അമ്പലപ്പുഴ സിസ്റ്റേഴ്‌സ്

അമ്പലപ്പുഴ സിസ്റ്റേഴ്‌സ്

ഒന്ന്

മ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലെ പന്ത്രണ്ട് കളഭം, ഒമ്പതാം ദിവസം.
അമ്പലപ്പുഴ സിസ്‌റ്റേഴ്‌സിന്റെ നൃത്തനൃത്യങ്ങള്‍.

'കാവേരിപ്പുഴയില്‍ കരിയീട്ടിത്തോണിയില്‍
കണിവല വീശാന്‍ പോയേനെ മലയരയാ
കണിവല വീശാന്‍ പോയേനെ മലയരയാ
എന്റെ മാനഴകാ...'*

സ്‌റ്റേജില്‍  ഭാര്‍ഗവിയും കരുമാടി സതിയും. രംഗത്ത് ഭാര്‍ഗവി മാത്രമേയുള്ളൂവെന്നാണ് വെപ്പ്. പിറകില്‍ ഒരു കണ്ണാടി എന്ന് തോന്നിക്കുംമട്ടില്‍ വലിയ ഒരു തടിച്ചതുരം നില്‍പ്പനെ വെച്ചിട്ടുണ്ട്.  ഭാര്‍ഗവി രംഗത്താടുമ്പോള്‍ അവളുടെ പ്രതിബിംബം കണ്ണാടിയില്‍ കാണുന്നു എന്ന പ്രതീതി വരുത്തുംവിധമാണ് നൃത്തം. ഭാര്‍ഗവിയുടെ പ്രതിബിംബമായി ആടുകയാണ് സതിയുടെ ജോലി. അക്കാലത്ത് അത് വലിയ ഒരു അത്ഭുതമായിരുന്നു. ഭാര്‍ഗവി കാണികളെ നോക്കി നൃത്തം  ചെയ്യുമ്പോള്‍ അവളുടെ പിന്‍ഭാഗം കാണാനാവുന്ന മട്ടില്‍ കരുമാടി സതി പുറം തിരിഞ്ഞു നിന്ന്  ചതുരപ്പലകയ്ക്കുള്ളില്‍  ഡാന്‍സ് കളിക്കും. ഭാര്‍ഗവി പുറം തിരിയുമ്പോള്‍ അവളുടെ മുന്‍ ശരീരമെന്ന വണ്ണം സതിയെ കണ്ണാടിയില്‍ കാണാം. (ആ ചതുരത്തിനുള്ളില്‍  ചില്ലുണ്ടെന്നും ആ കണ്ണാടിയില്‍ കാണുന്നത് ഭാര്‍ഗവിയുടെ തങ്ങള്‍ക്ക് കാണാനാകാത്ത ശരീരത്തിന്റെ എതിര്‍വശമാണെന്നും  തെറ്റിദ്ധരിച്ച് പ്രേക്ഷകന്‍  ആര്‍പ്പുവിളിക്കുന്നതും ആവേശംകൊണ്ട് നോട്ടുമാല എറിയുന്നതും പതിവായിരുന്നു).  അങ്ങനെ ഒരേസമയം  നര്‍ത്തകിയുടെ മുഖവും നിതംബവും കാണാന്‍ കഴിയുന്നതിനാല്‍ അമ്പലപ്പുഴ സിസ്‌റ്റേഴ്‌സിന്റെ പ്രോഗ്രാം ബുക്ക് ചെയ്യാന്‍ അക്കാലത്ത് പിടിവലിയായിരുന്നു! കൈവിരലുകള്‍ വരെ പ്രതിബിംബത്തെ തോല്‍പ്പിക്കുംവിധം ഒരേ മട്ടില്‍ കളിക്കുന്നത് കണ്ട് അത്ഭുതപ്പെടാത്ത മനുഷ്യരില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഭാര്‍ഗവിയുടെ കണ്ണാടിയില്‍ കാണാവുന്ന പ്രതിബിംബമാണ് കരുമാടി സതി.
രണ്ടുപേരും മുട്ടറ്റം പാവാടയും ബ്ലൗസും. കഴുത്തില്‍ മുത്തുമാലകളും കൈകളില്‍ കുപ്പിവളകളും. കാലുകളില്‍ എടുത്താല്‍ പൊങ്ങാത്ത ചിലങ്ക. പാവാട പൊങ്ങിയാല്‍ അരുതാത്തത് കാണാതിരിക്കാന്‍ താറുടുത്തിട്ടുണ്ട്. 'കാവേരിപ്പുഴയില്‍' എന്ന പദത്തില്‍ രണ്ടുപേരും കൈവിരലുകളും അരക്കെട്ടും ഓളങ്ങള്‍പോലെ ചലിപ്പിച്ച് വശങ്ങളിലേക്ക് വേഗതയില്‍ ഓടി. പുരികങ്ങള്‍ ഓരോന്നായി താഴേക്ക് ഒടിച്ച്  കവിള്‍ വിടര്‍ത്തി  കണ്ടോണ്ടിരുന്നവരുടെ മനസ്സ് തുളുമ്പിച്ചു. അപ്പോള്‍ കാവേരി സ്‌റ്റേജില്‍ ഓളംതല്ലി ഒഴുകി. 'കരിയീട്ടിത്തോണിയില്‍' എന്ന വരിയില്‍  തോണിപോലെ ശരീരത്തെ ചിട്ടപ്പെടുത്തിയും അതേസമയം കൈകള്‍  തുഴഞ്ഞും ആശയം പ്രകടമാക്കി. 'കണിവലവീശാന്‍ പോയേനെ' എത്തിയപ്പോള്‍ കാണികളിലേക്ക് വല വീശുന്നതുപോലെ കണ്ണും കൈയും എറിഞ്ഞു. ആ സമയം സ്‌റ്റേജില്‍ കറങ്ങിയോടിയതിനാല്‍ പാവാട വല വീശും പോലെ പൊങ്ങി. 'മലയരയാ' എന്നിടത്തെത്തിയപ്പോള്‍ ഭാര്‍ഗവി വിശേഷിച്ചൊരിടം ലക്ഷ്യമാക്കി നോക്കി. അവള്‍ അവിടേക്ക് തന്നെയേ നോക്കൂ എന്ന് ഉറപ്പുള്ളതിനാല്‍ സതിയുടെ പിന്‍ഭാഗ നോട്ടവും അങ്ങോട്ടേക്ക് പോയി. സ്‌റ്റേജിന്റെ തെക്ക് കിഴക്കേ മൂലയില്‍ മുറുക്കാനും മൂക്കില്‍പ്പൊടിയും വില്‍ക്കുന്ന കടയുടെ മുന്നിലെ ആണുങ്ങളിലേക്കാണ് ആ നോട്ടം. അപ്പോള്‍ ഭാര്‍ഗവി  ശൃംഗാരത്താല്‍ പുരികക്കൊടി നീളത്തില്‍ നിര്‍ത്തി.


ആ പദത്തില്‍ 'മലയരയാ' എന്ന് അവള്‍ അങ്ങനെ വിളിക്കുമ്പോള്‍ കാണാന്‍  ആഗ്രഹിച്ച ആള്‍ സക്കറിയ ഇപ്പോള്‍ അവിടെ ഇല്ല. തൊട്ടുമുമ്പ് മോഹിനിയാടും വരെ അയാള്‍ അവിടെ മൂക്കിലേക്ക് പൊടി കുത്തിനിറച്ച് മുറുക്കാന്‍ ചുവപ്പിച്ച് നില്‍പ്പുണ്ടായിരുന്നു. ഇങ്ങേരിതിപ്പോള്‍ എവിടെപ്പോയി. ചുവട്‌വെച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അവള്‍ ആലോചിച്ചു. പുരികങ്ങള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്തും കവിളൊട്ടിച്ചും അവളുടെ നിരാശ അവള്‍ കൂട്ടുകാരി സതിയെ സൂത്രത്തില്‍ അറിയിച്ചു.
സതിയും അപ്പോള്‍ അവിടേക്ക് നോക്കി ബാക്കി പാട്ടു തീര്‍ക്കാന്‍ പെട്ടെന്ന് ചുവട്‌വെച്ചു.
'നീ കല്യാണ മാലയിട്ടൊരു കണ്മണി ഞാന്‍
കാട്ടുപുല്ലാങ്കുഴലൂതി നടന്നൊരു പെണ്‍കൊടിഞാന്‍
തകധൈതകധൈതകതകതകതക
തകധൈതകധൈ തകതകതകതക
കാവേരിപ്പുഴയില്‍ കരിയീട്ടിത്തോണിയില്‍
കണിവല വീശാന്‍ പോയേനെ മലയരയാ
എന്റെ മാനഴകാ'


മംഗളം പാടും മുമ്പുള്ള ഇടവേളക്കായ് കര്‍ട്ടന്‍ വീണു. ഇടവേളയില്‍ പതിനഞ്ച് നിമിഷം സുകുമാരനാശാരിയുടെ റേഡിയോ കഥാപ്രസംഗമുണ്ട്. മേക്കപ്പ് റൂമിലേക്ക് രണ്ടുപേരും ഓടിയെത്തി. ഓടിവന്ന പാടെ സതിയുടെ തോളില്‍ പിടിച്ചുകൊണ്ട് ഭാര്‍ഗവി പറഞ്ഞു: 'ഞാനിപ്പോ വരാം. മംഗളം തുടങ്ങും മുമ്പ് ഞാനിങ്ങ് ഓടിയെത്താം.'
'വേഷം പോലും മാറാതെ നീയെങ്ങോട്ട് പോകുന്നു. നീയെങ്ങും പോകണ്ട'  സതിയുടെ കവിളില്‍ സ്‌നേഹത്തോടെ തൊട്ട് ഭാര്‍ഗവി ധൃതിപിടിച്ചിറങ്ങാന്‍ ആഞ്ഞു.
അണച്ചുകൊണ്ട് അവളുടെ കൈ പിന്നില്‍നിന്ന് പിടിച്ച്  സതി പറഞ്ഞു: 'നീയിന്ന് പ്രതീക്ഷിക്കാത്ത ആംഗ്യവും ചലനവുംകൊണ്ട് എന്നെ വിഷമിപ്പിച്ചു.'
'പിന്നെ എന്റെ മനോധര്‍മ്മംകൊണ്ട് എങ്ങനെയോ രക്ഷപ്പെട്ടു.'
പോട്ടെ. കുഴപ്പമില്ലാതെ പോയല്ലോ എന്ന് അവളുടെ കവിളില്‍ ഉമ്മകൊടുത്ത് ഭാര്‍ഗവി ഇറങ്ങുമ്പോള്‍ സതി പിന്നില്‍നിന്ന് വിളിച്ചു പറഞ്ഞു:
'ഇങ്ങനെ പോയാല്‍ നിന്റെ കണ്ണാടിയിലെ പ്രതിബിംബമാകുന്ന പണി ഞാന്‍ അവസാനിപ്പിക്കും. ഈയിടെയായി പ്രതീക്ഷിക്കാത്ത അംഗവിക്ഷേപവും നീക്കവുംകൊണ്ട് നീയെന്നെ വിഷമിപ്പിക്കുന്നു.'
അവളെ ഒന്നൂടെ സ്‌നേഹത്തോടെ പിന്‍തിരിഞ്ഞ് നോക്കി ഭാര്‍ഗവി സ്‌റ്റേജിന്റെ പടിഞ്ഞാറ് വശത്ത്  ഗോശാലയുടെ അരികില്‍ ചാരിവെച്ചിരുന്ന സൈക്കിള്‍ എടുത്ത് പാഞ്ഞു. നൃത്തവേഷം മാറ്റാത്ത രൂപം സൈക്കിളില്‍ ഒരു മിന്നല്‍പോലെ പടിഞ്ഞാറേനട വഴി പുറത്തേക്ക് സഞ്ചരിച്ചു.

ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക

രണ്ട്

കച്ചേരിമുക്കിന്  ഒന്നര കിലോമീറ്ററിനപ്പുറം അമ്പലപ്പുഴക്കടപ്പുറത്ത് അവളെ കാത്ത്  വല നിറച്ച ഒരു വള്ളക്കോതില്‍ ചാരിനില്‍ക്കുന്നുണ്ട് സക്കറിയ. അപ്പോള്‍ നിലാവില്‍ ദൂരെനിന്ന് ഒരു ചെറു നിഴല്‍ സൈക്കിള്‍ ചവിട്ടിവരുന്നു. നോക്കിനില്‍ക്കെ അത് മിന്നലാകുകയും ആഭരണങ്ങളുടേയും ചിലങ്കയുടേയും കിലുക്കത്താല്‍ അവളുടെ രൂപം വെളിവാകുകയും ചെയ്തു. അവള്‍ എത്തിയെന്ന് അറിഞ്ഞപ്പോള്‍  മനസ്സില്‍ ആസൂത്രണം ചെയ്ത പദ്ധതി സക്കറിയ ഒന്നൂടെ വേഗതയില്‍ മനസ്സില്‍ ക്രമത്തില്‍ പറഞ്ഞ് ഉറപ്പിച്ചു.
സക്കറിയയെ കണ്ടതോടെ തീരപ്പൂഴിയിലൂടെയുള്ള വേഗത പോരെന്ന് തോന്നിയതിനാല്‍ സൈക്കിള്‍ ചരിച്ച് താഴേക്കിട്ട് ഭാര്‍ഗവി മണലിലൂടെ പാദം വലിച്ചു നടന്നു. ആയാസത്തില്‍ ചിലങ്ക ശബ്ദം കൂട്ടി. അവള്‍ അയാള്‍ക്കരികിലെത്തി മുഖത്തേക്ക് നോക്കിനിന്നു. ഡാന്‍സ് വേഷത്തില്‍ അവളെ കണ്ടപ്പോള്‍ സക്കറിയയ്ക്ക് ഉള്ളിലെ ആശങ്ക അലിയുന്നതായി തോന്നി.
'സ്‌റ്റേജിലെ പോലല്ല. കടപ്പുറത്തെ മണ്ണില്‍ നടക്കാന്‍ പാടാ. ആട്ടമൊന്നും കളിക്കാന്‍ പറ്റത്തില്ല' സക്കറിയ അവളെ കുത്തിനോവിക്കാന്‍ പറഞ്ഞു.
'പരിശീലിച്ചാല്‍ പറ്റും'  അവള്‍ തിരിച്ചു പറഞ്ഞു. 'അതറിഞ്ഞോണ്ടു തന്നെയാ ഇനിയുള്ള ജീവിതം കടപ്പുറത്തെ പൊടിമണ്ണില്‍ മതിയെന്ന് തീരുമാനിച്ചത്.'
കുറച്ച് കഴിഞ്ഞ് മണലില്‍ ഇരിക്കുമ്പോള്‍ അവള്‍ പറഞ്ഞു:  'എനിക്കുടനെ പോണം. റേഡിയോ കഥാപ്രസംഗം കഴിഞ്ഞാല്‍ മംഗളമാണ്.'
കാര്യത്തിലേക്ക് കടക്കും മുമ്പ് അയാള്‍ ആ തമാശ കലര്‍ന്ന  രഹസ്യം ചോദിച്ചു: 'ഇതെങ്ങനാ നീയും സതിയും ഒരുപോലെ ഇരിക്കുന്നത്. സ്‌റ്റേജില്‍ നിന്നെപ്പോലെ തന്നെ അവളെ കണ്ടാല്‍. നീ കണ്ണാടിയില്‍ നോക്കുന്നതുപോലെ തന്നെ!'
'കുറച്ചൊക്കെ ശരിയാ' അവള്‍ പറഞ്ഞു. 'ബാക്കി കാണുന്നവര്‍ സങ്കല്പിക്കുന്നതാ. കലാന്ന് പറഞ്ഞാല്‍ ആള്‍ക്കാരെ തോന്നിപ്പിക്കുന്നതാ.'
'എന്നാലും എനിക്കങ്ങോട്ട് വിശ്വാസം വരുന്നില്ല.'
'മുഖത്ത് മിനുക്കിട്ട്,  കണ്ണും പുരികവും കണ്‍മഷിയാല്‍ കറുപ്പിച്ച്, താംബൂലം ചവച്ച് ചുണ്ട് ചുവപ്പിച്ച് നിന്നാല്‍ ഡാന്‍സ് ചെയ്യുന്ന പെണ്ണുങ്ങടെയെല്ലാം മുഖം ഒരേപോലിരിക്കും.'
'മുഖം മാത്രമല്ലല്ലോ ചന്തിയും മുലയുമൊക്കെ. എല്ലാം ഒരുപോലെ.'
സക്കറിയ അശ്ലീലം ചിരിച്ച് അവളെ ചൊടിപ്പിച്ചു.
'അതായിരുന്നോ നോട്ടം'  അവള്‍ ദേഷ്യം പിടിച്ചു. 'നിതംബത്തിലും സ്തനത്തിലും തുണി ചുറ്റി തറ്റുടുപ്പിക്കും. രണ്ടു പേര്‍ക്കും ഒരേപോലെയാവാന്‍ രണ്ടിനും കീഴെ വേണ്ട പരുവം ലാക്കാക്കി കീഴ്‌ഞൊറിയും മേല്‍ഞൊറിയും. പിന്നെ ജമ്പറും ഡ്രസുമിട്ടാല്‍ കൃത്യമായിരിക്കും.'
'ഉം'  അയാള്‍ മിണ്ടാതിരുന്നു.
'സതിയെ കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായല്ലോ. അവളെ നിനക്കത്ര പിടിച്ചോ'  അയാള്‍ ചോദിച്ചു.
'അവള്‍ മിടുക്കിയാ'  ഭാര്‍ഗവി സന്തോഷത്തോടെ പറഞ്ഞു.
'ഞാന്‍ മനസ്സില്‍ കാണുന്നത് മാനത്ത് കാണും. തെറ്റിക്കുകയാണെങ്കില്‍ ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചേ തെറ്റിക്കൂ. ഞാന്‍ കണ്ണാടിയില്‍ നോക്കി ചെയ്യുന്നതുപോലെ എനിക്ക് തോന്നും.'
ഭാര്‍ഗവി ചിരിച്ചു. 'അങ്ങനെ നോക്കുമ്പോള്‍ അവള്‍ ഞാന്‍ തന്നാ.'
'പിന്നൊരു ലാഭവുമുണ്ട് രണ്ടാമത്'  ഭാര്‍ഗവി പറഞ്ഞു.
'അതെന്നാ അവളെക്കൊണ്ട് ലാഭം'  സക്കറിയ ചോദിച്ചു.
'അവളുണ്ടെങ്കില്‍ സിംഗിള്‍ ഡാന്‍സില്‍ പുരുഷവേഷം കെട്ടാനും വേറെ ആളെ നോക്കണ്ട. അവള്‍ക്ക് സ്ത്രീവേഷവും പുരുഷവേഷവും ഒരേപോലെ ചെയ്യാന്‍ പറ്റും. കാമദേവനും  രതീദേവിയും ആകാനാകും. അങ്ങനെ അപൂര്‍വ്വം പേരേയുള്ളൂ അമ്പലപ്പുഴേല്‍.'
തെല്ലുകഴിഞ്ഞ്  അവര്‍ ഇരുവരും മണലില്‍ കിടന്ന് ചുംബിച്ചു. ചുംബിച്ച് മതിയായപ്പോള്‍ എഴുന്നേറ്റിരുന്നു. പിന്നെ കാര്യത്തിലേക്ക് കടന്നു. അവര്‍ തയ്യാറാക്കിയ ഒരു പദ്ധതിയുടെ അവസാന തീരുമാനമെടുക്കാനാണ് കടപ്പുറത്തെ ഈ കൂടിച്ചേരല്‍.
 'പറ എന്താ പ്ലാന്‍?' അവള്‍ ആകാംക്ഷയോടെ ചോദിച്ചു.
അയാള്‍ പറഞ്ഞു: 'തീയതി ഞാനറിയിക്കാം. മൂന്നാമതൊരാള്‍ അറിയരുത്. പുറക്കാട് പൊലീസ് സ്‌റ്റേഷനില്‍ ഒരു മനുഷ്യജീവിപോലുമറിയാതെ പുലര്‍ച്ചെ ചെന്ന് നമ്മള്‍ ഒരുമിച്ച് ജീവിക്കാന്‍ പോകുന്നുവെന്ന് അപേക്ഷ വെക്കണം. രണ്ടുപേര്‍ക്കും പരസ്പരസമ്മതമാണ്, ചത്താലും മാറ്റമില്ല എന്ന് പറയണം.'
'നേരം വെളുത്താല്‍ പൊലീസ് കാണുന്നത് നമ്മളെ ആയിരിക്കണം... ഒപ്പിട്ട് കഴിഞ്ഞാലേ നാട്ടിലെ മൈരുകളെല്ലാം അറിയാവൂ.'
അയാള്‍ കടലിലേക്ക് നോക്കി ബാക്കി പദ്ധതി പറഞ്ഞു:
'അതിന് തലേദിവസം നമുക്ക് എവിടേലും ഒളിച്ചു പാര്‍ക്കണം. പുലര്‍ച്ചെ ഒരുമിച്ച് സ്‌റ്റേഷനില്‍ പോയാല്‍ മതി. അല്ലേല്‍ ആരേലും പാരവെക്കും.'
ഇനി ഡാന്‍സിനായി വീട്ടീന്ന് പുറത്തുകടക്കാന്‍ കഴിയുന്ന ദിവസമേതെന്ന്  പ്രോഗ്രാം ചാര്‍ട്ടില്‍  ഭാര്‍ഗവി ഓര്‍ത്തെടുത്തു: 'വൃശ്ചികത്തില്‍ മുല്ലയ്ക്കല്‍ ചിറപ്പ്, മിഥുനത്തില്‍ ഓച്ചിറക്കളി, ധനുമാസം അര്‍ത്തുങ്കല്‍ വലിയ പെരുന്നാള്‍. ഡാന്‍സ് കളിക്കാന്‍ ഞാന്‍ വീട്ടീന്നിറങ്ങും. ആ വരവില്‍ മുങ്ങിയാലേ കാര്യം നടക്കൂ'  അവള്‍ ഗൗരവമായി.
'അമ്പലക്കമ്മിറ്റിക്കാരും നാട്ടുകാരും തെരഞ്ഞ് നമ്മളെ പിടിക്കും'  ഭാര്‍ഗവിക്ക് ആശങ്ക വന്നു.
'അമ്പലപ്പുഴ, കരുമാടി, വണ്ടാനം പ്രദേശത്ത് നമ്മള്‍ എവിടെ ചെന്ന് തലേദിവസം ഒളിക്കും.'
'അതോര്‍ത്ത് എന്റെ പൊന്ന്  വിഷമിക്കണ്ട'  സക്കറിയ ആവേശഭരിതനായി. 'ഒരു നാറിയും തിരക്കി വരാത്ത സ്ഥലം എന്റെ കൈയിലുണ്ട്.'
'അതെവിടാ?'
'അതൊക്കെയുണ്ട്. രഹസ്യമാ'  സക്കറിയ നെഞ്ചിടിപ്പ് കുടഞ്ഞുകളഞ്ഞ് ചിരിച്ചു.
എല്ലാം തീരുമാനമായ ആശ്വാസത്തില്‍, മടങ്ങും മുമ്പ് ഭാര്‍ഗവി സക്കറിയയുടെ നെഞ്ചില്‍ ഒന്നുകൂടി ചാഞ്ഞിരുന്നു. അയാള്‍ അവളുടെ തലയില്‍ തലോടിക്കൊണ്ടിരുന്നു.
'ഞാന്‍ മാത്രമല്ല, ആ രാത്രി വരുന്നത്'  അവള്‍ സ്വപ്നത്തിലെന്നവണ്ണം സുഖമനുഭവിച്ച് പറഞ്ഞു.
'പിന്നെ?' സക്കറിയ മനസ്സിലാകാത്തവണ്ണം ചോദിച്ചു.
'ഞാന്‍ അവളേയും കൂട്ടും. കരുമാടി സതിയെ! അവള്‍ക്കും അതാ താല്‍പ്പര്യം.'
'അതു വേണ്ട. നീയെന്താ പറയുന്നത്?' പെട്ടെന്ന് അയാള്‍ അവളെ നെഞ്ചില്‍ നിന്നടര്‍ത്തി ചോദിച്ചു.
'അവള്‍ക്കെന്താ നമുക്കിടയില്‍ കാര്യം?' സക്കറിയ ദേഷ്യം വന്നു മാറിയിരുന്നു.
പിന്നാലെ ചെന്ന് അയാളെ തണുപ്പിക്കാന്‍ കൈയില്‍ ചുംബിച്ച് ഭാര്‍ഗവി പറഞ്ഞു: 'ഇത്രകാലം എന്നോടൊപ്പം കളിച്ചതല്ലേ.  വീട്ടില്‍ ആരുമില്ലാത്ത പെണ്ണാ. അവളേയും കൂട്ടാം. അവളുണ്ടെങ്കില്‍ നിങ്ങള്‍ കടലില്‍ പോകുമ്പോള്‍ എനിക്കൊരു കൂട്ടാവും. പിന്നെ കമ്മിറ്റിക്കാരുടേയും നാട്ടുകാരുടേയും ശത്രുതയും എതിര്‍പ്പും തീര്‍ന്നുകഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് ഡാന്‍സ് ചെയ്യാനും പറ്റും. നിങ്ങളുടെ സമ്മതം വേണം. അത് സമ്മതിപ്പിക്കാന്‍ കൂടിയാ  ഞാനോടിവന്നത്.'
'അതു വേണോ?' സക്കറിയ ചോദിച്ചു.
'അങ്ങനെ ഒരു വെറുതെക്കാരി പെണ്ണിനെ കൂടെ നിര്‍ത്താന്‍ നാട്ടുകാര് സമ്മതിക്കുമോ?' അയാള്‍ വിമ്മിട്ടത്തോടെ ചോദിച്ചു.
'വേണം'  അവള്‍ ഉറപ്പിച്ചു പറഞ്ഞു.
'അമ്പലപ്പുഴ സിസ്‌റ്റേഴ്‌സ് കല്യാണം കഴിഞ്ഞാലും ഈ ഉലകില്‍ വേണം.'
ഇതും പറഞ്ഞ് അവള്‍ സൈക്കിള്‍ നേരെ വെച്ച് ചാടിക്കയറി ചവിട്ടി തുടങ്ങവേ അയാള്‍ പുറകീന്ന് പെട്ടെന്ന് ആലോചിച്ച് വിളിച്ചുപറഞ്ഞു:
'മീനത്തിലെ മകംനാളായാലോ.  അതുമതി. അന്ന് നിനക്ക് അറവുകാട് തിരിപ്പിടുത്തത്തിന് പ്രോഗ്രാമില്ലേ?'
അയാള്‍ പ്ലാന്‍ മാറ്റുകയാണ്. മുല്ലയ്ക്കല്‍ ചിറപ്പും ഓച്ചിറക്കളിയും അര്‍ത്തുങ്കല്‍ പെരുന്നാളുമല്ലാത്ത ഒരു ദിവസം ഒറ്റ നിമിഷംകൊണ്ട്  പെട്ടെന്ന് സക്കറിയ കണ്ടുപിടിച്ചു.
'അതെന്താ പെട്ടെന്ന് മുന്‍ചൊന്ന ദിവസങ്ങളും പദ്ധതിയും മാറിയോ?' സൈക്കിള്‍ ചലിപ്പിച്ച് തുടങ്ങവേ മുഖം തിരിച്ച് അവള്‍ ചോദിച്ചു.
'ഞാനാ ദിവസം ഓര്‍ത്തില്ല. അതാണേ ഒരു കുഞ്ഞറിയത്തില്ല.'
'നിങ്ങള്‍ തീരുമാനിച്ച് പറഞ്ഞാല്‍ മതി'  അവള്‍ പോകുന്ന പോക്കിന് വേഗത കൂട്ടി നീരസത്തോടെ പറഞ്ഞു.
അവള്‍ സൈക്കിള്‍ നേരെയാക്കി പെഡലിലെ മണല്‍ തട്ടിക്കളയുന്ന നേരംകൊണ്ട് അയാള്‍ തയ്യാറാക്കിയ പുതിയ പ്ലാനായിരുന്നു അത്. അവള്‍ നേരത്തെ പറഞ്ഞത് അയാള്‍ക്ക് സമ്മതമായിരുന്നില്ല. പക്ഷേ, അപ്പോള്‍ അത് കനപ്പിച്ച് പറഞ്ഞില്ലന്നേയുള്ളൂ. അറവുകാട്ടെ തിരിപിടുത്ത ദിവസം. ആ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. മീനച്ചൂടിലെ ആ ഒറ്റ ദിവസം മാത്രം കടലില്‍ കൊടുങ്കാറ്റടിച്ച് ഇടിവെട്ടി പേമാരി പെയ്യും. ഇന്നേ വരെയും അതങ്ങനാണ്.
അപ്പോള്‍ മുതല്‍ ആ ദിവസം വരെ അയാളുടെ നെഞ്ചില്‍   ഇടിവെട്ടി മഴപെയ്തു. ഉള്ളിലെ കടല്‍ ക്ഷോഭിച്ചു.
ആ സമയം ഭാര്‍ഗവിയുടെ സൈക്കിള്‍ തിരിച്ച് ഗോശാലയിലേക്ക് പാഞ്ഞുകയറി. സുകുമാരനാശാരിയുടെ റേഡിയോ കഥാപ്രസംഗം തീരാന്‍ പോകുന്നു. മേക്കപ്പ് റൂമിന്റെ വാതില്‍ക്കല്‍ സക്കറിയ എന്ത് പറഞ്ഞുവെന്നറിയാന്‍ കരുമാടി സതി ഭാര്‍ഗവിയെ കാത്ത് ആകുലതയാല്‍ നഖം കടിച്ച് നില്‍പ്പുണ്ടായിരുന്നു.
ഭാര്‍ഗവി വിയര്‍ത്ത് നനഞ്ഞ് ഓടിയെത്തിയപ്പോള്‍  സതി പിന്നാലെ ചെന്ന്   ചോദിച്ചു: 'നമ്മുടെ പദ്ധതി അങ്ങനെ തന്നല്ലേ?'
'മാറ്റമില്ല. അറവുകാട്ടെ തിരിപിടുത്ത ദിവസം'  ഭാര്‍ഗവി മറുപടി പറഞ്ഞു.
ഭാര്‍ഗവിക്കും കരുമാടി സതിക്കും ഒരു പദ്ധതി  വേറെയുണ്ടായിരുന്നു.

