വിനീഷ് കളത്തറ എഴുതിയ കഥ: കൊച്ചുമ്മന്‍ വ്ളോഗ്

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ര്‍ജുനന്‍ മല അനുഭൂതികളുടെ കൊടുമുടി...'

കൊച്ചുമ്മന്‍ വ്‌ലോഗിന്റെ പുതിയ ആകര്‍ഷണം മലകയറ്റമാണെന്നതില്‍ സന്തോഷം തോന്നി. കുറച്ചുകാലമായി വ്‌ലോഗിന്റെ പിന്നാലെയുണ്ട്. ആനത്താരകളിലൂടെയുള്ള അതിസാഹസിക യാത്രയും ഏലം മണക്കുന്ന തോട്ടങ്ങളിലെ കുളയട്ട ആക്രമണവും വളരെ രസകരമായി കൊച്ചുമ്മന്‍ അവതരിപ്പിച്ചപ്പോള്‍ ആ സ്ഥലങ്ങളിലൊക്കെ പോകണമെന്നുതന്നെ തോന്നി. ഫാം ടൂറിസത്തിന്റെ വലിയ സാധ്യതകളിലേക്കും കൊച്ചുമ്മന്റെ ശ്രദ്ധ പതിഞ്ഞുതുടങ്ങിയിട്ടുണ്ട്.

കൊച്ചുമ്മന്‍ വ്‌ലോഗ് പരാമര്‍ശിക്കന്ന ഭൂമികയിലിപ്പോള്‍ വന്യജീവി വിളയാട്ടം ഏറിവരുന്നുണ്ട്. ഒന്ന് രണ്ട് പോസ്റ്റുകളില്‍ അതും വിശദീകരിച്ചിട്ടുണ്ട്. കരിയാത്തന്‍ ഒറ്റയാന്റെ സഞ്ചാരവഴികളെക്കുറിച്ച് ഫോറസ്റ്റുകാര്‍, നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നതാണ്. ഗ്രാമം, വനാതിര്‍ത്തി പങ്കിടുന്ന ഭാഗത്തെ കിടങ്ങുകള്‍ മറികടന്നാണ് അവന്റെ വരവ്. പട്ടി കുരയ്ക്കുന്നതും വെട്ടം കാണുന്നതും കരിയാത്തന് അലര്‍ജിയാണ്.

പത്തറുപത് വര്‍ഷം മുന്‍പ് മുണ്ടക്കയത്തുനിന്ന് കുടിയേറിയ അന്തിനാടന്‍ ജോര്‍ജിന്റെ കൃഷി മുഴുവന്‍ നശിപ്പിച്ചതിനുശേഷമാണ് ആന അയാളുടെ വാതിലില്‍ മുട്ടിയത്. ജോര്‍ജിനു കാര്യം മനസ്സിലായി. പട്ടികുര ഉച്ചത്തിലായിരുന്നു. ഒന്നല്ല, അനേകം... ഒരു കുരസാഗരം തന്നെ അലയടിച്ചു. ഒറ്റയ്ക്ക് താമസിച്ചിരുന്ന അയാള്‍ എമര്‍ജന്‍സി ലാമ്പ് കത്തിച്ച് കതക് തുറന്നതും കരിയാത്തന്‍ അകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. നീട്ടിയ തുമ്പിക്കയ്യില്‍ അന്തിനാടന്‍ കുടുങ്ങിയില്ല. പക്ഷേ, കുന്തമുനയുള്ള കൊമ്പ് അയാളുടെ തുടയില്‍ ചാലുകീറി. ചോര ചാടി. നിലവിളിയില്‍ ഭയന്നാണോ എന്നറിയില്ല കരിയാത്തന്‍ തിരിഞ്ഞുനടന്നു.

വ്‌ലോഗില്‍, കൊച്ചുമ്മന്‍ അന്തിനാടനോട് അനുഭവ വിവരണം നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍, താന്‍ ഒറ്റയാനെ ചെറുത്തുനിന്നതായി ഇത്തിരി കയറ്റിപ്പറഞ്ഞു. അടിയന്തര നഷ്ടപരിഹാരമായി ഫോറസ്റ്റുകാര്‍ നല്‍കിയത് വെറും അയ്യായിരം രൂപ മാത്രമാണെന്നും തനിക്ക് കൂടുതല്‍ നഷ്ടപരിഹാരം ആവശ്യമാണെന്നും അയാള്‍ പരാതിപ്പെട്ടു. അന്തിനാടന്റെ തോട്ടത്തിലൂടെയുള്ള യാത്രയായിരുന്നു പിന്നീട്. ചതരങ്ങും ചാങ്ങും വീണുകിടക്കുന്ന അന്തിനാടന്റ അദ്ധ്വാനഫലത്തിന്റെ സൂക്ഷ്മ വിശദാംശങ്ങളിലേക്ക് കൊച്ചുമ്മന്റെ ക്യാമറക്കണ്ണുകള്‍ അരിച്ചിറങ്ങി. പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഗവേഷകന്‍ ഡോ. ഐപ്പ് വര്‍ഗീസിന്റെ സൈദ്ധാന്തിക വിശദീകരണത്തോടെയാണ് ആ വ്‌ലോഗ് അവസാനിക്കുന്നത്: 'മാന്‍ അനിമല്‍ കോണ്‍ഫ്‌ലിക്റ്റ്' എന്ന വിഷയത്തില്‍ വിജ്ഞാനം പ്രസരിക്കുന്ന ഇത്തരം വിശദീകരണങ്ങളാണ് കൊച്ചുമ്മനെ മറ്റുള്ളവയില്‍നിന്നു വ്യത്യസ്തമാക്കുന്നത്.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

അര്‍ജുനന്‍ മലകയറ്റത്തിലും കൊച്ചുമ്മന്‍ വ്‌ലോഗിന്റെ ആഖ്യാന സവിശേഷതകള്‍ തുടിച്ചു നില്‍ക്കുന്നതു കാണാം. ഈന്തിന്‍ കാടുകള്‍ നിറഞ്ഞ മലയുടെ വടക്കെ ചെരിവിലൂടെയാണ് മുകളിലേക്കുള്ള വഴി. ഓറഞ്ചുനിറമുള്ള ഈന്തിന്‍ കായ്കള്‍ പഴുത്താല്‍ കറുപ്പ് നിറമാകും. കഴിക്കാന്‍ നല്ല രുചിയുള്ളവ. കല്യാണവീടുകളിലെ പന്തലിന്റെ പുറഭാഗം മറയ്ക്കുന്നത് ഈന്തിന്‍ ഓലകള്‍ കുത്തിച്ചാരിയിട്ടാണ്, മതിലുപോലെ. ചെലവുകുറഞ്ഞ ഒരു അലങ്കാരപ്പണി. താഴ്വാരത്തിലുള്ള ലക്ഷംവീടിന്റെ അരികിലൂടെ നടന്നാല്‍ മലയുടെ ചുവട്ടിലെത്താം. അവിടെനിന്നാണ് ഈന്തിന്‍ കാടുകളുടെ തുടക്കം. വലിയൊരു മൊട്ടക്കുന്നായി തലയുയര്‍ത്തിനില്‍ക്കുന്ന മലയുടെ പള്ളയില്‍ അങ്ങിങ്ങായി തള്ളിനില്‍ക്കുന്ന പാറക്കൂട്ടത്തില്‍ കയറിയിരുന്ന് കാറ്റുകൊള്ളുന്നത് ഗംഭീര അനുഭവമാണെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്. രണ്ട് പേര്‍ക്ക് കഷ്ടിച്ച് ചേര്‍ന്നു നടക്കാന്‍ പാകത്തിലുള്ള ദുര്‍ഘടമായ ഒരൂടുവഴി മേല്‍പ്പോട്ട് കയറിപ്പോകുന്നു.

പാതിയെത്തുമ്പോള്‍ വലതുവശത്തെ പാറമുകളില്‍നിന്ന് ഒരു നീര്‍ച്ചാലൊഴുകി വരുന്നത് കാണാം. അത് മലയുടെ പടിഞ്ഞാറ് ഭാഗത്തേക്കാണ് പോകുന്നത്. കുറേദൂരം ചെറുചാലായൊഴുകി മതിയപ്പാറ ഡാമിലേക്ക് ചെന്നുചേരുന്ന തോട്ടില്‍ ലയിക്കുന്നു. കറുത്ത ഈന്തിന്‍ പഴങ്ങളും തെളിനീരും സഞ്ചാരികളുടെ ക്ഷീണമകറ്റുന്ന പ്രകൃതിയുടെ വരദാനങ്ങളാണ്. നിറയെ പഴങ്ങളുമായി നില്‍ക്കുന്ന ഈന്തിന്റേയും പാറയിലൂടെ ഒഴുകിവരുന്ന തെളിനീരിന്റേയും രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നെയുള്ള വിവരണം, മലയുടെ ഉച്ചിയിലെത്തും മുന്‍പേയുള്ള ഒരു ഗുഹയെക്കുറിച്ചാണ്. വഴിയരുകിലെ പാറയുടെ സൈഡില്‍കൂടി അല്‍പ്പം താഴേയ്ക്കിറങ്ങി ആ പാറയുടെ അടിഭാഗത്തെ ഗുഹയിലെത്താം. നാലഞ്ചാളുകള്‍ക്ക് നിവര്‍ന്നുനില്‍ക്കാന്‍ പറ്റുന്നത്രയും സ്ഥലമുണ്ട് അതിനുള്ളില്‍. ഒരു രാത്രി വേണമെങ്കില്‍ അവിടെ ചെലവഴിക്കാം. തറ നിരപ്പായതുകൊണ്ട് കിടക്കാനൊക്കെ പറ്റും.

