'ആമത്തുരുത്ത്'- ജിബിന്‍ കുര്യന്‍ എഴുതിയ കഥ

പണ്ടെങ്ങോ ആരോ ഉപേക്ഷിച്ചുപോയി, മഴയും തണലുമേറ്റ് ക്ഷീണിച്ച് പാതിയും മണ്ണില്‍ പൂഴ്ന്നുപോയ ഒരു സര്‍പ്പക്കല്ലില്‍ തട്ടിയാണ് ഞാനപ്പോള്‍ വീണത്
'ആമത്തുരുത്ത്'- ജിബിന്‍ കുര്യന്‍ എഴുതിയ കഥ

ഒന്ന്

മഠത്തിപ്പറമ്പിലെ ഞൊട്ടങ്ങാക്കാട്ടില്‍ കാലുതെറ്റിവീണ് ഏതാനും നിമിഷം മയങ്ങിപ്പോയ ഞാന്‍ കണ്ണു തുറക്കുമ്പോള്‍ കാണുന്നത് എന്റെ മുഖത്തേക്ക് മൂത്രമൊഴിച്ചിട്ട് കൈവിരലുകള്‍ക്കിടയില്‍ ഞൊട്ടങ്ങാക്കോലും കറക്കിനില്‍ക്കുന്ന രാജീവിനെയാണ്. പണ്ടെങ്ങോ ആരോ ഉപേക്ഷിച്ചുപോയി, മഴയും തണലുമേറ്റ് ക്ഷീണിച്ച് പാതിയും മണ്ണില്‍ പൂഴ്ന്നുപോയ ഒരു സര്‍പ്പക്കല്ലില്‍ തട്ടിയാണ് ഞാനപ്പോള്‍ വീണത്. ബട്ടന്‍സ് പൊട്ടിപ്പോയ നിക്കറ് മാടിക്കുത്തി ഞാനെഴുന്നേറ്റു വരുമ്പോഴേക്കും മണ്ണ് വകഞ്ഞുമാറ്റി രാജീവതിനെ കയ്യിലെടുത്തു കഴിഞ്ഞിരുന്നു. നേരാംവിധം ഉടലുയര്‍ത്തി പത്തിവിടര്‍ത്തുവാന്‍ വെമ്പുന്ന സര്‍പ്പക്കല്ല് ഒരു കൈകൊണ്ട് നെഞ്ചോട് ചേര്‍ത്ത് മറുകയ്യില്‍ ഞൊട്ടങ്ങക്കോലും കറക്കി അവന്‍ വീട്ടിലേക്കു നടന്നു. 

മുതിര്‍ന്ന ക്ലാസ്സുകളിലേക്ക് പോകുന്തോറും ഞൊട്ടങ്ങക്കാടുകള്‍ ഞങ്ങളോട് അപരിചിതത്വം കാട്ടി. കൊന്നയും കൈതയും വേലിതീര്‍ത്ത ഞങ്ങളുടെ നാട്ടുവഴികള്‍ കടന്ന് നീണ്ടുപുളഞ്ഞ പാടവരമ്പിന്റെ വഴുക്കലില്‍ പുസ്തകസഞ്ചിയോടൊപ്പം വീണുപോകാതിരുന്നാല്‍ പുറബണ്ടിലെ ബോട്ടുജെട്ടിയിലെത്താം. അപ്പന്റെ വലയിലെ മീനൂരി തോട്ടില്‍ കുളിച്ച് പൗഡറിട്ട് മിനുങ്ങിവരുന്ന രാജീവിന്റെ ശരീരത്തുനിന്ന് അപ്പോഴും വിട്ടുപോകാത്ത നേരിയ മീനുളുമ്പു മണത്തെ മൂക്കിലേക്കെടുക്കാന്‍ ഞാനവനോട് ചേര്‍ന്നു കൈപിടിച്ചുനില്‍ക്കും. ബോട്ടിനു തോട്ടിലൂടെ കായലിലെത്തേണ്ട ഏതാനും മിനിറ്റുകളെ കാക്കപ്പോളകളുടെ ജലോത്സവം പലപ്പോഴും മണിക്കൂറുകളാക്കും. കായലിലെത്തുന്ന ബോട്ട്, ഉത്സവം കഴിഞ്ഞു തിടമ്പും നെറ്റിപ്പട്ടവും അഴിച്ചു കളഞ്ഞ ആശ്വാസത്തില്‍ ചിന്നംവിളിച്ചു പായും. ബോട്ട് നീങ്ങവേ, ഇത്തിരിയകലെ കാണുന്ന ആമത്തുരുത്തിനു മുകളില്‍ കാകനും കഴുകനും അപ്പോഴും വട്ടമിട്ടു പറക്കുന്നുണ്ടാവും. ഏതോ ഒരു വല്യച്ഛനും ഭാര്യയും കായലില്‍ ഉറച്ചപ്പോള്‍ ഉണ്ടായിവന്ന തുരുത്താണതെന്നാണ് നാട്ടുകാര്‍ പറയുന്ന കഥ.

കായലില്‍ ബണ്ട് പൊക്കി കൃഷി ഇറക്കാന്‍ തുടങ്ങിയ കാലം. അറുന്നൂറ്റി കായലിന്റെ തെക്കേ മൂലയില്‍ തറപ്പാട് കെട്ടി കാവല് കിടക്കാന്‍ വല്യച്ഛനും കെട്ട്യവള്‍ക്കും അനുമതി കിട്ടി. കൈതക്കാലും നാലുകീറ് ഓലയുംകൊണ്ട് അയാള്‍ അവിടെ മറയില്ലാത്ത കൂരകെട്ടി. വര്‍ഷാവര്‍ഷം ബണ്ട് നാലുപാടും കൂടുതല്‍ പൊക്കി ഉറപ്പിക്കണം. കൊയ്ത്തുകഴിഞ്ഞാല്‍ കായലില്‍നിന്നു കട്ട ചേടി ബണ്ടുറപ്പിക്കലാണ് മുഖ്യ പണി. കായലില്‍ കട്ട ചേടാന്‍ അയാള്‍ കെട്ടിയവളേയും കൂടെ കൂട്ടും. ഓലക്കൊട്ട നിറയെ വലിച്ചുകിട്ടിയ ഊപ്പമീന്‍ ഉളുമ്പുകളഞ്ഞ് ഉപ്പും മഞ്ഞളും പുരട്ടി ചുടുചോറില്‍ പൂഴ്ത്തി വാഴയിലയില്‍ പൊതിഞ്ഞെടുക്കലാണ് അവളുടെ ആദ്യത്തെ പണി. വള്ളത്തില്‍ കട്ടനിറഞ്ഞു തെകയുന്ന ഉച്ചനേരത്ത് പൊതി അഴിക്കുമ്പോള്‍ മീനും ചോറിനു സമം വെന്തിരിക്കും.

