'കാന്താരിക്കടവ്'- സി. സന്തോഷ് കുമാര്‍ എഴുതിയ കഥ

ദാമ്പത്യത്തിന്റെ രണ്ടാംവര്‍ഷം ഭാര്യ ഇന്ദു വിവാഹമോചനം എന്ന ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചപ്പോള്‍ സഹദേവന് അത് ഭാരമേറിയ ഒരു കാര്യമായി തോന്നാതിരുന്നത് അവളുന്നയിച്ച സുവ്യക്തമായ കാരണം കൊണ്ടായിരുന്നു
'കാന്താരിക്കടവ്'- സി. സന്തോഷ് കുമാര്‍ എഴുതിയ കഥ

മുതിര്‍ന്നതിനുശേഷമുള്ള മനുഷ്യന്റെ പല പ്രവൃത്തികളും കുട്ടിക്കാലത്തിന്റെ മായികതയെ തിരിച്ചുപിടിക്കുക എന്ന ഗൂഢോദ്ദേശ്യം കൂടി പേറുന്നവയായിരിക്കുമെന്ന് വര്‍ഷങ്ങള്‍ക്കുശേഷം സെലീനയെ സന്ദര്‍ശിക്കാന്‍ പുറപ്പെടുന്ന വേളയില്‍ റിട്ടയേഡ് എയര്‍ കൊമ്മഡോര്‍ സഹദേവന് തോന്നുകയുണ്ടായി.

മനുഷ്യര്‍ അരണ്ടവെളിച്ചത്തിലിരുന്ന് മദ്യപിക്കുന്നത്, തനിച്ചിരുന്ന് ഒരു പുസ്തകം വായിക്കുന്നത്, കഥയെഴുതുന്നത്, അപരിചിതമായ ഇടങ്ങളിലേക്ക് യാത്ര പോകുന്നത്, പഴയ ഒരു പരിചയക്കാരനെ അല്ലെങ്കില്‍ പരിചയക്കാരിയെ സന്ദര്‍ശിക്കുന്നത് ഒക്കെ ആ ഗൂഢോദ്ദേശ്യം കൂടി നിറവേറ്റാനല്ലെങ്കില്‍ പിന്നെ മറ്റെന്തിനാണ്?

ഒരാള്‍ തന്റെ പഴയ ഒരു പരിചയക്കാരിയെ വളരെക്കാലത്തിനുശേഷം സന്ദര്‍ശിക്കുന്നത് അതിന്റെ കേവലമായ അര്‍ത്ഥത്തില്‍ സാധൂകരിക്കാന്‍ കഴിയുന്ന ഒന്നായിരുന്നിട്ടുകൂടി സെലീനയെ സന്ദര്‍ശിക്കാന്‍ സഹദേവന്‍ തക്കതായ ഒരു കാരണമുണ്ടാകുന്നതുവരെ കാത്തിരിക്കുകയുണ്ടായി. അതെന്തുകൊണ്ടാണെന്ന് അയാള്‍ക്കു തന്നെ നിശ്ചയമുണ്ടായിരുന്നില്ല. പക്ഷേ, ചെയ്യാന്‍ പോകുന്ന പ്രവൃത്തികള്‍ക്കു 
പിന്നില്‍ തക്കതായ കാരണങ്ങളുണ്ടാകുന്നത് ആ പ്രവൃത്തികളുടെ ഭാരം ഇല്ലാതാക്കുമെന്ന് അതുവരെയുള്ള ജീവിതത്തില്‍നിന്ന് അയാള്‍ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു.

ദാമ്പത്യത്തിന്റെ രണ്ടാംവര്‍ഷം ഭാര്യ ഇന്ദു വിവാഹമോചനം എന്ന ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചപ്പോള്‍ സഹദേവന് അത് ഭാരമേറിയ ഒരു കാര്യമായി തോന്നാതിരുന്നത് അവളുന്നയിച്ച സുവ്യക്തമായ കാരണം കൊണ്ടായിരുന്നു.

'വൈമാനികനായ ഭര്‍ത്താവ് കിടപ്പറയില്‍ ഭാര്യയെ പറത്താന്‍ ശേഷിയില്ലാത്ത ഒരുവനാണെന്ന് പുറംലോകമറിയണ്ട', ഇന്ദു പറഞ്ഞു: 'നമുക്ക് പിരിയാം.'

അവള്‍ക്കെന്നതിനേക്കാള്‍ തനിക്ക് ആവശ്യമുള്ള ഒരു കാര്യമാക്കി അത് മാറ്റുന്നതില്‍ ഇന്ദു വിജയിച്ചത് വ്യക്തമായ കാരണം ഉന്നയിച്ചതിനൊപ്പം കാരണത്തെ ഒന്നു തിരിച്ചിടുക കൂടി ചെയ്തതുകൊണ്ടായിരുന്നുവെന്ന് സഹദേവന്‍ ഓര്‍ത്തു.

റിട്ടയര്‍മെന്റിനുശേഷം താന്‍ പണികഴിപ്പിക്കാന്‍ തുടങ്ങിയ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി പാലുകാച്ചിന് തീയതി നിശ്ചയിച്ച ദിവസം സെലീനയെ സന്ദര്‍ശിക്കാന്‍ ഇനി മറ്റൊരു കാരണം തേടേണ്ടതില്ലെന്ന് സഹദേവന്‍ തീരുമാനിച്ചു. സന്ധ്യയ്ക്ക് വീടുപൂട്ടി ഒരു ടോര്‍ച്ചുമെടുത്ത് സഹദേവന്‍ സെലീനയെ കാണാന്‍ പുറപ്പെട്ടു. സെലീനയുടെ വീട്ടിലേക്കുള്ള ആ യാത്രയ്ക്ക് ഒരു ഗൃഹപ്രവേശം ക്ഷണിക്കാന്‍ പോകുന്നതിന്റെ ലാഘവം പൊടുന്നനെ കൈവന്നത് സഹദേവന്‍ ആസ്വദിക്കുകയും ചെയ്തു.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