മൂന്ന്

അമ്പലപ്പുഴ സിസ്‌റ്റേഴ്‌സ് തിരോധാനക്കേസ് എന്ന് പില്‍ക്കാലത്ത് പ്രഖ്യാപിതമായ കേസിന്റെ ആദ്യ നാള്‍വഴികളാണ് നിങ്ങള്‍ വായിച്ചത്. വിചിത്രമായ ഒരു കാര്യം പറയട്ടെ. ഒരു അന്വേഷണ ഉദ്യോഗസ്ഥനില്‍നിന്നും ഈ കേസ് ഫയല്‍ കേട്ടത് അല്പം ഭാവന കൂട്ടി എഴുതാന്‍ ശ്രമിക്കുന്ന ഈ ഞാനും ഒരു സുഹൃത്തും  കൂടി ഒരിക്കല്‍ അമ്പലപ്പുഴ സിസ്‌റ്റേഴ്‌സിന്റെ ഡാന്‍സ് കാണാന്‍ പെരുന്ന അമ്പലത്തില്‍ പോയി. ഒരു കള്ളുഷാപ്പില്‍ വെച്ചു നടന്ന അനാവശ്യമായ ഒരു തര്‍ക്കത്തിനൊടുവിലായിരുന്നു, എങ്കില്‍ നമുക്ക് ഡാന്‍സ് കണ്ട് തീരുമാനത്തിലെത്താമെന്ന തീര്‍പ്പിലെത്തിയത്. സംഭവം ഇതായിരുന്നു: ആ സുഹൃത്തിന്റെ വാദം  അമ്പലപ്പുഴ സിസ്‌റ്റേഴ്‌സിന്റെ ആട്ടമെന്നൊക്കെ പരസ്യമുണ്ടെങ്കിലും കളിക്കുന്നത് ഒരാള്‍ മാത്രമാണ് എന്നായിരുന്നു.
'കളിക്കുന്നത് ഒന്നുകില്‍ ഭാര്‍ഗവി. അല്ലെങ്കില്‍ കരുമാടി സതി. പിറകില്‍ ഒറിജിനല്‍ കണ്ണാടി തന്നെയാണ്'  അയാള്‍ വാദിച്ചു.
'കണ്ണാടിയില്‍ കാണുന്ന പ്രതിബിംബം നോക്കി രണ്ടാമതൊരാള്‍ ഉണ്ടെന്ന് നമ്മള്‍ ഊഹിക്കുകയാണ്'  അയാള്‍ തര്‍ക്കിച്ചു.
പക്ഷേ, രണ്ടു പേരാണ് കളിക്കുന്നതെന്ന് നേരില്‍ കളി കണ്ടയാളെന്ന നിലയിലും ചില പത്രവാര്‍ത്തകളുടെ പിന്‍ബലത്തിലും ഞാന്‍ സമര്‍ത്ഥിക്കാന്‍ നോക്കി.
'പിന്നിലെ ചതുരത്തില്‍ ഭാര്‍ഗവിയുടെ അതേ ചുവടും ചലനവും നേര്‍വിപരീതത്തില്‍ കാട്ടി കരുമാടി സതി നമ്മെ തെറ്റിദ്ധരിപ്പിക്കുകയാണ്'  ഞാന്‍ പറഞ്ഞു. എന്നിട്ട് പത്രത്തില്‍ വന്ന രണ്ടു പേരുമായുള്ള അഭിമുഖം  കൂടി ഓര്‍മ്മിപ്പിച്ച് ഞാന്‍ സുഹൃത്തിനെ കാര്യം മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍, മൂത്ത കള്ള് കുടിച്ചിട്ടോ എന്തോ ഒരടി തന്റെ വാദത്തില്‍നിന്ന് പിന്മാറാന്‍ അയാള്‍ തയ്യാറായില്ല. ഒടുവില്‍ ഷാപ്പുകാരന്‍ ഇടപെട്ടു: 'നിങ്ങളെന്തിനാ ഇവിടെ കിടന്ന് തര്‍ക്കിക്കുന്നത്. അടുത്ത ദിവസം പെരുന്നയില്‍ അവരുടെ കളിയുണ്ട്. പോയിക്കണ്ട് ഒരു തീര്‍പ്പിലെത്തിക്കോ. മാത്രമല്ല എനിക്ക് ഷാപ്പ് അടയ്ക്കാന്‍  നേരവുമായി.'
അങ്ങനെയാണ് അടുത്ത തൈപ്പൂയത്തിന് ഞങ്ങള്‍ പെരുന്ന അമ്പലത്തില്‍ അമ്പലപ്പുഴ സിസ്‌റ്റേഴ്‌സിന്റെ ഡാന്‍സ് കാണാന്‍ പോയത്. ഡാന്‍സ് തുടങ്ങി. മുന്നില്‍ ഭാര്‍ഗവിയുടെ കേരള നടനം. പിറകിലെ ചതുരത്തില്‍ കരുമാടി സതി. ബിംബവും പ്രതിബിംബവും. ചടുലചലനങ്ങളുടെ കണ്ണാടിക്കാഴ്ചയില്‍ അത്ഭുതപ്പെട്ട് കാഴ്ചക്കാര്‍ ആഹ്ലാദാരവം മുഴക്കി.
'നോക്കൂ വളരെ കൃത്യമായി നോക്കൂ എന്നാലെ മനസ്സിലാവൂ'  ഞാന്‍ പറഞ്ഞു. 'അവര്‍ രണ്ടു പേരാണ്.'
'അങ്ങനെ എങ്ങനെ ഉറപ്പിക്കാന്‍ പറ്റും'  സുഹൃത്ത് വിടുന്ന മട്ടില്ല. 'ഞാന്‍ തെളിവ് കാട്ടി എന്റെ വാദം കൃത്യമാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്താം.'
ഇതും പറഞ്ഞ് എനിക്ക് തടയാന്‍ കഴിയും മുമ്പ് അയാള്‍ ഒരു കല്ലെടുത്ത് വേദിയിലേക്ക് വലിച്ചെറിഞ്ഞു!
കല്ല് കൃത്യം ചതുരത്തിനെ ലാക്കാക്കി പാഞ്ഞു. അത് ചെന്ന് കണ്ണാടിയിലെ കരുമാടി സതിയുടെ നെറ്റിയില്‍ പതിച്ചു.
ഹോ എന്ന് കാണികള്‍ നിലവിളിച്ചു.
കണ്ണാടിച്ചില്ല്  പൊട്ടുന്നതായി തോന്നുംവിധം ആ സമയം സതി മനോധര്‍മ്മമാടിയതിനാല്‍ അവിടെ ഒരു കണ്ണാടി ഉണ്ടായിരുന്നതായും കണ്ണാടി തകര്‍ന്നതായും കാഴ്ചക്കാര്‍ക്കു തോന്നി.
മാത്രമല്ല, സതിയുടെ നെറ്റിയില്‍ ചോര ഒലിക്കുകയും ചെയ്തു. രസമതല്ല, തല്‍സമയം തന്നെ ഭാര്‍ഗവിയും നെറ്റിയില്‍ കല്ലേറു കൊണ്ടപോലെ സതിയുടെ ചലനങ്ങള്‍  ആവര്‍ത്തിച്ച് ചോര പുരണ്ട് നിലത്തിരുന്നു.  
'ഇപ്പോള്‍ എങ്ങനുണ്ട്?'  സുഹൃത്ത് ചോദിച്ചു. 'അത് കണ്ണാടി തന്നെയെന്ന് നിങ്ങള്‍ക്ക് ഇനിയെങ്കിലും ബോധ്യമാകുമോ.'
എനിക്ക് ചിരിവന്നു. 'അതെങ്ങനെ! അവിചാരിതമായി ഉണ്ടായ ആ സംഭവത്തെ തല്‍സമയം ഉള്‍ക്കൊണ്ട് സതി മനോധര്‍മ്മമാടിയതുകൊണ്ട് കണ്ണാടി പൊട്ടിയെന്ന് നമുക്ക് തോന്നി.'
'മാത്രമല്ല, ആ സമയം മുന്നിലെ ഭാര്‍ഗവി കല്ല് കൊണ്ടപോലെ നിലത്തിരുന്നതെങ്ങനെ. അവസരത്തിനൊത്ത് അവര്‍ പെരുമാറിയതുകൊണ്ട് നമ്മള്‍ തെറ്റിദ്ധരിക്കപ്പെട്ടു.'
ഞാന്‍ ഉറച്ചുനിന്നു.
'ഇപ്പോള്‍ അവരിലൊരാളെ ആശുപത്രിയില്‍ കൊണ്ടുപോകും. സ്‌റ്റേജിനു പിന്നിലെ ഗ്രീന്‍ റൂമില്‍ ചെന്നാല്‍ നമുക്ക് വസ്തുത മനസ്സിലാക്കാവുന്നതേയുള്ളൂ'  ഞാന്‍ പറഞ്ഞു.
'അതു വേണ്ട'  അയാള്‍ പറഞ്ഞു.
'നമ്മള്‍ തന്നെ അത് കണ്ടുപിടിക്കണം. അത്തരം രഹസ്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്‌തെടുക്കലാണ് അനുവാചകന്റെ ജോലി.'
പൊലീസ് ജീപ്പിലേക്ക് കയറ്റുംമുമ്പ് അയാള്‍ ചോദിച്ചു: 'ഒരു കണ്ണാടി പൊട്ടിച്ചതിന് ഇത്ര വലിയ കേസും ശിക്ഷയും എന്തിന്! ഒരു കണ്ണാടിച്ചില്ലിനുള്ള കാശ് ഞാന്‍ തന്നാല്‍ പോരെ?'

