'ഫസ്ഖ് പെണ്ണ്'- മുഖ്താര്‍ ഉദരംപൊയില്‍ എഴുതിയ കഥ

എന്തൊക്കെയോ ആലോചിച്ച് കുറച്ചുനേരം പള്ളിയുടെ മുന്നിലെ സിമന്റ് തിണ്ടിലിരുന്നു. അവള്‍ക്കപ്പോള്‍ ജീവിതത്തോട് വല്ലാത്ത വെറുപ്പ് തോന്നി
'ഫസ്ഖ് പെണ്ണ്'- മുഖ്താര്‍ ഉദരംപൊയില്‍ എഴുതിയ കഥ
Published on
Updated on

''ച്ച് ഫസ്‌ക് മാണം...'

അഴിഞ്ഞുതുടങ്ങിയ തലേല്‍ക്കെട്ട് ഉസ്താദ് മുറുക്കിക്കെട്ടി.

'ദെന്താ കുട്ടിക്കളിയാന്നാണോ അന്റെ വിചാരം. എന്താപ്പൊ ഓന്റട്ത്ത് പ്രശ്‌നം. ജ്ജ് പോ...'

ഉസ്താദ് പള്ളിയുടെ പടവുകള്‍ കയറിപ്പോവുന്നത് ആമിനു നോക്കിനിന്നു. അവളുടെ പര്‍ദ്ദയില്‍ കാറ്റുപിടിച്ചു. 

എന്തൊക്കെയോ ആലോചിച്ച് കുറച്ചുനേരം പള്ളിയുടെ മുന്നിലെ സിമന്റ് തിണ്ടിലിരുന്നു. അവള്‍ക്കപ്പോള്‍ ജീവിതത്തോട് വല്ലാത്ത വെറുപ്പ് തോന്നി. പള്ളിമിനാരത്തില്‍ പ്രാവുകള്‍ കുറുകുന്നുണ്ടായിരുന്നു. ആകാശത്തിലെ മേഘക്കെട്ടുകളിലേക്കു നോക്കി ആമിനു എണീറ്റു. നല്ല മഴക്കുള്ള സാധ്യതയുണ്ട്.

മാനത്ത് ചന്ദ്രന്‍ ചത്ത രാത്രി. ബീവിയുമ്മയുടെ പുരക്കുള്ളിലായിരുന്നു ആമിനു. ബീവിയുമ്മയും പെണ്‍മക്കളും നിസ്‌കാരക്കുപ്പായമിട്ട് കയ്യില്‍ ചിമ്മിനി വിളക്കും കത്തിച്ച് പുരക്ക് ചുറ്റും ബേജാറു പിടിച്ച് പായുന്നു.

'യാ അല്ലാ... സുബ്ഹാനല്ലാ...'

അവര്‍ ഉറക്കെ ദിക്‌റുകള്‍ ചൊല്ലുന്നുണ്ട്. ആമിനുവിന് ഉള്ളില്‍ ഭീതി കയറി. വിളക്കിലെ തീ അവരുടെ പാച്ചിലിനനുസരിച്ച് ഉലയുന്നുണ്ട്. വെളുത്ത നിസ്‌കാരക്കുപ്പായത്തില്‍ മഞ്ഞത്തീ വെളിച്ചം ഒലിച്ചിറങ്ങുന്നു.

താനെങ്ങനെയാണ് ഈ പുരക്കുള്ളിലായതെന്ന് ഒരു ഞെട്ടലോടെ ആമിനു ആലോചിച്ചു. വിറക്കുന്ന കൈകളോടെ അടുത്തുകിടന്നിരുന്ന മക്കളെ അവള്‍ ഇരുട്ടില്‍ തപ്പി. ബീവിയുമ്മയുടേയും പെണ്‍മക്കളുടേയും തീച്ചിലിനപ്പുറം നിഴലുപോലെ നില്‍ക്കുന്നത് അബുവാണല്ലോ എന്ന് ഒരു ഞെട്ടലോടെ അവള്‍ കണ്ടു. അയാളുടെ കയ്യില്‍ ഒരു തീപ്പന്തമുണ്ടെന്നു തിരിച്ചറിയുമ്പോഴേക്കും അയാളത് പുരക്ക് നേരെ എറിഞ്ഞിരുന്നു. ആളിക്കത്തുന്ന പുരക്കുള്ളില്‍ കിടന്ന് അവള്‍ ഉറക്കെ നിലവിളിച്ചു...

'പടച്ചോനേ...'

അവള്‍ എണീറ്റ് ഒരു പാട്ട വെള്ളം ഒറ്റ വലിപ്പിനു കുടിച്ചു. കിതപ്പ് അടങ്ങുന്നില്ല.

പിന്നെയവള്‍ക്ക് ഉറക്കം വന്നില്ല. ബീവിയുമ്മയും മക്കളും അപ്പോഴും പുരക്കു ചുറ്റും പായുന്നുണ്ടെന്ന് ആമിനുവിനു തോന്നി. ഇരുട്ടിന്റെ മറവില്‍ അബു തീപ്പന്തവുമായി നില്‍ക്കുന്നുണ്ടോ?

'കല്യാണം, കുടുംബജീവിതം ന്നൊക്കെ പറീണത് പവിത്രായ സംഗത്യാണ്. ഓരോ നിക്കാഹും ഒരു അഖ്ദാണ്, അഖ്ദ്.. എന്ന്ച്ചാ ഒരൊടമ്പടി. അതോണ്ട്... ജ്ജ് തിരിച്ചു പോ.. ആമിനൂ...' ഉസ്താദ് പറഞ്ഞു.

ആമിനു ഹിജാബിന്റെ തലപ്പില്‍ മുഖം തുടച്ച് കരച്ചില്‍ കടിച്ചുപിടിച്ചു നിന്നു. ശരീരത്തെ നേരെ നിര്‍ത്തി. പതര്‍ച്ചയില്ലാതെ, ഉറക്കെത്തന്നെ അവള്‍ പറഞ്ഞു.

'ച്ച് ഫസ്‌ക് മാണം...'

