മലമുകളില്‍ രണ്ടുപേര്‍

പ്രായമായശേഷം അവിടെ വരെ നടന്നെത്താന്‍ പ്രയാസമായി.
മലമുകളില്‍ രണ്ടുപേര്‍



ണ്ട് അയല്‍ക്കാരിലാരോ ആണ് അവരെ അപ്പൂപ്പനെന്നും അമ്മൂമ്മയെന്നും വിളിച്ചത്. അങ്ങനെ ഇരുവരും മൂപ്പെത്തും മുന്‍പേ അപ്പൂപ്പനും അമ്മൂമ്മയുമായി. വര്‍ഷങ്ങളുടെ ഇടവേളകളിലായി അയല്‍ക്കാരായിട്ടുള്ളവര്‍ മലയിറങ്ങി. അപ്പൂപ്പനും അമ്മൂമ്മയും മാത്രമായി അവിടെ. അവര്‍ക്ക് ബന്ധുക്കളോ പോകാനൊരിടമോ ഇല്ലായിരുന്നു. ഇടയ്ക്ക് കാടിറങ്ങിവരുന്ന ആനയോ പുലിയോ അവരെ ഉപദ്രവിച്ചില്ല. റേഷന്‍കട അടിവാരത്തായിരുന്നു. റേഷന്‍ കാര്‍ഡില്‍ അവരുടെപേര് കേശവനെന്നും അമ്മിണിയമ്മയെന്നുമായിരുന്നു. പ്രായമായശേഷം അവിടെ വരെ നടന്നെത്താന്‍ പ്രയാസമായി. ഇടയ്ക്ക് വാങ്ങുന്ന അരികൊണ്ട് ഒരുനേരം മാത്രം കഞ്ഞിവെക്കും. കാട്ടില്‍നിന്നുള്ള പുളിയോ മറ്റോ തൊട്ടുകൂട്ടാനുണ്ടാവും. കള്ളത്തടിവെട്ടുകാരോ ഫോറസ്റ്റുകാരോ കൊടുത്ത ചായപ്പൊടിയുണ്ടെങ്കില്‍ കട്ടന്‍ചായ ഉണ്ടാക്കും. രണ്ടുപേരും നേരത്തെ എണീക്കും. പകല്‍ തീരുവാന്‍ കാത്തിരിക്കും. നേരത്തെ ഉറങ്ങും. സംസാരിക്കുവാന്‍ വിശേഷങ്ങളില്ലായിരുന്നു. ഓര്‍മ്മകളിലുള്ളതെല്ലാം സംസാരിച്ച് തീര്‍ന്നിരുന്നു. വീടുവിട്ടുപോയവരില്‍ ആരെങ്കിലും ഇടയ്ക്ക് വരുമെന്ന് പ്രതീക്ഷിച്ചു. ആരും വന്നില്ല. അങ്ങനെ ആരെയും പ്രതീക്ഷിക്കാതെയായി. 
ഒരു ദിവസം രാവിലെ രണ്ടുപേരും പതിവുപോലെ തിണ്ണയില്‍ ഇരിക്കുകയായിരുന്നു. ഇലവിനുമുകളില്‍ ഇരുന്ന് ചൂളപ്പക്ഷി പാടുന്നുണ്ടായിരുന്നു. പാട്ടിനൊപ്പം ഓരോ കമ്പിലും ഇരുന്നിരുന്ന് അത് താഴത്തെ കൊമ്പുവരെ ഇറങ്ങി. മുറ്റത്ത് ഒരു പച്ചപ്രാവ് നടക്കുന്നുണ്ടായിരുന്നു. ഇത്രനാളുകൊണ്ട് പ്രാവിന് അപ്പൂപ്പനേയും അമ്മൂമ്മയേയും പരിചയമായിരുന്നു. പെട്ടെന്ന് പേടിച്ചിട്ടെന്നപോലെ അത് പറന്നുമറഞ്ഞു. കുറച്ച് കഴിഞ്ഞ് രണ്ടുപേര്‍ കിതപ്പോടെ മരങ്ങള്‍ക്കിടയില്‍നിന്നും വന്നു. അപ്പൂപ്പനും അമ്മൂമ്മയ്ക്കും കണ്ണ് പിടിക്കുന്നുണ്ടായിരുന്നില്ല. വന്നവരിലൊരാള്‍ കുറച്ച് വെള്ളമെന്ന് പറഞ്ഞു. അമ്മൂമ്മ എഴുന്നേല്‍ക്കും മുന്‍പ് അപ്പൂപ്പന്‍ എഴുന്നേറ്റു. വന്നവര്‍ മല നടന്ന് കയറിയ ക്ഷീണത്തില്‍ ഇരുന്നു. 
