങളോട് സോറി പറഞ്ഞാലേ എന്നെ വീട്ടില്‍ കയറ്റുകയുള്ളൂ. ഒരു സ്ത്രീ മറ്റൊരു സ്ത്രീയുമായി യുദ്ധം ചെയ്യരുതെന്നാണ്...' 

ജൊഹാന്ന സന്ദര്‍ഭത്തിന് അസ്വാഭാവികത വരാതിരിക്കാനെന്നപോലെ ചിരി കളയാതെയാണ് അത്രയും പറഞ്ഞത്. 

യുദ്ധത്തെക്കുറിച്ചു പരാമര്‍ശിക്കാതെ ഗ്രാനിക്ക് ഒരു സംഭാഷണവും പൂര്‍ത്തിയാക്കാനാവില്ല. 

മഞ്ഞുയുദ്ധകാലത്ത് പട്ടാളത്തോടൊപ്പം പണിയെടുത്തിരുന്ന പെണ്ണുങ്ങളുടെ ലൊട്ട സോര്‍ഡ് സംഘടനയിലെ പോരാളിയായിരുന്നു അവരുടെ അമ്മ. ചുവപ്പുപടയുടെ തേരോട്ടത്തിനിടയില്‍ വീണുപോയ ഒരു സൈനികനെ പരിചരിക്കുന്ന അവരുടെ ഫോട്ടോ ഗ്രാനി ചുമരില്‍ തൂക്കിയിട്ടിട്ടുണ്ട്. മാസങ്ങള്‍ കഴിഞ്ഞിട്ടും യുദ്ധം തീരാതെ വന്നപ്പോള്‍ ഇവിടത്തുകാര്‍ കുട്ടികളെയെല്ലാം സ്വീഡനിലേയ്ക്ക് ഒളിച്ചുകടത്തുകയുണ്ടായി. ആയിരക്കണക്കിനു കുഞ്ഞുങ്ങളെ അങ്ങനെ അതിര്‍ത്തി കടത്തി വിട്ടപ്പോളും കുഞ്ഞ് ഉര്‍സുല അമ്മയ്‌ക്കൊപ്പം തന്നെ നിന്നു. കൂടെയുള്ളവരും കൂട്ടിവെച്ചതും നഷ്ടപ്പെട്ട യുദ്ധവീറുള്ള പെണ്‍കുട്ടികളുടെ സംഘത്തെ നയിച്ചിരുന്നത് ഉര്‍സുലയായിരുന്നു.
 
'സ്ത്രീകളുടെ യുദ്ധങ്ങളൊന്നും അവരുടെ മരണം വരെയും തീരില്ല...' 

അങ്ങനെയാണ് അവര്‍ ജനിച്ച പട്ടണം റഷ്യ കയ്യടക്കിയപ്പോള്‍ ഇവിടേയ്ക്ക് കുടിയേറിയ കഥ പറഞ്ഞുതുടങ്ങിയത്. 

ഓരോ മഞ്ഞുകാലവും യുദ്ധത്തെ വിളിച്ചുകൊണ്ട് വരികയാണെന്നവര്‍ വെപ്രാളപ്പെടും. എപ്പോള്‍ വേണമെങ്കിലും ആക്രമിക്കാന്‍ രാകിവെച്ച ആയുധംപോലെ ഉന്മാദിയാവും. 

'കിളവിയുടെ അവസാനം അടുത്തെന്ന് തോന്നുന്നു. അല്ലെങ്കില്‍ അയാളിങ്ങനെ തന്തയില്ലായ്മ കാണിച്ചിട്ടും എന്നോട് അടങ്ങിയിരിക്കാന്‍ പറയുമോ?'

ജൊഹാന്ന അവളുടെ ഫോണിന്റെ രഹസ്യപ്പൂട്ട് തുറന്നിട്ട് നീട്ടി. അവളുടെ ചിരി തീര്‍ന്നുപോയിരുന്നു. 

അവളുടെ ഗാലറിയില്‍നിന്നും ഉളുപ്പില്ലാതെ പോള്‍ നഗ്‌നനായി പൊങ്ങിവന്നു. അവളെ പ്രാപിച്ചതിന്റെ രഹസ്യ വീഡിയോ ഞാന്‍ തുറന്ന ഉടനെ അവള്‍ തോണ്ടിമാറ്റി. 