അബു കാണാന്‍ വരുമ്പോള്‍ അവള്‍ ക്ലാസ്സിലായിരുന്നു. വീടിനടുത്തുതന്നെയാണ് വനിതാ അറബി കോളേജ്. പത്താം ക്ലാസ്സ് കഴിഞ്ഞാല്‍ കല്യാണം ശരിയാവുന്നത് വരെ പെണ്‍കുട്ടികള്‍ക്കു കഴിയാനുള്ള ഒരാശ്രയം എന്നാണ് ആയിശ ടീച്ചര്‍ അതിനെക്കുറിച്ചു പറയാറുള്ളത്. ബാപ്പ വന്നു നേരത്തെ വിളിച്ചുകൊണ്ടുവരികയായിരുന്നു. എത്ര പെട്ടെന്നാണ് കുളിച്ചുമാറ്റി ഒരുങ്ങിനിന്നത്. ചായയും ബേക്കറി സാധനങ്ങളുമായി അയാളുടെ മുന്നില് ചെന്നുനില്‍ക്കുമ്പോള്‍ ഉള്ളില്‍ ഒപ്പനപ്പാട്ടിന്റെ ലങ്കുള്ള കൈകൊട്ടലുകളായിരുന്നു. നെഞ്ചിടിക്കുന്ന മാതിരി ഒപ്പനത്താളം മുറുകി.

കല്യാണത്തിനു വന്നപ്പോള്‍ ആയിശ ടീച്ചര്‍ ഉമ്മയേയും ഉപ്പയേയും ചീത്തപറയുന്നതെന്തിനാണെന്ന് അവള്‍ക്കു മനസ്സിലായില്ല.

'നല്ലോണം പഠിക്ക്ണ കുട്ട്യാ... എന്തിനാ ഇത്ര നേരത്തേ...?'

'കല്യാണം കയിഞ്ഞാലും പഠിക്കാലോ... ഓല് പഠിപ്പിക്കാന്ന് പറഞ്ഞിട്ടൂണ്ട്...'

അബുവിന്റെ പുരയിലെത്തി നാലാമത്തെ ദിവസം രാത്രിയാണ് അവള്‍ ബീവിയുമ്മയും മക്കളും രാത്രിയുടെ ഇരുട്ടില്‍ ചിമ്മിനിവിളക്കുമായി ദിക്‌റ് ചൊല്ലി പായുന്നത് ആദ്യം കണ്ടത്. ഉച്ചത്തിലുള്ള ദിക്‌റുകള്‍ കേട്ടാണ് അവള്‍ ജനല്‍ തുറന്നു നോക്കിയത്. ഒരു തീക്കാറ്റ് അവളുടെ ഉള്ളിലേക്കു പിടഞ്ഞുകയറുന്നപോലെ ആമിനു ഞെട്ടി. ജിന്നുകള്‍ പായുന്നപോലെയാണ് അവള്‍ക്കു തോന്നിയത്.

അബുവിന്റെ ഉമ്മ പറഞ്ഞാണ് അത് ബീവിയും മക്കളുമാണെന്ന് അറിഞ്ഞത്. എല്ലാ വെള്ളിയാഴ്ചരാവിലും ബീവിയുമ്മയും പെണ്‍മക്കളും നിസ്‌കാരക്കുപ്പായമിട്ട് വിളക്കുമായി മുറ്റത്തേക്കിറങ്ങും. പിന്നെ നേരം വെളുക്കോളം വീടിനു ചുറ്റും പാച്ചിലാണ്.

'ഓള്‍ക്കും കുട്ട്യാക്കും പിരാന്താ... അത് മൈന്റാക്കണ്ട...' എന്നാണ് അബു പറഞ്ഞത്.

പക്ഷേ, ആമിനുവിന് അന്ന് ഉറക്കം വന്നില്ല. ബീവിയുമ്മയുടേയും മക്കളുടേയും ദിക്‌റൊച്ചകള്‍ ഒരു നിലവിളിപോലെ പുലരും വരെ ആമിനു കേട്ടു.

അബുവിനെ ആകാശത്തോളം ഇഷ്ടമായിരുന്നു അവള്‍ക്ക്. അയാളവളുടെ ജീവനായിരുന്നു. ഇടക്കിടെ പരസ്പരബന്ധമില്ലാത്ത പ്രവര്‍ത്തനങ്ങളും ചോദ്യങ്ങളും പെരുമാറ്റങ്ങളും അയാളില്‍ നിന്നുണ്ടായപ്പോള്‍ അവള്‍ക്കു വല്ലാത്ത സങ്കടമുണ്ടായതും അതുകൊണ്ടാണ്.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

അഞ്ചാറു കൊല്ലം കൂടെ കഴിഞ്ഞെങ്കിലും ഒരു ദിവസംപോലും ഒന്നിച്ചു ജീവിച്ചതായി അവള്‍ക്കു തോന്നിയിട്ടില്ല. ഒരു നല്ല വാക്കുപോലും കേട്ടിട്ടില്ല. ആദ്യമൊക്കെ അബുവിന്റെ ഉമ്മയുണ്ടായിരുന്നു കൂടെ. അയാള്‍ അടിക്കാന്‍ വരുമ്പോള്‍ അവള്‍ ഉമ്മയുടെ അടുത്തേക്കാണ് ഓടിയിരുന്നത്. ഉമ്മ അവളെ ചേര്‍ത്തുപിടിക്കും. ഒന്നും പറയാതെ കരയും. അയാള്‍ ഉമ്മയെ തള്ളിമാറ്റാന്‍ നോക്കുമ്പോള്‍ ഉമ്മ കരച്ചില്‍ ഉച്ചത്തിലാക്കും. അപ്പോള്‍ അയാള്‍ പിരാകിപ്പറഞ്ഞ് പുറത്തേയ്ക്കു പോവും. മാസങ്ങള്‍ക്കു മുന്‍പ് ഉമ്മയെന്ന ആശ്വാസവും നിലച്ചു. ഒരു നിലവിളിപോലെയാണ് ഉമ്മ പോയത്. അവള്‍ വാവിട്ടു കരഞ്ഞു. ഇനി ആരുടെ കയ്യിലാണ് രക്ഷ.

അതൊരു വെള്ളിയാഴ്ചരാവിലായിരുന്നു. ബീവിയുമ്മയും മക്കളും ചിമ്മിനിവിളക്കുമായി ദിക്‌റ് ചൊല്ലി പായുമ്പോള്‍ അവര്‍ക്കൊപ്പം പായാന്‍ ആമിനുവിനും തോന്നി.

ഉമ്മ പോയതോടെ അയാളുടെ അക്രമങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമായി. വീട്ടില്‍ പറയാന്‍ ശ്രമിച്ചപ്പോഴൊക്കെ എല്ലാവരും ആമിനുവിനെയാണ് കുറ്റപ്പെടുത്തിയത്. അയാള്‍ എല്ലാവര്‍ക്കും നല്ല മനുഷ്യനായിരുന്നു. പള്ളിക്കമ്മിറ്റിയിലൊക്കെ ഉള്ള ആളാണ്. അഞ്ചു നേരവും പള്ളിയില്‍ മുന്നിലെ സ്വഫ്ഫിലുണ്ടാവും.