'ഹോ, കുറേ കഷ്ടപ്പെട്ടു' വന്നവരിലൊരാള്‍ പറഞ്ഞു. 
അപ്പൂപ്പന്‍ വെള്ളം കൊടുത്തു. 
അവര്‍ ആര്‍ത്തിയോടെ വെള്ളം കുടിച്ചു. 
'ചാക്കോച്ചേട്ടനല്ലേ?' വെള്ളം കുടിച്ച ആശ്വാസത്തിലൊരാള്‍ അപ്പൂപ്പനോട് ചോദിച്ചു. 
അപ്പൂപ്പനെന്നുള്ള വിളിയല്ലാതെ വേറൊന്നും വര്‍ഷങ്ങളായി കേള്‍ക്കാറില്ലാത്തതുകൊണ്ട് മറുപടി പറഞ്ഞില്ല. 
'ഞങ്ങള് മത്തായിച്ചന്റെ വീട്ടീന്നാ വരുന്നത്.'
അപ്പൂപ്പന് മത്തായിച്ചനെന്ന പേര് ഓര്‍മ്മവന്നില്ല. അപ്പൂപ്പന്‍ അമ്മൂമ്മയെ നോക്കി. അമ്മൂമ്മയ്ക്കും ഓര്‍മ്മവന്നില്ല. 
'ചാക്കോച്ചേട്ടന്‍ തന്നയല്ലേ?' വന്നവരിലൊരാള്‍ സംശയത്തോടെ ചോദിച്ചു. 
അപ്പൂപ്പന്‍ തലയാട്ടി. വല്ലാത്തൊരു ആശ്വാസത്തില്‍ വന്നവരുടെ മുഖം തെളിഞ്ഞു. പേരില്ലാതെ ജീവിക്കുമ്പോള്‍ എല്ലാ പേരും ഒരുപോലെയാണെന്ന് അമ്മൂമ്മയ്ക്ക് തോന്നിയിട്ടുണ്ടാവും. അതുകൊണ്ടാവും തിരുത്തിയില്ല. 
'മത്തായിച്ചന്‍ മരിച്ചു' വന്നവരിലൊരാള്‍ പറഞ്ഞു: 'കുറച്ച് നാളായി കിടപ്പിലായിരുന്നു.'
ജനനമോ മരണമോ വിവാഹവാര്‍ത്തയോ ഒന്നും ഇരുവരേയും തേടി എത്തിയിരുന്നില്ല. അറിയാത്ത ആ മനുഷ്യന്റെ മരണം കേട്ടപ്പോള്‍ രണ്ടുപേര്‍ക്കും പെട്ടെന്ന് സങ്കടം വന്നു. മരണം ജീവിതത്തിലേക്ക് ഇരുവരേയും കൈപിടിച്ച് കയറ്റും പോലൊരു നിമിഷമായി അത്. 

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

'ഞാന്‍ ജോണി. ഇത് എന്റെ അളിയന്‍ വര്‍ക്കി. മത്തായിച്ചന്‍ എന്റെ അപ്പാപ്പനാരുന്നു' വന്നവരിലെ ചെറുപ്പക്കാരന്‍ പറഞ്ഞു: 'ബുദ്ധിമുട്ടില്ലെങ്കില്‍ ഒന്ന് വരണം. അപ്പാപ്പന്‍ എപ്പോഴും ചേട്ടനെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരുന്നത്. കാണണമെന്ന് വെല്യ ആഗ്രഹമായിരുന്നു. പക്ഷേ, ഇന്നലെ പുള്ളിക്കാരന്‍ അങ്ങ് പോയി.'
