'അടിമപ്പള്ളി'- സലിന്‍ മാങ്കുഴി എഴുതിയ കഥ

നാല്‍പത്തിരണ്ടാം വയസ്സില്‍ ജീവിതത്തില്‍നിന്നു അപ്രസക്തനായതെങ്ങനെ വിശദീകരിക്കണമെന്നറിയാതെ ആബേല്‍ ഇരുന്നു. ഒടുവില്‍ രണ്ടും കല്പിച്ചു പറഞ്ഞു
'അടിമപ്പള്ളി'- സലിന്‍ മാങ്കുഴി എഴുതിയ കഥ

ഞ്ചിന്റെ എണ്ണക്കറ പുരണ്ട ചാരുപലകയില്‍ തല ചേര്‍ത്ത് ശബ്ദം താഴ്ത്തി അക്ഷമയോടെ മൂന്നാം തവണയും അച്ചന്‍ പറഞ്ഞു:

'പറയൂ...'

നാല്‍പത്തിരണ്ടാം വയസ്സില്‍ ജീവിതത്തില്‍നിന്നു അപ്രസക്തനായതെങ്ങനെ വിശദീകരിക്കണമെന്നറിയാതെ ആബേല്‍ ഇരുന്നു. ഒടുവില്‍ രണ്ടും കല്പിച്ചു പറഞ്ഞു:

'അച്ചോ... ഈ ലോകമെനിക്ക് മടുത്തു.'

സങ്കീര്‍ണ്ണമായ ആ വ്യസനത്തെ മറുചോദ്യം കൊണ്ട് അച്ചന്‍ നിഷ്പ്രയാസം മറികടന്നു. 

'ഈ ലോകമാണോ ഈ ജീവിതമാണോ നിനക്ക് മടുത്തത്?' 

'ഈ ലോകം.'

ഒരു നിമിഷം പോലും ആലോചിക്കാതെ അയാള്‍ പറഞ്ഞു.

'നീ പാപം ചെയ്‌തോ?' കറുത്ത താടി തലോടി അച്ചന്‍ ചോദിച്ചു.
 
ആ ചോദ്യം ആബേലിനെ ഓര്‍മ്മകളുടെ തടവറയിലടച്ചു. 

'ഇല്ലച്ചോ, ഒരുകാലത്തും ഞാന്‍ പാപം ചെയ്തിട്ടില്ല. ചെയ്യേമില്ല.' 

'പാപം ചെയ്യുന്നതിനെക്കാളും വലിയ പാപം പാപബോധമില്ലാത്തതാ' അച്ചന്‍ പറഞ്ഞു.

കുന്നില്‍ മുകളില്‍ ഒറ്റപ്പെട്ടുനിന്ന ദേവാലയമുറ്റത്തു ചാഞ്ഞുകിടന്ന ഇളം വെയിലും അകത്തേക്ക് പ്രവേശിക്കാന്‍ ഊഴം കാത്തുനിന്ന സായന്തനവും 
ആ ചോദ്യോത്തരങ്ങള്‍ കേട്ടു മൂകരായി. അള്‍ത്താരയിലെരിഞ്ഞ മെഴുകുതിരികള്‍ തണുത്ത കാറ്റില്‍ ഉരുകിയുറഞ്ഞു.

'ആബേലേ; കഴിഞ്ഞതൊക്കെ കഴിഞ്ഞു.' 

ആ സംസാരം അധികം നീട്ടാന്‍ താല്പര്യമില്ലാതെ അച്ചന്‍ ഉപദേശിച്ചു.

'കഴിഞ്ഞതൊന്നും കഴിഞ്ഞില്ലച്ചോ. എന്റെ മുന്‍തലമുറയിലെ ഏതോ ഒരു അപ്പാപ്പന്‍ ഒളിച്ചോടി വന്ന് ഇവിടെ പൊറുതിയാരംഭിച്ചതുപോലും എന്നെ ഇങ്ങനെ ഈ നിമിഷം വരെ എത്തിക്കാനാണെന്നാ ഞാനിപ്പോ വിശ്വസിക്കുന്നത്.'
അയാള്‍ പറഞ്ഞ കദനകഥയ്ക്കുള്ളില്‍ കുടുങ്ങിക്കിടന്ന തലമുറകളുടെ നിലവിളി അച്ചന്‍ കേട്ടു.

'നിനക്കെന്തോ അത്യാവശ്യമായി പറയാനുണ്ടെന്ന് പറഞ്ഞിട്ട്?'

ആ ചോദ്യത്തിന് ആബേലിന് ഉത്തരമില്ലായിരുന്നു.

ആബേലിന്റെ ഭയന്ന കണ്ണുകളില്‍ നോക്കിയിട്ട് അച്ചന്‍ എഴുന്നേറ്റു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ പള്ളിയില്‍ അവര്‍ രണ്ടു പേരും രാത്രിയും മാത്രമായി.

'എനിക്ക് പറയാനുള്ളത് കേള്‍ക്കാനാരുമില്ലച്ചോ...'

ഇടനാഴിയിലൂടെ നടക്കുന്നതിനിടയില്‍ ആബേല്‍ പറഞ്ഞ വാചകത്തിന്റെ പൊരുളിലേക്ക് പ്രവേശിച്ചപ്പോള്‍ അച്ചന്‍ നിസ്സംഗനായി.