വീണ്ടും മേല്‍പ്പോട്ട് ചെല്ലുമ്പോള്‍ വാറ്റുപുല്ലുകളുടെ പ്രദേശമായി. ഇപ്പോള്‍ വേനലായതുകൊണ്ട് അവ ഇടതൂര്‍ന്ന് വളര്‍ന്ന് വഴി മറയ്ക്കുന്നില്ല. മഴക്കാലത്താണെങ്കില്‍ വളര്‍ന്ന് വഴിതന്നെ അവ മൂടിക്കളയും. പുല്ലുവെട്ടുകാര്‍ നന്നെ കുറവായതിനാല്‍ അവ വ്യാപിക്കുന്ന പ്രദേശത്തിന്റെ വിസ്തൃതി കൂടിയിട്ടുണ്ട്. തുടര്‍ന്ന് പുല്‍ത്തൈലം വാറ്റുകേന്ദ്രത്തിന്റെ ചിത്രം പ്രത്യക്ഷപ്പെടുന്നു. തൈലം വാറ്റല്‍ പ്രക്രിയ വിശദീകരിച്ചുകൊണ്ട് എണ്‍പതിനുമേല്‍ പ്രായം തോന്നിക്കുന്ന ഒരാള്‍ സംസാരിക്കുന്നു. പുല്ലു വെട്ടുന്നതിന്റേയും അവ കെട്ടുകളാക്കി ചുമന്ന് താഴെയെത്തിക്കുന്നതിന്റേയും പ്രയാസങ്ങളെക്കുറിച്ച് അയാള്‍ പറയുമ്പോള്‍ തൈലത്തിന്റെ സുഗന്ധം എത്ര കയ്പ് നിറഞ്ഞതാണെന്ന് നാമറിയുന്നു.

പുല്‍മേട് കടന്ന് ഏതാണ്ട് അന്‍പത് മീറ്റര്‍ താണ്ടുമ്പോള്‍ മലയുടെ ഉച്ചിയിലെത്താം. അവിടെ നിന്നുള്ള കാഴ്ചകള്‍, ഓരോ ദിശയിലുമുള്ളത് വ്യക്തമായി പറയുന്നുണ്ട് കൊച്ചുമ്മന്‍. ശക്തിയായി കാറ്റ് വീശുന്നതുകൊണ്ട് നില്‍ക്കാതെ പാറയിലിരുന്ന് കാഴ്ചകള്‍ ആസ്വദിക്കണമെന്ന ഉപദേശം കൂടിയുണ്ട്. സാഹസികതയും അത്ഭുതങ്ങളും ഇഷ്ടപ്പെടുന്ന ആരേയും മലമുകളിലെത്തിക്കുന്ന വശീകരണ ശക്തിയുള്ള കൊച്ചുമ്മനെ അവഗണിക്കുന്നതെങ്ങനെ?

താന്നിപ്പാടം ജംഗ്ഷനില്‍നിന്നും അര്‍ജുനന്‍ മലയിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ രാജേഷ് പറഞ്ഞു: 'അതാണ് സാര്‍ അര്‍ജുനന്‍ മല...!'

'അറിയാം...'

'കൊച്ചുമ്മന്‍ എല്ലാം പറഞ്ഞുതന്നിട്ടുണ്ടല്ലോ...'

'അതിനും മുന്‍പേ അറിയാം...'

'സാറിവിടെ നേരത്തെ വന്നിട്ടുണ്ടോ?' അതിനു മറുപടി പറഞ്ഞില്ല.

'ഹോംസ്‌റ്റേയിലേക്ക് കൊറെയുണ്ടോ?'

'ഇല്ല സാര്‍, അടുത്തുതന്നെ... ഈ ഹോംസ്‌റ്റേയൊക്കെ അടുത്തകാലത്ത് വന്നതല്ലേ... വാഗമണ്‍ ടൂറിസം ഇങ്ങോട്ടിങ്ങോട്ട് പടര്‍ന്ന് പിടിക്ക്വല്ലേ...? ഇതിലൊക്കെ കൊച്ചുമ്മന്റെ വെര്‍ച്വല്‍ വര്‍ക്കിനും ഒരു പങ്കുണ്ടെന്ന് കൂട്ടിക്കോ...'

റോഡില്‍നിന്ന് മേലേക്ക് കയറിപ്പോകുന്ന ഊടുവഴിയിലൂടെ രാജേഷ് നടന്നു. അന്ന് ഈ പറമ്പിലൊക്കെ കാട്ടുപേരകള്‍ നിറഞ്ഞുനിന്നിരുന്നു. തങ്കരാജിനും ബിജുവിനോടുമൊപ്പം എത്രയോ തവണ അവയിലൊക്കെ വലിഞ്ഞുകേറിയിരിക്കുന്നു.

ഓടിട്ട കൊച്ചുവീട്ടിലേക്കാണ് ചെന്നുകയറിയത്. ബെല്ലടിച്ചപ്പോള്‍ ഒരു വൃദ്ധ ഇറങ്ങിവന്നു. രാജേഷിനെ കണ്ടപ്പോള്‍ ചിരിച്ചെന്നു വരുത്തി. വലതു ഭാഗത്തുള്ള മുറി തുറന്നുതന്നു. അകത്തു കയറി കട്ടിലില്‍ ബാഗ് വെച്ച് ബാത്ത്‌റൂം തുറന്നു നോക്കി. വൃത്തിയുണ്ട്. ജനല്‍ തുറക്കുന്നതിനിടെ രാജേഷ് പറഞ്ഞു: 'ഭക്ഷണം പൂറത്തൂന്ന് കഴിക്കേണ്ടിവരും... ഔസേപ്പിന്റെ കടയില്‍ പറയാം... അല്ല, ആ ഒറ്റക്കടയേ ഒള്ളൂ കഴിക്കാന്‍... സാറൊന്ന് വിശ്രമിക്ക്... ഞാനൊന്ന് കറങ്ങീട്ട് വരാം...'

രാജേഷ് മടങ്ങി. പുറത്താരേയും കണ്ടില്ല. വാതില്‍ ചാരി. ഈ വീടേതാണ്? കാട്ടുപേരകള്‍ നിറഞ്ഞ ഈ പറമ്പില്‍ ഇങ്ങനെയൊരു വീടുണ്ടായിരുന്നതായി ഓര്‍ക്കുന്നില്ല. ഉടുപ്പൂരി കസേരയില്‍ വിരിച്ചിട്ട് കട്ടിലില്‍ കയറിക്കിടന്നു. നടുനിവര്‍ത്തിയപ്പോള്‍ നല്ല സുഖം തോന്നി. ആറ് മണിക്കൂര്‍ ബസ് യാത്ര. ഒരേയിരുപ്പ് തന്നെ. ഇടയ്‌ക്കൊരു പത്ത് മിനിട്ട് ചായ കുടിക്കാന്‍ നിര്‍ത്തി. വളവുതിരിവുകളും കയറ്റിറക്കങ്ങളും ഏറെയുള്ള ഈ റൂട്ടില്‍ യാത്ര അത്ര സുഖകരമല്ല. പിന്നെ വ്യത്യസ്തമായ പ്രകൃതിദൃശ്യങ്ങളുടെ സമൃദ്ധിയില്‍ കണ്ണുംനട്ടിരിക്കാം. ആരെയും അറിയിക്കാതെയാണ് പുറപ്പെട്ടത്. തന്നെ ഫോളോ ചെയ്തവരില്‍, കൊച്ചുമ്മന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മലകയറ്റക്കാരനാകാന്‍ സാദ്ധ്യതയുണ്ട്.

രാജേഷ് വന്ന് വിളിച്ചപ്പോഴാണ് മയക്കത്തില്‍ നിന്നുണര്‍ന്നത്.

'രാത്രീല്, ചപ്പാത്തീം ചിക്കന്‍ കറീമാ സാറെ, കഴിക്കാവല്ലോ...'

'ങും...'

'ഞാനൊരു കട്ടനിടാന്‍ ചേട്ടത്തിയോട് പറയാം.' അയാള്‍ അപ്പുറത്തെ വാതിലിനരുകില്‍ ചെന്നുനിന്ന് കട്ടനിടാന്‍ വിളിച്ചു പറയുന്നത് കേട്ടു. 'രാവിലെ കാപ്പീം കുടിച്ചോണ്ട് കേറാം സാറേ... നല്ല വെയിലടിക്കും മുന്‍പ് മണ്ടേലെത്താം...'

'ഇവിടെയടുത്തൊരു യു.പി സ്‌കൂളുണ്ടായിരുന്നല്ലോ...?'

'ഒണ്ട് സാറെ. ആലമ്പള്ളീലാ... പി. കൊച്ചുമ്മന്‍ മെമ്മോറിയല്‍ എയ്ഡഡാ... പിള്ളേര് കൊറവാ... ഇംഗ്ലീഷ് മീഡിയം സ്‌കൂള് രണ്ടെണ്ണം വേറെയൊണ്ട്...'

'കൊച്ചുമ്മന്‍ മെമ്മോറിയലിന് നമ്മുടെ വ്‌ലോഗര്‍ കൊച്ചുമ്മനുമായിട്ടെന്തെങ്കിലും ബന്ധമൊണ്ടോ...?'

'ഞാനുമതാലോചിക്കാറുണ്ട്... വ്‌ലോഗിന്റെ നടത്തിപ്പുകാരന്‍ കൊച്ചുമ്മന്‍ എന്നു പേരുള്ള ആളല്ല... അതേതോ പയ്യനാ... അവനിട്ടിരിക്കുന്ന ഐ.ഡി ഫേക്കാ... ആരാന്ന് കൃത്യമായറിയത്തില്ല...'

'ആളെ കണ്ടെത്താന്‍ പറ്റ്വോ...?'

'നോക്കാം സാര്‍, വെര്‍ച്ച്വല്‍ വേള്‍ഡല്ലേ...?'

'രാജേഷേ കട്ടനെടുത്തോണ്ട് പോ...' അപ്പുറത്തുനിന്ന് സ്ത്രീ വിളിച്ചു.

കട്ടന്‍ ചായയ്ക്ക് മധുരം കുറവാണോ? ചെറിയ കയ്പുള്ളതുപോലെ... രാജേഷിനു മനസ്സിലായെന്നു തോന്നുന്നു. 'കടുപ്പം കൂടിയോ സാറേ... എലത്തേയിലയാ... ആലമ്പള്ളീലെ ഫാക്ടറി ഔട്ട് ലെറ്റീന്നാ...'

'ആലമ്പള്ളീലിപ്പോഴും ഫാക്ടറിയൊണ്ടോ...?'

'ങും... ഒരുവിധം പിടിച്ചുവരുന്നു... ശ്രീലങ്കന്‍ തേയിലയാര്ന്ന് ഭീഷണി... ഇപ്പം വരവ് കൊറവല്ലേ... യുദ്ധം...!'