വീടിന്റെ പാലുകാച്ചിനു വിരലിലെണ്ണാവുന്നവരെ ക്ഷണിക്കാന്‍ മാത്രമേ സഹദേവന്‍ തീരുമാനിച്ചിരുന്നുള്ളൂ. അതിലൊരാള്‍ സെലീനയാകുന്നത് സെലീനയുടെ പൂര്‍വ്വചരിത്രമറിയുന്നവരെ സംബന്ധിച്ചിടത്തോളം നെറ്റിചുളിയാന്‍ പോന്ന ഒരു കാരണമാകുമെന്ന് സഹദേവന് അറിയാമായിരുന്നു. അതില്‍ പക്ഷേ, അയാള്‍ക്ക് കൂസലൊന്നുമുണ്ടായില്ല.
സഹദേവന്‍ പുതുതായി പണികഴിപ്പിച്ചത് പടിഞ്ഞാറേയ്ക്ക് ദര്‍ശനമുള്ള ഒരു ഇരുനില വീടായിരുന്നു. ഒരാള്‍ക്ക് ഒറ്റയ്ക്കു താമസിക്കാന്‍ ഇരുനില വീടിന്റെ ആവശ്യം ഉണ്ടായിട്ടല്ല. പക്ഷേ, ശിഷ്ടജീവിതത്തിലെ സന്ധ്യകള്‍ രണ്ടാംനിലയുടെ മട്ടുപ്പാവില്‍ പടിഞ്ഞാറനാകാശവും കണ്ട്, അല്പം സ്‌കോച്ച് വിസ്‌കിയും നുണഞ്ഞിരുന്ന് ചെലവഴിക്കണം എന്നത് സഹദേവന്റെ സ്വകാര്യമായ ഒരാഗ്രഹമായിരുന്നു.

ടോര്‍ച്ചുവെട്ടത്തില്‍ തെളിഞ്ഞ സെലീനയുടെ വീട്ടിലേയ്ക്കുള്ള വഴി പാടം മുറിച്ച്, ഒരു കുന്നിനെച്ചുറ്റി, ചുള്ളിത്തോടിന്റെ കരയിലെ ഒറ്റയടിപ്പാതയിലേക്ക് സഹദേവനെ നയിച്ചു.

കുട്ടിക്കാലത്ത് അതേവഴിയിലൂടെ സ്‌കൂളിലേക്കും തിരിച്ചും തനിച്ചു നടത്തിയ കാല്‍നടയാത്രകള്‍ സഹദേവന്റെ ജീവിതത്തിലെ ഏറ്റവും തെളിച്ചമുള്ള ഓര്‍മ്മകള്‍ കൂടിയായിരുന്നു.

തനിച്ചു നടത്തിയ യാത്രകള്‍ എന്നു പറഞ്ഞാല്‍ അതു പൂര്‍ണ്ണമായും വാസ്തവമായിരിക്കുകയില്ല.

ചെമ്പന്‍ എന്നു പേരുള്ള ഒരു വാളമീന്‍ ചുള്ളിത്തോടിന്റെ ജലപ്പരപ്പിലൂടെ ആ യാത്രകളില്‍ അയാള്‍ക്ക് കൂട്ടുപോവുകയുണ്ടായിരുന്നു എന്നതാണ് അതിനു കാരണം.

ഇരുപത്തിരണ്ടാം വയസ്സില്‍ അലഹബാദിലെ ബെയ്‌സിക് ഫ്‌ലൈയിങ്ങ് ട്രെയിനിങ്ങ് സ്‌കൂളില്‍ ഒരു വൈമാനികനാകാനുള്ള പരിശീലനം ആരംഭിക്കുമ്പോള്‍ ഫ്‌ലാപ്, എയ്‌ലറോണ്‍, എലവേറ്റര്‍, റഡ്ഡര്‍ തുടങ്ങിയ വിമാനത്തിന്റെ കണ്‍ട്രോള്‍ സര്‍ഫസുകളെയൊക്കെ നിയന്ത്രിക്കേണ്ട വിധം താന്‍ എന്നേ പഠിച്ചു കഴിഞ്ഞതാണ് എന്ന ഒരു ഭാവം സഹദേവനുണ്ടായത് ആ യാത്രകളില്‍ അയാള്‍ ചെമ്പനെ സസൂക്ഷ്മം നിരീക്ഷിക്കുകയുണ്ടായതു മൂലമായിരുന്നു.

സഹദേവന്‍ ചെമ്പനെ ആദ്യമായി കണ്ടുമുട്ടുന്നത് ചുള്ളിത്തോട് ഒരു കുന്നിന്റെ ചരിവിറങ്ങി പാടത്തിന്റെ സമതലങ്ങളിലേക്ക് പ്രവേശിക്കുന്നിടത്തെ, സോപ്പിന്‍കാരത്തിന്റേയും വെളിച്ചെണ്ണയുടേയും മണം സദാ തങ്ങിനിന്ന, കാന്താരിക്കടവ് എന്നു പേരുള്ള ഒരു കുളിക്കടവില്‍ വച്ചായിരുന്നു.

ചെമ്പനെ മാത്രമല്ല, സഹദേവന്‍ സെലീനയെ ആദ്യമായി കണ്ടുമുട്ടിയ സന്ദര്‍ഭം കൂടിയായിരുന്നു അത്.

കുളിക്കടവിന്റെ താഴത്തെ പടവില്‍ ഒരു പൂവന്‍ തൂമ്പ കുതിരാനിട്ട്, മണ്ണുപുരണ്ട പാദങ്ങള്‍ അലക്കുകല്ലില്‍ ഉരച്ചു കഴുകിക്കൊണ്ട് നില്‍ക്കുകയായിരുന്നു സെലീന.

സെലീനയുടെ പാദങ്ങളില്‍നിന്നും കുതിരാനിട്ട പൂവന്‍ തൂമ്പയില്‍നിന്നുമുള്ള മണ്ണിളകി നിറഭേദം വന്ന കടവിലെ വെള്ളം തോടിന്റെ വിസ്തൃതിയില്‍ ലയിക്കാന്‍ കൂട്ടാക്കാതെ, ഒരു തവിട്ടുമേഘത്തെപ്പോലെ പ്രതിബിംബിച്ചു നിന്നു.
വെയില്‍ ചൂടുപിടിച്ചിട്ടില്ലാത്ത പ്രഭാതമായിരുന്നുവെങ്കിലും സെലീനയുടെ ഉടല്‍ സമൃദ്ധമായി വിയര്‍ത്തിരുന്നു. കുളിക്കടവിനു മുകളിലെ ഒറ്റയടിപ്പാതയോടു ചേര്‍ന്ന പുരയിടത്തില്‍ പുലര്‍ച്ചയ്ക്കു തന്നെ തുടങ്ങിയ അവളുടെ അധ്വാനം മൂലമായിരുന്നു അത്. തെങ്ങും കവുങ്ങും മാവും പ്ലാവും കപ്പയും വാഴയും ചേമ്പും ചേനയും എന്നുവേണ്ട മണ്ണില്‍ കിളിര്‍ക്കുന്ന സകല വിളകളും തഴച്ചുനിന്ന ആ പുരയിടത്തിനു നടുവില്‍ ഓട്ടുമേല്‍ക്കൂരയുടെ പുള്ളിച്ചുണങ്ങുകള്‍ മാത്രം പുറത്തു കാട്ടി സെലീനയുടെ വീട് ഒളിച്ചുപാര്‍ത്തു.