'പറയാനാണെല്ലാവര്‍ക്കുമിഷ്ടം. കേള്‍ക്കാനാര്‍ക്കും താല്പര്യമില്ല ആബേലേ. അമേരിക്കയിലൊക്കെ ആള്‍ക്കാരെ ശമ്പളം കൊടുത്താണിപ്പോള്‍ കേള്‍വിക്കാരാക്കുന്നത്. നല്ല കേള്‍വിക്കാര്‍ക്ക് നല്ല ശമ്പളമാ. നിനക്കതറിയോ?' 

'അച്ചോ... ഞാനിന്നയാളുടെ വീട്ടില്‍ പോയിരുന്നു.' അച്ചന്റെ വാക്കുകള്‍ ശ്രദ്ധിക്കാതെ ആബേല്‍ ശബ്ദം താഴ്ത്തി പറഞ്ഞു.

'ആരുടെ?' തിരിഞ്ഞുനോക്കാതെ അച്ചന്‍ ചോദിച്ചു. 

ഒന്നിനു പിറകെ ഒന്നായി തന്റെ ജീവിതം പറയാനായി ആബേല്‍ ആഞ്ഞെങ്കിലും വാക്കുകള്‍ പുറത്തുകടക്കാനാകാതെ തൊണ്ടയില്‍ കൊരുത്തു. അയാള്‍ ഉറക്കെ ചുമച്ചു. കണ്ണുകള്‍ കലങ്ങി ചുവന്നു. അവര്‍ അള്‍ത്താരയിലെത്തി.

'ആരുടെ വീട്ടില്‍ പോയ കാര്യമാ നീ പറഞ്ഞത്?'

'സാബുവിന്റെ...' 

ആബേല്‍ പറഞ്ഞൊപ്പിച്ചു. മച്ചിലിരുന്ന പ്രാവുകള്‍ കുറുകി. മെഴുകുതിരികള്‍ കെട്ടു. കലങ്ങിയ കാറ്റ് വിതുമ്പലോടെ ചുറ്റിക്കറങ്ങിയിട്ട് പിന്‍വാങ്ങി. അച്ചന്‍ നിശബ്ദനായി. 

മേടയിലെത്തിയപ്പോള്‍ ആബേലിനെ അടിമുടിയൊന്നു നോക്കിയിട്ട് ഇരിക്കാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചിട്ട് അച്ചന്‍ ഇരുന്നു. 

അടിമയായിരുന്ന പൂര്‍വ്വികന്‍ പീഡനം സഹിക്കാനാകാതെ ഒളിച്ചോടി വന്നു കാട്ടിലഭയം തേടിയതും മതം മാറിയതും ആബേലിന്റെ മാത്രമല്ല, ആ നാടിന്റെ പരമ്പരകളുടെ കഥ കൂടിയാണ്. കാട് കൃഷിഭൂമിയും നാടും നഗരവുമായി രൂപാന്തരപ്പെട്ടെങ്കിലും പൂര്‍വ്വികര്‍ അനുഭവിച്ച കൊടും യാതനകളുടെ വേദനയും പിടിക്കപ്പെടുമോയെന്ന നിരന്തര ഭീതിയും അവരെ ഉറക്കത്തില്‍ പോലും പിന്തുടര്‍ന്നു. പള്ളിക്കും പള്ളിക്കൂടത്തിനും പരിവര്‍ത്തനപ്പെടുത്താനാകാത്ത ഭയം അവസരം കിട്ടിയപ്പോഴൊക്കെ അവര്‍ക്കു നേരെ കുന്തമെറിഞ്ഞു.

ആളൊഴിഞ്ഞ ഒരു രാത്രി, വഴിയില്‍ ഒളിച്ചുനിന്ന രണ്ടു പൊലീസുകാര്‍ ആബേലിനെ തടഞ്ഞു നിര്‍ത്തിയ നിമിഷം മുതലാണ് അയാളുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത്. അച്ചന്‍ ആ നാട്ടിലെത്തും മുന്‍പുള്ള കാലത്തെ കഥ ആബേല്‍ പറഞ്ഞുതുടങ്ങി. അച്ചന്‍ ചാരുകസേരയില്‍ കണ്ണടച്ചിരുന്നു കേട്ടു. 

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

'എവിടെ പോയിട്ടു വരുന്നെടാ?' ഒരു പൊലീസുകാരന്‍ ചോദിച്ചു.

ആബേലിന്റെ അടിവയറ്റില്‍, ഭയത്തിന്റെ റോക്കറ്റിന് തീപിടിച്ചു.

'എന്താടാ നിനക്കൊരു പരവേശം?' രണ്ടാമത്തെ പൊലീസുകാരന്‍ മുരണ്ടു. 

കുട്ടിക്കാലം മുതലേ ആബേലിനു പൊലീസുകാരെ ഭയമായിരുന്നു. നഗരത്തിലോ ആള്‍ത്തിരക്കിലോ കാക്കിക്കാരെ കണ്ടാല്‍ അയാള്‍ നെഞ്ചിടിപ്പോടെ ഒഴിഞ്ഞു മാറിപ്പോകുമായിരുന്നു.

'നിനക്കെന്താടാ ജോലി?' പൊലീസുകാരന്‍ ചോദിച്ചു.