സ്‌കൂളിന് അരകിലോമീറ്റര്‍ അപ്പുറത്തുള്ള ഫാക്ടറിയിലെ ശബ്ദം പലപ്പോഴും ക്ലാസ്സുകളെ അരോചകമാക്കിത്തീര്‍ത്തു. സോഷ്യല്‍ സ്റ്റഡീസ് പഠിപ്പിച്ചിരുന്ന മേഴ്‌സി ടീച്ചര്‍ ഇരുകാതിലും വിരല്‍ കയറ്റി ജനാലയടച്ച് നില്‍ക്കാറുണ്ടായിരുന്നു.

'സാറെന്താ ആലോചിക്കുന്നത്...?'

'ഏയ് ഒന്നുമില്ല...'

'കുളിക്കുന്നുണ്ടോ...? വെള്ളം നല്ല തണുപ്പാര്ക്കും... ചൂടാക്കണോ...?'

'വേണ്ട... ഇവിടെ വന്നിട്ട് തണുത്ത വെള്ളത്തിത്തന്നെ കുളിച്ചേക്കാം...'

'ഒന്നു നടക്കുന്നോ...? വെറുതെ...!'

'നടക്കാം... കുളിച്ചിട്ട് വരാം... രാജേഷ് ഇരിക്ക്...'

'ഞാനാ ചേട്ടത്തിയോട് വര്‍ത്താനം പറഞ്ഞേച്ച് വരാം... ഒറ്റയ്ക്കാ... ഒരു മോളുള്ളത് അങ്ങ് ജര്‍മനീലാ... നഴ്‌സാ... അവളെ കെട്ടിച്ചത് കാഞ്ഞിരപ്പള്ളീലാ... ഭര്‍ത്താവും മോനും അവിടാ...' രാജേഷ് അപ്പുറത്തേക്ക് പോയി.

കിണറ്റുവെള്ളത്തിന് നല്ല തണുപ്പായിരുന്നു. പക്ഷേ, തേയിലപ്പുരത്തോട്ടിലെ വെള്ളത്തിന് ഇതിനേക്കാള്‍ കുളിരുണ്ടായിരുന്നു. ചൂണ്ടയിടാന്‍ വിദഗ്ദ്ധനായ തങ്കരാജിനോടൊപ്പം ഇര കോര്‍ത്ത് വെള്ളത്തിലേക്ക് എറിയുന്ന മാത്രയില്‍ത്തന്നെ പാവലിന്റെ പറ്റം അതിനെ വളഞ്ഞിരിക്കും. പിന്നെ വലിക്കേണ്ട താമസമേയുള്ളൂ... കൈപ്പത്തിയുടെ നീളത്തില്‍ രണ്ടു വിരല്‍ വണ്ണത്തിലുള്ള പാവലുകള്‍ വെള്ളം നിറച്ച പെയിന്റ് പാട്ടയില്‍ ചത്തുമലച്ചു കിടന്നു. തങ്കരാജിന്റെ വീട്ടിലെ അലക്കു കല്ലില്‍ ചാരത്തില്‍ മുക്കി ഉരച്ചെടുക്കുന്ന പാവലുകള്‍ മുളകുപുരട്ടി വറുത്തെടുക്കുമ്പോള്‍ പങ്കുവയ്ക്കാന്‍ അവന്റെ വീട്ടില്‍ ചോറുണ്ടായിരുന്നില്ല.

കുളിച്ചിറങ്ങിയപ്പോള്‍ രാജേഷ് മൊബൈലിലായിരുന്നു. വേഗം ഡ്രസ് മാറ്റി തയ്യാറായി.

'എറങ്ങാം സാറേ...'

'റെഡി...'

'ആര്‍.സി പള്ളിവരെ നടക്കാം. അല്ലേ...'

'സാറിനിവിടേക്കെ നല്ല മന:പാഠമാണല്ലോ...!' രാജേഷ് അത്ഭുതം കൂറി... 'കൊച്ചുമ്മന്റെ പാഠങ്ങള്‍ അല്ലേ...?' അയാള്‍ കൂട്ടിച്ചേര്‍ത്തു. രാജേഷിനെ തിരുത്തിയില്ല. റോഡിലേക്കിറങ്ങി. വഴിക്ക് വല്ല്യ മാറ്റമൊന്നുമില്ല. ടാര്‍ ചെയ്തത് അവിടവിടെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. വഴിയരുകില്‍ നിരനിരയായുണ്ടായിരുന്ന കുളഞ്ഞിപ്പൂക്കള്‍ കാണാനില്ല. കുളഞ്ഞിച്ചെടികള്‍ തന്നെ അപ്രത്യക്ഷമായിരിക്കുന്നു. പുല്ലുമേഞ്ഞ, ഉറപ്പില്ലാത്ത വീടുകള്‍ക്കു പകരം വാര്‍ത്ത വീടുകള്‍... ആകര്‍ഷകമായ വര്‍ണ്ണഭേദങ്ങള്‍. അര്‍ജുനന്‍ മലയുടെ ഒരു ഭാഗത്ത് മേച്ചില്‍പുല്ലിന്റെ ഒരു കടലുണ്ടായിരുന്നു. ബിജുവിന്റെ അച്ഛന്‍ പ്രഭാകരന്‍ ചേട്ടനായിരുന്നു മേച്ചിലിന്റെ ആശാന്‍.

ജംഗ്ഷനിലെത്തി. പെട്ടിക്കടകള്‍ ഇരുന്ന സ്ഥലത്ത് ടെറസ്സ് കെട്ടിടങ്ങളായി എന്നതാണ് പ്രധാന മാറ്റം. ആലമ്പള്ളിയിലേക്ക് കയറിപ്പോകുന്ന ഇടവഴിയുടെ ഓരത്തുണ്ടായിരുന്ന ഒറ്റമുറിക്കടയായിരുന്നു ജംഗ്ഷനിലെ ഏക ടെറസ് കെട്ടിടം. രവിച്ചേട്ടന്റെ പലചരക്ക് കച്ചവടം നടത്തിയിരുന്നത് അതിലാണ്. കടയില്‍ കയറാന്‍ പടിക്കെട്ടുകളുണ്ടായിരുന്നു.

അവിടവിടെ കൂടിനില്‍ക്കുന്ന ചിലര്‍ പുതിയ സഞ്ചാരിയെ ശ്രദ്ധിക്കാതിരുന്നില്ല. രാജേഷ് കൂടെയുള്ളതുകൊണ്ട് പ്രത്യേക ചോദ്യമൊന്നുമുണ്ടായില്ല. കൊച്ചുമ്മന്‍ വ്‌ലോഗിന്റെ ഔദ്യോഗിക ഗൈഡാണല്ലോ അയാള്‍.

തേയിലപ്പുരതോട് കടന്ന് പള്ളിയിലേക്കുള്ള കയറ്റം തുടങ്ങുമ്പോള്‍ രാജേഷ് പറഞ്ഞു: 'ഇവടന്ന് നോക്കിയാല്‍ മലേടെ നല്ലൊരു വ്യൂ കിട്ടും...'

മലയിലേക്ക് സന്ധ്യ പതുങ്ങിപ്പതുങ്ങിയെത്തുന്നത് നോക്കിനിന്നു.

സ്‌കൂള്‍ വിട്ട് വരുമ്പോഴൊക്കെ കൂട്ടുകാര്‍ പറയും: 'നമുക്ക് അര്‍ജുനന്‍ മല കയറാടാ...' 'എനിക്ക് പേടിയാ...' 'നീയെന്തിനാ പേടിക്കുന്നത്...? ഒറ്റയ്ക്കല്ലല്ലോ... നമ്മളൊന്നിച്ചല്ലേ...'

'ആ വലത്തേ അറ്റത്തൂടെയാ സാറേ കേറുന്നത്...' രാജേഷ് ചൂണ്ടിക്കാട്ടി. 'നടക്കാന്‍ കൊറച്ചുണ്ട്...' അയാള്‍ തുടര്‍ന്നു. 'നാളെ മിക്കവാറും നമ്മള്‍ മാത്രേ കാണൂ...'

പള്ളിക്കു മുന്‍പിലാണ് കയറ്റമവസാനിച്ചത്. ആര്‍.സി പള്ളിക്കു വലിയ മാറ്റമൊന്നുമുണ്ടായിരുന്നില്ല. കോമ്പൗണ്ട് വാള്‍ കെട്ടിയിട്ടുണ്ട്. ആകര്‍ഷകമായ രീതിയില്‍ പെയിന്റ് ചെയ്തിരിക്കുന്നു. പണ്ട് ആര്‍ക്കും ആ മുറ്റത്തേക്ക് കയറിച്ചെല്ലാമായിരുന്നു. ഇപ്പോള്‍ ഗേറ്റുണ്ട്. പാല്‍ക്കട്ടിയും സൂചിഗോതമ്പും ജാതിയും മതവും നോക്കാതെ അയല്‍പ്പക്കത്തെ വീടുകളില്‍ വിതരണം ചെയ്യുന്ന വികാരിമാരുണ്ടായിരുന്നു. പാല്‍ക്കട്ടി പൊടിച്ച് വായിലിട്ട് അലിയിച്ച് നടക്കുന്നത് ഒരു രസമായിരുന്നു. ആശ്വാസവും. വിശപ്പിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ഈ പാല്‍ക്കട്ടിക്ക് ഒരിരിപ്പിടമുണ്ടായിരുന്നു; സൂചിഗോതമ്പിലുള്ള ഉപ്പുമാവില്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കുമ്പോഴുള്ള രുചി ഇപ്പോഴും നാവിലുണ്ട്. പള്ളിപ്പറമ്പിന്റെ പടിഞ്ഞാറ് ഭാഗത്തായിരുന്നു പെരുന്നാളിന്റെ സ്‌റ്റേജ് കെട്ടിയിരുന്നത്. ബൈബിള്‍ കഥ ഇതിവൃത്തമായുള്ള നാടകം ഉറപ്പാണ്. മിക്കവാറും മുതിര്‍ന്നവരുടേതായിരിക്കും. ഡിസ്‌കോ ഡാന്‍സാണ് മറ്റൊരു പ്രധാന ഇനം. മിഥുന്‍ ചക്രവര്‍ത്തിയുടെ 'ഡാന്‍സ് ഡാന്‍സ്' എന്ന ഹിന്ദി സിനിമ ഇറങ്ങിയതോടെ ഡിസ്‌കോ ജ്വരം പടര്‍ന്നുപിടിച്ചു. വെല്‍വെറ്റു തുണിയില്‍ പലനിറത്തിലുള്ള പൂക്കള്‍ തയ്ച്ചുപിടിപ്പിച്ച ഉടുപ്പുകളും ഇറുകിപ്പിടിച്ച പാന്റുകളുമിട്ട് തലയില്‍ കര്‍ച്ചീഫ് കൊണ്ടൊരു കെട്ടുംകെട്ടി ഡാന്‍സര്‍മാര്‍ തകര്‍ത്താടി. 'ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍...' 'ലേലാലുമേലാ...' 'രാത്ത് ബാക്കി ബാത്ത് ബാക്കി...' തട്ടിലെ ചുവടുകള്‍ക്കൊപ്പിച്ച് തറയില്‍ ആളുകളും ആടിത്തിമിര്‍ത്തു.