നാല്

അമ്പലപ്പുഴക്കടപ്പുറത്തിരുന്ന് ഭാര്‍ഗവിയും സക്കറിയയും തീരുമാനിച്ച ആ ദിവസം വേഗത്തിലെത്തി. അറവുകാട് ക്ഷേത്രത്തിലെ തിരിപിടുത്തം.  പെണ്ണുങ്ങള്‍ സെറ്റുടുത്ത് കുളത്തില്‍ മുങ്ങി പല നിറത്തിരികളില്‍ ദീപം പിടിച്ചുനില്‍ക്കുന്നു. സ്‌റ്റേജിന്റെ പിന്നിലെ എഴുന്നേറ്റാല്‍ തല മുട്ടുന്ന മേക്കപ്പ് റൂമിലിരുന്ന് ഭാര്‍ഗവിയും കരുമാടി സതിയും മോഹിനിയാട്ടത്തിനു വേഷം കെട്ടുകയാണ്. തലമുടി മെടഞ്ഞിട്ട് ചൂടിച്ച മുല്ലപ്പൂവിന്റെ വാസന പടിഞ്ഞാറ് നീര്‍ക്കുന്നം വരെ എത്തി. കസവ് തുണി പതിനെട്ട് മുഴം നീട്ടിയെടുത്ത് ഏതാണ്ട് മുക്കാല്‍ഭാഗംകൊണ്ട് മേല്‍ഞൊറിയും കീഴ്‌ഞൊറിയും ഞൊറിഞ്ഞ് തറ്റുടുത്തു. ബാക്കിയാല്‍ ചന്തിയും  ആലിലവയറും മുലയും മറച്ചു. ഞൊറികളിലെ രണ്ടുവരി കസവ് കിഴക്ക് കഞ്ഞിപ്പാടം വരെ തങ്കത്തിളക്കം നല്‍കി തിരിച്ചു വന്നു. തോടയും മുക്കുത്തിയും പാലക്കാമോതിരവുമണിഞ്ഞ് ഭാര്‍ഗവിയും കരുമാടി സതിയും തിരിപിടുത്തം അവസാനിച്ച അനൗണ്‍സ്‌മെന്റ് കേട്ടിട്ട്  സ്‌റ്റേജില്‍ കേറാന്‍  അങ്ങോട്ടുമിങ്ങോട്ടും നോക്കിയിരുന്നു. പരസ്പരം കണ്ണാടിയില്‍ നോക്കിയിരിക്കും പോലെ. പ്രോഗ്രാം കഴിഞ്ഞ്  ഇന്നു സംഭവിക്കാന്‍ പോകുന്ന രഹസ്യത്തിന്റെ ലജ്ജയും ഭയവും കണ്ണിനെ കൂമ്പിച്ചു. അങ്ങനെ   ഇരിക്കവേ സക്കറിയയുടെ സന്ദേശം ഒരാള്‍ അവരെ അറിയിച്ചു. പദ്ധതിയില്‍ അടിയന്തരമായി വരുത്തേണ്ടിവന്ന ചെറിയ മാറ്റമായിരുന്നു അത്.
'സക്കറിയ പറഞ്ഞു. ഇപ്പോള്‍ തന്നെ ഇറങ്ങണം!'
'ഇപ്പോഴോ പ്രോഗ്രാം കഴിയാതെയോ?'
ഭാര്‍ഗവി ആശ്ചര്യപ്പെട്ടു.
'അതെ. വിവരം ചിലര്  മണത്തറിഞ്ഞു. പ്രോഗ്രാം കഴിയാന്‍ നിന്നാല്‍ എല്ലാം കൊളമാവും.'
പിന്നെല്ലാം പെട്ടെന്നായിരുന്നു. ആ സമയം അവിടേക്ക് വന്ന മൂടിപ്പൊതിഞ്ഞ ഓട്ടോറിക്ഷയില്‍ രണ്ട് നര്‍ത്തകിമാരും പ്രോഗ്രാമിന് സ്‌റ്റേജില്‍ കേറാതെ പടിഞ്ഞാറേക്ക് യാത്ര തിരിച്ചു.
ആ ദിവസം തിരിപിടുത്തം കഴിഞ്ഞ് അമ്പലപ്പുഴ സിസ്‌റ്റേഴ്‌സിന്റെ ഡാന്‍സ് കാണാന്‍ വന്നിരുന്ന കാണികള്‍ക്കു മുന്നില്‍ കര്‍ട്ടന്‍ പൊങ്ങിയപ്പോള്‍ സ്‌റ്റേജില്‍ കണ്ണാടിയുടെ നാല് ചതുരം മാത്രമേയുണ്ടായിരുന്നുള്ളൂ.
ബിംബവുമില്ല.
പ്രതിബിംബവുമില്ല.
ശൂന്യം.
ഉത്സവക്കമ്മിറ്റിക്കാരും പൊലീസും നാട്ടുകാരും തെക്ക് നങ്ങ്യാര്‍കുളങ്ങര വരെയും വടക്ക് മണ്ണഞ്ചേരി വരെയും അവരെ അന്വേഷിച്ചു നടന്നു. നര്‍ത്തകികളുടെ  കാലിലെ പൊടിപോലും കണ്ടില്ല. ഒരു കസവിന്റെ തരിപോലും!
ആ സമയം സക്കറിയയ്‌ക്കൊപ്പം ഒരു ഫിഷിംഗ് ബോട്ടില്‍ ഉള്‍ക്കടലിലേക്ക് പോകുകയായിരുന്നു അമ്പലപ്പുഴ സിസ്‌റ്റേഴ്‌സ്.