അപ്പൂപ്പന്‍ തലയാട്ടി. 
'എല്ലാരും ചേട്ടനേം പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്. ജീവിച്ചിരിപ്പുണ്ടേല്‍ കണ്ടുപിടിച്ചോണ്ട് വരണംന്ന് പറഞ്ഞാ സണ്ണിക്കുട്ടി ഞങ്ങളെ വിട്ടിരിക്കുന്നത്. വരത്തില്ലെന്ന് മാത്രം പറയരുത്' വര്‍ക്കി അപേക്ഷിച്ചു. 
അപ്പൂപ്പന്‍ ഒന്നും മിണ്ടിയില്ല. 
'ഇരുട്ടുന്നതിന് മുന്‍പ് കൊണ്ടാക്കാം. ചേട്ടനെ തപ്പിക്കൊണ്ട് ഇന്നലെ മുതലുള്ള ഓട്ടമാണ്. അപ്പാപ്പന്‍ മരിച്ചിട്ട് നേരത്തോട് നേരം കഴിഞ്ഞു. ഇനിയും വെച്ചോണ്ടിരിക്കുകാന്ന് പറഞ്ഞാല്‍...' ജോണി ആ വാചകം പൂര്‍ത്തിയാക്കിയില്ല. 
പുറത്തേക്ക് പോകാനായി നല്ല വേഷമൊന്നും അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഇല്ലായിരുന്നു. മുണ്ടുപെട്ടിയില്‍ ഉണ്ടായിരുന്ന പിഞ്ഞിയ നിറംമങ്ങിയ സാരി അമ്മൂമ്മ ഉടുത്തു. അപ്പൂപ്പന്റെ വെള്ളമുണ്ടിലും ഷര്‍ട്ടിലും മണല്‍ത്തരികള്‍ വിതറിയപോലെ കരിമ്പനുണ്ടായിരുന്നു. 
വീട് ചാരിയിറങ്ങിയപ്പോള്‍ വാതില്‍ പൂട്ടാത്തതില്‍ വന്നവര്‍ അത്ഭുതപ്പെട്ടു. ഇവിടെ ആരുവരാന്‍ എന്ന തോന്നല്‍ കൊണ്ടാവാം അവര്‍ ഒന്നും ചോദിച്ചില്ല. 
അപ്പൂപ്പനും അമ്മൂമ്മയും കാറിനു പിന്നില്‍ ഇരുന്നു. ചാക്കോച്ചേട്ടന്റെ താമസസ്ഥലം കണ്ടുപിടിക്കാന്‍ ഞങ്ങള് ശരിക്കും പ്രയാസപ്പെട്ടു. സണ്ണിച്ചേട്ടന്‍ ഊഹത്തിനു പറഞ്ഞ സ്ഥലങ്ങളില്‍പ്പോയി തപ്പിയിട്ടൊന്നും ചേട്ടനെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. അടിവാരത്തുള്ള ഒരു െ്രെഡവറാണ് രണ്ടാംമലയിലൊരു വീടുണ്ടെന്ന് പറഞ്ഞത്. അങ്ങനാ ഞങ്ങള് വന്നത്. കര്‍ത്താവിന്റെ കൃപകൊണ്ട് ചേട്ടനെ കാണാന്‍ പറ്റി. എന്നാണ് ഇവിടേയ്ക്ക് കുടിയേറിയത്? അടുത്തെങ്ങും ആരും ഇല്ലല്ലേ? അപ്പാപ്പന്റെ കൂടെ കൂപ്പ് കച്ചവടത്തിലും ചാരായം റേഞ്ച് പിടിക്കാനും ഉണ്ടായിരുന്നോ? ഇത്ര കാലമായിട്ട് നിങ്ങളു തമ്മില്‍ ഒരു ബന്ധവുമില്ലായിരുന്നോ? ഇങ്ങനെ കുറേ കാര്യങ്ങള്‍ പോകും വഴിക്ക് ജോണി പറയുകയും ചോദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. രണ്ടു പേരും ഒന്നും കേട്ടില്ല. അവര്‍ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. പണ്ട് ഒന്നും ഇങ്ങനെയായിരുന്നില്ലല്ലോ എന്നു മാത്രമാണവര്‍ ഓര്‍ത്തത്. 