'ഇവിടെ തുണിക്കട വല്ലതുമുണ്ടോ...?' പള്ളിപ്പറമ്പിലെ പനിനീര്‍ ചാമ്പയിലേക്ക് നോക്കിനിന്ന തന്നോട് അപ്രതീക്ഷിതമായി ചോദിച്ച ചോദ്യത്തിനു മുന്‍പില്‍ രാജേഷ് ഒന്നു പകച്ചു. 'ചെറുതൊന്ന് ഉണ്ടായിരുന്നതായി അച്ഛന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് ആ കടയൊന്നുമില്ല. എന്താ സാര്‍...?'

'ഒന്നുമില്ല...'

'നീങ്ങാല്ലേ...'

'ങും...'

തിരികെ നടന്നു. വെറുതെയൊന്ന് തിരിഞ്ഞു നോക്കി. കടുംപച്ച വെല്‍വെറ്റു തുണിയില്‍ മഞ്ഞപ്പൂക്കള്‍ തയ്ച്ചു പിടിപ്പിച്ച കുപ്പായങ്ങള്‍... ചടുലമായ ചുവടുകള്‍... ഭ്രാന്തമായ ആട്ടങ്ങള്‍...

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ഹോം സ്‌റ്റേയിലെത്തി. 'സാറെ ചപ്പാത്തി കാസറോളിലൊണ്ട്... കഴിച്ച് കെടന്നോ... രാവിലെ ഏഴ് മണിക്ക് ഞാന്‍ വരാം... ബ്രേക്ക് ഫാസ്റ്റ് കടേന്ന് വാങ്ങിച്ചോണ്ട് പോകാം... കേറുമ്പോ കഴിക്കാം... വെയിലൊറയ്ക്കും മുന്‍പേ കേറണം...' രാജേഷ് യാത്ര പറഞ്ഞു പിരിഞ്ഞു.

ഇരുട്ടിന്റെ അന്ധമായ ചാലുകള്‍ അയാളുടെ ബൈക്കിന്റെ ശബ്ദവും വെളിച്ചവും വിഴുങ്ങിത്തീര്‍ക്കുന്നത് വെറുതെ നോക്കിനിന്നു. അപ്പുറത്തെ മുറിയില്‍നിന്നു പ്രാര്‍ത്ഥനയുടെ ശീലുകള്‍ ഒഴുകിവന്നു. ഞായറാഴ്ചകളില്‍ വീട്ടിലിരുന്നാല്‍ കേള്‍ക്കുന്ന പള്ളിയിലെ കുര്‍ബാനയുടെ ഇരമ്പം കാതില്‍ മുഴങ്ങി.

ജേക്കബ്ബച്ചന്‍ വന്ന നാളുകളിലാണ് പള്ളിയില്‍ ഫിലിം പ്രദര്‍ശനം നടന്നത്. യേശുദേവന്റെ ജീവിതമാണ് ഇതിവൃത്തം. അള്‍ത്താരയുടെ ഇടതുവശത്തെ വെള്ളച്ചുമരില്‍, പ്രൊജക്ടറില്‍നിന്നുള്ള നിശ്ചല ദൃശ്യങ്ങള്‍ പതിപ്പിക്കും. യേശു അനുഗ്രഹിക്കുന്നത്, യേശു ഉയിര്‍പ്പിക്കുന്നത്, യേശു പ്രസംഗിക്കുന്നത്, എന്നിങ്ങനെ... ദൃശ്യങ്ങളുടെ വിശദാംശങ്ങള്‍ ജേക്കബ്ബച്ചന്‍ തന്നെ ഗ്രാമഫോണിലൂടെ വിളിച്ചു പറയും. പള്ളിയാഘോഷങ്ങള്‍ വിപുലമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് അച്ചനായിരുന്നു.

ഭക്ഷണം കഴിച്ചു കിടന്നു. പുറത്ത് നല്ല തണുപ്പുണ്ട്. മൊബൈലെടുത്ത് കൊച്ചുമ്മന്‍ വ്‌ലോഗിന്റെ പുതിയ വീഡിയോ വല്ലതും പോസ്റ്റു ചെയ്തിട്ടുണ്ടോയെന്നു നോക്കി. മലകയറ്റത്തിന്റെ ചെറു വീഡിയോകള്‍ ഇട്ടിട്ടുണ്ട്. മുപ്പതും നാല്‍പ്പതും സെക്കന്റുള്ളവ. യാത്രയുടെ തുടക്കത്തിലുള്ള ലക്ഷം വീടുകളെക്കുറിച്ച് ചെറുവിവരണം അടങ്ങിയ വീഡിയോ കണ്ടു. എസ്‌റ്റേറ്റ് പണിക്കു വന്ന തമിഴരുടെ ലയങ്ങളായിരുന്നു അത്. പൊട്ടിപ്പൊളിഞ്ഞ അവയിലെ ജീവിതം നരകതുല്യമായിരുന്നു. ഇപ്പോഴും അവസ്ഥയ്ക്ക് മാറ്റമൊന്നുമുണ്ടാകാന്‍ സാദ്ധ്യതയില്ല. ലക്ഷം വീടിനു മുന്‍പിലെ പെട്ടിക്കടയില്‍ പുളിമുട്ടായിയുണ്ടായിരുന്നു. സ്‌കൂളില്‍ പോകുന്ന വഴിക്ക് അഞ്ചു പൈസയുടെ പുളിമുട്ടായി കവര്‍ വാങ്ങി അതിന്റെ ഏതെങ്കിലും മൂലയ്ക്ക് കടിച്ച് തുറന്ന് നുണഞ്ഞുകൊണ്ട് നടക്കും... പഴയ പുളിരസം നാവിലേക്ക് കിനിഞ്ഞിറങ്ങുന്നു... ഉറക്കം കണ്ണുകളിലേക്കും...

'ഒറക്കം എങ്ങനെയുണ്ട് സാറേ... തണുപ്പുണ്ടാരുന്നോ...' കടയിലേക്ക് നടക്കുന്നതിനിടയില്‍ രാജേഷ് ചോദിച്ചു. 'കൊഴപ്പമില്ല...' 'എടയ്‌ക്കൊരു മഴ പെയ്തത് അറിഞ്ഞാര്‌ന്നോ...?' ഇല്ലെന്ന് തലയാട്ടി. ഔസേപ്പിന്റെ ചായക്കടയിലെത്തി. കട ഉണര്‍ന്നുവരുന്നതേയുള്ളൂ. പണിക്കിറങ്ങുന്ന ഒന്നു രണ്ടു പേര്‍ വന്നിരിപ്പുണ്ട്. 'ഇടിയപ്പവും മൊട്ടക്കറീമാ... പൊതിഞ്ഞെടുക്കാം...' രാജേഷ് മുഖത്തേക്ക് നോക്കിയപ്പോള്‍ കുഴപ്പമില്ലെന്ന് തലയാട്ടി. കടുപ്പത്തില്‍ രണ്ട് ചായ പറഞ്ഞു. കടവരാന്തയിലേക്കിറങ്ങി പുറത്തേക്ക് കണ്ണോടിച്ചു. ഈ കടനിരയുടെ അങ്ങേയറ്റത്ത്, അച്ചന്‍കുഞ്ഞ് ചേട്ടന്റെ കെട്ടിടത്തിലാണ് തുണിക്കട പ്രവര്‍ത്തിച്ചിരുന്നത്. നാട്ടുകാര്‍ക്ക് അത്യാവശ്യം വേണ്ടതൊക്കെ അവിടെ കിട്ടും. തോര്‍ത്തും ലുങ്കിയും വിലകുറഞ്ഞ ഉടുപ്പുമുണ്ടുകളും സാരിയും ബ്ലൗസ്പീസുകളുമൊക്കെയാണ് പ്രധാനം. ശബരിമല സീസണില്‍ കറുപ്പും നീലയിലുമുള്ള ലുങ്കികളും ഇരുമുടിക്കെട്ടിനുള്ള സഞ്ചിയുമൊക്കെ എടുത്തുവയ്ക്കും. പള്ളിപ്പെരുനാള്‍ കാലത്ത് ഡിമാന്റുള്ള ഐറ്റങ്ങളൊക്കെ കൊണ്ടുവരും. ഡിസ്‌കോ ഡാന്‍സ് പെരുന്നാള്‍ കലാപരിപാടിയിലെ പ്രധാന ഇനമായി മാറിയപ്പോഴാണ് വെല്‍വെറ്റ് തുണിയും വരാന്‍ തുടങ്ങിയത്.

അയ്യപ്പക്ഷേത്രത്തിനു മുന്‍പില്‍ കയറ്റമവസാനിച്ചു. പണ്ട് പടിക്കെട്ടുകളായിരുന്നിടത്ത് സ്ലോപ്പായി കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നു. ജീപ്പും കാറുമൊക്കെ കയറിവരും. മേച്ചില്‍ പുല്ലുകള്‍ നിറഞ്ഞ മേടുകള്‍ തെളിച്ച് വാഴ കൃഷി ചെയ്തിരിക്കുന്നു. അയ്യപ്പക്ഷേത്രത്തിന്റെ പരിസരം കൂടുതല്‍ വിശാലമാക്കിയിട്ടുണ്ട്. 'സീസണില്‍ നല്ല തിരക്കാ...' രാജേഷ് പറഞ്ഞു. 'ഈ ലൊക്കാലിറ്റീലൊള്ളവരൊക്കെ കെട്ടുനിറയ്ക്കുന്നതിവിടാ...'