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

അഞ്ച്

ഫിഷിംഗ് ബോട്ടിന്റെ ഡെക്കില്‍ മോഹിനിയാട്ട വേഷം ധരിച്ച അമ്പലപ്പുഴ സിസ്‌റ്റേഴ്‌സ്  കടലിലേക്ക് നോക്കി ഇരുന്നു. പിറകില്‍ യമഹാ ഓടിച്ചും ഇടയ്ക്ക് തുഴയെടുത്ത് വീശിയും സക്കറിയയും. ഒരു എമണ്ടന്‍ വഞ്ചി തന്നെയായിരുന്നു അത്. വേഗത കൂട്ടാന്‍ ഒരു മോട്ടോര്‍ എഞ്ചിന്‍ ഘടിപ്പിച്ചിട്ടുണ്ട് എന്നതൊഴിച്ചാല്‍ ഒരു പഴഞ്ചന്‍ കെട്ടുവള്ളം. മേലെ പാ വിരിച്ചവണ്ണം കിടക്കുന്ന സമതല പലകമേല്‍ പത്തിരുപത് പേര്‍ക്ക് സുഖമായി ഇരുന്നും കിടന്നും പോകാം. പലകയ്ക്കിടയ്ക്കുള്ള വാതില്‍  മാറ്റി പടി ഇറങ്ങിയാല്‍  അകത്ത് മീന്‍ കൂന കൂട്ടിയിടുന്ന മുറിവലിപ്പമുള്ള അറ. ഇപ്പോള്‍ അവിടെ ശൂന്യമാണ്. അവിടെ വേണമെങ്കില്‍ ഒന്ന് കിടന്ന് നടു നിവര്‍ക്കാം. ആവശ്യത്തിനുള്ള ഭക്ഷണം പാകം ചെയ്യാനും അവിടെ സ്ഥലമുണ്ട്.
വെള്ളിവാള്‍  കണക്കെ തിളങ്ങുന്ന രണ്ട് നര്‍ത്തകികള്‍ 
ആ കരിവീട്ടിത്തോണിയില്‍ കറുത്ത കടലിനെ കീറിപ്പോകുന്നത്  പ്രപഞ്ചത്തെ പൊടുന്നനെ നിശ്ശബ്ദമാക്കുംവിധമായിരുന്നു. അസാധാരണമായ ഒരു കാഴ്ചയായിരുന്നു അത്. ഇരുട്ട് മൂടിയെങ്കിലും ചന്ദ്രന്റെ നിലാവ് തണുത്ത കാറ്റുമായി കടലിനുമേല്‍ കിടന്നു. 
ആ വെട്ടം കരയാക്കി കസവ് ധരിച്ച നര്‍ത്തകിമാര്‍ ജലത്തിലേക്ക് കൈയെത്തിപ്പിടിച്ച്  മുകളിലേക്ക് വെള്ളിത്തുള്ളികള്‍ വിതറി. പോകെപ്പോകെ തെളിഞ്ഞുവരുന്ന ഇരുണ്ട നീലിമയുള്ള കണ്ണാല്‍ സമുദ്രം അവരെ നോക്കി. ഭൂഗോളത്തിന്റ അറ്റം വരെ  നീണ്ടുകിടക്കുന്ന  നിഗൂഢതയുടെ  ആ ഘനഭാരത്തിനു മേലെയുള്ള യാത്രയില്‍  അവര്‍ സ്വാസ്ഥ്യമെന്നു തോന്നാവുന്ന ഭയം അനുഭവിച്ചു.
'ഈ രാത്രി കടലില്‍ തീര്‍ക്കണം. ഇവിടാരും തപ്പാന്‍ വരത്തില്ല. പുലര്‍ച്ചെ മടങ്ങി പൊലീസ് സ്‌റ്റേഷനിലേക്ക്'  സക്കറിയ പറഞ്ഞു.
'നമ്മുടെ ഇഷ്ടം പറയണം. പിന്നെ നാട്ടുകാര്‍ക്കൊരു പുല്ലും ചെയ്യാന്‍ പറ്റില്ല.'
നര്‍ത്തകികള്‍ പക്ഷേ, മറ്റൊരു ലോകത്തായിരുന്നു. അനന്തതയെപ്പറ്റി തങ്ങള്‍  മനസ്സുകൊണ്ട് ആലോചിച്ചതിനപ്പുറം പരന്നുകിടക്കുന്ന കടലിന്റേയും ആകാശത്തിന്റേയും ഗാംഭീര്യമാര്‍ന്ന വിരാടരൂപത്തില്‍ അവര്‍ സ്തബ്ധരായി ഇരുന്നു. സമുദ്രത്തില്‍ അപ്രത്യക്ഷമായ ജലത്തുള്ളികളെന്ന വണ്ണം നര്‍ത്തകികള്‍ സ്വയമില്ലായ്മയുടെ, ശരീരമില്ലായ്മയുടെ തൂവല്‍മൃദുത്വം  അനുഭവിച്ചു.
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അവര്‍ ഇരുവരും ആദ്യമായി ഒരുമിച്ച് ഡാന്‍സ് ചെയ്തത്. അതാകട്ടെ, 
ആ എട്ടുവയസുകാരി പെണ്‍കുട്ടികള്‍ സ്വയം ചിട്ടപ്പെടുത്തിയ ഡാന്‍സുമായിരുന്നു! പക്ഷേ, വളരെ സ്വാഭാവികമായി അവര്‍ സ്‌കൂള്‍ വാര്‍ഷികത്തില്‍ കളിച്ച ആ നൃത്തം അവരുടെ ജീവിതത്തിന്റെതന്നെ ഗതി നിര്‍ണ്ണയിച്ചു! പിന്നീട് അവരെക്കൊണ്ട് കണ്ണാടിനൃത്തം ചെയ്യിക്കാമെന്ന തീരുമാനത്തില്‍ അവരുടെ ഡാന്‍സ് ടീച്ചര്‍  എത്താന്‍ കാരണമായതും അന്നത്തെ ആ പ്രോഗ്രാമിന്റെ വ്യത്യസ്തതയായിരുന്നു.
അസാധാരണമായ ആ വ്യത്യസ്തത, ഒരാള്‍ സ്വന്തം മൃതദേഹത്തിന്റെ കൈയില്‍ പിടിച്ച് നൃത്തം ചെയ്യുന്നു എന്ന വിധമാണ്  ആ കുരുന്നുകള്‍ ഡാന്‍സ് ചിട്ടപ്പെടുത്തിയത് എന്നതായിരുന്നു! അത് കണ്ട കാണികള്‍ ചിരിക്കുകയും കരയുകയും ചെയ്തു. കാണികളുടെ കൂട്ടത്തില്‍ അവരുടെ പില്‍ക്കാല ഡാന്‍സ് പരിശീലകയുമുണ്ടായിരുന്നു.
ആ തമാശനൃത്തം ഈ വിധമായിരുന്നു: കളിപ്പാട്ടം സ്വപ്നം കണ്ട് ഒരു പെണ്‍കുട്ടി രാത്രി മരിച്ചു പോകുന്നു. ഉണര്‍ന്നപ്പോള്‍ താന്‍ മരിച്ചതറിഞ്ഞ ആ കുട്ടിയുടെ ആത്മാവ് കളിപ്പാട്ടക്കടയിലെത്തി  കളിപ്പാട്ടം മോഷ്ടിക്കുന്നു. കളിപ്പാട്ടം കളിക്കാന്‍ ശരീരമാവശ്യമായി വന്ന കുട്ടി സ്വന്തം മൃതശരീരം കുഴിച്ചെടുക്കുന്നു. എന്നിട്ട് ശരീരത്തിന്റെ കൈപിടിച്ച് നൃത്തം ചെയ്യുന്നു! ആ പെണ്‍കുട്ടിയായി ഭാര്‍ഗവിയും അവളുടെ ശരീരമായി  സതിയുമായിരുന്നു സ്‌റ്റേജില്‍.
പില്‍ക്കാലത്ത് പ്രശസ്തമായ കണ്ണാടിയിലെ  ബിംബം  പ്രതിബിംബം നൃത്തത്തിലേക്കുള്ള പരിവര്‍ത്തനം ശരിക്കും ആ പ്രോഗ്രാമില്‍നിന്ന് കടം കൊണ്ടതാണ്. ആത്മാവിന്റേയും ശരീരത്തിന്റേയും ഒരേ മട്ടിലുള്ള ചലനങ്ങള്‍ കണ്ട് അന്ന് കാണികള്‍ ആര്‍ത്തുചിരിക്കുകയും കൈയടിക്കുകയും ചെയ്തപ്പോഴാണ് ഇങ്ങനെ ഒരാശയം ഡാന്‍സ് ടീച്ചറില്‍ ഉണ്ടായത്. പക്ഷേ, അതിനുമുമ്പേത്തന്നെ ആ മട്ടിലുള്ള ഒരു വ്യക്തമാകാത്ത  ധാരണ 
ആ കുരുന്നുകള്‍ക്കിടയില്‍ ഉരുവംകൊണ്ടിരുന്നു. അതെന്താണെന്നു കൃത്യമായി ബോധ്യം വരാന്‍ അവരുടെ ഡാന്‍സ് ടീച്ചര്‍ ഉപകരിച്ചു എന്നുമാത്രം വേണമെങ്കില്‍ പറയാം കണ്ണാടിയില്‍ നോക്കും വണ്ണമായിരുന്നു അവര്‍ പരസ്പരം നോക്കിയിരുന്നത് എന്നതായിരുന്നു അത്.
കര കാഴ്ചയില്‍ എത്തിപ്പിടിക്കാന്‍ ഒരിക്കലും സാധ്യമാവില്ലെന്ന് കരുതിയ ഒരിടത്ത് സക്കറിയ ബോട്ട് നങ്കൂരമിട്ടു.
'ഇവിടെ കിടക്കാം. ഉറങ്ങാന്‍ തോന്നുമ്പോള്‍ അകത്ത് കേറിക്കിടന്നോ. ഉറക്കം വരെ കടലും മാനവും കാണുകയും ചെയ്യാം'  അയാള്‍ പറഞ്ഞു.
കുറച്ചുനേരം നര്‍ത്തകികള്‍ നക്ഷത്രങ്ങളെ നോക്കി ഇരുന്നു. ആ സമയം സക്കറിയ കടലിലേക്ക് ചൂണ്ടയിട്ട് മൂന്ന് മീനെ പിടിച്ചു. അത് പാചകം ചെയ്യാമോ എന്ന് അയാള്‍ സതിയോട് ചോദിച്ചു. അവള്‍ അത് പാകം ചെയ്യാന്‍ അകത്തേക്ക് പോകവേ കടലിലെ തിരകള്‍ ചെറുതായി അനങ്ങിത്തുടങ്ങി.

ആറ്

'തിര അനങ്ങുന്നു'  ഒറ്റയ്ക്കായ ഭാര്‍ഗവിയോട് സക്കറിയ പറഞ്ഞു.
'ശരിയാണ്. ഇപ്പോള്‍ ശാന്തമല്ല. ഓളം വെച്ചു തുടങ്ങുന്നു!' ഭാര്‍ഗവി  ചിരിച്ച് പറഞ്ഞു.
അപ്പോള്‍ ഡെക്കില്‍ കൈയാലും കാലാലും കണ്ണാലും ശൃംഗാരം വരുത്തി രണ്ട് ചുവട് വെച്ച് അവള്‍ മോഹിനിയാട്ടത്തിന്റെ പദം തുടങ്ങി:
'ഇളതളിര്‍ശയനേ മനോഭവതളിര്‍
കളിപ്പതിനെന്തു സംശയം കാന്താ...'**
ഒന്നൂടെ മുന്നോട്ട് വന്ന് ആ പദത്തിന്റെ ആവര്‍ത്തനം.  കാമദേവന്‍ അമ്പെയ്യുന്നതായി  കാണിച്ച് അത്  തടുത്തെന്നവണ്ണം  വിവശയായി ഒരു കൈയും കാലും നിലത്ത് കുത്തി ലാസ്യവും കാമവും മുഖത്ത് ചുകപ്പ് വരുത്തി നര്‍ത്തകി.
'ഇളതളിര്‍ശയനേ മനോഭവതളിര്‍
കളിപ്പതിനെന്തു സംശയം കാന്താ...'
'എന്താ!' സക്കറിയ അത്ഭുതത്തോടെ ചോദിച്ചു.
'കളിപ്പതിനെന്തു സംശയം കാന്താ...'
അവള്‍ പിന്നെയും പറഞ്ഞു. പിന്നെ കുലുങ്ങിച്ചിരിച്ചു.
സക്കറിയ ഭാര്‍ഗവിയെ പുണര്‍ന്ന് ഡെക്കിലേക്ക്  ചാഞ്ഞു. നര്‍ത്തകി അയാളെ ആവേശം പൂണ്ട് പുണര്‍ന്നു. തിരമാലയുടെ ആവേഗം കൂടുന്നതിനനുസരിച്ച് വേഗം കൂടി. ഒരു തിര അയാളെ അവള്‍ക്ക് ഉള്ളിലാക്കി. പിന്നെ തിര പോകുമ്പോള്‍ അയാള്‍ അവളില്‍നിന്ന് വേര്‍പെട്ട് പുറത്തേക്കും, തിര വരുമ്പോള്‍ ആ ആയത്തില്‍ അവളുടെ അകത്തേക്കും  പോയി. തെല്ലുകഴിഞ്ഞ് സക്കറിയയും കടലും ശാന്തമായി. അയാള്‍ എഴുന്നേറ്റ് ഭക്ഷണമെന്തായി എന്നറിയാന്‍ താഴേക്ക് പോയി.
മീന്‍  വേവുന്നത് നോക്കി ഇരിക്കവേ അയാള്‍ തല ചെരിച്ച് കിടന്ന് ഒന്നു മയങ്ങി.
അടുത്ത പദ്ധതിക്ക് അയാള്‍ക്ക് സമയമുണ്ട്.