അത്ര നേരവും ഓടിയ വഴിയില്‍നിന്നും നിരപ്പായ റോഡിലേക്ക് കയറിയപ്പോള്‍ കാറിന് വേഗത കൂടി. കാറ്റ് മുഖത്ത് ആഞ്ഞടിച്ചപ്പോള്‍ രണ്ടുപേരും സീറ്റിന്റെ നടുവിലേക്ക് ഒതുങ്ങിയിരുന്നു. മുന്നിലെ വണ്ടികളെയും എതിരെ വരുന്ന വണ്ടികളെയും വെട്ടിച്ച് കയറുമ്പോള്‍ പേടിയോടെ രണ്ടു കൈകൊണ്ടും അവര്‍ സീറ്റില്‍ പിടിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ രണ്ടുപേരും മെല്ലെ മയങ്ങി. അപ്പൂപ്പന്‍ അമ്മൂമ്മയുടെ തോളിലേക്ക് ചാരിക്കിടന്നു. 
മത്തായിച്ചന്റെ വീടിനു മുന്നില്‍ വണ്ടി നിന്നു. ജോണി രണ്ടു പേരേയും തൊട്ട് വിളിച്ചു. അവര്‍ ഉണര്‍ന്നു. മരണവീട്ടില്‍ നിന്നവരെല്ലാം അപ്പൂപ്പനേയും അമ്മൂമ്മയേയും നോക്കി. അത്രയും മനുഷ്യരെ ഒന്നിച്ച് കണ്ടിട്ട് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞു. ആ അത്ഭുതം അവരിലുണ്ടായിരുന്നു. മരണവീട്ടിലെ അച്ചടക്കത്തിനുള്ളിലൂടെ അപ്പൂപ്പനും അമ്മൂമ്മയും നടന്നു. 
മത്തായിച്ചന്റെ മൃതദേഹത്തിന്റെ തലയ്ക്കലെ വലിയ കുരിശാണ് അപ്പൂപ്പന്‍ ആദ്യം ശ്രദ്ധിച്ചത്. പിന്നീട് തൊട്ടടുത്ത് നിന്നു പ്രാര്‍ത്ഥിക്കുന്ന കന്യാസ്ത്രീകളേയും ഇടവകക്കാരേയും. ഒടുവിലാണ് മത്തായിച്ചനെ നോക്കിയത്. അപ്പൂപ്പന്‍ കുറേനേരം ആ മുഖത്തേക്ക് നോക്കിനിന്നു. അപ്പൂപ്പനും അമ്മൂമ്മയും കണ്ണുകളടച്ച് കൈകള്‍ കൂപ്പി. 
മുറ്റത്തിട്ടിരുന്ന പന്തലിന്റെ തണലിലേക്ക് അവര്‍ വന്നു. രണ്ടുപേര്‍ക്കും ഇരിക്കാനായി കസേര കൊണ്ടുവന്നു. അവര്‍ ഇരുന്നു. മധ്യവയസ്സായ ഒരാള്‍ ബഹുമാനത്തോടെ അടുത്തുവന്നു. സംസാരിച്ച് തുടങ്ങുവാനുള്ള ബുദ്ധിമുട്ട് അയാളിലുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ് ശബ്ദം താഴ്ത്തി അയാള്‍ പറഞ്ഞു: 'ഞാന്‍ സണ്ണി. മത്തായിയുടെ മൂത്തമകനാണ്.' 