സ്‌കൂളിലെ നാഗപ്പന്‍ സാറിന്റെ നേതൃത്വത്തില്‍ ഒരു ഭജനസംഘമുണ്ടായിരുന്നു. വൃശ്ചികത്തില്‍ പത്ത് ദിവസത്തെ ഭജന പത്ത് വീടുകളിലായി നടത്തും. ഭജനസംഘത്തിന്റെ തീരുമാനത്തിലാണ് അയ്യപ്പക്ഷേത്രം പണിതത്. സാറ് തന്നെയായിരുന്നു മുഖ്യനടത്തിപ്പുകാരന്‍.

ലക്ഷംവീടിനടുത്തെത്തി. രണ്ട് കെട്ടിടങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. ഒരു കെട്ടിടത്തില്‍ ഹെല്‍ത്ത് സബ് സെന്റര്‍ എന്ന ബോര്‍ഡ് കണ്ടു. പുളിമുട്ടായിക്കട കാണാനില്ല. എന്തോ തിരയുന്നതുപോലെ നിന്നപ്പോള്‍ രാജേഷ് പറഞ്ഞു: 'ലയങ്ങളായിരുന്നു സാറെ... തോട്ടത്തിപ്പണിക്ക് വന്ന തമിഴമ്മാര് താമസിച്ചിരുന്നതാ... തോട്ടം നഷ്ടമായപ്പം അവരെല്ലാം നാട്ടിലേക്ക് പോയി... ഇപ്പം കൊറെ ബംഗാളികള് താമസിക്കുന്നൊണ്ട്... കെട്ടിടം രണ്ടെണ്ണം പൊളിഞ്ഞുപോയി... നമുക്കിതിലേ പോകാം... കയറ്റം തൊടങ്ങി...!'

വ്‌ലോഗറുടെ വിശദീകരണങ്ങള്‍ മനസ്സിലേക്കോടിയെത്തി. ഇടുങ്ങിയ വഴിക്കൊപ്പം കുന്നിന്‍ മുകളില്‍നിന്ന് മഴക്കാലത്ത് തൊടുത്തുവിട്ട ജലാസ്ത്രങ്ങള്‍ ഇളക്കിമറിച്ച ചാലുകള്‍ നടപ്പിന്റെ വേഗത കുറച്ചു. കാട്ടുതീ പടര്‍ന്ന ചെരിവുകളില്‍ അങ്ങിങ്ങ് മുളച്ചുപൊന്തുന്ന ഈന്തില്‍ നാമ്പുകള്‍. 'ഇപ്രാവശ്യത്തെ തീ ഒര് രക്ഷയുമില്ലാര്ന്ന് സാറേ...' രാജേഷ് പറഞ്ഞു. ആകാശവും ഭൂമിയും വരണ്ടുകിടക്കുന്ന വേനല്‍ത്തളര്‍ച്ചയില്‍ ഉണക്കപ്പുല്ലിനു തീ പിടിക്കുമ്പോള്‍ അങ്ങ് മലേപ്പുതുവല്‍ വരെ അത് നക്കിയെടുക്കാറുണ്ടായിരുന്നു. ഈസ്റ്റര്‍ പെരുന്നാളിനു രാത്രിയില്‍ പള്ളിമുറ്റത്ത് നില്‍ക്കുമ്പോഴാണ് അകലെയെങ്കിലും, വെളിച്ചത്തിന്റെ ചെമന്ന ശിഖരങ്ങളില്‍ മിന്നാമിനുങ്ങുകളെ ചിതറിത്തെറിപ്പിച്ചുകൊണ്ട് മലയില്‍ തീ പടര്‍ന്നത്. സ്‌കൂളില്‍ പുതുതായി വന്നുചേര്‍ന്ന ശിവന്റെ തോളില്‍ കയ്യുമിട്ട് അവന്‍ വാങ്ങിത്തന്ന ഹല്‍വയും രുചിച്ച് നില്‍ക്കുകയാണ്. തീ അവന് അത്ഭുതക്കാഴ്ചയാണ് സമ്മാനിച്ചത്. വൈക്കത്ത് മലവെള്ളമിറങ്ങി കിടപ്പാടം മുങ്ങിയപ്പോള്‍ ശിവന്റെ അച്ഛന്‍ കുടുംബത്തേയും കൂട്ടി ഇന്നാട്ടിലേക്ക് കുടിയേറിയതായിരുന്നു. പെരുന്നാള്‍ പെരുക്കങ്ങള്‍ക്കിടയില്‍ ചിലരൊക്കെ തീ കണ്ടുനിന്നു. മറ്റു ചിലര്‍ അതൊന്നും ശ്രദ്ധിക്കാതെ പാതിരാ കുര്‍ബാന കഴിഞ്ഞാല്‍ തുടങ്ങുന്ന ഡിസ്‌ക്കോയ്ക്കുള്ള ഒരുക്കത്തിലായിരുന്നു.

'എന്നാടാ നമ്മള്‍ മലകേറുന്നത്?' ശിവന്‍ ചോദിച്ചു. അവനെത്തിയിട്ട് ഒന്നോ രണ്ടോ ആഴ്ചയേ ആയിട്ടുള്ളു. 'നമുക്ക് കേറാടാ... ഞാനും കേറീട്ടില്ല...' മറുപടി പറഞ്ഞപ്പോള്‍ അത്ഭുതത്തോടെയാണ് അവന്‍ മുഖത്ത് നോക്കിയത്. 'നമുക്കൊരു ശനിയാഴ്ചയങ്ങ് കേറാം... ഞായറാഴ്ച അച്ഛന്‍ വീട്ടീക്കാണും... നടക്കുകേലാ...; അവന്‍ പ്ലാനിട്ടു. കത്തിയെരിയുന്ന മലയിലേക്ക് നോക്കി ഒരുനാള്‍ അതിന്റെ നെറുകയിലെത്തുന്നതും ആലോചിച്ചുകൊണ്ട് നിന്നപ്പോഴാണ് ആന്റോച്ചേട്ടന്‍ പച്ചവെല്‍വെറ്റില്‍ മഞ്ഞപ്പൂക്കളുള്ള ഇറുകിപ്പിടിച്ച ഷര്‍ട്ടുമിട്ട് ഞങ്ങള്‍ക്കു മുന്‍പിലൂടെ കടന്നുപോയത്. ഞങ്ങള്‍ പിന്നാലെ ചെന്നു. ആന്റോച്ചേട്ടന്‍ ബെല്‍റ്റ് കെട്ടുകയായിരുന്നു. അത് പൂര്‍ത്തിയാക്കി ഒന്ന് നിവര്‍ന്നുനിന്നു. പിന്നെ പാന്റിന്റെ പോക്കറ്റില്‍നിന്നും പച്ച കൈലേസ്സെടുത്ത് കൃത്യതയോടെ മടക്കി തലയില്‍ കെട്ടി. ഹാലൊജന്‍ വെട്ടത്തില്‍ വെല്‍വെറ്റ് വെട്ടിത്തിളങ്ങി. 'എടാ നമുക്കും അതുപോലൊന്ന് വാങ്ങണം...' ശിവനു സഹിച്ചില്ല. 'നമ്മളോ...?' മീറ്ററിന് പത്തെഴുപത് രൂപ വിലയുള്ള വെല്‍വെറ്റ് തുണി വാങ്ങുന്നത് വിദൂരമായ സ്വപ്നത്തില്‍ പോലുമില്ലാത്ത കാര്യമാണെന്ന് അറിയാമായിരുന്നു.

'സാര്‍ സൂക്ഷിച്ച്...' പാറയിലേക്ക് കാലെടുത്തുവയ്ക്കും മുന്‍പ് രാജേഷ് കൈ നീട്ടി. ആ കൈ പിടിച്ച് പാറയിലേക്ക് കയറിയപ്പോള്‍ കിതച്ചുപോയി. ചുറ്റും കണ്ണോടിച്ചു. താഴെ താന്നിപ്പാടം ജംഗ്ഷനിലെ തോടും പാലവും കാണാം. വടക്കോട്ട് നോക്കിയാല്‍ അയ്യപ്പക്ഷേത്ര ഗോപുരത്തിന്റെ മേല്‍ഭാഗം കാണാം. മലയുടെ കാല്‍ഭാഗമേ ആയിട്ടുള്ളൂ. തണുപ്പ് കടം വാങ്ങിയ ഒരിളവെയില്‍ മെല്ലെ ചിരിച്ചുകൊണ്ട് മുന്നില്‍ നില്‍ക്കുന്നു. ഇരു കൈപ്പടവും നിവര്‍ത്തിപ്പിടിച്ച്

ആ ചിരിയെ സ്വീകരിച്ചു.

'നടക്കാം സാര്‍, വെയിലൊറയ്ക്കുന്നു...' രാജേഷിനു പിന്നാലെ പാറയില്‍നിന്നിറങ്ങി. ഫോണെടുത്ത്, വ്‌ലോഗിലൂടെ കണ്ണോടിച്ചു. അര്‍ജുനന്‍ മലകയറ്റത്തിലെ ആദ്യ ഡെസ്റ്റിനേഷന്‍ പോയിന്റ് കടന്നിരിക്കുന്നു. വഴി കൂടുതല്‍ ഇടുങ്ങിയതാകുന്നു.

'സാറെ മുള്ള്... സൂക്ഷിച്ച്...! തുണീല് കൊളുത്തിവലിക്കും... നോക്കണേ...' രാജേഷ് വിളിച്ചുപറഞ്ഞു. തിട്ടയില്‍നിന്നു വഴിയിലേക്ക് ചാഞ്ഞ് കിടന്ന തുടലിമുള്ളില്‍ തൊടാതെ ശ്രദ്ധിച്ചു കയറി.

തേയിലപ്പുരതോടിന്റെ കരയിലും തുടലിച്ചെടികള്‍ വളര്‍ന്നു കിടന്നിരുന്നു. കണ്ടവരമ്പ് അവസാനിക്കുന്നിടത്തുനിന്നും അല്പം മേല്‍പ്പോട്ട് നടന്നാല്‍ തുടലിക്കാടായി. അവ വളര്‍ന്നു വളഞ്ഞ് തോട്ടിലേക്ക് മറിഞ്ഞുകിടക്കുന്നു. അവിടെ ഒരാള്‍ പൊക്കത്തില്‍ വെള്ളമുണ്ടാകും. മീന്‍പറ്റങ്ങളുടെ ആവാസകേന്ദ്രം. തങ്കരാജിന് അതറിയാം. എങ്കിലും ചൂണ്ടയുമായി എപ്പോഴും ആ വഴിക്ക് സഞ്ചരിക്കാറില്ല. ചൂളപ്പാറ സുന്ദരം ടാക്കീസില്‍ അടിപ്പടങ്ങള്‍ വരുമ്പോള്‍ ചൂണ്ടകള്‍ അവിടേക്ക് നീളും. വലിയ വട്ടവന്‍ മീനുകള്‍ കടക്കാരന്‍ അച്ചന്‍കുഞ്ഞു ചേട്ടന്റെ വീട്ടില്‍ കൊടുത്താല്‍ വില കിട്ടും. അടിപ്പടത്തിന്റെ ടിക്കറ്റിനുള്ളതായി. പക്ഷേ, അച്ഛന്‍ വീട്ടിലില്ലാത്ത ദിവസത്തിനായി കാത്തിരിക്കേണ്ടിവരും.

