'ത്രസിപ്പിക്കുന്ന കണ്ണുകള്‍'- തനൂജ ഭട്ടതിരി എഴുതി കഥ
By തനൂജ ഭട്ടതിരി | Published: 27th May 2023 02:23 PM |
Last Updated: 27th May 2023 02:23 PM | A+A A- |

പെട്‌ടെന്നെന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു!
ഒരു പൊതുപരിപാടിയില്‍ ഞാന്‍ പങ്കെടുക്കുകയായിരുന്നു!
അപരിചിതരാരോ എന്നെ വണ്ടിയില്‍ കയറ്റി തിരികെ വീട്ടിലാക്കി
എനിക്ക് ആകെ പരിഭ്രമമായി എന്നു പറഞ്ഞാല്‍
നിങ്ങള്‍ക്ക് അതിന്റെ ആഴം മനസ്സിലാകുമല്ലോ
ഡോക്ടറെ കാണുന്ന കാര്യം ആദ്യമേ പലരും പറഞ്ഞെങ്കിലും,
വീട്ടില്‍ പോയി ഒന്ന് വിശ്രമിച്ചിട്ടേ മറ്റെന്തും ചെയ്യുകയുള്ളൂ എന്ന് ഞാന്‍ വാശിപിടിച്ചു
ദിവസങ്ങളായുള്ള അലച്ചില്‍ കാരണം പെട്ടെന്നൊരു ക്ഷീണം വന്നതാകാം.
അതിന്റെ ഫലമായിരിക്കാം ഈ അന്ധത. ഭയപ്പെടേണ്ട!
മുഖം നല്ലവണ്ണം ഒന്ന് കഴുകണമെന്നും
കണ്ണ് കൂടുതല്‍ ആഴത്തില്‍ കഴുകി തുടച്ചെടുക്കണമെന്നും
അപ്പോള്‍ ഞാന്‍ ആഗ്രഹിച്ചു
മുഖവും കണ്ണും കഴുകി തുടങ്ങിയപ്പോഴാണ്
എന്നാല്‍ കുളിച്ചാലോ എന്ന് തോന്നിയത്
കണ്ണ് ഒട്ടും തന്നെ കാണാന്‍ പറ്റാത്തതുകൊണ്ട്
ഞാന്‍ തപ്പിത്തടഞ്ഞു കുളിമുറിയില്‍ എത്തി
ഞാനെന്റെ മേലാടകള്‍ ഊരിയതേയുള്ളൂ
എനിക്ക് എന്റെ കാഴ്ചശക്തി തിരിച്ചുകിട്ടി!
ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി!
കൂടുതല്‍ വ്യക്തമായി വിശദമായി എനിക്ക് കാഴ്ച തിരിച്ചുകിട്ടിയിരിക്കുന്നു!
ജീവിതത്തോട്, ലോകത്തോട്, പ്രപഞ്ചത്തോട് വലിയ സ്‌നേഹം തോന്നി.
കുളിച്ചുകഴിഞ്ഞ് ഞാന്‍ തിരികെ വസ്ത്രം ധരിക്കാന്‍ തുടങ്ങി.
ഞാനെന്റെ മേല്‍ ഉടുപ്പിട്ട് കഴിഞ്ഞപ്പോള്‍ എനിക്ക്
എന്റെ കാഴ്ചശക്തി പെട്ടെന്ന് വീണ്ടും നഷ്ടപ്പെട്ടു.
എനിക്കൊന്നും മനസ്സിലായില്ല
എന്താണ് സംഭവിക്കുന്നത്?
ഏതോ അദൃശ്യശക്തിയുടെ പ്രേരണ എന്നതുപോലെ
ഞാന്‍ വീണ്ടും മേലുടുപ്പ് ഊരിമാറ്റി
കാഴ്ച തിരിച്ചുകിട്ടിയിരിക്കുന്നു.