'എല്ലാ പണിക്കും പോകും സാറേ...' ആബേല്‍ പറഞ്ഞൊപ്പിച്ചു. പൊലീസുകാര്‍ പരസ്പരം നോക്കി.
'വാ... നിനക്കൊരു പണി തരാം' പറയുന്നതിനൊപ്പം പൊലീസുകാര്‍ അയാളെ പൂണ്ടടക്കം പിടിച്ചു മുന്നോട്ടു പാഞ്ഞു. അയാള്‍ കുതറിമാറാന്‍ ശ്രമിക്കുകയും 'അപ്പാ' എന്നു നിലവിളിക്കുകയും ചെയ്തു. അവര്‍ അയാളുടെ വാ പൊത്തി, പിടിമുറുക്കി. ആബേലിന്റെ കയ്യിലിരുന്ന മിഠായിയും ഉള്ളിവടയും പലവ്യഞ്ജനവും പൊതിയഴിഞ്ഞു നിലത്തു വീണുരുണ്ടു.
സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസുകാര്‍ സഹാനുഭൂതിയുള്ളവരായി മാറി. അവര്‍ അയാള്‍ക്ക് ആഹാരം വാങ്ങി നല്‍കുകയും പേടിക്കണ്ടെന്നു പറഞ്ഞാശ്വസിപ്പിച്ചിട്ട് മൂലയ്ക്ക് കിടന്ന കസേരയിലിരുത്തുകയും ചെയ്തു. ആബേല്‍ ഭയന്നുവിറച്ചു.

പാതിരാത്രിയില്‍ നാലഞ്ച് പേര്‍ക്കൊപ്പം പൊലീസ് സ്‌റ്റേഷനില്‍ വന്ന ആളെ കണ്ട് ചാടിയെഴുന്നേറ്റ ആബേലിനെ നിലത്ത് പിടിച്ചിരുത്തിയിട്ട് കസേര വലിച്ചിട്ടിരുന്ന് സൗമ്യതയോടെ തോളില്‍ തട്ടി ക്ഷേമാന്വേഷണം നടത്തിയിട്ട് അയാളൊരു കഥ പറഞ്ഞു. പൊലീസുകാരും അയാള്‍ക്കൊപ്പം വന്നവരും ശ്വാസമടക്കി നിന്നു. ഒരു കൊലപാതകവും പ്രതിയെ കിട്ടാതെ കുഴഞ്ഞ പൊലീസുകാരും അജ്ഞാതനായ കൊലപാതകിയുമായിരുന്നു മുഖ്യകഥാപാത്രങ്ങള്‍.

'നിനക്ക് സാബൂനെ അറിയാമോ?' കഥ പറഞ്ഞുകഴിഞ്ഞ് അയാള്‍ ചോദിച്ചു.

'ഇല്ല സാറേ' ആബേല്‍ പറഞ്ഞു.

'വലിയ ഉപകാരം.' 

അയാള്‍ പറഞ്ഞത് കേട്ടു ചുറ്റിലും നിന്നവര്‍ ചിരിച്ചു. ആബേല്‍ അവരെയെല്ലാം അന്ധാളിച്ചു നോക്കി.

'ഇനി ഞാന്‍ പറയുന്നത് നീ മനസ്സിരുത്തി കേള്‍ക്കണം. നമ്മുടെ പാര്‍ട്ടിക്കാരാ സാബൂനെ കൊന്നതെന്നാ മറ്റവന്മാരും അതേറ്റുപിടിച്ച് പത്രക്കാരും പറയുന്നത്. അതെന്തോ ആകട്ടെ. അതവന്റെ വിധി. നിന്റെ വീട്ടില്‍ പോയിട്ടാ ഞാന്‍ വരുന്നത്. കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. കുടുംബം പോറ്റാന്‍ നീ പെടാപാട് പെടുന്നതൊക്കെ അവര്‍ എണ്ണിയെണ്ണി പറഞ്ഞു. നീ നമ്മുടെ പാര്‍ട്ടിക്കാരനല്ലേ. നിന്നെയങ്ങനെയങ്ങ് കൈവിടാന്‍ പറ്റോ? നിന്റെ എല്ലാ ദുരിതങ്ങളും ഈ രാത്രി കൊണ്ടവസാനിക്കാന്‍ പോവുകയാ.' 

ആബേല്‍ അന്ധാളിപ്പോടെ വാ പിളര്‍ത്തി മുട്ടുകുത്തി നിന്നു.

'നിന്റെ ദേഹത്ത് ഒരു പൂപോലും ഒരുത്തനും നുള്ളിയിടില്ല. ഇനിയെങ്ങാനും കേസ് ശിക്ഷിച്ചെന്നിരിക്കട്ടെ, പേടിക്കണ്ട. അകത്ത് രാജാവായി വാഴാം. കേസും നിന്റെ കുടുംബത്തിന്റെ സകല ചെലവും പാര്‍ട്ടി നോക്കും. നീ അദ്ധ്വാനിച്ചുണ്ടാക്കുന്നതിന്റെ മൂന്നിരട്ടി പണം എല്ലാ മാസവും ഒന്നാംതീയതി കൃത്യമായി വീട്ടിലെത്തിക്കും. കേസാണെങ്കിലും ശിക്ഷയാണെങ്കിലും അതു കഴിയുംവരെ പണം മുടങ്ങില്ല. സംഗതി ഞാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് നിനക്ക് പിടികിട്ടിയല്ലോ?' 