അവളെ വീണ്ടും ക്ഷണിച്ചുകൊണ്ടുള്ള അയാളുടെ നൂറുകണക്കിനു മെസ്സേജുകള്‍ കണ്ട് ഞാനെന്തെങ്കിലും പറയുമെന്നു കരുതിയാവണം അവള്‍ അടുത്തു വന്നിരുന്നു. 

ഞാനവളെ കെട്ടിപ്പിടിക്കുക മാത്രം ചെയ്തു. 

'ഒരു കാര്യം കൂടെയുണ്ട്. ഞാന്‍ മിലിറ്ററി ട്രെയിനിങ്ങിനു ചേര്‍ന്നു...'

ജൊഹാന്ന ചിരി തിരികെ പിടിച്ചു. 

ഉെ്രെകനില്‍ ബോംബ് വീണ ഉടനെ യുദ്ധപരിശീലനത്തിനായി ഫിന്നിഷ് സ്ത്രീകള്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങിയിരുന്നു. സാഹചര്യം വരുമ്പോള്‍ വീര്യം കൂടുന്ന സിംഹിണികളാണ്. 

'നാട്ടുകാരോട് മോളുടോഫ് കോക്‌ടൈല്‍ ഉണ്ടാക്കാന്‍ ഉെ്രെകനിലെ മന്ത്രി പറഞ്ഞത് കണ്ടില്ലേ? I too want to kick some asses... കോക്‌ടൈല്‍ ഉണ്ടാക്കാനെങ്കിലും പഠിച്ചിട്ടേ ഞാന്‍ തിരികെ വരുന്നുള്ളൂ...'

പുറത്തേക്കിറങ്ങിയപ്പോള്‍ അവള്‍ വിരലുകള്‍കൊണ്ട് സങ്കല്പത്തോക്കുണ്ടാക്കി ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തു.
 
 

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക 
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക 


'മദ്യം, പെട്രോള്‍ അല്ലെങ്കില്‍ മണ്ണെണ്ണ. പിന്നെ ടാറ്, പൊട്ടാസിയം ക്ലോറേറ്റ്... കുപ്പിയില്‍ നിറച്ചിട്ട്...'

വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ ഉര്‍സുല ഗ്രാനി കൈവിരലുകള്‍ മടക്കിയും നിവര്‍ത്തിയും മോളുട്ടോഫ് കോക്‌ടൈല്‍ ഉണ്ടാക്കുന്ന വിധം വിവരിച്ചതാണ് ഓര്‍ത്തത്. 

'മിഖായ് ലോവിച്ച് മോളുട്ടോഫിന്റെ അണ്ണാക്കില്‍വെച്ചാണ് ഞങ്ങളത് പൊട്ടിച്ചത്...' 

പടക്കക്കെട്ടിനു തീ പിടിച്ചപോലെയായിരുന്നു ആ ചിരിയൊച്ച.

അവര്‍ പഴയകാലത്തിലേയ്ക്ക് പറന്നുപോയപ്പോള്‍ ഞാനിരുന്ന് ഗൂഗിളില്‍ തപ്പി. മിഖായ് ലോവിച്ച് മോളുട്ടോഫ് അന്നത്തെ സോവിയറ്റ് ഗവണ്‍മെന്റിലെ വിദേശകാര്യമന്ത്രി ആയിരുന്നു. ഹെല്‍സിങ്കിക്ക് മീതെ ബോംബല്ല, ഭക്ഷണപ്പൊതികളാണ് വിതറുന്നതെന്ന് ലോകത്തോട് പച്ചക്കള്ളം വിളിച്ചുപറഞ്ഞ യുദ്ധവെറിയന്‍. 

'ന്നാ അതിന്റെ കൂടെ കുടിക്കാന്‍ ഒരു കോക്‌ടൈല്‍ കൂടി പിടിച്ചോ' എന്നും പറഞ്ഞു ഫിന്നിഷുകാര്‍ പെട്രോള്‍ ബോംബ് എറിഞ്ഞുകൊടുത്തത് ആലോചിച്ചപ്പോള്‍ എനിക്കും ചിരി വന്നു. 

