'പൂര്‍ണ്ണമാം അപൂര്‍ണ്ണത'- സോണിയ റഫീക്ക് എഴുതിയ കഥ

വെയില്‍ നീറ്റിയ അടുക്കളതിണ്ണമേലിരുന്ന് ഈറന്‍ വാടിയ ഉടയാടകളുടെ ഒളിച്ചുകളി കാണുകയാണവള്‍. കാറ്റിന്റെ ഒന്നാം കിതപ്പില്‍ അമ്മയുടെ നീലസാരി അവളുടെ ചുവന്ന കുര്‍ത്തിയെ മറച്ചു
'പൂര്‍ണ്ണമാം അപൂര്‍ണ്ണത'- സോണിയ റഫീക്ക് എഴുതിയ കഥ

വെയില്‍ നീറ്റിയ അടുക്കളതിണ്ണമേലിരുന്ന് ഈറന്‍ വാടിയ ഉടയാടകളുടെ ഒളിച്ചുകളി കാണുകയാണവള്‍. കാറ്റിന്റെ ഒന്നാം കിതപ്പില്‍ അമ്മയുടെ നീലസാരി അവളുടെ ചുവന്ന കുര്‍ത്തിയെ മറച്ചു. അടുത്ത കിതപ്പില്‍ അഹല്യാമോക്ഷം പോലെ കുര്‍ത്തി മറനീക്കി വെളിപ്പെട്ടു. കരിയിലകളുടെ കിരുകിരുപ്പാണ് ഒളിച്ചുകളിക്ക് പിന്നണി. 

അമ്മ മയങ്ങുന്നു; നിദ്രയ്ക്കും ഉണര്‍വ്വിനും മദ്ധ്യേ ഞടുങ്ങിനില്‍ക്കുന്ന മയക്കം. അവള്‍ക്ക് പതിനഞ്ച് തികഞ്ഞപ്പോള്‍ അമ്മയുടെ ചിരി പിണങ്ങി, അടുത്ത പതിനഞ്ചില്‍ ചുവടും പിണങ്ങി. ഇപ്പോള്‍ അമ്മത്താളം വലതു കയ്യിലെ അഞ്ചു വിരലുകളില്‍ മാത്രം സ്പന്ദിക്കുന്നു. അവള്‍ വൈകിയെത്തുന്ന ദിനങ്ങളില്‍ ചൂണ്ടുവിരല്‍ വിറപ്പിച്ച് അമ്മ കലഹിക്കും, അലക്കി ഇസ്തിരിയിട്ട ചുരിദാര്‍ അണിയുന്ന ദിവസം അവര്‍ അഞ്ചു വിരലുമുയര്‍ത്തി നല്ലതെന്ന് മൂളും, കുളിക്കാതെ പോകുന്ന ദിവസം ദുര്‍ബ്ബല മുഷ്ടി ചുരുട്ടി ശാസിക്കും. 

അയഞ്ഞ നെടുരേഖയായി കിടക്കുന്ന അമ്മയ്ക്ക് കാവലായി ജനാലയ്ക്കപ്പുറം നെടിയൊരു തെങ്ങുണ്ട്. നീര് വറ്റിയ ഏതാനും പേട് തേങ്ങകളോടുള്ള കടപ്പാട് ഓര്‍ത്താണ് അമ്മ ആ കൃശഗാത്രയെ നോക്കി നെടുവീര്‍പ്പ് ഉതിര്‍ക്കുന്നതെന്നാണ് കുഞ്ഞുനാളില്‍ അവള്‍ കരുതിയിരുന്നത്.

'ആ വടക്കേപ്പുറത്ത് നിക്കണ ഒണക്കത്തെങ്ങിന്റെ അതേ കോലം...' അച്ഛനത് പറയുമ്പോള്‍ അമ്മയെ നോക്കി ഊറിച്ചിരിക്കുന്നതെന്തിനെന്നറിയുവാന്‍ അവള്‍ക്ക് മുലക്കണ്ണ് തെളിഞ്ഞു തുടങ്ങിയ പ്രായമെത്തേണ്ടിവന്നു. 
ആ മച്ചിത്തെങ്ങ് പൊഴിക്കാറുള്ള ഉണക്കത്തേങ്ങപോലൊന്നായാണ് അവളും അമ്മയില്‍ നിന്നൂര്‍ന്നു വീണത്. അവളുടെ പെണ്‍മുഴുപ്പുകളെ വരണീയ പരിമാണങ്ങളിലേക്ക് എത്തിക്കാന്‍ അവര്‍ പൊരുതിയ പോരാട്ടങ്ങളെത്ര! ജോലിക്ക് പോകുന്ന വീടുകളിലെ പെണ്‍കുട്ടികള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പൊട്ടും പൊടിയും പൊതിഞ്ഞെടുത്തും പ്രാതലിനൊപ്പം ച്യവനപ്രാശം സേവിപ്പിച്ചും ഉറങ്ങും മുന്‍പു കദളിരസായനം നല്‍കിയും അവര്‍ പയറ്റി. പക്ഷേ, അവള്‍ അമ്മയെ പോലെ, ആ മച്ചിത്തെങ്ങിനെപ്പോലെ നെടുകെ വളര്‍ന്നു, അവള്‍ക്ക് ഒരിടവും തുടുത്തില്ല, എങ്ങും വിടര്‍ന്നുമില്ല. 

പഞ്ചായത്തില്‍ അവള്‍ക്കൊപ്പം ജോലി ചെയ്യുന്ന ഷീലേച്ചി സാരി നീക്കി വയറു കാട്ടി പറയും: 'എന്റെ ഇളയവള്‍ക്ക് വയറ്റത്ത് നുള്ളി നുള്ളി കിടക്കണം, എന്നാലേ ഉറക്കം വരൂ.' അവര്‍ വെളുത്ത വയറിന്റെ കൊഴുപ്പ് കുലുക്കി ചിരിച്ചപ്പോള്‍ അവളോര്‍ത്തത് കുട്ടിക്കാലത്ത് സാമൂഹ്യപാഠം ക്ലാസ്സില്‍ പഠിച്ച സിന്ധു  ഗംഗാ സമതലം പോലെ നിരന്നു കിടക്കുന്ന അമ്മയുടെ വയറാണ്. അച്ഛനും അത് തന്നെ തോന്നിയിട്ടുണ്ടാവണം. അമ്മയുടെ ഊഷര ശരീരം അച്ഛന്റെ രാത്രികളെ തരിശാക്കി മാറ്റിയിട്ടുണ്ടാവും. അതുകൊണ്ടുതന്നെ അയലത്തെ വാടക വീട്ടില്‍ വന്നുകയറിയ തുടുത്ത തമിഴത്തി അച്ഛന് വസന്തമായി മാറി. ഭാഗ്യം വില്‍ക്കാന്‍ വന്ന ആ ലോട്ടറി കച്ചവടക്കാരി തുടര്‍ന്നുള്ള അച്ഛന്റെ ജീവിതത്തിന്റെ കുറിയുമായാണ് വന്നത്. അച്ഛന്‍ പോയ ദിവസം അമ്മയ്ക്ക് ചിരി വറ്റി. ഒപ്പം അവരുടെ പതിനഞ്ച് വയസ്സുകാരി മകള്‍ക്ക് ശരീര മുഴുപ്പുകളുടെ മഹത്വം മനസ്സിലായ ദിനം കൂടിയായിരുന്നു അത്. 