എനിക്ക് ഒരു കാര്യം മനസ്സിലായി
ഞാനിപ്പോള്‍ ജീവിതത്തെ, ലോകത്തെ, പ്രപഞ്ചത്തെ കാണുന്നത്
എന്റെ മുലക്കണ്ണുകളിലൂടെയാണ്
എന്റെ മുഖക്കണ്ണുകളുടെ കാഴ്ചശക്തി
പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരിക്കുന്നു.
എന്റെ ബുദ്ധിയുമായി അതിന് ഒട്ടും തന്നെ
സംവദിക്കാന്‍ സാധിക്കുന്നില്ല.
എന്നാല്‍ എന്റെ മുലക്കണ്ണുകള്‍ എന്റെ ഹൃദയത്തോട് വളരെ
ചേര്‍ന്നിരുന്ന് കാഴ്ചകള്‍ കാണുന്നു.
ഒരു വലിയ പ്രശ്‌നമായി അത് എനിക്ക്!
മുലക്കണ്ണുകള്‍ വസ്ത്രംകൊണ്ട് അടച്ചുവെച്ചാല്‍
എനിക്ക് കാഴ്ചശക്തി നഷ്ടപ്പെടുന്നു.
തുറന്നിരുന്നാല്‍ എനിക്ക് എല്ലാം കാണാന്‍ സാധിക്കും.
എങ്ങനെ മേല്‍ ഉടുപ്പില്ലാതെ സമൂഹത്തിലേക്ക് ഇറങ്ങും?
എനിക്കാണെങ്കില്‍ ഇപ്പോള്‍ ലോകത്തോട് അതിതീവ്രപ്രണയം!
എനിക്ക് മണ്ണിനെയും ഉറുമ്പിനെയും ചെടിയെയും
പുഴയെയും കാടിനെയും ആകാശത്തെയും ഒക്കെ കാണണമെന്നുണ്ട്.
മാത്രമല്ല, ഞാന്‍ ഭയപ്പെട്ടിരുന്ന, അറച്ചിരുന്ന പുഴുക്കളെയും പാറ്റകളെയും
ഒച്ചുകളെയും വീണ്ടും കാണണമെന്നുണ്ട്
ജീവിതത്തില്‍ കണ്ടത് മുഴുവന്‍ വീണ്ടും
ഒന്നുകൂടി കാണാന്‍ തോന്നുന്നു.
നല്ലതും ചീത്തയും എന്ന് വെറുതെ ഞാന്‍ അടയാളപ്പെടുത്തിയ
മനുഷ്യരെ ഒക്കെ വീണ്ടും കാണാന്‍ തോന്നുന്നു.
കണ്ടിട്ടുള്ള ഓരോ ഫ്രെയ്മും ഹൃദയത്തോട് ചേര്‍ന്നിരിക്കുന്ന
മുലക്കണ്ണുകളില്‍ കൂടി കാണുമ്പോള്‍
അതിന്റെ കാഴ്ച വളരെ വ്യത്യസ്തമായിരിക്കുന്നു
പുതുക്കണ്ണിലൂടെ ഞാന്‍ കാണുന്നു, ഷവറില്‍നിന്ന്
എന്റെ മുലക്കണ്ണിലേക്ക് വീണ ഒരു ജലകണികയില്‍,
ഏഴു നിറങ്ങളും!
ഇരുട്ടില്‍ തിളങ്ങിനിന്ന വിസ്മയം,
അന്ധതയില്‍ തെളിഞ്ഞുവന്ന എന്റെ ചിദംബരം!
മുലക്കണ്ണിലെ കൃഷ്ണമണിയെയെങ്കിലും
എനിക്ക് കാഴ്ചകള്‍ കാണാന്‍ തുറന്നിടേണ്ടിയിരിക്കുന്നു.
മറ്റാരും ശ്രദ്ധിക്കാത്തവിധം ബാക്കിയൊക്കെ
ഞാന്‍ തുണിയാല്‍ ചുറ്റിക്കെട്ടാം.
സ്ത്രീശരീരം പോലെ അപകടം പിടിച്ച
ഒരു സാധനം മറ്റൊന്നുമില്ലെന്നാണല്ലോ പൊതുവിധി!