അയാള്‍ ചോദിച്ചു. ചാട്ടവാറടികൊണ്ടതുപോലെ ആബേല്‍ പുളഞ്ഞു.

'എനിക്കെന്റെ മക്കളെ കാണണം സാറേ...' ആബേല്‍ കൊച്ചുകുട്ടികളെപ്പോലെ ഏങ്ങിക്കരഞ്ഞു.

ഉറക്കെ ചിരിച്ചുകൊണ്ടയാള്‍ എഴുന്നേറ്റു. പൊലീസ് സ്‌റ്റേഷനില്‍ കൂട്ടച്ചിരി ഉയര്‍ന്നു.

മുട്ടുകാലില്‍നിന്ന ആബേല്‍ തലയുയര്‍ത്തി മുകളിലേക്കു നോക്കി തൊഴുകയ്യോടെ പറഞ്ഞത് ചിരികള്‍ക്കിടയില്‍ മുങ്ങിപ്പോയി. 

പിന്നെ കഥമെനഞ്ഞത് പൊലീസുകാരായിരുന്നു. 

കൊലപാതകിയെ പൊലീസ് നാടകീയമായി അറസ്റ്റ്‌ചെയ്തു. നാടുമുഴുവന്‍ കൊണ്ടുനടന്നു തെളിവെടുപ്പ് നടത്തി. പൊട്ടക്കിണറ്റില്‍ ഒളിപ്പിച്ച കൂര്‍ത്ത കത്തി ആഘോഷപൂര്‍വ്വം കണ്ടെടുത്തു. പ്രതി കുറ്റസമ്മതം നടത്തി. കഥയമമ കഥയമമ കഥകളതി സാദരം. അത്യുന്നതങ്ങളില്‍ സര്‍വ്വകക്ഷി യോഗം, നാട്ടില്‍ സമാധാനം. സന്മനസ്സുള്ള ആബേലിനു ജീവപര്യന്തം.
ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി മാസം ഒന്നു തികയും മുന്‍പ് ഒരു രാത്രി കിടക്കാന്‍ നേരം ഭാര്യ ചോദിച്ച ചോദ്യമാണ് ആബേലിനെ തകിടംമറിച്ചത്.

'മാസാമാസം കിട്ടിക്കോണ്ടിരുന്നത് ഒറ്റയടിക്ക് നിന്നു. പിള്ളാരുടെ പഠിപ്പ്, വീട് വച്ചേന്റെ കടം... ഇനിയെങ്ങനാന്ന് വല്ല നിശ്ചയമുണ്ടോ?'

എട്ടാം വര്‍ഷം മോചനം കിട്ടിയത് തന്റെ സല്‍സ്വഭാവം കൊണ്ടാണെന്ന ആബേലിന്റെ രഹസ്യാഭിമാനം കെട്ടു. ഭാവിയെക്കുറിച്ചുള്ള ആകുലത അയാളെ ശ്വാസം മുട്ടിച്ചു. അടിവയറ്റില്‍ നിന്നുയര്‍ന്ന ആളല്‍ നെഞ്ച് തകര്‍ത്തു തലച്ചോറിലേക്ക് ഇരച്ചുകയറി.

'പതിന്നാല് വര്‍ഷോല്ലേ ജീവപര്യന്തം...?'

തിരിഞ്ഞുകിടന്ന ഭാര്യയുടെ അമര്‍ഷം നിറഞ്ഞ ചോദ്യം ആബേലിനെ ഒറ്റനിമിഷംകൊണ്ട് അപ്രസക്തനാക്കി. തന്റെ ശ്വാസോച്ഛ്വാസശബ്ദംപോലും അയാള്‍ക്ക് അപകര്‍ഷതയുണ്ടാക്കി. ഉറക്കെ കരയാന്‍ വെമ്പിയെങ്കിലും അതിനാകാതെ തലയിണയില്‍ മുഖമമര്‍ത്തി നീറി ഉരുകി. തൊട്ടടുത്ത ദിവസം രാവിലെയാണ് സാബുവിന്റെ വീട്ടിലേക്ക് ആബേല്‍ പോയത്.
ഭംഗിയുള്ള, നിറം മങ്ങാത്ത കൊച്ചുവീട്. മുറ്റം നിറയെ നിരതെറ്റാതെ ജെമന്തിച്ചെടികള്‍ വിവിധ നിറത്തില്‍ പൂത്തുനില്‍ക്കുന്നു. ഗൃഹനാഥന്‍ മരിച്ച വീടാണെന്നു കാഴ്ചയില്‍ തോന്നില്ല.

ബര്‍ത്ത്‌ഡേ സ്റ്റിക്കറുകളും തോരണങ്ങളും ചുവരിലൊട്ടിച്ച മുന്‍വശത്തെ മുറിയില്‍ സാബുവിന്റെ മാല ചാര്‍ത്തിയ വലിയ ചിത്രം ഉണ്ടാകുമെന്നു കരുതിയെങ്കിലും രണ്ട് ആണ്‍കുട്ടികള്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോയും ചില പ്രകൃതിദൃശ്യങ്ങളുമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. 

'ആരാ?'

ശബ്ദം കേട്ട് പുറത്തേക്കു വന്ന സാബുവിന്റെ ഭാര്യ ചോദിച്ചു. തന്നെ എങ്ങനെ പരിചയപ്പെടുത്തണമെന്നറിയാതെ ആബേല്‍ മിഴിച്ചുനിന്നു.

