രവി എഴുതിയ കഥ: മാനില്യം

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

പ്രദര്‍ശനം നിര്‍ബ്ബാധം തുടരുന്നു

പ്രദര്‍ശിപ്പിക്കുന്നത് എന്ത് എന്നോ പ്രിക്, അല്ലാതെന്ത്!

അവര്‍ ഒരു ക്ലബ്ബ് കൂടി രൂപീകരിച്ചിരിക്കുന്നു. അത് ഒരു മൗലികാവകാശം ആയി പ്രഖ്യാപിക്കണം അത്രേ. ഏറ്റവും ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടുള്ള പ്രകടനം നടത്തുന്നവരെ ആദരിക്കാനായി ചടങ്ങുകള്‍ സംഘടിപ്പിക്കാനും പരിപാടിയുണ്ട്. ഉണ്ണാമന്മാര്‍, മൊണ്ണൂസന്മാര്‍, ഭിണ്ണക്കന്മാര്‍.

എന്നിട്ട് എനിക്ക് കാണിച്ചുതരാന്‍ വന്നിരിക്കുന്നു ഒരുത്തന്‍. നിത്യേന എത്രയോ എണ്ണം കാണുന്ന എന്നോടാണ് കളി. എന്താണ് ഇവന്റെയൊക്കെ വിചാരം നാട്ടിലെ പെണ്ണുങ്ങളെല്ലാം കണികാണാന്‍ കൊതിച്ചു നടക്കുകയാണെന്നോ. എന്തെല്ലാം തരം സാമഗ്രികള്‍ കാണുന്നതാണ് ഞാന്‍ ദിവസവും, എന്നിട്ട് എന്നോട് ആണോടാ

'കണ്ടോ ചേച്ച്യേ, ഇതാണ് പ്രസ്തുത സാമാനം.'

അവന്റെ ഒരു സമ്മാനം. അതും അതിരാവിലെ ആണേ. ഏഴു മണിയോടെ ജോലിക്ക് കയറേണ്ട തിടുക്കത്തില്‍ നീങ്ങുമ്പോള്‍ അവനുണ്ട് പെട്ടെന്ന് ഓടിക്കിതച്ച് എതിരെ വരുന്നു. തൊട്ടുമുന്നിലായി നിന്ന് വഴിയില്‍ എന്നെ തടഞ്ഞിട്ട ശേഷം ദര്‍ശനം തന്നു അവന്‍. കാഴ്ചക്കുല. എന്നിട്ട് ആനന്ദാതിരേകത്തോടെ ഉടനെ തിരിച്ചുപോയി.

വല്ല വഴിപാടും ആണോ ആവോ.

ഇവന്മാരുടെയൊക്കെ തുറിച്ചുനോട്ടം കൊണ്ടായിരുന്നു മുന്‍പ് ശല്യം, ഇപ്പോഴോ തുറന്നുകാട്ടു.

ചിലപ്പോള്‍ നേര്‍ച്ച തന്നെ ആയിരിക്കാം എന്നും രാവിലെ ഒരു പരസ്ത്രീയെയെങ്കിലും അത് കാണിക്കണം എന്ന് ഒരു വ്രതമോ മറ്റോ, ഉണ്ടാവാമെന്നേ. ലിംഗാരാധന കൊടുമ്പിരിക്കൊണ്ട നാടല്ലേ.

അപ്പോള്‍ മതവികാരമാണ് എന്നെ ഇതിനു പ്രേരിപ്പിക്കുന്നത് എന്നു വാദിച്ചാല്‍ അവന് യാതൊരു ശിക്ഷയും കിട്ടില്ല. ഒരു പിഴ ഈടാക്കുകപോലും ചെയ്യില്ല നിയമം.

കോടതിയോ. കോടതിക്ക് എന്തു നീരസം. ഷോ ഓഫ് ചെയ്യുന്നതൊക്കെ നൈസര്‍ഗ്ഗികമായ ഗുണങ്ങളില്‍പ്പെടും എന്ന് പ്രസ്താവിക്കും നീതിപീഠം.

'നിങ്ങള്‍ പെണ്ണുങ്ങള്‍ക്കും വേണമെങ്കില്‍ ആവാമല്ലോ.'

നീയും ആയ്‌ക്കോ പെണ്ണേ. ഒന്നാംതരം വെല്ലുവിളി ആണല്ലോ അത് പിന്നെ. അവന്‍ കാണിച്ചെങ്കില്‍ നീ പകരം വീട്ടിക്കോ.

രാഷ്ട്രീയക്കാരും സാംസ്‌കാരിക നായകരും ഒന്നും പിന്നെ അതില്‍ ഇടപെടില്ല. മനുഷ്യാവകാശ പ്രശ്‌നം കാണാമല്ലോ എന്തിലും. വ്രണം കാണിച്ച് ഭിക്ഷ യാചിക്കുന്നത് തെറ്റല്ലല്ലോ ഇവിടെ. അതിന്റെ ഒരു വകഭേദം തന്നെയല്ലേ ഇതും.

പക്ഷേ, ഈ ചേട്ടന്‍ എന്തിനാണാവോ എന്നെത്തന്നെ കണ്ടുപിടിച്ചത്. കഷ്ടപ്പെട്ട് ഓടിവന്നിട്ട് ഒറ്റനോട്ടത്തിനു വേണ്ടത്ര മാത്രം കാണിച്ചിട്ട് മടങ്ങിയല്ലോ. നേരിയ കുളിരുള്ള സുപ്രഭാതത്തില്‍ ചാരിതാര്‍ത്ഥ്യത്തോടെ.

ഇത്രയേ ഉള്ളൂ പുമാന്മാര്‍.

എനിക്കാണെങ്കില്‍ പണ്ടുതൊട്ടേ അത് കാണാന്‍ ഇഷ്ടമല്ല. ചെറിയ കുട്ടികളുടെ ചൂച്ചി മാത്രമേ എനിക്ക് സഹിക്കാനാവൂ. ആ എനിക്ക് ഇപ്പോള്‍ നിറയെ കാണേണ്ടിവരുന്നു എന്നത് വിരോധാഭാസം.

കുട്ടികളില്‍നിന്നു മുതിരാറില്ല മിക്കവരും എന്നു തോന്നും ചിലപ്പോള്‍. ചിത്രകഥയിലെ 'പെനിസ് ദ മെനിസ്' ഇല്ലേ. അവന് അരിശം വന്നാല്‍ അപ്പോള്‍ തുറന്നു കാണിക്കും ചൂച്ചി. ഏതാണ്ട് അതേമാതിരി തന്നെ ഇവന്മാരും.

ആതുരശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആള്‍ ആയതുകൊണ്ട് അവര്‍ക്ക് അനുകൂലമായി ആലോചിക്കാന്‍ കൂടി എനിക്ക് പറ്റുന്നു. ക്ഷമയും സൗമനസ്യവും അത്ര കുറഞ്ഞിട്ടില്ലാത്തതുകൊണ്ടും. എന്നാലും ഈ കൊണാപ്പന്മാര്‍ ഉണ്ടാക്കുന്ന വൈക്ലബ്യം ചില്ലറയല്ല.

ആരും കണ്ടിട്ടില്ലാത്തതാണല്ലോ പിന്നെ!

എനിക്കാണെങ്കില്‍ പണ്ടുതൊട്ടേ അത് കാണാന്‍ ഇഷ്ടമല്ല. ചെറിയ കുട്ടികളുടെ ചൂച്ചി മാത്രമേ എനിക്ക് സഹിക്കാനാവൂ. ആ എനിക്ക് ഇപ്പോള്‍ നിറയെ കാണേണ്ടിവരുന്നു എന്നത് വിരോധാഭാസം.

ഹോ, അറിയുന്ന ഒരു വാക്ക് അങ്ങോട്ട് എറിഞ്ഞു എന്നേയുള്ളൂ എന്റമ്മോ. അര്‍ത്ഥം ശരിയാണോ എന്നൊന്നും എന്നോട് ചോദിക്കല്ലേ. എനിക്ക് ആരോടും വിരോധമില്ല: ആഭാസം വേണ്ടേനും എനിക്ക്...

എന്നാലും ഹോ, കഴിഞ്ഞ ആഴ്ച ഞാന്‍ കണ്ടല്ലോ ഒന്ന്. വല്ല നിവൃത്തിയുമുണ്ടായിരുന്നെങ്കില്‍ ഒരു പിക് എടുക്കുമായിരുന്നു ഞാന്‍ അതിന്റെ. അതിലും ചെറുതായി ഒരെണ്ണം ലോകത്തില്‍ത്തന്നെ ഉണ്ടാവില്ല. ശ്ശ്യോ, എന്തൊരു ചുങ്കിടി ചുക്കുമണി.

ഹെര്‍ണിയയോ ഫിസ്റ്റ്യുലയോ എന്തോ ആയിരുന്നു പുള്ളിക്ക്. കണ്ടാല്‍ ശരാശരി ശരീരമൊക്കെ ഉള്ള ഒരാള്‍. ചൂച്ചി പക്ഷേ, ഒരു ചക്കര.

ഛെ, എത്രനേരം എന്റെ കണ്‍മുന്നില്‍ ഉണ്ടായിരുന്നതാണ്. ഒരു പിക് എടുക്കാന്‍ പറ്റിയില്ലല്ലോ എനിക്ക് ഈശ്വരാ. റീല്‍ ആക്കിയിട്ടിട്ട് വിറ്റുകാശാക്കാനൊന്നുമല്ല, ചുമ്മാ കണ്‍കുളിര്‍ക്കേ കാണാന്‍ വേണ്ടി മാത്രം ആലിലയിലെ കൃഷ്ണന്റേതുമാതിരിയുള്ള ആ സൂത്രം.

'മാലിന്യേ'

പെട്ടെന്ന് മാലിനി ഞെട്ടിയുണര്‍ന്നു. അവള്‍ക്ക് പരിസരബോധോദയവും ഉണ്ടായി. 'വിളി കേട്ടില്ലെങ്കില്‍ ആയമ്മ രോഷാകുലയാവും' എന്ന് ഓര്‍മ്മ വന്നപ്പോള്‍ അവള്‍ നടുങ്ങി.

'മാലിന്യേ ആ പതിനേഴിലെ അച്ഛന്റെ ഷുഗര്‍ പ്രെഷര്‍ നോക്കിയോ?'

'ഇല്ല ചേച്ച്യേ ഇപ്പോ പോവാം.'

അത് ഒരു പ്രതികാര നടപടിയായിരുന്നു. മാലിന്യേ എന്നു വിളിച്ചാല്‍ ചേച്ച്യേ എന്ന് തര്‍ക്കുത്തരം. ഹോ, എന്നാലും എന്റെ അച്ഛനമ്മമാര്‍ക്ക് തോന്നിയ ഒരു ബുദ്ധി. ഫെമി, റുജി, പെനി, റ്റാസി എന്നൊക്കെയാണ് എന്റെ ഒപ്പമുള്ളവരുടെ പേരുകള്‍. അവര്‍ക്കിടയില്‍ ഒരു പഴഞ്ചന്‍ മാലിനി.

മാലിന്യ എന്നായിരുന്നെങ്കില്‍ കൂടി എത്ര നന്നായിരുന്നു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

മാനില്യം അല്ലേ ഭംഗിവാക്ക്

ഞാന്‍: ഒന്ന് ശ്രദ്ധിച്ചിട്ടുണ്ടോ നീ

നീ: എന്ത്, ഞാന്‍ പലതും ശ്രദ്ധിച്ചിട്ടുണ്ട്

ഞാന്‍: അല്ല, ആ പലതും അല്ല, ഇത്. ഈ... കേരളത്തില്‍ രാത്രി ഒരു റോഡ് ട്രിപ് പോയാല്‍ കുറേ അഭിമാനം പോലെ എന്തോ തോന്നി എന്നൊക്കെ വരും.

നീ: ഹോ, ഇത്രയൊക്കെ വളച്ചുകെട്ടണോ

ഞാന്‍: ഇത് കേള്‍ക്കൂ നീ. പ്രെമിയം ലന്‍ഞറീ മാത്രം വില്‍ക്കുന്ന കടകള്‍ കൊച്ചു പട്ടണങ്ങളില്‍ കൂടി കാണാം. എത്ര കാര്‍ ഷോ റൂംസ്, മള്‍സ്, സ്പീഡ് ട്രാക്‌സ്, ഫ്‌ലൈഒവേര്‍സ് വഴി നീളേ ഈറ്റെറീസ്, അതില്‍ പലതും ഓള്‍നൈറ്റ് ക്ലബ്‌സ്, ധാബാസ് ആകെക്കൂടി ഒരു പുളകമൊക്കെ തോന്നും, അല്ലേ.

നീ: ഇതൊക്കെ വെച്ചല്ലേ യൂറോപ്പ് പോലെ ആണ് എന്ന് വീമ്പടിക്കുന്നത്.

