സി.വി.ബാലകൃഷ്ണന്‍ എഴുതിയ കഥ: എന്റെ പപ്പ പള്ളിയില്‍ പോകാറില്ല

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ന്റെ പപ്പ പള്ളിയില്‍ പോകാറില്ല. മമ്മി നേരെ മറിച്ചാണ്. പള്ളിമണികള്‍ മുഴങ്ങുന്നത് തനിക്കു വേണ്ടിയാണെന്ന് കരുതിപ്പോരുന്നു. വിശുദ്ധ കുര്‍ബ്ബാന ഒന്നുപോലും മുടക്കില്ല. നൊയമ്പുകള്‍ വിധിയാംവണ്ണം അനുഷ്ഠിക്കും. സന്ധ്യതോറും മെഴുകുതിരി കത്തിച്ചുവെച്ച് ബൈബിള്‍ വായിക്കും. അന്നേരമൊക്കെയും പപ്പ ലഹരിയുടെ കുരിശില്‍ കിടന്ന് ചോര വാര്‍ത്തു. ഭീതിയുടെ നിഴലുവീണ കണ്ണുകള്‍ ചിമ്മാനാവാതെ ഞാന്‍ കണ്ടുനിന്നു.

പള്ളി അധികം ദൂരെയല്ല. വീട്ടില്‍നിന്നിറങ്ങി നാലഞ്ചു മിനിറ്റ് നടന്ന് നിരത്തിലെ ആദ്യത്തെ വളവിലെത്തിയാല്‍ കല്‍പ്പടവുകള്‍ തുടങ്ങുകയായി. ഓരത്തൊരു രൂപക്കൂടുണ്ട്. അതില്‍ മേരി മാതാവാണ്. അവിടെ പ്രാര്‍ത്ഥിച്ചതില്‍ പിന്നീടാണ് മമ്മി പടവുകള്‍ കയറുക. അവസാനത്തെ പടവും കയറിയാല്‍ ചരല്‍മണ്ണുള്ള പള്ളിയങ്കണമായി.

മമ്മി തിരിച്ചുവരുവോളം വീട്ടില്‍ തികഞ്ഞ സമാധാനമാണ്. മരങ്ങളില്‍ കരിങ്കുയിലുകളും ചിലപ്പന്‍ കിളികളും ഒച്ചയിടും. പപ്പ ഉമ്മറത്തെ മരക്കസേരയിലിരുന്ന് പത്രം വായിക്കും. ഞാന്‍ മുറ്റം തൂക്കും. ജയിനമ്മ കോഴികളെ തുറന്നുവിട്ട് മുട്ടകള്‍ പെറുക്കിയെടുത്ത് മുളംകൂടയിലിടും. കുഞ്ഞുമോളും ടോമിയും ഉണര്‍ന്നിരിക്കില്ല. വെണ്ടേക്കുകളുടേയും ചെറുനാരകങ്ങളുടേയും ഓമയുടേയും ഇലകള്‍ക്കിടയിലൂടെ ഇളവെയില് അരിച്ചിറങ്ങും. വടക്കുപുറത്തെ മണ്‍പശിമയില്‍ പുഴുക്കളിഴഞ്ഞ് അക്ഷരങ്ങളുണ്ടാകും. തുമ്പികള്‍ പറക്കും. വണ്ടുകള്‍ മൂളും.

തിരുവോസ്തി നുണച്ചിറക്കി പ്രാര്‍ത്ഥനാപുസ്തകം നെഞ്ചോടു ചേര്‍ത്തുപിടിച്ച് മമ്മി വന്നെത്തുന്നതോടെ എല്ലാം കീഴുമേലാകുന്നു. പപ്പയുമായി എന്നോ തുടങ്ങിയ പോരിന്റെ തുടര്‍ച്ച. അള്‍ത്താരേല് നോക്കി എന്നും ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു. ഇന്നും പ്രാര്‍ത്ഥിച്ചു. ഇങ്ങനെയൊര് അറാംപിറന്നവന്‍ ഉണ്ടോ ഈ ഇടവകേല് വേറെ? ഇരുന്ന് പത്രം വായിക്കുന്നു. എന്തോന്നാ ഇത്ര കാര്യമായുള്ളത് പത്രത്തില്? ഇങ്ങേരെക്കുറിച്ച് വല്ലോമുണ്ടോ? എന്നാ ആധിയാ. പള്ളീലോട്ട് പോയാലെന്താ? ഇത്രേം അടുത്തല്ലേ. പോകുകേല.