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

ഏഴ്

മുകളില്‍ തിരയൊടുങ്ങാതെ ആകാശത്തേക്ക് നോക്കിക്കിടക്കുന്ന അവള്‍ക്കരികിലേക്ക് പടികള്‍ കയറി വന്ന് കരുമാടി സതി ചേര്‍ന്ന് കിടന്നു.
'എങ്ങനെയുണ്ടായിരുന്നു ആദ്യ പദ്ധതി ?'
അവള്‍ ചിരിയോടെ ചോദിച്ചു.
'ങും. കുഴപ്പമില്ല.'
'കുഴപ്പമില്ലാന്നേയുള്ളൂ?' സതിക്ക് കൗതുകമായി.
'പാതി രസമുണ്ട്. പിന്നെ തീര്‍ന്നു.'
'പരീക്ഷണമപ്പോള്‍ പാതി കുഴപ്പമില്ല.' സതി ചെറുങ്ങനെ ചിരിച്ചു.
പിന്നെ സതി ചോദിച്ചു: 'ശരീരം വിളക്ക് കൊളുത്തി ഇലയില്‍ വെച്ച് കൊടുത്തിട്ട് അയാളെന്തു പറഞ്ഞു.'
ഭാര്‍ഗവി അപ്പോള്‍ അവള്‍ക്കു നേരെ തിരിഞ്ഞു കിടന്നു: 'അതിനെന്താ പ്രത്യേകത. അത് നമ്മള്‍ സ്‌റ്റേജിലെന്നും ചെയ്യുന്നതല്ലേ.'
'ശരീരം ഒരു ഇലയിലാക്കി കൊടുക്കല്‍.''
നൃത്തത്തില്‍ അവള്‍ക്കേറെ ഇഷ്ടമുള്ള ഒരു പദം അപ്പോള്‍ ഭാര്‍ഗവി ഉരുവിട്ടു:
'നര്‍ത്തകിയുടെ  ശരീരത്തില്‍ എന്തിരിക്കുന്നു. ശരീരത്തില്‍നിന്ന് വിടുതല്‍ പ്രാപിച്ച് സ്വതന്ത്രയാകാനുള്ള  ഒരുവളുടെ കുതറലാണ് നൃത്തം!'
കടലിലെ ആ യാനത്തില്‍ ആകാശത്തേക്ക് നോക്കി ആ രണ്ട് നര്‍ത്തകിമാര്‍  കിടന്നു. 'ആകാശത്തിലേക്കു പോകുന്ന അത്രേം ആഴം താഴെ കടലിലേക്കുമുണ്ട്. എല്ലാരും പക്ഷേ, ഒരു ദിശയിലേക്കേ പോകൂ, കുഞ്ഞുനാള്‍ മുതല്‍.' സതി പറഞ്ഞു.
അവള്‍ തിരയടിക്കുംപോലെ പറഞ്ഞു: 'രണ്ടാഴവും അറിയണം കടലിന്റേയും ആകാശത്തിന്റേയും.'
മഴ വരും മുമ്പുള്ള തണുപ്പ് അവര്‍ക്കു നേരെ ചൂഴ്ന്നു വന്നു. തിരമാലകള്‍ കാറ്റിനൊത്ത് നൃത്തം ചെയ്തു. നക്ഷത്രങ്ങള്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു മാറി ചുവടുകള്‍ വെച്ചു. മത്സ്യങ്ങള്‍ ജലോപരിതലത്തിലെത്തി സംഘനൃത്തം തുടങ്ങി.
കരുമാടി സതി ഭാര്‍ഗവിയുടെ കാല്‍പ്പാദം മുതല്‍ ചുംബിച്ച് തുടങ്ങി. ശാന്തമായ കടല്‍, തീരത്തെ മെല്ലെ മെല്ലെ പിന്‍വാങ്ങിയും തിരിച്ചുവന്നും ചുംബിക്കുംവിധം.
'എങ്ങനുണ്ട്?'  സതി ചോദിച്ചു.
'രസമുണ്ട്.'
'ഇപ്പോഴോ?'
'ശരീരത്തിലെ ഓരോ അണുവും നൃത്തം ചെയ്യുന്നു.'
ആ സമയം നൃത്തം ചെയ്യാത്തതായി ഭൂമിയില്‍  ഒന്നുമുണ്ടായില്ല.
കുറച്ചുകഴിഞ്ഞ് ശരീരങ്ങള്‍ പരസ്പരം സ്‌റ്റേജാക്കി നടത്തിയ നൃത്തം അവസാനിപ്പിച്ച് രണ്ടുപേരും എഴുന്നേറ്റിരുന്നു. പരസ്പരമുള്ള കണ്ണാടിയില്‍ നോക്കി ചിന്താമഗ്‌നരായി ഇരുന്നു. എന്നിട്ട് അവരുടെ പദ്ധതിയുടെ തയ്യാറെടുപ്പുകള്‍ തുടങ്ങി.
നൃത്തസഞ്ചി തുറന്ന് വേഷം മാറാനുള്ള ഡ്രസുകള്‍ ഓരോന്നായി എടുത്തു. കൈപ്പത്തിയറ്റം വരെ കൈയുള്ള, വയറും പുക്കിളും മൂടുന്ന തിളങ്ങുന്ന വെള്ളപ്പട്ട്  ഉടുപ്പുകള്‍. അതില്‍ നിറയെ സ്വര്‍ണ്ണനൂല്‍ കെട്ടിയ അലങ്കാരങ്ങള്‍. സഞ്ചിയില്‍നിന്ന്  കൈയെത്തി പലകക്കസവുള്ള  രണ്ട് വെള്ള മുണ്ടുകള്‍. ശീമാട്ടിയില്‍നിന്ന് മേടിച്ച തങ്കപ്ലേറ്റ് ആഭരണങ്ങള്‍. തൊങ്ങലുകള്‍ സുന്ദരമാക്കിയ അരപ്പട്ട. ഒടുവില്‍ സ്വര്‍ണ്ണക്കസവ് വീതിയില്‍ നെയ്ത രണ്ട് തട്ടങ്ങളും അവര്‍ എടുത്തു.
സ്‌റ്റേജിലെ അടുത്ത പ്രോഗ്രാം ഒപ്പനയാണ്.
സഞ്ചിയില്‍നിന്നും എടുത്തവ ഓരോന്നും ഒന്നൊന്നായി  ധരിച്ച് രണ്ടു പേരും കോതില്‍ സക്കറിയയെ പ്രതീക്ഷിച്ചിരുന്നു.
ചക്രവാളത്തില്‍നിന്നും തണുത്ത കാറ്റിനൊപ്പം ഒരു ഇശല്‍. ജലത്തിന്റെ കൈകൊട്ടിപ്പാട്ട്.
കരുമാടി സതി ഭാര്‍ഗവിയെ നോക്കി കളിയാക്കി ചിരിച്ചു: നീ സുഹ്‌റ ഞാന്‍ മൈമുന.
ഭാര്‍ഗവി പറഞ്ഞു: എനിക്ക് മൈമുന മതി. നീ സുഹ്‌റ!
ഒരുമിച്ച് ജീവിക്കാന്‍ അവര്‍ക്കതേ വഴിയുള്ളൂ. ഇനി സക്കറിയ കൂടി സമ്മതിക്കണം!
'ആദിയോന്‍ തന്‍ ഏകലാലെ മംഗലദിനം വന്നണഞ്ഞു
ആരിലും ഇമ്പം തരുന്ന ആശതന്‍ പൂക്കള്‍ വിരിഞ്ഞു
ആദരം ഏറും സദസ്സില്‍ ശക്രൂപിമാര്‍ നിറഞ്ഞു
ആറ്റലായ കന്നിയാള്‍ പുതുനാരിതന്‍ ചിത്രം തെളിഞ്ഞു'
അവരുടെ ഉള്ളില്‍ ഒപ്പന തുടങ്ങി. മണവാളന്‍ ഇപ്പോള്‍ വരും.

എട്ട്

ആകാശത്ത് വെണ്‍ചന്ദ്രിക പാടുന്ന പാട്ടിന്റെ ഇശല്‍ചായല്‍ മുറുകി.
'ജലസായ നിസാനികള്‍ ഇശല്‍ പാടുന്നേ
ജമാലിയ്യത്തലങ്കാര പുകള്‍ ചൊല്ലുന്നേ' എന്നിടത്തെത്തവേ  മണവാളന്‍ പടി ചവിട്ടി മുകളിലേക്ക് വന്നു.
നീലാകാശത്തിനും നീലക്കടലിനും നടുവില്‍ രണ്ട് പെണ്‍ജിന്നുകള്‍ പ്രത്യക്ഷപ്പെട്ടത് കണ്ട് സക്കറിയ അതിശയിച്ചു. അടുത്ത നിമിഷത്തില്‍ തന്നെ അയാള്‍ക്ക് ചോര മണത്തു.
'സക്കറിയാ ഞങ്ങളെ രണ്ടു പേരെയും  കെട്ട്യോളുകളാക്കില്ലേ  നിങ്ങള്‍. ഞങ്ങള്‍ക്ക് ഒരുമിച്ച് പൊറുക്കാന്‍ അതല്ലാതെ വഴിയൊന്നും ആലോചിച്ചിട്ട് കിട്ടുന്നില്ല സക്കറിയാ. ഞങ്ങള്‍ രണ്ടിനേയും നീ കെട്ടാന്‍ ഞങ്ങള്‍ക്ക് സമ്മതമാ.'
നര്‍ത്തകികളിലൊരാള്‍ തന്നോട് കെഞ്ചുന്നത് നോക്കി അതാരെന്ന് എത്ര നോക്കിയിട്ടും വേറിട്ട് തിരിച്ചറിയാന്‍ കഴിയാതെ സക്കറിയ ഹതാശനായി നിന്നു.
ഒരാള്‍ മുന്നോട്ട് വന്ന് 'നിങ്ങളുടെ കൂട്ടത്തിന് അത് അനുവദിച്ചിട്ടില്ലേ സക്കറിയാ. അതോണ്ടാ. പറ്റില്ലെന്ന് പറയരുതേ' എന്ന് കണ്ണു നിറഞ്ഞു.
'അങ്ങനെയെങ്കില്‍ നിനക്ക് എന്നേം കിട്ടും എനിക്ക് സതിയെ നഷ്ടമാവുകയുമില്ല' എന്ന് ശബ്ദം കേട്ട് അത് ഭാര്‍ഗവി ആണല്ലോ എന്ന് സക്കറിയ അതിശയിച്ചു.
സക്കറിയ അന്ധാളിച്ചുപോയി. പ്രേമം ഇക്കാലമത്രയും കരിമ്പായി ചവച്ചുതിന്നത് ചവര്‍പ്പായിരുന്നോ എന്നോര്‍ത്ത് സക്കറിയയ്ക്ക് തല പെരുത്തു. അയാള്‍ക്ക് മാത്രമായി വേണ്ടതാണ് ഭാര്‍ഗവി.  സതിയെ  അയാള്‍ക്കൊട്ട് വേണ്ടതാനും!
അയാള്‍ ഭാര്‍ഗവിയുടെ യാചന നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി പ്രേമത്തിന്റേയും കാമത്തിന്റേയും തന്നെ വിഭ്രമിപ്പിച്ച കണ്ണുകള്‍ എവിടെപ്പോയി എന്ന് മനസ്സാളി തോറ്റുനിന്നു.
എന്തോന്നാ നീയീപ്പറയുന്നതെന്ന് ശബ്ദമടര്‍ന്ന് ചോദിച്ചു. എനിക്ക് മനസ്സിലാവുന്നില്ലല്ലോ ഭാര്‍ഗവീ എന്ന് വെപ്രാളപ്പെട്ടു.
അയാള്‍ താഴേക്ക് ഇറങ്ങിപ്പോകാനായവേ സക്കറിയാ സക്കറിയാ എന്ന് വിളികള്‍  അയാളെ വിടാതെ പിന്നാലെ പോയി. അയാള്‍ പടികളിറങ്ങി മീന്‍ മുറിയില്‍ കതകടച്ചു.

