'മീങ്കുളങ്ങള്‍'- മനോഹരന്‍ വി. പേരകം എഴുതിയ കഥ

ഉറുവാടന് മീന്‍പിടുത്തമായിരുന്നു പണി. ഓടയൂതിയുള്ള മീന്‍പിടുത്തമാണ്. കരക്ക് തണലുള്ള ഒരു മണ്ടക്കിരുന്നാണ് ഊത്ത്. കവിള്‍ നിറച്ചും ശ്വാസം വലിച്ചെടുത്ത് ഓടയുടെ ഒരറ്റത്ത് ചുണ്ട് പറ്റിച്ച് ഒറ്റ ഊത്താണ്
'മീങ്കുളങ്ങള്‍'- മനോഹരന്‍ വി. പേരകം എഴുതിയ കഥ

റുവാടന് രണ്ട് മക്കളായിരുന്നു.

ഒന്നാമന്‍ ഇട്ടപ്പന്‍. രണ്ടാമന്‍ നെട്ടപ്പന്‍.

ഉറുവാടന് മീന്‍പിടുത്തമായിരുന്നു പണി. ഓടയൂതിയുള്ള മീന്‍പിടുത്തമാണ്. കരക്ക് തണലുള്ള ഒരു മണ്ടക്കിരുന്നാണ് ഊത്ത്. കവിള്‍ നിറച്ചും ശ്വാസം വലിച്ചെടുത്ത് ഓടയുടെ ഒരറ്റത്ത് ചുണ്ട് പറ്റിച്ച് ഒറ്റ ഊത്താണ്. അന്നേരം മറ്റേ അറ്റത്തുനിന്നും മൂര്‍ച്ചയേറിയൊരു ഉളി പാഞ്ഞുചെന്ന് മീനിന്റെ വാലില്‍ തറക്കും. തറക്കണം. വലിയ കണ്ണന്‍ മീനുകളുടെയൊക്കെ വാലാണ് ലക്ഷ്യം വെക്കുന്നതെങ്കിലും ചില്ലിക്ക് മാറിയാല്‍ തന്നെയും പള്ളക്കോ ചെകിളക്കോ ഉളി കൊള്ളുമെന്നുറപ്പ്. പൂക്കൈതയിലെ കുളമായ കുളമെല്ലാം ഉറുവാടന് കാണാപ്പാഠമാണ്. ബ്രാല് വെട്ടണ കുളം, മുയു കിട്ടണ കുളം, കരിപ്പിടി പുളക്കണ കുളം, പൂളാന്‍ പായണ കുളം... എല്ലാം ഉറുവാടന് തിരിയും. കണ്ണുപൊത്തി നടന്നാലും ഉറുവാടന്‍ അവടെയെത്തും. അവടെയുള്ള മീനുകള്‍ക്ക് ഉറുവാടനെ തിരിയുകയും ചെയ്യും.

'ദാ, ഉറുവാടന്‍ വന്നൂടാ...
ഉറുവാടന്‍ ഓടയെടുത്തൂടാ...
ഓടയില്‍ ഉളി തിരുകീടാ...
ഉന്നം പിടിച്ചൂടാ... ഊതീടാ... ടാ... ടാ...'

മീനുകളങ്ങനെ പറയുന്നതുപോലെ ഉറുവാടന് തോന്നും.

ഉറുവാടന്‍ ചിരിച്ചുകൊണ്ട് തലയിട്ടാട്ടും...

കാലത്തെണീറ്റുവന്ന് തെങ്ങും കടക്കലിരുന്ന് മൂത്രമൊഴിക്കുമ്പോള്‍ ഉറുവാടന് ഒരു കന്നം തിരിവാണ്. ഇന്ന് കൂട്ടാന് ബ്രാല് തിന്നണം. കരിപ്പിടി വറക്കണം. പൂളാനെ മെളകിട്ട് വെക്കണം. ആ കൊതിയോടെ അങ്ങനെത്തന്നെ കുറേ നേരമിരിക്കും. കുളങ്ങളില്‍ മീനുകള്‍ പുളക്കുന്നത് മനസ്സില്‍ കാണും. വെയിലായാല്‍ വലിയ കണ്ണന്‍ മീനുകള്‍ ജലോപരിതലത്തിലെത്തി പോരട്ടെ പോരട്ടെ എന്ന് ചോദിക്കുന്നതും ഉറുവാടന്‍ സങ്കല്പിച്ചു. ആ ഓര്‍മ്മയില്‍ ഉള്ളിലൊന്ന് ചിരിച്ച് പതുക്കെയെഴുന്നേറ്റ് ഉമിക്കരിപ്പാളയില്‍നിന്നും ഇത്തിരിയെടുത്ത് കിണറ്റിന്‍ വക്കത്തേക്ക് ചെന്ന് പല്ല് തേക്കും. നാക്കടിച്ച് കൊല്‍ക്കുഴിഞ്ഞ് കഴിഞ്ഞാല്‍ ഉറുവാടന്‍ നേരെ തിണ്ണയില്‍ വന്നിരിക്കും. ആ ഇരിപ്പ് മനസ്സില്‍ കണ്ടിട്ടെന്നോണം വള്ളി കഞ്ഞിപ്പാത്രവുമായി ഉറുവാടന്റെ മുന്നിലെത്തും. പിന്നാലെയെത്തും പപ്പടം ചുട്ടതും ചമ്മന്തിയും. ആ തീറ്റയും കുടിയും കഴിഞ്ഞാല്‍ ഓടയും ഉളിയുമെടുത്ത് വള്ളിയോടും മക്കളോടും യാത്ര പറഞ്ഞ് പൂക്കൈത പൂത്ത തോട്ടിറമ്പിലൂടെ കൈതപ്പൂവിന്റെ ഗന്ധം അകത്തേക്ക് വലിച്ചെടുത്ത് ഉറുവാടന്‍ ഒറ്റ നടത്തമാണ്. കുറച്ചങ്ങ് ചെല്ലുമ്പോള്‍ അലക്ഷ്യമായി വിളിച്ചുപറയും. 