വള്ളത്തില്‍നിന്നു താഴേക്ക് കഴുക്കോലും മുളങ്കമ്പുകളുംകൊണ്ട് വിലങ്ങലുകെട്ടി വല്യച്ഛന്‍ കായലിലിറങ്ങുകയായി. നാലാളിന്റെ ശ്വാസപ്പെരുക്കമുള്ള അയാള്‍ അടിത്തട്ടില്‍ ചെന്ന് ഊള തെളിച്ചു കട്ടപ്പാരകൊണ്ട് 
നാലുപാടും കുത്തി നല്ല ഊക്കന്‍ കട്ടകള്‍ പൊട്ടാതെ പിഴുത് വള്ളത്തിലെത്തിക്കും. ഒരു വള്ളം കട്ട നിറഞ്ഞുകഴിയുമ്പോള്‍ ദേഹം കഴുകി ഉടുതുണി പിഴിഞ്ഞു കൊതുമ്പത്ത് ഉണക്കാനിട്ട് ഊന്നല്‍പടിയില്‍ ഇരിക്കും. ആമ്പലിലകള്‍ വിരിച്ച് കുടഞ്ഞിട്ട ചോറും മീനും അവര്‍ മത്സരിച്ചു വാരിത്തിന്നും. പിന്നെ, വിയര്‍പ്പൊട്ടിയ തുണിയെല്ലാം പറിച്ചുകളഞ്ഞ് അവളും അയാളുടെ നഗ്‌നതയോട് ചേരും.
 
ഇതെല്ലാം അവരുടെ ആദ്യനാളുകളിലായിരുന്നു. കെട്ടി കാലമേറെ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളൊണ്ടാകാത്തതിന്റെ അരിശം കള്ളിനോടും കറുപ്പിനോടും തീര്‍ത്ത് വല്യച്ഛന്‍ കൂരയില്‍ ചുരുളാന്‍ തുടങ്ങി. കാശില്ലാത്ത നാളുകളില്‍ പട്ടിണി കിടക്കുന്ന അവളുടെ വയറിനോട് തല ചേര്‍ത്ത് അയാള്‍ ശ്വാസമടക്കി കിടന്നു. അവള്‍ അയാളുടെ തലയിലൂടെ കയ്യോടിച്ച് വാത്സല്യം പകര്‍ന്നു. 

കണ്ടത്തിലെ ചെറുപണികളും തീര്‍ന്നുതുടങ്ങിയപ്പോള്‍ അവള്‍ കൊയ്ത്തരിവാള്‍ കയ്യിലെടുത്തു. അതിരില്‍നിന്ന കൈതകളില്‍നിന്നു തഴയറുത്ത് മുള്ളുകളഞ്ഞുണക്കി. ദിവസങ്ങള്‍ക്കുള്ളില്‍ പറ്റുകണ്ണിയുള്ള കിടക്കപ്പായകളും വലിയ കണ്ണിയുള്ള ചിക്കുപായകളും നെയ്തു. വീടുവീടാന്തരം പായകള്‍ വിറ്റു. അന്തിക്ക് കൊട്ടയില്‍ നെല്ലും അയാള്‍ക്ക് നൊമ്പരം പാറ്റാന്‍ കള്ളും കറുപ്പുമായി അവള്‍ കൂരയിലെത്തി. ചുരുണ്ടുകിടന്ന അയാള്‍ അവളെ കണ്ട് നീണ്ട ശ്വാസമെടുത്ത് പതിയെ എഴുന്നേറ്റു.

'നമ്മുക്കിന്ന് കട്ട കുത്താന്‍ പോകാം.'

അവള്‍ കൊണ്ടുവന്ന കള്ളും കറുപ്പും കഴിക്കാതെ കൂരയുടെ മൂലയില്‍ വെച്ചിട്ട് വള്ളം കൊണ്ടുവരാനായി അയാള്‍ പുറത്തേക്കിറങ്ങി നടന്നു. അവള്‍ പെട്ടെന്നുതന്നെ വാഴക്കച്ചികൂട്ടി അടുപ്പില്‍ തീ പുകച്ച് കുറച്ചു നെല്ലെടുത്ത് ചട്ടിയിലിട്ട് വറത്തു. പുന്നയുരലിലിട്ടിടിച്ച് അരിയാക്കി. കഞ്ഞിക്ക് വെള്ളം വെച്ചു. പുറത്ത് തോട്ടുവക്കിലെത്തി ഓലക്കൊട്ട എറിഞ്ഞു. ഊപ്പ മീനിനായി എറിഞ്ഞ ഓലക്കൊട്ട വലിച്ചുകയറ്റിയപ്പോള്‍ സാമാന്യത്തിലേറെ നീളമുള്ള കഴുത്തുയര്‍ത്തി തന്റെ നേരെ ചീറുന്ന ഒരു മുട്ടന്‍ കാരാമയെ ആണ് അവള്‍ കണ്ടത്. അവള്‍ മടിക്കുത്തില്‍നിന്ന് അരിവാള്‍ കയ്യിലെടുത്തു. കരുത്തുകാട്ടി തലവലിക്കാതെ നിന്ന ആമക്കഴുത്തില്‍ പിടിമുറുക്കിയപ്പോള്‍ വല്യച്ഛനോടൊപ്പമുള്ള പല നിസ്സഹായ രാത്രികളും അവളുടെ ഓര്‍മ്മയില്‍ വന്നു.

അരിവാളില്‍ പടര്‍ന്ന ചോരയിലേക്ക് ഒരിറ്റു കണ്ണുനീര്‍ കിനിഞ്ഞു.