ഞാന്‍: ഈ ഗ്രാന്‍പാ ക്ലോക് ഇല്ലേ അത് മാത്രം വില്‍ക്കുന്ന ഒരു ഷോപ്പ് കണ്ടു ഞാന്‍ എവിടെയോ. പിന്നെ മള്‍റ്റിപ്ലെക്‌സ് എട്ടു പത്തു സ്‌ക്രീന്‍സ് ഉള്ളത് എത്രയാണ്

നീ: എന്താണ്, ആരെയോ ഝുംബിക്കാന്‍ വേണ്ടി തെക്കേയറ്റം വരെ പോയി വന്നുവോ.

ഞാന്‍: അതല്ലേ പറഞ്ഞത് നല്ല റൈഡ് ആയിരുന്നു രാത്രി ആസ്വാദ്യം എന്ന് തോന്നി.

നീ: കേരളം എന്ന സംസ്ഥാനം, അല്ലേ.

ഞാന്‍: ഹാങ് ങ്ഹാ.

നീ: ഹഹ, സമ്മതിച്ചല്ലോ, അത്. ശ്രമിച്ചാല്‍ ഇനിയും നന്നാക്കാന്‍ പറ്റും അത് എന്ന് തോന്നുന്നുണ്ട് എനിക്ക്... നോക്കിക്കോളൂ, വിജയിച്ചിരിക്കും ഞാന്‍.

ഞാന്‍: (ചിരിച്ച്) അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നതില്‍ താങ്കളോളം മിടുക്ക് മറ്റാര്‍ക്കുണ്ടാവും.

നീ: (കൂടെ ചിരിച്ചുകൊണ്ട്) ഓഹോ, അങ്ങനെയോ!

ഞാന്‍: പക്ഷേ ഈ യാത്ര പകല്‍ ആണെങ്കില്‍ സംഗതി ആകെ മാറും.

നീ: എന്താണ്, അത്രയുണ്ടോ വ്യത്യാസം

ഞാന്‍: എന്നാല്‍, ആലോചിച്ചുനോക്കൂ പകല്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചാല്‍ എന്താണ് കണ്ണില്‍പ്പെടുക ഇവിടെ?

നീ: ആള്‍ത്തിരക്ക് ജാഥ, പ്രതിഷേധം, ശക്തിപ്രകടനം... വാഹനത്തിരക്ക്?

ഞാന്‍: ഞാന്‍ ഉദ്ദേശിച്ചത് അതല്ലാ

നീ: അല്‍ഫാം, മന്ദി, ഷവര്‍മാ?

ഞാന്‍: അതും ...കൃത്യമായി അതല്ല.

നീ: കാരുണ്യം ഭാഗ്യക്കുറി?

ഞാന്‍: അത് വില്‍ക്കുന്നവര്‍ നിറയെ ഉണ്ട്, പക്ഷേ, അതുമല്ലേ,

നീ: മാനില്യം?

ഞാന്‍: ആങ്, അതുതന്നെ മാലിന്യം.

നീ: ഞാന്‍ ഉണ്ടാക്കിയ യുഫീം ആണ് മാനില്യം.

ഞാന്‍: യുഫീം?

നീ: അതും ഞാന്‍ ഉണ്ടാക്കിയതാ. ഈ മടുത്തിട്ടൊക്കെ ചില വാക്കുകള്‍ മാറ്റു മോടിയാക്കില്ലേ.

ഞാന്‍: യുഫെമിസ്ം?

നീ: അത് ചുരുക്കി ഞാന്‍ യുഫീം ആക്കി എന്താ, ഭംഗിയായില്ലേ.

ഞാന്‍: അങ്ങനെ മാനില്യവും സൃഷ്ടിച്ചു

നീ: ആങ്, അതും എന്റെ സംഭാവന ഭാഷയ്ക്ക്.

ഞാന്‍: എനിക്ക് അറിയാവുന്ന കുറേ ആളുകള്‍ കൂടി കണ്ടിട്ടുണ്ട് വെള്ളം കുടിച്ചിട്ട് കുപ്പി നേരെ പുറത്തേക്ക് ഒറ്റ ഏറ്, എന്തെങ്കിലും തിന്നാല്‍ അതിന്റെ റാപ് ചുരുട്ടിക്കൂട്ടി ഒറ്റ ഏറ്

നീ: വെറുതെയാണോ മാനില്യ സഹകരണ സംസ്ഥാനം എന്നോ മറ്റോ പേര്‍ കിട്ടിയത്.

ഞാന്‍: മാനില്യ സഹകരണമോ അതെന്ത്.

നീ: മാനില്യവുമായി നന്നായി സഹകരിച്ചു പോവുന്നതാവും ഒരുപക്ഷേ

ഞാന്‍: അതെ, ആവാം പക്ഷേ അതുണ്ടല്ലോ

നീ: എന്തേ, സഹകരണം മാറ്റി സൗഹൃദം ആക്കണോ.

ഞാന്‍: അതല്ല, എനിക്കു തോന്നുന്നത് ഈ... ഇവിടത്തുകാര്‍ തന്നെയാണ് ഇവിടം ഇങ്ങനെ വൃത്തികേടാക്കുന്നത് എന്നാണ്

നീ: അല്ല എന്ന് ആരു പറഞ്ഞു. ആകാശത്തുനിന്ന് ആരും വാരിയെറിയുന്നതൊന്നുമല്ലല്ലോ കുപ്പ.

ഞാന്‍: അതല്ല ഹേ... ചിലര്‍ അതു പുറത്തുനിന്നു വന്ന തൊഴിലാളികളുടെമേല്‍ കെട്ടിവെയ്ക്കും. അവര്‍ക്ക് യാതൊരു ശുചിത്വബോധവുമില്ല പിന്നെ ഈ ദേശത്തോട് അസൂയ ഉള്ളതുകൊണ്ട് അത് നശിപ്പിക്കാന്‍ ഉത്സാഹമുണ്ട് എന്നൊക്കെ

നീ: ഏയ്, അതൊക്കെ വിഡ്ഢിത്തമാണേ.

ഞാന്‍: ഞാനും അതാണ് പറഞ്ഞത്. സ്ഥിരമായി കൂലി കൂടുതല്‍ കിട്ടുന്നതുകൊണ്ട് ഇവിടത്തെ ഔദ്യോഗിക പണിക്കാരായി

നീ: മാത്രമല്ല, അറുപതെഴുപതുറുപ്പികയ്‌ക്കൊക്കെ വേറെ എവിടെ കിട്ടും ബിര്യാണി.