ക്ലാസ്സിലെ പെണ്‍കുട്ടികളെ അവള്‍ തോല്‍പ്പിച്ചത് നെടുകെ വളര്‍ന്നുകൊണ്ടായിരുന്നു, 'വടിവിഴുങ്ങി', 'മുരിങ്ങക്കോല്‍', 'ജിറാഫ്', 'ഒട്ടകപക്ഷി'... ആ വിധം നീളുന്ന വട്ടപ്പേരുകളില്‍ മുട്ടിടിച്ചുവീണ സ്‌കൂള്‍ കാലത്ത് നിന്നുയര്‍ത്തെണീറ്റ് കലാലയ ജീവിതത്തിലേക്ക് ചവുട്ടി കയറിയപ്പോള്‍ തന്നെ പ്രണയത്തില്‍ തെന്നിവീണു പോയി. ഹൃദയം കയ്യില്‍ പിടിച്ചാണ് രണ്ടു വര്‍ഷം അവനെ പ്രണയിച്ചത്. ക്ലാസ്സില്‍ ഏതൊരുവള്‍ പുത്തനുടുപ്പിട്ട് വന്നാലും അവള്‍ അവനെ ഇടം കണ്ണിട്ടു നോക്കും, മാഷ് അവനോടു ചോദ്യം ചോദിക്കുമ്പോള്‍ ഏതൊരുവളുടെ കണ്ണുകളാണവനില്‍ എന്നവള്‍ പരതി, ആര്‍ക്കൊപ്പം കുട പങ്കിട്ടാണ് അവന്‍ മഴ നനയാതെ ബസ് സ്‌റ്റോപ്പിലെത്തിയതെന്ന് ആലോചിച്ച് ഉറക്കം മുട്ടിയ ദിനങ്ങള്‍ അനവധി. മുല്ലപ്പൂ ചൂടാന്‍ ഇഷ്ടമില്ലാത്തവള്‍ അവനായി പൂ ചൂടി വന്നപ്പോള്‍ മറ്റൊരുവളുടെ മുടിപ്പിന്നലില്‍ നിന്നൂര്‍ന്നു വീണ കുടമുല്ല പെറുക്കിയവന്‍ മണത്തില്ലേ, അതവളെ മുറിച്ചു. തുടര്‍ന്നുണ്ടായ ഒരാഴ്ചക്കാലത്തെ പിണക്കത്തിനൊടുവില്‍ പൊയ്‌പോയ രണ്ടു വര്‍ഷങ്ങളെ അവന്‍ ഇങ്ങനെ ഉപസംഹരിച്ചു: 'എനിക്കിനി മുറുകാന്‍ വയ്യ, മതി, നിര്‍ത്തി.' പഠനശേഷം പഞ്ചായത്ത് ക്ലര്‍ക്ക് ആയി ജോലി കിട്ടിയത് വീണുകിടക്കുന്ന അമ്മയ്ക്കും പണമായും തുണയായും ഔദാര്യങ്ങള്‍ നല്‍കി പോറ്റിയവര്‍ക്കും ആശ്വാസമായി. 

പതിവ്‌പോലെ അന്നും കണ്ടു മുരളി മാഷിനെ. അയാളുടെ നരച്ചുതുടങ്ങിയ താടിയും മുടിയും കറുപ്പിക്കാനൊരു കാരണം തന്നെ അവളായിരുന്നു. ദൂരെ ജോലി നോക്കുന്ന ഭാര്യയെ കാണാന്‍ പോകുന്ന അവധിദിനങ്ങളില്‍ മാത്രം അവര്‍ തമ്മില്‍ കണ്ടില്ല. രാത്രി അവള്‍ക്കുറങ്ങാനൊരു കൂട്ടുണ്ടെന്നത് അമ്മ അറിഞ്ഞിരുന്നില്ല. വിരലനക്കങ്ങളില്‍ ആ അറിവിന്റെ ചിഹ്നങ്ങളൊന്നും വിടര്‍ന്നില്ല. മുരളി മാഷ് അവളുടെ ജീവിതരഹസ്യമായിരുന്നു. പഞ്ചായത്തിന് മുന്നിലെ ഹൈസ്‌കൂളിലേക്ക് അയാള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും അവരുടെ കണ്ണിടഞ്ഞില്ല, ഒരേ ബസ് കാത്തുനില്‍ക്കുമ്പോഴും അവര്‍ മിണ്ടിയില്ല, ഒരേ സീറ്റില്‍ ഇരുന്നാലും ശരീരങ്ങള്‍ തഴക്കം പ്രകടമാക്കിയില്ല. ഇരുട്ടില്‍ മാത്രം മാഷ് അവളെയറിഞ്ഞു, വെളിച്ചം അവരെ അന്യരാക്കി. 

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

നാലുതരം പെണ്‍ ഉടലുകളുണ്ടെന്ന് അവളെ പഠിപ്പിച്ചത് മുരളി മാഷാണ് പദ്മിനി, ചിത്രിണി, ശംഖിനി, ഹസ്തിനി. ഇവരില്‍ വശ്യത പദ്മിനിക്കാണ്, ഇരുട്ടില്‍ പ്രകാശിക്കുന്ന ചന്ദ്രമുഖം, താമരയിതളിനെ അനുസ്മരിപ്പിക്കുന്ന ചര്‍മം, അന്നനട. തിളങ്ങുന്ന കണ്ണുകളുള്ള ഈ അപ്‌സരസ്സുകളെ ഇക്കാലഘട്ടത്തില്‍ കണ്ടെത്തുക പ്രയാസമെന്നാണ് മുരളി മാഷ് പറയാറ്. പദ്മിനിമാരുടെ മധുരശബ്ദം കേള്‍ക്കുന്ന മാത്രയില്‍ പുരുഷന്മാര്‍ മോഹവിവശരാകും. ചിത്രിണികള്‍ കലാകാരികളാണ്, ധിഷണാവിലാസമുള്ള ഇവര്‍ ഇരുണ്ടനിറമുള്ള മായാമോഹിനികളാണ്. ഹസ്തിനിമാര്‍ ആനച്ചന്തമുള്ളവരാണ്, ഉന്തിനില്‍ക്കുന്ന ഇടുപ്പോടുകൂടിയ ഹസ്തിനിമാര്‍ ഭക്ഷണപ്രിയരാണ്. ശംഖിനിമാര്‍ അതിസാധാരണമായി കാണപ്പെടുന്നവര്‍, ഗുണവതികള്‍ അല്ലെങ്കിലും അവര്‍ മൂര്‍ച്ചയുള്ള വ്യക്തിത്വങ്ങളാണ്, പദ്മിനിമാരെപ്പോലെ ആകര്‍ഷണീയരല്ലെങ്കിലും പുരുഷന്മാര്‍ അവരില്‍ പ്രലോഭിതരാകുന്നു. മാഷിന് പദ്മിനിമാരെയാണിഷ്ടം, അങ്ങനൊരുവളാവാനാണ് അവള്‍ ശ്രമിച്ചതും. പക്ഷേ, അവളുടെ കഴുത്ത് കൊക്കിനെപ്പോലെ നീണ്ടതും എല്ലുകള്‍ ഉന്തിയതും മാറിലെ മാംസ ദൗര്‍ലഭ്യവും കാരണം അവളൊരിക്കലും പദ്മിനിയായില്ല. എങ്കിലും മാഷ് രാത്രികളില്‍ വന്നുകൊണ്ടേയിരുന്നു. മിനുപ്പുള്ള തുടുത്ത കൈത്തണ്ട, എല്ലുകളെ അടിയറ പറയിക്കുന്ന മാംസളമായ ചുമലുകള്‍, സമൃദ്ധമായ നാഭി എന്നീ സ്വപ്നങ്ങള്‍ അവളുടെ ഉറക്കത്തെ ഉച്ചാടനം ചെയ്തുകൊണ്ടിരുന്നു. ഹോര്‍മോണ്‍ ഗുളികകള്‍ വിഴുങ്ങിയിട്ടും അവള്‍ പദ്മിനിയായില്ല, ഒടുവില്‍ അവയുടെ പാര്‍ശ്വഫലങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ അതും നിര്‍ത്തി. 

'സാറേ, അവളാണ് പെണ്ണ്! ഒറ്റ വീക്കിനല്ലേ ആ തെമ്മാടിയെ അടിച്ചു മൂട്ടിലിട്ടത്, സമ്മതിക്കണം.' 

രാവിലെ ഷീലേച്ചിയും പഞ്ചായത്ത് സെക്രട്ടറിയും തമ്മിലുണ്ടായ സംഭാഷണത്തിന്റെ നിമിത്തം തേടിയാണ് അവള്‍ പതിവില്ലാതെ പത്രം കയ്യിലെടുത്തത്. രാത്രി ഒന്‍പത് മണിക്ക് സൂപ്പര്‍മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയെ നഗരമധ്യത്തില്‍ ഒരുത്തന്‍ ആക്രമിച്ചു. ആക്രമണ കാരണം വ്യക്തമല്ല, പിന്നില്‍നിന്ന് അടി വീണപ്പോള്‍ അവള്‍ മുഖമിടിച്ചു നിലത്തു വീണെങ്കിലും ഞൊടിയിടയില്‍ കുടഞ്ഞെണീറ്റ് അലറിക്കൊണ്ടവള്‍ അവനെ അടിച്ചിട്ടു. ആളുകള്‍ കൂടി, സംഭവം ചര്‍ച്ചയായി. അവള്‍ ആ വാര്‍ത്ത മൂന്നാവര്‍ത്തി വായിച്ചു. യുവതിയുടെ ചിത്രം വാര്‍ത്തയ്‌ക്കൊപ്പം ഇല്ലല്ലോയെന്ന് വിമ്മിഷ്ടപ്പെട്ടു. സാമൂഹ്യമാധ്യമങ്ങളില്‍ ആ യുവതിയിപ്പോള്‍ സ്റ്റാര്‍ ആണെന്ന് കേട്ടു, തിരയാന്‍ അത്തരം മാധ്യമങ്ങള്‍ ഇല്ലാത്തതില്‍ അവളന്ന് ആദ്യമായി ഖേദിച്ചു. 