അപ്പൂപ്പന്‍ അയാളെ നോക്കി. അയാള്‍ അപ്പൂപ്പന്റെ കണ്ണുകളിലേക്ക് നോക്കിയില്ല. അയാള്‍ വീണ്ടും കുറച്ചുനേരം കൂടി മിണ്ടാതെ നിന്നു. പിന്നെ, ശബ്ദത്തിന്റെ അതേനിലയില്‍ പറഞ്ഞു: 'അപ്പന്റെ അവസാനത്തെ ആഗ്രഹം ഇതുമാത്രമായിരുന്നു.' 
അപ്പൂപ്പന്‍ അയാള്‍ പറയുന്നത് കേട്ടു തലയാട്ടി. തിരിച്ചൊന്നും പറഞ്ഞില്ല. ഇടയ്ക്ക് ഒരാള്‍ വന്ന് അടക്കത്തിന് ഇനി താമസിക്കണ്ടെന്ന് സണ്ണിയോട് പറഞ്ഞിട്ടുപോയി. 
ഇവിടെ വിശ്രമിച്ചോളൂ അടക്കം കഴിഞ്ഞ് ഞങ്ങള്‍ പെട്ടന്നിങ്ങ് എത്താം എന്ന് സണ്ണി പറഞ്ഞിട്ടും അപ്പൂപ്പനും അമ്മൂമ്മയും കൂട്ടാക്കിയില്ല. പള്ളിയിലേക്ക് വിലാപയാത്ര ഇറങ്ങിയപ്പോള്‍ അപ്പൂപ്പനും അമ്മൂമ്മയും കൂടെച്ചേര്‍ന്നു. 
പഴയൊരു പള്ളിയുടെ പിന്നിലായിരുന്നു സെമിത്തേരി. മത്തായിച്ചനെ കുടുംബക്കല്ലറയില്‍ അടക്കാനായി മൂടിയിടും മുന്‍പ് ബന്ധുക്കള്‍ അന്ത്യചുംബനം നല്‍കി. മത്തായിച്ചനെ കുഴിയിലേക്ക് വെച്ചു. കുടുംബാംഗങ്ങള്‍ പെട്ടിക്കു മുകളിലേക്ക് കുന്തിരിക്കം ഇട്ടു. 
അടക്കം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞു. അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളും മാത്രമായി വീട്ടില്‍. അപ്പൂപ്പനും അമ്മൂമ്മയ്ക്കും ചായയും ഭക്ഷണവും നല്‍കി. അവര്‍ ഭക്ഷണം കഴിഞ്ഞ് എണീറ്റപ്പോള്‍ സണ്ണി മടിച്ചുമടിച്ച് ചോദിച്ചു: 'കുറച്ച് നേരമൊന്ന് ഇരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകുവോ? ഒരു കാര്യം പറയാനുണ്ടായിരുന്നു.'
അപ്പൂപ്പനേയും അമ്മൂമ്മയേയും വലിയൊരു മുറിയിലേക്ക് സണ്ണി കൂട്ടിക്കൊണ്ടുപോയി. അവര്‍ മുറിയിലേക്ക് കയറിയപ്പോള്‍ അവിടെയുണ്ടായിരുന്ന കുട്ടികളെയുമായി രണ്ട് സ്ത്രീകള്‍ പുറത്തേക്ക് പോയി. സണ്ണി കതകടച്ചു. മുറിയില്‍ നിന്നിരുന്ന സണ്ണിയുടെ അനിയന്മാരിലൊരാള്‍ ജനലുകള്‍ അടച്ചു. അപ്പൂപ്പനും അമ്മൂമ്മയും കസേരയില്‍ ഇരുന്നു. 
'ഇതാണ് അമ്മച്ചി' സണ്ണി മത്തായിച്ചന്റെ ഭാര്യയെ പരിചയപ്പെടുത്തി. 
അവര്‍ അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും മുഖത്തു നോക്കാതെ കൈകൂപ്പി. 
ചുവരില്‍ ചാരിനിന്നിരുന്ന ചെറുപ്പക്കാരനെ കാട്ടി സണ്ണി പറഞ്ഞു: 'ഇത് സാംകുട്ടി. എന്റെ നേരെ ഇളയവനാ.'