തോടിന്റെ ഇരുണ്ട ആഴത്തില്‍ ഏതാണ്ട് അദൃശ്യനായിട്ടായിരുന്നു ചെമ്പന്‍ നിലയുറപ്പിച്ചിരുന്നത്. വാലും ചിറകുകളും കൃത്യമായ ഇടവേളകളില്‍ ചലിപ്പിക്കുകയും അതേ സമയം ഉടല്‍ ഒരിഞ്ചുപോലും മുന്നോട്ടു നീക്കാതെയുമായിരുന്നു അവന്റെ നില്‍പ്പ്. ഹോവര്‍ ചെയ്തു നില്‍ക്കുന്ന ഹെലിക്കോപ്റ്റര്‍ പോലെ എന്ന ഒരുപമ പില്‍ക്കാലത്ത് അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സഹദേവന് തോന്നിയിട്ടുണ്ട്.

'ആരോരുമില്ലാത്ത പെണ്ണുങ്ങള്‍ക്ക് കൂട്ടായി ഒറ്റയാന്മാരായ ആറ്റുവാളകള്‍ നങ്കൂരമിട്ടു നില്‍ക്കുന്ന ഒരു കടവാണിത്', സെലീന സഹദേവനോടു പറഞ്ഞു: 'ഇത് ചെമ്പന്‍.'

സെലീനയുടെ ഭാവത്തിലോ പെരുമാറ്റത്തിലോ ആദ്യമായി കണ്ടുമുട്ടുന്നതിന്റെ അപരിചിതത്വമൊന്നുമില്ലാതിരുന്നത് സഹദേവനെ അദ്ഭുതപ്പെടുത്തി. പ്രായത്തില്‍ ഇളപ്പമായ ഒരു കുട്ടിയോട് അവള്‍ കാണിക്കുന്ന സൗജന്യമാകാം അതെന്നും സഹദേവനു തോന്നി.

തുടര്‍ന്ന് സെലീന സഹദേവന് പുറംതിരിഞ്ഞുനിന്ന് അരയിലെ ഒറ്റമുണ്ടഴിച്ച് തോള്‍ വഴി പുതച്ചു കൊണ്ട് ബ്ലൗസും അടിവസ്ത്രങ്ങളുമഴിച്ചു.

ബാര്‍ സോപ്പിന്റെ പാട് ചന്ദനംപോലെ പതിഞ്ഞുകിടന്ന കടവിലെ അലക്കുകല്ലില്‍ അവ ഒന്നൊന്നായി നിക്ഷേപിച്ചു. ശേഷം ഒറ്റമുണ്ട് മുലകള്‍ക്കു മുകളില്‍ വച്ച് വരിഞ്ഞുടുത്തുകൊണ്ട് അവള്‍ കുളിക്കടവിന്റെ പടവുകളിറങ്ങി.

അവസാനത്തെ പടവുമിറങ്ങിക്കഴിഞ്ഞതോടെ വെള്ളം സെലീനയുടെ അരയ്‌ക്കൊപ്പമായി. ചെമ്പന്‍ അത് കാത്തുനില്‍ക്കുകയായിരുന്നുവെന്നു തോന്നി. അവന്‍ ഞൊടിയിടയില്‍ സെലീനയുടെ നേര്‍ക്കു കുതിക്കുകയും അവളുടെ തുടകള്‍ക്കിടയിലേക്ക് ഊളിയിട്ട് അപ്രത്യക്ഷനാവുകയും ചെയ്തു.

സെലീനയുടെ ഉടല്‍ അടിമുടിയൊന്നു പുളഞ്ഞു.

'ഛെ... വൃത്തികെട്ടവന്‍', അവള്‍ ചെമ്പനു നേര്‍ക്ക് ക്ഷോഭിച്ചു, 'ഒരു കൊച്ച് കരയ്ക്ക് നിക്കണത് കാണാമ്പാടില്ലേടാ നിനക്ക്.'

അതോടെ ചെമ്പന്‍ പഴയ സ്ഥാനത്ത് മടങ്ങിയെത്തുകയും നിശ്ചലമായ തന്റെ നില്‍പ്പ് പുനരാരംഭിക്കുകയും ചെയ്തു.

ചുള്ളിത്തോടിന്റെ കരയിലൂടെയുള്ള യാത്രകള്‍ സഹദേവനുവേണ്ടി വന്നത് നാട്ടിന്‍പുറത്തെ സ്‌കൂളുപേക്ഷിച്ച് പട്ടണത്തിലെ സ്‌കൂളില്‍ പുതുതായി ചേര്‍ന്നതോടെയായിരുന്നു. ഏഴാം ക്ലാസ്സിലെത്തിയ സഹദേവന്‍ പട്ടണത്തിലെ പരിഷ്‌കാരമുള്ള സ്‌കൂളില്‍ തുടര്‍ന്നു പഠിക്കണമെന്നത് അവന്റെ അച്ഛന്റെ നിര്‍ബ്ബന്ധമായിരുന്നു.

പട്ടണത്തിലെ സ്‌കൂളിലേക്ക് സഹദേവന്റെ വീട്ടില്‍നിന്ന് രണ്ടു വഴികളാണുണ്ടായിരുന്നത്.