ഞാന്‍: കുറേ കാലമായി ശ്രദ്ധിച്ചിട്ടില്ലേ നീ, വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍നിന്ന് ഗേള്‍സ് ഒഴുകുകയാണ് ഇങ്ങോട്ട് എവിടെ നോക്കിയാലും അവരാണ്: കഫേസ്, മള്‍സ്, ഹോസ്പിറ്റല്‍സ്, ... നല്ല ഒതുക്കമുള്ള ജോലിക്കാര്‍

നീ: അ: അ: അ: ആ:! അപ്പോള്‍ അതാണല്ലേ ഒരാള്‍ക്ക് അന്യസംസ്ഥാനങ്ങളോട് ഒരു അതിരു കടന്ന മമത അമ്പടാ!

ഞാന്‍: മംത?

നീ: ആങ്, പ്രതിപത്തി.

ഞാന്‍: അതല്ല ഹേ, ഒന്നാംതരം മര്യാദക്കാരും ആണല്ലോ അവര്‍

നീ: കാഴ്ചയില്‍ മാനില്യം അടുത്തുകൂടി പോയിട്ടും കൂടിയില്ല എന്നും തോന്നും?

ഞാന്‍: നിഷ്‌കളങ്കത എന്ന ഒന്ന് അത് നിശ്ശേഷം ഇല്ലാതായിട്ടില്ല എന്നുതന്നെയാണ് തോന്നുന്നത്.

നീ: മതി മതി, തോന്നിപ്പിക്കുന്നുണ്ടല്ലോ, ധാരാളം.

ഞാന്‍: ഞാന്‍ ഞാനേയ്... ഞാന്‍ ഒരു (സങ്കോചം) മണിപ്പുരി പെണ്‍കുട്ടിയെ പരിചയപ്പെട്ടു ഈയിടെ

നീ: ഓഹോ, അത്രയ്ക്കായോ! (ആര്‍ത്തുചിരിച്ചുകൊണ്ട്) എന്നിട്ടെന്താണ്, അവരുടെ ഡാന്‍സ് ഇഷ്ടമാണ് എന്ന് അവളോട് സ്വകാര്യം പറഞ്ഞോ.

ഞാന്‍: അല്ല, ഞാന്‍ എനിക്ക് ആ കൂട്ടത്തില്‍ മണിപ്പുരി ആള്‍ക്കാരെയാണ് ഇഷ്ടം എന്ന്

നീ: അറിയിച്ചു അല്ലേ അതായത് ഗേള്‍സ്.

ഞാന്‍: യാ, ഏകദേശം എന്താ, കുഴപ്പമുണ്ടോ.

നീ: എന്ത് കുഴപ്പം, വ്യക്തിഗതമായ ആഭിമുഖ്യം അറിയിക്കണ്ടേ പിന്നെ.

ഞാന്‍: എന്നാല്‍ പിന്നെ എന്താണ് നീ അകിംബോ എന്ന പോസ് എടുത്ത് അര്‍ത്ഥഗര്‍ഭമായി നോക്കിക്കൊണ്ടു നില്‍ക്കുന്നത് എന്നെ!...

അഗുംബെ പോയി കൊള്ളുന്ന മഴ

ഞാന്‍ നോക്കിയല്ലോ, മൂന്നോ നാലോ പ്രസിദ്ധരായ മലിനമാരുണ്ട്. അതില്‍ മിക്കവരും സുന്ദരിമാരായ നടികള്‍. പിന്നെ എന്താണ് ഒരു തടസ്സം.

മലിന എന്നു കേള്‍ക്കാന്‍ തന്നെ എന്തൊരു രസം.

എന്നിട്ട് ഞാന്‍ നോക്കൂ ഒരു മ്യാലിനി! അപകര്‍ഷതാബോധത്തോടെ മാലിനി അന്നും രാവിലെ വീട്ടില്‍നിന്ന് ഇറങ്ങുകയായിരുന്നു. തൈരും കുറച്ച് കൊണ്ടാട്ടവും മാത്രമേ എടുത്തിട്ടുള്ളൂ ചോറിന്റെ ഒപ്പം. കറി വേറെ ആരെങ്കിലുമൊക്കെ തന്നാല്‍ കൂട്ടാം. ചോറും കൊണ്ടാട്ടവും തൈരും എല്ലാം വീതിച്ചുകൊടുക്കാന്‍ ഞാന്‍ തയ്യാര്‍. വേറെ ഒന്നും കിട്ടിയില്ലെങ്കില്‍ ഉള്ളതുകൊണ്ട് ഒപ്പിക്കാം.

ഡബ്ബയ്ക്ക് നല്ല ചൂട്.

വളവ് തിരിഞ്ഞാല്‍ കാണുമാറാവുന്ന കെട്ടിടസമുച്ചയങ്ങളിലേയ്ക്ക് മാലിനി പതിവുപോലെ അസൂയയോടെ നോക്കിക്കൊണ്ടിരുന്നു. കണ്ണെടുക്കാനേ തോന്നില്ല പലപ്പോഴും. എന്തു രസമായിരിക്കും അതിലൊക്കെയുള്ള താമസം. തീപ്പെട്ടികള്‍ അടുക്കിയുയര്‍ത്തി വെച്ചതുപോലെ, ലിഫ്റ്റ് എത്ര വേണമെങ്കിലും ഉപയോഗിക്കാം. പൂള്‍ ഉണ്ടെങ്കില്‍ അതില്‍ നീന്താം. സിനിമ കണ്ടിട്ട് മനസ്സിലായതാണ് എല്ലാം.

ചിലതില്‍ ഏറ്റവും മേലെ ആവുമത്രേ കുളം.

എന്തായാലും അടക്കാന്‍ പറ്റാത്ത കൊതിയാണ് എനിക്ക് തുറിച്ചുനോക്കിക്കൊണ്ടേയിരിക്കും. ആ മട്ടുപ്പാവ് ഒക്കെ ഉണ്ടല്ലോ. മിക്കവാറും അതില്‍ കസാലകള്‍ ഇട്ടിരിക്കുന്നത് കാണാം. പിന്നെ തൂങ്ങിക്കിടക്കുന്ന പൂച്ചട്ടികളും. ശ്ശോ, എന്തു രസമായിരിക്കും അവിടെനിന്നും താഴേയ്ക്ക് നോക്കാന്‍. ഏതെങ്കിലും പരിചയക്കാരെ കാണാനെങ്കിലും അങ്ങനെ ഒന്നിലേയ്ക്ക് പോവാന്‍ പറ്റിയാല്‍ മതിയായിരുന്നു. പക്ഷേ, പൊട്ടിപ്പൊളിഞ്ഞ പഴഞ്ചന്‍ നാലുനില സാധനങ്ങളൊന്നും പോരാ. ആഡംബര മാളിക തന്നെ വേണം.