ജൊഹാന്നയെ കണ്ട കാര്യം പറയാനായാണ് കാളിങ് ബെല്‍ അമര്‍ത്തിയത്. 

ഗ്രാനി വാതില്‍ പാതിമാത്രം പിശുക്കിത്തുറന്നിട്ട് അകത്തേയ്ക്ക് ക്ഷണിച്ചു. പലതരം സുഗന്ധവ്യഞ്ജനങ്ങളും പഴങ്ങളും മധുരവും തിളപ്പിച്ച് ഭാഗ്യം വരാനായി ഒരു ആല്‍മണ്ടും കൂടിയിട്ട് വാറ്റിയ ചുവപ്പന്‍വീഞ്ഞ് ഗ്ലാസ്സില്‍ പകര്‍ന്നുവെച്ചിരുന്നു. ഗോള്‍ജി ഇളം ചൂടോടെ കുടിക്കണം. 

ഞാനത് തീര്‍ക്കും വരെയും കിഴവനാമയുടെ പുറം ചൊറിഞ്ഞുകൊണ്ട് അവര്‍ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. 

മരണം മടിച്ചുനില്‍ക്കുകയാണെന്നറിയുമ്പോള്‍ വൃദ്ധര്‍ക്ക് കിട്ടുന്ന ഒരു ഊര്‍ജ്ജമുണ്ട്. ഈയിടെ നടത്തം പഠിച്ചെടുത്ത കുട്ടികളെപ്പോലെ അവര്‍ അമിതോത്സാഹികളും സാഹസികരുമാവും. 

അവര്‍ മാജിക്കുകാരുടെ അതേ നാടകീയതയോടെയാണ് മേശയ്ക്കു പുറകില്‍ തൂക്കിയിട്ടിരുന്ന തണുപ്പുകോട്ടുകള്‍ വകഞ്ഞുമാറ്റിയത്. അവിടെ ഒരു വാതില്‍ മറഞ്ഞുനില്‍പ്പുണ്ടായിരുന്നു. കൂടെ വരാന്‍ ആംഗ്യം കാണിച്ചുകൊണ്ട് അവരത് തള്ളിത്തുറന്നു. 

ഭൂമിക്കടിയില്‍ തുരന്നെടുത്ത നീളന്‍മുറിയില്‍ എത്തിപ്പെട്ടപ്പോള്‍ ആദ്യം ശ്വാസം മുട്ടുന്നത്‌പോലെ തോന്നി. 

അതൊരു മ്യൂസിയമായിരുന്നു. പട്ടാളസംഘം അണിഞ്ഞിരുന്ന യൂണിഫോമിന്റെ ദ്രവിച്ച കഷ്ണങ്ങള്‍, പരിക്കുപറ്റിയ ആയുധങ്ങള്‍, മരണപ്പെട്ടവരുടെ മണമുള്ള കോട്ടുകള്‍, പലതായി പിളര്‍ന്ന ഷൂസുകള്‍...

ഒരു മൂലയില്‍ കൂട്ടിയിട്ടിരിക്കുന്ന കുപ്പി ബോംബുകളിലേയ്ക്ക് വിരല്‍ചൂണ്ടി അവരെന്റെ ശ്രദ്ധ ക്ഷണിച്ചു. 

'ഞാനുണ്ടാക്കിവെച്ചത് നോക്കൂ... ഈ ലോകത്ത് ജീവിച്ചുപോവണമെങ്കില്‍ ആയുധങ്ങളില്ലാതെ പറ്റുമോ? പെണ്ണുങ്ങള്‍ എല്ലാം സൂക്ഷിച്ചുവെയ്ക്കണം... യുദ്ധമാണെപ്പോളും... യുദ്ധം...'
 

വീടിന്റെ പുറകിലെ കുറ്റിക്കാടിലൂടെ അല്പം നടന്നാലാണ് ഗ്രാനിയുടെ സോണയിലേയ്ക്ക് എത്തുക. അതിനെ ചുറ്റിയുണ്ടാക്കിയ മരപ്പടികള്‍ ഐസായിത്തുടങ്ങിയ ജലാശയത്തിലേക്കു കാലുകള്‍ നീട്ടിയിരിക്കുന്നു. 