വിലങ്ങലു കെട്ടി വല്യച്ഛന്‍ വേച്ചുവിറച്ച് കായലിലേക്കിറങ്ങി. കായലിനു കടലാഴം. പഴകിയ ശ്വാസകോശം അയാളോടിടഞ്ഞു. ഒരുവിധത്തില്‍ ഊള തെളിച്ച് നാലുപാടും കുത്തി ദുര്‍ബ്ബലമായ കട്ടകള്‍ അയാള്‍ വള്ളത്തിലെത്തിച്ചു. വള്ളം നിറയാറായി. അവള്‍ ആമ്പലിലകള്‍ പറിച്ചു നിരത്തി ചോറു കുടഞ്ഞ് കാരാമക്കറി ഒഴിച്ച് തയ്യാറായി ഇരുന്നു. അവസാന കട്ടയ്ക്കായി അയാള്‍ ഊളിയിട്ടു. കുത്തിയെടുത്ത കട്ടയുടെ നടുവില്‍ ഒരു കുഴി. അതൊരു ഞണ്ടിന്‍കൂട്‌പോലെ തോന്നിച്ചു. വിലങ്ങലിലൂടെ കട്ടയുമായി മുകളിലേക്ക് കയറിത്തുടങ്ങിയതും കട്ട നെടുകെ പിളര്‍ന്നു താഴേക്കു പോയി. അങ്ങനെയൊന്ന് അയാളുടെ ജീവിതത്തിലെ ആദ്യാനുഭവമാണ്. 

വെള്ളം കലങ്ങിത്തുടങ്ങി. ഉടഞ്ഞ കട്ടയില്‍നിന്ന് ആദ്യം ചോര പൊടിച്ചു. പിന്നെ അത്യധികം ശക്തിയായി പ്രവഹിച്ചു. അതൊരു വീക്കന്‍ പൊക്കിള്‍ക്കൊടിപോലെ ആദ്യം തോന്നി. പിന്നെയത് ഇരുകൈകളായി പിരിഞ്ഞ് വല്യച്ഛന്റെ കാലില്‍ ചുറ്റി. വല്യച്ഛന്‍ വെപ്രാളത്തില്‍ വെള്ളത്തില്‍നിന്ന് ഊര്‍ന്നുപൊങ്ങി വള്ളത്തില്‍ പിടിമുറുക്കി.

അവള്‍ അയാളെ പിടിച്ച് വള്ളത്തിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. കാലില്‍ ചുറ്റിയ ചോരക്കൈകള്‍ തുടയിലൂടെ അരക്കെട്ടിലേക്ക് ഇഴഞ്ഞുകയറി അയാളെ ചുറ്റിപ്പുണര്‍ന്നു. 

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

ജീവിതത്തില്‍ ആദ്യമായി അപ്പോള്‍ അയാള്‍ക്ക് സ്ഖലനമുണ്ടായി. 

'എന്നെ വിട്' അയാള്‍ അവളോട് കേണു.

'ഞാന്‍ നിങ്ങളെയിവിടെ കളയില്ല' അവള്‍ അയാളുടെ ഇരുകൈകളും ബലമായി ചേര്‍ത്തുപിടിച്ചു. 
നിലാവിന്റെ നൊമ്പരത്തിളക്കത്തില്‍നിന്ന് കരുണയുള്ള മേഘങ്ങള്‍ അവരെ മറച്ചുപിടിച്ചു. പിന്നീടുള്ള സൂര്യന്മാരും അവരോട് ദയ കാട്ടി. 

ഇരുവരാലും കായലിനു നടുവില്‍ ബന്ധിക്കപ്പെട്ട ചെളിനിറഞ്ഞ വള്ളത്തില്‍ ആദ്യം ചെറു ചെടികള്‍ കിളിര്‍ത്തുവന്നു. പിന്നെ കൈതയും പുന്നയും പൂവരശും കിളിര്‍ത്തു. കിളികള്‍ ചേക്ക തീര്‍ത്തു. ആമകള്‍ സ്വസ്ഥമായി മുട്ടയിടാനുള്ള കര കണ്ടു. കാലാന്തരത്തില്‍ അത് ചെറിയൊരു തുരുത്തായി മാറി. ആമത്തുരുത്ത്. 

ബോട്ടിറങ്ങുന്നത് എമ്പാടും കോണ്‍ക്രീറ്റ് മതിലുകളാല്‍ കളംവരച്ച മറ്റൊരു കരയിലേക്കാണ്. അതിനു നടുവിലാണ് ഞങ്ങളുടെ സ്‌കൂള്‍. ടാറിട്ട വഴികള്‍ ഞങ്ങളെ ഉത്സാഹികളാക്കും. ഗ്ലൂവിക്ക, ചാമ്പങ്ങ, മാങ്ങ, പേരയ്ക്ക... രാജീവിന്റെ കല്ലിനും കമ്പിനും വേണ്ടി ഊഴം കാത്തുകിടക്കും. തുളസിത്തറയുള്ള വീടിന്റെ പിന്നാമ്പുറത്തെ കാവിരുളില്‍ വിശ്രമിക്കും. ചിലപ്പോള്‍ കിടന്നുറങ്ങും.

സയന്‍സ് ലാബിലെ ചില്ലിട്ടുവെച്ച അസ്ഥികൂടം പെണ്ണോ ആണോ എന്നതായിരുന്നു ഏറെക്കാലം അവനെ അലട്ടിയിരുന്ന പ്രശ്‌നം. അസ്ഥികൂടത്തിന്റെ അരക്കെട്ടിനു നടുവിലെ ശൂന്യത അവനെ ഭ്രാന്തുപിടിപ്പിച്ചു. ചില്ലിളക്കി ആ അസ്ഥികൂടത്തില്‍ തൊടാനുള്ള ആഗ്രഹം അവന്‍ പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. ഒരിക്കല്‍ കറുത്ത ചരടിന്റെ അറ്റത്ത് തൂങ്ങിക്കിടക്കുന്ന ചെറിയൊരു അസ്ഥിക്കഷണവുമായാണ് അവന്‍ ക്ലാസ്സില്‍ വന്നത്. എന്നെയല്ലാതെ മറ്റാരെയും ചരടിന്റെ അറ്റത്തുള്ള സാധനം അവന്‍ കാണിച്ചില്ല. അസ്ഥികൂടത്തിനു നഷ്ടപ്പെട്ടത് വലതുകയ്യിലെ നടുവിരല്‍ ആയതുകൊണ്ടോ ലാബിലെ ഇരുളിമയില്‍ അതിന്റെ വിരലില്ലായ്മ ആരുടേയും കണ്ണിന്റെ പരിധിയില്‍ പെടാഞ്ഞതുകൊണ്ടോ പരാതികളും പരിഭവങ്ങളുമൊന്നും ഉണ്ടായതേയില്ല. 