'കൂട്ടാന് ബ്രാല് കൊണ്ടരാ' അല്ലെങ്കില്‍ 'കൂട്ടാന് കരിപ്പിടി കൊണ്ടരാ.'

വീട്ടുകാരി വള്ളിക്കപ്പോള്‍ എല്ലാം തിരിയും. പിന്നെ മീന്‍ മുറിക്കാനുള്ള കത്തി അമ്മിക്കല്ലിലൊരച്ച് മൂര്‍ച്ച വരുത്തണം. ചളിച്ചൂര് കളയാന്‍ കല്ലുപ്പ് മാങ്ങണം. അടുപ്പ് കരിക്കാന്‍ ഉണങ്ങിയ ചുള്ളിവെട്ടണം.

നടത്തത്തില്‍ ഉറുവാടന്റെ മനസ്സില്‍ പൂക്കൈതയിലെ കുളങ്ങള്‍ ഒന്നൊന്നായി വന്നുനിറയും. എമ്പ്രാന്തിരിയുടെ പറമ്പിലെ കുളമാണ് ശരിക്കും കുളം. ആകാശം സ്വപ്നം കണ്ട് കിടക്കുന്നതുമൂലം ആകാശത്തോളം വലുതായിപ്പോയ കുളം. ഏതാണ്ട് വെയില് മൂക്കുമ്പോള്‍ പോയാല്‍ കൈതക്കൂട്ടിനടുത്ത് പമ്മിയിരുന്നാല്‍ കരക്കെത്തി തന്നെപ്പോലെത്തന്നെ മറുഭാഗത്തെ തമ്പ്രാട്ടിക്കുളി നോക്കിനില്‍ക്കുന്ന കണ്ണന്മാരുടെ ഒരു നിര തന്നെ കാണാം. വെളുത്ത ദേഹത്ത് സോപ്പുപത ഉലമ്പിയിറങ്ങുന്നത് ഒരു കാഴ്ച തന്നെയാണെന്ന് ഉറുവാടന് പലപ്പോഴും തോന്നിയിട്ടുണ്ട്. അപ്പോഴൊക്കെ ഉറുവാടന്‍ താന്‍ എന്തിനാണ് ഇത്രടം വന്നതെന്നതുവരെ മറന്നുകൊണ്ട് കൂത്താടിയുടേയും കടലാവുണുക്കിന്റേയും പൊന്തയിലേക്ക് സ്വയം ഒളിപ്പിച്ച് ആ കുളിയത്രയും കാണും. 'എന്തെന്ത് സ്വര്‍ണ്ണം പോലുള്ള പെണ്ണുങ്ങളാണ്ടപ്പാ' ഉറുവാടന് കൊതിവരും.

കണ്ണന്മാരും ആ കാഴ്ചകളൊക്കെ ആസ്വദിക്കുന്നുണ്ടാവണമെന്ന് ഉറുവാടന് തോന്നി. 'കണ്ടില്ലേ ഒക്കെ വരിക്ക് നിക്കണത്.' സ്വര്‍ണ്ണനിറം പൂണ്ട ആ ഉടലുകള്‍ അല്ലെങ്കില്‍ ആരെയാണ് മോഹിപ്പിക്കാത്തത്? അവറ്റ നീരാടുമ്പോള്‍ ഒരൂത്തൂതി ചന്തിയില്‍ ഉളി പറ്റിക്കണമെന്നും പിടഞ്ഞുവീഴുമ്പോള്‍ ഉളിയൂരിയെടുത്ത് പൊന്തയിലേക്ക് വലിച്ചുകയറ്റണമെന്നൊക്കെ ഉറുവാടന്‍ വിചാരിക്കുമെങ്കിലും അതെന്നും മനസ്സിലെ വിചാരം മാത്രമായി കെട്ടടങ്ങാറാണ് പതിവ്. കുളികഴിഞ്ഞ് തമ്പ്രാട്ടികള്‍ പടവുകള്‍ കയറിപ്പോയാല്‍ ഉറുവാടന് എന്തെന്നില്ലാത്ത ശൂന്യത അനുഭവപ്പെടും. കുളത്തിലെ മീനുകള്‍ക്കും ആ അനുഭവമുണ്ടെന്ന് തോന്നും. ഒക്കെ ഓടിമറയും.