പാടം മുറിച്ച്, ഒരു കുന്ന് കയറിയിറങ്ങി, റെയില്‍പാളം കുറുകെക്കടന്ന് ചെല്ലുന്നതായിരുന്നു ഒന്നാമത്തെ വഴി. നിറം മങ്ങി നിര്‍വ്വികാരമായി കിടന്ന, ദേവമാതാ എന്നു പേരുള്ള ഒരു പാസഞ്ചര്‍ ബസ് ദിവസം നാലുനേരം സര്‍വ്വീസ് നടത്തിയിരുന്ന ഒരു ടാര്‍ നിരത്തായിരുന്നു അത്.

രണ്ടാമത്തെ വഴിയും പാടം മുറിച്ചു തന്നെയായിരുന്നു. പക്ഷേ, കുന്നു കയറുന്നതിനു പകരം അത് കുന്നിനെച്ചുറ്റി, ചുള്ളിത്തോടിന്റെ കരയിലൂടെ പട്ടണം ലക്ഷ്യമാക്കി സഞ്ചരിച്ചു. ചേടി മണ്ണിന്റെ ചുവപ്പുനിറമുള്ള ആ മണ്‍വഴി താഴംവഴി എന്ന പേരില്‍ അറിയപ്പെട്ടു. താഴംവഴിക്കും ചുള്ളിത്തോടിനും കുറുകേയും റെയില്‍പാളമുണ്ടായിരുന്നു. അത് പക്ഷേ, കരിങ്കല്‍ത്തൂണുകളിലേറി ആകാശത്തുകൂടി കടന്നുപോയി.

താഴംവഴിയുടെ ഖ്യാതി പട്ടണത്തിലേയ്ക്കുള്ള കുറുക്കുവഴി എന്ന നിലയിലായിരുന്നു. ടാര്‍ നിരത്തിനെ അപേക്ഷിച്ച് ദൂരക്കണക്കില്‍ അതു ശരിയുമായിരുന്നു. പക്ഷേ, താഴംവഴിയെ പ്രധാനമായും ആശ്രയിച്ചത് കാല്‍നടയാത്രികരും സൈക്കിള്‍ സവാരിക്കാരുമായിരുന്നതിനാല്‍ സമയക്കണക്കില്‍ അത് ഒരു നഷ്ടവുമായിരുന്നു. എന്തായാലും സമയത്തെക്കാള്‍ ദൂരം പ്രധാനമായിരുന്ന, അഥവാ സ്ഥലം കാലത്തെ അതിശയിച്ചിരുന്ന അക്കാലത്ത് താഴംവഴി പട്ടണത്തിലേക്കുള്ള ഒരു കുറുക്കുവഴി തന്നെയായിരുന്നു.

സഹദേവനു വേണമെങ്കില്‍ ദേവമാതാ ബസ്സില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ നിരക്കു മാത്രം നല്‍കി സ്‌കൂളില്‍ പോയി വരാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, സഹദേവന്‍ തെരഞ്ഞെടുത്തത് താഴംവഴിയുള്ള കാല്‍നടയാത്രയായിരുന്നു. നാട്ടിന്‍പുറത്തെ സ്‌കൂളില്‍നിന്നു പട്ടണത്തിലെ സ്‌കൂളിലേക്കു തന്നെ പറിച്ചുനട്ട അച്ഛനോട് പകരംവീട്ടാന്‍ സഹദേവന്‍ തെരഞ്ഞെടുത്ത മാര്‍ഗ്ഗമായിരുന്നു അത്.

സഹദേവന്‍ പകരംവീട്ടാന്‍ തെരഞ്ഞെടുത്ത മാര്‍ഗ്ഗം സെലീനയില്‍ ചിരിയുണര്‍ത്തി.

'നീ ആളു കൊള്ളാല്ലോ' അവള്‍ പറഞ്ഞു: 'പക്ഷേ, നിന്റെയീ പ്രായത്തില്‍ ഈ വഴി തനിച്ചുള്ള യാത്ര അത്ര പന്തിയല്ല.'
തോടിന്റെ ഇരുണ്ട ആഴത്തില്‍ നിശ്ചലനായി നിലയുറപ്പിച്ചിരുന്ന ചെമ്പനെ ചൂണ്ടിക്കാണിച്ചുകൊണ്ട് സെലീന കൂട്ടിച്ചേര്‍ത്തു: 'പേടിക്കണ്ട. ഇവന്‍ നിനക്ക് കൂട്ടുവന്നുകൊള്ളും.'

സ്‌കൂളിലേയ്ക്കും തിരിച്ചുമുള്ള സഹദേവന്റെ യാത്രകളില്‍ ചെമ്പന്‍ കൂട്ടുപോകാന്‍ തുടങ്ങിയത് അങ്ങനെയായിരുന്നു.
ചുള്ളിത്തോടും അതിന്റെ കരകളും രാവിലെ മുതല്‍ പലതരത്തിലുള്ള മീന്‍പിടുത്തക്കാരെക്കൊണ്ട് സജീവമാകുമായിരുന്നു. വലവീശുന്നവര്‍, ചൂണ്ടയിടുന്നവര്‍, മുപ്പല്ലിയുമായി ഉന്നം പാര്‍ക്കുന്നവര്‍, വെറും കയ്യോടെ മുങ്ങിത്തപ്പുന്നവര്‍... അങ്ങനെ. പക്ഷേ, അവരാരും ചുള്ളിത്തോടിന്റെ ജലപ്പരപ്പിലൂടെ സഹദേവന് കൂട്ടുപോകുന്ന ചെമ്പനെ ശ്രദ്ധിച്ചതായിത്തന്നെ 
തോന്നിയില്ല. ചെമ്പന്റെ യാത്രയാകട്ടെ, അവരുടെയൊക്കെ സാന്നിധ്യത്തെ തീര്‍ത്തും അവഗണിച്ചുകൊണ്ടുമായിരുന്നു. തനിക്കും സെലീനയ്ക്കും മാത്രം കാണാന്‍ കഴിയുന്ന ഒരു അദ്ഭുതമത്സ്യമായിരിക്കുമോ ചെമ്പന്‍ എന്നുപോലും ഒരുവേള സഹദേവന് സംശയം തോന്നുകയുണ്ടായി.

