'കാണാതായവരുടെ അടയാളം'- അഖില കെ.എസ്. എഴുതിയ കഥ

By അഖില കെ.എസ്  |   Published: 13th March 2023 05:07 PM  |  

Last Updated: 13th March 2023 05:07 PM  |   A+A-   |  

story_1

 

റാണി വര്‍ഗ്ഗീസും രണ്ടു നായകളും മൂന്നു പൂച്ചകളുമടങ്ങുന്ന കുടുംബം പൊടുന്നനെയാണ് അനാഥമായത്. ഓഫീസില്‍നിന്നു മടങ്ങിവന്നപ്പോള്‍ അമ്മയാണ് വിവരം പറഞ്ഞത്. നടുങ്ങിപ്പോയി. രാവിലെ നടക്കാന്‍ പോയപ്പോള്‍ ഞാനവരെയെല്ലാം വഴിയില്‍വെച്ചു കണ്ടിരുന്നു. പിന്നീട് വീടുവരെ ഒന്നിച്ചാണ് നടന്നതും. ഞാന്‍ കല്യാണം കഴിക്കാതെ നടക്കുന്നതിലുള്ള ഉല്‍ക്കണ്ഠ വര്‍ഗ്ഗീസേട്ടന്‍ രേഖപ്പെടുത്തുകയും 'ആ കൊച്ചെങ്കിലും രക്ഷപ്പെടട്ടെ' എന്ന് റാണിച്ചേച്ചി തമാശ പറയുകയും ചെയ്തിരുന്നു. റിങ്കു, പിങ്കു, ടിങ്കു എന്നിങ്ങനെ പേരുള്ള അവരുടെ പൂച്ചകള്‍ റാണിച്ചേച്ചി ഉന്തിനടക്കുന്ന സ്‌ട്രോളറിലായിരുന്നു. മിന്നല്‍, മഴ എന്നീ പേരുകാരായ നായകള്‍ രണ്ടു പേരും വര്‍ഗ്ഗീസേട്ടന്റെ കയ്യില്‍ പിണച്ചിരിക്കുന്ന നീണ്ട തുടലുകളുടെ അറ്റത്ത് കളിച്ചുകൊണ്ട് പുറകെയും. അവറ്റകളുടെ വര്‍ഗ്ഗവും കുലവും പഠിപ്പിക്കുന്ന നിരവധി ക്ലാസ്സുകള്‍ പലതവണ എനിക്ക് നല്‍കപ്പെട്ടിരുന്നുവെങ്കിലും താല്പര്യക്കുറവുകൊണ്ട് അതൊന്നും ശ്രദ്ധിച്ചു കേള്‍ക്കാന്‍ ഞാന്‍ മിനക്കെട്ടില്ല. പൊടിയോ രോമമോ നാലയലത്തുകൂടി പോയാല്‍പോലും തുമ്മുന്ന സ്വഭാവക്കാരിയായതുകൊണ്ട്, ഒരു മതിലിനപ്പുറമായിരുന്നിട്ടും ഞാനവിടേക്ക് പോകുന്നത് അപൂര്‍വ്വമായിരുന്നു.

പക്ഷേ, അമ്മ പോവും. ദിവസത്തില്‍ മൂന്നോ നാലോ തവണയെങ്കിലും അവിടെപ്പോയി റാണിച്ചേച്ചിയോട് മിണ്ടിയില്ലെങ്കില്‍ അമ്മയ്ക്ക് എന്തോപോലെയാണ്. ഒരു വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ അമ്മയവിടെയില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഗ്ലാസ്സില്‍ കുറച്ചു പഞ്ചസാരയുംകൊണ്ട് വരുന്നു. വീട്ടിലില്ലാത്തതുകൊണ്ടല്ല, ഇങ്ങനെ കൊടുക്കാനും വാങ്ങാനുമൊക്കെയുള്ള മനസ്സുണ്ടായാലേ ബന്ധങ്ങള്‍ നിലനില്‍ക്കൂ എന്നാണ് അമ്മയുടെ കണ്ടുപിടിത്തം. 'ഇപ്പൊ ആര്‍ക്കും ആരേം വേണ്ട. അതാണ് അങ്ങോട്ടുമിങ്ങോട്ടും സ്‌നേഹമില്ലാത്തത്.' എന്നൊക്കെ വലിയ നെടുവീര്‍പ്പുകളയച്ചു പറഞ്ഞിട്ട് എന്നെ ഒളികണ്ണിട്ട് നോക്കും. തലേന്നാള്‍ മണിമാമന്‍ ഫോണ്‍ വിളിച്ചപ്പോള്‍ സംസാരിക്കാന്‍ കൂട്ടാക്കാത്തതിനെപ്പറ്റിയാവണമെന്ന് ഞാന്‍ മനസ്സിലാക്കിക്കോണം. 