ഒമ്പത്

ആ സമയം മീനമാസത്തിലെ ഒറ്റമഴ പെയ്തു. കടലിനുമേല്‍ പെരുമഴ. കൊടുങ്കാറ്റ് ഫിഷിംഗ് ബോട്ടിനെ വീശിയടിച്ചു. തിര ഓരോ വീശലിനും ബോട്ടിനുമേല്‍ പത്തിവിടര്‍ത്തിയ സര്‍പ്പമായി. ശിവതാണ്ഡവമാടുന്ന കണക്കെ നൃത്തം ചെയ്യുകയായിരുന്നു പ്രപഞ്ചം.
'ഇപ്പോള്‍ അയാള്‍ മുകളിലേക്ക് വരും.  എന്നെ കൊല്ലും.'
ചലിക്കാതെ, ഒരു നാരിട വേര്‍പെടാത്തവണ്ണം അത്രയ്ക്ക് കെട്ടിപ്പുണര്‍ന്ന്  മേലാസകലം നൃത്തം  ചെയ്ത് കിടക്കുമ്പോഴും ശരീരങ്ങളിലൊന്ന് മറ്റേ ശരീരത്തോട് പറഞ്ഞു.
മുകളിലേക്ക് കയറിവന്ന സക്കറിയ താഴേക്ക് വാ താഴേക്ക് വാ എന്ന് അലറി. പെരുമഴയാണ് അകത്തേക്കു പോയില്ലെങ്കില്‍ കടലില്‍ മുങ്ങിമരിക്കേണ്ടിവരുമെന്ന് ബഹളം വെച്ചു.
രണ്ടുപേരെയും കൈപിടിച്ച് വലിച്ച് താഴേക്ക് കൊണ്ടുപോയിത്തുടങ്ങി അയാള്‍.
പെട്ടെന്ന് ഒരു വലിയ തിരയില്‍ ബോട്ട് വശത്തേക്ക് ചെരിയവേ അയാള്‍ ഇടതുകൈ വിടുവിച്ചു. ആ പദ്ധതി കൃത്യമായിരുന്നു. തിരയുടെ ആയലില്‍ കൈവിട്ട് കരുമാടി സതി കടലിലേക്ക് വീണു.
'അയ്യോ' എന്ന് സക്കറിയ അഭിനയിച്ച് കരഞ്ഞു. ഭാര്‍ഗവി നിലവിളിച്ചു. സ്തബ്ധയായി തരിച്ചിരുന്നു.
അയ്യോ അയ്യയ്യോ എന്ന് കരഞ്ഞ് സക്കറിയ ബോട്ടിന്റെ ഡെക്കില്‍ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. കടലിലേക്ക് നോക്കി.
അയ്യയ്യോ കാണുന്നില്ലല്ലോ എന്ന് കരയില്‍ കേള്‍ക്കുംവണ്ണം ഒച്ചവെച്ചു.
അപ്പോളായിരുന്നു തിരമാലയുടെ അടുത്ത നൃത്തച്ചുവട്.
കടലിന്റെ ആഴങ്ങളിലെവിടെനിന്നോ ഒരു തിര സതിയെ പൊക്കിയെടുത്ത് ഫിഷിംഗ് ബോട്ടിലേക്ക് തിരിച്ചു കൊണ്ടുവരുന്നു.
തിരമാലയുടെ പ്രതീക്ഷിക്കാത്ത 
ആ ചുവടില്‍ പതറിപ്പോയ സക്കറിയയ്ക്കും അവിശ്വസനീയതയോടെ ഇരിക്കുന്ന ഭാര്‍ഗവിക്കും മുന്നില്‍ ദേ വരുന്നു തിരമാലത്തുമ്പില്‍ കരുമാടി സതി എന്ന നര്‍ത്തകി.
രസമുള്ള  ഒരു വരവായിരുന്നു അത്. വെള്ളിജലത്തിരയും മിന്നലും നിര്‍മ്മിച്ച വേദിയില്‍ ഒരു നര്‍ത്തകി പൊടുന്നനെ പ്രത്യക്ഷപ്പെടുന്നപോലെ.
തിരത്തുമ്പില്‍നിന്നും വീണ് അവള്‍ ബോട്ടിലേക്ക്  നില്‍ക്കും മുമ്പ് സക്കറിയ എന്ന നര്‍ത്തകന്‍ അടുത്ത ചുവട്‌വെച്ചു.
അയാള്‍ വലതുകാല്‍ ഉയര്‍ത്തി കരുമാടി സതിയുടെ നെഞ്ചത്ത് ചവിട്ടി കടലിലേക്കെറിഞ്ഞു. കൃത്യം  അവള്‍ കടലിലേക്ക് വയര്‍ അകത്തേക്ക് വളഞ്ഞ ഒരു വില്ലായി പാഞ്ഞ് അമ്പ് തൊടുക്കും വേഗതയില്‍ അപ്രത്യക്ഷയായി.
അപ്പോള്‍ ഭാര്‍ഗവിക്ക് ബോധം കെട്ടു.


പിറ്റേന്ന് പുലര്‍ച്ചെ ആറ് മണി വരെ ഭാര്‍ഗവി ആ കിടപ്പ് കിടന്നു. മഴ തോര്‍ന്നു. കടല്‍ ശാന്തമായി. അവള്‍ ഉണരുമ്പോള്‍ കൊടുക്കാനായി  മുന്തിയ മീന്‍ പിടിക്കാന്‍ ബോട്ടിന്റെ തലയ്ക്കല്‍ സക്കറിയ ഇരുന്നു.


പിറ്റേന്ന് പൊലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍ കരയിലേക്ക് ബോട്ട് പാഞ്ഞ് അടുക്കും വരെയും ഭാര്‍ഗവി ബോട്ടിന്റെ വക്കത്ത്, അനങ്ങാതെ കിടക്കുന്ന കടലിലേക്ക് നോക്കി ഇരുന്നു. അപ്പോഴാണ് ആ അതിശയം കണ്ടത്.  ജലത്തിന്റെ കണ്ണാടിയില്‍ ദേ അവളെ നോക്കി ഇരിക്കുന്നു കരുമാടി സതി. പെട്ടെന്ന് ഭാര്‍ഗവി കൈകള്‍ കൊണ്ട് ആംഗ്യത്താല്‍ ആഹ്ലാദത്തിന്റെ മുദ്ര കാട്ടി. ആ നിമിഷം  കരുമാടി സതിയും മുദ്രകാട്ടി. സക്കറിയ അറിയാതെ ഭാര്‍ഗവി ചെറുങ്ങനെ ചിരിച്ചു. അതേവണ്ണം കരുമാടി സതിയും ചിരിച്ചു കാണിച്ചു. പരീക്ഷിക്കാന്‍ ഭാര്‍ഗവി മുദ്രകള്‍, ആംഗ്യങ്ങള്‍, കണ്‍ചലനങ്ങള്‍, സൂത്രത്തില്‍ ഒരു നൃത്തച്ചുവട് തന്നെയും ചെയ്തു നോക്കി. ആ വണ്ണമെല്ലാം ജലത്തിന്റെ കണ്ണാടിയില്‍ സതി ആവര്‍ത്തിക്കുന്നത് കണ്ട് ഭാര്‍ഗവി അസാധാരണമായ ആനന്ദം അനുഭവിച്ചു.
അന്ന് രാവിലെ ഒമ്പത് മണിയോടെ തന്നെ സക്കറിയയും ഭാര്‍ഗവിയും പുറക്കാട് പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി.

പത്ത്

അമ്പലപ്പുഴ സിസ്‌റ്റേഴ്‌സ് തിരോധാനക്കേസിന്റെ നാള്‍വഴികള്‍ ഈവിധമായിരുന്നുവെന്ന് പറഞ്ഞ് തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍  ലിംഗശസ്ത്രക്രിയയ്ക്കായി കിടക്കുന്ന റിട്ട. എസ്.ഐ. രഘൂത്തമന്‍ തന്റെ കേസ് ഫയല്‍ ഞങ്ങളുടെ മുന്നില്‍ അടച്ചു. യാദൃച്ഛികമായിട്ടായിരുന്നു ആ കണ്ടുമുട്ടല്‍. പത്തിരുപത് വര്‍ഷത്തെ ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് മടങ്ങിവന്ന പഴയ സുഹൃത്ത്  അതേ ആശുപത്രിയില്‍ മൂത്രമൊഴിവിന് ചികിത്സയ്ക്കായി കിടക്കുന്നുവെന്നറിഞ്ഞ്  കാണാന്‍ ചെന്നതാണ് ഞാന്‍.  സംസാരം അമ്പലപ്പുഴ സിസ്‌റ്റേഴ്‌സിലെത്തിയ പാടെ തൊട്ടടുത്തു കിടക്കുന്ന വൃദ്ധന്‍ ആ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ താനാണെന്ന് പറഞ്ഞ് ഞങ്ങളെ അതിശയിപ്പിച്ചു. പലപ്പോഴും ഇത്തരം യാദൃച്ഛികതകള്‍ എന്നെയും ആ സുഹൃത്തിനേയും പല ഘട്ടത്തിലും ഒരുമിപ്പിച്ചു എന്നത് ജീവിതത്തില്‍ സംഭവിക്കുന്ന പലതരം പ്രഹേളികകളില്‍ ചിലതായി ഞങ്ങളെ വിസ്മയിപ്പിച്ചു. ഈ കൂടിക്കാഴ്ച 2021ലാണ്. ദേവസ്വം വകുപ്പില്‍നിന്ന് പെന്‍ഷന്‍ പറ്റി ഒരു വര്‍ഷമായതിനാല്‍ എനിക്കും പ്രത്യേകിച്ച് പണിയൊന്നുമില്ല.


സുഹൃത്ത് പറഞ്ഞു: 'മൂത്രം വിചാരിക്കാത്ത സമയത്ത് പോകും. വിചാരിക്കുന്ന സമയത്ത് പോകുകയുമില്ല. മുക്കി നോക്കിയാല്‍  രക്തം വരും. വേദന സഹിക്കത്തില്ല.'
അയാളുടെ ഭാര്യ ആ സമയം ട്യൂബിട്ട അയാളുടെ ലിംഗത്തില്‍നിന്ന് തുള്ളിതുള്ളിയായി മൂത്രബാഗില്‍ വന്നുവീഴുന്ന രക്തവും പഴുപ്പും കലര്‍ന്ന വെള്ളത്തെ നോക്കി വികാരങ്ങളൊന്നുമില്ലാതെ  ഇരുന്നു.
'നീ വിചാരിക്കുന്നപോലെയല്ല ശരീരം. നമ്മുടെ നിയന്ത്രണത്തിലല്ല അത്. നമ്മുടെ ശരീരം നമ്മുടെയല്ല. കുതറി വേര്‍പെട്ട് അതില്‍നിന്ന് ഊരി രക്ഷപ്പെടാന്‍ തോന്നും'  സുഹൃത്ത് തുടര്‍ന്നു.

ശരീരത്തെക്കുറിച്ചുള്ള ആ വാചകത്തിന്റെ തുടര്‍ച്ച എന്തുകൊണ്ടോ ഞങ്ങളെ അമ്പലപ്പുഴ സിസ്‌റ്റേഴ്‌സിലെത്തിച്ചു.  അടുത്ത നിമിഷം അടുത്ത ബെഡില്‍ കിടക്കുന്ന വൃദ്ധന്‍  റിട്ട. എസ്.ഐ. രഘൂത്തമന്‍ അതിലിടപെടുകയും ചെയ്തു: 'കാലം നാല്‍പ്പതോളം വര്‍ഷം മുമ്പാണ്. എല്ലാം കൃത്യമായൊന്നും ഓര്‍ക്കാന്‍ പറ്റില്ല.' അയാള്‍ പറഞ്ഞു:
'നമ്മുടെ നിയന്ത്രണത്തിലൊന്നുമല്ല നമ്മുടെ ഓര്‍മ്മകള്‍. പെട്ടിയില്‍ കാലം കഴിഞ്ഞ് ചിതലരിച്ചു പോകുന്നതുപോലെയേയുള്ളൂ. ഇത് സത്യമാണോ എന്ന് ചോദിച്ചാല്‍ സത്യമാകണമെന്നുമില്ല. ഓര്‍ത്തുപറയുന്നതല്ലേ. ആര്‍ക്കറിയാം ശരിയാണെന്ന്! ഓര്‍മ്മകള്‍ സത്യമാണെങ്കില്‍ വാരികയിലൊക്കെ വരുന്ന കഥകളും സത്യമാണെന്നു വരും'  അയാള്‍ ചിരിച്ചു.

തലേദിവസം അറവുകാട് ക്ഷേത്രത്തില്‍നിന്ന് പ്രോഗ്രാം അവതരിപ്പിക്കാതെ മുങ്ങിയ നര്‍ത്തകികളെ തിരഞ്ഞ് ഒരു രാത്രി മുഴുവന്‍ ഉറക്കം കളഞ്ഞ് അലഞ്ഞ പുറക്കാട് എസ്.ഐ. രഘൂത്തമന്‍ ക്ഷീണം മാറ്റാന്‍ ഒന്ന് കണ്ണടച്ചതേയുള്ളൂ. കോണ്‍സ്റ്റബിള്‍ ഗോപാലന്‍ അയാളെ ചെന്ന് ഉണര്‍ത്തി.
'ദേ അവര്‍ വന്നിരിക്കുന്നു.'
'ആര്?' മയക്കം കണ്ണില്‍നിന്നു വിട്ട കലിപ്പില്‍ രഘൂത്തമന്‍ ചൂടായി.
'ആ ആട്ടക്കാരുടെ ടീം.'

