കബീറിന്റെ അച്ഛന്‍

പുസ്തകത്തില്‍നിന്നു തലയുയര്‍ത്തി. കബീറിന്റെ കണ്ണുകളിലേയ്ക്ക് നോക്കി. അടുത്ത നിമിഷം പുസ്തകത്തിലേയ്ക്ക് മടങ്ങി.
കബീറിന്റെ അച്ഛന്‍

ശ്വാസം വലിക്കുവാന്‍ വിമ്മിഷ്ടപ്പെട്ട് അമ്മ ചോദിച്ചു: 'മോനേ, ഇത്ര വെളുപ്പിന് നീ എവിടേയ്ക്കാണ്?'

അമ്മയ്ക്ക് അയാള്‍ എന്നും മോനാണ്, കബീര്‍ എന്ന് അമ്മ ഒരിക്കലും വിളിച്ചിട്ടില്ല.

കബീറിന്റെ മൗനം മുറിച്ച് അമ്മ ഓര്‍മ്മപ്പെടുത്തി: 'അച്ഛന്‍ പോയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം തികയുകയാണ്.'

അമ്മയുടെ നെഞ്ചിടിപ്പ് അയാളെ പിന്തുടര്‍ന്നു.

തലേന്നാള്‍ മകനെ സ്‌കൂള്‍ ബസില്‍നിന്നിറക്കി ഫ്‌ലാറ്റിലാക്കി ചായപോലും കുടിക്കാതെ മടങ്ങുമ്പോള്‍ പുതിയ ചിത്രത്തിന്റെ പണിത്തിരക്കിലായിരുന്നു അയാള്‍.

പള്ളിക്ക് മുന്‍പിലെ ഫുട്പാത്തിലെ അര്‍ധനഗ്‌നനായ ഭിക്ഷക്കാരന്‍ കൈനീട്ടി. അയാളെ സൂക്ഷിച്ചു നോക്കി. വൃദ്ധനെ മുന്‍പ് കണ്ടിട്ടില്ല. പക്ഷേ, ഈ അര്‍ധനഗ്‌നമായ രൂപം എവിടെയോ കണ്ടിട്ടുണ്ട്. ചീകിയൊതുക്കാത്ത നരച്ച മുടിയും താടിയും മൂക്കും ചുണ്ടും ചെവിയും... കുഴിയില്‍ വീണ കണ്ണിന്റെ നേരിയ തിളക്കംപോലും. നഗ്‌നമായ നെഞ്ചിന്‍ കൂട്, അതേപോലെയുണ്ട്.

ഒരു നൂറുരൂപാ നോട്ട് കബീര്‍ ഭിക്ഷക്കാരന്റെ ചെളിപിടിച്ച കയ്യിലേയ്ക്ക് വെച്ചു. അയാള്‍ കൈകൂപ്പി വണങ്ങി. ചുണ്ടില്‍ അസാധാരണമായ ചിരി പടര്‍ന്നു. വല്ലപ്പോഴും മാത്രം ചിരിക്കാറുള്ള അച്ഛന്റെ ചിരി.

കബീര്‍ സ്റ്റുഡിയോയില്‍നിന്ന് തിരിച്ചെത്തിയത് രാത്രി പതിനൊന്നിനാണ്. കുളിച്ച് ഭക്ഷണം കഴിച്ച് കിടപ്പുമുറിയിലെത്തി. ഭാര്യയും മകനും നല്ല ഉറക്കത്തിലാണ്.

എപ്പോഴോ അയാള്‍ ഞെട്ടിയുണര്‍ന്നു.

.സിയുടെ തണുപ്പിലും വിയര്‍പ്പില്‍ ഷര്‍ട്ട് നനഞ്ഞൊട്ടിയിരുന്നു.

അയാള്‍ എണീറ്റു. നഗരത്തിന്റെ ഇരുണ്ട വെളിച്ചം വീഴുന്ന മുറിയിലൂടെ അയാളുടെ കണ്ണുകള്‍ പരിഭ്രാന്തമായി സഞ്ചരിച്ചു. ആരോ ഒരാള്‍ അയാളെ ഉറ്റുനോക്കുന്നത് കണ്ടതാണ്. വൈകീട്ട് കണ്ട ഭിക്ഷക്കാരനുമായി അയാള്‍ക്ക് സാദൃശ്യമുണ്ടായിരുന്നു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക 
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക 

ഫ്‌ലാസ്‌കില്‍നിന്ന് വെള്ളം കുടിച്ച് അയാള്‍ മൊബൈല്‍ ഞെക്കി. സമയം 2.48. അതിനൊപ്പം തെളിഞ്ഞ തീയതിയും മാസവും വര്‍ഷവും അയാള്‍ ശ്രദ്ധിച്ചു. അച്ഛന്റെ മരണ ദിവസം.

വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണയാണ് അമ്മയും അച്ഛനും ഫ്‌ലാറ്റിലെത്തുക. പണിത്തിരക്ക് കാരണം അയാള്‍ക്കൊരിക്കലും നാട്ടില്‍ പോകാന്‍ കഴിയാറില്ല. അമ്മ പരാതിപ്പെടും.

ആദ്യത്തെ ഒന്നുരണ്ട് ദിവസം ചെറുമകനുമായി കാരംസ്സും ചെസ്സും കളിക്കും അച്ഛന്‍. എല്ലാ കളികളിലും ജയിക്കണമെന്ന് വാശിയുള്ള ചെറുമകന്‍ മുത്തച്ഛനെ തോല്‍പിക്കും. അതോ മുത്തച്ഛന്‍ തോറ്റുകൊടുക്കുകയോ? മകന് മടുക്കും. അവന്‍ കുറച്ച് നേരം അച്ഛമ്മയുടെ അടുത്തിരുന്ന് പുരാണ കഥകള്‍ കേള്‍ക്കും. ഹോംവര്‍ക്ക് ചെയ്യാന്‍ അവന്റെ അമ്മ ശാസിക്കുന്നതോടെ അച്ഛമ്മ കഥ മതിയാക്കി നാമം ചൊല്ലാന്‍ തുടങ്ങും.

അച്ഛന്‍ ബാല്‍കണിയിലെ കറുത്ത പ്ലാസ്റ്റിക് ചാരുകസേരയില്‍ പുറംലോകം നോക്കി കിടക്കും. മിക്കപ്പോഴും വായനയിലാകും.

തേരട്ടക്കണ്ണുകളുമായി നീങ്ങുന്ന മെട്രോതീവണ്ടികള്‍. ഹൈവേയിലെ ട്രാഫിക് ജാമില്‍ കുരുങ്ങുന്ന വാഹനങ്ങള്‍. പുക മൂടിയ ആകാശത്തേയ്ക്കുയര്‍ന്ന ഫ്‌ലാറ്റുകള്‍. താഴെ റോഡിലൂടെ ധൃതിയില്‍ നീങ്ങുന്ന മനുഷ്യര്‍.

ബാല്‍കണിയിലെ തടവുകാരായ ചെടികള്‍.

അച്ഛന്‍ ചിലപ്പോള്‍ കണ്ണടച്ചിട്ടുണ്ടാവും. ഉറങ്ങുകയല്ല.

കബീറിന് അച്ഛനെ ഒരിക്കലും മനസ്സിലാക്കാനായില്ല. അമ്മയുടെ ഇഷ്ടാനിഷ്ടങ്ങള്‍ കറുപ്പും വെളുപ്പുമായി അയാള്‍ക്കറിയാം. അയാളുടേത് അമ്മയ്ക്കും.

അച്ഛന്‍ 'മോനേ'യെന്ന് ഒരിക്കലും വിളിച്ചിട്ടില്ല. കബീര്‍ എന്നേ വിളിക്കൂ.

കോളേജില്‍ പഠിക്കുമ്പോഴാണ് 'കബീര്‍' അയാള്‍ക്ക് അലോസരമായത്. അയാള്‍ അച്ഛനോട് പരാതിപ്പെട്ടു.

അച്ഛന്‍ ചിരിച്ചു.

പുസ്തകത്തില്‍നിന്നു തലയുയര്‍ത്തി. കബീറിന്റെ കണ്ണുകളിലേയ്ക്ക് നോക്കി. അടുത്ത നിമിഷം പുസ്തകത്തിലേയ്ക്ക് മടങ്ങി.

ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ കബീറിന് സൗണ്ട് ഡിസൈനറാകാനായിരുന്നു താല്പര്യം. ശബ്ദങ്ങള്‍ അയാളെ എന്നും വശീകരിച്ചു. പത്താം ക്ലാസ്സില്‍ വെച്ച് വായിച്ച ബഷീറിന്റെ 'ശബ്ദങ്ങളി'ല്‍നിന്നാണോ അയാള്‍ ശബ്ദങ്ങളിലേയ്‌ക്കെത്തിയത്? അതോ വീടിനടുത്തുള്ള കോള്‍പാടങ്ങളിലൂടെ അച്ഛന്റെ ഒപ്പം കുട്ടിക്കാലത്ത് നടക്കുമ്പോള്‍ തലച്ചോറിലെത്തിയ ശബ്ദതരംഗങ്ങളില്‍നിന്നോ?

താല്പര്യം അച്ഛനെ അറിയിച്ചതും സമ്മതം മൂളി. കൂട്ടിച്ചേര്‍ത്തു: 'ഓരോരുത്തരും അവനവനെ കണ്ടെത്തുകയാണ് വേണ്ടത്. അത് സ്വാതന്ത്ര്യത്തിന്റെ സൂചനയാണ്.'

അമ്മയ്ക്കും വിരോധമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നത്. അച്ഛന്‍ വായനയ്ക്കും എഴുത്തിനുമായി ബാങ്കില്‍നിന്നും സ്വയം വിരമിച്ച വര്‍ഷം.

സൗണ്ട് എന്‍ജിനീയറിങ്ങ് പൂര്‍ത്തിയാക്കി അയാള്‍ മുംബൈയില്‍ ജോലി തേടിയെത്തി. ഒന്നരവര്‍ഷം വേണ്ടിവന്നു ഒരു അസിസ്റ്റന്റായി പണികിട്ടാന്‍. പണത്തിന്റെ കുറവ് അയാള്‍ വീട്ടിലറിയിച്ചില്ലെങ്കിലും പട്ടിണി കിടക്കാതിരിക്കാനുള്ള പണം അച്ഛന്‍ എല്ലാ മാസവും അക്കൗണ്ടിലേയ്ക്കയച്ചു.

ഗേറ്റ് തുറന്ന് കബീര്‍ കാര്‍ മുറ്റത്തേയക്ക് കയറ്റിയിട്ടു. വീടിനുചുറ്റും വെറുതെ നടന്നു. കരിയിലകള്‍ ചെറുകാറ്റില്‍ ഇളകി. ഇടയില്‍ ഒന്നോ രണ്ടോ പുല്ലിന്‍ തലപ്പുകള്‍. ചെറുപ്രാണികളും ഇഴ ജീവികളും ശബ്ദമുണ്ടാക്കി; നിശ്ശബ്ദത മുറിച്ചതിനായിരിക്കണം.

അയാള്‍ ഗ്രില്ല് തുറന്ന് ഇറയത്തേയ്ക്ക് കയറി. സ്വാതന്ത്ര്യത്തെക്കുറിച്ച് തന്നോട് പറഞ്ഞ അച്ഛന്‍ എന്തിനാണ് ഇറയത്തിന് ഗ്രില്ലിട്ടത്, അയാള്‍ ചിന്തിച്ചു.

ചൂരല്‍ ചാരിയില്‍ തപാലിലെത്തിയ മാസികകള്‍, ബുക്ക് പോസ്റ്റുകള്‍. കത്തുകള്‍.

കബീര്‍ ഒരു കവറെടുത്തു; വെറുതെ. പൊടി മുഖത്തേയ്ക്ക് തൂളി. കര്‍ച്ചീഫെടുത്ത് മുഖവും കണ്ണടയും തുടച്ചു.