'മനസ്സിലായില്ല...?' സ്ത്രീ സംശയത്തോടെ നോക്കി.

അല്പം കഴിഞ്ഞ് അയാള്‍ വിക്കി വിക്കി പേരു പറഞ്ഞു. അല്പനേരം അയാളെ നോക്കിനിന്ന ശേഷം വാതിലില്‍ ചെന്നു പുറത്തേയ്ക്ക് കണ്ണോടിച്ചിട്ട് ധൃതിയില്‍ അകത്തേക്ക് പോയ സ്ത്രീ വലിയ ഗ്ലാസ്സില്‍ നിറയെ മോരുമായി വന്നു. പറയാനും ചോദിക്കാനും ഒരുപാടുണ്ടായിരുന്നെങ്കിലും അവരിരുവരും നിശബ്ദരായി. അയാള്‍ മോര് കുടിച്ച് കഴിഞ്ഞപ്പോള്‍ സ്ത്രീ മെല്ലെ സംസാരിച്ചു തുടങ്ങി:

'എല്ലാം ദൈവനിശ്ചയമെന്നേ ഞാനിപ്പോ കരുതുന്നുള്ളു. അത് നടപ്പാക്കാന്‍ ഓരോരുത്തരെ ചുമതലപ്പെടുത്തുന്നു. അത്രേയുള്ളൂ.' 

ആബേല്‍ ഒന്നും പറഞ്ഞില്ല. 

'ഇങ്ങോട്ടു വന്നപ്പോ സഹോദരനെ ആരെങ്കിലും തിരിച്ചറിഞ്ഞോ?'

ആബേലിനു മറുപടിയില്ലായിരുന്നു.

'വീട് വെച്ച് തന്നതും സൊസൈറ്റീലെനിക്ക് പണി വാങ്ങിച്ചു തന്നതും പാര്‍ട്ടിക്കാരാ...' സ്ത്രീ ആശങ്കയോടെ പുറത്തേക്കു നോക്കിയിട്ട് പറഞ്ഞു. 

ആബേല്‍ എഴുന്നേറ്റു. 

'എനിക്ക് സഹോദരനോട് ദേഷ്യമൊന്നുമില്ല. പക്ഷേ, ഇനി ഇങ്ങോട്ട് വരരുത്. ഞാന്‍ രണ്ടാമത് കല്യാണം കഴിച്ചതറിഞ്ഞുകാണുമല്ലോ...? നല്ല മനുഷ്യനാ. അതിയാന് പഴയ കാര്യങ്ങളൊന്നും കേള്‍ക്കുന്നതിഷ്ടമില്ല. അതുകൊണ്ട് ഞാനിപ്പോഴതൊന്നും ഓര്‍ക്കാറുമില്ല.'

പറയാനുള്ളതെല്ലാം ഉള്ളിലമര്‍ത്തി യാത്ര പറയാതെ ആബേല്‍ തളര്‍ച്ചയോടെ പുറത്തേക്കു നടന്നു. വീട് കഴിഞ്ഞുള്ള ഇടവഴിയില്‍ വച്ച് അയാള്‍ കുടിച്ച മോര് ഛര്‍ദ്ദിച്ചു. 

'നിന്റെ കൂടെ കഴിഞ്ഞതിന്റെ ഇരട്ടിയില്‍ കൂടുതല്‍ കാലം നിന്റെ ഭാര്യ നിന്നെ കൂടാതെയാ ജീവിച്ചത്. നീ കൊണ്ടുകൊടുത്തതിന്റെ മൂന്നിരട്ടി പണം നീയില്ലാത്തോണ്ടവള്‍ക്കു കിട്ടി. അത് ഒറ്റയടിക്ക്, ആ വാക്കല്ലേ അവള്‍ പറഞ്ഞത്? അവസാനിക്കുകയെന്നു വച്ചാല്‍...? ശരിയാ. പ്രയാസം തന്നെയാ' അച്ചന്‍ ചിന്തയിലാണ്ടു. 

'അവളെന്നെ ഇതുവരെയൊന്നു കെട്ടിപ്പിടിച്ചതുപോലുമില്ലച്ചോ. എന്റെ മക്കള് രണ്ടും അടുത്തു പോലും വരുന്നില്ല. ഇനിയെന്തു ചെയ്യണമെന്നറിയില്ല... ഓര്‍മ്മവച്ചതു മുതല്‍ എപ്പോഴും ഭയമാ. അതിപ്പോ കൂടിക്കൂടി തല പൊട്ടിപ്പോകുന്ന അവസ്ഥേലാ... ആര്‍ക്കും വേണ്ടാത്തവനായിപ്പോയച്ചോ... ഈ ലോകത്ത് എനിക്കു മാത്രമൊരിടമില്ല' ആബേല്‍ നിലവിളിക്കുംപോലെ പറഞ്ഞു.

'തല്‍ക്കാലം നമുക്കീ വിഷയം വിടാം.' അച്ചന്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

'എന്റെ ജീവിതമാ അച്ചോ...' ആബേലിന്റെ കണ്ണില്‍നിന്നു കുടുകുടെ തീവെള്ളമൊഴുകി.

'തല്‍ക്കാലം വിടാമെന്നാ പറഞ്ഞത്. വെളുക്കുവോളം സമയമുണ്ട്. അതിനിടയില്‍ നമുക്കു നോക്കാം. എന്താ?'