കുറച്ചുനേരം കാത്താല്‍ അടുപ്പിലേക്കും ചട്ടിയിലേക്കുമുണ്ടേയെന്നു പറഞ്ഞ് അപ്പുറത്തുനിന്നും സോപ്പുപത തിന്ന ചീളക്കടുക്കള്‍ ഇപ്പുറത്തേക്ക് കൂട്ടത്തോടെ പാഞ്ഞെത്തും. ആര്‍ക്കുവേണം ഈ ചീളക്കടുക്കളെയെന്നാവും ഉറുവാടന്‍. അങ്ങോട്ട് നോക്കുകയേയില്ല. അവറ്റ വെള്ളത്തില്‍ കുത്തിമറിഞ്ഞ് പോയാലാണ് സാക്ഷാല്‍ കണ്ണന്മാര്‍ ഒരു പടപ്പുറപ്പാടിലെന്നതുപോലെ കണ്ണും തുറുപ്പിച്ചെത്തുക. ഉറുവാടനപ്പോള്‍ ഓടയില്‍ ഉളിയുറപ്പിച്ച് അവര്‍ക്ക് മുഖാമുഖമായി പൊന്തയിലേക്ക് ചാഞ്ഞൊരു കിടപ്പുണ്ട്. വലിയ കണ്ണന്മീനിന്റേയൊക്കെ വാലിന് തന്നെ ഉളികൊള്ളിക്കണം. തറഞ്ഞ ഉളിയോടെ അവന്‍ അനങ്ങാതെ നില്‍ക്കും. പൊന്നുകണ്ണായെന്ന് വിളിച്ച് അപ്പോള്‍ ചെന്നൊരു പിടുത്തമാണ്. ഉളി തെറ്റിയാല്‍ ഏറ്റ ഉളിയോടെ അവന്‍ പിടഞ്ഞ് പായും. ഉളിയും പോവും മീനും പോവും. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ പൊന്തക്കാട്ടില്‍നിന്നും വല്ലാത്ത നാറ്റമുയരും. മീന്‍ ചത്താലും മനുഷ്യന്‍ ചത്താലും ഒരേ നാറ്റമാണ്. മൂക്കില്‍ തോര്‍ത്ത് വലിച്ചുകെട്ടി ആ കാഴ്ച കണ്ട് ഉറുവാടനും ചലനമറ്റ് നിന്നുപോവും. ചത്ത് കിടക്കുന്നവനു ചുറ്റുമപ്പോള്‍ കൂട്ടക്കാരായ കണ്ണന്‍ മീനുകളും പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നത് കാണാം. പിന്നെ അഴുകിയ മീനിനെ തോണ്ടി കരക്കിട്ട് അതിന്റെ ദേഹത്തുനിന്നും ഉളിയൂരിയെടുക്കും.

വെള്ളത്തില്‍ കിടന്ന് ഉളിയാകെ കറുത്ത് നിറം മാറിയിട്ടുണ്ടാകും. മീന്‍ ശവം കുഴിച്ചിട്ട് ഉറുവാടനന്ന് വന്ന വഴി വീട്ടിലേക്ക് തിരിഞ്ഞുനടക്കാറാണ് പതിവ്.

വേറെയൊന്ന് പള്ളിക്കുളമാണ്. പരപ്പും താഴ്ചയുമുള്ള ആ കുളം പൂക്കൈതയിലെ മുശുക്കള്‍ക്കും ആമകള്‍ക്കും തീറെഴുതിക്കൊടുത്തുതുപോലെയാണ്. വലിയ മീനുകളോട് പോരടിച്ച് തോറ്റതുപോലെ കുഞ്ഞ് മീനുകളൊക്കെ തലപോയി വെള്ളത്തില്‍ പൊന്തിക്കിടക്കുന്നത് കാണാം. വാങ്കിന്റെ അഞ്ചു നേരത്തൊഴികെ വെള്ളമിളകാത്ത നേരം നോക്കി ചെളിയില്‍നിന്നും മുഖം കുടഞ്ഞ് അവറ്റ കൂട്ടത്തോടെ ലോകം 
കാണാനിറങ്ങാറുണ്ട്. ഒരു വട്ടം ചുറ്റലിനുശേഷം വെളിച്ചത്തിന്റെ ചില്ലടരിന് ചോട്ടിലെത്തി വിശ്രമിക്കുമ്പോള്‍ മണ്ടക്കിരുന്ന് ഒന്നൂതിയാല്‍ മതി. ആരുടെയെങ്കിലുമൊക്കെ ചെകിളയിലോ ഉടലിലോ വാലിലോ ഉളി കൊള്ളുമെന്നുറപ്പ്. അതോടെ ഉളികൊണ്ടവനെ വഴിയിലുപേക്ഷിച്ച് ബാക്കി മുശുക്കളൊക്കെ ഒറ്റപ്പാച്ചിലാണ്.