വധശിക്ഷ നിര്‍ത്തലാക്കുന്നതിന് പ്രസിഡന്റിനുള്ള അപേക്ഷയാണ്. അതിനൊപ്പം അച്ഛന്റെ ഒപ്പ് ആവശ്യപ്പെട്ട കത്തും. അയാള്‍ കടലാസുകളും കവറും അവിടെത്തന്നെയിട്ടു. 'വധശിക്ഷ' റോഡില്‍നിന്നടിച്ച കാറ്റില്‍ ഇളകി. നിശ്ചലമായി. അടുത്ത കാറ്റിന്നായി കാത്ത്കിടന്നു.

തോളിലെ ലെതര്‍ബാഗില്‍നിന്ന് താക്കോല്‍ കൂട്ടമെടുത്ത് വാതില്‍ തുറക്കാനുള്ള ശ്രമം തുടങ്ങി, അയാള്‍. താക്കോല്‍ കൂട്ടത്തിലെ ഏഴാമത്തെ താക്കോലാണ് കീഹോളിനു പാകമായത്.

കീഹോളില്‍ താക്കോലിനുമേല്‍ വിരലുകള്‍ ചലിച്ചതും ആരോ അയാളെ പിന്നാക്കം ശക്തിയില്‍ വലിച്ചു. അയാള്‍ തിരിഞ്ഞുനോക്കി.

പെട്ടെന്നുയര്‍ന്ന കാറ്റില്‍ ചപ്പുചവറുകള്‍ മുകളിലേയ്ക്കുയര്‍ന്നു. താഴേക്ക് പതിച്ചു. 'വധശിക്ഷയും' ചലിച്ചു.

പൊടി അയാളെ മൂടി.

താന്‍ ജനിച്ചുവളര്‍ന്ന വീട് പൊടിയാകുകയാണോ?

എന്തിനാണ് ഇവിടേയ്ക്ക് വന്നത്? ആരാണ് തന്നെ ഇങ്ങോട്ടയച്ചത്? കബീര്‍ സ്വയം ചോദിച്ചു.

വരേണ്ടിയിരുന്നില്ല.

കബീര്‍ താക്കോല്‍ എതിര്‍ദിശയില്‍ തിരിച്ചു. കീ ഹോളില്‍നിന്നും താക്കോലെടുത്തു. ബാഗിലിട്ടു. ഒരടി മുന്നാക്കം വെച്ചു.

കാല്‍കീഴില്‍ തടഞ്ഞ കടലാസ് കുനിഞ്ഞെടുത്തു. അത് 'വധശിക്ഷ'യാണ്. കവറില്‍നിന്ന് അയാള്‍ പുറത്തിട്ട ഭൂതം.

അയാള്‍ വധശിക്ഷ കവറിലാക്കി. അതിനുമേല്‍ മറ്റ് മാസികകളും ബുക്ക്‌പോസ്റ്റുകളും വെച്ചു.

മുറ്റത്തേക്കിറങ്ങി. കാറിന്റെ ഡോര്‍ തുറന്നു. ഫ്‌ലാസ്‌കില്‍നിന്നു രണ്ട് കവിള്‍ വെള്ളം കുടിച്ചു. തിരിച്ച് പോകാനായി ഗേറ്റ് തുറക്കാന്‍ മുറ്റം കടന്നു.

ഗെയിറ്റില്‍ അച്ഛന്റെ പ്രായമുള്ള ഒരാള്‍. പരിചയമില്ല. അയാളെ നോക്കി ചിരിച്ചു: 'കബീര്‍, അച്ഛന്റെ ശരീരമേ ഈ ഭൂമിയില്‍നിന്നും വേര്‍പെട്ടിട്ടുള്ളൂ. അച്ഛന്‍ വീടിനുള്ളിലുണ്ട്.'

വൃദ്ധന്‍ തലതാഴ്ത്തി നടന്നു. വാഹനങ്ങളുടെ പ്രളയത്തില്‍ അപ്രത്യക്ഷനായി.

എന്തുചെയ്യണമെന്നറിയാതെ കബീര്‍ നിന്നു.

'ഠീ യല ീൃ ിീ േീേ യല'

തിരിച്ച് നടന്നു. വാതില്‍ തുറന്നു. ലൈറ്റിട്ടു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക 
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക 

ഗൗളികളും കൂറകളും എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ചുമരുകളിലേയ്ക്കും തറയിലൂടെയും ഓടി.

ഒരു ഗൗളിവാല്‍ തറയില്‍ പിടഞ്ഞു.

അകത്തേയ്ക്കുള്ള വാതിലിനു മുകളിലെ ചിത്രത്തിന്റെ ഫ്രെയിമിനടിയില്‍നിന്ന് ഒരു കറുത്ത ഗൗളി തലനീട്ടി. അതിന്റെ അതിനേക്കാള്‍ ഭീമാകാരമായ കറുത്തനിഴല്‍ തന്റെ വര്‍ഗ്ഗം ദിനോസറിന്റേതാണെന്ന് അറിയിച്ചു. ഈ വീടിനെ, നിന്റെ അച്ഛനെ, നിന്നെ... പിന്നെ ഈ ഭൂമിയെ ഞാന്‍ വിഴുങ്ങും... അത് കബീറിനോട് മന്ത്രിച്ചു.

അയാള്‍ ബാഗ് ചുമരിലിടിച്ചു. അത് ഗൗളികള്‍ സാധാരണ ചെയ്യാറുള്ളതുപോലെ ഉള്ളിലേയ്ക്ക് വലിയാതെ, അതിന്റെ നിഴല്‍ കൂടുതല്‍ ഭീമാകാരമാക്കിക്കൊണ്ടിരുന്നു.

അതിന്റെ നിഴലുള്ള മുറിയിലാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത് കെട്ടിപ്പൊതിഞ്ഞ അച്ഛന്റെ മൃതദേഹം കിടത്തിയത്. മുണ്ഡനം ചെയ്ത തലയും മുഖവും മാത്രമേ പുറത്ത് കണ്ടിരുന്നുള്ളൂ. കണ്ണടയില്ലാത്ത അച്ഛന്റെ മുഖം ഏതോ അപരിചിതന്റേതുപോലെ.

കുറച്ച് ബന്ധുക്കളും നാട്ടുകാരും മാത്രമേ ദു:ഖമറിയിക്കാന്‍ എത്തിയിരുന്നുള്ളൂ.

അച്ഛന്റെ മരണം നഗരത്തിലെ പത്രത്തില്‍ ചരമപ്പേജിലാണ് വന്നത്. ഒന്നാമത്തെ മരണമായി. തുടക്കത്തിലെ ഒരു വാചകത്തില്‍ അച്ഛനെ ഒരു ചിന്തകനും എഴുത്തുകാരനുമായി വിശേഷിപ്പിച്ചു. അത്രതന്നെ.

അച്ഛന്റെ ആഗ്രഹപ്രകാരം (അമ്മയാണ് അച്ഛന്‍ പണ്ടെഴുതിയ കത്തിലെ വാചകങ്ങള്‍ കാണിച്ചു തന്നത്) യാതൊരു ആചാരങ്ങളുമില്ലാതെ വീട്ടില്‍നിന്നു പത്ത് കിലോമീറ്റര്‍ ദൂരെയുള്ള പട്ടണത്തിലെ അനാഥരേയും മോഷ്ടാക്കളേയും ലൈംഗികത്തൊഴിലാളികളേയും ദരിദ്രരേയും അസ്വാഭാവികമായി മരണപ്പെട്ടവരേയും മറവുചെയ്യുന്ന ചേരിപ്രദേശത്തുള്ള ശ്മശാനത്തില്‍ സംസ്‌കരിച്ചു.

അയാളും ആംബുലന്‍സ് െ്രെഡവറും നാട്ടുകാരായ മൂന്ന് പേരും ഉണ്ടായിരുന്നു. അച്ഛന് സുഹൃത്തുക്കളാരും ഉണ്ടായിരുന്നില്ലേ? വായനക്കാര്‍? പരിചയക്കാര്‍?

അച്ഛന്റെ ചിത കത്തിയൊടുങ്ങും വരെ അയാള്‍ നിന്നു. കനലുകളില്‍ അച്ഛന്റെ മാംസവും നീരും എല്ലുകളും എരിയുന്നത്. കനലുകളിലെ ശബ്ദങ്ങള്‍, അവസാനത്തെ നിശ്ശബ്ദത.

അതച്ഛന്റേതാണെന്ന് അപ്പോഴും അയാള്‍ക്ക് ബോധ്യപ്പെട്ടില്ല. താന്‍ ഡിസൈന്‍ ചെയ്യുന്ന ഏതോ ചിത്രത്തിലേതാണെന്നേ തോന്നിയുള്ളൂ.

കബീര്‍ സ്വീകരണമുറിയോടു ചേര്‍ന്നുള്ള മുറിയുടെ വാതില്‍ വലിച്ച് തുറന്നു. നാട്ടിലെത്തുമ്പോള്‍ അയാളും ഭാര്യയും കുട്ടിയും ഉപയോഗിക്കാറുള്ള മുറി. അച്ഛന്‍ വല്ലപ്പോഴും മുറിയിലെ പഴയ കംപ്യൂട്ടര്‍ തുറക്കുന്നത് കണ്ടിട്ടുണ്ട്. മെയില്‍ നോക്കാനും രചനകള്‍ പ്രസിദ്ധീകരണങ്ങള്‍ക്ക് അയയ്ക്കാനും. അയാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു വരുമ്പോള്‍ ഡെസ്‌ക്‌ടോപ്പില്‍ ഇട്ടിരുന്ന അന്‍പതോളം ക്ലാസിക് സിനിമകള്‍ അച്ഛന്‍ കണ്ടതായി അറിയാന്‍ കഴിഞ്ഞു. ചിലവ അച്ഛന്‍ പലതവണ കണ്ടതായും. 'മദര്‍ ആന്റ് സണ്‍', 'ഗ്രേറ്റ് ഡിക്‌ടേറ്റര്‍', 'സ്‌റ്റോക്കര്‍', 'അജാന്ത്രിക്'...

അകത്ത് കടന്നതും മുറി ശ്വാസം വലിക്കുന്നത് കബീര്‍ കേട്ടു. അമ്മ ശ്വാസമെടുക്കുന്നപോലെ ഏറെ പ്രയാസപ്പെട്ടാണ്.

മുറിയുടെ കോണ്‍ക്രീറ്റ് റാക്കില്‍നിന്നുള്ള ശബ്ദം എലികളുടേതാണ്. തങ്ങളുടെ ശാന്തി കെടുത്തിയതിലുള്ള അലോസരം.

അച്ഛന്റേയും അമ്മയുടേയും കിടപ്പുമുറിയിലെ കട്ടിലില്‍ വിരിച്ച പുതപ്പ് നിറം മങ്ങിയിട്ടുണ്ട്. പടിഞ്ഞാറു ഭാഗത്തുള്ള കട്ടിലില്‍ അച്ഛന്‍ നിവര്‍ന്നു കിടക്കുന്നു. നഗ്‌നമായ നെഞ്ചിന്‍കൂട് ഉയര്‍ന്നു താഴുന്നു. അയാള്‍ സൂക്ഷിച്ചു നോക്കി. അയാള്‍ കട്ടിലിനടുത്തേയ്ക്ക് നടന്നു. ഇല്ല, ഒന്നുമില്ല. ശൂന്യത മാത്രം.

മുറിയുടെ വടക്കേ ചുമരിനോട് ചേര്‍ന്ന ചില്ല് അലമാരയില്‍ അച്ഛന്റെ പുസ്തകങ്ങള്‍. അവയില്‍ ചിലതില്‍നിന്ന് ബുക്മാര്‍ക്കിന്റെ മുഷിഞ്ഞ് കീറിയ നാവുകള്‍. അച്ഛന്റെ കണ്ണുകള്‍ സഞ്ചരിച്ച ഇടവഴികളിലൂടെയും ഒറ്റയടിപ്പാതകളിലൂടെയും അച്ഛന്റെ വിരലില്‍ തൂങ്ങി നടക്കാന്‍ അയാള്‍ കൊതിച്ചു.