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ നഗരത്തില്‍ നടന്ന മറ്റൊരു ആക്രമണമാണ് അഞ്ചു വിരലിലെ സ്പന്ദനമായി അമ്മയെ കിടത്തിയത്. നഗരത്തിലെ പ്രൗഢവൃദ്ധരായ മഹാഗണി വൃക്ഷങ്ങളില്‍ കിളികള്‍ ചേക്കേറുന്ന സമയം, കാഷ്ഠം തടയാന്‍ കുട ചൂടിയാണ് ജനം അന്നേരം അതു വഴി സഞ്ചരിക്കുക. അമ്മയ്ക്ക് കുടയുണ്ടായിരുന്നില്ല, അസ്തമയ സൂര്യന്റെ മഞ്ഞയോട് ചേരുന്ന നേര്‍ത്തൊരു മാല മൂന്നു വീടുകളിലെ അടുക്കളയുടെ അഴുക്കും മെഴുക്കും ഒലിച്ചിറങ്ങുന്ന കഴുത്തില്‍ കുതിര്‍ന്നു കിടപ്പുണ്ടായിരുന്നു. അരികിലൂടെ ഒരു ബൈക്ക് ചീറിപ്പോയതും പിന്നിലിരുന്നവന്റെ കയ്യുറയിട്ട കറുത്ത കൈകള്‍ നീണ്ടുവന്നതും മിന്നായം പോലെ അവര്‍ കണ്ടു. 

രക്തക്കറ പുരണ്ട വെളുത്ത തുണി തലയില്‍ കെട്ടിയ അമ്മയെ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നിറക്കിക്കൊണ്ട് വന്ന നഴ്‌സ് അവളെ ദയനീയമായി നോക്കി. ഒരു നെടുങ്കോലിനു കാവലായി അതിലും ചെറിയ നെടുങ്കോല്‍ എന്ന സഹതാപമായിരുന്നു ആ മുഖത്ത്. മാല തിരികെ കിട്ടിയില്ല, ഒപ്പം അമ്മയുടെ ചലനവും. 'മസ്തിഷ്‌കാഘാതം' എന്ന വാക്ക് അമ്മാവനോട് പറയുമ്പോള്‍ ഡോക്ടറുടെ ചുണ്ടുകള്‍ രണ്ടു 'മ' കാരങ്ങള്‍ക്കിടയില്‍പെട്ട് വല്ലാതെ പുളയുന്നത് അവള്‍ കണ്ടു. 

അന്‍പത് വയസ്സിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന് അപേക്ഷിക്കാന്‍ പഞ്ചായത്തില്‍ വന്നൊരു സ്ത്രീ അവള്‍ക്ക് മുന്നില്‍ നില്‍പ്പുണ്ട്. ഇരുപത് വര്‍ഷം കൂടി കഴിഞ്ഞാല്‍ തനിക്കും ഈ വകുപ്പില്‍ അപേക്ഷിക്കാമെന്ന് അവള്‍ ഷീലേച്ചിയോടു പുച്ഛച്ചിരിയോടെ പറഞ്ഞു. 

'നിനക്ക് കെട്ടിക്കൂടെ? ജോലിയില്ലേ? വീടില്ലേ? നല്ല നല്ല സര്‍ക്കാര്‍ ജോലിക്കാരന്മാരെ കിട്ടും കൊച്ചേ...' അവര്‍ പ്രോത്സാഹിപ്പിച്ചു. 

മുരളി മാഷിലൂടെ പുരുഷനെന്തെന്നത് ശരീരമറിഞ്ഞു. അതിനപ്പുറമുള്ള അറിവുകളുണ്ടോ എന്നവള്‍ക്കറിയില്ല. വിവാഹക്കമ്പോളത്തില്‍ ഡിസ്‌പ്ലെ ചെയ്യാനോളം ഗുണനിലവാരമില്ലാത്തൊരു ഉല്പന്നമായതിനാല്‍ അമ്മാവനും ബന്ധുക്കളും അതിനു ശ്രമിച്ചില്ല. 

കുട്ടികള്‍ സുഖമുള്ള ശല്യങ്ങളാണെന്നാണ് ഷീലേച്ചി പറയാറ്.

'പെറാന്‍ പോന്ന ശരീരം ഹസ്തിനികളുടേതാണ്.' അവള്‍ അറിയാതെ പറഞ്ഞുപോയി.

'ഹസ്തിയോ? എന്തോന്നത്?' ഷീലേച്ചി കണ്ണു മിഴിച്ചു.

അവള്‍ നാവു വിഴുങ്ങി. ഷീലേച്ചി തുടര്‍ന്നു: 'നീ കണ്ടോ, ജംഗ്ഷനില്‍ പുതിയ ജിം തുറന്നത്? പെണ്ണുങ്ങള്‍ക്കും ഉണ്ട്. ഞാന്‍ ചേര്‍ന്ന് കേട്ടോ. നീയും വാ.'

'ജിമ്മില്‍ പോയി അടിച്ചുതീര്‍ക്കാനായി ഈ എല്ലിന്‍ തോലില്‍ എന്തിരിക്കുന്നു!'

'അയ്യോ അതങ്ങനല്ല പെണ്ണേ, ഇന്നലെ അവിടത്തെ ട്രെയിനര്‍ ഞങ്ങക്ക് അര മണിക്കൂര്‍ ക്ലാസ് എടുത്തു, കച്ചോടം പിടിക്കാനാ, അത് നമ്മക്കറിയാം. എന്നാലും കേട്ടിരുന്നുപോവും കേട്ടോ. നിന്നെപ്പോലൊള്ള പെണ്ണുങ്ങക്കും വരാന്ന്.'

'എന്തിന്? എത്ര കളഞ്ഞാലും ചേച്ചിയുടെ കൊച്ചിന് നുള്ളാന്‍ ഇത്തിരി ചതയെങ്കിലും ബാക്കി കാണും ഈ വയറ്റത്ത്. ഞാനൊക്കെ പോയാ അസ്തി മാത്രമായി ഇറങ്ങിവരും.'

മെലിഞ്ഞവര്‍ക്ക് ശരീരപുഷ്ടി വര്‍ദ്ധിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടെന്ന ഷീലയുടെ വാഗ്ദാനത്തില്‍ അവള്‍ ആകൃഷ്ടയായി. പ്രോട്ടീന്‍ പൗഡര്‍, ബാലന്‍സ്ഡ് ഡയറ്റ്, ശരീരം ബലപ്പെടുത്താനുള്ള വ്യായാമങ്ങള്‍, അതിനുള്ള ഉപകരണങ്ങള്‍ അങ്ങനെ എന്തെല്ലാം! അവള്‍ വൈകുന്നേരങ്ങളില്‍ ഷീലക്കൊപ്പം ജിമ്മിലെ സാഹസങ്ങളില്‍ മുഴുകി. പല രാത്രികളിലും ക്ഷീണം കാരണം മുരളി മാഷിന്റെ തഴുകലില്‍ മരവിച്ച് അവളുറങ്ങി. 