പള്ളിക്കുളമാണ് ഉറുവാടനപ്പോള്‍ ലക്ഷ്യം വെച്ചത്. വെയില്‍ കുത്തിവീഴാന്‍ തുടങ്ങിയതും എല്ലാ മീനുകളുമപ്പോള്‍ കൂട്ടം കൂട്ടമായി കുളത്തിന്റെ മണ്ടക്കല്‍ നിന്നിരുന്ന വൃക്ഷനിഴലുകളില്‍ തമ്പിട്ട നേരമായിരുന്നു അത്. ഉറുവാടന്റെ വരവറിഞ്ഞതും ഒക്കെ മണ്ടിമണ്ടി വട്ടം കറങ്ങാന്‍ തുടങ്ങി. കുളത്തിലെ മുതുക്കന്‍ മീനാണ് പാഞ്ഞാളെടായെന്നു പറഞ്ഞ് ആദ്യം സ്ഥലം വിട്ടത്. പിന്നാലേക്കു പിന്നാലെ എല്ലാവരും മുതുക്കന്‍ മീനിനെ പിന്തുടര്‍ന്നു പാഞ്ഞു. ജലപ്പരപ്പിനു മുകളില്‍ വമ്പിച്ചൊരു ഇളക്കമുണ്ടായതും ഉരുവാടന് കാര്യം മനസ്സിലായി. 'ഇതെന്തൂട്ട് മീനുകളാണ്ടപ്പായെന്നു പറഞ്ഞ് ഉറുവാടനപ്പോള്‍ മടിയില്‍നിന്നും ഒരു ചുരുട്ടെടുത്ത് ചുണ്ടില്‍ വെച്ച് തീപ്പെട്ടിയെടുത്തുരസി കത്തിച്ചു. ഒന്നുരണ്ട് പുകവിട്ട് ഒന്ന് സ്വസ്ഥനായതിനുശേഷം ലേശം തണലുള്ളിടത്ത് ഇരിപ്പായി. അന്നേരം ജലമാളികയിറങ്ങി അടിച്ചേറ്റിലെത്തിനിന്ന മീന്‍ മൂപ്പന്‍ മറ്റുള്ള മീനുകളോട് ആജ്ഞാപിച്ചു. 'മക്കളേ, ഇന്നാരും ഇവിടെ വിട്ട് പുറത്തു പൂവ്വരുത്, ആ ഉറുവാടന്റെ ഉളിക്ക് കുടുങ്ങരുത്.'

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

മുതുക്കന്‍ മീന്‍ പറയുന്നതാരെങ്കിലും കേള്‍ക്കുമോ? അല്ല കേള്‍ക്കുമോ? ചില വികൃതിപ്പിള്ളേര്‍ക്കപ്പോള്‍ ഉറുവാടനെ ഒരു നോക്കു കാണാതെ വയ്യെന്നാവും. മോളിലെത്തി ഒരു പള്ള വെള്ളം കുടിക്കുന്നതുപോലെ ഉറുവാടന്റെ മുന്നില്‍ ചെന്ന് കുളൂസ് കാട്ടാന്‍ തോന്നും. അനുസരണയില്ലാത്ത കഴുവേറികളേ, അടങ്ങിക്കുത്തിയിരിയെന്ന് ചില അമ്മമാരപ്പോള്‍ ആക്രോശിക്കും. അമ്മമാര്‍ക്കങ്ങനെ ആക്രോശിക്കാതിരിക്കാനാവുമോ? സ്വന്തം മക്കളുടെ ആയുസ്സിന്റെ കാര്യമല്ലേ? ചില കണവന്മാര്‍ തങ്ങളുടെ വാക്ക് കേള്‍ക്കാതെ പോയതും ഉറുവാടന്റെ കെണിയില്‍ വീണതും ചട്ടിയില്‍ തിളച്ചുമറിഞ്ഞ് മരിച്ച കഥകള്‍ കണവന്മാര്‍ തന്നെ സ്വപ്നത്തില്‍ വന്നുപറഞ്ഞതും ചില മീനമ്മമാര്‍ക്കോര്‍മ്മവരും. അവരന്നേരം കുട്ടിമീനുകളെ അടിച്ചേറ്റിലെ അങ്കിലേക്ക് കരുതലോടെ ആട്ടിത്തെളിക്കും. വികൃതികള്‍ അടിച്ചേറ്റിലേക്ക് കൂടെപ്പോകുമെങ്കിലും സ്വതേയുള്ള ജിജ്ഞാസ പെരുത്ത് അമ്മമാരുടെ കണ്ണ് വെട്ടിച്ച് ഉറുവാടനെ കാണാനെത്തും. കുളത്തില്‍ മുറ്റിവളര്‍ന്നുനില്‍ക്കുന്ന താമരയിലത്തണുപ്പിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും വള്ളിച്ചോട്ടിലോ നിന്ന് ഉറുവാടനെ നോക്കും. ഉറുവാടന്‍ പ്രത്യക്ഷപ്പെടാറുള്ള തൈത്തെങ്ങിഞ്ചോട് കുളത്തിലെ എല്ലാ അന്തേവാസി മീനുകള്‍ക്കും കാണാപ്പാഠമാണ്. ഉറുവാടന്‍ അവിടെ പ്രത്യക്ഷപ്പെടുന്നതിനു മുന്‍പേ കത്തിച്ച ചുരുട്ടിന്റെ ഗന്ധമാകും ആദ്യമെത്തുക. പിന്നെ ഉറുവാടന്റെ വിയര്‍പ്പിന്റെ നാറ്റം ഏതൊരുത്തനാവും ഇന്ന് ഉറുവാടന്റെ കെണിയില്‍ കുടുങ്ങുകയെന്ന് മീനുകള്‍ കലപില കൂട്ടുമ്പോള്‍ ഏതെങ്കിലും പൊട്ടന്മാര്‍ പെടുമെന്നാവും മുതുക്കന്മീന്‍ പറയാറ്.