കിടക്കമുറിയില്‍ ബെഡ് മാത്രം. കണ്ട കുണ്ടാമണ്ടികളൊന്നും കാണില്ല അവിടെ. മോടിയായി അലങ്കരിച്ച ഇരിപ്പുമുറി. കുളിമുറിയുടെയൊക്കെ വൃത്തി കണ്ടാല്‍ കണ്ണുതട്ടും. എന്തൊരു സ്വൈര്യം കളിയാടുന്ന പാര്‍പ്പിടങ്ങള്‍.

അവിടെയൊക്കെ ജീവിക്കുന്ന ഓരോ ആളോടും കുശുമ്പ് തോന്നും ചിലപ്പോള്‍...

ആ അനിയന്‍ ചേട്ടന്‍ ഇന്നെങ്കിലും ചാറ്റ് ചെയ്യാന്‍ വരുമോ എന്തോ. പെട്ടെന്നൊരു ദിവസം വന്ന് കുറേ സല്ലപിക്കും. പിന്നെ കുറേ നാളത്തേയ്ക്ക് കാണുകയേയില്ല. എവിടെ അപ്രത്യക്ഷമാവുന്നു ആവോ. ചോദിച്ചാല്‍ ചിലപ്പോള്‍ സഞ്ചാരമായിരുന്നു എന്നു കേള്‍ക്കേണ്ടിവരും. അതും സങ്കടമാവും എനിക്ക്.

ഇത്തിരി നല്ലോണം വയസ്സായിട്ടുണ്ടെന്ന് തോന്നുന്നു, എന്തായാലും ചെറുപ്പമൊന്നുമല്ല. പക്ഷേ, രസികനാണെന്ന് ആദ്യമേ മനസ്സിലായിരുന്നു. അതുകൊണ്ടാണല്ലോ സൊള്ളലിന് മുടക്കം വരാതെ ഇരിക്കുന്നത്. അതായത് സൊറ നടക്കുമ്പോഴെല്ലാം.

ദൂരെയൊക്കെ പോവുമ്പോഴാണ് ചാറ്റ് റൂം എത്താത്തത് പുള്ളി എന്നു തോന്നി. എന്നാലോ എന്നോട് അത് വെളിപ്പെടുത്തുകയുമില്ല. എവിടെയെങ്കിലും പോവാന്‍ ഒഴിവ് കിട്ടുന്ന ജോലി ഉള്ള ഒരാള്‍ അല്ലല്ലോ !ഞാന്‍.

'ബബിത എന്ന എന്റെ കൂട്ടുകാരിക്ക് കുറേ പെണ്ണുങ്ങളുടെ ഒരു ഗ്രൂപ്പ് ഉണ്ട് ഗുലാബി. അവര്‍ ഈ മാസം അഗുംബെ പോണു '

'അതെവിടെ. എനിക്ക് സാംബിയാ, മൊസാംബി, സിംബാബ്വേ ഒക്കെ ഭൂപടത്തില്‍ കണ്ട് പരിചയമുണ്ടെന്നേയുള്ളൂ'

'ഇത് ദൂരത്തൊന്നും അല്ലാ ഏട്ടാ നാലായിരം രൂപമതി, ഇവിടെ കര്‍ണ്ണാടകയില്‍ ആണ്'

'അവിടെ എന്തു ചെയ്യും എന്നിട്ട്'

'മഴയത്ത് നടക്കുംത്രേ അവര്‍ അവിടെ മഴ കൊള്ളാന്‍ ഏറ്റവും പറ്റിയ സ്ഥലാത്രേ. പിന്നെ ഗംഭീര വെമ്പാല ഉണ്ടത്രേ അവിടത്തെ കാട്ടില്‍'

'ഹഹ, അത് തരക്കേടില്ലാല്ലോ അല്ലേ.'

'ഓ, ഏട്ടന് ഒക്കെ അറിയാം വെറുതെ ഇല്ലാന്ന് നടിക്കുന്നതാണ് എന്നെ സമാധാനിപ്പിക്കാന്‍. ഞാന്‍ കുണ്ടിലിരിക്കും തവളക്കുഞ്ഞല്ലേ കുന്നിന്‍മേലെ പറക്കാന്‍ മോഹം മാത്രായിട്ട്... ഏട്ടനൊക്കെ വിപുലമായി പര്യടനം ഉണ്ട്, എനിക്കറിയാം. എന്നിട്ട് മനപ്പൂര്‍വ്വം അത് മറച്ചുപിടിച്ചിട്ട്'

'ഏയ് ഏയ്, ഇങ്ങനെ മുഷിഞ്ഞാല്‍ എങ്ങനെയാ മാലിന്യേ...'

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

പുഷ്പകവിമാനവും മിണ്ടാപ്പൂച്ചയും മറ്റും

പുഷ്പക് എന്ന ചിത്രത്തില്‍ അമല എത്ര നന്നായിരുന്നു. അനിയന്‍ ഓര്‍മ്മ പുതുക്കുകയായിരുന്നു. മലയാളത്തില്‍ എനിക്ക് ആദ്യം ഇഷ്ടപ്പെട്ട നടി ആ അമലയാണ്.

ലുങ്കി, ബ്ലൗസ് എന്നിവ ധരിച്ച അന്നത്തെ നായികമാര്‍ വല്ലാതെ ചെടിപ്പിച്ചിരുന്നു. അതിനാല്‍ (പ്രത്യേകിച്ച് മലയാളി അല്ലാത്ത) ഏത് പുതുമുഖത്തേയും പെട്ടെന്ന് ഇഷ്ടപ്പെട്ടുപോവുമായിരുന്നു. ആ സ്വപ്നയെ ഭയങ്കരമായി ആരാധിച്ചിരുന്നില്ലേ ഭംഗി കണ്ട്. അഭിനയം അടക്കം ബോധിച്ചത് പക്ഷേ, അമലയെയത്രേ.

ഇതൊക്കെ മുന്‍പും ആവര്‍ത്തിച്ചിട്ടുണ്ടെന്നോ.

ഉണ്ടാവാം. ഇതൊക്കെത്തന്നെയല്ലേ അയവിറക്കാനുള്ളത്. ആ അമലയുടെ പുഷ്പക് നോക്കൂ. സ്വതവേ തന്നെ അതിക്രമിക്കാന്‍ കമല്‍ എന്ന നടന്‍ ആരെയും അനുവദിക്കാറില്ലല്ലോ. ഇതില്‍ അമലയുടെ മുന്നില്‍ അയാള്‍ നിഷ്പ്രഭനായി എന്നല്ല. അയാളുടെ ഒപ്പത്തിനൊപ്പം നിന്ന് അമലയ്ക്ക് ശോഭിക്കാനായി എന്നത് ഒരു നേട്ടം തന്നെ.