ആമകളെ ചന്തയില്‍ വിറ്റ കേസില്‍ രാജീവിന്റെ അപ്പനെ പൊലീസു പിടിച്ചതോടെയാണ് അവന്‍ സ്‌കൂളില്‍ വരുന്നത് നിര്‍ത്തിയത്. അപ്പന്റെ വള്ളവും വലയും അവന്‍ ഏറ്റെടുത്തു.

മീനുകളുടെ പള്ള തുരന്ന് കുടലു തിന്നാന്‍ വലയിലെത്തുന്ന ആമകളെ ആദ്യമെല്ലാം കല്‍ക്കെട്ടിലെറിഞ്ഞുടച്ച് ദേഷ്യം തീര്‍ത്തിരുന്ന രാജീവിന്റെ അപ്പന്‍ ക്രമേണ അവയ്ക്ക് മീനുകളെക്കാള്‍ പ്രിയമുള്ള വിപണി രഹസ്യമായി ചന്തയില്‍നിന്നുതന്നെ കണ്ടെത്തുകയായിരുന്നു. വലയില്‍ കിട്ടുന്നത് കൂടാതെ ആരും പോകാന്‍ ഭയക്കുന്ന ആമത്തുരുത്തിന്റെ ഓരങ്ങളില്‍ മീന്‍ കുടലിട്ട് കൂടുവച്ചും അയാള്‍ വന്‍തോതില്‍ ആമകളെ പിടിച്ച് ചന്തയിലെത്തിച്ചു. പതിവായി ആറ്റുമീന്‍ വാങ്ങാന്‍ ചന്തയിലെത്താറുള്ള കവികൂടിയായ ഒരു ഗ്രാമസേവകനാണ് ഈ നിരോധിത കച്ചവടം നിര്‍ത്തലാക്കി രാജീവിന്റെ അപ്പനെ ജയിലില്‍ എത്തിച്ചത്.

രാജീവിടുന്ന വലകളിലും ആമകള്‍ ആഹാരം തേടിയെത്തി. അവന്റെ വീട്ടുപറമ്പിലും പരിയമ്പുറത്തും ആമത്തോടുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ചുറ്റുവട്ടത്തെ നിശബ്ദവികാരത്തിന്റെ പൊരുളറിയാന്‍ തോടിനുള്ളില്‍നിന്ന് ഉയര്‍ന്നുതുടങ്ങുന്ന ഓരോ തലയിലും അവന്റെ കത്തി പതിയും. അവയുടെ ശരീരത്തിന്റെ കവചവും കരുത്തും അഹന്തയുമായ തോടുടച്ച് മാംസത്തെ പുറംലോകം കാണിക്കും. ചട്ടിയിലേക്ക് വെട്ടിയിട്ട ഓരോ ഞുറുക്കില്‍നിന്നും ജീവന്റെ തുടിപ്പുകള്‍ പിന്‍വലിഞ്ഞുപോകാതെ അടുപ്പില്‍ കയറുമ്പോഴും വാശിയില്‍ നില്‍ക്കും. മസാലജലത്തില്‍ അല്പനേരം കൂടി നീന്തിത്തുടിച്ച് തൃപ്തിവരുമ്പോള്‍ ഏറിയേറിവരുന്ന കൊടുംചൂടില്‍ കുമ്പിട്ട് വേകും. പിന്നെ, കയ്പന്‍ കപ്പയോടോ റേഷനരിക്കഞ്ഞിയോടോ ഒപ്പം മനസ്സില്ലാമനസ്സോടെ രാജീവിന്റെ അന്നനാളത്തിലൂടെ ആമാശയത്തിലേക്ക് അന്ത്യയാത്ര പോകും. 

അങ്ങനെയാണ് രാജീവ് ആമക്കൊതിയനായി മാറിയതും ആമത്തുരുത്ത് അവന്റെ വിഹാരകേന്ദ്രമായതും. 

രണ്ട്

കാമ്പസ് പ്രഭാതം. അലസ ഞായര്‍. 

ഹോസ്റ്റല്‍ മുറി സ്വര്‍ഗ്ഗവീഥിപോലെ ധൂമാവൃതം.

പുതപ്പുമാറ്റി കണ്ണുതുറന്ന് നോക്കിയപ്പോഴാണ്, അപ്പുറത്തെ കട്ടിലില്‍ എന്റെ സഹവാസി ഉടുതുണിപോലുമില്ലാതെ ചുരുണ്ടുകിടന്ന് മുറിബീഡി പുകച്ചു തള്ളുന്നത് കണ്ടത്. 

മുറി മുഴുവന്‍ പുക. 

പാതിമയക്കത്തില്‍ ചിന്തിച്ചതുപോലെ ഇതൊരു അലസ ഞായറല്ല. ക്രിസ്മസ് അവധിക്കായി ഇന്നലെത്തന്നെ ഹോസ്റ്റലിന്റെ പ്രവര്‍ത്തനം സാങ്കേതികമായി അവസാനിച്ചു. ഇന്ന് ഒരുവട്ടംകൂടി സെറീനയെ കണ്ട് യാത്ര പറയാനാണ് വാര്‍ഡന്റെ മുഷിഞ്ഞ വാക്കുകളില്‍ വഴങ്ങാതെ ഇവിടെ കടിച്ചുതൂങ്ങിയത്. ഇന്ന് ആദ്യമായി, അവളെഴുതുന്ന കവിതകള്‍ എനിക്ക് ഇഷ്ടമായിരുന്നെന്ന് അവളോട് പറയണം.

അതൊരു പാതി നുണയാണെങ്കിലും. 

'സെറീന, നിന്റെ എല്ലാ കവിതകളും എനിക്ക് ഇഷ്ടമാണ്. ഞാന്‍ അവയെ സ്‌നേഹിക്കുന്നു. നിന്നെയും.' വരണ്ട കണ്ണാടിക്കു മുന്‍പില്‍ പല രീതിയില്‍ പറഞ്ഞുനോക്കിയിട്ടും തൃപ്തി വന്നില്ല. 