വര്‍ഗ്ഗീസേട്ടനും റാണിച്ചേച്ചിക്കും കുട്ടികളിലില്ലാത്തതില്‍ അവരേക്കാളധികം സങ്കടം അമ്മയ്ക്കായിരുന്നു. എന്നിട്ടും അങ്ങനെയൊരവസ്ഥയില്‍ അമ്മ അവിടെ പോകാത്തതിലും അവിടെ ആള്‍ക്കൂട്ടമൊന്നും കാണാത്തതിലും എനിക്ക് അത്ഭുതം തോന്നി.

'അതിന് അവിടാരുമില്ല. കുറച്ചു മുന്‍പ് നെഞ്ചുവേദന വന്നപ്പം ആസ്പത്രീല് കൊണ്ടുപോയി. റാണി തന്നാ കൊണ്ടോയത്. പിള്ളേരെ നോക്കിക്കോണേ ചേച്ചീന്നും പറഞ്ഞ് താക്കോല്‍ മുറ്റത്തോട്ടെറിഞ്ഞിട്ട് പെട്ടെന്നങ്ങു പോയി. പിന്നീട് ഇത്തിരി മുന്‍പ് വിളിച്ചുപറഞ്ഞു. ആള് പോയി. നേരെ പാലായ്ക്ക് കൊണ്ട്പോവാണെന്ന്. ശ്വാസംമുട്ടി മിണ്ടാന്‍ പറ്റണുണ്ടായിരുന്നില്ല പാവത്തിന്. എന്നിട്ടും അതിനിടയില് പിള്ളേര്‍ക്കെന്തെങ്കിലും കൊടുക്കണേ ചേച്ചീന്നു പറഞ്ഞു.' 

വിവരമറിഞ്ഞതു മുതല്‍ അമ്മ കരയുകയായിരുന്നുവെന്ന് എനിക്ക് മനസ്സിലായി. 'വേണമെങ്കില്‍ നമുക്ക് പോയിക്കാണാം അമ്മാ' എന്നു ഞാന്‍ ചേര്‍ത്തുപിടിച്ചു.

അമ്മ കുറച്ചുനേരം ആലോചിച്ചിരുന്നു. പിന്നെ എന്റെ കൈ മുറുകെപിടിച്ചു.

'വേണ്ട പോണ്ട. അവരുടെ കുട്ട്യോളെ നോക്കണ്ടേ? വര്‍ഗ്ഗീസിന് അതാവും സന്തോഷം.'

ഞാന്‍ നിര്‍ബ്ബന്ധിച്ചില്ല. വേഗത്തില്‍ കുളി കഴിച്ച് രാത്രിയുടുപ്പിട്ട് ഇറങ്ങിയപ്പോള്‍ അമ്മ കയ്യിലൊരു വലിയ കിറ്റുമായി തയ്യാറായി നില്‍പ്പുണ്ടായിരുന്നു.

'വാ, പൂവാം.'

'ഇപ്പൊത്തന്നെയോ? ഞാന്‍ തുമ്മും. എനിക്കവരുടെ അടുത്തു പോവാനും പേടിയാ.' ഞാന്‍ അടുക്കളയുടെ ഭാഗത്തേക്ക് നടന്നപ്പോള്‍ അമ്മ നൈറ്റിയുടെ പുറകില്‍ വലിച്ചു.

'നോക്ക് പ്രിയേ, അവറ്റോളുടെ വയറു നിറയാണ്ട് നിനക്കിവിടുന്ന് ഒരു ഗ്ലാസ്സ് ചായേം കൂടി കിട്ടില്ല.'

മനസ്സില്ലാമനസ്സോടെയാണ് അമ്മയുടെ പുറകെ പോയത്. ഗേറ്റ് തുറന്നപ്പോള്‍ എന്റെ കാലില്‍ വിറയല്‍ പടര്‍ന്നു. വര്‍ഗ്ഗീസേട്ടനെ ഓര്‍ത്ത് കരച്ചില്‍ വന്നു. തൊട്ടുമുന്നില്‍ അമ്മ ഏങ്ങലടിച്ചു തുടങ്ങിയിരുന്നു.
 
'ആ റാണിക്കൊച്ച് എങ്ങനെ സഹിക്കും മക്കളേ?'

പിന്നെയെനിക്കും പിടിച്ചുനില്‍ക്കാനായില്ല. അവരുടെ പടിയിലിരുന്ന് ഞങ്ങളിരുവരും കുറച്ചുനേരം കരഞ്ഞു. വിവരമറിഞ്ഞെത്തിയ ആരോ ഗേറ്റിനടുത്തുനിന്ന് വിളിച്ചപ്പോള്‍ അമ്മ കണ്ണുതുടച്ചുകൊണ്ട് അവിടേക്ക് പോയി. ഞാന്‍ വാതില്‍ തുറന്നു. മൂക്കിനു മുകളിലെ ഇരട്ട മാസ്‌കായിരുന്നു ആകെയുള്ള ധൈര്യം. വാതില്‍ തുറന്നതും റിങ്കുവും പിങ്കുവും ടിങ്കുവും ഒരുമിച്ച് പാഞ്ഞുവന്നു. ഞാന്‍ ആഞ്ഞുതുമ്മി. വന്ന വേഗത്തില്‍ തന്നെ ആ പൂച്ചകള്‍ തിരികെ പാഞ്ഞു. പിന്നെ തുടര്‍ച്ചയായി തുമ്മാന്‍ തുടങ്ങിയതോടെ ഞാന്‍ പുറത്തിറങ്ങി. അപ്പോഴേക്കും അമ്മ തിരികെയെത്തിയിരുന്നു. 