വിറക് കത്തിച്ച് ആവി വരുത്തുന്ന പരമ്പരാഗത രീതിയിലുള്ള ചൂടുമുറിയായിരുന്നു അത്. പുക പറത്തിക്കളഞ്ഞ ശേഷം വേണം ഉള്ളിലേയ്ക്ക് കടക്കാന്‍. 

നൂറോളം വര്‍ഷം പഴക്കമുള്ള ആവിമുറി കണ്ടതുകൊണ്ടാണ് ഈ വീട്ടില്‍ താമസിക്കാന്‍ തീരുമാനിച്ചതെന്ന് പോള്‍ ആദ്യദിവസം തന്നെ ഗ്രാനിയോട് പറഞ്ഞിരുന്നു. അതു തുറക്കുമ്പോളെല്ലാം അയാളെയും വിളിക്കണേ എന്നും. 
അവര്‍ പക്ഷേ, വളരെ അപൂര്‍വ്വമായേ അങ്ങനെ ചെയ്തിരുന്നുള്ളൂ.

അവിടേയ്ക്ക് ഒരിക്കല്‍ മാത്രം ഗ്രാനി എന്നെ കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. 

അയാളുടെ ചവുട്ടില്‍ വയറിനുള്ളിലെ കുഞ്ഞു കലങ്ങിപ്പോയതിന്റെ പിറ്റേന്ന്. വയര്‍ വാട്ടര്‍മെലണ്‍പോലെ രണ്ടായി പിളര്‍ക്കപ്പെട്ടപോലെ ഒരു രാത്രി മുഴുവന്‍ കുളിമുറിയില്‍ വെറുങ്ങലിച്ച് കിടന്നു. 

പാതിയും മരിച്ചുപോയ ഒരുവള്‍ക്കുവേണ്ടി അന്ന് ഗ്രാനി വിറകുകള്‍ കത്തിച്ചു. സ്‌റ്റോവിനു മീതെ വെച്ച് ചുട്ടുപഴുപ്പിച്ച ചെറുകല്ലുകളില്‍ വെള്ളം കോരിയൊഴിച്ചുകൊണ്ടിരുന്നു. അതിന്റെ ഊക്കില്‍ പരന്ന ആവി, ഫിന്നിഷുകാര്‍ ലോയ്‌ലി എന്നു വിളിക്കുന്ന സ്പിരിറ്റ് ഓഫ് ലൈഫ്, മുറിയില്‍ പടര്‍ന്നു. മാന്ത്രികവടിയെന്നപോലെ അവര്‍ ഇലബൊക്കെ ദേഹത്ത് വീശി മുറിവുകളെല്ലാം തൂത്തുകളഞ്ഞു അന്ന്. 

വാതില്‍ക്കലെത്തിയപ്പോള്‍ പോളിന്റെ തുണികള്‍ പുറത്തെ ബക്കറ്റില്‍ മടക്കിവെച്ചതു കണ്ടു. ഉടുപ്പുകള്‍ ഒന്നൊന്നായി പറിച്ചെറിഞ്ഞു, അകത്തേക്കു കയറിയപ്പോള്‍ ആരെയോ പ്രതീക്ഷിച്ചിരുന്നപോലെ അയാള്‍ മരബെഞ്ചില്‍നിന്നും ചാടിയെണീറ്റു. 

ആദ്യത്തെ അമ്പരപ്പ് വിട്ടപ്പോള്‍ അയാള്‍ക്ക് ചിരി പൊട്ടി. 

ചൂട് തട്ടിയപ്പോള്‍ വിരിഞ്ഞുനിന്ന ദേഹത്തെ ഞാന്‍ നിവര്‍ത്തിപ്പിടിച്ചു. അയാള്‍ക്കെതിരെയുള്ള മരപ്പലകയില്‍ ഇരുന്നു. 

അയാളെന്തോ ചോദിച്ചതിന്റെ ഒച്ച കുടുസ്സുമുറിയുടെ ചുമരില്‍ തട്ടി വിചിത്രമായി മുഴങ്ങി. അയാള്‍ നന്നായി വിയര്‍ത്തുതുടങ്ങിയിരുന്നു. 