അവളോട് മുഖം മറക്കാന്‍ പറഞ്ഞിട്ട് അവള്‍ കേള്‍ക്കുന്നില്ലെന്നാണ് അബുവിന്റെ പരാതി.

'ഓന് അതാണ് ഇഷ്ടച്ചാ അനക്കെന്താ മോറ് മറച്ചാല്...' എന്നാണ് ഉമ്മപോലും ചോദിച്ചത്.

'ഇത്രീം കാലം ഞാന് മോറ് മറക്കാതെയല്ലേ നടന്നത്. ഇന്നിട്ട് എന്തേലും പറ്റ്യോ...'

'അന്നോട് പറഞ്ഞ്ട്ട് കാര്യല്ല. എല്ലത്തിനും അന്റട്ത്ത് തട്ടുത്തരണ്ടാവും. ഓന്‍ പറീണതിലും കാര്യണ്ട്...'

അവിടെ ആമിനു സംസാരം നിര്‍ത്തും.

അവസാനം അവള്‍ മുഖം മറക്കാമെന്നു സമ്മതിച്ചു. അതോടെ പ്രശ്‌നം തീരാച്ചാ തീരട്ടെ. മനുഷ്യനു സമാധാനമാണല്ലോ പ്രധാനം. എന്നാല്‍, മുഖം മറച്ചിട്ടും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല.

അബുവിന് ഒരു കല്യാണം കൂടി കഴിക്കണം, അതിന് ആമിനു സമ്മതിക്കണം.

'സ്വര്‍ഗ്ഗത്തില് വലിയൊര് മുത്ത്ണ്ട്. ആ മുത്തിനുള്ളില്‍ പ്രവേശിക്ക്ണ ഭാര്യാ ഭര്‍ത്താക്കന്മാര് ആരാന്നറിയോ അനക്ക്... രണ്ടു കല്യാണം കഴിക്ക്ണ ഭര്‍ത്താവും അവന്റെ ഭാര്യമാരും. അങ്ങനെ ഒരു സൗഭാഗ്യം കിട്ടണംന്ന് അനക്ക് ആഗ്രഹല്ലേ...'

അബുവിന് അപ്പോള്‍ സ്‌നേഹം വഴിഞ്ഞൊഴുകും.

'തല്‍ക്കാലം ഇല്ലാന്ന് കൂട്ടിക്കോളീ... ഈ ദുനിയാവില് ഒരു ദിവസേങ്കി ഒര് ദിവസം ഇങ്ങളെ കെട്ട്യോക്ക് സമാധാനം കിട്ടണംന്ന് ഇങ്ങക്ക് വല്ല ആഗ്രഹണ്ടോ... അതില്ലല്ലോ...'

അവള്‍ അങ്ങനെയൊന്നും പറയാത്തതാണ്. പക്ഷേ, പറയാതിരിക്കാനായില്ല.

അബുവിന് ഉള്ളും പുറവും വിറച്ചു. അവള്‍ ഓടി ഉമ്മയുടെ റൂമില്‍ കയറി വാതിലടച്ചു.

കഴിഞ്ഞ ആഴ്ച പള്ളിയില്‍ നടന്ന ലേണിങ് ക്ലാസ്സില്‍ മൗലവി അതേ സംഗതി പ്രസംഗിക്കുന്നത് അവള്‍ കേട്ടതാണ്. അയാളുടെ ചെപ്പക്കുറ്റിക്കൊന്നു കൊടുക്കാനാണ് അവള്‍ക്കു തോന്നിയത്. പിറ്റേ ആഴ്ചത്തെ പ്രസംഗം ജിന്നുകയറ്റത്തെക്കുറിച്ചും സിഹ്‌റിനെക്കുറിച്ചുമായിരുന്നു. മനുഷ്യരുടെ ശരീരത്തില്‍ ജിന്നു കയറി വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുമെന്നും രോഗം വരുത്തുമെന്നും സിഹ്‌റ് ഫലിക്കുമെന്നും അതുകൊണ്ട് ശ്രദ്ധിക്കണമെന്നുമാണ് മൗലവി പറയുന്നത്. 

നാട്ടില്‍ നിലനിന്നിരുന്ന ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാട്ടം നടത്തിയ പ്രസ്ഥാനത്തിന്റെ ആള്‍ക്കാരാണ് ഇപ്പോള്‍ ഇങ്ങനത്തെ വസ്വാസുകളുമായി വന്നിരിക്കുന്നത് എന്ന് ആലോചിച്ചപ്പോള്‍ ആമിനുവിനു ശ്വാസം മുട്ടി.

'എല്ലായിടത്തും ജിന്നുണ്ട്. ജിന്ന് പൂച്ചയായും പാമ്പായും ചിലപ്പോള്‍ മനുഷ്യനായും വരും. വൈകുന്നേരം പുറത്തിറങ്ങരുത്. വൈകുന്നേരത്താണ് ജിന്നുകള്‍ പുറത്തിറങ്ങുന്നത്...'

അബു വളരെ ഗൗരവത്തിലാണ്. ഒഴിഞ്ഞ റൂമിലേക്കു നോക്കി അയാള്‍ സലാം പറയും. ജിന്നുകളോടാണ്. എല്ലായിടത്തും ജിന്നുണ്ട്, റൂമിനകത്തും. മുസ്‌ലിം ജിന്നുകളോടാണ് സലാം പറയുന്നത്. ജിന്നുകള്‍ക്കുമുണ്ട് ജാതിയും മതവും. വളരെ സൂക്ഷിച്ചാണ് വാതിലടക്കുന്നത്. അടക്കുമ്പോള്‍ ജിന്നുകള്‍ കുടുങ്ങിപ്പോകരുത്. കുടുങ്ങിപ്പോയാല്‍ അലാമത്താവും.
ആമിനുവിനു ചിരി വരും.

എന്നാല്‍, അബുവിന്റെ സംശയരോഗത്തില്‍ ജിന്നുബാധ കൂടി ആയപ്പോഴാണ് ആമിനു ശരിക്കും പെട്ടത്.

ആമിനുവിന്റെ ശരീരത്തില്‍ കയറിയ ജിന്നിനെ ഇറക്കാന്‍ അയാള്‍ ഒരു ദിവസം ആ മൗലവിയെ വീട്ടില്‍ കൊണ്ടുവരികതന്നെ ചെയ്തു. അന്നു പച്ചത്തെറി പറഞ്ഞാണ് മൗലവിയെ അവള്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ടത്.
'ഇതു കുറച്ച് കനം കൂടിയ ഐറ്റമാണ്... ഇങ്ങള് വേറെ ആരേലും നോക്കീം...' എന്നും പറഞ്ഞാണ് മൗലവി രക്ഷപ്പെട്ടത്.

സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ. സഹികെട്ടപ്പോഴാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. പിറ്റേന്നു കുട്ടികളേയും കൂട്ടി വീട്ടിലേക്കു പോന്നു. അയാള്‍ തടഞ്ഞില്ല.

എന്നാല്‍, കരുതിയപോലെ ആയിരുന്നില്ല കാര്യങ്ങള്‍. തന്റേതെന്നു കരുതിയിരുന്ന വീട്ടിലേക്കു കയറിച്ചെന്നപ്പോള്‍ എല്ലാവരുടേയും മുഖം ഇരുണ്ടു. എന്തു പൊട്ടത്തരമാണ് കാണിച്ചതെന്നായി. ബന്ധുക്കള്‍ വീട്ടില്‍ യോഗം കൂടി. അബുവിനെ വിളിച്ചുവരുത്തി.

'ഓളെ മേത്ത് ഇബ്ലീസ് കേറീക്ക്ണ്... അയിന്റെ കൊയപ്പാ ഓക്ക്...'

അബു പറഞ്ഞു.

'ഞാനോളീം കുട്ട്യാളീം എങ്ങനാ നോക്ക്ണ്ന്ന് ങ്ങക്കറിയോ... ഓല്‍ക്ക് എന്ത്‌ന്റേലും കൊറവ്‌ണ്ടോ അവ്‌ടെ... പിന്നെന്താ ഓലെ പ്രശ്‌നം? ഇത് അതന്നെ... ഓള്‍ക്ക് പിരാന്താ...'

തിരിച്ചുപോകണമെന്നും കുട്ടികളുടെ ഭാവിയെങ്കിലും നോക്കണ്ടേ എന്നുമാണ് എല്ലാവരും പറഞ്ഞത്. അവള്‍ കരയുക മാത്രം ചെയ്തു.

സഹിച്ച് മടുത്തുവെന്നു പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. കുട്ടികളേയും കൂട്ടി തിരിച്ചിറങ്ങുകയല്ലാതെ നിവൃത്തിയില്ലായിരുന്നു.
'ഇങ്ങളാരെങ്കിലും കൂടെ വരീം...' എന്നു കെഞ്ചിനോക്കി. ആരും പോയില്ല...

ബസിറങ്ങി അയാളുടെ വീട്ടിലേക്കു പോകണോ അടുത്തുള്ള പുഴയിലേക്കു ചാടണോ എന്ന് ആലോചിച്ച് കുറേനേരം നടുറോട്ടില്‍നിന്നു. കയറിച്ചെല്ലുമ്പോള്‍ മുന്‍വാതില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ബെല്ലടിച്ച് കുറേ നേരം കാത്തുനില്‍ക്കേണ്ടിവന്നു.

വാതില്‍ തുറന്നത് അയാള്‍ തന്നെയാണ്. എന്തുചെയ്യണമെന്നറിയാതെ വിളറിനില്‍ക്കുന്ന അയാളെ തള്ളിമാറ്റി അവള്‍ അകത്തേക്കു കയറി. എന്നാല്‍, കയറിയതിനേക്കാള്‍ ഊക്കില്‍ അവള്‍ പുറത്തേക്കിറങ്ങേണ്ടിവന്നു. 

'നാണമില്ലല്ലോ മന്‍സാ...' എന്ന് അവള്‍ കരഞ്ഞു.

അവള്‍ക്കു സഹിച്ചില്ല. അവള്‍ ഉറക്കെ നിലവിളിച്ചു. അടുത്ത വീട്ടിലെ ആളുകള്‍ തലയിട്ട് നോക്കുന്നുണ്ടായിരുന്നു. സംഭവം വഷളാവുമെന്നു കണ്ടപ്പോള്‍ അയാള്‍ അവളെ പിടിച്ച് അകത്തേയ്ക്കു തള്ളി.

'ഒച്ചീംവിളീംണ്ടാക്കി ആളെക്കൂട്ട്യാ കൊന്ന് കുയിച്ച്മൂടും ഞാന്‍...' അയാള്‍ അലറി.

കുട്ടികളുടെ തൊണ്ടയില്‍ കരച്ചില്‍ കുടുങ്ങി. അവര്‍ക്ക് അയാളെ പേടിയായിരുന്നു. അപ്പോള്‍ അകത്തുനിന്ന് ഒരു സ്ത്രീ തലതാഴ്ത്തി പുറത്തേയ്ക്കു വന്നു. പുതുമണവാട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നു ആ യുവതി. അവിടമാകെ അത്തറിന്റെ മണം. മണിയറയില്‍ വിതറിയ പൂക്കള്‍ വാടിയിട്ടില്ല.

'ഒച്ചീംവിളീംണ്ടാക്കണ്ട. ജ്ജ് സമ്മയ്ക്കാത്തോണ്ട് ജ്ജ് അറ്യാതെ നടത്ത്യൊര് കല്ല്യാണയ്‌നും. ജ്ജ് പോയപ്പോ ഞാനോളെ ങ്ങട്ട് കൊണ്ടന്നു... മാനം മര്യാദക്കാണെങ്കി ഇവ്‌ടെ നിക്കാ... അല്ലെങ്കില്‍ ജ്ജ് അന്റെ പണി നോക്ക്...' 

ബീവിയുമ്മയും മക്കളും പുരക്കുള്ളില്‍നിന്നു ജനലിനുള്ളിലൂടെ നോക്കുന്നുണ്ടായിരുന്നു. അയല്‍വാസികള്‍ പലരും പുറത്തിറങ്ങി നില്‍ക്കുന്നുണ്ട്.

സുബ്ഹി നിസ്‌കരിക്കാന്‍ പള്ളിയില്‍ പോകാനിറങ്ങിയ ഉപ്പ ഉമ്മറത്ത് കിടക്കുന്ന ആമിനുവിനേയും കുട്ടികളേയും തട്ടിത്തടഞ്ഞ് വീഴാന്‍ പോയി.

'ജ്ജ് പോയിലേ...' ഉപ്പ ചോദിച്ചു.

അവസാനത്തെ ബസിനാണ് തിരിച്ചെത്തിയത്. എല്ലാവരും ഉറക്കമായിരുന്നു. ആരെയും വിളിച്ചുണര്‍ത്താന്‍ നിന്നില്ല.
അവളും കുട്ടികളും എഴുന്നേറ്റിരുന്നു. ഉമ്മയും അകത്ത്‌നിന്നു വന്നു. ആമിനുവിനു സങ്കടം വന്നു. അവള്‍ ഒച്ചയില്ലാതെ കരയുകമാത്രം ചെയ്തു.