അതിന്റെ കഥാസാരം എന്തു രസമായിരുന്നു. കമലിനെ അമല ഒരു കുടുസ്സുമുറിയില്‍ ഇട്ട് പൂട്ടിയിട്ടിരിക്കുകയാണ്. എന്തിനായിരുന്നു അതെന്നൊന്നും ഓര്‍മ്മയില്ല. കുറച്ചുനാളത്തേയ്ക്ക് അമലയ്ക്ക് അയാളെ അങ്ങനെ ബന്ധിച്ചിടേണ്ട ഒരു ആവശ്യം വന്നിരിക്കുന്നു പോരേ.

എന്നിട്ട് അമലയ്ക്ക് ദിവസേന കമലിന്റെ വിസര്‍ജ്ജ്യം ശേഖരിച്ച് പുറത്ത് കൊണ്ടുപോയി കളയുന്ന ജോലി ചെയ്യാനുണ്ട്. ഒരു സമ്മാനപ്പെട്ടിപോലെ അത് പൊതിഞ്ഞെടുത്ത് പുറത്തെ തെരുവില്‍ എവിടെയെങ്കിലും കൊണ്ടുപോയി വെയ്ക്കുകയാണ് അമല ചെയ്യുക, അത് കുപ്പത്തൊട്ടിയിലൊന്നും എറിയുകയല്ല. ഏതെങ്കിലും നിഷ്‌കളങ്കന്‍ വീണുകിട്ടുന്ന പൊതിയുമായി വീട്ടില്‍ ചെന്നിട്ട് അത് തുറന്നുനോക്കും, ഇളിഭ്യനാവും.

ഇങ്ങനെയൊക്കെയാണ് എന്നു തോന്നുന്നു കഥാഗതി. അമല ഒന്നാംതരം പ്രകടനം കാഴ്ചവെച്ചു എന്ന് പ്രേക്ഷകര്‍ അന്ന് പ്രതികരിച്ചു. കമല്‍ രസികര്‍ കൂടി അത് സമ്മതിച്ചു.

പിന്നെയും ചിന്തിച്ചപ്പോള്‍ എനിക്ക് എന്തോ അസഹ്യത തോന്നി. എന്തിന് അമല ആളുകളെ വെറുതെ പറ്റിക്കുന്നു. കമലിന്റെ അമേധ്യം ഏതെങ്കിലും ചവറ്റുവീപ്പയില്‍ കൊണ്ടുപോയി ഇടുകയല്ലേ വേണ്ടൂ. എന്തിനു സാധാരണക്കാരെ വഞ്ചിക്കുന്നു അയ്യേ, അമലയ്ക്ക് എങ്ങനെ അത് സാധിക്കുന്നു. മാത്രമല്ല, എന്തു കിട്ടാനാണ് അമല അയാളെ അവിടെ ബന്ധനസ്ഥനാക്കിയിരിക്കുന്നത് പുണ്യമോ!

മിക്കതും മറക്കുന്നുണ്ട് മിക്കപ്പോഴും. കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞുവരുമ്പോള്‍ മുന്‍പത്തേത് പലതും മറവിച്ചെപ്പില്‍ ഒതുങ്ങുന്നതാവാം. ഒരു ക്ലിക് മതിയാവും ചിലപ്പോള്‍ അവ തെളിച്ചത്തിലേയ്ക്ക് വരാന്‍.

എന്നാലും എന്തിനാണാവോ അമല ആ മലം...

ചിരി വരും പണ്ടത്തെ ഓരോരോ രംഗങ്ങള്‍ നിരീക്ഷിച്ചാല്‍. മിണ്ടാപ്പൂച്ച എന്ന മൂവി ഇല്ലേ, അതില്‍ അസാരം ആസക്തി കൂടിയ ഒരു മാലിനിനേത്യാരമ്മയെ കളിയാക്കിക്കൊണ്ട് ഒരു മൂസത് ചോദിക്കുന്നത് എന്താണെന്നറിയാമോ.

'നെക്രോഫീലിയ ഉണ്ട്, അല്ലേ?'

അല്ലല്ല, നിംഫോമാനിയ അല്ല, തീര്‍ച്ച.

സങ്കല്പിച്ചു നോക്കുക, ആ പ്രൗഢസ്ത്രീ സര്‍വ്വാഭരണ വിഭൂഷിതയായി പുരുഷന്മാരുടെ മൃതദേഹങ്ങള്‍ തേടിയിറങ്ങുന്നത്. കുഴിച്ചിട്ടവരെയും ആവാം, ദഹിപ്പിച്ചവരെ പറ്റില്ല എന്നേയുള്ളൂ.

വിഷാരവടി എന്ന വിഭാഗം ശവങ്ങളെ ഇരുത്തി മറവ് ചെയ്യുകയാണ് പതിവ് എന്നു കേട്ടിട്ടുണ്ട്.

ഈയിടെ മാത്രം ഞാന്‍ അറിഞ്ഞ ഒരു രഹസ്യം കേള്‍ക്കണോ. മരിച്ചുകഴിഞ്ഞാല്‍ ഉടന്‍ ആണുങ്ങളുടെ അത് വലുതായി ഉയര്‍ന്നു നില്‍ക്കുമത്രേ. ഉവ്വോ ആവോ.

എന്തോ, എനിക്ക് അറിയില്ല, ഞാന്‍ മരിച്ചുനോക്കിയിട്ടില്ല ഇതുവരെ...

എന്താണ്, ഇന്നത്തേയ്ക്ക് മതിയായോ. നമ്മുടെ ഓര്‍മ്മപ്പിശകുകള്‍ രേഖപ്പെടുത്തി വെച്ചാല്‍ അവ കോര്‍ത്തിണക്കിക്കൊണ്ടുതന്നെ പുത്തന്‍ പുസ്തകങ്ങള്‍ വിരചിക്കാം. അതില്‍ മിടുക്കനായ ഒരാള്‍ ഉണ്ടല്ലോ ഇപ്പോള്‍

ആരാണ് അത് നിര്‍മ്മല്‍?