ഡംബല്‍ ഉയര്‍ത്തുമ്പോള്‍ മെല്ലിച്ച കൈകളെ നോക്കി പുച്ഛിച്ച പലരോടുമുള്ള വാശിയില്‍ അവളുടെ പേശികള്‍ തിണര്‍ത്തു വന്നു. ഏതോ നിഗൂഢ അറകളില്‍ ഒളിച്ചിരുന്നവരെപ്പോലെ ശരീരത്തില്‍ അങ്ങിങ്ങായി പേശികള്‍ മുഴച്ചുപൊന്തി. ഒരു മാസം പിന്നിട്ടപ്പോള്‍, ഷീലയുടെ ഭാരത്തില്‍നിന്ന് മൂന്ന് കിലോ നഷ്ടമാവുകയും അവളുടെ തൂക്കത്തില്‍ രണ്ടു കിലോ കൂടുകയും ചെയ്തു. പ്രോട്ടീന്‍ കൂടിയ ഭക്ഷണശൈലിയാണ് കാരണമെന്ന് ഷീല പറയുമ്പോഴും അവള്‍ ജിമ്മിലെ വിചിത്രമുഖമുള്ള ഉപകരണങ്ങളെ ഓരോന്നായി നോക്കുകയായിരുന്നു. പലതിന്റേയും പേരറിയില്ലെങ്കിലും എല്ലാറ്റിനേയും ഒരാവര്‍ത്തി അവള്‍ പുല്‍കിയിട്ടുണ്ട്. ബൈസെപ്‌സും െ്രെടസെപ്‌സും ചെസ്റ്റും വികാസം കൊണ്ടു. അമ്മയുടെ ച്യവനപ്രാശത്തിനും പഴങ്കഞ്ഞിക്കും കഴിയാത്ത എന്തത്ഭുതമാണ് ഇവിടെ പ്രവര്‍ത്തിച്ചത്! ഒരു മണിക്കൂര്‍ എന്നത് കൂടുതല്‍ ഫീസ് നല്‍കി രണ്ടു മണിക്കൂറിലേക്ക് വര്‍ദ്ധിപ്പിച്ചിട്ടും അവള്‍ക്കു തൃപ്തിയടഞ്ഞില്ല. രാത്രി ജിം അടയ്ക്കും വരെ ഓരോ ഉപകരണങ്ങളില്‍ കയറിയിറങ്ങി അവിടെ കൂടാന്‍ അവള്‍ ഇഷ്ടപ്പെട്ടു. 

രണ്ടാം മാസത്തില്‍ മുരളി മാഷിന്റെ വിരലുകള്‍ക്ക് വഴങ്ങാതെ അവളുടെ ശരീരം ദൃഢത പൂണ്ടു. തുടകളുടെ മുഴപ്പില്‍ അമര്‍ത്തി അയാള്‍ പറഞ്ഞു: 'ഇനി നിനക്ക് ഒരിക്കലുമൊരു പദ്മിനിയാകാനാവില്ല. നിന്റെ പേശികളില്‍ ഒരു ശംഖിനിയുടെ ദൃഢതയാണുള്ളത്.' ശംഖിനികള്‍ കായികശേഷിയുള്ളവരാണ്, കെട്ടുറപ്പുള്ള ശരീരവും പരുക്കന്‍ ചര്‍മ്മവും നീണ്ട കൈകാലുകളും ഉള്ളവര്‍. അവര്‍ നടക്കുമ്പോള്‍ ഭൂമിക്കു പ്രഹരമേല്‍ക്കും, വീര്യവും ചുറുചുറുക്കുമുള്ള എന്തിനും പോന്നവര്‍. തന്നില്‍നിന്ന് ഊര്‍ന്നിറങ്ങിയൊരു പുരുഷശരീരത്തെ കിടക്കയില്‍ ഉപേക്ഷിച്ച് എങ്ങോ പോയൊരുവളായി മുരളിമാഷ് അവളെ കണ്ടു. പല തിങ്കളാഴ്ചകളിലും അയാള്‍ ഭാര്യയുടെ അടുക്കല്‍നിന്നും മടങ്ങാതായി. എന്നാല്‍, കിടക്കയില്‍ പൊഴിഞ്ഞുവീഴാറുള്ള ആ നെഞ്ചുങ്കുഴിയിലെ നരച്ച രോമങ്ങളുടെ അഭാവം അവളെ ബാധിച്ചതേയില്ല.

അവളുടെ അഞ്ചടി എട്ടിഞ്ച് നീളമുള്ള ഉടലിലെ ഓരോ രോമവും ആസക്തി പൂണ്ടത് ജിം എന്ന മാന്ത്രികതയോടു മാത്രമായിരുന്നു. മൂന്ന് മാസത്തെ പരിശ്രമത്താല്‍ ശരീരമാസകലം ദൃഢസന്ധികള്‍ പെരുകി. ആകൃതിപൂണ്ട ശരീരത്തെ സ്പര്‍ശിക്കാനായി അവള്‍ അമ്മയുടെ വിരലുകളിലേക്ക് ഓരോ ശരീരഭാഗങ്ങള്‍ എടുത്തുവച്ചു. പാതിയടഞ്ഞ ആ കണ്‍കോണുകളില്‍നിന്ന് ഊറിവന്ന നീര് അവള്‍ തുടച്ചെടുത്തില്ല. അമ്മ നനഞ്ഞോട്ടെ, ഒരു ജന്മം കുതിരാനോളം നനഞ്ഞോട്ടെ. 

വാട്‌സ്ആപ് സ്റ്റാറ്റസുകളില്‍ അവള്‍ തന്റെ പുതുക്കിയ ശരീരം പോസ്റ്റ് ചെയ്തപ്പോള്‍ ബന്ധുലോകം ചെറുതായി ഇളകി. സ്ലീവ്‌ലെസ് ടോപ്പിട്ട അപ്‌ഡേറ്റില്‍ കണ്ടത് അവളാണോ എന്നു സംശയിച്ച് പിംഗ് ചെയ്തവര്‍ പോലുമുണ്ടായി. വിവരമന്വേഷിച്ചു വന്ന അമ്മാവനോട് അമ്മയുടെ വിരലുകള്‍ പ്രതികരിച്ചില്ല. ചിറ്റമ്മയോടും അത് അനക്കമിട്ടില്ല. 

പഴയ വീട് പുതുക്കിപ്പണിയുമ്പോള്‍ ചില ചുമരുകള്‍ ഇടിച്ചുടയ്ക്കും, മറ്റു ചിലത് പൊക്കിയുയര്‍ത്തും, തുറന്ന വാതിലുകള്‍ അടയ്ക്കപ്പെടുകയും അടഞ്ഞ കെട്ടുകള്‍ തുറക്കപ്പെടുകയും ചെയ്യും. വീട് അഴിഞ്ഞഴിഞ്ഞു മറ്റൊന്നാകുന്നു. ഓരോ തവണ ജിമ്മിലെ ട്രെയിനര്‍ ബയോമെട്രിക് അളവുകള്‍ എടുക്കുമ്പോഴും അവളിലെ പേശികളുടെ ഭാരം കൊഴുപ്പിന്റെ ശതമാനത്തേക്കാള്‍ ഉയര്‍ന്നുനിന്നു. ആരോഗ്യമുള്ളൊരു 'പെര്‍ഫെക്ട് ബോഡി'യുടെ ലക്ഷണമാണതെന്ന് ട്രെയിനര്‍ സാക്ഷ്യപ്പെടുത്തിയപ്പോള്‍, 'പെര്‍ഫെക്ട്' എന്ന വാക്ക് ചുണ്ടിനു കീഴില്‍ വെച്ചവള്‍ രുചിച്ചിറക്കി. മുപ്പത്തിരണ്ട് വേനലും വര്‍ഷകാലവും പിന്നിട്ട ശരീരത്തിനു ലഭിച്ച ആദ്യ അംഗീകാരം! ആവേശത്താല്‍ അവള്‍ ട്രെയിനറെ കെട്ടിപ്പിടിച്ചു ചുംബിച്ചു. മടങ്ങിയെത്തിയ മകളുടെ ആമോദക്കണ്ണീര്‍ കണ്ട് അമ്മ അഞ്ചു വിരലും ചേര്‍ത്ത് കിടക്കവിരി ചുരുട്ടിപ്പിടിച്ചു. വികാര മൂര്‍ച്ഛയില്‍ അവരുടെ വയര്‍ ഉയര്‍ന്നുതാഴുന്നത് കണ്ടവള്‍ ഏങ്ങിയേങ്ങി കരഞ്ഞു. 

മുരളി മാഷിന്റെ ഭാര്യ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു. അവര്‍ ജോലിയില്‍നിന്നു നീണ്ട അവധിയെടുത്തതാണെന്നും അതല്ല, രോഗിണിയായതിനാല്‍ ജോലി ഉപേക്ഷിച്ചതാണെന്നും രണ്ടു മതം പ്രചരിച്ചു. കുറുകിയ ശരീരവും ഉടഞ്ഞ കവിളും മലര്‍ന്ന ചുണ്ടുമുള്ള അവര്‍ പദ്മിനിയോ ചിത്രിണിയോ ഹസ്തിനിയോ ശംഖിനിയോ ആയിരുന്നില്ല. മാഷ് ഏതു കളത്തില്‍ നിര്‍ത്തിയാവും അവരെ ഭോഗിക്കുന്നുണ്ടാവുക! 