ഭക്ഷണവുമായി അകത്തേക്ക് പോയ അമ്മ അരമണിക്കൂര്‍ കഴിഞ്ഞ് തിരികെ വരുന്നതുവരെ ഞാന്‍ തുമ്മിക്കൊണ്ടേയിരുന്നു. 
അമ്മ സങ്കടത്തിലായിരുന്നു.

'ആരും ഒന്നും കഴിച്ചില്ല മക്കളേ. അവരുടെ പപ്പ മരിച്ചത് അറിഞ്ഞുകാണുമോ? അവര്‍ക്കിതൊക്കെ അറിയാനുള്ള ബുദ്ധിയുണ്ടോ?'

എനിക്കുത്തരമുണ്ടായില്ല.

ജീവിതത്തിലാദ്യമായി അമ്മ സ്ഥിരം കണ്ടുവന്ന സീരിയലുകള്‍ മുടക്കി. ഒരു 
വാക്ക്‌പോലും പറയാതെ ഞങ്ങള്‍ കഞ്ഞികുടിച്ചു. എടുത്തതില്‍ മുക്കാല്‍ പങ്കും അമ്മയുടെ പാത്രത്തില്‍ ബാക്കിയായിരുന്നു.

എത്ര ഗുളികകള്‍ കഴിക്കേണ്ടതാണെന്ന് ഞാന്‍ ദേഷ്യപ്പെട്ടപ്പോള്‍ ഒന്നോ രണ്ടോ സ്പൂണ്‍ കഞ്ഞി കുടിച്ചെന്നു വരുത്തി.

രാത്രി പതിവുപോലെ കെട്ടിപ്പിടിക്കാന്‍ ചെന്നപ്പോള്‍ 'ഉഷ്ണിക്കുന്ന് മക്കളേ, ഇത്തിരി മാറിക്കിട' എന്നുകൂടി പറഞ്ഞതോടെ അമ്മയുടെ വിഷമം എത്ര വലുതാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. റാണിച്ചേച്ചി എന്ന് മടങ്ങിവരുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിക്ക് ആ പാവം ജീവികളെ നോക്കേണ്ട കടമ ഞങ്ങള്‍ക്കുണ്ട്. പക്ഷേ, എങ്ങനെ? ആഹാരം കഴിപ്പിക്കല്‍, അപ്പിയിടീക്കല്‍, കുളിപ്പിക്കല്‍ തുടങ്ങി ഒരുപാട് കാര്യങ്ങളുണ്ട്. അതൊന്നും കാലും നടുവും വയ്യാത്ത അമ്മയ്ക്ക് പറ്റുന്നതല്ല. 

ഞാന്‍ എഴുന്നേറ്റിരുന്നു. മൊബൈലിലെ കോണ്‍ടാക്ട് ലിസ്റ്റ് പരതി. മധു വെപ്രാളം എന്നു സേവ് ചെയ്തിരുന്ന പഴയ ബാങ്കിലെ പ്യൂണിന്റെ പേരില്‍ കണ്ണെത്തുന്നതു വരെ സമാധാനമുണ്ടായില്ല. അയാളായിരുന്നു ആ ബാങ്കിലെ കാര്യക്കാരന്‍. വീട്ടുസഹായികള്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങി കിട്ടാന്‍ ബുദ്ധിമുട്ടുള്ളവരെ കൃത്യമായി വേണ്ടവര്‍ക്ക് അയാള്‍ എത്തിച്ചു കൊടുത്തിരുന്നു. കമ്മിഷന്‍ വാങ്ങുമെന്നു മാത്രം. 

'പ്രിയംവദാ മാഡം, എത്ര നാളായി വിളിച്ചിട്ട്? എന്താ ഈ രാത്രിയില്‍?' എന്നൊക്കെ അവിടെനിന്ന് വെപ്രാളപ്പെട്ട് ചോദ്യങ്ങളുണ്ടായപ്പോള്‍ ഞാനെന്റെ പ്രശ്‌നമവതരിപ്പിച്ചു. 

'കഴിയുമെങ്കില്‍ നാളെ രാവിലെത്തന്നെ ഒരാളെ കിട്ടുവോ മധുച്ചേട്ടാ?' 

'മാഡമൊരു കാര്യം പറയുമ്പം... ഇത്രേം രാത്രിയായിപ്പോയതുകൊണ്ടാണ്... പക്ഷേ, നോക്കട്ടെ...'

എന്നൊക്കെ പറഞ്ഞ് ഫോണ്‍ വെച്ചു. 