ആബേല്‍ കണ്ണുതുടച്ചു പ്രതീക്ഷയോടെ എഴുന്നേറ്റു. അച്ചനയാളെ നെഞ്ചോടുചേര്‍ത്തണച്ചു. നൂറ്റാണ്ടുകളായി ആഗ്രഹിച്ച ആലിംഗനച്ചൂടില്‍ കുഞ്ഞിനെപ്പോലെ ലയിച്ച ആബേലിന്റെ തിളച്ച കണ്ണുനീര്‍ വീണ് അച്ചന്റെ കുപ്പായം കുതിര്‍ന്നു.
'വാ നമുക്കെന്തെങ്കിലും കഴിക്കാം' അച്ചന്‍ പറഞ്ഞു.

അച്ചന്റെ പിന്നാലെ ആബേല്‍ അടുക്കളയിലേക്കു ചെന്നു. 

'കുശിനിക്കാരന്‍ രാവിലെ ആറിന് വരുന്നതാ. ഉച്ചയ്ക്ക് രണ്ട് മണിക്കു മുന്‍പ് ആഹാരം കഴിച്ചിട്ട് പൊയ്‌ക്കോളാന്‍ ഞാന്‍ തന്നെയാ പറഞ്ഞത്' അച്ചന്‍ പറഞ്ഞു.

ഛര്‍ദ്ദിച്ചുപോയ ഒരു ഗ്ലാസ്സ് മോരു മാത്രമേ അന്നത്തെ ദിവസം ആബേല്‍ കഴിച്ചിരുന്നുള്ളു. മൂലയ്ക്ക് കിടന്ന കസേരയില്‍ അയാള്‍ തളര്‍ന്നിരുന്നു. ഫ്രിഡ്ജില്‍ നിന്നെടുത്ത കറി ചൂടാക്കുന്നതിനിടയില്‍ അച്ചന്‍ ഉറക്കെ കവിത ചൊല്ലി:

'അദ്ധ്വാനത്തിന്നരുമകളേയിനിയുണര്‍ന്നെഴുന്നേല്‍ക്കൂ
കരുത്തുകാച്ചിയാഞ്ഞടിച്ചുടച്ചിടാം തുറുങ്കുകള്‍
ആത്മവീര്യമുള്ളിലാര്‍ന്നു വേഗചക്രഭ്രമണമിന്നു
സ്വന്തമിച്ഛയാല്‍ തടുത്തുനിര്‍ത്തിടാം സഖാക്കളേ'

കവിത കേട്ടിരുന്ന ആബേലിന്റെ പിന്നില്‍ അയാളുടെ അപ്പനും അമ്മയും എണ്ണമറ്റ, മുഖമില്ലാത്ത പൂര്‍വ്വികരും തല കുമ്പിട്ടു വാപൊത്തി വരിയായി ഭയപ്പാടോടെ നിന്നു. പള്ളിയുടെ താഴ്‌വാരത്തിലുയര്‍ന്ന പൂര്‍വ്വികരായ അടിമ മനുഷ്യരുടെ നൊന്ത നിലവിളി കേട്ട് നായ്ക്കള്‍ നീട്ടി ഓരിയിട്ടു.

തൊഴിലാളി നേതാവായിരുന്ന അപ്പനനുഭവിച്ച യാതനകളെക്കുറിച്ച് ആഹാരം കഴിച്ചു കഴിഞ്ഞ് ആബേല്‍ പറഞ്ഞു.

'നിന്റെ അപ്പനെങ്ങനെയാ മരിച്ചത്?' അച്ചന്‍ ചോദിച്ചു. ആബേലിന്റെ ഉള്ളിലൊരു തേങ്ങലുയര്‍ന്നു.

'തോട്ടത്തിലെ സമരത്തിനു പോയിട്ട് രാത്രി വന്നപ്പോ ഒളിച്ചിരുന്ന കുറേപ്പേര് അപ്പനെ തലങ്ങും വിലങ്ങും തല്ലി. പിറ്റേന്നു വെളുപ്പിനു കിടക്കപ്പായീന്നെണീക്കാനാകാതെ വിറച്ചുകിടന്ന അപ്പനെ പൊലീസു പിടിച്ചോണ്ട് പോയി. തല്ലിയത് അപ്പനെന്നായിരുന്നു കേസ്. മൂന്നാല് ദിവസം കഴിഞ്ഞാ അപ്പനെ സ്‌റ്റേഷനീന്ന് വിട്ടത്. അതിനിടയില്‍ സമരം ഒത്തുതീര്‍പ്പാക്കി. അപ്പന്‍ പിന്നെ എഴുന്നേറ്റ് നടന്നിട്ടില്ല. നാലഞ്ചു മാസം കൂടിയേ ജീവിച്ചുള്ളു. ഞാനന്ന് ഒന്‍പതാം ക്ലാസ്സിലായിരുന്നു. പഠിപ്പതോടെ തീര്‍ന്നു' ആബേല്‍ പറഞ്ഞു. കുറേ നേരം അച്ചന്‍ നിശബ്ദനായിരുന്നു.

'ആബേലേ...'

'എന്തോ...'