അപ്പൂപ്പന്‍ തലയാട്ടി. 
കട്ടിലില്‍ അമ്മച്ചിക്കൊപ്പം ഇരുന്നിരുന്ന ആളെച്ചൂണ്ടി പറഞ്ഞു: 'ഇത് ജേക്കബ്. ഇളയവനാ. ഇവരു രണ്ടുപേരും യു. എസിലാ. ഞാന്‍ മാത്രേ നാട്ടിലുള്ളൂ. നാട്ടിലെന്ന് പറഞ്ഞാല്‍ കൊച്ചീല്. ഇവിടെ അപ്പനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.'
അപ്പോഴും അപ്പൂപ്പന്‍ തലയാട്ടി. 
'ചേട്ടന്‍ വരുമെന്ന് ഞങ്ങള്‍ക്ക്... പ്രതീക്ഷയില്ലായിരുന്നു' സണ്ണി എങ്ങനെയോ ആ വാചകം പൂര്‍ത്തിയാക്കി. 
മുറിയില്‍ കുറച്ച് നേരത്തേക്ക് പൂര്‍ണ്ണ നിശ്ശബ്ദതയായിരുന്നു. 
'അപ്പന് വയ്യാണ്ടായി കഴിഞ്ഞപ്പോള്‍ ഇടക്കിടയ്ക്ക് കരയും. അപ്പന്റെ സ്വഭാവം അറിയാല്ലോ. അങ്ങനെയൊരാള്‍ കരയുന്നത് ചിന്തിക്കാന്‍ കൂടി ഞങ്ങള്‍ക്ക് പറ്റത്തില്ലായിരുന്നു. എന്നിട്ട് ചാക്കോച്ചനെ ഒന്നു കാണണം ചാക്കോച്ചനെ ഒന്നു കാണണം എന്നു പറയുമായിരുന്നു. ആരാണീ ചാക്കോച്ചന്‍ എന്ന് ചോദിച്ചാല്‍ പറയത്തില്ല. വീണ്ടും കരയും.'

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

അപ്പൂപ്പന്‍ കുറച്ച് വെള്ളത്തിന് ആംഗ്യം കാട്ടി. സാംകുട്ടി പോയി വെള്ളമെടുത്തു കൊണ്ടുവന്നു. അപ്പൂപ്പന്‍ കുടിച്ചു. 
'ആരോഗ്യം വല്ലാതെ വഷളാവാന്‍ തുടങ്ങിയപ്പോഴാണ് അനിയന്മാരോട് വരാന്‍ പറഞ്ഞത്. അന്നുമുതല്‍ ഞങ്ങള്‍ ചേട്ടനെവിടാ? ജീവിച്ചിരിപ്പുണ്ടോ? എന്ന് അന്വേഷിക്കുവാ. പത്തറുപത്തിയഞ്ച് കൊല്ലത്തിനു മുന്‍പുള്ള ഒരാളെ കണ്ടുപിടിക്കാനുള്ള പ്രയാസം അറിയാല്ലോ?അപ്പനാണെങ്കില്‍ ഒന്നുമങ്ങോട്ട് വിട്ടു പറയത്തുമില്ലായിരുന്നു.'
പെട്ടെന്നാണ് മത്തായിച്ചന്റെ ഭാര്യ പൊട്ടിക്കരഞ്ഞത്. അമ്മൂമ്മ എഴുന്നേറ്റ് ചെന്ന് അടുത്തിരുന്നു. അവരെ ചേര്‍ത്ത് പിടിച്ചു. 
'പുള്ളിക്കാരന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം' ഇതും പറഞ്ഞ് അമ്മൂമ്മയെ കെട്ടിപ്പിടിച്ച് അവര്‍ ഏങ്ങലടിക്കുവാന്‍ തുടങ്ങി. ഒരു കുഞ്ഞിനെ ആശ്വസിപ്പിക്കുംപോലെ അമ്മൂമ്മ അവരെ തലോടി. 