മീന്‍പിടുത്തക്കാര്‍ കഴിഞ്ഞാല്‍ ചുള്ളിത്തോട്ടിലെ സാന്നിധ്യം കല്ലിന്‍വള്ളങ്ങളായിരുന്നു. കിഴക്കന്‍ മലകളില്‍നിന്നു പൊട്ടിച്ച കരിങ്കല്ലുമായി പടിഞ്ഞാറന്‍ ദേശങ്ങളിലേക്കു പോയിരുന്ന കെട്ടുവള്ളങ്ങളായിരുന്നു അവ. കല്ലിന്‍വള്ളങ്ങളിലെ ഏകാകികളായ ഊന്നുകാര്‍ ചെമ്പനെയെന്നല്ല, സഹദേവനെത്തന്നെ ശ്രദ്ധിക്കുന്നതായി തോന്നിയില്ല. അവരുടെ ശ്രദ്ധയത്രയും വള്ളമൂന്നുന്നതില്‍ മാത്രമായിരുന്നു. എത്തിച്ചേരാനിരിക്കുന്ന അദൃശ്യമായ ഒരു ലക്ഷ്യം അവരുടെ കണ്ണുകളെ കുരുക്കിട്ട് പിടിച്ചതുപോലെയുണ്ടായിരുന്നു.

സെലീനയുടെ മുന്നറിയിപ്പിന്റെ ഗൗരവം സഹദേവന് ആദ്യമായി ബോധ്യപ്പെട്ടത് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങിയ ഒരു സായാഹ്നത്തിലായിരുന്നു.

പട്ടണത്തിലെ പാലത്തിനു കീഴിലുള്ള കടവില്‍ പതിവുപോലെ സ്‌കൂള്‍ വിട്ടുവരുന്ന സഹദേവനേയും കാത്ത് ചെമ്പന്‍ നിന്നിരുന്നു. പാലത്തിനു മുകളിലൂടെ ഇരുദിശകളിലും വാഹനങ്ങള്‍ നിരന്തരം കടന്നുപൊയ്‌ക്കൊണ്ടിരുന്നുവെങ്കിലും പാലത്തിനു കീഴില്‍ കടവ് അനക്കമറ്റു കിടന്നു.

പട്ടണത്തില്‍നിന്നു പുറപ്പെട്ട് റെയില്‍പാളമെത്തുന്നതുവരെ താഴംവഴിയുടെ ഇടത്തും വലത്തുമായി യഥാക്രമം ചുള്ളിത്തോടും ഇടതൂര്‍ന്ന വാഴത്തോപ്പുകളുമായിരുന്നു. 

റെയില്‍പാളം പിന്നിടുന്നതോടെ വാഴത്തോപ്പുകളുടെ സ്ഥാനം വെള്ളരിക്കണ്ടങ്ങള്‍ ഏറ്റെടുത്തു.
സഹദേവന്റേയും ചെമ്പന്റേയും യാത്ര റെയില്‍പാളത്തോടടുക്കാറായിരുന്നു. 

ചുള്ളിത്തോടിനും താഴംവഴിക്കും കുറുകെയുള്ള കരിങ്കല്‍ത്തൂണുകളും അവയ്ക്കു മുകളിലൂടെ കടന്നുപോയ റെയില്‍പാളവും സായാഹ്നത്തിന്റെ മഞ്ഞവെയിലില്‍ പൗരാണികമായ എടുപ്പുകള്‍പോലെ നിലകൊണ്ടു.
അപ്പോള്‍ തെക്കുനിന്ന് ഒരു ചൂളംവിളി ഉയര്‍ന്നു. വൈകിട്ടത്തെ പാസഞ്ചറായിരുന്നു അത്.

തെക്കുനിന്നുള്ള പാളം ഒരു തുരങ്കം കടന്ന് വരുന്നതാകയാല്‍ പാസഞ്ചര്‍ പ്രത്യക്ഷപ്പെടാന്‍ പിന്നെയും സമയമെടുക്കുമായിരുന്നു. പാലം കടന്ന് കണ്ണില്‍നിന്നു മറയും വരെ പാസഞ്ചറിനെത്തന്നെ നോക്കിനില്‍ക്കുക സഹദേവന്റെ ഒരു പതിവായിരുന്നു.

ബാല്യത്തിന്റെ ഏകാന്തകൗതുകത്തോട് ഒരു തീവണ്ടി ഗൂഢഭാഷയില്‍ സംവദിച്ചിരുന്ന അനര്‍ഘനിമിഷങ്ങളായിരുന്നു അത്.
പക്ഷേ, അന്ന് ആ സംവാദം സാധ്യമായില്ല.

പാസഞ്ചറിന്റെ വരവും കാത്തുനിന്ന സഹദേവെന താഴം വഴിക്കു പറ്റെ ഇടതൂര്‍ന്നുനിന്ന വാഴത്തോപ്പ് ഉള്ളിലേക്ക് വലിച്ചെടുത്തുകളഞ്ഞു.

സഹദേവനെ കാണാഞ്ഞ് ചുള്ളിത്തോടിന്റെ ജലപ്പരപ്പിനു മുകളിലേക്ക് ഉയര്‍ന്നുചാടിയ ചെമ്പന്‍ താഴംവഴിയില്‍ അനാഥമായി ചിതറിക്കിടന്ന പുസ്തകങ്ങളും ചോറ്റുപാത്രവും മാത്രം കണ്ടു.

വാഴത്തോപ്പിനുള്ളില്‍ ബീഡിയും വിയര്‍പ്പും മണക്കുന്ന പച്ചനിറമുള്ള ഒരിരുട്ട് സഹദേവനെ കാത്തുനിന്നിരുന്നു. അത് കാരുണ്യത്തോടെ സഹദേവനെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങി. പൊടുന്നനെ, വാഴകളെല്ലാം നിന്നനില്‍പ്പില്‍ കുലച്ചതായും കായകളെല്ലാം മൂത്ത് ദൃഢം വെച്ചതായും സഹദേവനു തോന്നി. ഒപ്പം സഹദേവന് തൊണ്ടയില്‍ എന്തോ നിറയുന്നതായി തോന്നുകയും ശ്വാസംമുട്ടാന്‍ തുടങ്ങുകയും ചെയ്തു.

അഞ്ചുമണിയുടെ പാസഞ്ചര്‍ ഇതിനകം പാലത്തിനു മുകളില്‍ പ്രവേശിച്ചിരുന്നു. ലോഹം ലോഹത്തിന്മേലെഴുതുന്ന ഖരാക്ഷരങ്ങളുടെ വൈഖരി വാഴത്തോപ്പിനുള്ളിലെ ഇരുട്ടില്‍ നിറഞ്ഞു.