നീക്കാവുന്ന ഗ്ലാസ് ഡോറുകള്‍ അയാള്‍ക്ക് തുറക്കാന്‍ തോന്നിയില്ല. വീട്ടിലുള്ളപ്പോഴും അയാള്‍ അച്ഛന്റെ പുസ്തകശേഖരം ശ്രദ്ധിക്കാറില്ല. അവയില്‍നിന്ന് അയാള്‍ അകലം പാലിച്ചു. അമ്മയും അവയില്‍ ഒന്നുപോലും വായിച്ചിരിക്കില്ല. പക്ഷേ, അവയെല്ലാം ക്രമത്തില്‍ ഒതുക്കിവെച്ചിരുന്നത് അമ്മയായിരുന്നു.

അമ്മയുടെ പരാതി അയാളുടെ കാതില്‍ മുഴങ്ങി, എടുത്ത പുസ്തകങ്ങള്‍ എടുത്തിടത്ത് വെയ്ക്കാന്‍ നിങ്ങള്‍ക്കറിയില്ലേ, നിങ്ങള്‍ കുട്ടിയൊന്നുമല്ലല്ലോ...

അച്ഛന്‍ പ്രതികരിക്കില്ല. പുസ്തകങ്ങള്‍ അടുക്കും ചിട്ടയുമില്ലാതെ പരസ്പരം കെട്ടിപ്പുണര്‍ന്നും പരിഭവിച്ച് വേറിട്ടും മേശപ്പുറത്തും ജനല്‍പടികളിലും കിടന്നു. അപൂര്‍വ്വം ചിലത് പറക്കുമെന്നു തോന്നും, അച്ഛന്റെ വിരലുകള്‍ തൊട്ടാല്‍.

പക്ഷേ, അച്ഛന്റെ മുറി, അമ്മയായിരിക്കണം, വൃത്തിയാക്കിയിട്ടുണ്ട്. പുസ്തകങ്ങള്‍ അച്ഛനെ കാത്ത് അലമാരകളിലുണ്ട്.

മാംസത്തിന്റെ നിറമുള്ള പി.വി.സി ചാരുകസേര. അമ്മ ശ്രദ്ധയോടെ കുഞ്ഞുങ്ങളെ പുതപ്പിക്കുന്ന ഇളംറോസ് നിറമുള്ള ഫ്‌ലാനല്‍ അതില്‍ വിരിച്ചിട്ടുണ്ട്. അതിനോട് ചേര്‍ത്തിട്ടിരിക്കുന്ന ചൂരല്‍ മേശയില്‍ പുസ്തകങ്ങള്‍. ഇംഗ്ലീഷ് പത്രം. ഒന്നാം പേജിന്റെ കാണാവുന്ന ഭാഗത്തെ വാര്‍ത്തയില്‍ അച്ഛന്റെ അടയാളങ്ങള്‍. ഒരു വര്‍ഷത്തിന്റെ പൊടി ശരീരങ്ങളില്‍ വിവിധങ്ങളായ പ്രാകൃത നിറങ്ങള്‍. അവയില്‍നിന്ന് ഏതെങ്കിലുമൊന്നെടുത്താല്‍ ഡിസൈന്‍ തകരും. വസ്തുക്കള്‍ക്കും ശബ്ദങ്ങള്‍ക്കും ഡിസൈനുണ്ട്. അയാള്‍ കൈ പിന്‍വലിച്ചു.

കിഴക്കേ ചുമരിനോട് ചേര്‍ത്തിട്ടിരിക്കുന്ന മരംകൊണ്ടുള്ള അലമാര വായ അല്പം തുറന്നിട്ടാണ്. വായ മുഴുവനായി അടയ്ക്കാന്‍ അച്ഛന്‍ മറന്നുപോയിട്ടുണ്ടാകും. പോസ്റ്റ്മാര്‍ട്ടം ചെയ്ത അച്ഛന്റെ വായയും അല്പം തുറന്നിട്ടായിരുന്നു, അയാള്‍ ഓര്‍ത്തെടുത്തു.

അലമാരയുടെ കഥ അമ്മ പലതവണ പറഞ്ഞിട്ടുണ്ട്. അത് അച്ഛമ്മയുടെ അമ്മയുടെ അലമാരയായിരുന്നു. അതിവിദഗ്ദ്ധനായ ഒരാശാരിയുടെ കരവിരുതാണ് അതിലുടനീളം. ഇപ്പോഴാണ് അജ്ഞാതനായ

ആ മൂത്താശാരിയുടെ തലച്ചോറും ഹൃദയവും വിരലുകളും സഞ്ചരിച്ച വഴികള്‍ കബീര്‍ ശ്രദ്ധിക്കുന്നത്. ആ വഴികളില്‍ അച്ഛനും യാത്ര ചെയ്തിട്ടുണ്ട്. അതിന്റെ മൂന്ന് തട്ടുകളിലാണ് അച്ഛന്റെ പുസ്തകങ്ങളുടെ കോപ്പികള്‍.

കൂറകളും പ്രാണികളും അയാളുടെ സാന്നിധ്യമറിഞ്ഞ് പുസ്തകങ്ങള്‍ക്കിടയില്‍നിന്നു തലനീട്ടി. അവ പ്രാണഭയത്താല്‍ പലയിടത്തേയ്ക്കും പാഞ്ഞു. അവയോടയാള്‍ മന്ത്രിച്ചു; സ്‌നേഹിതരെ ഞാന്‍ നിങ്ങളെ അക്രമിക്കാന്‍ വന്നതല്ല. അച്ഛനെ തേടി വന്നതാണ്.

ഓരോ പുസ്തകമെടുക്കുമ്പോഴും പ്രാക്തനമായ ധൂളി അയാളെ പൊതിഞ്ഞു. അയാള്‍ക്ക് ശ്വാസം മുട്ടി. എന്നിട്ടും അയാള്‍ പിന്മാറിയില്ല.

അയാള്‍ അവ എണ്ണി. നാല്‍പത്തിയെട്ട് ടൈറ്റിലുകള്‍. അയാള്‍ക്കത്ഭുതം തോന്നി. ഇത്ര പുസ്തകങ്ങളെഴുതിയിട്ടും ഈ മനുഷ്യനെ ആരും എന്തുകൊണ്ട് ശ്രദ്ധിച്ചില്ല? അതോ അവഗണിച്ചതാണോ? ഒരു പുരസ്‌കാരവും അച്ഛനെ തേടിയെത്തിയില്ല? പൊതുവേദികളില്‍ പോകാറില്ല. ഫെയ്‌സ് ബുക്ക് പോലുമില്ല. മൊബൈലും. വീട്ടിലെ ലാന്‍ഡ്‌ഫോണിലാണ് അച്ഛന്‍ സംസാരിച്ച് കണ്ടിട്ടുള്ളത്.

അയാള്‍ പുസ്തകങ്ങള്‍ തിരിച്ച് വെച്ച് വാതില്‍ ചേര്‍ത്തടച്ചു.

നട്ടെല്ല് നിവര്‍ത്തിവെയ്ക്കാവുന്ന പഴയ ഒരു മരക്കസേരയിലിരുന്നാണ് അച്ഛന്‍ എഴുതിയിരുന്നത്. മരം കൊണ്ടുള്ള മേശയിലേയ്ക്ക് എഴുത്ത് പലക ചേര്‍ത്ത്‌വെച്ച്. തടിച്ച ഒരു മഞ്ഞപ്പേനയായിരുന്നു എഴുതാന്‍ ഉപയോഗിച്ചിരുന്നത്. പേനയും കറുത്ത മഷിയുടെ കുപ്പിയും ജനാലപ്പടിയില്‍. റൈറ്റിങ്ങ് പാഡ് മേശമേലും.

കബീര്‍ പടിഞ്ഞാറേയ്ക്കുള്ള ജനല്‍ അല്പം ബുദ്ധിമുട്ടി തുറന്നു. ഒരു ചേരവാല്‍ ജനലിന്റെ ഗ്ലാസ് പാളിയിലൂടെ ഭയപ്പാടോടെ താഴേയ്ക്ക് പതിച്ചു. അത് ധൃതിയില്‍ ചപ്പ്ചവറുകളിലൂടെ പാഞ്ഞു. ചേരയുടെ ഭയം ഒരു നിമിഷം കബീറിനെ പൊതിഞ്ഞു. അത് ശരീരത്തിലൂടെയാണ് ഓടുന്നത്...

ജീവിതത്തിലാദ്യമായി കബീര്‍ അച്ഛന്റെ കസേരയിലിരുന്നു. ജനലിലൂടെ മുറ്റത്തെ മാവിന്റെ പാതിയും തെങ്ങോലയുടെ തലപ്പും ഒടിഞ്ഞുതൂങ്ങിയ പപ്പായ മരവും കാണാം. കിളികളും ശലഭങ്ങളും തിന്നതിന്റെ ബാക്കിയായ ഒരു പപ്പായത്തൊലി മാത്രമായി ഇപ്പോള്‍ വീഴുമെന്ന അവസ്ഥയില്‍...

അച്ഛന്‍ ഇവിടെയിരുന്ന് കണ്ട ലോകങ്ങള്‍ ഏതാണ്? എന്താണ് ചിന്തിച്ചിരുന്നത്? സ്വപ്നം കണ്ടിരുന്നോ?

അച്ഛന്‍ ഒരു ഒച്ചായിരുന്നോ? തോടിനുള്ളിലേയ്ക്ക് വലിഞ്ഞവന്‍? യാത്രകളോട് വിമുഖന്‍?

അയാള്‍ക്ക് എന്തെന്നില്ലാത്ത ലജ്ജയും അപകര്‍ഷവും അനുഭവപ്പെട്ടു.

അച്ഛനെ അയാള്‍ സ്‌നേഹിച്ചിരുന്നോ? വെറുത്തിരുന്നില്ല. എന്തുകൊണ്ട് അച്ഛന്റെ ഒരു പുസ്തകം പോലും തുറന്നുനോക്കിയില്ല. എന്തോ, അച്ഛനേയും തുറന്ന് നോക്കാന്‍ മടിച്ചു.

അയാള്‍ ഇടതുഭാഗത്ത് മേശയോടു ചേര്‍ന്നുള്ള അലമാര തുറന്നു. അച്ഛന്റെ ഡയറികള്‍. ഏറ്റവും മുകളില്‍ കണ്ടത് വലിച്ചെടുത്തു. അവയ്ക്ക് താഴെയുള്ളവ എന്തോ മന്ത്രിച്ചുവോ?

ഡയറി മേശപ്പുറത്ത് വെച്ചു. തുറക്കണോ, വേണ്ടയോ? അച്ഛന്റേതായാലും മറ്റൊരാളിന്റേതായാലും സ്വകാര്യതയിലേയ്ക്ക് അതിക്രമിച്ചു കടക്കുന്നത് ശരിയാണോ?

അയാള്‍ നിമിഷങ്ങളോളം ഡയറിയുടെ ശരീരം തുടച്ചു. അല്പനേരം കണ്ണടച്ചിരുന്നു. അച്ഛന്റെ മുഖം ഉള്ളില്‍ കാണാന്‍ ശ്രമിച്ചു. കണ്ണുകളില്‍ ഇരുട്ട് മാത്രം.

ഡയറിയുടെ ശരീരം വിറച്ചു. പെട്ടെന്ന് അതിന്റെ വിറ തീര്‍ക്കാനെന്നോണം അയാള്‍ ഡയറി തുറന്നു. പ്രാകൃതമായ ഗന്ധം. ഏതോ കാലത്തില്‍നിന്ന്.

അത് തലേ കൊല്ലത്തെയാണ്. അയാള്‍ തിരിച്ച് വെച്ചു. തൊട്ടുതാഴെയുള്ളത് എടുത്തു. ഒരു സങ്കോചവും കൂടാതെ തുറന്നു.

അത് ഈ വര്‍ഷത്തേതാണ്. അയാള്‍ അച്ഛന്‍ മരണപ്പെട്ട ദിവസത്തിലെത്തി. അവിടം ശൂന്യം.