കരച്ചില്‍ മെല്ലെയടങ്ങിയപ്പോള്‍ സാംകുട്ടി പറഞ്ഞു: 'ഞങ്ങളോടല്ല, അമ്മച്ചിയോടാണ് അപ്പന്‍ പറഞ്ഞത്, ഞാന്‍ ചാക്കോയോട് ഒരിക്കലും പൊറുക്കാത്ത തെറ്റ് ചെയ്തിട്ടുണ്ടെന്ന്. ആ പാപത്തില്‍ നിന്നാണീ സമ്പത്തെല്ലാം ഉണ്ടാക്കിയതെന്ന്. അത് എന്താണെന്ന് ചോദിച്ചിട്ടൊന്നും അപ്പന്‍ പറഞ്ഞില്ല. ജീവിച്ചിരിക്കുമ്പോള്‍ ചാക്കോയെ കാണാന്‍ എനിക്ക് പേടിയാ. മരിച്ച് കിടക്കുമ്പോഴെങ്കിലും കൊണ്ടുവരണം. എന്നോട് ക്ഷമിച്ചന്ന് പറയാന്‍ പറയണം. ഇല്ലങ്കില്‍ എന്റെ ആത്മാവിന് ഗതികിട്ടില്ലെന്നും പറഞ്ഞു പറഞ്ഞാ അപ്പന്‍ മരിച്ചത്.' 
അപ്പൂപ്പന്‍ കയ്യിലെ ഗ്ലാസ് നിലത്തുവെച്ചു. ഒന്നും പറഞ്ഞില്ല. 
'ചേട്ടാ' സണ്ണി അപ്പൂപ്പന്റെ കാല്‍ക്കല്‍ മുട്ടുകുത്തിയിരുന്നിട്ട് ക്ഷമാപണ സ്വരത്തില്‍ പറഞ്ഞു: 'എന്ത് പ്രായശ്ചിത്തം ചെയ്യാനും ഞങ്ങള്‍ തയ്യാറാണ്. എന്ത് ചെയ്യണമെന്ന് പറഞ്ഞാല്‍ മതി.'
അപ്പൂപ്പന്‍ കണ്ണടച്ച് ഇരുന്നു. അപ്പൂപ്പന് കരച്ചില്‍ വന്നു. കണ്ണ് നിറഞ്ഞു. കുറച്ചുനേരം മുഖം കുനിച്ചിരുന്നു. പിന്നെ സണ്ണിയെ ചേര്‍ത്ത് പിടിച്ചിട്ട് പറഞ്ഞു: 'പറ്റിയാല്‍ ഇടയ്‌ക്കൊന്ന് ഞങ്ങളെ കാണാന്‍ വാ.'
തിരികെ മടങ്ങുമ്പോള്‍ ഇരുവശത്തെ കാഴ്ചകളൊന്നും അവര്‍ കണ്ടില്ല. പകല്‍ മെല്ലെ മറിഞ്ഞ് സന്ധ്യയിലേക്ക് കയറി. വെളിച്ചത്തിന്റെ താഴ്ചയേറും മുന്‍പ് വണ്ടി രണ്ടാംമലയ്ക്ക് ചുവട്ടില്‍ എത്തി. അപ്പൂപ്പനും അമ്മൂമ്മയും ഇറങ്ങി. ഞങ്ങള്‍ കൂടെ വരാം എന്ന് ജോണിയും വര്‍ക്കിയും പറഞ്ഞു. വേണ്ടന്ന് അവര്‍ പറഞ്ഞു. 
അപ്പൂപ്പനും അമ്മൂമ്മയും കുത്തനെയുള്ള വഴിയിലേക്ക് കയറി. അപ്പൂപ്പന്‍ അമ്മൂമ്മയുടെ കയ്യില്‍ മുറുകെപ്പിടിച്ചു. അവര്‍ മെല്ലെ നടന്നു. ജോണിയും വര്‍ക്കിയും തിരിച്ചുപോന്നു. 

ഈ കഥ കൂടി വായിക്കാം
ടാബുലാ റാസാ
 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com