ഏതെങ്കിലും കവിത കാണാതെ ചൊല്ലാന്‍ അവള്‍ ആവശ്യപ്പെട്ടാല്‍... ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു...

പ്രിയപ്പെട്ടവനെ...

ഈ കപ്പലിന്റെ പായകള്‍ അഴിച്ചുമാറ്റുക.
എണ്ണമറ്റ ചിത്രശലഭങ്ങള്‍ ഇതാ 
പറന്നുവരികയായി...
ഇന്നു നമ്മുടെയീ ചെറുകപ്പല്‍ 
ചിത്രശലഭങ്ങളാല്‍ നയിക്കപ്പെടും.
പാമരത്തിലിരുന്ന് 
കാറ്റിനൊത്ത് വര്‍ണ്ണച്ചിറകുകള്‍ വിടര്‍ത്തി
പൂച്ചെടികള്‍ മാത്രം വിരിഞ്ഞുനില്‍ക്കുന്ന
ചെറുദ്വീപിലേക്ക് അവ നമ്മെ കൂട്ടിക്കൊണ്ടുപോകും.

അവിടെ 
പൂക്കളുടെ നടുവില്‍ 
നിന്നോടൊപ്പം എനിക്ക് ശയിക്കണം.
പുലര്‍ച്ചയില്‍ ഒരു തുമ്പപ്പൂവ് മാത്രം പറിച്ചെടുത്ത് 
നീയെന്റെ മുടിയില്‍ ചൂടിക്കണം
ചിത്രശലഭങ്ങളാല്‍ നയിക്കപ്പെടുന്ന ഈ കപ്പലില്‍ത്തന്നെ 
നമ്മള്‍ക്ക് തിരികെപ്പോരണം.

കോളനിക്കാര്‍ കുടിവെള്ളത്തിനായി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെയ്യാനിരുന്ന തെരുവുനാടകത്തിലേക്ക് പാട്ടെഴുതാനാണ് കാമ്പസില്‍ ഞങ്ങള്‍ പരസ്യമിട്ടത്. ജൂനിയര്‍ ചങ്ങമ്പുഴമാരോടും ചുള്ളിക്കാടന്മാരോടും മാധവിക്കുട്ടികളോടുമൊപ്പം സെറീനയും തഴയപ്പെട്ടു. പാട്ടുകളൊഴിവാക്കി നാടകം ചെയ്‌തെങ്കിലും ഹോസ്റ്റല്‍മുറിയില്‍ പലപ്പോഴും അവളുടെ കവിതച്ചുരുളുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചുരുള്‍നിവര്‍ത്തി കുമ്പിള്‍രൂപികളാക്കി പരിവര്‍ത്തിപ്പിച്ച് എന്റെ കൂട്ടുകാരന്‍ അവയെ ബീഡിച്ചാരത്തിന്റെ വാഹകരാക്കി. ചാരം കുടഞ്ഞുകളഞ്ഞ് ബാസ്‌കറ്റില്‍നിന്നു പുറത്തുചാടുന്ന ചില കവിതകള്‍ അവയുടെ വര്‍ണ്ണാഭമായ മേനികാട്ടി എന്നെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. 

അവരതില്‍ കുറച്ചൊക്കെ വിജയിച്ചു.

ഫിലോസഫി ക്ലാസ്സിന്റെ സൈദ്ധാന്തിക ഭാരത്തില്‍നിന്ന് ഭാവസാന്ദ്രമായ സെറീനയുടെ കവിതയിലേക്ക്, അല്ല സെറീനയിലേക്ക് ഞാന്‍ ഉരുകിയൊഴുകി. നഗരമാലിന്യത്തിനെതിരെ പോസ്റ്ററുകളെഴുതാന്‍ വിളിച്ച കൂട്ടുകാരുടെ കണ്ണുവെട്ടിച്ച് ഇന്ത്യന്‍ കോഫി ഹൗസിലെ കാപ്പിമധുരത്തിനായി അവളോടൊപ്പം കൂട്ടുപോയി. കാപ്പിമധുരത്തോട് മത്സരിക്കാന്‍തക്ക വാക്കുകളെ ആവാഹിച്ച് ഡയറിയില്‍ നിരത്തുമ്പോഴൊക്കെ ഞാനവളെ കണ്ണാല്‍ നുണഞ്ഞു. ഒരു കാപ്പി തീരുന്നതിനു മുന്‍പുതന്നെ അവള്‍ ഡയറിയില്‍നിന്നു പേപ്പര്‍ കീറി ചുരുട്ടി എന്നിലേക്ക് നീട്ടും. മനസ്സില്ലാമനസ്സോടെ ഞാന്‍ അവളില്‍നിന്ന് കണ്ണൂരി പേപ്പര്‍ ചുരുള്‍ നിവര്‍ത്തും
മേഘങ്ങള്‍ തളിര്‍ക്കുകയും 
ചന്ദ്രക്കലകള്‍ പൂക്കുകയും ചെയ്യുന്ന
വൃക്ഷശിഖരത്തിലാണ് 
നമ്മള്‍ക്ക് കൂടുചമയ്‌ക്കേണ്ടത്.
നക്ഷത്രങ്ങള്‍ വിളഞ്ഞുനില്‍ക്കുന്ന പാടത്ത് 
കതിരൊടിക്കുവാന്‍ 
ചിറകുരുമ്മി പറന്നുപോകണം.
ധൂമകേതുക്കളോട് മത്സരിക്കുവാനും
ഉല്‍ക്കകളെ കാണുമ്പോള്‍ കളിയാക്കിച്ചിരിക്കുവാനും
നീ എന്നും എന്നോടൊപ്പം ഉണ്ടാവണം.
ചന്ദ്രഗര്‍ത്തങ്ങളില്‍ അടവച്ചു വിരിയുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്
ശനിയുടെ വലയങ്ങളില്‍ തൊട്ടിലൊരുക്കണം.
നമ്മുടെ പ്രണയം 
സൗരയൂഥത്തോളം വിസ്തൃതമായിരിക്കുന്നു.