ഒരു താമരയിലത്തണുപ്പില്‍ അപ്പോള്‍ മൂന്നെണ്ണം തിക്കിത്തിരക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍ ഉറുവാടന്റെ വായില്‍ വെള്ളമൂറി. ഉച്ചയ്ക്ക് വെള്ളച്ചോറിനു മുന്നിലിരിക്കുന്ന രംഗം ഓര്‍മ്മവന്നു. ഉരുള കൂട്ടാനില്‍ മുക്കി വായിലേയ്ക്ക് വെയ്ക്കന്നതോടൊപ്പം മീന്‍ നുള്ളി തള്ളുന്നതും മനസ്സില്‍ തെളിഞ്ഞു. ആ ഓര്‍മ്മയ്ക്കിടയ്ക്കും ഓടയും ഉളിയും ഇളക്കം തീര്‍ത്ത് ഉറുവാടന്‍ കുളത്തിലേക്ക് ജാഗരനാവുന്നതുപോലെ ഇരുകണ്ണാലും കുളത്തെ ആകെയൊന്നുഴിഞ്ഞു. ഒറ്റനോട്ടം മതി ഉറുവാടന്, ജലപ്പടവുകളിറങ്ങി അടിച്ചേറ്റോളമെത്തും. ആ കാഴ്ച താമരയിലച്ചോട്ടില്‍ നിന്നിരുന്ന മൂന്ന് മുശുവാല്യക്കാര്‍ ആ കണ്ണില്‍ കുടുങ്ങി. നോട്ടമറിഞ്ഞ മീനുകളപ്പോള്‍ പതുക്കെ ഇലച്ചോട്ടിലേക്ക് പിന്‍വാങ്ങി. മീനുകളുടെ ശ്രദ്ധ തിരിക്കാനായി.

ഉറുവാടനപ്പോള്‍ മീനുകളുടെ നില്‍പ്പിന്റെ എതിര്‍ഭാഗത്തേക്ക് നോക്കി ഓട ഉന്നം പിടിച്ച് ഉള്ളില്‍ പറഞ്ഞു. 'പൊലയാടി മക്കളേ, വെക്കം പോന്നാളാണ്ടാ മ്മളെ വള്ളീടെ ചട്ടീല്‍ക്ക്.'

'പൊലയാടി മോനേ, വെക്കം നടന്നാളാണ്ടാ ഹിമാറേ?'

താന്‍ മനസ്സില്‍ പറഞ്ഞത് കുളം പൊലിപ്പിച്ച് പറഞ്ഞതുപോലെ ഉറുവാടനപ്പോള്‍ തോന്നി.

നോക്കുമ്പോള്‍ പള്ളിയിലെ പിന്നിലൂടെ കയ്യിലൊരു ചെക്കനുമായി യാരോയൊരാള്‍ കുളപ്പടുവകളിറങ്ങിവരുകയാണ്. ചെക്കനെ കുനിച്ചുനിര്‍ത്തി മുന്‍പിലെ തുണിനീക്കി അര കുലുക്കാന്‍ തുടങ്ങുകയാണ്.

ആ കാഴ്ചയില്‍ ഉറുവാടന്റെ രക്തം തിളച്ചു. വല്ലാത്ത ചൊണ വന്നെങ്കിലും അതടക്കി ഉറുവാടനപ്പോള്‍ ഓട ഉന്നം പിടിച്ചു.

അകത്തോ പുറത്തോ... അകത്തോ പുറത്തോ അരയിളക്കം കാരണം ഉന്നം ശരിയാവുന്നില്ലെങ്കിലും ഏതാണ്ടൊരു കണക്കില്‍ ഉറുവാടനപ്പോള്‍ ഒറ്റ ഊത്തൂതി!

'പൊട്ടനുറുവാടന്‍, എങ്ങണ്ടാണ് ഉന്നം വെക്കണത്?' കൂട്ടത്തിലെ ചെറിയ മുശു
ചെകിളയിളക്കിപ്പറഞ്ഞപ്പോള്‍ തടിയനവനെ ശാസിച്ചു. 'മിണ്ടാണ്ട് നിക്കടാ.'

പെട്ടെന്നവന്‍ വെട്ടിത്തിരിഞ്ഞൊന്നു നോക്കിയപ്പോള്‍ ഓടയില്‍നിന്നും ചോപ്പ് കിരീടം വെച്ച ഉളി കുളത്തിന് സമാന്തരമായി പാഞ്ഞ് അയാളുടെ ചന്തിയില്‍ തറക്കുന്നത് കണ്ടു. അര കുലുക്കല്‍ നിര്‍ത്തിയ അയാളോട് 'കഴിഞ്ഞാ' എന്ന് ചെക്കന്‍ ചോദിക്കുന്നതും കേട്ടു. ചന്തിയില്‍ തറച്ച ഉളിയില്‍ പിടിച്ച് അയാള്‍ ഞെളിപിരി കൊള്ളുമ്പോള്‍ മീനുകള്‍ക്ക് ചിരി നിര്‍ത്താനായില്ല. അവറ്റ അര്‍മ്മാദിച്ച് പുളഞ്ഞുവെട്ടി കുളം നാലാക്കിക്കൊണ്ടിരുന്നു.