ഇരുട്ടില്‍ പ്രാപിക്കുന്ന തന്റെ ശരീരത്തിലേക്ക് അയാളിനി മടങ്ങില്ലെങ്കിലും ഒരു നാള്‍ അയാള്‍ക്കു മുന്നില്‍ തന്റെ പുതുശരീരം (ഈ പെര്‍ഫെക്ട് ബോഡി) അനാവരണം ചെയ്യാനവള്‍ കൊതിച്ചു. തുണിയഴിച്ച് കാട്ടുക എന്ന അവഹേളന സമരമുറ! 

മുരളി മാഷിന്റെ വീട്ടില്‍ പാചകത്തിനു പോകുന്നത് ഷീലയുടെ വീട്ടിലെ സഹായി ബിന്ദു ആണ്. മാഷിന്റെ ഭാര്യക്ക് ഡിസ്‌കിനു തകരാറാണ്, ആറ് മാസമായി കട്ടിലുമായി അവര്‍ അഗാധ ബന്ധത്തിലാണ്. അരി വാര്‍ക്കാനും പച്ചക്കറി അരിയാനും മാഷ് സഹായിക്കുമത്രെ! നാണത്തോടെയാണത് ഷീലയോട് ബിന്ദു പറഞ്ഞത്. മുരളി മാഷിന്റെ പേര് കാക്കാന്‍ അവളോളം സമ്മര്‍ദ്ദം ബിന്ദു ചുമക്കുന്നില്ലെന്നത് വ്യക്തം. മാഷിന്റെ സഭ്യത ബിന്ദുവിന്റെ കള്ളച്ചിരിയില്‍ മുങ്ങി മഞ്ഞ പൂണ്ടു. അപ്പോഴും ഭാര്യ എന്ന കിടക്കജീവിയുണ്ടായിരുന്നു വായ പൂട്ടി മാഷിന്റെ മാന്യത സംരക്ഷിക്കാന്‍. ബിന്ദുവുമായി അവയവ താരതമ്യം ചെയ്യുന്നതില്‍ പ്രസക്തിയുണ്ടെന്ന് അവള്‍ക്ക് തോന്നിയില്ല. അവളിപ്പോള്‍ ആരുമായും അവളെ ഒത്തുനോക്കാറില്ല. അതിനുള്ള സാധ്യതകള്‍ മറ്റൊരു പെണ്ണുടലില്‍ കണ്ടെത്താനാകുന്നുമില്ല. 

പത്രവാര്‍ത്തയിലെ പെണ്‍കരുത്തിന്റെ രഹസ്യം വൈകിയെങ്കിലും അവള്‍ക്കു മുന്നില്‍ ചുരുളഴിഞ്ഞു  ഒരുപക്ഷേ, 
ആ പെണ്‍കുട്ടിയും അവളെപ്പോലൊരു പെര്‍ഫെക്ട് ബോഡിക്ക് ഉടമയായിരുന്നിരിക്കണം. കരുത്ത് തെളിയിക്കാനുള്ള അവസരങ്ങള്‍ക്കായി അവള്‍ കാത്തിരുന്നു. പഞ്ചായത്തിലേക്ക് പോകുമ്പോള്‍ അവളൊരു മാല മോഷ്ടാവിനോ അക്രമിക്കോ വേണ്ടി കൊതിച്ചു. അമ്മയ്ക്കുള്ള മരുന്നു നല്‍കി ഇരുട്ട് കനക്കുന്നതും കാത്ത് അവളിരിക്കും. പണ്ടെങ്ങോ എരിഞ്ഞടങ്ങിയ മുരളി മാഷിന്റെ രാത്രികള്‍ക്ക് ബദലായുള്ള പുതു രാത്രികള്‍ക്കായി അവള്‍ ഉള്ളില്‍ കനല്‍ നീറ്റി കാത്തിരിക്കും. മാഷ് വന്നു ജനാലയില്‍ മുട്ടാറുള്ള നേരമടുക്കുമ്പോള്‍ അവള്‍ വാതില്‍ പൂട്ടിയിറങ്ങും. സിറ്റിയിലേക്കുള്ള ലാസ്റ്റ് ബസ് പിടിക്കും. തെരുവുകളില്‍ ആളൊഴിയും വരെ ഏതെങ്കിലും ബസ് സ്‌റ്റോപ്പില്‍ ചടഞ്ഞിരിക്കും. കടകളില്‍ ഷട്ടറുകള്‍ വീണുതുടങ്ങുമ്പോള്‍ അവള്‍ നടന്നുതുടങ്ങും. ട്രാക്ക് പാന്റ്‌സും ഹുഡിയും ധരിച്ച് കൈകള്‍ പോക്കറ്റിലാഴ്ത്തി തലകുനിച്ച് ഇരുട്ടു നല്‍കുന്ന സുരക്ഷിതത്വത്തിലേക്ക് അവള്‍ ഊളിയിടും. തിരിച്ചറിയപ്പെടാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഏറ്റവും നല്ല സുരക്ഷാ സംവിധാനമാകുന്നു ഇരുട്ട്. 

ടാറിട്ട റോഡില്‍ ഷൂസിന്റെ സോള്‍ അമരുമ്പോള്‍ അതൊരു കറുത്ത പരവതാനിയായി അവളെയേറ്റി ഉയര്‍ന്നുപൊങ്ങി. ഭൂമിയില്‍നിന്ന് ഒരടി ഉയരത്തിലാണ് താന്‍ സഞ്ചരിക്കുന്നത്, അതുകൊണ്ടാണ് മറ്റുള്ളവര്‍ കാണുന്നതിനേക്കാള്‍ വ്യക്തമായി എല്ലാം കാണാനാവുന്നത്. ജനം വറ്റിത്തുടങ്ങിയ പാതകളിലൂടെ നായസംഘങ്ങള്‍ വിജയാഘോഷം നടത്തുന്നു. അവരാരും അവളില്‍ തല്പരരായിരുന്നില്ല. ഒരു പ്രേതം അരികിലൂടെ ഇളംകാറ്റ് പോല്‍ മിന്നിമായുന്ന പ്രതീതി പോലും അവള്‍ അവരില്‍ ജനിപ്പിച്ചില്ല. കൂട്ടത്തില്‍ ഒരു നായ അല്പനേരം കണ്ണ് മിഴിച്ചു നോക്കി. അവളറിയാതെ അവന്‍ അവളുടെ നടപ്പിന്റെ ചടുലതയില്‍ ലയിച്ചു. ഇരുട്ടില്‍ തിളങ്ങുന്ന കണ്ണുകളില്‍ അവളൊന്നു തിരിഞ്ഞുനോക്കുമെന്ന പ്രതീക്ഷ മിന്നുന്നുണ്ടായിരുന്നു. കണ്‍മറയും വരെ അവനവളെ നോക്കിനിന്നു, കൂട്ടുകാര്‍ പോയെന്നു കണ്ടപ്പോള്‍ അവന്‍ അവര്‍ക്കു പിന്നാലെ കുരച്ചുകൊണ്ടോടി. അവന്റെ കുരയില്‍ അവള്‍ ഞെട്ടിത്തിരിഞ്ഞു. എന്നെയാണോ എന്ന ഭാവേനയുള്ള നോട്ടത്തോട് ഇടയാന്‍ അവനവിടെ ഉണ്ടായിരുന്നില്ല. തട്ടുകടകള്‍ക്കു മുന്നിലൂടെ നടക്കുമ്പോള്‍ ആരും അവളെ ശ്രദ്ധിച്ചില്ല, ആളുകള്‍ ഇരുട്ട് കൂട്ടി ഓംലറ്റു തിന്നുന്നു. കട്ടന്‍ കുടിച്ചും പുകച്ചും അവര്‍ വാഹനങ്ങളില്‍ കയറി യാത്രയാകുന്നു. ഒരു കൂട്ടം ആണ്‍പെണ്‍ സൗഹൃദങ്ങള്‍ ഭക്ഷണട്രക്കിനു മുന്നില്‍ 'ചില്‍' ചെയ്യുന്നു. അവള്‍ ചെവി കൂര്‍പ്പിച്ചു  ഉള്ളിലെ ലഹളകള്‍ പുറത്തു ചാടുന്ന വേളകളില്‍ യുവത്വം എന്തായി മാറുന്നുവെന്നറിയാന്‍. 