'വഴി മാറി വന്നീ കുപ്പായമെടുത്തിടും മുന്‍പ് ഞാന്‍ തൊണ്ട പൊട്ടുന്ന ഒച്ചയില്‍ കുറേ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടുണ്ട്.'
അച്ചന്‍ ഓര്‍മ്മയില്‍ മുഴുകി. തനിക്ക് ചെകുത്താനച്ചനെന്ന വിളിപ്പേരു വന്നതും തന്റെ പള്ളിയില്‍ വിശ്വാസികള്‍ വരാതായതും അച്ചന്‍ പറഞ്ഞു.

താഴ്‌വാരത്തിലെ മനുഷ്യര്‍ ചെവി വട്ടം പിടിച്ചു. അപ്പന്റെ തോളിലിരുന്നു മുദ്രാവാക്യം ഏറ്റു വിളിച്ച ഓര്‍മ്മ ആബേലിന്റെ മനസ്സില്‍ ജാഥയായി വന്നു. അനങ്ങാനാവാതെ വേദനിച്ചു കിടന്നപ്പോഴും മരിക്കുന്നതിനു തൊട്ടു മുന്‍പും അപ്പന്‍ ചുണ്ടനക്കി താണസ്വരത്തില്‍ മുദ്രാവാക്യം മുഴക്കിയത് ആബേല്‍ മാത്രം ചെവിചേര്‍ത്തു കേട്ടു.

'ആബേലേ, മറ്റുള്ളവര്‍ക്കുവേണ്ടി യാതനകളനുഭവിച്ചവരുടെ ചുമലില്‍ പിടിച്ചാ ഈ ലോകം നില്‍ക്കുന്നത്. നമ്മുടെ വിധി നിര്‍ണ്ണയിക്കുന്നത് ദൈവങ്ങളൊന്നുമല്ല, മനുഷ്യന്മാര്‍ തന്നെയാ.'

അച്ചന്‍ കഥ പറയാന്‍ തുടങ്ങി. ആബേല്‍ കേട്ടിരുന്നു.

തന്റെ നാലുമക്കള്‍ മരിച്ചിട്ടും ദാരിദ്ര്യവും രോഗവും പീഡനങ്ങളും കൊണ്ട് വെന്തിട്ടും ലക്ഷ്യത്തില്‍നിന്നു അണുവിട മാറാത്ത ഒരാളുടെ കഥ പറയാം. തന്റെ പിഞ്ചോമനയുടെ വിറങ്ങലിച്ച ദേഹത്തെ പുണര്‍ന്നുകൊണ്ടയാളുടെ ഭാര്യ തേങ്ങിപ്പറഞ്ഞു: 'നിങ്ങളെന്റെ കുഞ്ഞിനു തൊട്ടിലോ വാങ്ങി നല്‍കിയില്ല; അന്ത്യയാത്രയ്‌ക്കൊരു നല്ല ശവപ്പെട്ടിയെങ്കിലും വാങ്ങിത്തരാനുള്ള കരുണ കാണിക്കണം.' നിസ്വനായ അയാളുടെ പക്കല്‍ ചില്ലിക്കാശില്ലായിരുന്നു. വീട്ടിലവശേഷിച്ച വെള്ളിപ്പാത്രം വില്‍ക്കാനയാള്‍ മഞ്ഞുപെയ്യുന്ന ആ രാത്രി ലണ്ടനിലെ തെരുവിലേക്കിറങ്ങി. താടിയും മുടിയും നീട്ടിവളര്‍ത്തി, മുഷിഞ്ഞു കീറിയ കോട്ടും ധരിച്ച് അലഞ്ഞ അയാളെ മോഷ്ടാവെന്നു കരുതി പൊലീസ് അറസ്റ്റുചെയ്തു. ആ മനുഷ്യന്‍ ഇരുപത്തിയെട്ടുവര്‍ഷം രാപകല്‍ അദ്ധ്വാനിച്ച് ഒരു പുസ്തകമെഴുതിയത് സര്‍വ്വലോക തൊഴിലാളികളേയും സംഘടിപ്പിക്കാനായിരുന്നു. പുസ്തകം പുറത്തിറങ്ങി നാലു വര്‍ഷം കഴിഞ്ഞിട്ടും ആയിരം കോപ്പി പോലും വിറ്റുപോയില്ല. തന്റെ മൂലധനം കാലാനന്തരമെങ്കിലും ലോകത്തെ മാറ്റിമറിക്കുമെന്നയാള്‍ സ്വപ്നം കണ്ടു.

അച്ചന്‍ കഥ തുടര്‍ന്നു. ആബേലിനു തന്റെ അപ്പനേയും അമ്മയേയും കൈകളില്‍ ആണിപ്പഴുതും കണ്ണുകളില്‍ അഗാധ കാരുണ്യവുമുള്ള ഒരുവനേയും ഓര്‍മ്മവന്നു. എവിടെനിന്നോ വിലയ്ക്കുവാങ്ങി മറ്റെവിടേക്കോ കൊണ്ടുപോകുന്നതിനിടയില്‍ പീഡനം സഹിക്കാനാകാതെ ഒളിച്ചോടിയ തന്റെ പൂര്‍വ്വപിതാവും അടിമകളായി ജീവിച്ചുമരിച്ച ഒരുകൂട്ടം പൂര്‍വ്വമനുഷ്യരും ഓര്‍മ്മയില്‍ നിറഞ്ഞു. പണിക്കു വരാത്തതിനുള്ള ശിക്ഷയായി കാളയ്‌ക്കൊപ്പം നുകത്തില്‍ പൂട്ടി വയലില്‍ ഉഴുവാനിറക്കിയ പൂര്‍ണ്ണ ഗര്‍ഭിണിയായ പൂര്‍വ്വമാതാവ് നെല്ലിടപോലും മുന്നോട്ടു പോകാനാകാതെ വിറച്ചു വീണതും മര്‍ദ്ദനമേറ്റു പിടഞ്ഞുമരിച്ചതും വെളിച്ചം കാണാത്ത കുഞ്ഞിന്റെ പ്രാണവേദനയും അയാളുടെ ഓര്‍മ്മയില്‍ തുളച്ചുകയറി.