പാറമുകളില്‍നിന്നു താഴേക്ക് പതിക്കുന്ന അരുവിയുടെ നേര്‍ത്ത ശബ്ദം കേട്ടു. 'സാറേ, ഇനി കഴിച്ചിട്ടു കേറാം.' ഉവ്വെന്ന് തലയാട്ടി. ഇടയ്‌ക്കൊരു മഴ പെയ്‌തോണ്ട് വെള്ളമുണ്ട്...' രാജേഷ് പറഞ്ഞു. അരുവിയില്‍നിന്നു കൈ കഴുകി, നനയാത്ത പാറമേലിരുന്നു കഴിച്ചുതുടങ്ങി.

'സാറെ, ദാ കാണുന്ന കുന്നുകണ്ടോ...' രാജേഷ് ചൂണ്ടിയ ഭാഗത്തേക്ക് നോക്കി. പച്ചപ്പില്‍നിന്നും അടര്‍ത്തിമാറ്റിയതുപോലെ ഒരു വെളിമ്പ്രദേശം കണ്ടു. 'കഴിഞ്ഞ കൊല്ലം ഉരുള് പൊട്ടീതാ... മൂന്ന് വീട് അടീപ്പോയി... ഡാന്‍സര്‍ ആന്റോടെ വീടൊക്കെപ്പോയി... രാത്രീലാര്ന്നല്ലോ... അങ്ങേരെ ഇന്നേവരെ കിട്ടീല... ഡിസ്‌ക്കോന്ന് പറഞ്ഞാ ആന്റോയാര്ന്ന്...'

ഞെട്ടിപ്പോയി. മണ്ണിനടിയിലേക്ക് അയപൊട്ടിവീണുപോകുന്ന പച്ച വെല്‍വെറ്റിന്റെ ഉടുപ്പ് ഒരു മിന്നലായി ഉള്ളിലേക്ക് കത്തിയമര്‍ന്നു. ഡാന്‍സ് ഡാന്‍സും മിഥുന്‍ ചക്രവര്‍ത്തിയും കൊണ്ടുവന്ന കാഴ്ചയുടെ കണ്ണികളിലേക്ക് ആന്റോച്ചേട്ടനും വിളക്കിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. അങ്ങേരെപ്പോലെ, പള്ളിപ്പറമ്പിലെ സ്‌റ്റേജില്‍ ഡിസ്‌കോ കളിക്കുന്ന കാര്യം ശിവന്‍ പറഞ്ഞപ്പോള്‍ ഒരിക്കലും നടക്കില്ലെന്നു തോന്നി. 'നടക്കൂടാ... രഘുച്ചേട്ടന്റെ കടേല് രണ്ടുടുപ്പിനുള്ള വെല്‍വെറ്റ് കെടപ്പൊണ്ട്. നീ ചൂണ്ടയൊന്നെടുക്കേണ്ടിവരും.' അവനെല്ലാം തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞു. ഒരിക്കലും വീണ്ടെടുക്കനാവാത്തവിധം മണ്ണിലാണ്ടുപോയ ആ ചടുലതാളങ്ങളെക്കുറിച്ചോര്‍ത്തുകൊണ്ട് നടന്നപ്പോള്‍ രാജേഷ് പറഞ്ഞു: 'സാര്‍ ഈ വഴി താഴേയ്ക്കിറങ്ങാം. അവിടൊരു സ്‌പെഷ്യല്‍ പ്ലേസുണ്ട്. സൂക്ഷിച്ചിറങ്ങണേ...'

ഗുഹയിലേക്കുള്ള യാത്രയാണെന്നു മനസ്സിലായി. നേര്‍ത്ത വെയിലിനു കരുത്തുകൂടുന്ന ഈ സമയത്തുപോലും താഴേയ്ക്കുള്ള വഴിയില്‍ തണുപ്പ് തളംകെട്ടിനിന്നു. സഞ്ചാരികളുടെ നിരന്തര സമ്പര്‍ക്കമുള്ളതിനാല്‍ ഗുഹയ്ക്കുള്ളില്‍ പാഴ്‌ച്ചെടികള്‍ വളര്‍ന്നുപൊങ്ങിയിട്ടില്ല. പലകക്കല്ലില്‍ രാജേഷ് നിവര്‍ന്നുകിടന്നു. അതിന്റെ കുളിര് അയാള്‍ ആസ്വദിക്കുന്നുണ്ടെന്നു തോന്നി. ഇതൊക്കെയായിരിക്കാം വ്‌ലോഗര്‍ പറഞ്ഞ അനുഭൂതികള്‍...!

ഗുഹയില്‍നിന്നു തിരികെ കയറി. മണ്ണിന്റെ നിറം മാറുന്നു. വഴിയുടെ ഗതിയും മാറുന്നു. കയറ്റത്തിന്റെ കടുപ്പം കൂടുന്നു. തണല്‍ക്കൂടാരം പണിതുനില്‍ക്കുന്ന നിറമരുതിന്റെ കീഴേക്ക് കയറിനിന്നപ്പോള്‍ പത്തുമണി വെയിലിന് അരിശം മൂത്തതായി തോന്നി. ടീ ഷര്‍ട്ട് ഊരി തോളിലിട്ടു. രാജേഷ് അമ്പരന്ന് കണ്ണു മിഴിച്ചു. ഇതേവരെയുള്ള യാത്രക്കാരാരും ചെയ്യാത്ത കാര്യം...!

നിറമരുതിന്റെ വലതുഭാഗത്തുള്ള വഴിയിലൂടെ മുകളിലേക്കു കയറി. അധികമാരും നടക്കാത്ത വഴിയാണെന്നു കണ്ടാലറിയാം. 'സാര്‍... ആ വഴിയല്ല...' രാജേഷ് വിളിച്ചുപറഞ്ഞു: 'ഇതിലേയും ഒരു വഴിയുണ്ട്...' രാജേഷ് സംശയിച്ചു നോക്കി: 'വ്‌ലോഗില്‍ പറയുന്നുണ്ടോ...?' 'ങും... നിങ്ങള്‍ ശ്രദ്ധിച്ചുകാണില്ല... രാജേഷ് കയറിക്കോളൂ... ഞാനിതിലേ വരാം...'

ഒരു നിമിഷം അയാള്‍ സന്ദേഹിച്ചു. അരയോളം വളര്‍ന്ന തെരുവപ്പുല്ല് വകഞ്ഞുമാറ്റി കയറുമ്പോള്‍ തിരിഞ്ഞുനോക്കി. രാജേഷ് പൊതുവഴിയിലൂടെ നടക്കുകയാണ്.

അനുസരണക്കേട് കാട്ടി ഉയരത്തില്‍ പൊങ്ങിയ ചില പുല്‍വിരുതന്‍മാര്‍ ഏല്‍പ്പിച്ച പോറലില്‍ വിയര്‍പ്പ് നീറ്റല്‍ വിതച്ചു. അന്നത്തെ പോറലുകള്‍ക്ക് ഇത്രയും നീറ്റലുണ്ടായിരുന്നില്ലെന്നു തോന്നി. അന്നും ഉടുപ്പൂരി ചുരുട്ടിപ്പിടിച്ചിരുന്നു. നീളത്തിലുള്ള കീറലുകള്‍ തുന്നിക്കൂട്ടി മങ്ങിയ മഞ്ഞ നിറത്തിലുള്ള ഉടുപ്പ് കയ്യില്‍ തരുമ്പോള്‍ കൊച്ചേച്ചിയുടെ മുഖത്ത് ഭാവമേതുമില്ലായിരുന്നു. കറുത്ത ഒരുണ്ട നൂലും സൂചിയും കൊച്ചേച്ചി കരുതലോടെ സൂക്ഷിച്ചുപോന്ന വിരലിലെണ്ണാവുന്ന വിശിഷ്ടവസ്തുക്കളില്‍പ്പെട്ടതായിരുന്നു. പൊടിയുന്ന ചോരയും വിയര്‍പ്പും ഉടുപ്പില്‍ തുടച്ച് ഈ വഴിയെ കയറുമ്പോള്‍ ശിവനോടു പറഞ്ഞു: 'ഉടുപ്പൂരെടാ... അല്ലേല്‍ മുള്ളുപിടിച്ച് കീറും...' 'ശരിയാടാ...' അവനും ഉടുപ്പൂരി. പച്ചയില്‍ മഞ്ഞപ്പൂക്കളുള്ള വെല്‍വെറ്റ്...

പൊട്ടല്‍ വീണ പെയിന്റ് പാട്ടയിലിട്ട മീനുമായി അച്ചന്‍കുഞ്ഞു ചേട്ടന്റെ വീട്ടിലേക്ക് നടക്കുമ്പോള്‍ തങ്കരാജും ഒപ്പമുണ്ടായിരുന്നു. കടയില്‍ കയറിനോക്കി. രണ്ടുടുപ്പിന്റെ തുണിയിരുപ്പുണ്ട്. വില ഒന്നൂടെ ചോദിച്ചുറപ്പിച്ചു പുറത്തിറങ്ങിയപ്പോള്‍ തങ്കരാജ് പറഞ്ഞു: 'ഒന്നൂടെയൊണ്ടാര്‌ന്നെങ്കി എനിക്ക് തട്ടേ കേറാര്ന്ന്...'

'നീയോ...?' ശിവന്‍ അവനെ പുച്ഛഭാവത്തില്‍ നോക്കി. 'എടാ അതിനൊക്കെ ഇത്തിരി ഗ്ലാമര്‍ വേണം... ഈ കറുത്തിരിക്കുന്ന നമ്മള്‍ക്കൊന്നും പറ്റൂലാ...!'