മരണപ്പെടുന്നതിന്റെ രണ്ട് ദിവസം മുന്‍പാണ് അച്ഛനും അമ്മയും നഗരത്തിലെ അയാളുടെ ഫ്‌ലാറ്റിലെത്തിയത്. അച്ഛന്‍ കൂടെ ഡയറി കൊണ്ടുവന്നിട്ടുണ്ടാവില്ല. അതോ എഴുതാതിരുന്നതാണോ?

അതിനു തൊട്ടുമുന്‍പുള്ള തീയതിയുടെ താഴെ അച്ഛന്റെ മനോഹരമായ കൈപ്പടയില്‍ കറുത്ത അക്ഷരങ്ങള്‍... അയാള്‍ ഏടുകള്‍ പിന്നാക്കം മറിച്ചു.

പെട്ടെന്ന് കബീറിന്റെ കണ്ണുകള്‍ അക്ഷരങ്ങളില്‍ കുരുങ്ങിനിന്നു. അയാളുടെ നെഞ്ചിടിപ്പ് ക്രമാതീതമായി.

...ആരാണ് അച്ഛനെ ബൈക്കില്‍ പിന്തുടര്‍ന്നത്?

ആ ഡയറി ബാഗില്‍വെച്ച് അയാള്‍ അലമാര അടച്ചു. ഗൗളികള്‍ അതൊന്നും കാര്യമാക്കാതെ ഇരകളെ പിടിക്കാന്‍ കാത്തിരുന്നു. ഈ വീട്ടില്‍ അവയ്ക്ക് ഇരകള്‍ക്ക് ക്ഷാമമുണ്ടാകില്ല.

തിരിച്ച് നഗരത്തിലേയ്ക്കുള്ള മൂന്ന് മണിക്കൂര്‍ യാത്രയില്‍ അയാള്‍ പതിവുപോലെ ചായ കുടിക്കാന്‍ നിര്‍ത്തിയില്ല. യാന്ത്രികമായി അയാള്‍ െ്രെഡവ് ചെയ്തു.

ബേസ് ഫ്‌ലോറില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഫ്‌ലാറ്റിലെത്തി. അമ്മ ഉറങ്ങി. അല്ലെങ്കില്‍ മുറ്റത്തെ ചെടികളെപ്പറ്റിയും പറമ്പിലെ മരങ്ങളെക്കുറിച്ചും വിശേഷങ്ങള്‍ ചോദിച്ചേനെ. ജനലുകളുടെ മരച്ചട്ടകളിലെ ചിതലുകള്‍ക്ക് മണ്ണെണ്ണ തൂവിച്ചോയെന്ന് തിരക്കിയേനെ.

കുളി കഴിഞ്ഞ് അയാള്‍ ഊണ്‍മുറിയിലെത്തി. ചപ്പാത്തിയും കറിയും ചൂടാറാപെട്ടികളില്‍ അടച്ച് വെച്ചിരുന്നത് ശ്രദ്ധിച്ചില്ല. സ്റ്റീല്‍ ഫ്‌ലാസ്‌കില്‍നിന്നു വെള്ളം കുടിച്ചു. ബാല്‍കണിയിലേയ്ക്ക് നടന്നു. അച്ഛന്‍ കിടക്കാറുള്ള ചാരുകസേരയില്‍ കിടന്നു.

നഗരം ഉറക്കത്തിലേയ്ക്ക് നീങ്ങുകയാണ്.

മെട്രോ ട്രെയിനുകള്‍ ഉറങ്ങാതെ അങ്ങോട്ടുമിങ്ങോട്ടും മത്സരിച്ച് നീങ്ങി.

പിറ്റേന്നു രാവിലെ ഒമ്പതുമണിയോടെ കബീര്‍ പള്ളിയുടെ പിറകിലൂടെയുള്ള ഗോല്‍ഗോത്ത റോഡിലൂടെ നടന്നു. ഒരു ഡച്ച് പാതിരിയാണ് പള്ളിയെ ചുറ്റുന്ന റോഡിന് ആ പേരിട്ടതെന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴും ഈ റോഡിലൂടെയാണ് ദു:ഖവെള്ളിയാഴ്ചകളില്‍ മരക്കുരിശേന്തിയുള്ള ക്രിസ്തുവിന്റെ അന്ത്യയാത്ര. ക്രിസ്തുവായി വേഷമിട്ടവന്റെ പിറകിലും വശങ്ങളിലുമായി ചമ്മട്ടികളും കുന്തങ്ങളുമേന്തിയവര്‍ ആക്രോശിക്കും. ഇടയ്ക്കിടെ ചമ്മട്ടികള്‍ വായുവില്‍ പുളയുന്നത് കേള്‍ക്കാം. ഗില്‍ട്ട് പതിച്ച കുന്തങ്ങള്‍ ഉയരുന്നത് കാണാം. ക്രിസ്തുവിന്റെ നീണ്ട അങ്കിയില്‍നിന്നും ചോരയിറ്റു വീഴും. ആ ഒരു ദിവസം മാത്രമാണോ അയാള്‍ ക്രിസ്തുവാകുന്നത്? അയാള്‍ എന്നും ക്രിസ്തുവിന്റെ പീഡനം അനുഭവിക്കുന്നുണ്ടാകുമോ?

ഒറ്റയ്ക്ക് നഗരത്തിന്റെ ഇടവഴികളിലൂടെ നടക്കേണ്ടെന്ന് കബീര്‍ അച്ഛനോട് നിര്‍ദ്ദേശിച്ചിരുന്നു. അച്ഛന്‍ മൗനത്തിലൂടെ നിര്‍ബ്ബന്ധിച്ചപ്പോള്‍ അയാളാണ് ഗോല്‍ഗോത്ത ചൂണ്ടിക്കാട്ടിയത്.

ദു:ഖവെള്ളിയൊഴിച്ചുള്ള ദിവസങ്ങളില്‍ ഈ റോഡ് വിജനമാണ്. ഇരുചക്രവാഹനങ്ങള്‍ പോലും കുറവാണ്. രാവിലെ ഇറച്ചിയുമായി ചില പെട്ടി ഓട്ടോകള്‍ പോകാറുണ്ട്. പെട്ടി ഓട്ടോകളില്‍ കശാപ്പ് ചെയ്ത മാടുകളുടെ ഇറച്ചി കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. പക്ഷേ, ചട്ടങ്ങള്‍ ലംഘിക്കുന്നതാണ് നഗരത്തിന്റെ പരിഷ്‌കൃതി.

ചിലര്‍ പെട്ടി ഓട്ടോകളിലെ ഇറച്ചിത്തുണ്ടങ്ങള്‍ക്കുമേല്‍ കീറിയ ടാര്‍പ്പാളിനിടും. കാതടപ്പിക്കുന്ന ശബ്ദത്തില്‍ അവ പറക്കുന്നുണ്ടാകും. ചോരത്തുള്ളികള്‍ റോഡില്‍ ചിതറും.

പള്ളിയെ ചുറ്റിയാണ് റോഡ്. ഇടത്തോട്ടുള്ള വളവ് തിരിഞ്ഞ് ഒരു കിലോമീറ്റര്‍ പോയാല്‍ ഫ്‌ലാറ്റിലേയ്ക്കുള്ള വഴിയില്‍ കയറാം. അവിടെ പഴയ രാജാക്കന്മാരുടെ ക്ഷേത്രമുണ്ട്. അച്ഛന് ഫ്‌ലാറ്റിലേയ്ക്കുള്ള ലാന്‍ഡ്മാര്‍ക്കായി കബീര്‍ പറഞ്ഞുകൊടുത്തിരുന്നത് ഈ ക്ഷേത്രമാണ്.

ഗോല്‍ഗോത്ത റോഡില്‍ പള്ളിയുടെ കൂറ്റന്‍ മതിലിനോട് ചേര്‍ന്നുള്ള കാനയുടെ സ്ലാബ് തകര്‍ന്നിടത്ത് ഉയര്‍ന്നുനിന്നിരുന്ന കൂര്‍ത്ത കരിങ്കല്ലില്‍ തലയുടെ പിന്‍ഭാഗം വന്നിടിച്ച നിലയിലാണ് അച്ഛന്‍ കിടന്നിരുന്നതെന്നാണ്, പിന്നീട് അറിയാനായത്. മെയിന്‍ റോഡില്‍നിന്ന് കഷ്ടിച്ച് ഒന്നര ഫര്‍ലോങ്ങ് ദൂരെ.

മുന്നോട്ട് നടന്നിരുന്ന അച്ഛന്‍ പിന്നില്‍നിന്ന് ഏതെങ്കിലും വാഹനത്തിന്റെ ശബ്ദം കേട്ട് പിന്നാക്കം തിരിഞ്ഞ് നിന്നതാകാം. അന്നേരം എന്തോ കാരണത്താല്‍ പിന്നാക്കം മലച്ച് കൂര്‍ത്ത കരിങ്കല്ലില്‍ തലതട്ടിയതാകാം.

ഗോല്‍ഗോത്തയില്‍ ആ കൂര്‍ത്ത കരിങ്കല്ല് ഇപ്പോഴുമുണ്ട്.

നഗരസഭ ഇനിയും അവിടം റിപ്പയര്‍ ചെയ്തിട്ടില്ല.

കബീര്‍ കുന്തിച്ചിരുന്ന് കരിങ്കല്ലിന്റെ കൂര്‍ത്ത മുന ശ്രദ്ധിച്ചു. ഒരു മഴക്കാലം കരിങ്കല്ലിനെ തഴുകിയൊഴുകിയിട്ടുണ്ടെങ്കിലും വേനല്‍പൊടി അതിന്റെ ഇളുമ്പുകളില്‍ പറ്റിക്കിടപ്പുണ്ട്. ഇങ്ങനെയൊരു കരിങ്കല്ലുകൊണ്ടാകാം കായേന്‍ ഹാബേലിനെ തലയ്ക്കടിച്ച് കൊന്നത്.

കബീര്‍ കാനയുടെ ഉള്ളിലേയ്ക്ക് നോക്കി, തകര്‍ന്ന സ്ലാബിന്റെ ഇടയിലൂടെ ദുര്‍ഗന്ധം വമിക്കുന്ന അഴുക്കുവെള്ളത്തിനു മീതെ ഇന്നോ ഇന്നലെയോ കൊണ്ടിട്ട പ്ലാസ്റ്റിക് ഉറ പൊട്ടി ഇറച്ചിക്കറിയുടെ അവശിഷ്ടങ്ങള്‍.

കബീറിന്റെ വിരലുകള്‍ കരിങ്കല്ലിന്റെ കൂര്‍മ്മതയില്‍ സ്പര്‍ശിച്ചു. ആദിമമായ ഇളംചൂട്. സാവകാശം വിരലുകള്‍ കരിങ്കല്ലിന്റെ പ്രതലത്തിലൂടെ സഞ്ചരിച്ചു. അച്ഛന്റെ മുണ്ഡനം ചെയ്യപ്പെട്ട തലയിലൂടെയെന്നപോലെ.

അയാള്‍ കണ്ണടയൂരി കണ്ണ് തുടച്ചു.

മൊബൈലില്‍ വിവിധ ആംഗിളുകളില്‍ കരിങ്കല്ലിന്റെ ചിത്രങ്ങളെടുത്തു.

പതിനൊന്നു മണിക്ക് കബീര്‍ ഗോല്‍ഗോത്തയുടേയും പരിസരങ്ങളുടേയും മേല്‍നോട്ടമുള്ള പൊലീസ് സ്‌റ്റേഷനില്‍ എത്തി. നഗരത്തിലുള്ള ജനമൈത്രി പൊലീസ് സ്‌റ്റേഷനുകളിലൊന്ന്.

പാറാവുകാരന്‍ അയാളെ പുഞ്ചിരിയോടെ സ്വീകരിച്ചു. വീതിയുള്ള വരാന്തയുടെ ഒരു ഭാഗത്ത് രണ്ട് അലമാരകളിലായി പുസ്തകങ്ങള്‍ അടുക്കിവെച്ചിട്ടുണ്ട്. പത്രങ്ങള്‍ നിരത്തിയ ചെറിയ മേശയും നാലഞ്ച് കസേരകളും.