എളാപ്പമാരും മൂത്താപ്പയും വന്നു. അവര്‍ വട്ടത്തിലിരുന്നു ചര്‍ച്ചയായി. ഇനി താനങ്ങോട്ട് പോവില്ലെന്ന് ആമിനു ഉറപ്പിച്ചു പറഞ്ഞു.

'അതൊക്കെ ഞമ്മക്ക് ആലോയ്ച്ച് തീരുമാനിക്കാ... ജ്ജ് പോയി എന്തേലും തിന്ന്...'

എളാപ്പ പറഞ്ഞു.

വൈകുന്നേരമായപ്പോഴേക്കും ഒരു കാര്‍ വന്നു. വെളുത്ത കുപ്പായത്തില്‍ പാകമാതെ പുറത്തേക്കുന്തിയ ശരീരവുമായി ഒരു താടിക്കാരന്‍ വീട്ടിലേയ്ക്കു കയറി. എളാപ്പമാരും മൂത്താപ്പയും അയാളെ അകത്തേയ്ക്കു കയറ്റിയിരുത്തി. ഉപ്പ ഒന്നും മിണ്ടാതെ നോക്കിനിന്നു. സത്യത്തില്‍ ഉപ്പാക്ക് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു.

താടിക്കാരനെ അകത്തെ ഒരു മുറിയിലേക്ക് ഇരുത്തി. കുഞ്ഞാമമാര്‍ ആമിനുവിനെ ഉന്തിത്തള്ളി ആ റൂമിലെത്തിച്ചു. താടിക്കാരന്‍ അവളെ നോക്കി ചിരിച്ചു. അവള്‍ക്കു കരച്ചില്‍ വന്നു.

ഉപദേശിച്ചു നന്നാക്കി തിരിച്ചുകൊണ്ടു പോവാനുള്ള ശ്രമമാണെന്നാണ് അവള്‍ കരുതിയത്. എന്നാല്‍, അയാള്‍ എഴുന്നേറ്റ് വാതിലടച്ച് കുറ്റിയിട്ടു. മുന്നിലെ കട്ടിലില്‍ അവളോട് ഇരിക്കാന്‍ പറഞ്ഞു. കണ്ണില്‍ ഇരുട്ട് കയറുന്നപോലെ അവള്‍ക്കു തോന്നി. അയാള്‍ എന്തൊക്കെയോ ചൊല്ലിപ്പറഞ്ഞ് അവളെ ഊതി.

'ആരാ ഇജ്ജ്...?'

അയാള്‍ ചോദിച്ചു:

'ആമിനു...'

അവള്‍ വിറച്ചു...

'ആരാ അന്റെ മേത്ത് കേറീക്ക്ണന്...?'

അവള്‍ക്ക് എന്തു പറയണമെന്ന് അറിയാതെ വിയര്‍ത്തു.

'ചോയിച്ചത് കേട്ട്‌ല്ലേ ആരാന്ന്...?'

അവള്‍ മിണ്ടിയില്ല...

'അന്നോടാ ചോയ്ച്ചത്..!'

'ഞ്ഞെ മേത്ത് ആരും കയറീട്ടൊന്നുല്ല. ച്ച് ഒന്നും പറ്റീട്ടൂല്ല. അയാളെ ഒപ്പം ഞ്ഞി ജീവിക്കാന്‍ ഞ്ഞെക്കൊണ്ട് പറ്റൂല...'

'അതെന്താ പറ്റാത്തെ...?'

അയാള്‍ എഴുന്നേറ്റ് അവളുടെ മുഖത്തിനടുത്തേയ്ക്കു നീങ്ങിനിന്ന് ഉച്ചത്തില്‍ ചോദിച്ചു. അവള്‍ ഞെട്ടി.
 
'പറയെടീ...'

അയാള്‍ അലറി.

അയാളുടെ കയ്യില്‍ നീളമുള്ള ചൂരലുണ്ടെന്നും അതിപ്പോള്‍ തന്റെ പുറത്തൂടെ വീശുമെന്നും അവള്‍ക്കു തോന്നി... പിന്നെ എന്തൊക്കെയാണ് പറഞ്ഞതെന്ന് അവള്‍ക്ക് ഓര്‍മ്മയില്ല. ശരിക്കും ബോധം പോയ അവസ്ഥ.

അയാള്‍ വാതില്‍ തുറന്നു. എളാപ്പമാരും മൂത്താപ്പയും വാതില്‍ക്കലുണ്ടായിരുന്നു. അവര്‍ അകത്തേയ്ക്കു പാഞ്ഞുകയറി...

'അട്ക്കളന്റെ ഭാഗത്തെ തെങ്ങ്‌ന്റെ ചോട്ട്‌ല്ലൊന്ന് നോക്കീം... ആരോ സിഹ്‌റ് ചെയ്തതാ...'

അയാള്‍ മുറ്റത്തേക്കിറങ്ങി.

എല്ലാവരും അടുക്കളയുടെ ഭാഗത്തെ തെങ്ങിന്‍ചോട്ടിലേക്ക് പാഞ്ഞു. ആമിനുവിന് അപ്പോള്‍ ചിരിയാണ് വന്നത്. രാത്രി ഇരുട്ടു മൂക്കുംവരെ തിരഞ്ഞിട്ടും അവര്‍ക്കൊന്നും കിട്ടിയില്ല.

'ഏത് അട്പ്പ്‌ലാണാവോ അത് പണ്ടാറക്കീക്കണത്...'

മൂത്താപ്പ പറയുന്നുണ്ടായിരുന്നു...

'ജ്ജ് അയാളെ പറ്റിച്ചതാല്ലേ...'

ഉമ്മ അവളോട് സ്വകാര്യം പറഞ്ഞു. അവളൊന്നും മിണ്ടിയില്ല.

പിന്നെയും കുറേ തിരിച്ചും മറിച്ചും ആലോചിച്ച ശേഷമാണ് അങ്ങനെ ഒരു തീരുമാനമെടുത്തത്. ഫസ്ഖ് ചെയ്യുക. വീട്ടുകാരും ബന്ധുക്കളും പരിചയക്കാരുമെല്ലാം പിന്തിരിപ്പിക്കാന്‍ നോക്കി.

'അനക്കെന്താ പിരാന്തായോ... ഈ കുട്ട്യാളീം കൊണ്ട് എന്താക്കാനാണാ അന്റെ വിചാരം!'

പക്ഷേ, അവള്‍ തീരുമാനിച്ചിരുന്നു. വയ്യ, ഇനിയും...