എതിരാളിയുടെ അടുത്ത നീക്കത്തിനു കാത്തിരിക്കുന്ന ജന്തുക്കളെപ്പോലെ ഞങ്ങള്‍ കുറച്ചു നിമിഷങ്ങള്‍ പരസ്പരം നേരിട്ടു. 
ഒടുവില്‍ അസ്വസ്ഥനായി അയാള്‍ ബിയര്‍ ക്യാനിനു വേണ്ടി മേശയിലേയ്ക്ക് കയ്യെത്തിക്കുകയും അത് തട്ടിമറിച്ചിടുകയും ചെയ്തു. 

പെട്ടെന്ന് ഒരു മുരള്‍ച്ചയോടെ അയാള്‍ മുന്നോട്ടാഞ്ഞു. മുയല്‍ച്ചെവികളിലെന്നപോലെ എന്റെ മുടിയില്‍ പിടിമുറുക്കി, തൂക്കിയെടുത്തു. മരപ്പലകയില്‍ മലര്‍ത്തിയിട്ടു. 

മുകളിലേയ്ക്ക് അയാള്‍ കയറിയിരുന്ന നേരത്ത് വാതിലില്‍ മുട്ട് കേട്ടു.

ഒരു തുണിസഞ്ചിയും താങ്ങിപ്പിടിച്ചാണ് ഗ്രാനി വന്നിരിക്കുന്നത്. കറുത്ത ആനക്കോട്ടും പട്ടാളക്കാരുടെ തലയും ചെവിയുമപ്പാടെ ഒളിപ്പിക്കുന്ന കമ്പിളിത്തൊപ്പിയും അണിഞ്ഞ കിളവി വലിയൊരു രഹസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ജാഗ്രതയോടെ ബിയര്‍കുപ്പി പുറത്തെടുത്തു. അയാള്‍ക്കു നേരെ ഇട്ടുകൊടുത്തു. 

വാതില്‍ പുറത്തുനിന്നും അടച്ചിട്ട് അവര്‍ മറ്റൊരു കുപ്പി എടുത്ത് എന്റെ കയ്യിലേയ്ക്ക് വെച്ച് തന്നു. 

ഒരു വയസ്സന്‍ ഗൊറില്ലയെപ്പോലെ അവര്‍ ബ്ലൂബെറിച്ചെടികളില്‍ അള്ളിപ്പിടിച്ചുകൊണ്ട് കാഴ്ചയില്‍നിന്നും മറഞ്ഞുപോകുന്നതുവരെ ഞാന്‍ കാത്തുനിന്നു. 

പെട്രോള്‍ കുപ്പിയുടെ വായില്‍ ശ്രദ്ധയോടെ കെട്ടിവെച്ചിരുന്ന തുണിയുടെ മീതെ അപ്പോളേക്കും മഞ്ഞുപൊടികള്‍ പാറിവീണിരുന്നു. അതിലേക്കു തീ പിടിക്കാന്‍ കുറച്ചു സമയമെടുത്തു. 

ഞാന്‍ കാലുകള്‍ ആവോളം വിടര്‍ത്തി, വായുവില്‍ ഒരുവട്ടം ചാടി കുതിച്ച്, ചുട്ടുപഴുത്തു നില്‍ക്കുന്ന മരമുറിയുടെ നേര്‍ക്കു കുപ്പി നീട്ടിയെറിഞ്ഞു. 

പൊള്ളിപ്പോയ ഞരമ്പുകള്‍പോലെ കാണപ്പെട്ട ഉറക്കംത്തൂങ്ങിമരങ്ങള്‍ക്കിടയിലൂടെ അതിശയിപ്പിക്കുന്ന ഉയരത്തില്‍ തീക്കുതിരകള്‍ ഉയര്‍ന്നുചാടി. 

വെള്ളത്തിലേക്കിറങ്ങാനുള്ള പടികളില്‍ വന്നുനിന്നപ്പോള്‍ കാറ്റ് വട്ടം ചുറ്റിയെങ്കിലും തണുപ്പിനോട് സമരസപ്പെട്ട ശരീരം വിറയ്ക്കാതെ നിന്നു. 

അപ്പോള്‍ പിറന്നുവീണവള്‍ക്കുള്ള സമ്മാനംപോലെ തടാകം മഞ്ഞിന്റെ നേര്‍ത്ത മേല്‍പാളികള്‍ വിടര്‍ത്തിവെച്ചിട്ട്, അകത്തേയ്ക്ക് വിളിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com