ഒരു കപ്പലണ്ടി കച്ചവടക്കാരന്‍ വണ്ടിയുമുരുട്ടി നിശബ്ദനായി പോകുന്നു. വൈകുന്നേരങ്ങളില്‍ ഈ തമിഴന്‍ ചട്ടുകം കൊട്ടി 'കപ്ലാണ്ടി കപ്ലാണ്ടി' എന്നു കൂവുന്നത് അവള്‍ കേട്ടിട്ടുണ്ട്. ചുട്ട മണലില്‍ മൊരിയുന്ന കപ്പലണ്ടിയുടെ പ്രാണപ്പിടച്ചിലും ചട്ടുകം കൊട്ടിയുള്ള വിളിയും ഇല്ലാതെ നിശബ്ദനായി പോകുന്ന കപ്പലണ്ടിക്കാരനെ കണ്ടപ്പോള്‍ അവള്‍ ഇരുട്ടിനെ സ്തുതിച്ചു. രാത്രി എല്ലാറ്റിനേയും നിശബ്ദതയുടെ കറുപ്പില്‍ കഴുകി ശുദ്ധമാക്കുന്നു, പകല്‍ അവയെ കോലാഹലനിറങ്ങളില്‍ ചാലിക്കുന്നു. 

അവള്‍ നടപ്പിനിടെ അങ്ങിങ്ങായി നിലയുറപ്പിക്കും  ആട്ടോ സ്റ്റാന്റ്, ബസ് സ്‌റ്റോപ്, തട്ട് കട... ആളുകള്‍ ഒന്നു നോക്കി പിന്‍വാങ്ങുന്നതല്ലാതെ ആരും അക്രമകാരികളായി രൂപം മാറിയില്ല. അക്രമികളെ അന്വേഷിച്ച് അലയുന്നൊരു പെണ്‍പിടപ്പ് ഈ നഗരത്തില്‍ ആദ്യമായാവും ജന്മം കൊണ്ടിട്ടുണ്ടാവുക. റെയില്‍വേ സ്‌റ്റേഷനിലേക്ക് കയറുന്ന ഇടത്തൊരു ഇലക്ട്രിക്ക് പോസ്റ്റില്‍ ചാരി നിന്നപ്പോള്‍ ഒരുവന്‍ 'പോരുന്നോ' എന്ന് ആംഗ്യം കാട്ടി, തിരിഞ്ഞുനിന്നു നിസ്സഹകരണം പ്രഖ്യാപിച്ചപ്പോള്‍ അയാള്‍ പിന്‍വാങ്ങി.

അടുത്ത രാത്രി അവള്‍ പോയ രാത്രിയെ പുനരാവിഷ്‌കരിച്ചു. തുടര്‍ന്നുള്ള യാമങ്ങളില്‍ അവള്‍ തിരക്കുള്ള ഇടങ്ങള്‍ ഒഴിവാക്കി ഏകാന്തമായ കോണുകള്‍ തിരഞ്ഞെടുത്തു. വിജനമായ വളവുകള്‍, ആളൊഴിഞ്ഞ കവലകള്‍, പണിതീരാത്ത കെട്ടിടങ്ങള്‍... രാത്രികള്‍ അവളെ സങ്കോചമില്ലാതെ സ്വീകരിച്ചു. ചില സൂക്ഷ്മ ദൃഷ്ടികള്‍ വന്നുപതിച്ചതല്ലാതെ ആരും തൊട്ടു നോവിച്ചില്ല. പത്രത്തിലെ പെണ്ണിനെ ഉപദ്രവിച്ച അക്രമികളും അമ്മയുടെ മാല മോഷ്ടാവും അവളെ തേടി വരാത്തതെന്തേ? പത്രക്കെട്ടുമായി ഏജന്റുമാര്‍ തെരുവിലേക്ക് ഇറങ്ങും മുന്‍പ് അവള്‍ വീടെത്തും. ട്രാക്ക് പാന്റ്‌സും ജാക്കറ്റും മാറ്റി ചുരിദാര്‍ ഇട്ടുവന്ന് അമ്മയെ നോക്കും. 

കാനായി കുഞ്ഞിരാമന്റെ യക്ഷിയെ നോക്കുമ്പോല്‍ പലരും അവളെ കണ്ണുഴിഞ്ഞു. യക്ഷികളെ നോക്കാമെന്നല്ലാതെ പൂണ്ടടക്കി പിടിക്കാനാവില്ലല്ലോ. ആരും അവളെ സ്പര്‍ശിച്ചില്ല. മാതൃഭാവത്തില്‍നിന്നു മോചിതയായ പൂതനയെപ്പോലെ അവള്‍ സ്വത്വത്തെ ആലിംഗനം ചെയ്യുന്ന നിമിഷങ്ങളാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. 

യാത്ര പത്ത് ദിവസങ്ങള്‍ പിന്നിട്ടു, പല പ്രഭാതങ്ങളിലും മടങ്ങുമ്പോള്‍ നിരാശയുടെ ജലകണികകള്‍ അവളുടെ കവിള്‍ നനച്ചിരുന്നു. 

അന്നു രാത്രി അവസാന സിനിമ കഴിഞ്ഞ് തെരുവൊഴിഞ്ഞ നേരം അവള്‍ക്കു പിന്നില്‍ ഒരു പൊലീസ് വാഹനം ഹോണ്‍ മുഴക്കി. വെളിച്ചം കണ്ണുകളെ അര്‍ദ്ധാന്ധതയില്‍ മുക്കിയതിനാല്‍ വാഹനത്തിന്റെ പിങ്ക് നിറം മാത്രം കണ്ടു. പിങ്ക് പൊലീസ് എന്ന് അക്ഷരം കൂട്ടി വായിച്ചപ്പോള്‍ വണ്ടി അരികിലെത്തി നിന്നു. 

ഉള്ളില്‍ നിന്നൊരു ചിലമ്പിച്ച ശബ്ദം: 'എവിടേക്കാണ്? കൊണ്ട്‌വിടണോ?'

അവള്‍ പറഞ്ഞു: 'എവിടേക്കുമല്ല.' 

'ഈ സമയത്ത് ചുമ്മാ കറങ്ങിനടക്കരുതെന്ന് അറിഞ്ഞൂടെ?'

'ഈ സമയത്ത് ചുമ്മാ കറങ്ങാന്‍ നിങ്ങളൊക്കെയല്ലേ അവസരം ഉണ്ടാക്കി തരേണ്ടത്?'

'നീ ആള് കൊള്ളാമല്ലോ? പേര് പറ, ഐ ഡി വല്ലതും കയ്യിലുണ്ടോ?'

പോക്കറ്റില്‍ കയ്യിട്ടു നിന്നതല്ലാതെ അവള്‍ അനങ്ങിയില്ല. 

'റിസ്‌ക്ക് ആണെന്ന് അറിഞ്ഞുകൂടേ? ഓരോന്ന് ഒപ്പിച്ചിട്ട് ഞങ്ങക്ക് പണിയുണ്ടാക്കാനായിട്ട്...'

മുന്നോട്ടു നടന്നുനീങ്ങിയ അവള്‍ക്കു പിന്നാലെ വണ്ടി ഉരുണ്ടു. ഹോണ്‍ മുഴങ്ങി. അവള്‍ കേള്‍ക്കാത്ത മട്ടില്‍ കാലടികളില്‍ മാത്രം ശ്രദ്ധിച്ച് വേഗത്തില്‍ നടന്നു.

'നിക്കെടീ, നീ ഇത്തിരി പെശകാണല്ലോ.' അവര്‍ ഡോര്‍ തുറന്നു വന്ന് അവളെ പിടിച്ച് വണ്ടിയോടു ചേര്‍ത്തുനിര്‍ത്തി. ഉള്ളിലേക്കു നോക്കി മറ്റൊരു വനിതാ പൊലീസിനെ വിളിച്ച് അവളെ പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചു.

'വല്ല കഞ്ചാവോ എം.ഡി.എം.എയോ കടത്തുവാണോടി, നിന്നെ ഈ പരിസരത്തു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ടവരുണ്ട്.'

അവര്‍ അവളുടെ ഇരു പോക്കറ്റിലും കയ്യിട്ടു നോക്കി. ശേഷം ജാക്കറ്റ് ഊരി പരിശോധിച്ചു. 

'എനിക്ക് പോണം, എന്നെ വിട്ടേക്ക്...' അവള്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

'ഇങ്ങനെ സംശയാസ്പദമായി കാണുന്നവരെ ഞങ്ങളങ്ങനെ വെറുതെ വീടാനോ? ആണുങ്ങള്‍ മാത്രമല്ല, പെണ്ണുങ്ങളുമുണ്ട് കച്ചവടത്തില്‍ കാരീയര്‍മാര്‍, മര്യാദക്ക് കേറു പെണ്ണേ...'