ഫസ്ഖ് ചെയ്യല്‍ വളരെ എളുപ്പമുള്ള സംഗതിയാണെന്നാണ് അവള്‍ കരുതിയിരുന്നത്. ഒരു ഉസ്താദിന്റെ പ്രഭാഷണത്തില്‍ ഫസ്ഖിനെക്കുറിച്ച് കേട്ടിട്ടുണ്ട്. ആമിന ടീച്ചറാണ് ഫസ്ഖിനെക്കുറിച്ച് കൂടുതല്‍ വിശദമാക്കിയത്. സ്ത്രീ മുന്‍കയ്യെടുത്ത് വിവാഹബന്ധം വേര്‍പെടുത്തുന്ന രീതി. ടീച്ചറാണ് ഉസ്താദിനെ ഒന്നൂടെ ചെന്നുകാണാന്‍ പറഞ്ഞത്. കാര്യങ്ങളുടെ കിടപ്പുവശം കൃത്യമായി മനസ്സിലാക്കിയ ഉസ്താദ് ഒന്നയഞ്ഞിട്ടുണ്ട്.

'ഫസ്ഖ് ചെയ്യണങ്കി കോടതിന്റേയോ ഖാളിന്റേയോ സമ്മതം നേടണം. അയിനേക്കാള്‍ എളുപ്പം ത്വലാഖാണ്. അബൂനോട് സംസാരിച്ച് ത്വലാഖ് ആവശ്യപ്പെടു... അല്ലെങ്കി ഖുല്‍ഉണ്ടല്ലോ... 

ഉസ്താദ് അവസാനം പറഞ്ഞു. അയാള്‍ പ്രസംഗിക്കുന്നതുപോലെയാണ് സംസാരിക്കുക.

പക്ഷേ, അബു ത്വലാഖിനു തയ്യാറായില്ല. അവസാനം നിയമ വഴി തന്നെ തേടാമെന്നു തീരുമാനിക്കുകയായിരുന്നു. ടീച്ചറാണ് വക്കീലിനടുത്തേയ്ക്കു കൂട്ടുവന്നത്.

മാസങ്ങളാണ് കോടതി വരാന്തയിലൂടെ കഴിഞ്ഞുപോയത്. അവസാനം അഡ്വ. ഫാത്തിമയും പറഞ്ഞു: 'ഫസ്ഖ് കിട്ടുമ്പഴേക്ക് നിങ്ങടെ കാലം കഴിയും...'

ആമിനുവിന് ഒന്നും തോന്നിയില്ല. അവളുടെ മനസ്സ് എന്നോ മരവിച്ചുപോയിരുന്നു.

'കയറില്ലാതെ കെട്ടിയിട്ട അവസ്ഥീലാണ് ഞാന്‍... അയാള്‍ക്ക് ഒരു കൊയപ്പോല്ല...'

ആമിനു പറഞ്ഞു.

'മഹറ് തിരിച്ച് കൊടുക്കാണെങ്കി... തീര്‍ക്കാന്‍ വേറെ വഴിണ്ട്... ഖുല്‍അ് ചെയ്യാം...'

'അയ്‌ന് മഹറെവ്‌ടെ. അതയാളന്നെ രണ്ടാമത്തെ കുട്ടിനെ പ്രസവിക്ക്ണ സമയത്ത് എട്ത്തതാ... ഞ്ചെ ജീവിതം പോയി. ഈ കുട്ട്യാളെ നോക്കി വളര്‍ത്തണ്ടേ... അയിന് അയാക്കും ഉത്തരവാദിത്തല്ലേ... അങ്ങനെ എല്ലാം വിട്ട്‌കൊടുത്ത് ഒരു തീര്‍പ്പ് മാണ്ടാ... അയിനും മാത്രം ഞാനെന്ത് തെറ്റാ ചെയ്തത്. എല്ലാം ചെയ്തത് അയാളും. എല്ലാം സഹിക്കണത് ഞാനും...'
അഡ്വ. ഫാത്തിമ ഒന്നും മിണ്ടിയില്ല. 

ഫസ്ഖ് കിട്ടിയില്ലെങ്കിലും നാട്ടുകാര്‍ക്കെല്ലാം ആമിനു ഫസ്ഖ് പെണ്ണാണ്. ആരാണ് അങ്ങനെയൊരു പേര് ആദ്യം വിളിച്ചതെന്ന് അറിയില്ല. അംന ഫാത്തിമ എന്ന പേരാണല്ലോ ആമിനുവായി മാറിയത്. അതിപ്പോള്‍ ഫസ്ഖ് പെണ്ണായി. വിളിക്കുന്നത് വിളിക്കട്ടെ. എന്തോ വലിയ പാപം ചെയ്ത പോലെയാണ് എല്ലാവരുടെയും നോട്ടം.

എല്ലാവരും കുറ്റപ്പെടുത്തി.

'അനുഭവിച്ചോളും... അപ്പൊ മനസ്സിലാവും...'

വീട്ടില്‍ കുട്ടികളേയും കൊണ്ട് കൂടുതല്‍ ദിവസം നില്‍ക്കാനാവില്ലെന്ന് അടുക്കളയിലേയും പുറത്തേയും ചില അടക്കിപ്പിടിച്ച സംസാരങ്ങളില്‍നിന്ന് ആമിനുവിനു തോന്നി. അങ്ങനെയാണ് അവള്‍ അടുത്തുള്ള ഒരു കോട്ടേര്‍സിലേയ്ക്കു മാറുന്നത്. കുറച്ചുനാള്‍ അങ്ങാടിയില്‍ ഒരു തുണിക്കടയില്‍നിന്നു. അവിടെ അയാള്‍ വന്ന് അലമ്പുണ്ടാക്കിയതിനാല്‍ ആ പണി പോയി. അങ്ങനെയാണ് മെമ്പറെ പോയി കണ്ട് തൊഴിലുറപ്പ് പണി ശരിയാക്കിയത്.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

അതിനിടക്കാണ് ഒരു റമദാന്‍ മാസം കുറച്ചുദിവസം പനിപിടിച്ചു കിടന്നത്. നോമ്പുകാലം അങ്ങനെയങ്ങ് കഴിഞ്ഞോളും. ഭക്ഷണക്കാര്യത്തില്‍ ഒരു നിര്‍ബ്ബന്ധവും ആര്‍ക്കുമില്ല. ഉള്ളത് തിന്നും. ഇല്ലേല്‍ വെള്ളം കുടിച്ചു ജീവിക്കും. അകത്തെ പ്രയാസങ്ങള്‍ പുറത്ത് അറിയരുതെന്നും മറ്റാരുടേയും മുന്നില്‍ കൈനീട്ടി ചെല്ലരുതെന്നും ആമിനുവിനെപ്പോലെ കുട്ടികളും തീരുമാനിച്ചിട്ടുണ്ട്.