അതോടെ ഉറുവാടന്‍ പള്ളിക്കുളം വിട്ടു.

പിന്നെ വടക്കേപ്പാട്ടെ കുളം പതിവാക്കി.

ഒന്നോ രണ്ടോ മീനുകളെ മാത്രമേ ഉറുവാടന് വേണ്ടൂ. അതായത് ഒരു കൂട്ടാനുള്ള മീന്‍ മാത്രം! അത് തരില്ലെന്ന് മീനുകളും പിടിക്കുമെന്ന് ഉറുവാടനും വാശിപിടിക്കുമെങ്കിലും ജയിക്കുന്നതെപ്പോഴും ഉറുവാടനാണെന്ന് മീനുകള്‍ക്കറിയാം.

ഒരു ദിവസം പതിവുപോലെ ഉറുവാടന്‍ കുളക്കരെയെത്തിയിരിപ്പായി. വെള്ളമിളകുന്ന ഒരു ലക്ഷണവുമില്ല. ഒക്കെ കൂട്ടാത്മഹത്യ ചെയ്‌തോയെന്ന് ഉറുവാടന്‍ കരുതുമ്പോഴാണ് ഒരുത്തന്‍ വെള്ളത്തിനുമീതെ ഉണ്ടക്കണ്ണുകള്‍ കാട്ടി നങ്കൂരമിട്ടത്. പിന്നാലെക്കു പിന്നാലെ ഓരോരുത്തരായെത്തി കൂട്ടം കൂടവെ ഉറുവാടന്‍ മറ്റൊരു ദിശയിലേക്ക് നോക്കി ചൊണച്ച് ഒച്ചയുണ്ടാക്കി.

'ഇന്നൊറ്റയെണ്ണത്തിനേയും കാണാനില്ലല്ലോ.'

അതു കേട്ടതും മീനുകള്‍, ഞങ്ങളിവിടെയുണ്ടെടായെന്ന തിരിവിലൊന്ന് കുത്തിമറിയാന്‍ തുടങ്ങി.

ഉറുവാടന്‍ മെല്ലെ എഴുന്നേറ്റ് പൊന്തപറ്റി.

ഓട തുടച്ചുവൃത്തിയാക്കി.

ചിറിയിലിരുന്ന കുറ്റിച്ചുരുട്ട് കെടുത്തി മടിയില്‍ വെച്ചു.

ഉളി ഉറപ്പിച്ചു.

'ഉറുവാടന്‍ പോയാ...
ഉറുവാടന്‍ പോയല്ലോ...
ഉറുവാടന്‍ പോടേ...
ഉറുവാടാ... ടാ... ടാ...'

മീനുകള്‍ അര്‍മാദിച്ച് വെട്ടിപ്പുളയവേ, ഉറുവാടന്‍ ഒറ്റ ഊത്ത്.

'ദേ, പിന്നെയും പാഞ്ഞുവരുന്നു ഒരുളി.' ആരാണത് പറഞ്ഞതെന്ന് മീനുകളില്‍ ഒരാള്‍ക്കുമപ്പോള്‍ തിരിഞ്ഞില്ല. എല്ലാവരും ജീവനും കൊണ്ടോടി. പാഞ്ഞുവന്ന ഉളിയാകട്ടെ ഒരുത്തന്റെ കണ്ഠത്തില്‍ തന്നെ തറച്ചു. അന്ന് തടിയന് കൂട്ടുപോയവരാരും തന്നെ മുതുക്കന്‍ മീനിന് മുന്നില്‍ പോയി നിന്നില്ല. അവര്‍ നേരെ മുളങ്കൂടിന്റെ വേര് പാഞ്ഞ ആമകളുടെ പാര്‍പ്പിടത്തിനടുത്തെത്തി അനക്കമില്ലാതെ നില്‍പ്പായി.

ആമകള്‍ക്ക് കാര്യം മനസ്സിലായി. അവരിലും ഒരു മുതുക്കനുണ്ട്. അവനപ്പോള്‍ മുശുക്കളെ കളിയാക്കി പറഞ്ഞു: 'കൂട്ടരേ, മൂത്തവര്‍ വാക്കും മുതുനെല്ലിക്കയും, ആദ്യം പുളിക്കും പിന്നെ മനുഷ്യര്‍ക്ക് രുചിക്കാന്‍ പാകത്തിലാവും.'