അമ്മയുറങ്ങിയിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, നെറ്റിക്കുമേല്‍ വലതുകൈ പിണച്ചുവെച്ച് ഒന്നും മിണ്ടാതെ കിടക്കുകയായിരുന്നു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

രാവിലെ ഞാനുണരുമ്പോള്‍ അമ്മ അടുത്തുണ്ടായിരുന്നില്ല. ധൃതിയില്‍ ഓടിച്ചെല്ലുമ്പോള്‍, വര്‍ഗ്ഗീസേട്ടന്റെ വീട്ടിലേക്കുള്ള ജനല്‍ തുറന്നിട്ട്, അവിടേക്കു തന്നെ നോക്കിയിരിക്കുന്നതു കണ്ടു. ഞാന്‍ അടുത്തേക്ക് ചെന്നപ്പോള്‍ എന്റെ കൈപിടിച്ച് കവിളില്‍ ചേര്‍ത്തു. മുഖം മുഴുവന്‍ നനഞ്ഞിരുന്നു.

'രാത്രി മുഴുവന്‍ ആ പിള്ളേര് നിലവിളിയായിരുന്നു.'

ആ നിമിഷത്തിലാണ് സുലേഖ വന്നത്. അമ്മയുടെ കരഞ്ഞ മനസ്സ് അവരെ ആവാഹിച്ചു കൊണ്ടുവരികയായിരുന്നോ എന്നെനിക്കു സംശയം തോന്നി. അല്ലാതെങ്ങനെയാണ് അത്ര പെട്ടെന്നൊരാളെ? അതും ഇതുപോലൊരു ജോലിക്ക്?

വന്നോയെന്നറിയാന്‍ മധുച്ചേട്ടന്‍ വിളിച്ചതും അപ്പോള്‍ തന്നെ. 'ഒരു പ്രത്യേക തരക്കാരിയാണ്. ഒന്ന് നോക്കീം കണ്ടും നിന്നാ കുഴപ്പമില്ല.' മധുച്ചേട്ടന്‍ ശബ്ദമടക്കി പറഞ്ഞു.

'സാരമില്ല. കുറച്ച് ദിവസത്തേക്കല്ലേ. താങ്ക്‌സ് ചേട്ടാ' എന്നു പറഞ്ഞ് ഫോണ്‍ വച്ചപ്പോഴേക്കും അമ്മ അവരോട് ചരിത്രം പറഞ്ഞുതുടങ്ങിയിരുന്നു. 

അങ്ങനെയാണ് സുലേഖ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നത്. എന്റെ, അമ്മയുടെ, 'ങ്കു' ത്രയങ്ങളുടെ, മിന്നലിന്റെ, മഴയുടെ, പിന്നെ റാണിച്ചേച്ചിയുടെ.

തോളറ്റം മുറിച്ച മുടിയുള്ള, അയഞ്ഞ സാല്‍വാറിട്ട, വെള്ളക്കല്ലിന്റെ ചെറിയ കമ്മലിട്ട, ഒഴിഞ്ഞ കൈത്തണ്ടകളുള്ള, കാല്‍പാദം മൂടുന്ന കറുത്ത ക്യാന്‍വാസ് ഷൂവിട്ട ആ സ്ത്രീയെ ഞാനാദ്യം സംശയത്തോടെയാണ് വീക്ഷിച്ചത്. പക്ഷേ, അമ്മയ്ക്ക് ഒരു സംശയവുമുണ്ടായില്ല. ഭക്ഷണം കഴിഞ്ഞയുടനെ 
താക്കോലുമെടുത്ത് അമ്മയവരെ അവിടേക്ക് കൊണ്ടുപോയി. 

ആ നേരമത്രയും ഒന്നു ചിരിക്കുകയോ മൂളലുകളല്ലാതെ ഒരു വാക്കുപോലും തിരിച്ചു പറയുകയോ ചെയ്യാതെ അവര്‍ ആണിയില്‍ തറച്ച ഒരു ചിത്രം പോലെയിരിക്കുകയായിരുന്നു. ഉണ്ടാക്കിവച്ച ദോശയില്‍ പകുതിയിലേറെ അമ്മയവരെ തീറ്റിച്ചതും എനിക്ക് ഈര്‍ഷ്യയുണ്ടാക്കി. ഞാനെന്ന ഒരു വ്യക്തി അവിടെയുള്ളതായിപ്പോലും അവര്‍ ശ്രദ്ധിച്ചില്ല. എനിക്ക് അമ്മയോടും ദേഷ്യം തോന്നി. ആ തോന്നലിന്റെ മൂര്‍ദ്ധന്യത്തില്‍ വേഗമൊരു ചുരിദാറെടുത്തിട്ട് മുടിയൊന്നു വകഞ്ഞിട്ട് കാറിന്റെ കീയുമെടുത്ത് പുറത്തേക്കിറങ്ങി. മതിലിനടുത്ത് ചെന്നുനിന്ന് അമ്മയെ വിളിച്ച്, 'ഞാന്‍ പോണു' എന്നു പറഞ്ഞ് മുഖം വീര്‍പ്പിച്ചു തന്നെ കാറില്‍ കയറി. 