അതവസാനിക്കുമ്പോഴേയ്ക്ക് താന്‍ ശ്വാസംമുട്ടി മരിച്ചുപോയിട്ടുണ്ടാകുമെന്ന് സഹദേവന്‍ ഉറപ്പിച്ചു.

പക്ഷേ, തൊട്ടടുത്ത നിമിഷം സഹദേവനു ശ്വാസം തുറന്നുകിട്ടി.

ഇരുട്ടിലൂടെയിഴഞ്ഞ് വാഴത്തോപ്പിനു വെളിയിലെത്തിയ സഹദേവന്‍ താഴംവഴിയില്‍ കുന്തിച്ചിരുന്നു കുടല്‍ പറിയുവോളം ഛര്‍ദ്ദിച്ചു.

ചേടിമണ്ണിന്റെ ചുവപ്പില്‍ പിത്തനീരിന്റെ മഞ്ഞ പടര്‍ന്നു.

ഒരാഴ്ച സ്‌കൂളില്‍ പോകാതെ സഹദേവന്‍ പനിച്ചു കിടന്നു. ശ്വാസംമുട്ടി മരിക്കാന്‍ പോകുന്നത് സ്വപ്നം കണ്ട് ഓരോ രാത്രിയും ഞെട്ടിയുണര്‍ന്നു.

വാഴത്തോപ്പിനുളളില്‍ വച്ചുണ്ടായ അനുഭവം സഹദേവന്‍ വീട്ടില്‍ പറയുകയുണ്ടായില്ല.

പനി മാറി സ്‌കൂളില്‍ പോകാന്‍ തുടങ്ങിയ ദിവസം കാന്താരിക്കടവില്‍ വച്ച് സെലീനയോടു മാത്രം പറഞ്ഞു.
ചുള്ളിത്തോടിന്റെ ഇരുണ്ട ആഴത്തില്‍ ചെമ്പന്‍ അത് കുറ്റബോധത്തോടെ കേട്ടുനിന്നു.

'ഇതയാള്‍ തന്നെ', സെലീനയുടെ പല്ലു ഞെരിഞ്ഞു: 'അറാക്കന്‍.'

സഹദേവന്‍ സ്‌കൂള്‍ വിട്ടു മടങ്ങിയ മറ്റൊരു സായാഹ്നം. കിഴക്കന്‍ ചക്രവാളത്തില്‍ തുലാമേഘങ്ങള്‍ കനംതൂങ്ങി നില്‍ക്കുകയും വെള്ളിടി വെട്ടാന്‍ തുടങ്ങുകയും ചെയ്തിരുന്നു.

ചെമ്പനും സഹദേവനും റെയില്‍പാളം പിന്നിട്ട് കാന്താരിക്കടവ് എത്തുമ്പോഴേയ്ക്ക് മഴ പൊട്ടി വീണു. സഹദേവന്‍ രണ്ടാമതൊന്നാലോചിക്കാതെ സെലീനയുടെ വീട്ടിലേക്ക് ഓടിക്കയറി.

സഹദേവന്‍ സെലീനയുടെ വീട് പുറമെനിന്നു കണ്ടിട്ടുണ്ടെന്നല്ലാതെ വീടിനുള്ളില്‍ കയറുന്നത് ആദ്യമായിട്ടായിരുന്നു.

സെലീനയാകട്ടെ, അപ്പോള്‍ ആരെയോ കാത്തിരുന്നതുപോലെയുമുണ്ടായിരുന്നു.

സെലീനയുടെ കണ്ണില്‍ പതിവില്ലാത്ത ഒരു ഭയം നിഴലിട്ടിരിക്കുന്നത് സഹദേവന്‍ കണ്ടു.

'എന്തോ സംഭവിക്കാന്‍ പോകുന്നതുപോലെ' സെലീന സഹദേവനോടു പറഞ്ഞു.

തുടര്‍ന്ന് സെലീന നിലത്ത് ചമ്രം പടിഞ്ഞിരുന്ന് സഹദേവനെ പിടിച്ച് മടിയിലിരുത്തി. സഹദേവന്റെ കൈകള്‍ തന്റെ കൈകള്‍ക്കുള്ളിലെടുത്ത് കൂപ്പിക്കൊണ്ട് അവള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.

'ആകാശം അവന്റെ മഹത്വത്തെ വര്‍ണ്ണിക്കുന്നു. ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.'

പൊടുന്നനെ ജനലിനപ്പുറം ഒരു തീഗോളം ചെകിടടപ്പിക്കുന്ന ശബ്ദത്തോടെ ഭൂമിയിലേക്ക് ഇറങ്ങിവരുന്നതും ഒരു തെങ്ങ് നിന്നനില്‍പ്പില്‍ കത്താന്‍ തുടങ്ങുന്നതും അവര്‍ കണ്ടു.

തെങ്ങിന്‍തലപ്പില്‍നിന്നു ചുവന്ന തീനാളങ്ങള്‍ മഴയെ ഭേദിച്ച് മുകളിലേക്കുയര്‍ന്നു.

അപ്പോള്‍ വാതിലില്‍ മുട്ടു കേട്ടു.

സെലീനയുടെ കണ്ണുകളില്‍ ഭയം മാറി ജാഗ്രത നിറഞ്ഞു. വാതില്‍ തുറക്കും മുന്‍പ് അവള്‍ കട്ടില്‍ക്കീഴില്‍ കിടന്ന അരിവാളെടുത്ത് അരയ്ക്കു പിന്നില്‍ തിരുകി.

ഒത്ത പൊക്കവും അതിനൊത്ത വണ്ണവുമുള്ള ഒരു മനുഷ്യന്‍ വാതില്‍ നിറഞ്ഞുനിന്നു. മടക്കിക്കുത്തിയ മുണ്ടും തോളില്‍ തോര്‍ത്തും. ക്ഷൗരംചെയ്ത മാംസളമായ മുഖം. മീശയില്ലാത്ത, നേര്‍വരയിലുള്ള മേല്‍ച്ചുണ്ട് അയാളുടെ മുഖത്തെ സ്‌ത്രൈണമാക്കി.