ഉറുവാടന്‍ മാട്ടം ചാടി കുളത്തിലിറങ്ങി. തടിച്ചൊരു കണ്ണന്‍ മീനപ്പോള്‍ ചോരക്കിരീടവുമായി വെട്ടിപ്പായുകയാണ്. ഒടുവില്‍ വല്ലാത്തൊരു പിടച്ചിലോടെ അവന്‍ ചലനമറ്റതും ഉറുവാടന്‍ മീനിന്റെ മണ്ട മുറുക്കിപ്പിടിച്ച് ചെകിളക്ക് തറച്ച ഉളിയൂരിയെടുത്തു. കയ്യിലൊതുങ്ങാത്ത തലയില്‍ പിടിച്ചപ്പോള്‍ തനിക്കും വള്ളിക്കും മക്കളായ ഇട്ടപ്പനും നെട്ടനും ഇന്നക്ക് രണ്ടു നേരത്തിനുമിത് പോരുമെന്നും ഉറുവാടന്‍ ഉറപ്പിച്ചു. അല്ലെങ്കിലും മക്കളൊന്നും നല്ല മീന്‍ തീറ്റിക്കാരല്ല. വള്ളിക്ക് തലയാണ് പഥ്യം. ഇട്ടപ്പന് വാല്‍ കഷണമേ വേണ്ടൂ. നെട്ടന് ഒരു കിണ്ണം ചോറ് തിന്നാന്‍ കൂട്ടാന്റെ ചാറ് മാത്രേ വേണ്ടൂ. മീനൊന്നും അവന്‍ തിന്നൂല. കുളമീനിനൊക്കെ വല്ലാത്തൊരു ചളിച്ചൂരുണ്ടെന്നാണ് അവന്‍ പറയുക. പിള്ളേരൊക്കെ എന്ത് തിന്നാണ് വലുതാവുകയെന്ന് ഉറുവാടന്‍ ഓര്‍ത്തുനോക്കിയെങ്കിലും പെട്ടെന്നൊരുത്തരവും മനസ്സില്‍ വന്നില്ല.
ഉറുവാടന്‍ കുളം കയറി നടക്കാന്‍ തുടങ്ങി.

നെടുവഴിയെത്തി തിരിഞ്ഞുനോക്കിയപ്പോള്‍ വയ്ത്താലെ ഒരു നായ കൂടിയത് കണ്ടു. നായയെ എറിഞ്ഞോടിക്കാന്‍ ഒരു കല്ല് തിരയുന്നതിലായി പിന്നത്തെ ശ്രദ്ധ. പാകത്തിനൊത്ത് ഒരു കല്ലും മുന്‍പിലപ്പോള്‍ കണ്ടില്ല. ഒക്കെയും പരന്നത്. അല്ലെങ്കില്‍ നീണ്ടത്. ഏണും കോണുമുള്ളത്. 'എന്തൂട്ട് കല്ലാണ്ടപ്പാ.' ഉറുവാടന് ചൊണ വന്നു.

ഉറുവാടന്‍ തമ്പിട്ടപ്പോള്‍ നായയും തമ്പിട്ടു.

'കാലത്ത് ഈ ഉറുവാടന്‍ മുഴുത്ത മുശുവുമായിട്ടാണല്ലോ ഇറങ്ങിയിരിക്കുന്നത്.'

ഉറുവാടന്‍ അനങ്ങാതെ നിന്നപ്പോള്‍ നായയ്ക്ക് ഉറുവാടന്റെ കയ്യിലെ മീന്‍ മുശുവല്ല ബ്രാലാണെന്നും അതിന്റെ വലിപ്പവും തിരിഞ്ഞു വായില്‍ വെള്ളം നിറഞ്ഞ് പുറത്തേക്കൊലിച്ചു.

എന്നും ഉറുവാടന്റെ പിന്നാലെ 
പൂക്കൈതയുടെ പെരുവഴിയിലൂടെ വായില്‍ വെള്ളമൊലിപ്പിച്ചു കൊണ്ടോടുകയും കൃത്യം ഒരു കല്ലേറേല്‍ക്കുമ്പോള്‍ തിരിച്ച് മണ്ടുകയുമാണ് തന്റെ പ്രഭാതകൃത്യമെന്ന വീണ്ടുവിചാരത്തില്‍ നായ തന്നോടുതന്നെ പുച്ഛം തോന്നി. ആ ഓര്‍മ്മയില്‍ പൂക്കൈത തോട് വരെ പോകാന്‍ നായ മടച്ചെങ്കിലും അവസാനം പതിവ് തെറ്റിക്കാന്‍ തന്നെ തീരുമാനിച്ചു.

ഈ മനുഷ്യരൊക്കെ എന്തൊരു മനുഷ്യരാണപ്പാ? എല്ലാം തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതെന്നല്ലേ അവക്കടെ ഒരു വിചാരം? ആ ദേഷ്യത്തില്‍ നായ ഉറുവാടനെ നോക്കി നാലഞ്ച് കുര കുരച്ചു. 

കുരച്ചുകഴിഞ്ഞതും ഉള്ള ആവതൊക്കെ പോയെന്ന് സംശയിച്ചു. നേരം വെളുത്ത് വെയില്‍ പരന്നിട്ടും ഒന്നും കഴിച്ചിട്ടില്ല. വിശന്നിട്ടും വയ്യ. ഉറുവാടന്റെ കയ്യിലാണെങ്കില്‍ ഒത്തൊരു ബ്രാലുമുണ്ട്. കിട്ടിയാല്‍ കിട്ടി. പോയാല്‍ പോയി എന്ന വിചാരത്തില്‍ നായ ഉറുവാടനെ ലാക്കാക്കി ഓടാന്‍ തുടങ്ങി.