അവര്‍ അവളെ ഉന്തി ജീപ്പില്‍ കയറ്റി. സ്‌റ്റേഷനു മുന്നില്‍ ഒരു ബെഞ്ചില്‍ ഇരിക്കാന്‍ പറഞ്ഞിട്ട് അവര്‍ അകത്തേക്ക് കയറിപ്പോയി. സുഖമില്ലാത്ത അമ്മ മാത്രമുള്ള ഒരു പാവം പെണ്ണാണ് താന്‍ എന്ന പരിദേവനത്തിനൊന്നും അവള്‍ തയ്യാറായില്ല. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ പലരുടെയും മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു. സിനിമകളില്‍ പതിവുള്ള പൊലീസ് സ്‌റ്റേഷന്‍ ചോദ്യം ചെയ്യല്‍ സീനിലേക്ക് കണ്ണും നട്ടവള്‍ കാത്തിരുന്നു. ആരും വന്നില്ല, അവളെന്നൊരു ജീവിയെ ആരും ഗൗനിച്ചില്ല. അടുത്ത ബെഞ്ചില്‍ ഒരു ഉമ്മ ഇരിപ്പുണ്ട്. അല്പം കഴിഞ്ഞപ്പോള്‍ അവര്‍ ആ ബെഞ്ചിലേക്ക് ചെരിഞ്ഞു. അവരുടെ മകന്‍ ലോക്കപ്പിലാണ്. 

അവള്‍ക്കിപ്പോള്‍ ഉറക്കമിളച്ച് ശീലമാണ്, ആദ്യമാദ്യം മുരളി മാഷിനുവേണ്ടി, ഇപ്പോള്‍ അവള്‍ അവള്‍ക്കായി ഉറക്കമൊഴിയുന്നു. രാത്രിയുടനീളം പലരും വന്നുപോയി. നേരം വെളുത്തു തുടങ്ങിയപ്പോള്‍, മറ്റൊരു പൊലീസുകാരി അവളോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞു. അവര്‍ അകത്തേക്ക് പോയപ്പോഴും അവള്‍ ആ നില്‍പ് തുടര്‍ന്നു. ഏകദേശം പതിനഞ്ച് മിനിറ്റ് കഴിഞ്ഞവര്‍ പുറത്തേക്ക് വന്നപ്പോഴും അവള്‍ അതേ നിലയില്‍ തന്നെ. 'പോ പോ' എന്നവര്‍ കൈ വീശി ആംഗ്യം കാട്ടി. 'ഇത്രയേ ഉള്ളോ' എന്ന ഭാവത്തില്‍ നോക്കിയപ്പോള്‍ ഉറങ്ങുകയായിരുന്ന ഉമ്മ അവളോട് ഓടിക്കോളാന്‍ കണ്ണുകാട്ടി. അവള്‍ പടിയിറങ്ങി. ആദ്യത്തെ ബസിനു വീട്ടുനടയിലെത്തി. അകത്തേക്ക് പ്രവേശിച്ചപ്പോള്‍ അമ്മ ഉണര്‍ന്നു കിടക്കുന്നു. അവള്‍ അമ്മയെ നോക്കാതെ കുളിമുറിയിലേക്ക് കയറി, രാത്രിയുടെ കറുപ്പ് കഴുകി കളഞ്ഞതിനുശേഷം അമ്മയ്ക്കരികില്‍ ഇരുന്നു. അവരുടെ ദേഹത്ത് തലവച്ച് കുറച്ചു നേരം മയങ്ങി. ഇത്രയും ദിവസത്തെ രാത്രി യാത്രകളില്‍ അവളെ ശ്രദ്ധിച്ചതും സംവദിച്ചതും ഇന്നലെ കണ്ട വനിതാ പൊലീസ് മാത്രമാണെന്ന സത്യത്തില്‍ നിന്നുതിര്‍ന്ന ഖേദം അമ്മയുടെ ശരീരത്തിലേക്ക് അവള്‍ ഒഴുക്കിവിട്ടു.

രാവിലെ പഞ്ചായത്തിലേക്ക് പോകും വഴി ജിമ്മിനു മുന്നില്‍ വലിയൊരു ആള്‍ക്കൂട്ടം കണ്ടു. തിരക്ക് വകഞ്ഞുനോക്കുമ്പോള്‍ മുന്നില്‍ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഷീലേച്ചിയും മറ്റുമുണ്ട്, അവര്‍ ജിമ്മിലെ ട്രെയിനറുമായി സംസാരിക്കുന്നു. കൂടിനിക്കുന്നവര്‍ പറയുന്നു: 'ആരാണെന്നു കണ്ടുപിടിക്കണേല്‍ പൊലീസ് വരണം.' 

'ഇപ്പൊ എത്തും, പ്രസിഡന്റ് വിളിച്ചിട്ടുണ്ട്.' 

കാണുന്നത് യാഥാര്‍ത്ഥ്യമോ എന്ന അവിശ്വസനീയതയില്‍ അല്പനേരം തരിച്ചുനിന്നു. അവളുടെ ആത്മവിശ്വാസത്തിന്റേയും ആരോഗ്യത്തിന്റേയും സൗന്ദര്യത്തിന്റേയും ഉറവിടം, അതാ കരിഞ്ഞുകറുത്ത് നില്‍ക്കുന്നു. ജിമ്മിലേക്കു പ്രവേശനം നിരോധിച്ചിരുന്നു, ഒറ്റക്കാലില്‍ ഉയര്‍ന്നു നിന്നവള്‍ ഉള്ളിലേക്കു പാളിനോക്കി. കരിപുരണ്ട ഡംബലുകള്‍ അവയുടെ ചുവപ്പും വയലറ്റും നിറങ്ങളോട് വിടപറഞ്ഞ് അനാഥമായി കിടക്കുന്നു. നിലത്ത് വിരിച്ചിരുന്ന കാര്‍പെറ്റ് അപ്പാടെ കത്തി നാശമായിരിക്കുന്നു. ചുമരില്‍ പതിച്ചിരുന്ന ബോഡി ബില്‍ഡേഴ്‌സ് ആയ സ്ത്രീകളുടേയും പുരുഷന്മാരുടേയും എണ്ണമിനുപ്പുള്ള ശരീരങ്ങള്‍ ചാരമായി പറന്നെങ്ങോ പോയി. അവള്‍ക്ക് തല ചുറ്റി. 

ട്രെയിനറോടുള്ള വ്യക്തിപരമായ വൈരാഗ്യത്തില്‍ ആരോ ചെയ്തതെന്ന് ഒരു ഭാഷ്യം. മറ്റൊന്ന് ഏതോ സാമൂഹിക വിരുദ്ധരുടെ പണി എന്നതും.

'എനിക്കറിയില്ല...' ഒറ്റവാക്കിന്റെ തകര്‍ച്ചയില്‍ ട്രെയിനറുടെ മറുപടി. 

തലകുമ്പിട്ട നില്‍പ്പില്‍ തോളിലെ മുഴുത്ത മസിലുകള്‍ക്കുപോലും ഇടിവ് സംഭവിച്ചതുപോലെ. നിവര്‍ന്ന നടുപുറം ആദ്യമായി വളഞ്ഞു കണ്ടു. മറ്റൊരു നാട്ടില്‍നിന്നും വന്നു മുറി വാടകയ്‌ക്കെടുത്തു പുതിയ സംരംഭം തുടങ്ങിയ മനുഷ്യന്‍ ചെറിയ കാലയളവില്‍ ഇത്രയും വൈരാഗ്യബുദ്ധിയുള്ള ശത്രുക്കളെ ആകര്‍ഷിക്കുകയോ! അവള്‍ക്കു സംശയമായി. 

സിറ്റിയുടെ പ്രാന്തപ്രദേശത്തുള്ളൊരു പഞ്ചായത്തില്‍ ജിം തുടങ്ങുകയെന്നാല്‍ അതിലുമുണ്ട് ആപല്‍ശങ്ക. കണ്ണാടിക്കൂട്ടിനുള്ളില്‍ വര്‍ണ്ണബള്‍ബുകള്‍ തെളിച്ച് ആയുര്‍ ഭിക്ഷുക്കളെ ആകര്‍ഷിക്കാന്‍ പോന്ന ആരോഗ്യനികേതനങ്ങള്‍ സിറ്റിയില്‍ എമ്പാടുമുണ്ട്. ആരുമൊന്ന് എത്തിനോക്കി പോകുംവിധം മനോഹരമായി ഡിസൈന്‍ ചെയ്ത അഭ്യാസക്കളരികള്‍ വൈവിധ്യമാര്‍ന്ന ഡയറ്റ് പ്ലാനുകളുമായി പ്രലോഭിപ്പിച്ചു വലയെറിഞ്ഞു നില്‍ക്കുന്നു. അവിടേക്കൊന്നും വഴിമാറി സഞ്ചരിക്കാതെ എത്ര പ്രാഗത്ഭ്യത്തോടെയാണ് അയാള്‍ ആണും പെണ്ണും ചേര്‍ന്നൊരു സംഘത്തെ ഈ പഞ്ചായത്തില്‍ സ്വരുക്കൂട്ടിയത്!