തങ്കരാജ് ഒന്നും പറയാതെ കടേന്ന് ഇറങ്ങിനടന്നു.

'എടാ നീ അങ്ങനൊന്നും പറയണ്ടാര്ന്ന്... അവന് വെഷമായി... അവനല്ലേ കൂടുതലും പിടിച്ചത്...'

'നീ പോടാ...' ശിവന്‍ വേഗത്തില്‍ നടന്നു.

കൊക്കോമരങ്ങള്‍ അതിരിട്ടുനില്‍ക്കുന്ന പടിക്കെട്ടു കയറിച്ചെന്നപ്പോള്‍ അച്ചാമ്മച്ചേട്ടത്തി മുയല്‍ക്കൂട്ടില്‍ തീറ്റയിടുകയായിരുന്നു. കയ്യില്‍ പാട്ട കണ്ടപാടെ അവര്‍ ചോദിച്ചു: 'വട്ടവനാണോടാ...'

'ങാ...'

'അതേയ് ചേട്ടന്‍ കട്ടപ്പനയ്ക്കു പോയേക്കുവാ... കൊറച്ചു മൊളകൊണ്ടാര്‌ന്നേ... ജീപ്പേലാ... എന്റെ കയ്യി കാശൊന്നും തന്നിട്ടില്ല... നീയതവിടെ വച്ചേച്ചു പോ... മറ്റന്നാളിത്തരാം...'

ശിവന്റെ മുഖത്തുനോക്കി. അവന്‍ വേണ്ടെന്നു കണ്ണുകാണിച്ചു.

'അല്ല, ചേട്ടത്തി, ആവശ്യമുണ്ട്...'

'എന്നാപ്പിന്നെ വല്ലോടത്തും കൊണ്ടക്കൊട്...' അവര്‍ ചൊടിച്ചു.

തിരിച്ചിറങ്ങുമ്പോള്‍ ശിവന്‍ പറഞ്ഞു: 'ചാച്ചന്‍ കാറ്റാടിക്കവലേല് പോന്നൊണ്ടെടാ... അവിടെ ഹോട്ടലില്‍ കൊടുക്കാം... വെലേം കിട്ടും...!'

'സമയം പോന്നെടാ... മീന്‍ കെട്ടുപോയാ അവരെടുക്കേലാ...'

'ഞാനും ചാച്ചന്റെ കൂടെ പോകാടാ...' അവന്‍ പെയിന്റ് പാട്ടയുമായി ഓടി.

വള്ളിപ്പടര്‍പ്പില്‍ ഷൂസ് ഉടക്കി മുന്നോട്ട് വീഴാനാഞ്ഞപ്പോള്‍, തെരുവപ്പുല്ലിലാണ് പിടികിട്ടിയത്. കൈ മുറിഞ്ഞു. ചോര പൊടിഞ്ഞ് നീറി. മേലേക്ക് നോക്കി. ഏതാണ്ട് നിരപ്പിലെത്താറായിട്ടുണ്ട്. പാറയില്‍ കേറിനിന്നു ചുറ്റും നോക്കണം. പിന്നിലേക്ക് കണ്ണോടിച്ചു. രാജേഷിനെ കാണാനില്ല. യാത്രികരുടെ സ്ഥിരം പാത കണ്ണില്‍നിന്നും മറഞ്ഞിരിക്കുന്നു.

തെരുവപ്പുല്ല് തീര്‍ത്ത അതിരുകള്‍ അവസാനിച്ചു. ഇനി പുല്‍മേടുകളാണ്. പച്ചപ്പരവതാനിയിലൂടെ കുത്തനെ കയറണം. കാറ്റിനു ശക്തിയേറുന്നു. വെയില്‍നാളം ശരീരത്തെ കുത്തിത്തുളയ്ക്കുമ്പോള്‍ കാറ്റിന്‍ തലപ്പുകള്‍ കുളിര്‍സാന്ത്വനമേകുന്നു. തൊട്ടുമുകളില്‍ ഇപ്പോള്‍ വീഴുമെന്നു തോന്നിപ്പിക്കുന്ന പാറയ്ക്കടിയിലേക്ക് നുഴഞ്ഞുകയറി. നല്ല തണുപ്പും തണലും. ഷര്‍ട്ടെടുത്ത് വിയര്‍പ്പ് തുടച്ചുകൊണ്ട് ഇരുന്നു. അന്ന് ഇവിടെവെച്ചാണ് കയ്യില്‍ കരുതിയിരുന്ന അത്ര പഴുക്കാത്ത ഈന്തില്‍ പഴങ്ങള്‍ അവന്‍ തന്നത്. നേരിയ ചവര്‍പ്പ് അനുഭവപ്പെട്ടു. ഇറക്കാന്‍ വയ്യ. തുപ്പിയപ്പോള്‍ കയ്യിലിരുന്ന ഉടുപ്പില്‍ വീണെന്നു തോന്നി. അവന്‍ കയര്‍ത്തു.

'ഉടുപ്പിലാണോടാ തുപ്പുന്നത്?'

'എന്തൊരു കയ്പ്പാടാ... ഇതാ പഴുത്തൊന്നുമില്ല...'

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

'എന്നുംവച്ച്...?' അവനു ദേഷ്യം ഇരച്ചുകയറി. അവന്‍ അടുത്തുനിന്നും മാറി കുറെനേരം കാപ്പിമലയിലേക്ക് നോക്കിയിരുന്നു. അവനെ സമാധാനിപ്പിക്കാനായി ഉടുപ്പ് നന്നായി തുടച്ചു. അതെ, പച്ചയില്‍ മഞ്ഞപ്പൂക്കളുള്ള വെല്‍വെറ്റ്...! സ്ലീവാച്ചേട്ടന്റെ ഫ്‌ലിക്കര്‍ ലൈറ്റില്‍നിന്നും ചെമപ്പും പച്ചയും മാറിമാറി വീണപ്പോള്‍ വെല്‍വെറ്റിനുണ്ടായ തിളക്കം...! ഇരുട്ടില്‍ അത് കണ്ടുനിന്നത് സങ്കടത്തോടെയാണ്. കുറച്ചപ്പുറത്തുനിന്ന് അവന്‍ തന്നെ നോക്കുന്നുണ്ടായിരുന്നു. തങ്കരാജ് അവനെ നേരിടാനാകാതെ തല കുനിച്ചുകളഞ്ഞു. ആന്റോച്ചേട്ടന്റെ സ്‌റ്റെപ്പുകള്‍ക്കൊപ്പിച്ച് എത്തിയില്ലെങ്കിലും ശിവനും കളിക്കുന്നുണ്ടായിരുന്നു. ആളുകള്‍ വിസിലടിച്ചു... ആര്‍ത്തുവിളിച്ചു. ആയിടെ മാത്രം അവിടെയെത്തിയ വൈക്കംകാരന്‍ പയ്യനില്‍നിന്ന് അവര്‍ അത്രയൊന്നും പ്രതീക്ഷിച്ചില്ല.

കാറ്റിനു ശക്തിയുണ്ടെങ്കിലും അതിലെ തണുപ്പ് ഒരു മയക്കത്തിലേക്ക് വലിച്ചുകൊണ്ടുപോകുമെന്നു തോന്നിയപ്പോള്‍ എഴുന്നേറ്റു. പാറയുടെ വലതുഭാഗത്തുകൂടെ കയറിയാല്‍ കുറച്ചുമതി ഉച്ചിയിലെത്താന്‍. ഉക്കാച്ചിപ്പാറയെന്നു പേരുകേട്ട പൊന്തന്‍പാറയിലെത്തിയാല്‍ അര്‍ജുനന്‍ മലകയറ്റം പൂര്‍ത്തിയായതായി സ്വയം പ്രഖ്യാപിക്കാം. ഇനിയുള്ള കയറ്റം എത്രയും ശ്രദ്ധിച്ച് ചെയ്യേണ്ടതുണ്ട്. ചുവടൊന്നു തെറ്റിയാല്‍... പാറയുടെ വശത്തെ കൊത്തുകളില്‍ പിടിച്ചുകയറി. അന്നും ഇതുപോലെ പിടിച്ചുകയറുമ്പോഴും ശിവന്റെ പരിഭവം അടങ്ങിയിരുന്നില്ല. നേരത്തെയെപ്പോഴോ മല കയറിയ തങ്കരാജാണ് ഈ വഴി പറഞ്ഞു തന്നത്.

കാറ്റാടിക്കവലേന്ന് ചാച്ചനോടൊപ്പം ശിവന്‍ തിരികെ വരുന്നതും കാത്ത് താന്നിപ്പാടത്ത് നിന്നെങ്കിലും അവന്‍ വന്നില്ല. ഇനി മീന്‍ വിറ്റില്ലേ എന്നു സംശയിച്ചു. പിറ്റേന്നു രാവിലെ തുണിക്കട തുറന്നപ്പോള്‍ തന്നെ ചെന്നു നോക്കി. അലമാരിയില്‍ തുണിയില്ല...! രഘുച്ചേട്ടനോട് ചോദിച്ചപ്പോള്‍ ദേഷ്യം വന്നു. ശിവന്‍ വന്നില്ലെന്നും മറ്റാരോ തുണി വാങ്ങിക്കൊണ്ടുപോയെന്നും അയാള്‍ നീരസത്തോടെ പറഞ്ഞു. പിന്നെയൊന്നും ചോദിക്കാന്‍ നിന്നില്ല. അടുത്തദിവസം സ്‌കൂളില്‍വെച്ച് ശിവനെ കണ്ടപ്പോള്‍ അവന്‍ മുഖം തന്നില്ല. ഒഴിഞ്ഞുമാറ്റം പ്രകടമായിരുന്നു. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്നു മനസ്സിലായി.