അയാള്‍ സെലീനയെ ഉറ്റുനോക്കിക്കൊണ്ട് വാതില്‍ക്കല്‍ത്തന്നെ നിന്നു.
സഹദേവന്‍ അവിടെയുള്ള കാര്യം അയാള്‍ അറിഞ്ഞതായിത്തന്നെ തോന്നിയില്ല.

അയാളുടെ നില്‍പ്പിലും നോട്ടത്തിലും സ്‌ത്രൈണമായ ഒരു നിഷ്‌ക്കളങ്കത നിറഞ്ഞു നില്‍ക്കുന്നതായി സഹദേവനു തോന്നി.
ഒടുവില്‍ മടിക്കുത്തില്‍നിന്ന് ഒരു ബീഡിയെടുത്ത് കത്തിച്ച് സെലീനയോട് നിശ്ശബ്ദമായി യാത്ര പറഞ്ഞ് അയാള്‍ പുറത്തെ മഴയിലേക്കിറങ്ങി നടന്നുമറഞ്ഞു.

'അറാക്കന്‍' സെലീന സഹദേവനോടു പറഞ്ഞു.

പൊടുന്നനെ സഹദേവന് വാഴത്തോപ്പിനുള്ളിലെ ബീഡിയും വിയര്‍പ്പും മണക്കുന്ന പച്ചയിരുട്ട് ഓര്‍മ്മവന്നു. അവന്റെ അടിവയറ്റില്‍നിന്ന് എന്തോ മുകളിലേക്ക് ഉരുണ്ടുകയറി.

'ഇട്ടുമൂടാന്‍ സ്വത്തൊണ്ട്', സെലീന തുടര്‍ന്നു: 'പക്ഷേ, പറഞ്ഞിട്ടെന്താ, ഒരു പെണ്ണിനെ കെട്ടാന്‍ യോഗമില്ല. ആരും തൂണുമില്ലാത്ത എന്റെ പുറകെ നടന്നാല്‍ ഞാന്‍ വീഴുമെന്നാ അയാളുടെ വിചാരം. അയാളുടെ മുന്‍പില്‍ കഴുത്തുനീട്ടണതിലും ഭേദം തീവണ്ടിക്ക് തലവയ്ക്കണതാ. വൃത്തികെട്ടവന്‍.'

പക്ഷേ, വര്‍ഷങ്ങള്‍ക്കുശേഷം അലഹബാദിലെ ബെയ്‌സിക് ഫ്‌ലൈയിങ്ങ് ട്രെയിനിങ്ങ് സ്‌കൂളില്‍നിന്നു പാസ്സൗട്ടായി അവധിക്കു നാട്ടില്‍വന്ന സഹദേവനെ കാത്തിരുന്ന വാര്‍ത്തകളിലൊന്ന് സെലീനയും അറാക്കനും തമ്മിലുള്ള വിവാഹം കഴിഞ്ഞു എന്നതായിരുന്നു.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

സെലീനയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് തുടര്‍ന്നും പഞ്ഞമുണ്ടായില്ല. അവ വീണ്ടും സഹദേവനെ തേടിയെത്തിക്കൊണ്ടിരുന്നു. അവയില്‍ പ്രധാനം സെലീന നടത്തിയ മൂന്ന് ഒളിച്ചോട്ടങ്ങളെക്കുറിച്ചുള്ളതായിരുന്നു.
അറാക്കനും സെലീനയും പുതുതായി പണികഴിപ്പിക്കാന്‍ തുടങ്ങിയ വീടിന്റെ 
മൂത്താശാരിക്കൊപ്പമായിരുന്നു സെലീനയുടെ ആദ്യത്തെ ഒളിച്ചോട്ടമെങ്കില്‍ രണ്ടാമത്തേത് ദേവമാതാ ബസ്സില്‍ പുതുതായി 
ജോലിക്കു ചേര്‍ന്ന, പ്രായത്തില്‍ തന്നെക്കാള്‍ ഇളപ്പമായ കണ്ടക്ടര്‍ക്കൊപ്പമായിരുന്നു. മൂന്നാമത്തേതാകട്ടെ, പട്ടണത്തില്‍ വളരെക്കാലമായി ഹോമിയോ ക്ലിനിക്ക് നടത്തിക്കൊണ്ടിരുന്ന ഒരു വൈദ്യനൊപ്പവും. 

നാട്ടുകാരെ അദ്ഭുതപ്പെടുത്തിയത് സെലീനയുടെ ഒളിച്ചോട്ടങ്ങളായിരുന്നില്ല. മറിച്ച് ഒളിച്ചോട്ടങ്ങളുടെ ഇടവേളകളില്‍ പൊട്ടലും ചീറ്റലുമൊന്നുമില്ലാതെ സെലീന അറാക്കനൊപ്പം നയിച്ച കുടുംബജീവിതമായിരുന്നു.

ഇതിനിടെ സാഹസികനായ ഒരു ചെറുപ്പക്കാരന്‍ സെലീനയെ തടഞ്ഞുനിര്‍ത്തി അടുത്ത ഒളിച്ചോട്ടത്തിനുതന്നെ പരിഗണിക്കണം എന്ന ആവശ്യമുന്നയിച്ച കഥയും സഹദേവന്റെ ചെവിയിലെത്തിയിരുന്നു.

'നീ മാത്രം ആഗ്രഹിച്ചിട്ട് കാര്യമുണ്ടോ, എനിക്കും കൂടി തോന്നണ്ടേ?' എന്നായിരുന്നുവത്രേ അതിന് സെലീനയുടെ മറുപടി.
ഇക്കാലയളവിനുള്ളില്‍ സെലീന ഒരാണ്‍കുട്ടിക്കും തുടര്‍ന്ന് ഒരു പെണ്‍കുട്ടിക്കും ജന്മം നല്‍കുകയുമുണ്ടായി.
സഹദേവന്റെ ടോര്‍ച്ചുവെട്ടം ഇപ്പോള്‍ പാടം മുറിച്ചുകടന്ന് കുന്നിനെച്ചുറ്റി ചുള്ളിത്തോടിന്റെ കരയിലെത്തിയിരുന്നു. താഴംവഴിക്ക് പറയത്തക്ക മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് സഹദേവന്‍ തിരിച്ചറിഞ്ഞു. ഒരു കാല്‍നടയാത്രികന് അല്ലെങ്കില്‍ ഒരു സൈക്കിള്‍ സവാരിക്കാരന് കടന്നുപോകാന്‍ മാത്രമുള്ള അതേ വീതി. വഴിക്കിരുവശവും ചുള്ളിത്തോടിന്റെ ജലസ്പര്‍ശത്താല്‍ തിടംവെച്ച പച്ചപ്പ്. ചേടിമണ്ണിന്റെ തുടിക്കുന്ന ചുവപ്പ്.