എന്നാല്‍, ബാങ്കിലെത്തിയപ്പോള്‍ മുതല്‍ സ്വസ്ഥത നഷ്ടപ്പെട്ടു. എത്ര വലിയ മണ്ടത്തരമാണ് കാണിച്ചത്. ഒരു പരിചയവുമില്ലാത്ത ഒരു സ്ത്രീയുടെ കൂടെ അമ്മയെ ഒറ്റയ്ക്കാക്കിയിട്ട് പോന്നിരിക്കുന്നു. അമ്മയുടെ ഫോണിലേക്ക് വിളിച്ചു. 

'ഇവിടൊരു കുഴപ്പോമില്ല. ആ പിള്ളേരൊക്കെ നന്നായിരിക്കുന്നു. ഫുഡൊക്കെ കൊടുത്തു. സുലു അവരെ കുളിപ്പിക്കാന്‍ പോണു. ഞാനും ഇവിടാ. ആ, ഞാന്‍ കഴിച്ചോളാം. നീ പെടയ്ക്കാതിരി... വച്ചോ. വൈന്നേരല്ലേ വരുള്ളൂ?'
സുലുവോ? ഇത്ര പെട്ടെന്നോ? എനിക്ക് വൈരാഗ്യം തോന്നി. ചില ദിവസം ഇറങ്ങാന്‍ താമസിച്ചു പോയാല്‍ അമ്മയെന്റെ പുറകെ നടന്ന് വായില്‍ വെച്ച് തരാറുണ്ട്. ഇന്നാകട്ടെ, ഞാന്‍ കഴിച്ചോയെന്നുപോലും ചോദിച്ചിട്ടില്ല. പിന്നെ വിളിക്കാന്‍ പോയില്ല. 

വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ അമ്മയും ആ സ്ത്രീയും ടി.വി കണ്ടിരിക്കുന്നു. അമ്മ തിരിഞ്ഞുനോക്കി. അവര്‍ നോക്കിയില്ല.

'മോളേ, നീ ചായയിടുമ്പം സുലുവിനും കൂടിയിട്. ഇത്രനേരം എന്തൊരു മേളമായിരുന്നെന്നോ? പാവം തളര്‍ന്നു.'

രാത്രി.

'ഇത്രയൊന്നും കഴിച്ചാ പോരാ. ഇത്തിരീം കൂടി കഴിക്ക് സുലൂ.'

അമ്മയുടെ സുലുവാണെങ്കില്‍ മരപ്പലക കസേരയില്‍ ചാരിവെച്ചതുപോലെയും.

ഞാന്‍ പുകഞ്ഞു.

കിടക്കാന്‍ നേരം പല്ലിറുമ്മി: 'അമ്മയെന്തായീ കാണിച്ചുകൂട്ടുന്നത്? ഇത്രേം സല്‍ക്കരിക്കാന്‍ മാത്രം ആരാ അവര്?'

'പിന്നെ വീട്ടില്‍ വരുന്നോരെ നിന്നെപ്പോലെ ദുര്‍മുഖം കാണിച്ചോടിക്കണോ? റാണി വരുന്നത് വരെ എനിക്കവളെ ഇവിടെ നിര്‍ത്തിയേ പറ്റൂ.' അമ്മ തിരിഞ്ഞു കിടന്നു.

എട്ടു ദിവസം അതേ രീതിയില്‍ മുന്നോട്ടു പോയി. അവര്‍ ഒരിക്കല്‍പോലും എന്റെ മുഖത്തേക്ക് നോക്കിയില്ല. ഞങ്ങളുടെ രണ്ടാമത്തെ കിടപ്പുമുറി അവരുടെ സ്വന്തമായി അമ്മ വിട്ടുകൊടുത്തു. അവിടെ അലമാരയില്‍ വെച്ചിരുന്ന എന്റെ വസ്ത്രങ്ങള്‍ പഴയൊരു സാരിയില്‍ പൊതിഞ്ഞ് ഞങ്ങളുടെ കട്ടിലിനടിയില്‍ വെച്ചു. അടുക്കളയില്‍ കയറാന്‍ മടിയുള്ള ഞാന്‍ മൂന്നാള്‍ക്ക് ഭക്ഷണമുണ്ടാക്കിയിട്ട് ബാങ്കില്‍ പോയി. റാണിച്ചേച്ചി വേഗം വന്നിരുന്നെങ്കിലെന്ന് മുടങ്ങാതെ പ്രാര്‍ത്ഥിച്ചു.