ഓഹ്മനേ നിന്റെ തീറ്റ

'കുറേ കാലായിട്ടുള്ള മോഹായിരുന്നു ഏട്ടാ വീട്ടിലെ കക്കൂസ് മാറ്റണം എന്ന് ഇന്‍ഡ്യന്‍ സ്‌റ്റൈല്‍ സാധനം ദ്രവിച്ച് വൃത്തികേടായിരുന്നു. ചെയ്തു ഞാന്‍ ഒടുക്കം അത്. ആശുപത്രീല്‍ എപ്പോഴും കാണുന്നതാണെങ്കിലും ഫ്‌ലഷ് സ്വന്തമാക്കിയിട്ട് ഇങ്ങനെ നേരിട്ട് ആസ്വദിക്കുന്നത് ആദ്യമായിട്ടാ ഞാന്‍. എന്തൊരു ആശ്ചര്യമാണ് എന്നാലും അല്ലേ. പത്തു ലിറ്റര്‍ വെള്ളം കൊണ്ട് ഒരു തരി ബാക്കി വെയ്ക്കാതെ തീറ്റം മൊത്തം മാറ്റിക്കളയുകയല്ലേ അതങ്ങോട്ട്... ഒരുപക്ഷേ, ആരും ഇങ്ങനെ ആലോചിച്ചു നോക്കാത്തതുകൊണ്ടാവും. നമുക്ക് ഈ വിസര്‍ജ്ജ്യത്തിനോടാണല്ലോ ആകെ ഒരു അറപ്പുള്ളത്. അതിനെ പൊടിപോലും ഇല്ലാത്തപോലെ അപ്രത്യക്ഷമാക്കുന്ന വിദ്യ ഹോ, ഇത് ഇവിടെ ഇല്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ. ഉള്ളതുകൊണ്ടും ശീലമായതുകൊണ്ടുമല്ലേ അതിന് ഒരു വിലയില്ലാത്തത്'

അവളും പ്രസംഗിക്കുന്നു എല്ലാവരേയുംപോലെ. അയാള്‍ക്ക് അരിശം വന്നു, അതിനാല്‍ അയാള്‍ പെട്ടെന്ന് മറുപടി ഒന്നും പറഞ്ഞില്ല.

'എന്താ ഏട്ടാ തീറ്റ തന്നെ തീറ്റം എന്ന ഏട്ടന്റെ ആ വാക്യം എനിക്ക് നല്ല ഇഷ്ടമാ... എന്നു വെച്ച് എല്ലാം യോജിപ്പൊന്നുമില്ല'

'മതി മതി, നിര്‍ത്ത് പ്രഭാഷണം. കേട്ടാല്‍ തോന്നുമല്ലോ നീയാണ് അത് കണ്ടുപിടിച്ചത് എന്ന്'

'ഏട്ടാ, വിവരം കൂടുതലുണ്ടെന്നു വെച്ച് ശകാരിക്കാമോ എന്നെ.'

'അല്ല. അതങ്ങനെയല്ല, കേള്‍ക്കൂ. ഉദാഹരണത്തിന് ഈ പൂവ്. ഇതിനോട് മനുഷ്യന് അനിഷ്ടം ഇല്ലായിരുന്നു എന്ന് സങ്കല്പിച്ചുനോക്ക്. ആദ്യം തൊട്ടേ ഇങ്ങനെ ബോധവല്‍ക്കരിക്കപ്പെടുന്നതു കൊണ്ടല്ലേ, അത് അങ്ങനെ അല്ലായിരുന്നെങ്കിലോ. നോക്കൂ, ഈ അമേധ്യത്തിനെ അമൃത് ആയിട്ടാണ് ധരിച്ചിരുന്നത് പണ്ടുമുതലേ എന്നുണ്ടെങ്കിലോ ഒന്നു ഭാവനചെയ്തു നോക്ക്. ഒരാള്‍ വഴിയില്‍ ഇരുന്ന് അപ്പിയിട്ടാല്‍ അത് കിട്ടാനായി കടിപിടി കൂടുമായിരുന്നില്ലേ നമ്മള്‍ അയാളുമായി. ലൂ ഒരു ആവശ്യമേ അല്ലാതെ ആവുമായിരുന്നില്ലേ'

'ഛീ, എന്തൊക്കെയാ ഈ ഏട്ടന്‍'

'മുന്യേ സൂചിപ്പിച്ചിരുന്നല്ലോ ഞാന്‍ ഇത്തിരി വ്യത്യസ്തനാണെന്ന്. നമ്മുടെ സങ്കല്പങ്ങളെല്ലാം ഇത്രയേ ഉള്ളൂ. അതുകൊണ്ട് വല്ലാതെ പുച്ഛിക്കാതെ മലത്തേയും മറ്റും...'

അവള്‍ നിശ്ശബ്ദയായി മാറി. എന്താണ് തനിക്ക് ഉള്ള വലിയ വ്യത്യാസം എന്നു ചിന്തിക്കാന്‍ തുടങ്ങി അയാള്‍. 'രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ബ്രഹ്മാണ്ഡം മാറിമറിയുന്നു' എന്ന നിര്‍വ്വചനത്തേക്കാളും എനിക്ക് ബോദ്ധ്യം 'ചുംബിക്കുമ്പോള്‍ നമ്മുടെ മൂക്കുകള്‍ എവിടെ!' എന്ന വ്യാക്ഷേപകമാണ്.

ഇല്ല, അവള്‍ക്ക് ദഹിക്കില്ല. അത്ര ക്രൂരമായ തര്‍ക്കിക്കേണ്ടിയുമിരുന്നില്ല അവളുമായി. മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെടുന്നതുപോലെയായോ എന്റെ പാണ്ഡിത്യപ്രക്ഷാളനം. എന്നാലോ ഒഴിവാക്കാനാവാത്ത ഒരു പ്രമേയം ആയിത്തീര്‍ന്നുകളഞ്ഞിട്ടുണ്ടല്ലോ അവള്‍.

നാടുവിട്ട് നാടുമാറിക്കൊണ്ടിരിക്കുകയാണ് തല്‍ക്കാലം അവള്‍. ഒരു ജന്മാഭിലാഷം നിറവേറുന്നതുപോലെയാണ് അവള്‍ക്ക് ഈ യാത്ര. പുതിയ ആശുപത്രിയില്‍ ജോലിക്ക് അപേക്ഷിച്ചപ്പോള്‍ എടുത്തു അവളെ. പണി കുറയും അവിടെ, എന്നാല്‍ കൂലി കൂടും. ആ മാറ്റത്തിനിടയില്‍ ഒരു മാസത്തോളം അവധി.