നായ കൊതിയിളകി വരുന്നതാണെന്ന് തിരിച്ചറിയാന്‍ ഉറുവാടന് അധികം ആലോചിക്കേണ്ടി വന്നില്ല. ഉളിയിട്ട ഓടയൂതി അതിന്റെ കൂട്ടു സഞ്ചിക്കുതന്നെ കൊള്ളിക്കണമെന്ന് ഉറുവാടന്‍ വിചാരിച്ചു. നായ അടുത്തെത്തിയും ഒച്ചയോടെ കുര തുടങ്ങി. മീനിലുള്ള പിടിവിടാതെതന്നെ ഉളിമുന നായ്ക്കണ്ണിലേക്ക് കൂര്‍മ്പിച്ചതും നായയ്ക്ക് കാര്യം മനസ്സിലായി. മീനല്ലാത്ത കളിക്കേ ഉറുവാടന്‍ തയ്യാറുള്ളൂ എന്ന അറിവോടെ ഇളിഞ്ഞതുപോലെ നായ കുര നിര്‍ത്തി. പിന്നെ ചുറ്റും ഒരു വട്ടം നോക്കി മുളങ്കൂടിനു താഴെ സമൃദ്ധമായ തണല്‍ കണ്ടപ്പോള്‍ അങ്ങോട്ടോടി നിലത്ത് ചടഞ്ഞു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

നായ് തിരിഞ്ഞോടുന്നത് കണ്ടപ്പോള്‍ ഉറുവാടന്‍ ആശ്വാസത്തോടെ നടക്കാന്‍ തുടങ്ങി. പൂക്കൈത പൂത്ത തോട്ടുവക്കത്തെത്തിയപ്പോള്‍ ഉറുവാടന്‍ നിന്ന് കൈതപ്പൂവിന്റെ മണം ഉള്ളിലേക്ക് വലിച്ചെടുത്തു. 

'യെന്തൊരു മണമാണപ്പാ.' വെയിലൊന്നാറിയാല്‍ തിരിച്ചുവന്ന് രണ്ട് പൂവ് പറിച്ച് മുണ്ടും പെട്ടിയിലിട്ടു വെക്കണമെന്ന് ഉറുവാടന്‍ വിചാരിച്ചു.

നോക്കിനില്‍ക്കെ കൈതകള്‍ തങ്ങളുടെ മുള്ള് പാഞ്ഞ നീളന്‍ ഇലകളിട്ടാട്ടുന്നതുപോലെ ഉറുവാടന് തോന്നി. ഉറുവാടന് ചിരി വന്നു. 'യെന്ത് കൈതകളാണ്ടപ്പാ.'

തല വണ്ണിച്ച ബ്രാലിനെ കൂട്ടിപ്പിടിച്ച ഉറുവാടന് കൈ വേദനിക്കുന്നതുപോലെ തോന്നി. കാഴ്ച മതിയാക്കി ഉറുവാടന്‍ നടന്നു. തോട്ടിലെ നനുത്ത വെള്ളച്ചാലിലപ്പോള്‍ മക്കള്‍ രണ്ടാളും വെള്ളം തേവി ചെറുമീനുകളെ പിടിക്കുന്നത് കണ്ടപ്പോള്‍ രണ്ടാളും ഭാവിയില്‍ നല്ല ഊത്തുകാരാവുമെന്ന് ഉറുവാടന്‍ കണക്കാക്കി. കരയിലെ മണ്ടപ്പൊളി ചട്ടിയില്‍ കുറേ തുപ്പലം കൊത്തികള്‍ പുറത്തേക്കുള്ള വഴി കാണാതെ വട്ടം കറങ്ങുന്നുണ്ടായിരുന്നു. ഉറുവാടനെ കണ്ടതും മക്കള്‍ ചാളയിലേക്ക് പാഞ്ഞതും ഉറുവാടന്‍ ചട്ടിയോടെ തുപ്പലം കൊത്തികളെ വെള്ളത്തിലേക്കിട്ടു. 'ഹാവൂ' എന്ന ഒരാന്തലോടെ ഒന്ന് തമ്പിട്ട് തങ്ങളുടെ ദൈവത്തെ കണ്ടതുപോലെ വാലാട്ടി നിന്നെങ്കിലും പിന്നെയവര്‍ കൂട്ടത്തോടെ ഒറ്റപ്പാച്ചിലായിരുന്നു. വമ്മീനുകളെ വേട്ടയാടി ജീവിക്കുന്നവന്റെ വിശാല ലോകത്തില്‍ തുപ്പലം കൊത്തികള്‍ക്ക് ഒരു സ്ഥാനവുമില്ല എന്ന ആപ്തവാക്യമാണ് തങ്ങളുടെ ജീവന്‍ തിരിച്ചുകിട്ടാന്‍ കാരണമായതെന്ന് ആ പാച്ചിലിനിടയ്ക്കും തുപ്പലും കൊത്തികളിലൊരുത്തന്‍ ഓര്‍മ്മിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com