ഇല്ല, എന്റെ പപ്പ പള്ളിയില്‍ പോകാറില്ല.

ശ്രേഷ്ഠത്തിയമ്മ, മദര്‍ ഔറേലിയ പപ്പയോടു ചോദിച്ചു:

''സാറ് പള്ളീലോട്ട് വരാറേ ഇല്ലല്ലോ. ഇതെന്നാ വിരോധമാ?''

രൂപത നിയോഗിച്ച ഏഴംഗസംഘത്തിന്റെ നേതൃപദവിയിലായിരുന്നു മദര്‍ ഔറേലിയ. മരിയറ്റ മെര്‍സെലിന്‍, ടെസിന്‍, കര്‍മലെറ്റ്, ടെസ്സീന, ആന്‍ മരിയ എന്നിവര്‍ മദറിനെ അപേക്ഷിച്ച് പ്രായം കുറഞ്ഞവരാണ്. ഇടവകയിലെ വീടുകളിലെല്ലാം കയറിയിറങ്ങുന്നു. ക്ഷേമം തിരക്കുന്നു. ബന്ധം പുതുക്കുന്നു.

''പപ്പാ,'' ഞാനിടപെട്ടു: ''വല്ലതും പറ.'' പപ്പയുടെ മുഖവും കൈകളും വിറയ്ക്കുന്നുണ്ടായിരുന്നു. കണ്ണുകളില്‍ തിരിച്ചറിവിന്റേതല്ലാത്ത നോട്ടം. ഒരുവക പകപ്പ്. എന്തോ പിറുപിറുത്തു. വ്യക്തമായില്ല. മദര്‍ ഔറേലിയയും സിസ്റ്റര്‍മാരും കാതുകള്‍ കൂര്‍പ്പിച്ചു. പപ്പ അവരോട് പൊയ്‌ക്കോ എന്നു കൈവീശി. ഞാന്‍ നിസ്സഹായയായി നിന്നു.

മദര്‍ ഔറേലിയയും കന്യാസ്ത്രീകളും മുറിവിട്ടിറങ്ങി. അവര്‍ക്കു പിന്നാലെ ഞാന്‍ നടന്നു.

വ്രാന്തയില്‍വെച്ച് മദര്‍ ഔറേലിയയോടായി ഞാന്‍ പറഞ്ഞു:

''മമ്മി മരിച്ചതീപ്പിന്നെ പപ്പ മൊത്തത്തില് അബ്നോര്‍മലാ. ഒന്നും സംസാരിക്കുകേല. ഓര്‍മ്മകളൊക്കെ പോയ മട്ടാ. ചെറിയ കുട്ടികളെപ്പോലെയാ. ചന്തി കഴുകിക്കഴുകി മടുത്തു. തീട്ടത്തിന്റെ നാറ്റം വിട്ടുപോകാതെയുണ്ട് മൂക്കില്. പപ്പയെന്നാല്‍ ഇപ്പോ കുറെ തീട്ടം കുറെ മൂത്രം. മമ്മിയാണേല്‍ നേരത്തേ പോവുകയും ചെയ്തു.''

മമ്മി പോയത് ഓര്‍ക്കാപ്പുറത്തായിരുന്നു.

പറഞ്ഞിരുന്നൊരു കാര്യമുണ്ട്: ''അങ്ങേര് പോകുവോളം ഞാനുണ്ടാകണം. ഞാന്‍ മുന്നേ പോയാപ്പിന്നെ ആരാ നോക്കുക?''

ഞാന്‍ അന്തംവിട്ട് ചോദിച്ചു: ''നിങ്ങളെപ്പോഴും കീരീം പാമ്പും പോലല്ല്യോ.''