ജീവിതത്തിലാദ്യമായാണ് കബീര്‍ ഒരു പൊലീസ് സ്‌റ്റേഷനില്‍ കയറുന്നത്. നിരവധി തവണ അയാള്‍ ഷൂട്ടിങ്ങ് സെറ്റില്‍ പൊലീസ് സ്‌റ്റേഷന്റെ ഭാഗമായിട്ടുണ്ട്. അയാള്‍ക്ക് അല്പം പരിഭ്രമം തോന്നാതിരുന്നില്ല.

സ്‌റ്റേഷന്റെ ചുമതലയുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മൊബൈലില്‍ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട്. അയാളെ കണ്ടതും കസേരയില്‍ ഇരിക്കാന്‍ ആംഗ്യം കാട്ടി.

കബീര്‍ ചുറ്റിനും കണ്ണോടിച്ചു.

ചുമരില്‍ നിറം മങ്ങി തിരിച്ചറിയാന്‍ പ്രയാസമുള്ള ചിത്രം. ചിത്രത്തിനു താഴെ എന്തോ എഴുതിയിട്ടുണ്ട്.

അയാളുടെ സംശയം തീര്‍ക്കാനായി സര്‍ക്കിള്‍ പറഞ്ഞു:

ഒരു മാസം മുമ്പത്തെ പെയിന്റിങ്ങില്‍ മാഞ്ഞുപോയതാണ്. ഒരു ആര്‍ട്ടിസ്റ്റിനോട് വിളിച്ച് പറഞ്ഞിട്ടുണ്ട്. കലാകാരന്മാരല്ലേ! പറഞ്ഞ സമയത്ത് വരില്ല. പൊലീസായതുകൊണ്ട് വരും, വരാതിരിക്കില്ല.''

ഒരു പഴയകാല സിനിമാനടന്റെ ഛായയുണ്ടായിരുന്ന സര്‍ക്കിള്‍ പുഞ്ചിരിച്ചു. റോസാപ്പൂവിന്റെ നിറം ചുണ്ടുകളില്‍ തെളിഞ്ഞു.

കബീര്‍ ഒരു വര്‍ഷം മുന്‍പുള്ള പേപ്പര്‍ കട്ടിങ്ങിന്റെ ഫോട്ടോ കോപ്പി സര്‍ക്കിളിനു നീട്ടി.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക 
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക 

വളരെ ശ്രദ്ധയോടെയാണ് അയാള്‍ വായിച്ചത്. വെറും മൂന്നിഞ്ച് നീളമുള്ള വാര്‍ത്ത വായിക്കാന്‍ അഞ്ചെട്ട് മിനിട്ടെങ്കിലും എടുത്ത്കാണും. സര്‍ക്കിളിന്റെ നെറ്റി ചുളിഞ്ഞു. ഫോട്ടോകോപ്പി തിരിച്ച് നല്‍കി ചോദ്യഭാവത്തില്‍ കബീറിനെ നോക്കി.

കബീര്‍ തെളിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു: 'അച്ഛന്റെ മരണത്തില്‍ എനിക്ക് സംശയമുണ്ട്.'

ഇന്‍സ്‌പെക്ടര്‍ മുന്നോട്ടേയ്ക്കാഞ്ഞിരുന്നു: 'സാര്‍, ഈ വലിയ നഗരത്തില്‍ ദിവസം എത്ര അപകടമരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? െ്രെകം റെക്കോര്‍ഡ് ബ്യൂറോവിന്റെ കണക്കുപ്രകാരം ഇരുപത്തിനാല് മരണങ്ങള്‍. മാസത്തില്‍ 750, ഒരു കൊല്ലം ഏതാണ്ട് 900. ഇവയില്‍ പലതും റോഡ് ആക്‌സിഡന്റാണ്. മൊബൈല്‍ ചെവിയില്‍ വെച്ച് റോഡും റെയിലും മുറിച്ച് കടക്കുന്നവര്‍. അശ്രദ്ധമായി ഹൈസ്പീഡില്‍ പുതിയതരം ബൈക്കുകളോടിക്കുന്ന യുവാക്കള്‍ വലിയ വാഹനങ്ങളെ നിയമം ലംഘിച്ച് ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ അപകടത്തില്‍ പെടുന്നവര്‍. ഫ്‌ലാറ്റുകളില്‍നിന്നു വീണ് മരിക്കുന്നവര്‍. വിഷം കഴിക്കുന്നവര്‍. തൂങ്ങിച്ചാവുന്നവര്‍. നിങ്ങളുടെ അച്ഛന്റേതുപോലുള്ള എട്ടുമരണമെങ്കിലും ഇക്കഴിഞ്ഞ വര്‍ഷം സംഭവിച്ചിട്ടുണ്ട്. എത്ര പറഞ്ഞാലും നഗരസഭ കാനകളുടെ ഇളകിപ്പോയ സ്ലാബുകള്‍ റീപ്ലെയിസ് ചെയ്യില്ല.'

നെടുവീര്‍പ്പോടെ സര്‍ക്കിള്‍ തുടര്‍ന്നു: 'നിങ്ങളുടെ അച്ഛന്റെ മരണം ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നുണ്ട്. ഞാന്‍ തന്നെയായിരുന്നു ചാര്‍ജ്ജില്‍. കണ്ണിറുക്കി കൂട്ടിച്ചേര്‍ത്തു. മുകളില്‍ ശക്തമായ പിടിയുള്ളതുകൊണ്ടാണ് ഈ കസേരയില്‍ രണ്ടാം വര്‍ഷവും ഇരിക്കാനായത്. ഭാര്യ ഇവിടുത്തെ കോളേജില്‍ ലക്ചററാണ്. വിവാഹം കഴിഞ്ഞ് പത്തുവര്‍ഷമായി ആദ്യമായാണ് നഗരത്തിലേയ്ക്ക് ഒരു ട്രാന്‍സ്ഫര്‍ വാങ്ങാനായത്. ഞങ്ങളും മനുഷ്യരല്ലേ സാര്‍...'

'സാര്‍, ഈ നഗരത്തില്‍ ഇത്രമാത്രം അപകടമരണങ്ങള്‍ സംഭവിക്കാന്‍ എന്താണ് കാരണമെന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്. മനുഷ്യന്റെ അശ്രദ്ധ. നിയമം തെറ്റിക്കാത്ത ഒരുത്തനുമില്ല...'

'നിങ്ങളുടെ അച്ഛന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കാന്‍, എന്താണ് നിങ്ങളുടെ കയ്യിലുള്ള തെളിവുകള്‍? കൃത്യമായ തെളിവുകളില്ലാതെ അസ്വാഭാവിക മരണമായി ക്ലോസ് ചെയ്ത ഒരു ഫയലും റീ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കില്ല. നഗരത്തില്‍ മരണപ്പെട്ട തൊള്ളായിരം പേരുടെ മക്കളോ ബന്ധുക്കളോ ഞങ്ങളുടെ മുന്‍പില്‍ വന്നാല്‍ ഞങ്ങള്‍ക്കെന്ത് ചെയ്യാന്‍ കഴിയും?'

'സാര്‍, നിങ്ങള്‍ കാഫ്കയുടെ 'കാസില്‍' വായിച്ചിട്ടുണ്ടോ?'

അയാളുടെ ഉത്തരത്തിന് കാക്കാതെ സര്‍ക്കിള്‍ തുടര്‍ന്നു:

'യൂണിവേഴ്‌സിറ്റി കോളേജില്‍ എം.എ ഇംഗ്ലീഷിനു പഠിക്കുമ്പോഴാണ് ഞാന്‍ വായിച്ചത്. ഒരു കിടിലന്‍ പുസ്തകം. നിങ്ങളെപ്പോലെ സംശയാലുക്കള്‍ വായിക്കേണ്ടത്. ഞാന്‍ നമ്മുടെ ജനമൈത്രിയിലേയ്ക്ക് ഒരു കോപ്പി വാങ്ങിയിട്ടുണ്ട്.

'അതെ, സാര്‍, ദുരൂഹമായ ഒരു കൂറ്റന്‍ ദുര്‍ഗ്ഗമാണ് ഈ നഗരം. എത്രയെത്ര റോഡുകള്‍. ബൈ ലെയിനുകള്‍. മനുഷ്യര്‍. അപകടമരണങ്ങള്‍. നിങ്ങളുടെ അച്ഛന്‍ ഈവനിങ്ങ് വാക്കിന് പോയ ഗോല്‍ഗോത്തയിലൂടെ ഞാനും പോയിട്ടുണ്ട്. അതിലൂടെ പോകുന്നത് ഒരു മെഡിറ്റേഷനാണ് സാര്‍. തിരക്കിട്ട നഗരത്തിലെ ശാന്തമായ ബൈലെയിന്‍. ഇവിടെ ചാര്‍ജെടുത്ത് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ഞാനാ വഴി പോയത്. പള്ളിയില്‍നിന്ന് ഒരു ക്രിസ്തീയഗാനം ഒഴുകിയെത്തിയിരുന്നു. തീര്‍ച്ചയായും നിങ്ങളുടെ അച്ഛനും ഒരു മെഡിറ്റേഷന്‍ മൂഡിനു വേണ്ടിയായിരിക്കും അതിലൂടെ നടന്നിട്ടുണ്ടാവുക.'

'നിങ്ങളുടെ അച്ഛന്റെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോഴാണ് അദ്ദേഹം എഴുത്തുകാരനാണെന്നറിഞ്ഞത്. ഉടനെ ഞാന്‍ ഗൂഗിളില്‍ കയറി. ഒരു പുസ്തകം അദ്ദേഹത്തിന്റെ പേരില്‍ കണ്ടു. ഉടനെ ആമസോണില്‍ വരുത്തി. ഇറ്റ് ഈസ് അമേസിങ്ങ് ബുക്ക്... ഫന്റാസ്റ്റിക്... എന്തായിരുന്നു അതിന്റെ തീം?'

അച്ഛന്റെ ഡയറിയിലെ രണ്ട് പുറങ്ങളുടെ ഫോട്ടോകോപ്പി സര്‍ക്കിളിനു നീട്ടി. അവ വായിച്ച് അയാള്‍ അത്ഭുതപ്പെട്ടു.

'എന്തൊരു മനോഹരമായ ഹാന്‍ഡ്‌റൈറ്റിങ്ങ്. എഴുത്തുകാരന് ചേര്‍ന്നത്.'

ഫോട്ടോകോപ്പികളുടെ ദീര്‍ഘചതുരങ്ങള്‍ക്കുമേല്‍ പേപ്പര്‍ വെയ്റ്റ് എടുത്തുവെച്ചു. ശവപ്പെട്ടിക്കുമേല്‍ ഭാരം കയറ്റിവച്ച തൃപ്തിയില്‍ സര്‍ക്കിള്‍ പൊട്ടിച്ചിരിച്ചു.

'സര്‍, ഇതെന്തൊരു തെളിവ്! എഴുപതു വയസ്സായ ഒരു വൃദ്ധന്‍ ഹലൂസിനേഷന്‍സ്... നിങ്ങള്‍ എന്നെപ്പോലെ വിദ്യാസമ്പന്നന്‍! ഹലൂസിനേഷന്‍സ് തെളിവായെടുക്കാന്‍ ഒരു നിയമത്തിനും കഴിയില്ല.'

'നിങ്ങളുടെ അച്ഛന്‍ പുലര്‍ച്ചെ നടന്നുപോകുമ്പോള്‍ ബൈക്കില്‍ ഒരപരിചിതനെത്തി വട്ടമിട്ട് ഓടിച്ചുപോയി... ഹാ ഹാ ഹാ...' അയാളുടെ ചിരി നീണ്ടു.