ഗോപ്യവും ദുരൂഹവുമായ കാര്യങ്ങള്‍ മനുഷ്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നിടത്തോളം കുറുക്കുവഴികള്‍ മാറ്റമൊന്നുമില്ലാതെ, അവയുടെ രഹസ്യസ്വഭാവം നിലനിര്‍ത്തിക്കൊണ്ട് തുടരുക തന്നെ ചെയ്യുമെന്ന് സഹദേവനു തോന്നി.
സെലീനയുടെ പഴയ ഓടിട്ട വീടിന്റെ സ്ഥാനത്ത് ഒരു ഇരുനില വീട് ഉയര്‍ന്നുനിന്നു.

വാതില്‍ തുറന്നത് സെലീന തന്നെയായിരുന്നു. സ്വീകരണമുറിയിലെ കുരിശുരൂപത്തിനു മുന്നില്‍ മെഴുകുതിരികള്‍ തെളിഞ്ഞുനിന്നു.

സെലീനയില്‍ ഇനിയും യൗവ്വനം അസ്തമിച്ചിട്ടില്ലെന്ന് സഹദേവനു തോന്നി.

'ചാകാന്‍ ധൈര്യമില്ലാത്തതുകൊണ്ട് ഇപ്പളും ജീവനോടെയിരിക്കുന്നു' സെലീന സഹദേവനോട് പറഞ്ഞു.

അവരുടെ ശബ്ദത്തിലെ തണുപ്പ് സഹദേവനെ പൊള്ളിച്ചു.

'അറാക്കന്‍?' സഹദേവന്‍ ചോദിച്ചു.

സെലീനയുടെ കണ്ണുകള്‍ അകത്തെ മുറിയുടെ നേര്‍ക്ക് നീണ്ടു.

'ഇരുപത്തിനാലു മണിക്കൂറും കുടിയാ. കാണിക്കാത്ത ആശുപത്രികളും പോകാത്ത ധ്യാന കേന്ദ്രങ്ങളുമില്ല' സെലീന പറഞ്ഞു: 'മൂത്രമൊഴിക്കുന്നതുവരെ ബോധമില്ലാതെ കിടന്നിടത്തു കിടന്നാ.'

'മക്കള്‍?'

'പെങ്കൊച്ചിന്റെ കല്യാണം കഴിഞ്ഞ് അവള്‍ക്കു പിള്ളേരുമായി. ചെറുക്കന്‍ തന്തേടെ തനിയാ. മൂക്കില്‍ പല്ലു കിളുത്തിട്ടും അവന്‍ കെട്ടാതെ നടപ്പാ. വേശ്യേടെ മകന് ആര് പെണ്ണു തരാനാന്നാ അവന്‍ എന്നോട് ചോദിച്ചത്. അവനോന്റെ പെണ്ണിനെ കണ്ടെത്താന്‍ കഴിവില്ലാത്തോന്മാരാ തള്ളേടെ അവരാതോം പറഞ്ഞുനടക്കുന്നതെന്നു ഞാനും പറഞ്ഞു.'

തുടര്‍ന്ന് എന്തു സംസാരിക്കണമെന്നറിയാതെ സഹദേവന്‍ ഇരുന്നു.

'നിനക്ക് ഒരുപകാരം ചെയ്യാന്‍ കഴിയുമോ?' അല്പനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം സെലീന സഹദേവനോടു ചോദിച്ചു: 'ഇങ്ങേരെ ഒന്നു കൊന്നു തരുമോ? എനിക്കതിനുള്ള ധൈര്യമില്ലാഞ്ഞിട്ടാ. ഇതിയാനൊന്ന് ചത്തെങ്കി എനിക്ക് ആര്‌ടേലും കൂടെ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകാരുന്നു. ഇനി നിന്റെ കൂടെ വേണമെങ്കില്‍ അങ്ങനേം.'

സഹദേവന്‍ അവിശ്വാസത്തോടെ സെലീനയുടെ നേര്‍ക്കു നോക്കി.

സെലീനയുടെ കണ്ണുകള്‍ അചഞ്ചലമായി തന്റെ മുഖത്തുതന്നെ തറഞ്ഞുനില്‍ക്കുന്നത് അയാള്‍ കണ്ടു.
സഹദേവന്‍ എഴുന്നേറ്റ് അറാക്കന്‍ കിടക്കുന്ന മുറിയുടെ നേര്‍ക്കു നടന്നു. സെലീന വന്നു മുറിയിലെ ലൈറ്റ് തെളിയിച്ചു.
മൂത്രത്തിന്റെ ക്ഷാരഗന്ധം വമിക്കുന്ന കിടക്കയില്‍ ലഹരി നല്‍കിയ അബോധത്തില്‍ നിസ്സഹായതയുടെ ആള്‍രൂപംപോലെ അറാക്കന്‍ കിടന്നു.

അയാള്‍ എന്നേ മരിച്ചുകഴിഞ്ഞതാണെന്ന് സഹദേവനു തോന്നി. മരിച്ച ഒരാളെ എങ്ങനെയാണ് വീണ്ടും കൊല്ലാനാവുക.
സഹദേവന്‍ സെലീനയുടെ വീട്ടില്‍നിന്നു മടങ്ങുമ്പോള്‍ താഴംവഴിയില്‍ ഇരുട്ട് കനത്തിരുന്നു.
തനിക്കു പിന്നില്‍ കാന്താരിക്കടവില്‍ പൊടുന്നനെ വെള്ളത്തിന്റെ ഒരു തിരയിളക്കം സഹദേവന്‍ കേട്ടു.
ഈ പ്രായത്തില്‍, തനിച്ചുള്ള പന്തിയല്ലാത്ത ഈ യാത്രയില്‍ ചെമ്പന്‍ തനിക്ക് കൂട്ടുവരുന്നത് സഹദേവന്‍ തിരിച്ചറിഞ്ഞു.
അയാള്‍ അതു തടയാന്‍ നിന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com