പക്ഷേ, പെരുന്നാളിന് ഒരുകൂട്ടം പുതിയ വസ്ത്രങ്ങള്‍ കുട്ടികളുടെ ആഗ്രഹമാണ്. കഴിഞ്ഞ ചെറിയ പെരുന്നാളിനു വാങ്ങിയ വസ്ത്രമെല്ലാം പഴകി ഒരു പരുവമായിട്ടുണ്ട്.

ഒരു മാസത്തോളമായി പുറത്തിറങ്ങാനായിട്ടില്ല. ഒരു ചെറിയ പനി. അതങ്ങനെ നീണ്ടുവലിഞ്ഞ് കാലില്‍ നീരും മുഖത്തു കല്ലിപ്പുമായി. ഒരടി നടക്കാന്‍ വയ്യെന്നായി. അടുത്തുള്ള ധര്‍മ്മാശുപത്രിയില്‍ പോയി. കുടുംബശ്രീയില്‍ ഉണ്ടായിരുന്ന ചില്ലറ വാങ്ങിയാണ് ഇത്രേം ദിവസം തട്ടിമുട്ടിച്ചത്.

വിവാഹമോചിതയുടെ മക്കളാണ് ലോകത്തില്‍ ഏറ്റവും വലിയ ഹതഭാഗ്യരെന്ന് അപ്പോള്‍ അവള്‍ക്കു തോന്നി. കയ്യിലിരിപ്പ് ശരിയല്ലാത്തതിന്റെ ഫലം അനുഭവിച്ചോ എന്നു കേട്ടുകേട്ട് തഴമ്പിച്ചിരിക്കുന്നു. ഇപ്പൊ സ്വസ്ഥായില്ലേ... അന്റെ ഇഷ്ടത്തിനു നടക്കാനാവുന്നുണ്ടല്ലോ എന്നൊക്കെയാണ് അടുത്ത ബന്ധുക്കള്‍പോലും പറയുന്നത്.

രണ്ടു പെണ്‍കുട്ടികളേയും കഴിയുന്ന അത്രയും പഠിപ്പിക്കണമെന്നു മാത്രമാണ് ആമിനുവിന്റെ സ്വപ്നം. പള്ളിയുടെ പിന്നിലെ പറമ്പിന്‍ പെണ്‍കുട്ടികള്‍ക്കായി ഒരു കോളേജിന്റെ പണി നടക്കുന്നുണ്ടെന്ന് അയലോക്കത്തെ നബീസത്തയാണ് പറഞ്ഞത്. അവിടെ പഠിക്കാന്‍ ചേരുന്ന പെണ്‍കുട്ടികള്‍ പഠനം കഴിയുന്നത്‌വരെ വിവാഹം പാടില്ലെന്നു നിയമമുണ്ടത്രെ. ആമിനു അതു കേട്ട് ആശ്ചര്യപ്പെടുകയല്ല, സന്തോഷിക്കുകയാണ് ചെയ്തത്. പുതിയ പെണ്‍കുട്ടികളുടെ ഭാഗ്യം... രാവിലെ കോളേജിലേക്ക് പോകുന്ന ഹിജാബിട്ട പെണ്‍കുട്ടികളുടെ തിരക്കു കാണുമ്പോള്‍ ആമിനുവിനു സന്തോഷം വരും. പഠിച്ച് ഒരു പണിയാവട്ടെ, എന്നിട്ട് മതി കല്യാണം എന്നാണ് അവര്‍ പറയുന്നത്. അങ്ങനെ തന്നെയാണ് വേണ്ടതെന്ന് ആമിനുവിനും തോന്നി.

അന്നു രാത്രി ബീവിയുമ്മയും മക്കളും ആമിനുവിനെ കാണാന്‍ വന്നു. മഗ്രിബ് നിസ്‌കരിച്ച് നിസ്‌കാരപ്പായയിലിരിക്കുകയായിരുന്നു ആമിനു. തലയ്ക്ക് നല്ല കനമുണ്ട്. മുട്ടുകേട്ട് കുട്ടികളാണ് വാതില്‍ തുറന്നത്. നിസ്‌കാരക്കുപ്പായമിട്ട് ചിമ്മിനിവിളക്കുകളുമായി ബീവിയുമ്മയും കുട്ടികളും ദിക്‌റുകളോടെ നില്‍ക്കുന്നു. ആമിനുവും ഇങ്ങനെയൊരു വരവ് പ്രതീക്ഷിച്ചില്ല. പിന്നില്‍ നിന്നിരുന്ന പെണ്‍കുട്ടി ഒരു സഞ്ചി ആമിനുവിനു നേരെ നീട്ടി. ആമിനു എന്തേലും പറയാനായും മുന്‍പെ ദിക്‌റുകള്‍ നിര്‍ത്താതെ അവര്‍ ഇരുട്ടിലേക്കിറങ്ങി. അപ്പോള്‍ വീശിയ ഒരു ചെറുകാറ്റില്‍ അവരുടെ വിളക്കുകള്‍ കെട്ടു. ദിക്‌റുകളുടെ ഒച്ച അകന്നകന്നു പോയി.

ആ കവറില്‍ അരിയും കുറച്ച് പലചരക്ക് സാധനങ്ങളുമായിരുന്നു. ആമിനുവിനു കരച്ചില്‍ വന്നു. അവള്‍ മുറ്റത്തേക്കിറങ്ങി ബീവിയുമ്മയും മക്കളും പോയ വഴിയിലേയ്ക്കു നോക്കി കുറച്ചുനേരം നിന്നു. ആലോചിക്കും തോറും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി ബീവിയുമ്മയും മക്കളും ഇരുട്ടില്‍ ബാക്കിയായി. 

ആമിനുവിനു രാത്രി വീണ്ടും പനി തുടങ്ങി. കുട്ടികള്‍ അടുപ്പ് കത്തിച്ചു കുറച്ചു കഞ്ഞിയുണ്ടാക്കി. രണ്ടാളും കൂടി അതു കുടിപ്പിച്ചപ്പോള്‍ ആമിനു അവരെ ചേര്‍ത്തുപിടിച്ചു പൊട്ടിക്കരഞ്ഞുപോയി.