ഒന്‍പതാം ദിവസം ഒന്നോ രണ്ടോ ബന്ധുക്കള്‍ക്കൊപ്പം റാണിച്ചേച്ചി വന്നു. അമ്മയെ കെട്ടിപ്പിടിച്ച് ഏറെ നേരം കരഞ്ഞുവെന്നറിഞ്ഞു. രാത്രിയായപ്പോള്‍ അത്യാവശ്യം സാധനങ്ങളും ആ മിണ്ടാപ്രാണികളുമായി അവര്‍ തിരികെപ്പോയി. പോയപ്പോള്‍ സുലേഖയ്ക്ക് നല്ലൊരു തുക കൊടുത്തിട്ടാണ് പോയത്. 

അന്നു രാത്രി മുഴുവന്‍ അമ്മ തിരിഞ്ഞും മറിഞ്ഞും കിടന്നു. റാണിച്ചേച്ചിയേയും ആ സാധു ജന്തുക്കളെയുമോര്‍ത്താണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അതായിരുന്നില്ല.

'നാളെ സുലുവിനേയും പറഞ്ഞുവിടുവോ മക്കളേ?' ഉറക്കത്തില്‍നിന്ന് അമ്മയെന്നെ വിളിച്ചുണര്‍ത്തി. 

'പിന്നില്ലാതെ? അമ്മയെന്തിനാ വിഷമിക്കുന്നെ?' ഞാന്‍ പതുപതുത്ത ആ വയറില്‍ കൈചുറ്റി.

'റാണിയുമില്ല, സുലുവുമില്ല. വര്‍ഗ്ഗീസും പോയി' അമ്മ ഇരുട്ടിലേക്ക് നോക്കി പിറുപിറുത്തു.

'അപ്പൊ ഞാനെന്തിനാ?' എനിക്ക് സങ്കടം തോന്നി' ആ സ്ത്രീയാണെങ്കില്‍ ഒന്ന് മിണ്ടുന്നത് പോലും കണ്ടിട്ടില്ല.'

'പക്ഷേ, എനിക്ക് വര്‍ത്താനം പറയാല്ലോ മക്കളേ. എന്റെ കൂടെയിരുന്ന് സീരിയലും കാണും' അമ്മയുടെ ശബ്ദമിടറി.

ഞാന്‍ നിശബ്ദയായി. അത്ര നാളും ഞാന്‍ കരുതിയിരുന്നത് ഞാനെല്ലാം തികഞ്ഞ മകളാണെന്നാണ്. അമ്മയെന്നെ തോല്‍പ്പിച്ചിരിക്കുന്നു. 

ഞാന്‍ അമ്മയെ മുറുകെ ചേര്‍ത്തുപിടിച്ചു കിടന്നു. കുറച്ചുനാള്‍ കൂടി സുലേഖ നില്‍ക്കുന്നതാണ് നല്ലതെന്ന് തോന്നി. രാവിലെ എഴുന്നേറ്റയുടന്‍ മധുച്ചേട്ടനെ വിളിച്ചു.

'എനിക്കത്ര താല്പര്യമുണ്ടായിട്ടല്ല. സത്യം പറഞ്ഞാല്‍ മരമോന്തയുള്ള സ്ത്രീ എന്ന പ്രയോഗം നേരില്‍ കണ്ടുകൊണ്ടിരിക്കയാണ്. പക്ഷേ, അമ്മ നിര്‍ബ്ബന്ധം പറഞ്ഞാല്‍ എന്തു ചെയ്യാന്‍ പറ്റും?'

വെപ്രാളം പിടിച്ച് തുടര്‍ച്ചയായി വര്‍ത്തമാനം പറയാറുള്ള മധുച്ചേട്ടന്‍ കുറച്ചുനേരം മിണ്ടാതിരുന്നത് എന്നെ അത്ഭുതപ്പെടുത്തി. ഒടുവില്‍, 'അത് നടക്കില്ല മാഡം. അവരിന്നു തന്നെ തിരിച്ചു പൊക്കോട്ടെ. അതാ നല്ലത്' എന്നു പറഞ്ഞ് അയാള്‍ ഫോണ്‍ വയ്ക്കുകയും ചെയ്തു.

ഞാന്‍ പുട്ടും കടലക്കറിയുമുണ്ടാക്കി, ചായ മൂന്നു കപ്പുകളിലാക്കി പകര്‍ത്തിവെച്ചു. പക്ഷേ, അപ്പോഴേക്കും അവര്‍ ബാഗും തൂക്കി പുറത്തേക്ക് നടക്കാന്‍ തുടങ്ങിയിരുന്നു. അമ്മ എത്ര നിര്‍ബ്ബന്ധിച്ചിട്ടും അവര്‍ കഴിക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ മുറ്റത്തു വെച്ച് മധുച്ചേട്ടന്‍ പറഞ്ഞതിലും കൂടിയ തുക അവരുടെ കയ്യില്‍ അമ്മ തിരുകിപ്പിടിപ്പിച്ചു. ഭക്ഷണം കഴിക്കുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞുതന്നെയിരുന്നു. എനിക്ക് ഈര്‍ഷ്യയും നീരസവും തോന്നുന്നുണ്ടായിരുന്നു. ഒരാഴ്ച മാത്രം പരിചയമുള്ള ഒരു സ്ത്രീക്കുവേണ്ടി ഇത്രയേറെ പൊല്ലാപ്പോ? 