മമ്മിയുടെ മുഖത്തൊരു ചിരി വിരിഞ്ഞു.

''എന്നിട്ടും നീയടക്കം നാലു മക്കളുണ്ടായില്ലേ?''

അതോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടാതിരുന്നിട്ടില്ല. നൂറ്റാണ്ടുകള്‍ക്കുശേഷവും യേശു അത്ഭുതങ്ങള്‍ തുടരുന്നു!

പപ്പയ്ക്കും മമ്മിക്കുമിടയില്‍ സ്‌നേഹമെന്ന ഒന്ന് എപ്പോഴെങ്കിലും ഉണ്ടായിരുന്നോ ആവോ. എനിക്കു നിശ്ചയമില്ല. പൗലോസ് അപ്പസ്‌തോലന്‍ കൊറിന്ത്യര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തിലെ ''ഞാന്‍ മനുഷ്യരുടേയും ദൂതന്മാരുടേയും ഭാഷകളില്‍ സംസാരിച്ചാലും എനിക്ക് സ്‌നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ'' എന്ന വാക്യം എത്രയോ സന്ധ്യകളില്‍ മമ്മി ഉരുവിട്ടു കേള്‍പ്പിച്ചിട്ടുണ്ട്. സ്‌നേഹം എന്നത് എന്തൊ വാക്കാണ്! പപ്പ പറഞ്ഞിട്ടില്ലെന്നതേയുള്ളൂ. അറിയാമായിരുന്നു ആ വാക്ക്. പപ്പയുടെ നാവില്‍നിന്നും അതു കേട്ടിരിക്കുക, ഒരുപക്ഷേ, കൊച്ചന്നയാന്റി മാത്രം.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
സഹായത്തിനു വരാറുണ്ടായിരുന്ന നൈത്തോമ്മ അവരുടെ കെട്ടിയോന്‍ കുരിശോപ്പന്‍ മദ്യമെന്നു കരുതി പെട്രോള്‍ കഴിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലായി. കൂട്ടിനു പോയപ്പോഴാണ് മമ്മി വല്യമ്മച്ചിയോട് കൊച്ചന്നത്തെ, അനിയത്തിയെ അയയ്ക്കാന്‍ പറഞ്ഞത്.

കൊച്ചന്നയാന്റി വന്നത് ഏലക്കായ്കളുടെ പരിമളവും കൊണ്ടാണ്. അതുപിന്നെ വീട്ടിലെപ്പോഴും തങ്ങിനിന്നു.

വല്യമ്മച്ചി ഏലക്കായ്കളും കൊടുത്ത് (ഒരു റാത്തലോളം) കൊച്ചന്നയാന്റിയെ പറഞ്ഞുവിട്ടത് മമ്മി ആവശ്യപ്പെട്ടാണ്. കൊച്ചന്നയാന്റിയുടെ പഠിപ്പ് പൂര്‍ത്തിയായിരുന്നു. ഇനിയൊരു ജോലി കിട്ടണം. എന്നിട്ടുമതി കല്യാണമെന്ന് കൊച്ചന്നയാന്റി തീരുമാനിച്ചിരുന്നു. മമ്മിയുടെ നേരെ ഇളയതാണ്. അഞ്ചാറു വയസ്സിന്റെ വ്യത്യാസം കാണും. മമ്മിയുടെ നേര്‍പകര്‍പ്പല്ല. മെലിഞ്ഞിട്ടാണ്. ഒരുപാട് മുടി. നീണ്ട കണ്ണുകള്‍. ചുണ്ടുകള്‍ ചുവന്ന്. പല്ലുകള്‍ നിരയൊത്തവ. ചിരിക്കുമ്പോള്‍ ഇരുകവിളിലും നുണക്കുഴികള്‍ തെളിയും. അവ കാണാന്‍ ചന്തമുള്ളവയായിരുന്നു. ശബ്ദം ഏറെ ഇമ്പമുള്ളത്. തേനൂറുന്നതുപോലെ തോന്നും.