പെണ്ണുങ്ങളും ആണുങ്ങളും ഒരുമിച്ച് വര്‍ക്ക്ഔട്ട് ചെയ്യുന്ന യൂണിസെക്‌സ് ജിം 'റിസ്‌ക്' ആണ് എന്നുള്ളത് ഉദ്ഘാടന ദിനത്തില്‍ പ്രസിഡന്റ് സൂചിപ്പിച്ചിരുന്നു. താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്നു പറഞ്ഞയാള്‍ അന്ന് പുഞ്ചിരിച്ചു. അല്പവസ്ത്രധാരികളായ ആണും പെണ്ണും അടഞ്ഞ മുറിക്കുള്ളില്‍ നടത്തുന്ന ആഭാസത്തരങ്ങള്‍ എന്ന ലേബല്‍ ആദ്യദിനം തന്നെ ആ സ്ഥാപനത്തിന്റെ ബോര്‍ഡില്‍ എഴുതാതെ എഴുതിച്ചേര്‍ത്ത പലരുമുണ്ട്. ചില നോട്ടങ്ങള്‍, അങ്ങിങ്ങായി പൊന്തിവരുന്ന കമന്റുകള്‍... പലപ്പോഴും ഷീലേച്ചി സൂചിപ്പിച്ചിട്ടുണ്ട്. അന്നവളതിലൊന്നും ശ്രദ്ധ കൊടുത്തില്ല. ഓരോ ദിവസവും മുഴച്ചുവരുന്ന മസിലുകള്‍ എണ്ണുമ്പോള്‍ നെഞ്ചിനുള്ളില്‍നിന്നു വിരിഞ്ഞുപറക്കുന്നൊരു കിളിക്കുഞ്ഞിന്റെ ഒച്ച മാത്രമായിരുന്നു അവള്‍ കേട്ടുകൊണ്ടിരുന്നത്. 

ദിവസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ സാമൂഹികവിരുദ്ധര്‍ തകര്‍ത്ത ജിം എന്ന ഖ്യാതിയോടെ ആ സ്ഥാപനത്തിനു കൊളുത്തിട്ടു. രാവിലെ പഞ്ചായത്തിലേക്ക് പോകുമ്പോള്‍ കരി പുരണ്ട ഷട്ടറിലേക്കൊന്നു പാളിനോക്കും. ഒരു പിടി ചോറ് കൂടുതല്‍ ഉണ്ടാല്‍ പുറത്തേക്ക് ചാടാന്‍ തയ്യാറായി നില്‍ക്കുന്ന വയറിനെക്കുറിച്ച് ഷീല വേവലാതിപ്പെട്ടു. വീട്ടില്‍ വര്‍ക്ക് ഔട്ട് തുടരാനുള്ള സമയമോ സാഹചര്യമോ ഇല്ലാത്തതിനാല്‍ അവര്‍ പഴയപടി പെരുകി. അതു കാണുമ്പോള്‍ തന്റെ അപ്രത്യക്ഷമാകുന്ന മസിലുകളെക്കുറിച്ച് അവള്‍ക്കും വേവലാതിയേറും. സോപ്പുരയ്ക്കുമ്പോള്‍ അവള്‍ ആ പഴയ നെടിയ പെണ്ണിനെ തൊട്ടറിഞ്ഞു. 

ഇടയ്ക്കിടെ മുരളി മാഷ് തെളിഞ്ഞുവരും, അയാളുടെ പുച്ഛച്ചിരിയില്‍ ജിമ്മിനെ എരിച്ച തീപ്പൊരിയുടെ മിന്നലാട്ടം കണ്ടതുപോലെ അവള്‍ക്കു തോന്നും. പെണ്ണുങ്ങള്‍ പദ്മിനിമാര്‍ ആയാല്‍ മതിയെന്ന തീരുമാനം ഇപ്പോഴും ആ മുഖത്ത് ദൃഢപ്പെട്ടു കിടപ്പുണ്ട്. 

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ക്രമേണ തന്റെ ഇടുപ്പ് അമ്മയുടെ നെടുകിയ ഇടുപ്പുമായി താദാത്മ്യം പ്രാപിക്കുന്നത് അവളറിഞ്ഞു. കൈകള്‍ അമ്മയുടേതുപോലെ കൊന്നത്തെങ്ങിന്റെ രൂപം പൂണ്ടു. രാത്രിസഞ്ചാരം നിലച്ചതോടെ അമ്മ കൂടുതല്‍ ഊര്‍ജ്ജസ്വലയായി. മുഖത്തൊരു രക്തപ്രസാദം. എന്നും രാത്രി അവള്‍ അമ്മയുടെ അരികില്‍ ഇത്തിരി സ്ഥലത്ത് ചുരുണ്ടുകൂടും. രണ്ടു നെടുരേഖകള്‍ക്ക് കിടക്കാന്‍ ഈ കിടക്ക ധാരാളം. അവളെ പെറ്റുകിടന്ന അതേ കട്ടില്‍. അമ്മയുടെ തളര്‍ന്ന കൈകള്‍ പൊക്കി അവള്‍ തന്റെ നെഞ്ചത്ത് അമര്‍ത്തിവച്ചു കിടക്കും. ആ രാത്രികള്‍ നല്‍കിയ സുഖത്തോളം മുരളി മാഷിന്റെ രാത്രികളോ രാത്രിസഞ്ചാരങ്ങളോ നല്‍കിയിട്ടില്ലെന്ന സത്യം ഒരു ജ്വാലാമുഖിയായി ഉള്ളില്‍ പുകഞ്ഞു. 

മഴ പെയ്തു തീര്‍ന്നതിന്റെ തുള്ളിച്ചകള്‍ കേള്‍ക്കുന്ന ഒരു രാത്രി. പുറത്തിരിക്കുന്ന ബക്കറ്റില്‍ ആസ്ബസ്‌റ്റോസ് ഷീറ്റില്‍നിന്നുള്ള വെള്ളം വാദ്യം പൊഴിക്കുന്നു. അവള്‍ അമ്മയുടെ വിരലുകളിലൂടെ വിരലിറക്കി.

'അമ്മേ ഞാന്‍ എന്തു തരം പെണ്ണാണ്?'

അവള്‍ അവരുടെ ഓരോ വിരലായി ഉയര്‍ത്തി ഓരോന്നിനും പേര് കൊടുത്തു തള്ള വിരല്‍ പദ്മിനി, ചൂണ്ടുവിരല്‍ ഹസ്തിനി, നടുവിരല്‍ ശംഖിനി, മോതിരവിരല്‍ ചിത്രിണി. അമ്മയുടെ വിരലുകളില്‍ തന്നെ ശ്രദ്ധവച്ചുകൊണ്ട് അവള്‍ ഒന്നുകൂടി ചോദിച്ചു: 'ഇതില്‍ ഞാനേത്?' 

അമ്മ ആദ്യം വിരലുകള്‍ കൂട്ടിപ്പിടിച്ചു, ശേഷം അഞ്ചാം വിരല്‍ ഉയര്‍ത്തി. ആ കുഞ്ഞന്‍ വിരല്‍ വിറച്ചുകൊണ്ട് ഉയര്‍ന്നുനിന്നു. അവള്‍ മാറാന്‍ തുനിഞ്ഞ എല്ലാ മാറ്റങ്ങള്‍ക്കും മറുപടിയായ ആ വിരലിനെ അവള്‍ ശക്തിയായി പിടിച്ചുറപ്പിച്ചു നിര്‍ത്തി. വിരലിന്റെ വിറ മാറിയപ്പോള്‍ അവളുടെ മനസ്സിനുള്ളില്‍ കാത്തുവച്ചിരുന്ന സ്വകാര്യ നിഘണ്ടുവിലെ പെര്‍ഫെക്ട് എന്ന വാക്കില്‍ കനത്തൊരു ചുവന്ന വര വീണുകഴിഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com