ബാങ്കില്‍നിന്ന് ഞാന്‍ ഇടയ്ക്കിടെ വിളിച്ചു. അധികമൊന്നും സംസാരിക്കാതെ അമ്മ ഫോണ്‍ വച്ചു കളഞ്ഞു. രാത്രി ഇരുട്ടിലേക്ക് മിഴിച്ചുനോക്കി കിടക്കുന്നത് കണ്ടെങ്കിലും ഒന്നും ചോദിക്കാന്‍ പോയില്ല. അധികമായാല്‍ കയ്പ് തന്നെയാണ്.
പിറ്റേന്ന് രാവിലെ എഴുന്നേറ്റത് തന്നെ റാണിച്ചേച്ചി ഫോണില്‍ വിളിച്ചപ്പോഴാണ്.
 
'എന്താണെന്നറിയില്ല. പൂച്ചക്കുട്ടികള്‍ കിടപ്പുതന്നെയാണ്. മിന്നലിനും മഴയ്ക്കും വല്ലാത്ത വിഷമം തട്ടിയതുപോലെ. രാത്രി മുഴുവന്‍ കരച്ചിലായിരുന്നു. ഒന്നും കഴിക്കുന്നുമില്ല.'

'ഒരു വെറ്റിനറി ഡോക്ടറെ കാണിക്കാമായിരുന്നില്ലേ?' അമ്മയുടെ ഉറക്കം ശല്യപ്പെടുത്താതെ ഞാന്‍ പുറത്തേക്കിറങ്ങി.

'അതല്ല... അസുഖമൊന്നുമല്ല. എങ്കില്‍ എല്ലാര്‍ക്കും ഒരുപോലെയാവില്ലല്ലോ.' അവര്‍ അല്പനേരം നിശബ്ദയായി ഇരുന്നു; 'ആ സ്ത്രീയെ കുറച്ചുനാള്‍ ഇവിടെ നില്‍ക്കാന്‍ കിട്ടിയാല്‍ നന്നായിരുന്നു... നീയൊന്ന് ചോദിക്കുമോ?' 
ചോദിക്കാമെന്ന് ഉറപ്പു പറഞ്ഞതിനു ശേഷമാണ് റാണിച്ചേച്ചി ഫോണ്‍ വെച്ചത്. 

ഞാനുടന്‍ തന്നെ മധുച്ചേട്ടനെ വിളിച്ചു. മറുഭാഗത്ത് ബെല്ലടിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഫോണെടുത്തില്ല. വീണ്ടും വിളിച്ചു. ഇത്തവണ ഫോണ്‍ കണക്റ്റായില്ല. അടുക്കളക്കാര്യങ്ങളൊതുക്കി അമ്മയുടെ പ്രസന്നമല്ലാത്ത മുഖവും കണ്ടാണ് ബാങ്കിലേക്ക് പുറപ്പെട്ടത്. അവിടെയെത്തിയിട്ട് വീണ്ടും പല തവണ വിളിച്ചു. കാര്യമുണ്ടായില്ല.

പണ്ട് ജോലി ചെയ്ത ബാങ്കിലെ മറ്റു ചിലരെ വിളിച്ചന്വേഷിച്ചു. ആ ഒരു ഫോണ്‍ നമ്പറിനപ്പുറം അവര്‍ക്കും ഒന്നുമറിയുമായിരുന്നില്ല. 'എന്തൊരു സ്‌നേഹമായിരുന്നു, അമ്മയ്ക്കവരുടെ ഫോണ്‍ നമ്പറെങ്കിലും വാങ്ങിവയ്ക്കാമായിരുന്നില്ലേ?' എന്ന് അമ്മയെ വിളിച്ചു ദേഷ്യപ്പെട്ട് ഞാനക്കാര്യം അവസാനിപ്പിച്ചു. 

സുലേഖയുടെ കാര്യമറിയാനായി റാണിച്ചേച്ചി ദിവസത്തില്‍ പല തവണ വിളിക്കാന്‍ തുടങ്ങിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. നോക്കാനായി പലരും വന്നെങ്കിലും ആരോടും ആ മിണ്ടാപ്രാണികള്‍ ഇണങ്ങുന്നില്ലത്രെ.

'എന്നോട് പോലും പണ്ടത്തെപ്പോലല്ല. ഇച്ചായന്‍ പോയപ്പൊ എനിക്ക് ചുറ്റുമുള്ള സ്‌നേഹം കൂടെകൊണ്ടുപോയെന്നു തോന്നുന്നു...' അവരുടെ അടക്കിപ്പിടിച്ച തേങ്ങല്‍ കേട്ടു.

ബാങ്കില്‍നിന്ന് ഞാന്‍ നേരത്തെയിറങ്ങി. 24 കിലോമീറ്ററിനപ്പുറം, തൊട്ടുമുന്‍പ് ജോലി ചെയ്തിരുന്ന ബാങ്കിന്റെ പരിസരത്തെവിടെയോ വെപ്രാളം മധുവുണ്ട്. അയാളെ കണ്ടേ പറ്റൂ. 