കവിത ഒന്നുരണ്ടാവര്‍ത്തി വായിച്ച് തീര്‍ന്നുകഴിയുമ്പോള്‍ മിച്ചമുണ്ടായിരുന്ന കാപ്പി തണുത്തുപോയതിന്റെ പരിതാപം മറച്ചുവച്ച് കവിത ഇഷ്ടമായെന്നു കാണിക്കാനെന്നവിധം വീണ്ടും അവളെ നുണയാന്‍ ഞാന്‍ കണ്ണുകള്‍ പായിക്കും. അപ്പോഴേക്കും അവള്‍ അടുത്ത കവിതയ്ക്കായി, പൊട്ട് കണ്ടിട്ടില്ലാത്ത നെറ്റിയില്‍ വിരലുഴിഞ്ഞ് കണ്ണടച്ച് ധ്യാനത്തിലായിരിക്കും. 

പ്രാര്‍ത്ഥനക്കൂട്ടായ്മയില്‍ പങ്കെടുക്കുവാനായി ഞായറാഴ്ച ദിവസം മൊത്തത്തില്‍ അവള്‍ എന്നില്‍നിന്ന് അവധിയെടുത്തിരുന്നു. അങ്ങനെയാണ് എന്റെ ഞായറാഴ്ചകള്‍ അലസത നിറഞ്ഞതായി തീര്‍ന്നത്. പക്ഷേ, ഇന്ന് അങ്ങനെയാവില്ല. ഏറെ കാലത്തെ അഭ്യര്‍ത്ഥനകള്‍ക്കു ശേഷം പ്രാര്‍ത്ഥനക്കൂട്ടായ്മയിലേക്ക് എന്നെയും കൊണ്ടുപോകാമെന്ന് അവള്‍ സമ്മതിച്ചിരിക്കുന്നു. എല്ലാം കഴിഞ്ഞ് വൈകുന്നേരത്തോടെ വീട്ടിലേക്കുള്ള ബോട്ട് പിടിക്കണം. 

മെസ്സടച്ചിരുന്നതിനാല്‍ ആഹാരം കഴിച്ചു സമയം കളയേണ്ടിവന്നില്ല. കുളി കഴിഞ്ഞൊരുങ്ങി, ബാഗില്‍ കൊള്ളാവുന്നതെല്ലാം നിറച്ച് ഞാന്‍ ഹോസ്റ്റലില്‍നിന്നിറങ്ങി. കോഫി ഹൗസിന്റെ മുന്നില്‍ അവള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. കാപ്പി കുടിച്ചിട്ട് പോകാമെന്ന് ചോദിക്കാന്‍ അവളുടെ ധൃതിനിറഞ്ഞ മുഖം എന്നെ അനുവദിച്ചില്ല. കമ്മല്‍ത്തുള വീഴാത്ത കാതുകളെ മറച്ചുപിടിച്ചിരുന്ന അവളുടെ ചുരുള്‍മുടി കാറ്റില്ലാഞ്ഞിട്ടും പാറിക്കളിച്ചു. അവളെന്റെ കൈപിടിച്ചു നടന്നു. മെഴുകുതിരിയില്‍ നാളം കെട്ടതറിഞ്ഞ് ഞെട്ടിയുണരുന്ന ആദ്യത്തെ പുകയുടെ ചൂരാണ് അവളുടെ ശരീരത്തിന്. അതിനെ മൊത്തത്തില്‍ ഉള്ളിലേക്കെടുക്കുവാന്‍ ഞാനവളോട് ചേര്‍ന്നുനടന്നു. വഴിയരികില്‍ പലയിടത്തും നഗരമാലിന്യത്തിനെതിരെയുള്ള പോസ്റ്ററുകള്‍ എന്നോട് അപരിചിതത്വം കാട്ടി. ഞാനത് വകവെയ്ക്കാതെ അവളുടെ മുടിയില്‍ മൂക്കുചേര്‍ത്ത് കെട്ടിപ്പിടിച്ചു നടന്നു.

കോളേജ് യൂണിയന്റെ തെരുവുനാടകങ്ങള്‍ സ്ഥിരമായി അരങ്ങേറാറുള്ള വഴിയിലൂടെയാണ് ഞങ്ങളിപ്പോള്‍ നടക്കുന്നത്. ഞായറാഴ്ചകളില്‍ മാത്രം വാകമരത്തണലുകളുള്ള വിജനസുന്ദര വഴി. കൊഴിഞ്ഞുവീണ വാകപ്പൂക്കളില്‍ കാല്‍തൊട്ടു നോവിക്കാതെ കരുതലോടെയാണ് അവളുടെ നടത്തം. വഴി, വിശാലമായ ഒരു മൈതാനത്തിലേക്ക് ഒഴുകിയിറങ്ങി. അതിന്റെ തെക്കേ മൂലയിലുള്ള ബഹുനിലക്കെട്ടിടത്തെ അവള്‍ ലക്ഷ്യംവച്ചു. ഇളം നീലനിറം അല്പംകൂടി കുറഞ്ഞിരുന്നെങ്കില്‍ വെളുപ്പായി തോന്നിക്കുമായിരുന്ന ഭിത്തിച്ചുമരുകള്‍. പ്രവേശനമുറിയില്‍ ഇന്നൊരു ചിത്രപ്രദര്‍ശനം നടക്കുന്നു. ക്യാന്‍വാസുകളില്‍ നിറയെ നിലവാരം കുറഞ്ഞ പ്രേതസിനിമകള്‍ മാത്രം കാണുന്ന ഏതോ ഒരു ചിത്രകാരന്റെ ബഹുവര്‍ണ്ണ ഭാവനകള്‍. അടുത്ത മുറിയുടെ മധ്യത്തില്‍ കൗതുകമുണര്‍ത്തുന്ന ഒരു വലിയ ഭീകര ശില്പം. ഞാന്‍ അതിന്റെ അടുത്തേക്കു നടന്നു. 