'...എങ്കിലും ഞാനിത് ഫയലില്‍ വെയ്ക്കാം. എകഞഉം ഫോട്ടോഗ്രാഫുകളും പോസ്റ്റ് റിപ്പോര്‍ട്ടും ഒന്നുകൂടി വായിച്ചു പഠിക്കാം. ഞാന്‍ തന്നെയാണ് ആ കേസ് അന്വേഷിച്ചതും ഫൈനല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതുമെല്ലാം. നോക്കൂ, ഇപ്പോള്‍ പോസ്റ്റ്മാര്‍ട്ടം റൂമില്‍ കാമറകള്‍ ഫിറ്റ് ചെയ്തിട്ടുണ്ട്. സംശയത്തിന്റെ നിഴല്‍പോലും ഇല്ലാതിരിക്കാന്‍. ആ കരിങ്കല്ലിനു മുകളില്‍ ആര് തലയടിച്ച് വീണാലും മരണം സംഭവിക്കും...'

'പിന്നെ, നഗരത്തില്‍ ഒരു മാനസികാരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നത് നിങ്ങള്‍ക്കറിയാമല്ലോ. അവിടെ കേന്ദ്രത്തിന്റേയും സ്‌റ്റെയിറ്റിന്റേയും ഒരു ജോയിന്റ് വെന്‍ച്വറായി അത്യാധുനിക രീതിയില്‍ ഒരു വാര്‍ഡ് പണികഴിപ്പിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍നിന്ന് ആഭ്യന്തരമന്ത്രി എത്തിയാണ് ഉദ്ഘാടനം ചെയ്തത്. ഹലൂസിനേഷന്‍സുള്ള വൃദ്ധന്മാരെ പാര്‍പ്പിക്കാനുള്ള ഐഡിയല്‍ പ്ലേസ്. വാര്‍ഡിന്റെ ഓരോ സെല്ലിലും ഹാളിലും എന്തിന് ശുചിമുറിയില്‍പോലും ഘടിപ്പിച്ചിട്ടുള്ള ഇസ്രയേലില്‍നിന്ന് ഇംബോര്‍ട്ട് ചെയ്ത എ.ഐ ക്യാമറകള്‍ വൃദ്ധന്മാരുടെ തലച്ചോറിലേയും ഹൃദയത്തിലേയും അതിസൂക്ഷ്മ വ്യതിയാനങ്ങള്‍പോലും തിരിച്ചറിഞ്ഞ് റെക്കോര്‍ഡ് ചെയ്യും... കേന്ദ്രത്തിലെ മനോരോഗ വിദഗ്ദ്ധരുടെ സ്‌ക്രീനിലെത്തും. ഇപ്പോള്‍ ഏഴ് പേരുണ്ടവിടെ. തിരിച്ചറിയാനായി തല മുണ്ഡനം ചെയ്തിട്ടുണ്ട്. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ നിങ്ങളുടെ അച്ഛനെ അവിടേയ്ക്ക് അയയ്ക്കാമായിരുന്നു. റിയലി വി ലോസ്റ്റ് ആന്‍ ഗോള്‍ഡന്‍ ചാന്‍സ്...'

'സാര്‍, ചോദിക്കുന്നതില്‍ വിഷമം തോന്നരുത്. പത്ത് നാല്‍പത്തിയാറ് ബുക്കുകളെഴുതിയ ഒരെഴുത്തുകാരന്റെ മരണം എന്തെ മൂന്നിഞ്ച് വാര്‍ത്തയില്‍ ചുരുങ്ങി? സോഷ്യല്‍ മീഡിയായും പത്രങ്ങളും ഒരു വരിയെഴുതുന്നവരെപ്പോലും ആഘോഷിക്കുമ്പോള്‍...'

കബീര്‍ നിശ്ശബ്ദനായി.

ഇത്തവണ സര്‍ക്കിള്‍ 'കബീര്‍' എന്ന് അഭിസംബോധന ചെയ്ത് ചോദിച്ചു: '...അച്ഛന്റെ പുസ്തകങ്ങള്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ?'

അയാള്‍ തലതാഴ്ത്തി.

'സോറി സാര്‍, നിങ്ങളെ ഹര്‍ട്ട് ചെയ്യാന്‍ പറഞ്ഞതല്ല.'

സര്‍ക്കിളിന്റെ മൊബൈല്‍ ശബ്ദിച്ചു. 'നീയും മോളും റെഡിയായിക്കോ. ഞാന്‍ പത്ത് മിനിട്ടിനുള്ളിലെത്തും.'

'ഭാര്യയാണ്. ഇന്ന് ഞങ്ങളുടെ പത്താമത്തെ വെഡ്ഡിങ്ങ് ആനിവേഴ്‌സറിയാണ്. വൈറ്റ് കാസിലില്‍ ഡിന്നറിന് കൊണ്ടുപോകാമെന്നേറ്റിട്ടുണ്ട്.'

അതും പറഞ്ഞ് ഇന്‍സ്‌പെക്ടര്‍ മുറിയില്‍നിന്നു പുറത്ത് കടന്നു. അയാളുടെ ബൂട്ടിന്റെ ശബ്ദത്തില്‍ തറ കുലുങ്ങി.

ഏപ്രില്‍ ചൂടിന്റെ കൂര്‍ത്ത കുന്തങ്ങള്‍ കബീറിന്റെ നെറ്റിയിലും തലയിലും പതിച്ചു. തലപൊട്ടിപ്പിളരുന്നു.

സ്‌റ്റേഷന്‍ മതിലിനോട് ചേര്‍ന്ന് നിരത്തിയിട്ടുള്ള ചട്ടികളിലെ ഉണങ്ങിക്കരിഞ്ഞ ചെടികള്‍ കണ്ടപ്പോള്‍ അയാള്‍ ബാല്‍ക്കണിയിലെ ചെടികളെ കണ്ടു. വെള്ളമൊഴിച്ചിട്ട് ദിവസങ്ങളായി. അവയും കരിഞ്ഞു കാണും.

അയാള്‍ നേരെ പോയത് അച്ഛന്റെ മൃതദേഹത്തിന്റെ ഫോട്ടോകള്‍ എടുത്ത ശാലിനി മുസാഫിറിന്റെ വീട്ടിലേയ്ക്കാണ്. ഒരു പഴയ ഓട് വീട്. മുമ്പില്‍ ഒരു നീല ടാര്‍പാളിന്‍ വലിച്ചുകെട്ടിയിട്ടുണ്ട്. അതില്‍ ഒരു പഴയ സ്‌കൂട്ടി.

നഗരത്തിലെ ഏറ്റവും പഴയ ചേരിയില്‍ ഉള്ളിലേയ്ക്ക് നീങ്ങിയാണ് വീട്. കാര്‍ ഒന്നൊന്നര കിലോമീറ്റര്‍ ദൂരെയിട്ട് നടന്നാണ് കബീര്‍ അവിടെയെത്തിയത്. പലരോടും വഴി ചോദിച്ച്. പൊലീസ് ഫോട്ടോഗ്രാഫര്‍ മുസാഫിറിന്റെ വീട് ചോദിച്ചാല്‍ കണ്ടുപിടിക്കാന്‍ പ്രയാസമുണ്ടാകില്ലെന്നാണ് സ്‌റ്റേഷനിലെ ഒരു കോണ്‍സ്റ്റബിള്‍ പറഞ്ഞത്. മുസാഫിറിനെ അറിയാത്തവര്‍ ആ ചേരിയില്‍ ആരുമുണ്ടായിരുന്നില്ല.

ഇടവഴികളിലെ നാലഞ്ച് കോര്‍ണറുകളില്‍ പൈപ്പുകള്‍ക്കു താഴെ പ്‌ളാസ്റ്റിക് കുടങ്ങളും ഒഴിഞ്ഞ പെയിന്റ് പാട്ടകളും നിരത്തി കാത്തുനില്‍ക്കുന്ന സ്ത്രീകളും കുട്ടികളും. കുട്ടികളില്‍ ചിലരുടെ കണ്ണുകള്‍ മൊബൈലുകളിലാണ്. കറുത്ത് മെലിഞ്ഞ സ്ത്രീകളുടെ മുഖങ്ങള്‍ ചട്ടികളിലെ ചെടികളെപ്പോലെ കരിഞ്ഞിട്ടുണ്ട്. പലരും ശാപവാക്കുകള്‍ പിറുപിറുത്തു. ആരോടാണെന്ന് അവര്‍ക്കുപോലുമറിയില്ല. ചിലരുടെ വിയര്‍പ്പും ചെളിയുമുള്ള കഴുത്തുകളില്‍നിന്നു കറുത്ത ചരടില്‍ കോര്‍ത്ത സാമാന്യത്തിലധികം വലുപ്പമുള്ള കുരിശുകള്‍.

ബേബിമെറ്റലിട്ട ഇടവഴികളിലൂടെ നടക്കുമ്പോള്‍ അയാളുടെ ഷൂസ് കരഞ്ഞു.

വീട്ടില്‍ ആരെങ്കിലും ഉള്ള ലക്ഷണമില്ല. എങ്കിലും പ്രതീക്ഷയോടെ കബീര്‍ കോളിങ്ങ് ബെല്ലിന്നായി കുമ്മായമടര്‍ന്ന് വിണ്ടുകീറിയ ചുമരില്‍ തപ്പി. എന്തുചെയ്യണമെന്നറിയാതെ ചുറ്റിനും കണ്ണോടിച്ചു. പഴയൊരു ചരടില്‍ തൂങ്ങിയ ഓട്ടുമണിയും അതിന്റെ നാക്കിലെ ചരടും കണ്ട് ആശ്വസിച്ചു.

കബീര്‍ ചരടില്‍ പതുക്കെ വലിച്ചു. അകത്ത് ഓട്ടുമണി പ്രതിദ്ധ്വനിച്ചു.

അയാള്‍ കാത്തു.

വീണ്ടും ചരടിലേയ്ക്ക് വിരലുകള്‍ നീണ്ടു.

അന്നേരം മദ്ധ്യവയസ്‌കയായ പ്രൗഢയായ ഒരു സ്ത്രീ പുറത്ത് വന്നു. ചുണ്ടുകളില്‍ ചെറുപുഞ്ചിരി.

ആരാണ്, എന്താണ് വേണ്ടത് എന്നര്‍ത്ഥത്തില്‍ അവര്‍ കബീറിനെ നോക്കി.

'ശാലിനി മുസാഫിര്‍?'

അവര്‍ തലയാട്ടി. അവരുടെ നാലഞ്ച് മുടിയിഴകള്‍ നരച്ചിട്ടുണ്ട്. മുഖം കരിവാളിച്ചതെങ്കിലും കണ്‍കോണുകളില്‍ പ്രകാശം ഇറ്റുനില്‍ക്കുന്നുണ്ട്. ഇളം റോസ് നിറത്തിലുള്ള നൈറ്റിയാണ് അവര്‍ ധരിച്ചിരുന്നത്. അതിന്റെ നിറം കെട്ടിരുന്നു.

കബീര്‍ സ്വയം പരിചയപ്പെടുത്തി. അച്ഛന്റെ മരണവും സര്‍ക്കിളുമായുണ്ടായ കൂടിക്കാഴ്ചയും ചുരുക്കിപ്പറഞ്ഞു.

'താങ്കളുടെ അച്ഛനോട് എനിക്കെന്തോ അകാരണമായ അടുപ്പം തോന്നിയിരുന്നു. ചിലപ്പോഴൊക്കെ എന്റെ കരാര്‍ ജീവിതത്തില്‍ അങ്ങനെ സംഭവിക്കാറുണ്ട്. ഡീറ്റാച്ചിഡ് ആവണമെന്ന് എത്ര വിചാരിച്ചാലും സാധിക്കില്ല.'

'കബീര്‍ വരൂ അകത്തിരിക്കാം.'