ബീവിയുമ്മ കുറച്ച് അരിയുമായി വന്നില്ലായിരുന്നെങ്കില്‍ പട്ടിണി ആയേനേ... പള്ളിയില്‍നിന്നു പാവപ്പെട്ടവര്‍ക്ക് റമദാനിനും പെരുന്നാളിനും കൊടുക്കുന്ന കിറ്റ് പോലും കിട്ടാറില്ല. അയാള്‍ പള്ളികമ്മിറ്റിയെ വരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. ഉപ്പയോടോ ആങ്ങളമാരോടോ പറയാന്‍ അവളുടെ അഭിമാനബോധം സമ്മതിച്ചില്ല. തോറ്റുകൊടുക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല.
അയല്‍വാസിയായ ഫിറോസിന്റെ തുണിക്കടയില്‍നിന്നു തല്‍ക്കാലം കുട്ടികള്‍ക്കുള്ളത് കടം വാങ്ങാമെന്ന് ആമിനുവിനു തോന്നി.

പിറ്റേന്നു കുട്ടികള്‍ക്കു സ്‌കൂളില്ലായിരുന്നു. അവരേയും കൂട്ടി ഫിറോസിന്റെ ടെക്സ്റ്റയില്‍സിലേക്കു പോയി. വില കുറഞ്ഞതും എന്നാല്‍, കാഴ്ചയ്ക്ക് മോശമില്ലാത്തതുമായി ഓരോ കൂട്ടം വാങ്ങി. കൗണ്ടറിലിരിക്കുന്ന ഫിറോസിന്റെ അടുത്തേയ്ക്കു നടക്കുമ്പോള്‍ കുട്ടികള്‍ ആമിനുവിനെ തോണ്ടി.

'ഇമ്മച്ചീ നോക്കീം... ഇപ്പച്ചി...'

അയാളുടെ കൂടെ ഒരു സ്ത്രീയുമുണ്ടായിരുന്നു. രണ്ടാളുടേയും കൈകളില്‍ നിറയെ കവറുകളുണ്ടായിരുന്നു. കൂടെയുള്ളത് അന്നു കണ്ട സ്ത്രീ തന്നെയാണോ എന്ന് ആമിനുവിനു മനസ്സിലായില്ല. ആ സ്ത്രീ മുഖം മറച്ചിരുന്നു.

കുട്ടികളുടെ കയ്യും പിടിച്ച് അവള്‍ വേഗം പുറത്തേക്കിറങ്ങി. മൂടിക്കെട്ടിയ മാനം ഇടിഞ്ഞുവീണു. കുട കരുതാത്തതിനാല്‍ അവളും കുട്ടികളും മഴ കൊണ്ടു. മഴ ശക്തമാവുന്നത് ആമിനു അറിഞ്ഞില്ല. മഴക്കിടയിലൂടെ എവിടെനിന്നോ ആയിശ ടീച്ചര്‍ കുടയുമായി വന്നു. ടീച്ചര്‍ അവളേയും കുട്ടികളേയും കുടയിലേക്കു ചേര്‍ത്തുപിടിച്ച് ഒരു കടയുടെ തിണ്ടിലേക്കു കയറി.

'ഞാന്‍ ആബിദ ടീച്ചറോട് അന്റെ കാര്യം പറഞ്ഞ്ട്ട്ണ്ട്. ആബിദ ടീച്ചറ് വീട്ടില് വരും. ഞമ്മക്ക് നിന്നുപോയ പഠനം തുടരണം...'
മഴ തോര്‍ന്നു.

തിരിച്ചുനടക്കുമ്പോള്‍ ആമിനു അഡ്വ. ഫാത്തിമയുടെ ഓഫീസില്‍ കയറി.

'ഇതെങ്ങനെയെങ്കിലും ഒന്നു തീര്‍ത്തുകിട്ടിയാല്‍ മതിയായിരുന്നു... മടുത്തു... മോളേ...'

ആമിനുവിന്റെ കരച്ചില്‍ ഉച്ചത്തിലായി.

അന്നു രാത്രി ആമിനു പിന്നെയും ആ സ്വപ്നം കണ്ടു. ബീവിയുമ്മയും മക്കളും നിസ്‌കാരക്കുപ്പായമിട്ട് മുന്നില്‍ നില്‍ക്കുന്നു. അവരുടെ കൈകളില്‍ ചിമ്മിനിവിളക്ക് കത്തുന്നുണ്ട്. അവര്‍ ഉറക്കെ ദിക്‌റുകള്‍ ചൊല്ലുന്നുണ്ട്. ആമിനു എണീറ്റ് വുദുവെടുത്ത് നിസ്‌കാരക്കുപ്പായമിട്ടു. ചിമ്മിനിവിളക്ക് കത്തിച്ചു കയ്യില്‍ പിടിച്ചു. ബീവിയുമ്മയും മക്കളും അവളുടെ പിന്നില്‍ നിന്നു. ഉറക്കെ ദിക്‌റുകള്‍ ചൊല്ലി അവര്‍ വീടിനു ചുറ്റും പാഞ്ഞു.

'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...'

ആമിനു ഉറക്കെ പറഞ്ഞു. ബീവിയുമ്മയും മക്കളും അതേറ്റു വിളിച്ചു. അവരിപ്പോള്‍ മക്കത്തെ കഅ്ബക്ക് ചുറ്റുമാണ് നടക്കുന്നതെന്നു തോന്നി. ആമിനു അവരേയും കൂട്ടി സഫാ മര്‍വക്കിടയിലേയ്ക്കു പാഞ്ഞു. അവിടെ ഹാജറ പാഞ്ഞപോലെ അവര്‍ കിതച്ചു... അവര്‍ക്കു ദാഹിച്ചു തൊണ്ടപൊട്ടി. സംസം നിറഞ്ഞൊഴുകിയിട്ടും ഒരു തുള്ളിപോലും കുടിക്കാനാവുന്നില്ല...

ആമിനു കിതപ്പോടെ കണ്ണു തുറന്നപ്പോള്‍ ബീവിയുമ്മയും മക്കളും അവളുടെ മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അതൊരു സ്വപ്നമായിരുന്നില്ല. പെട്ടെന്നു ചുഴലിക്കാറ്റുപോലൊരു കാറ്റ് ആഞ്ഞുവിശി. അവരുടെ കയ്യിലെ വിളക്കുകള്‍ കെട്ടു. അവര്‍ വീണ്ടും ഇരുട്ടിലായി.

'അല്ലേലും ഞമ്മളെന്നും ഇരുട്ടിലായിരുന്നല്ലോ...'

ബീവിയുമ്മ ദിക്‌റ് ചൊല്ലുന്നപോലെ പറഞ്ഞു...

മറ്റുള്ളവര്‍ അതേറ്റു ചൊല്ലി...

അബുവിന്റെ മണിയറയില്‍ അപ്പോഴും വെളിച്ചമുണ്ടായിരുന്നു...

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.