കാറ്റിനു കരുത്ത് കൂടുന്നു. മുട്ടോളം പൊക്കമുള്ള കുറ്റിക്കാടുകള്‍ക്കപ്പുറം അഗാധമായ കൊക്കയാണ്. ഓരോ ചുവടും ശ്രദ്ധിച്ചുകയറി മുകളിലെത്തി. കാറ്റിന്റെ ചുഴറ്റലില്‍ നിവര്‍ന്നു നില്‍ക്കാനായില്ല. ഇരിക്കുന്നതിനു മുന്‍പ് ചുറ്റും നോക്കി. കുറെ താഴെനിന്ന് രാജേഷ് കയറിവരുന്നുണ്ട്. വാഗമണ്‍ മെഡോസും മുതിയപ്പാറ ഡാമിന്റെ റിസര്‍വ്വോയറും വിദൂരതയില്‍ നിശ്ചലമായി കിടക്കുന്നു. മലേപ്പുതുവല്‍ റോഡ് നേര്‍ത്ത രേഖപോലെ വളഞ്ഞുപുളഞ്ഞു പോകുന്നു. അതിനുമപ്പുറത്ത് ആന്റോച്ചേട്ടനെ പാതാളത്തിലെത്തിച്ച മണ്‍കൂനകള്‍. ഇരുന്നു മൊബൈലെടുത്തു നോക്കി. നിറയെ മെസ്സേജുകള്‍, രാജേഷിന്റെ... അപരിചിതനായ സഞ്ചാരിയെക്കുറിച്ചുള്ള ആശങ്കകള്‍... ഉത്തരവാദിത്വങ്ങള്‍...

പാറയുടെ മറുഭാഗത്തുകൂടി താഴേക്കിറങ്ങിയാല്‍ സ്വസ്ഥമായിരുന്നു കാഴ്ചകള്‍ കാണാന്‍ പറ്റിയ ഒരു സങ്കേതമുണ്ട്. പക്ഷേ, ഇറങ്ങാന്‍ നന്നെ പാടുപെടും. ഇരുന്ന്, മുന്നോട്ട് കാലുകള്‍ മെല്ലെനീട്ടി, പിന്നോട്ട് ചാഞ്ഞ് നിരങ്ങിയിറങ്ങണം. തങ്കരാജാണ് അതും പറഞ്ഞുതന്നത്.

നിരങ്ങി നിരങ്ങി മുന്നോട്ട് നീങ്ങി. അന്നത്തേതുപോലെ തന്നെ. ഉടുപ്പ് രണ്ടും കയ്യില്‍ പിടിച്ച് മുന്‍പിലും പിന്നാലെ ശിവനും. ഡാമിന്റെ കരയിലെ ചതുപ്പില്‍ പശുക്കള്‍ മേയുന്നുണ്ടായിരുന്നു. ശ്രദ്ധ പാളിയപ്പോള്‍ കാല്‍വഴുതി. കയ്യൂന്നാന്‍ ശ്രമിച്ചപ്പോള്‍ ഉടുപ്പിലെ പിടിവിട്ടു. മഞ്ഞയുടുപ്പ് ഒരു ബലൂണ്‍പോലെ താഴേക്ക്... അവന്റെ ഉടുപ്പില്‍ പിടികിട്ടി.

'എടാ, എന്റെ ഉടുപ്പ്...!'

'പോട്ടെടാ... അതില് തയ്യല് മാത്രല്ലേ ഉള്ളൂ... എന്റേത് സൂക്ഷിച്ച് പിടിച്ചോ... നല്ലകാറ്റാ...' അവന്‍ പരിഹസിച്ചു.

എണ്ണയിട്ട് ചൂടാക്കി പരുവപ്പെടുത്തിയ കാഞ്ഞിരംകമ്പുകൊണ്ടുള്ള അച്ഛന്റെ തല്ലും തെറിയും ഓര്‍ത്തപ്പോള്‍ കണ്ണുനിറയുന്നുണ്ടായിരുന്നു. പക്ഷേ, ഒന്നും ചെയ്യാനാവില്ല. അവന്റെ വെല്‍വെറ്റ് ഷര്‍ട്ട് കയ്യില്‍ ചുരുട്ടിപ്പിടിച്ചു. തേയിലപ്പുരതോടിന്റെ ആഴങ്ങളില്‍നിന്നു ചൂണ്ടയില്‍ കൊരുക്കപ്പെട്ട് ചത്തുമലച്ച വടവന്‍മാരെ ഓര്‍ത്തു. അവന്‍ പാറയുടെ അറ്റത്തുനിന്ന് ഒരു വിജയിയുടെ ഉന്‍മാദത്തോടെ ഡിസ്‌കോ ചുവടുകള്‍ ആടുകയാണ്. 'ലേലാമുലേലാ...' ഉടുപ്പില്‍ നോക്കി. പച്ചയിലെ മഞ്ഞപ്പൂക്കള്‍... പയ്യെ പിടിവിട്ടു. ഒന്ന് ഉയര്‍ന്നുപൊങ്ങി, ഒരു പട്ടംപോലെ കാറ്റിന്റെ ചിറകിലേറി പറന്ന് പറന്ന്... അവനത് കണ്ടു. അലറിക്കൊണ്ട് കുതിച്ചുവന്നു കഴുത്തില്‍ പിടിച്ചു. തല പാറച്ചുമരില്‍ ഉരഞ്ഞു. കണ്ണുകള്‍ പുറത്തേക്ക് തുറിച്ചു. ശബ്ദം പുറത്തേക്ക് വരുന്നില്ല. അവനെ തള്ളിമാറ്റണമെന്നുണ്ട്. പക്ഷേ, കൈകള്‍ ഉയരുന്നില്ല. അവനെന്തൊക്കെയോ ചീത്തവിളിച്ചു പറയുന്നുണ്ടായിരുന്നു. ശ്വാസം നിലയ്ക്കുമെന്നായപ്പോള്‍ പിടിവിട്ടു. പിന്നെ ഒറ്റത്തൊഴി. വീണുപോയി. അവന്‍ തിരിഞ്ഞുനോക്കാതെ വേഗം മേല്‍പ്പോട്ട് കയറിമറഞ്ഞു. എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല. കുറെനേരം കിടന്നു. ഇന്നെന്തായാലും വീട്ടിലെത്തുമ്പോള്‍ വന്‍പ്രശ്‌നമായിരിക്കും. അവന്‍ വീട്ടില്‍ച്ചെന്നു വിളമ്പാതിരിക്കുകയില്ല. ഉടുപ്പില്ലാതെ താന്നിപ്പാടത്തൂടെ എങ്ങനെ പോകും? നേരമെത്രയായെന്നറിയില്ല. വെയില്‍ മങ്ങിത്തുടങ്ങിയിരിക്കുന്നു. പയ്യെ എഴുന്നേറ്റു. കഴുത്തില്‍ നീറ്റലും ഉമിനീരിറക്കുമ്പോള്‍ വേദനയുമുണ്ട്... ഇടതുകാലില്‍ തുടയുടെ ഭാഗത്ത് തൊഴി കിട്ടിയത് വേറെ. രണ്ടും കല്‍പ്പിച്ച് പാറയിലേക്ക് വലിഞ്ഞുകയറി.

മുതിയപ്പാറ ഡാമിന്റെ ചതുപ്പില്‍ കാട് കയറിയിരിക്കുന്നു. വീശിയടിക്കുന്ന കാറ്റില്‍ പിടിച്ചുനില്‍ക്കാനാവാതെ വിയര്‍പ്പുകണങ്ങള്‍ അടിയറവ് പറഞ്ഞു. ഫോണെടുത്തു നോക്കി. രാജേഷിന്റെ സന്ദേശങ്ങള്‍ തിക്കിത്തിരക്കി നില്‍ക്കുന്നു. ഭയാശങ്കകള്‍ നിറഞ്ഞവ. അപ്പോഴാണ് അയാളുടെ വിളി കേട്ടത്. പാറയ്ക്ക മുകളില്‍ എത്തിയിരിക്കുന്നു. ആകെ വെപ്രാളപ്പെട്ടുള്ള വിളിയാണ്.

പിന്നാലെ വന്ന അച്ഛനില്‍നിന്നു രക്ഷപ്പെടാന്‍ ഓടി അയല്‍പ്പക്കത്തെ രുപ്പിണി അമ്മാമ്മയുടെ അടുക്കളയില്‍ ഒളിച്ചെങ്കിലും കാഞ്ഞിരക്കമ്പ് ശരീരത്തിലാകമാനം ചിതറിപ്പടര്‍ന്നു. അച്ഛന്റെ കലിയടങ്ങിയില്ല. അമ്മാമ്മേടെ വീടായിരുന്നതിനാല്‍ തെറിപ്പടക്കങ്ങള്‍ പൊട്ടിച്ചില്ലെന്നു മാത്രം. പേശികള്‍ ചതയുന്ന വേദനയിലും കരഞ്ഞില്ല.

പെരുന്നാള്‍ സ്‌റ്റേജില്‍ ആന്റോച്ചേട്ടനൊപ്പം ചുവടുപിടിക്കാന്‍ ശിവന്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ അഗാധതയിലേക്കു പറന്നു പതിക്കുന്ന പച്ച വെല്‍വെറ്റായിരുന്നു മനസ്സുനിറയെ... അപ്പോള്‍ പൊടുന്നനെ രംഗത്തേക്കുവന്ന ഡാന്‍സര്‍, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളായിരുന്നു... പ്രമീള. ശിവന്റെ പെങ്ങള്‍...! പച്ചയില്‍ മഞ്ഞപ്പൂക്കളുള്ള രണ്ടാമത്തെ വെല്‍വെറ്റ്... ചതി...! വൈക്കത്തുനിന്നു വന്ന ചിറ്റപ്പനെക്കൊണ്ട് തുണിക്കടയില്‍നിന്ന് വെല്‍വെറ്റ് വാങ്ങിപ്പിച്ചതും ശിവനായിരുന്നു. അവന്റെ പെങ്ങളില്‍നിന്നു കിട്ടിയ അറിവുകള്‍ ശേഖരിച്ച് പ്രലോഭനത്തിന്റെ മലകയറ്റം അവനില്‍ കുത്തിവെച്ച് കൊച്ചുമ്മന്‍ സൂചിപ്പിക്കുന്ന അനുഭൂതികളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു വന്നത് ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി മാത്രമായിരുന്നു.

വ്‌ലോഗര്‍ക്ക് ഒരിക്കലും ലഭിക്കാന്‍ സാദ്ധ്യതയില്ലാത്ത ഒരറിവ് ഉള്ളില്‍ പൂഴ്ത്തിവെച്ച് കിടക്കാനൊരുങ്ങുമ്പോള്‍ രാജേഷിന്റെ വെപ്രാളത്തിന് അറുതിവരുത്തിക്കൊണ്ട് ഒരു മെസ്സേജ് അയച്ചു.

'രാജേഷ്, ഇറങ്ങിക്കോളൂ...'

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
അമ്പലപ്പുഴ സിസ്റ്റേഴ്‌സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com