കട്ടിലില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന എല്ലും തോലുമായ മനുഷ്യനെ ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു:

'മുസഫിര്‍. എന്റെ ഭര്‍ത്താവ്. ഒരുകാലത്ത് നഗരത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്നു. അദ്ദേഹമെടുത്ത ഫോട്ടോകള്‍ ശ്രദ്ധിച്ചാല്‍ ഏത് മര്‍ഡര്‍ കേസിന്റേയും കുരുക്കഴിക്കാന്‍ കഴിയുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുമായിരുന്നു. ഫോട്ടോയെടുക്കുമ്പോള്‍ ഒരു കരിങ്കല്ലട്ടിമേല്‍ വീണതാണ്. നട്ടെല്ല് തകര്‍ന്നു. നഗരത്തിലുണ്ടായിരുന്ന ഫ്‌ലാറ്റും സ്റ്റുഡിയോയും കാറുമെല്ലാം വിറ്റ് കുറെക്കാലം ചികിത്സിച്ചു. പിന്നെ ഇവിടെയെത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ ദയകൊണ്ട് അദ്ദേഹത്തിന്റെ പണികള്‍ അവര്‍ എനിക്കു തന്നു. ഇപ്പോള്‍ സ്വാധീനമുള്ള ചെറുപ്പക്കാര്‍ വരുന്നതുകൊണ്ട് പണി കുറവാണ്. കഴിഞ്ഞുപോകാം. പത്താംക്ലാസ് പരീക്ഷയെഴുതി റിസല്‍ട്ട് കാത്തിരിക്കുന്ന മകള്‍, താങ്കള്‍ കണ്ട് കാണും, വെള്ളത്തിന്റെ ക്യൂവിലുണ്ടാകും...'

വൃത്തിയും വെടിപ്പുമുള്ള മുറി. ഒരു വശത്ത് കംപ്യൂട്ടര്‍. കംപ്യൂട്ടര്‍ മേശമേല്‍ കുറച്ച് പുസ്തകങ്ങള്‍. ചുവരില്‍ ബുദ്ധന്റെ പഴകി ദ്രവിച്ച ചിത്രം.

അവര്‍ മേശയ്ക്കടിയില്‍നിന്ന് ഒരു പ്ലാസ്റ്റിക് സ്റ്റൂള്‍ നീക്കിയിട്ടു.

കബീര്‍ തീയതി കുറിച്ച പ്രസ്സ് കട്ടിങ്ങ് അവര്‍ക്കു നീട്ടി.

'വേണ്ട. എനിക്കാ തീയതിയും മാസവും മന:പാഠമാണ്. പത്ത് വര്‍ഷം മുന്‍പ് അതേ ദിവസം തന്നെയാണ് മുസഫിറിനും അപകടം പിണഞ്ഞത്. മുസഫിര്‍ എന്തുകൊണ്ടോ മരണപ്പെട്ടില്ല. താങ്കളുടെ അച്ഛന്‍...'

ശാലിനി കംപ്യൂട്ടര്‍ തുറന്നു. അയാളുടെ അച്ഛന്റെ ഇമേജുകളിലെത്തി. അവര്‍ സ്റ്റൂളില്‍നിന്ന് അയാളോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു.

ഓരോ ഇമേജും കബീര്‍ ശ്രദ്ധയോടെ നിരീക്ഷിച്ചു. സൗണ്ട് ട്രാക്കിലൂടെ നീങ്ങുമ്പോള്‍ സ്റ്റുഡിയോ സ്‌ക്രീനില്‍ തെളിയുന്ന ഇമേജുകളല്ല ഇവ. എന്റെ അച്ഛനാണ്.

അയാള്‍ കണ്ണടയൂരി. കണ്ണ് തുടച്ചു. പോസ്റ്റ്മാര്‍ട്ടം ചെയ്ത മൃതദേഹം കണ്ടപ്പോഴോ വീട്ടിലെ സ്വീകരണമുറിയില്‍ അച്ഛനെ ഇറക്കിക്കിടത്തിയപ്പോഴോ ചിതയ്ക്ക് തീ കൊളുത്തിയപ്പോഴോ കണ്ണ് നനയുകയുണ്ടായില്ല.

അയാള്‍ ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ടു.

ഒരു കൈ അയാളുടെ തോളില്‍ സ്പര്‍ശിച്ചു...

അവര്‍ അകത്തുപോയി വെള്ളവുമായെത്തി.

അച്ഛന്റെ മുണ്ഡനം ചെയ്യപ്പെട്ട തലയുടെ വിവിധ പോസുകള്‍. അവ അച്ഛന്റേതാണോ?

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക 
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക 

അയാളുടെ അര്‍ധവിരാമം ശ്രദ്ധിച്ച ശാലിനി പറഞ്ഞു: 'കബീര്‍ സംശയിക്കേണ്ട. അത് താങ്കളുടെ അച്ഛന്റേതുതന്നെയാണ്. മുണ്ഡനം ചെയ്യപ്പെട്ട ശിരസ്സുകള്‍...' ഒന്നു നിര്‍ത്തി അവര്‍ കൂട്ടിച്ചേര്‍ത്തു. 'അടുത്തിടെ നഗരത്തിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച വാര്‍ഡിലുണ്ടായ മരണം ക്യാമറയിലാക്കാന്‍ ചെന്നപ്പോള്‍ മുണ്ഡനം ചെയ്യപ്പെട്ട ആറേഴ് ശിരസ്സുകള്‍ അവിടെ കണ്ടു. അവയില്‍ ഒരു തലയുടെ ഉടമസ്ഥനെ, വാര്‍ഡിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആ വൃദ്ധന്റെ ഫോട്ടോകള്‍ എടുക്കലായിരുന്നു അന്നത്തെ എന്റെ കഞ്ഞി.'

അയാള്‍ കംപ്യൂട്ടറില്‍തന്നെ നോക്കിയിരിക്കുന്ന കണ്ട് ശാലിനി പറഞ്ഞു: 'കബീര്‍, ആവശ്യമെങ്കില്‍ അവ താങ്കള്‍ക്ക് താങ്കളുടെ മെയിലിലേയ്ക്ക് അയയ്ക്കാം. അതിന് തടസ്സമില്ല.'

അയാള്‍ മെയിലിലേയ്ക്ക് ഫോര്‍വേഡ് ചെയ്തു.

മുസഫിറിനെ ഒരിക്കല്‍കൂടി നോക്കി. തലതാഴ്ത്തി വാതില്‍ കടന്നു.

എതിരെ അവരുടെ മകള്‍, രണ്ട് കൈകളിലും വെള്ളം നിറച്ച പ്ലാസ്റ്റിക് കുടങ്ങളുമായി... അവള്‍ തുറന്ന് ചിരിച്ചു.

അമ്മ പറഞ്ഞു: 'ചാരൂ. ഇത് കബീറങ്കിള്‍...'

ചാരുലത കുടങ്ങള്‍ താഴെവെച്ചു.

'നമസ്‌കാരം അങ്കിള്‍...'

അയാള്‍ കൈകൂപ്പി. യാത്ര പറഞ്ഞു.

കാറിനടുത്തെത്തി. കുറച്ച് യുവാക്കള്‍ കാറിനെ വളഞ്ഞിട്ടുണ്ട്. അയാള്‍ക്ക് പിറകിലായി വന്ന ശാലിനിയെക്കണ്ട് അവര്‍ പിന്മാറി.

അയാള്‍ ചിരിച്ച് വണ്ടിയില്‍ കയറി, കാര്‍ മുന്നോട്ടെടുത്തു.

എതിരെ വന്ന വെള്ളം നിറച്ച ടാങ്കര്‍ ലോറിക്ക് സൈഡ് കൊടുത്ത് കാര്‍ ഹൈവേയിലേയ്ക്ക് നീങ്ങി.

പിറ്റേന്ന് പതിനൊന്ന് മണിയോടെ കബീര്‍ സര്‍ക്കിളിന്റെ ഓഫീസിലെത്തി. ഏകദേശം ഒന്നര മണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് മുറിയില്‍ ആളൊഴിഞ്ഞത്. വാതിലില്‍ മിനിട്ടുകളോളം നിന്നിട്ടും ഇന്‍സ്‌പെക്ടര്‍ അയാളെ കണ്ടതായി ഭാവിച്ചില്ല. അകത്ത് കടന്ന് ഗുഡ്‌മോണിങ്ങ് പറഞ്ഞെങ്കിലും പ്രതികരണമുണ്ടായില്ല.

മുന്നില്‍ തുറന്നുവെച്ച ഫയലില്‍നിന്ന് ഇന്‍സ്‌പെക്ടര്‍ മുഖമുയര്‍ത്തിയില്ല. അയാള്‍ സംസാരിക്കാന്‍ തുനിഞ്ഞതും ഇന്‍സ്‌പെക്ടര്‍ ഏതോ നമ്പര്‍ ഡയല്‍ ചെയ്ത് എണീറ്റു... അയാളുടെ മുഖത്ത്‌പോലും നോക്കാതെ ധൃതിയില്‍ പുറത്ത്‌പോയി.

ബൂട്ടിന്റെ കനത്ത ശബ്ദം അകന്നു.

കബീര്‍ പുറത്ത് കടന്നു.

വരാന്തയില്‍ കണ്ട കോണ്‍സ്റ്റബിളിനോട് അദ്ദേഹം എപ്പോള്‍ തിരിച്ചെത്തുമെന്ന് അന്വേഷിച്ചു. കോണ്‍സ്റ്റബിള്‍ അയാളെ അടിമുടി നോക്കി അകത്ത് പോയി.

മതിലിനോട് ചേര്‍ന്നുള്ള ചട്ടികള്‍ ശൂന്യമായിരുന്നു.

എം.ജി. റോഡില്‍ മനുഷ്യരും വാഹനങ്ങളും.

ഇന്‍സ്‌പെക്ടറുടെ അസാധാരണമായ പെരുമാറ്റം കബീര്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. അച്ഛന്റെ മരണശേഷമുള്ള ഫോട്ടോ ഇമേജുകളെപ്പറ്റി സംസാരിക്കാനാണ് അയാള്‍ സ്‌റ്റേഷനില്‍ എത്തിയത്.

കാറില്‍ കയറി എസി ഓണാക്കി നിമിഷങ്ങളോളം അയാള്‍ എങ്ങോട്ട് പോകണമെന്നറിയാതെ സ്റ്റീയറിങ്ങിന്റെ പിന്നിലിരുന്നു.

പിറ്റേന്ന് അതിരാവിലെ അയാള്‍ ഇറങ്ങി. ഭാര്യയോടോ, അമ്മയോടോ എങ്ങോട്ടാണെന്ന് പറഞ്ഞില്ല. ഈയിടെ പറയാതെയുള്ള യാത്രകള്‍ അപൂര്‍വ്വമല്ലാത്തതിനാല്‍ ആരും ചോദിച്ചതുമില്ല. ചോദിച്ചാല്‍ തന്നെ എന്തുത്തരം കൊടുക്കും.

പത്തരയോടെ കബീര്‍ അച്ഛനെ സംസ്‌കരിച്ച ശ്മശാനത്തിലേയ്ക്കുള്ള ഇടവഴിയിലെത്തി. ഓരം ചേര്‍ത്ത് കാര്‍ ഒതുക്കി.

അവിടവിടെ മണപ്പിച്ചും മൂത്രിച്ചും അലഞ്ഞിരുന്ന അഞ്ചെട്ട് നായ്ക്കളൊഴിച്ച് ശ്മശാനത്തില്‍ ആരുമുണ്ടായിരുന്നില്ല.

കൂര്‍ത്ത വെയിലില്‍, കുറെ നേരം നോക്കിനിന്നിട്ടും അച്ഛന്റെ ചിത എവിടെയായിരുന്നെന്ന് അയാള്‍ക്ക് കണ്ടെത്താനായില്ല. ചിതയുടെ മേല്‍ മണ്ണ് വീണിട്ടുണ്ടാകാം. അതേ സ്ഥലത്ത് മറ്റ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുണ്ടാകാം. ചിലപ്പോള്‍ അച്ഛന്റെ കുഴിയിലേയ്ക്ക് മറ്റാരും എത്തിയിട്ടുണ്ടാവില്ല.

വെയിലില്‍ നെറ്റി വേദനിച്ചു. തിരച്ചില്‍ നിര്‍ത്തി അയാള്‍ തിരികെ നടന്നു.