രഘൂത്തമന്‍ ചാടിയെഴുന്നേറ്റു. സ്‌റ്റേഷനില്‍നിന്ന്  ഒന്നുരണ്ട് ഉത്സവക്കമ്മിറ്റിക്കാരും നാട്ടുകാരും അപ്പോഴും പോയിട്ടില്ല. കൈയില്‍ തലേന്നാരംഭിച്ച തരിപ്പ് തീര്‍ക്കാനുള്ള  വെമ്പലില്‍ ബെല്‍റ്റും വലിച്ചെടുത്തോണ്ട് ചെന്ന രഘൂത്തമന്റെ മുന്നില്‍ സക്കറിയയും ഭാര്‍ഗവിയും. രണ്ടാമത്തെ നര്‍ത്തകിയെ തിരഞ്ഞ് പുറത്തോട്ട് രഘൂത്തമന്‍ നോക്കി.
'എന്തിയേടാ മറ്റേ തേവിടിശ്ശി?'
രഘൂത്തമന്‍ ചോദിച്ചു. 'നിന്റെ കഴപ്പ് തീര്‍ത്തിട്ട് കൊന്നോ?' അയാള്‍ അലറിക്കൊണ്ട് സക്കറിയയുടെ ചെകിടത്തടിച്ചു. നിലതെറ്റി താഴെ വീണ സക്കറിയയുടെ ചുണ്ട് പൊട്ടി.
'ഇല്ല സാറേ. പെരുമഴയും കൊടുങ്കാറ്റും ഒഴുക്കുമായിരുന്നു. ബോട്ടീന്ന് വീണ് സതി പോയി.'
'ഞങ്ങള് രക്ഷപ്പെട്ടത് ജനിപ്പിച്ചവരുടെ ഭാഗ്യം!' സക്കറിയ വിതുമ്പി പറഞ്ഞു.
അമ്പലപ്പുഴ സിസ്‌റ്റേഴ്‌സ് തിരോധാനക്കേസില്‍ സക്കറിയ രക്ഷപ്പെടുകയാണ് ഉണ്ടായത്. ആകെയുള്ള സാക്ഷി ഭാര്‍ഗവിയായിരുന്നു.
തലച്ചോറില്‍ നൃത്തം വെക്കുന്നുവെന്നവണ്ണം അത്  താങ്ങാനാവാതെ ശരീരമാടിനിന്ന അവള്‍,  സതി കടലിലേക്ക്  തിരോധാനം ചെയ്തുവെന്ന്   സക്കറിയയും പൊലീസും  നുണ പറയുന്നുവല്ലോ എന്നാലോചിച്ചും  മിണ്ടാതേയും   പുഞ്ചിരിയോടെ നിന്നു.
'അവള്‍ എങ്ങും പോയിട്ടില്ല. അവള്‍ എങ്ങോട്ടാണെന്ന് തിരോധാനം ചെയ്തതെന്ന് എനിക്കറിയാം'  അവള്‍ അവളോട് പറഞ്ഞു.
ബെല്‍റ്റ് എടുത്തിടത്ത് തന്നെ കൊണ്ട്‌വെച്ച്  രഘൂത്തമന്‍ എസ്.ഐ. അടുത്ത ചോദ്യം സക്കറിയയോട് ചോദിച്ചു.
'എടാ കഴുവേറി നീയെന്താ ഇവളെയും കൊണ്ട് ഒളിച്ചോടിയതാണോ?'
അപ്പോള്‍ മാത്രം ഭാര്‍ഗവി വാ തുറന്നു:
'അല്ല, ഞാന്‍ സതിയേയുംകൊണ്ട് ഒളിച്ചോടിയതാ!'
'അതായിരുന്നു ഞങ്ങടെ പദ്ധതി.'
അത് കേട്ട് അവിശ്വസനീയതയോടെ സക്കറിയ ഭാര്‍ഗവിയെ നോക്കി. അപ്പോള്‍ ഭാര്‍ഗവിയുടെ മുഖത്ത്  പുച്ഛത്തിന്റെ ഒരു മുദ്ര വന്നു. സക്കറിയ അങ്ങനെയാണ് പില്‍ക്കാലത്ത് സന്തോഷമില്ലാത്തവനായി തീര്‍ന്ന് ഘോരമായി ശിക്ഷിക്കപ്പെട്ടത്.
ഇറങ്ങിനടക്കുമ്പോള്‍  മുന്നില്‍ അവളുടെ ചുവടുകള്‍ കുഴിച്ച കടപ്പുറത്തെ പാല്‍മണ്ണിലെ ശൂന്യമായ ഇടം നോക്കി  സക്കറിയ നെഞ്ചിലും അപാരമായ ശൂന്യത അനുഭവിച്ചു. എത്ര ആലോചിച്ചിട്ടും അവളുടെ കാല്‍പ്പാദങ്ങള്‍ പില്‍ക്കാലം  അയാള്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല.

ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക

പതിനൊന്ന്

1992 ജനുവരിയില്‍ തിരോധാനത്തിന്  പത്തു വര്‍ഷത്തിനുശേഷം ഞാനും പഴയ സുഹൃത്തും  വീണ്ടും കണ്ടുമുട്ടി. ആ ദിവസം കൃത്യമായി ഓര്‍ക്കുന്നതിന് കാരണമുണ്ട്. അന്ന് ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ അമ്പലപ്പുഴ സിസ്‌റ്റേഴ്‌സിന്റെ ഡാന്‍സ് ഉണ്ട് എന്ന വാര്‍ത്തയായിരുന്നു ആ കാരണം! 'നൂതന സാങ്കേതികവിദ്യയുമായി അമ്പലപ്പുഴ സിസ്‌റ്റേഴ്‌സ് വീണ്ടും' എന്നായിരുന്നു ആ പ്രോഗ്രാം നോട്ടീസിന്റെ തലക്കെട്ട്.  ഗള്‍ഫില്‍നിന്ന് അവധിക്കു വന്ന സുഹൃത്തിനെ വീണ്ടും യാദൃച്ഛികമായി കണ്ട ദിവസം തന്നെ ഈ പരിപാടിയുടെ  വാര്‍ത്ത കേട്ടത് ഞങ്ങളെ അതിശയിപ്പിച്ചു.
ബസില്‍ ഇരിക്കുമ്പോള്‍ സുഹൃത്ത് പറഞ്ഞു: 'ഞാനന്നേ പറഞ്ഞിരുന്നല്ലോ. ഒരാളേയുള്ളൂ ആ പ്രോഗ്രാമില്‍.'
'എന്തായാലും കണ്ടു തീരുമാനിക്കാം'  സത്യമറിയാമെങ്കിലും തര്‍ക്കിക്കാന്‍ നില്‍ക്കാതെ ഞാന്‍ പറഞ്ഞു.
സുഹൃത്ത് വിട്ടില്ല. അയാള്‍ പറഞ്ഞു: 'ചുമ്മാതല്ല, ആ കേസ് തന്നെ നീര്‍ക്കുമിളയെന്നവണ്ണം പൊട്ടിപ്പാളീസായത്.'
'ഇല്ലാത്ത ഒരാള്‍ തിരോധാനം ചെയ്‌തെന്നോ കൊല്ലപ്പെട്ടെന്നോ പറഞ്ഞ് ചെന്നാല്‍ എന്തേലും നടക്കുമോ?'
ഇവരോടൊക്കെ എന്ത് പറയാനാണ്. ചമ്പക്കുളത്ത് ഗുരുഗോപിനാഥ് സാംസ്‌കാരിക നിലയ ഉദ്ഘാടനത്തിന്  അമ്പലപ്പുഴ സിസ്‌റ്റേഴ്‌സ്  രണ്ടുപേരും എത്തിയത് ഞാനോര്‍ത്തു. വെയില്‍ വെട്ടത്തില്‍ നിങ്ങള്‍ രണ്ടുപേരെയും ഒരുമിച്ച് കാണണമെന്ന് ഒരാള്‍  പറഞ്ഞതും അവര്‍ ഒരുമിച്ച് തമാശ പറഞ്ഞ് വന്ന് നിന്നതുമൊക്കെ ഞാനിയാളോട് പറഞ്ഞാല്‍ വിശ്വസിക്കുമോ! ആള്‍ക്കാര്‍ക്ക് ഭാവനയിലാണ് വിശ്വാസം.
ഞങ്ങള്‍ ചെല്ലുമ്പോള്‍ ഇടവേളയ്ക്ക് ശേഷം മംഗളം സ്‌റ്റേജില്‍ തുടങ്ങാനുള്ള അനൗണ്‍സ്‌മെന്റ് നടക്കുകയാണ്. മംഗളം പാടി നൃത്തം തീരും മുമ്പ് എത്താന്‍ കഴിഞ്ഞല്ലോ എന്ന ആശ്വാസത്തില്‍ ഞങ്ങള്‍ അകത്ത് കയറി. പിന്‍നിരയിലാണെങ്കിലും ഞങ്ങള്‍ക്ക് ഇരുവര്‍ക്കും താമസിയാതെ സീറ്റും കിട്ടി.
കര്‍ട്ടന്‍ പൊങ്ങി.

സ്‌റ്റേജില്‍ മുഴുവന്‍ പലതരം കണ്ണാടികളാണ്. മുക്കിലും മൂലയിലും മുകളിലും എല്ലാ കോണിലും കണ്ണാടി. നര്‍ത്തകി എവിടെനിന്ന് കളിച്ചാലും പ്രതിബിംബം കാണാവുന്ന വിധം. അകം ശൂന്യമായ ചതുരപ്പലകയല്ല. സ്ഫടികഗ്ലാസ് പതിച്ച ശരിക്കും കണ്ണാടി.
ശ്വാസം പിടിച്ച് ഇരിക്കവേ ഭാര്‍ഗവി ഒരു വശത്തുനിന്നും ചുവട്‌വെച്ചു വന്നു.
അവള്‍ക്കൊപ്പം കരുമാടി സതിയും.
ബിംബവും പ്രതിബിംബവും.
കരഘോഷം ഉയരവേ അമ്പലപ്പുഴ സിസ്‌റ്റേഴ്‌സ് നൃത്തമാരംഭിച്ചു.
'പവമാന സുതുഡു പട്ടു പാദാരവിന്ദമുലകു
നീ നാമ രൂപമുലകു നിത്യ ജയ മംഗളം

പങ്കജാക്ഷി നെലകൊന്ന അങ്ക യുഗമുനകു
നീ നാമ രൂപമുലകു നിത്യ ജയ മംഗളം

രാജീവ നയന ത്യാഗരാജ വിനുതമൈന
നീ നാമ രൂപമുലകു നിത്യ ജയ മംഗളം'***
നൃത്താവസാനം ഒരുമിച്ച് ചുവടുവെച്ച് കാലും കൈയും ത്രികോണരൂപാകൃതിയില്‍നിന്ന് സദസ്സിനെ  നമസ്‌ക്കരിച്ച്  ഭാര്‍ഗവിയും കരുമാടി സതിയും പുഞ്ചിരിച്ചു.
ചലനം അവസാനിപ്പിച്ച് നര്‍ത്തകികളുടെ ശരീരം സദസിനെ കൈകൂപ്പി നിശ്ചലമായി. നിശ്ചലതയുടെ മഹാനൃത്തം.

'പവമാന സുതുഡു പട്ടു പാദാരവിന്ദമുലകു
നീ നാമ രൂപമുലകു നിത്യ ജയ മംഗളം

മംഗളം...മംഗളം... മംഗളം...
ഓം ശാന്തി ശാന്തി ശാന്തി...'

---------------------------------

*ആലപ്പി രംഗനാഥ് എഴുതിയ പാട്ട്
**സ്വാതിതിരുനാള്‍ കൃതി
***ത്യാഗരാജ കൃതി
 

ഈ കഥ കൂടി വായിക്കാം
ഈ കൂട്ടിൽ കോഴിയുണ്ടോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com