കഥ തീരും വരെ രാത്രി പോകാതെ നിന്നു. അരിച്ചിറങ്ങിയ വെട്ടത്തില്‍ അച്ചന്റെ മേശപ്പുറത്തിരുന്ന തടിച്ച പുസ്തകം ആബേല്‍ കണ്ടു. അതെഴുതാന്‍ ഇരുപത്തിയെട്ടു വര്‍ഷം അദ്ധ്വാനിച്ച ത്യാഗിയായ മനുഷ്യനേയും അടുത്ത നിമിഷം തന്റെ മക്കളേയും അയാള്‍ ഓര്‍ത്തു. പിറക്കാനിരിക്കുന്ന കോടാനുകോടി മനുഷ്യരുടെ വിലാപം ചെവിയില്‍ അലയടിച്ചു.

'ആബേലേ, വേദനിക്കുന്നവരുടെയെല്ലാം കഥ ഒന്നുതന്നെയാ. ഒരാള്‍ക്കു മാത്രമായി ഒരു ആത്മകഥയുമില്ല ജീവചരിത്രവുമില്ല. പക്ഷേ, പോരാടുന്നവന്റെ കഥ ഒന്നിനൊന്നു വ്യത്യസ്തമായിരിക്കും' അച്ചന്‍ പറഞ്ഞു. 
ആബേല്‍ കുറേ നേരം അച്ചന്റെ മുഖത്തു നോക്കിയിരുന്നു.

'കൊടും പീഡയനുഭവിച്ചവരെല്ലാം ഉയിര്‍ത്തെഴുന്നേല്‍ക്കും' അച്ചന്‍ പറഞ്ഞു.

അതുവരെയില്ലാതിരുന്ന തീയാളല്‍ ആബേലിന്റെ കണ്ണുകളില്‍ അച്ചന്‍ കണ്ടു.

'നാം മുട്ടുകുത്തുന്നതിനാലാണ് വലിയവര്‍ നമ്മുടെ കണ്ണുകളില്‍ വലിയവരാകുന്നത്. നമുക്കു നിവര്‍ന്നുനില്‍ക്കാം' * അച്ചന്‍ പറഞ്ഞു.

ആബേല്‍ പള്ളിയില്‍നിന്നു പുറത്തിറങ്ങി. മഞ്ഞുപാളികളെ തുളയ്ക്കുന്ന വെയില്‍ വെറിച്ചു. താഴ്‌വാരത്തില്‍ കടും നിറങ്ങളുള്ള പൂക്കള്‍ നിറഞ്ഞു. പന്നല്‍ചെടികള്‍ വളര്‍ന്നുനിന്ന നീളന്‍ പടിക്കെട്ടിറങ്ങി ചെമ്മണ്‍പാതയിലെത്തിയ ആബേല്‍ ഒറ്റയ്‌ക്കൊരു ജാഥ നയിച്ചു. ഭൂതകാലത്തിലേക്കു തലയുയര്‍ത്തിപ്പിടിച്ചു നടന്നു. അയാളുടെ അപ്പനും അമ്മയും അപ്പാപ്പനും അമ്മാമയും അനേകമനേകം അടിമകളായ പൂര്‍വ്വികരും അസംഖ്യം ഭയന്ന മനുഷ്യരും ക്രമേണ ജാഥയില്‍ അണിചേര്‍ന്നു. അവര്‍ സംഘടിതരാവുകയും തങ്ങളെ ആഴത്തില്‍ വരിഞ്ഞു മുറുക്കിയിരുന്ന ഭയത്തെ പൊട്ടിച്ചെറിയുകയും ചെയ്തു. 

കാലാനന്തരം ആബേല്‍ പള്ളിയിലേക്കു മടങ്ങിവന്നു. ക്രൂശിതനായ കര്‍ത്താവിന്റെ തിരുരൂപത്തിന്റെ നോട്ടം പതിയുന്നിടത്ത് വാര്‍ദ്ധക്യം പുതച്ചിരുന്ന അച്ചന്‍, വേദപുസ്തകത്തില്‍നിന്നു മുഖമുയര്‍ത്തിയിട്ട് മന്ത്രിച്ചു:

'പ്രെയിസ് ദ ലോര്‍ഡ്.'

തന്റെ ജീവിതകഥയുടെ ഭയലേശമില്ലാത്ത രണ്ടാം പകുതി ആബേല്‍ പറയാന്‍ തുടങ്ങി.

അച്ചന്റെ ജീവിതകഥയുടെ ഒന്നാംപകുതിയില്‍ ഒളിപ്പിച്ച് വച്ചിരുന്ന ചോരക്കത്തി കഥ കേള്‍ക്കാന്‍ പുറത്തേക്കിറങ്ങി.

* ലുസ്റ്റാലോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com