'മോനേ, നീയാരെയാണ് തിരയുന്നത്?'

ശബ്ദം കേട്ട് അയാള്‍ തിരിഞ്ഞ്‌നിന്നു. കൂനിക്കൂടിയ ഒരു വൃദ്ധ അവരുടെ മുഖത്തെ ചുളിവുകള്‍ക്ക് കാലങ്ങളുടെ പഴക്കം തോന്നിക്കും.

അയാള്‍ തലതാഴ്ത്തി കാറിനടുത്തെത്തി.

വീടിന്റെ ഗേറ്റ് തുറന്ന് കാര്‍ മുറ്റത്തേയ്ക്ക് കയറ്റിയിട്ടു. ഉണങ്ങിയ പുല്ലിനുമേല്‍ ചെരിപ്പുരഞ്ഞു.

അയാളേക്കാള്‍ നീളമുള്ള ഒരു ചേര അയാളെ കടന്ന് പാഞ്ഞ്‌പോയി.

ചേരപ്പാമ്പുകളുടെ പറമ്പാണിത്. ഒന്നിനേയും ഉപദ്രവിക്കരുതെന്നായിരുന്നു അച്ഛന്റെ നിര്‍ദ്ദേശം. മനുഷ്യനെ ഭയന്നിട്ടാണ് ജീവികള്‍ ഓടിപ്പോകുന്നത്. പ്രാണരക്ഷാര്‍ത്ഥം. ഇങ്ങോട്ട് ഒരു ജീവിയും ഉപദ്രവിക്കില്ല.

കഴിഞ്ഞ തവണത്തേക്കാള്‍ പൊടിയും മാറാലയും ചിതലും കൂടിയിട്ടുണ്ട്. ഒരുപക്ഷേ, അടുത്ത നാലഞ്ച് വേനലും വര്‍ഷവും കഴിയുന്നതോടെ, അനാഥമായ വീട് ജീര്‍ണിച്ച് നിലം പൊത്തും. എന്തെങ്കിലും ചെയ്യണം.

സ്വീകരണമുറിയിലേയ്ക്ക് കടന്നതും പാതിയിരുട്ടില്‍ ആരോ നടക്കുന്നതായി അയാള്‍ക്ക് തോന്നി. അയാള്‍ ലൈറ്റിട്ടു.

മുറിയുടെ സെറ്റിയില്‍ മയങ്ങിയിരുന്ന വെളുത്ത പൂച്ച ഉണര്‍ന്നു. അയാളെ തുറിച്ചുനോക്കി. പതുക്കെ സെറ്റിയില്‍ നിന്ന് ഇറങ്ങി, എങ്ങോ മറഞ്ഞു.

സ്വീകരണമുറിയില്‍നിന്നു തളത്തിലേയ്ക്ക് കടക്കുന്ന വാതിലിനു മുകളിലായി അച്ഛന്‍ ആണിയടിച്ച് തൂക്കിയിട്ടിരുന്ന ഫോട്ടോയിലേയ്ക്ക് അയാളുടെ കണ്ണുകള്‍ അറിയാതെ ചെന്നു.

അതിന്റെ ഫ്രെയിമും ചില്ലും മാത്രമേ ഉള്ളൂ.

അതിനുള്ളില്‍ ശൂന്യം.

അയാള്‍ വ്യക്തമായും ഓര്‍ക്കുന്നുണ്ട്, അതവിടെ ഉണ്ടായിരുന്നു.

സെറ്റിക്ക് മുകളിലുണ്ടായിരുന്ന ഫ്രെയിമുകളും ശൂന്യമാണ്.

അയാള്‍ക്ക് അകാരണമായ ഭയം തോന്നി.

പുറത്തുവന്ന് വീട്ടിനുള്ളിലേയ്ക്ക് കടക്കുന്ന ഇരുമ്പ് വാതിലിന്റെ പൂട്ട് പരിശോധിച്ചു. ഒരു മാറ്റവുമില്ല. പൂട്ട് മറ്റൊന്നായിരുന്നെങ്കില്‍ താക്കോല്‍, ദ്വാരത്തില്‍ കടക്കുമായിരുന്നില്ല.

പിന്നെ എങ്ങനെ അകത്ത് കടക്കും?

ചുമരിലെ ഫ്രെയിമുകള്‍ക്കുള്ളിലെ ചിത്രങ്ങള്‍ എവിടെപ്പോയി? അവ തേടി ആരെങ്കിലും എന്തിന് ഇവിടെ വരണം?

അച്ഛന്‍ കൂടുതല്‍ കൂടുതല്‍ അപരിചിതനായി മാറുന്നു?

അകത്തേയ്ക്കുള്ള വാതിലുകള്‍ തുറന്നും പാതിചാരിയും. ജനലുകള്‍ തുറന്ന നിലയിലല്ല. അച്ഛന്റെ മുറിയുടെ വാതില്‍ അടഞ്ഞാണ്. അയാള്‍ വാതില്‍ തുറന്ന് ലൈറ്റിട്ടു.

പെട്ടെന്ന് ഒരു ചുഴലിയായി പൊടി അയാളെ മൂടി. അയാള്‍ കണ്ണും മൂക്കും പൊത്തി.

കണ്ണട തറയില്‍ വീണത് അറിഞ്ഞില്ലെങ്കിലും, ചുഴലി ഒടുങ്ങുന്നതുവരെ അനങ്ങാനായില്ല. പൊടിയടങ്ങിയപ്പോള്‍ അയാള്‍ കണ്ണടയെടുക്കാന്‍ കുനിഞ്ഞു. ആരോ നിലത്തേയ്ക്ക് വലിച്ചിട്ട പോലെ അയാള്‍ മുഖമടച്ച് വീണു. നിമിഷങ്ങള്‍ അവിടെത്തന്നെ കിടന്നു.

തപ്പിത്തടഞ്ഞ് സാവകാശം എണീറ്റു. കണ്ണട വെച്ചു.

ബള്‍ബിന്റെ രൂക്ഷമായ വെളിച്ചം അയാളുടെ കണ്ണുകളെ അല്പനേരം ഇരുട്ടിലാഴ്ത്തി.

കണ്ണ് തുറന്നത് അച്ഛന്റെ രചനകള്‍ അടുക്കിവെച്ച മര അലമാരയിലെ ശൂന്യതയിലേയ്ക്കാണ്. ആരോ ഒരെണ്ണം പോലും ബാക്കിവെയ്ക്കാതെ അച്ഛന്റെ പുസ്തകങ്ങള്‍ കൊണ്ടുപോയിട്ടുണ്ട്. അലമാരയിലെ ശൂന്യത അയാളുടെ തലച്ചോറിനുള്ളിലേയ്ക്ക് കുത്തിയിറങ്ങി.

അയാള്‍ ധൃതിയില്‍ അച്ഛന്റെ ഡയറികള്‍ സൂക്ഷിച്ചിരുന്ന എഴുത്തുമേശയോട് ചേര്‍ന്നുള്ള അലമാരയുടെ റാക്ക് പരിശോധിച്ചു. കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ ഡയറികളാണ് കാണാത്തത്. ശേഷിച്ചവ അയാള്‍ ക്രമത്തില്‍ ഒതുക്കിവെച്ചു.

അയാള്‍ കസേരയിലേക്കിരുന്നു. മേശമേല്‍ കൈകള്‍കുത്തി ദീനമായി വിതുമ്പിക്കരഞ്ഞു: അച്ഛാ...

എത്രനേരം ആ ഇരിപ്പ് തുടര്‍ന്നുയെന്നറിയില്ല. തൊണ്ട വരണ്ടപ്പോഴാണ് അയാള്‍ കസേരയില്‍ നിന്നെണീറ്റത്. ഫ്‌ലാസ്‌കില്‍ ബാക്കിയുണ്ടായിരുന്ന വെള്ളം കുടിച്ചു. മുറിയോട് ചേര്‍ന്നുള്ള കുളിമുറിയിലെത്തി. മുഖം കഴുക്കാനായി ടാപ്പ് തുറന്നു. വായുവിന്റെ ശീല്‍ക്കാരം.

പട്ടണത്തില്‍നിന്നു നഗരത്തിലേയ്ക്കുള്ള യാത്രയില്‍ അയാളുടെ അകം മര അലമാരപോലെ ശൂന്യമായിരുന്നു.

ട്രാഫിക് കുരുക്കുകളിലൂടെ ഇഴഞ്ഞിഴഞ്ഞാണ് കാര്‍ നീങ്ങിയത്. അയാള്‍ക്കും ഒട്ടും തിരക്കില്ലായിരുന്നു. വിശപ്പും ദാഹവും അയാളെ ഒഴിഞ്ഞുപോയിരുന്നു.

സ്റ്റുഡിയോയുടെ ഇടവഴിയില്‍ കാര്‍ നിര്‍ത്തി. പള്ളിയില്‍ പന്ത്രണ്ടാം മണി അടിക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. ചിറകുകള്‍ വിരിച്ച മാലാഖമാര്‍ക്ക് മദ്ധ്യത്തില്‍ വ്യാളിയുടെ പുറത്തിരിക്കുന്ന പുണ്യവാളന്റെ കൂര്‍ത്ത കുന്തമുന വായുവിലേയ്ക്ക് കുത്തിയിറങ്ങുന്നതിന്റെ മങ്ങിയരൂപം സ്റ്റുഡിയോയുടെ മുറ്റത്ത് നിന്നാല്‍ കാണാം.

അയാള്‍ സ്റ്റുഡിയോയുടെ അകത്ത് കടന്നു. ലൈറ്റിട്ടു. അച്ഛന്റെ ഏറ്റവും പുതിയ ഡയറിയും, അയാളുടെ ലാപ്‌ടോപ്പും സൂക്ഷിച്ചിരുന്ന സ്റ്റീല്‍ അലമാര യാന്ത്രികമായി തുറന്നു.

അയാളുടെ പ്രതീക്ഷ തെറ്റിയില്ല. രണ്ടും അവിടെയില്ല.

ലാപ്‌ടോപ്പിന്റെ സ്‌ക്രീനില്‍ അയാള്‍ വിന്യസിച്ചിരുന്ന ആ കൂര്‍ത്ത കരിങ്കല്ല് അയാളുടെ നെഞ്ചില്‍ ഉരഞ്ഞു. അതിന് മഹാശിലായുഗത്തിലെ കൂര്‍ത്ത കല്ലിന്റെ ഛായയുണ്ട്.

ഫ്‌ലാറ്റിന്റെ ബേസ് ഫ്‌ലോറില്‍ കാര്‍ ഒതുക്കി അയാള്‍ ഗ്രൗണ്ട് ഫ്‌ലോറിലെത്തി. ലിഫ്റ്റില്‍ പതിനൊന്നാം നിലയിലെത്തി.

ഫ്‌ലാറ്റിലേയ്ക്കുള്ള ഇടനാഴിയിലൂടെ രണ്ടടി വെച്ചതും കറന്റ് പോയി. ക്ഷീണിതനായി അയാള്‍ ഇടനാഴിയുടെ ചുമരില്‍ ചാരി. നിമിഷങ്ങള്‍ കഴിഞ്ഞിട്ടും വെളിച്ചമെത്തിയില്ല.

അയാള്‍ പാന്‍സിന്റെ പോക്കറ്റില്‍നിന്ന് മൊബൈലെടുത്ത് ഞെക്കി. വെളിച്ചം തുറിപ്പിച്ചു.

ഒരടി മുന്നോട്ട് വെച്ചു. അയാളുടെ മുഖത്ത് ആരോ ശക്തിയില്‍ അടിച്ചു. തോലുറയിട്ട മറ്റൊരു കൈ അയാളുടെ പിന്‍കഴുത്തില്‍ പിടിമുറുക്കി.

അയാളുടെ കണ്ണുകളില്‍ ഇരുട്ട് തുളച്ചിറങ്ങി.

ഈ കഥ കൂടി വായിക്കാം

'തൊപ്പിക്കാരന്‍'- ശ്യാംകൃഷ്ണന്‍ ആര്‍. എഴുതിയ കഥ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.