ഉച്ചഭക്ഷണം കഴിക്കാനായിപ്പോലും വണ്ടി നിര്‍ത്തിയില്ല. രണ്ടുമണിയോടെ സ്ഥലത്തെത്തി. കയറിച്ചെന്നപ്പോള്‍ പഴയ സഹപ്രവര്‍ത്തകരെല്ലാം ഓടിയെത്തി. ഹ്രസ്വമായ കുശലാന്വേഷണങ്ങള്‍ക്കു ശേഷം ഞാന്‍ വെപ്രാളം മധുവിനെക്കുറിച്ച് ചോദിച്ചു. അവര്‍ക്കാര്‍ക്കും അറിയുമായിരുന്നില്ല. വിരമിച്ചതിനുശേഷം അയാളെക്കുറിച്ച് അന്വേഷിക്കേണ്ട ആവശ്യമില്ലല്ലോ. എനിക്ക് ആത്മനിന്ദ തോന്നി; എത്ര ഉപകാരിയായിരുന്നു അയാള്‍, എന്നിട്ടും എത്ര പെട്ടെന്നാണ് ഞാനുള്‍പ്പെടെ എല്ലാവരും അയാളെ മറന്നത്! 

അമ്മയുടെ സിദ്ധാന്തത്തില്‍ തെറ്റുണ്ട്; ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം ബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും ചെയ്യുന്നു. അതിനുശേഷം നിര്‍ദ്ദയം കശാപ്പ് ചെയ്യപ്പെടുന്നു. 

ഞാന്‍ യാത്ര പറഞ്ഞിറങ്ങി. 

ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ കണ്ടെത്താന്‍ ഇത്ര ബുദ്ധിമുട്ടാണോ?

വഴിവക്കിലെ ചെറിയ ചായക്കടയിലെ കടുപ്പമേറിയ ചായ ബുദ്ധിമുട്ടി നുണയുന്നതിനിടയില്‍ ആലോചിച്ചു:
 
അയാളെവിടെക്കാണ് മാഞ്ഞുപോയത്?

പൊടുന്നനെ ഒരു മുന്നറിയിപ്പുമില്ലാതെ മഴ പെയ്യാന്‍ തുടങ്ങി.

എന്റെ ചിന്തകളുടെ ഒഴുക്ക് കുറഞ്ഞു. ചുറ്റുമൊന്ന് നോക്കി. രണ്ടു മേശകള്‍ക്കപ്പുറത്ത് കൂനിക്കൂടിയിരിക്കുന്ന രണ്ടു കുറിയ മനുഷ്യര്‍ പെട്ടെന്നെന്റെ കണ്ണില്‍പ്പെട്ടു. മനസ്സൊന്ന് കുതിച്ചു.

അതിലൊന്ന് വെപ്രാളം മധുവായിരുന്നു. മറ്റേത് സുലേഖയും.

ഞാന്‍ ധൃതിയില്‍ അവര്‍ക്ക് മുന്നിലേക്ക് ചെന്നു. 'നിങ്ങളെ അന്വേഷിച്ച് നടപ്പായിരുന്നു' എന്ന് വലിയ ചിരിയോടെ പറഞ്ഞു. സുലേഖ പഴയതുപോലെ മരവിച്ച മുഖത്തോടെ നോക്കി. മധുവിനും അതേ 
ഭാവമായിരുന്നു. അയാളുടെ ചാരനിറത്തിലുള്ള കൃഷ്ണമണികള്‍ നിശ്ചലമായിത്തന്നെ നിന്നു. 

'എന്നെ മനസ്സിലായില്ലേ?' എനിക്ക് ആത്മവിശ്വാസക്കുറവു തോന്നി. 

ഇത്തവണ അയാളുടെ കണ്ണുകള്‍ ഒരിക്കല്‍ മാത്രം തുറന്നടയപ്പെട്ടു. അപ്പോള്‍ കണ്‍പീലികള്‍ക്കു ചുറ്റുമടിഞ്ഞിരുന്ന വെളുത്ത പൊടി ചുറ്റും ചിതറി. എന്നിട്ട് അവര്‍ മുന്നിലിരുന്ന പ്ലേറ്റില്‍ ബാക്കിയുണ്ടായിരുന്ന പഴംപൊരിയുടെ രണ്ടു വശങ്ങളില്‍ നിന്നായി അടര്‍ത്തിയെടുക്കാന്‍ തുടങ്ങി. 

ഞാനെന്ന വ്യക്തി അവിടെ നില്‍ക്കുന്നതായിപ്പോലും അവരിരുവരും പരിഗണിച്ചില്ല. 
പിന്നെ ഞാനവിടെ നിന്നില്ല. മഴ നനഞ്ഞുകൊണ്ടുതന്നെ കാറിനരികിലേക്ക് നടന്നു.