തമിഴ്‌നാടും ആന്ധ്രാപ്രദേശും കര്‍ണ്ണാടകയും ഒന്ന് ചുറ്റിക്കണ്ടുവരാം എന്ന് അവള്‍ നിശ്ചയിച്ചു. സര്‍ക്കാര്‍ നടത്തുന്ന ഒരു വിനോദസഞ്ചാര പരിപാടിയില്‍ ചേരാന്‍ പറ്റിയപ്പോള്‍ ലോകം കീഴടക്കിയ ഭാവമായിരുന്നു അവള്‍ക്ക്. പാവം, കുറേ കറങ്ങി മടുത്ത് മടങ്ങട്ടെ.

പ്രത്യേകിച്ച് വലിയ കാര്യമൊന്നുമില്ല. ഇത്തരം പര്യടനങ്ങള്‍ കൊണ്ട് എന്നു !ഞാന്‍ എത്ര ആവര്‍ത്തിച്ചിട്ടും അവള്‍ വിശ്വസിച്ചില്ല. തന്റേതായി കുറേ പിക്‌സ് വേണമായിരുന്നു അവള്‍ക്ക്. സെല്‍ഫി എടുത്തെടുത്ത് തിമിര്‍ക്കുകയായിരിക്കണം ഇപ്പോള്‍.

ഇടയ്ക്ക് വല്ലപ്പോഴും വിളിക്കും. ആഹാരത്തിനായി ഓരോരോ ഇടങ്ങളില്‍ കയറുമല്ലോ. അപ്പോള്‍ അധികം കിട്ടുന്ന സമയംകൊണ്ട് അതുവരെയുള്ള വിശേഷങ്ങളെല്ലാം അവള്‍ തിരക്കിട്ട് വിവരിക്കും. പൊടിപ്പും തൊങ്ങലും കൊണ്ട് എന്റെ കാതുകള്‍ നിറഞ്ഞുകവിയും.

എന്തായാലും നല്ലതിനാണ് എല്ലാം. എന്തൊരു കുതൂഹലമാണ് അവള്‍ക്ക് ഓരോ കൊച്ചുകാര്യത്തിലും. പണ്ടാരമടങ്ങട്ടെ ഹഹഹ പെണ്ണിന്റെ പൂതി.

അവളോട് ആദ്യം ഇഷ്ടം തോന്നിയത് ഈ വക കമ്പം ഒന്നും ഇല്ലാത്ത ഒരാള്‍ എന്ന നിലയിലാണ് എന്നു തോന്നുന്നു. സവാരിചെയ്ത് സാഫല്യമടയുകയല്ലേ സകലരും. അതിനിടയില്‍ ആ വെറിയോ ആര്‍ത്തിയോ ഇല്ലാത്ത ഒരു ലളിതസുഭഗ എന്നു ഞാന്‍ തെറ്റിദ്ധരിച്ചുപോയി. എന്റെ മാത്രം പിഴ.

അഗുംബെ എന്ന ബോംബ് അല്ലേ അവള്‍ ആദ്യം പൊട്ടിച്ചത്. അവളുടെ ആരോ അവിടേയ്ക്ക് പോയ വര്‍ത്തമാനം എന്തു കൊതിയോടെയാണ് അവള്‍ കൊഞ്ചിയത്. അന്നേ മണത്തിട്ടുണ്ട് ഞാന്‍ അപകടം.

'എത്ര വിശാലമായ സ്ഥലങ്ങളാണ് വെറുതേ കിടക്കുന്നത് ഏട്ടാ എവിടെ നോക്കിയാലും വെയ്സ്റ്റ് വലിച്ചെറിഞ്ഞുകളയാന്‍.'

'ഹഹ, നല്ല കണ്ടുപിടുത്തമാണല്ലോ... പക്ഷേ, അതുണ്ടല്ലോ അവിടത്തുകാര്‍ക്കൊന്നും ഇവിടത്തെ ആളുകളുടെയത്ര മാലിന്യം ഒന്നും ഉണ്ടാവില്ല എന്നതുകൊണ്ടാവാം.

തന്റേത് ഒരു തമാശ മാത്രമായിരുന്നു എന്ന മട്ടില്‍ അവള്‍ ചിരിച്ചു. അത് സാരമില്ല എന്ന മട്ടില്‍ ഞാനും കൈവീശിക്കാണിച്ചു. അല്ലെങ്കിലും അത്ര ഗുരുതരമായ നിന്ദയോ വ്യാജസ്തുതിയോ ഒന്നും ഉണ്ടായിരുന്നില്ലല്ലോ അവളുടെ ആ പ്രസ്താവനയില്‍.

എന്നുമല്ല, സ്വന്തം ഭവനത്തില്‍ പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയതിന്റെ ലഹരിയിലാണ് ഇപ്പോഴും അവള്‍. ഇത്രമാത്രം നിഷ്‌കളങ്കരായവര്‍ ഉണ്ടോ ഇന്നും എന്നുമാത്രമേ അതിശയിക്കൂ നാം അത് കേട്ടാല്‍. അല്ലേ.

എന്നിട്ടും പിന്നീട് എല്ലാം നേരവും പുറത്തുനിന്ന് പലതരം ആഹാരപദാര്‍ത്ഥങ്ങള്‍ ഭുജിച്ചിട്ട് അവള്‍ അതിനെക്കുറിച്ചൊക്കെ വര്‍ണ്ണിക്കുമ്പോള്‍ നിര്‍ദാക്ഷിണ്യം ഊതിക്കെടുത്താന്‍ ശ്രമിച്ചില്ലേ ഞാന്‍ അവളുടെ ഉത്സാഹം.

'പലഹാരം ഒന്നുമല്ല അവര്‍ വിളമ്പിത്തരുന്നത് വെറും ജൈവമാലിന്യമാണ് ചൂടാക്കിത്തരുന്നു എന്നേയുള്ളൂ അറിയാമോ!'

ഇത്രയൊക്കെ അവഹേളിച്ചിട്ടും അവള്‍ പിണങ്ങാതെ ഇരിക്കുന്നത് സ്വകാര്യങ്ങള്‍ പങ്കുവെയ്ക്കാന്‍ അവള്‍ക്ക് മറ്റാരും ഇല്ലാത്തതിനാല്‍ തന്നെ ആയിരിക്കാം.

'എന്നാലേയ് എന്നെ ഹ്ം... അമല എന്നു വിളിക്കുമോ.'

'അലമേലൂന്നോ അതെന്തിനാ, ങ്‌ഹേ!'

'അലമേലൂന്നല്ല ഏട്ടാ, അംലാന്ന്!'

'ഓ, ആവാംല്ലോ നൂറായിരം വട്ടം.'

'എന്നാല്‍, ഞാന്‍ ഏട്ടനെ ചൊക്കലിംഗം എന്നും വിളിക്കാം ഏങ്?'

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
മലമുകളില്‍ രണ്ടുപേര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com