കരി ഓയിലിന്റെ നിറമുള്ള മനുഷ്യ ഉടലിനുമേല്‍ വളഞ്ഞുകൂര്‍ത്ത കൊമ്പുകളുള്ള പോത്തിന്റെ തല. അഗ്‌നികുണ്ഡങ്ങള്‍ക്കു മീതെ വിടര്‍ന്നുനില്‍ക്കുന്ന മെഴുക്കുപുരണ്ട കൂറ്റന്‍ ചിറകുകള്‍. വെളിയിലേക്ക് ഉന്തിനില്‍ക്കുന്ന തേറ്റകളിലൂടെ ഒലിച്ചിറങ്ങി തറയില്‍ വീണ് തളംകെട്ടി കിടക്കുന്ന ദ്രാവകത്തില്‍ എലിക്കുഞ്ഞുങ്ങള്‍ പുളയ്ക്കുന്നു. ചതഞ്ഞുവീര്‍ത്ത കണ്ണുകളോടു പിണങ്ങി ഇരുവശങ്ങളിലേക്കും ഇഴഞ്ഞുതുടങ്ങിയ കട്ടിപ്പുരികങ്ങള്‍. മാറിനു താഴേക്കു ചെതുമ്പലുകള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. അടിവയറ്റില്‍നിന്നും പൊക്കിള്‍ച്ചുഴിയേയും മറച്ചുകൊണ്ട് നെഞ്ചിന്‍ കൂടിനു മദ്ധ്യത്തിലേക്ക് മാറാടി ഉയരുന്ന വിഷപ്പാമ്പുകള്‍. കരിമുറിവുകളാല്‍ തിണര്‍ത്ത വലതുകൈ അല്പം വളഞ്ഞ് മുകളിലേക്കു ചൂണ്ടിയും ഇടതുകൈ താഴേക്കു വിടര്‍ത്തിയും പിടിച്ചിരിക്കുന്നു.

എനിക്കു വിശക്കുന്നുണ്ടായിരുന്നു. ഒരു കാപ്പി കിട്ടിയാല്‍ കൊള്ളാമെന്നു തോന്നി. അടുത്തുനിന്ന സെറീനയെ ഞാന്‍ ചോദ്യരൂപേണ നോക്കി. അവള്‍ എന്റെ കയ്യില്‍ മുറുകെപിടിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അവളുടെ മുഖത്തും ഒരു മ്ലാനതയുണ്ട്. അവളും രാവിലെ മുതല്‍ ഒരുവക കഴിച്ചിട്ടുണ്ടാവില്ല. 

മുറിയില്‍ കത്തിച്ചുവച്ചിരിക്കുന്ന നിലവിളക്കുകളുടെ മങ്ങിയ പ്രകാശം മടുപ്പുളവാക്കിത്തുടങ്ങിയപ്പോള്‍ ഞാന്‍ അടുത്ത മുറിയിലേക്കു നടന്നു. അവിടെയും നിലവിളക്കുകളുടെ പരമിത വെട്ടം. സാമ്പ്രാണിപ്പുകയുടെ മന്തന്‍ മണം. അന്‍പതില്‍ താഴെ ആളുകളെങ്കിലും ആ മുറിയില്‍ സന്നിഹിതരാണ്. വലിയ വെള്ളപ്പുതപ്പു ചുറ്റിയ ആള്‍ അവരില്‍ പ്രധാനിയാണെന്നു മനസ്സിലായി. സ്വര്‍ണ്ണ ചട്ടയുള്ള കനം കുറഞ്ഞ ഒരു പുസ്തകം അയാള്‍ കയ്യിലെടുത്ത് നിവര്‍ത്തി. പതിഞ്ഞ സ്വരത്തില്‍ ശാന്തതയോടെ വായിക്കുവാന്‍ തുടങ്ങി:

പന്ത്രണ്ടു രാശികളിലും
നിന്റെ ക്രൗര്യം വിളയട്ടെ.
ഋതുഭേദങ്ങള്‍ 
നിന്റെ അരംവച്ച കൈകളുടെ സ്പര്‍ശനമേറ്റ് 
നിലതെറ്റി വീഴട്ടെ. 
ഇലയനക്കങ്ങള്‍ പോലും 
സൃഷ്ടിക്കുവാനാവാത്ത വിധത്തില്‍ കാറ്റ്, 
വിലകെട്ടതായിത്തീരട്ടെ.
മണ്ണിന്റെ ദാഹം
മനുഷ്യരക്തത്തോടാവട്ടെ. 
നീ വിതയ്ക്കുന്ന വിത്തുകളുടെ ഫലം
ആമാശയങ്ങളെ പുകയ്ക്കുന്നതത്രേ.
രോഗാണുക്കള്‍ ഇണചേരുന്ന ശരീരം 
നിനക്കു പ്രിയപ്പെട്ടതല്ലോ. 
ഹോ... ഞങ്ങളുടെ നാഥനും രക്ഷകനുമായവനേ... 
മരണത്തിന്റെ ലഹരിയെ
ആര്‍ത്തിയോടെ നുണയുവാന്‍
ഞങ്ങളെ അനുഗ്രഹിക്കേണമേ...

പുസ്തകത്തില്‍നിന്നു കണ്ണെടുത്ത് അയാള്‍ എന്റെ അരികിലേക്ക് വന്നു. പുതപ്പിലെ ചന്ദനഗന്ധം എന്നെ മത്തനാക്കി. അയാള്‍ വെളുത്തുതണുത്ത കൈകള്‍കൊണ്ട് എന്റെ കവിളില്‍ തലോടി. 

'നീയിത് സ്വീകരിക്കുന്നോ' അയാള്‍ എന്തോ എന്നോട് ചോദിക്കുന്നതുപോലെ തോന്നി. എന്താണ് ഉത്തരം പറയേണ്ടതെന്ന് തിരക്കാന്‍ സെറീന ഇപ്പോള്‍ എന്റെയടുത്തില്ല. 

'നീയിത് സ്വീകരിക്കുന്നോ' അയാള്‍ വീണ്ടും ആവര്‍ത്തിച്ചു. 

'സെറീന...' ഞാന്‍ പതുക്കെ വിളിക്കാന്‍ ശ്രമിച്ചു. 

മൗനത്തിന്റെ കനലാട്ടം.

ഞാന്‍ കണ്ണുകള്‍ അടച്ച് ഉറക്കെ പറഞ്ഞു. 

'സെറീന... എല്ലാത്തരം കവിതകളും എനിക്ക് ഇഷ്ടമാണ്... നിന്നെയും. ഞാന്‍ സ്വീകരിക്കുന്നു.'

ഞാനത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു

ആവശ്യത്തിലധികം തിളക്കം അവകാശപ്പെടാന്‍ കഴിയുന്ന ഒരു കത്തി അയാള്‍ അരയില്‍നിന്നു കയ്യിലെടുത്തു. അയാളുടെ ഇടതു കൈപ്പത്തി എന്റെ നെഞ്ചിലൂടെ വയറിനെ തഴുകി താഴേക്ക് സാവധാനം സഞ്ചരിച്ചു. ഞാന്‍ നഗ്‌നനായി കഴിഞ്ഞിരുന്നുവെന്ന് അപ്പോള്‍ മാത്രമാണ് അറിഞ്ഞത്. എന്റെ ആഗ്രചര്‍മ്മത്തെ അയാള്‍ രണ്ടു വിരലുകള്‍ക്കുള്ളിലാക്കി. 
'നിനക്ക് സ്വാഗതം' അയാള്‍ എന്നോട് സ്‌നേഹത്തോടെ പറഞ്ഞു. 

'എല്ലാത്തരം കവിതകളും ഞാന്‍ ഇഷ്ടപ്പെടുന്നു' ഞാന്‍ അയാളുടെ കണ്ണില്‍ നോക്കി ദൃഢമായി പറഞ്ഞു. 

കത്തിയുടെ രതിമൂര്‍ച്ഛ എന്റെ അഗ്രചര്‍മ്മത്തിലൂടെ ഒഴുകിപ്പാഞ്ഞു.

ഏതാനും നിര്‍വൃതിനിമിഷങ്ങള്‍ക്കു ശേഷം, വലതു കയ്യിലെ നടുവിരല്‍ നഷ്ടപ്പെട്ട പണ്ടത്തെ പാവമൊരു അസ്ഥികൂടത്തിന്റെ അതേ പകപ്പ് തുടകള്‍ക്കിടയില്‍ നുരപൊട്ടിയപ്പോള്‍ എന്റെ ബോധം മറഞ്ഞു.

ഞാനിപ്പോള്‍ വീട്ടിലേക്കുള്ള ബോട്ടിലാണ്. പ്രജ്ഞ നഷ്ടപ്പെട്ട എന്നെ ബോട്ടിലെത്തിച്ചത് സെറീനയായിരിക്കണം.

ലാത്തിയടിയേറ്റ് നീലിച്ചപോലെ ആകാശം നീറിക്കിടന്നു. ഒറ്റ നക്ഷത്രങ്ങളുടെ ക്ഷീണിച്ച നൊമ്പരത്തിളക്കം. ഗതികെട്ട മേഘങ്ങളാല്‍ മങ്ങലേറ്റ ചന്ദ്രന്റെ വ്രണിത നോട്ടം. ഇരുട്ടു കട്ടപിടിച്ച ജലത്തിലൂടെ ബോട്ട് ദുര്‍ബ്ബലമായി നീങ്ങി. 
നേരം വെളുക്കാറായപ്പോള്‍ പരിചിത സ്ഥലങ്ങള്‍ തെളിഞ്ഞുതുടങ്ങി. പെട്ടെന്നുതന്നെ അകലെ ബോട്ടിനേക്കാള്‍ വേഗത്തില്‍ ഒരു കാട് ഒഴുകിവരുന്നത് കണ്ണില്‍പ്പെട്ടു. 

ആമത്തുരുത്ത്..! 

ആരാണ് അതിന്റെ കാലങ്ങളായുള്ള ബന്ധനത്തെ മോചിപ്പിച്ചത്... നോക്കി നോക്കി നില്‍ക്കെ നിഴലുപോലെ ഒരു മനുഷ്യശരീരം പതുക്കെ വലുതായി വരുന്നു. 

രാജീവ്!

തിളച്ചുകയറിയ ആവേശത്തില്‍ ഞാന്‍ ബോട്ടില്‍നിന്ന് കായല്‍ജലത്തിലേക്ക് ഊളിയിട്ടു.

ഉപ്പിട്ട് ഉണക്കിയ വരാലിന്റെ ചെകിളപ്പൂക്കള്‍ കര്‍പ്പൂരത്തോടൊപ്പം പുകയുന്നത് അബോധത്തിലും ഞാനറിയുന്നു. ആ ഗന്ധരൂക്ഷതയില്‍ മുഴുകിയപ്പോള്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഇരട്ടിക്കുകയും പേശികള്‍ ത്രസിക്കുകയും ചെയ്തു. കണ്ണുകള്‍ക്കു കനം വെച്ചു. കണ്‍പോളകളെ തുടുപ്പിച്ചുകൊണ്ട് കാഴ്ചകളെ വലിച്ചെടുത്ത് മോന്തുവാന്‍ മനസ്സ് വെമ്പിക്കൊണ്ടിരുന്നു. ഞാന്‍ കണ്ണ് തുറക്കണം. കണ്‍പോളകളെ ഞാന്‍ കൈകൊണ്ടുതന്നെ വലിച്ചു പൊളിച്ചു
മുന്‍പില്‍ നീറിപ്പുകയുന്ന മൂന്നു കല്ലുള്ള അടുപ്പ്. അതിനു മുകളിലെ മണ്‍കലത്തില്‍ കരിപ്പെട്ടി കലക്കിയ വെള്ളം അവശതയോടെ തിളയ്ക്കുന്നു. വശങ്ങളില്‍ നിരത്തിവെച്ച കാരാമത്തോടുകളില്‍ പലതരം ചെടികളുടെ വിത്തുകള്‍. 

'രാജീവേ...' ഞാന്‍ ഉരുവിട്ടുതുടങ്ങിയതും പിന്നില്‍ ചിരിമുഴക്കം. 

അടിവയറിനു താഴെ മുഴുത്ത ശൂന്യതയുള്ള കരിയിലച്ചാരം പുരണ്ട പരിചിതമായ പച്ച ശരീരം. വലതു കയ്യില്‍, കരുത്തുറ്റ ഉടലുയര്‍ത്തി, ചീറിനില്‍ക്കുന്ന പത്തികള്‍ വിടര്‍ത്തി, ആരോഗ്യം വീണ്ടെടുത്ത ആ പഴയ സര്‍പ്പക്കല്ല്. മറുകയ്യിലെ വിരലുകള്‍ക്കിടയില്‍ ഓടക്കുഴലോളം നീളത്തില്‍ വളര്‍ന്ന ഞൊട്ടങ്ങക്കോല്. ചുറ്റും മണ്ണ് നിറച്ച എണ്ണമറ്റ ആമത്തോടുകളില്‍ കിളിര്‍ത്തുനില്‍ക്കുന്ന ഒറ്റപ്പൂവ് മാത്രം വിരിഞ്ഞ തുമ്പച്ചെടികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com