സഹായത്തിനു വരാറുണ്ടായിരുന്ന നൈത്തോമ്മ അവരുടെ കെട്ടിയോന്‍ കുരിശോപ്പന്‍ മദ്യമെന്നു കരുതി പെട്രോള്‍ കഴിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലായി. കൂട്ടിനു പോയപ്പോഴാണ് മമ്മി വല്യമ്മച്ചിയോട് കൊച്ചന്നത്തെ, അനിയത്തിയെ അയയ്ക്കാന്‍ പറഞ്ഞത്. വീട്ടില്‍ ഞങ്ങള്‍ നാലു പിള്ളേര്. പപ്പയ്ക്കും മമ്മിക്കും പള്ളിക്കൂടത്തില് പോണം. നൈത്തോമ്മ വീട് നല്ലതുപോലെ നോക്കിനടത്തിയിരുന്നു. ഇടയ്ക്ക് കാശും ചോദിച്ച് കുരിശോപ്പന്‍ വന്നുകേറും. അങ്ങേര് പെട്രോള്‍ കുടിച്ചില്ലാരുന്നേല്‍ നൈത്തോമ്മ വിട്ടുപോകത്തില്ലായിരുന്നു. പോയതോടെ ഞങ്ങള്‍ വല്യ ഞെരുക്കത്തിലായി. കുഞ്ഞുമോളും ടോമിയും പള്ളിക്കൂടത്തില്‍ ചേര്‍ന്നിട്ടില്ല. കൊച്ചന്നയാന്റി വന്നത്, മുഖ്യമായും അവരെപ്രതിയാണ്.

ഏലത്തരികളുടെ സുഗന്ധത്തിന് ഒരു രൂപം കല്പിക്കാമെങ്കില്‍ അത് കൊച്ചന്നയാന്റിയായിരുന്നു. പള്ളിക്കൂടം വിട്ടയുടനെ ഞാന്‍ എന്നും കൊച്ചന്നയാന്റിയെ കാണാന്‍ പാഞ്ഞു. ജയിനമ്മ പിറകെ. വീട്ടിലെത്തിയപാടെ ഞാന്‍ മൂക്കു വിടര്‍ത്തും. കൊച്ചന്നയാന്റി വന്ന നാള്‍ മുതല്‍ വീടിന് ഒരേ മണം.

രാത്രികളില്‍ ഞാനും ജയിനമ്മയും കിടന്നിരുന്നത് കൊച്ചന്നയാന്റിയുടെ ഇടംവലം ചേര്‍ന്നായിരുന്നു. തണുപ്പത്ത് ഞാന്‍ കൊച്ചന്നയാന്റിയുടെ മെലിഞ്ഞ ദേഹത്തോട് ഒന്നൂടെ ചേരും. അതിന്റെ പതുപതുപ്പ് ഗാഢമായറിയും.

മമ്മിയുടെ ശബ്ദം പരുക്കനും മയമില്ലാത്തതുമായിരുന്നെങ്കില്‍, കൊച്ചന്നയാന്റിയുടേത് അതിമൃദുവും മധുരവുമായിരുന്നു. സന്ധ്യാനേര പ്രാര്‍ത്ഥനകളില്‍ അതിന്റെ മാധുര്യമേറും.

കൊച്ചന്നയാന്റി കുമാരനാശാനെ ഈണത്തില്‍ ചൊല്ലിക്കേള്‍പ്പിക്കുമായിരുന്നു.

''ചന്തം ധരയ്‌ക്കേറെയായ്, ശീതവും പോ-

യന്തിക്കു പൂങ്കാവിലാളേറെയായി

സന്തോഷമേറുന്നു ദേവാലയത്തില്‍

പൊന്തുന്നു വാദ്യങ്ങള്‍ - വന്നൂ വസന്തം

എന്നും,

തുമ്പപ്പൂവിലും തൂമയെഴും നിലാ-

വന്‍പില്‍ തൂവിക്കൊണ്ടാകാശവീഥിയില്‍

അമ്പിളി പൊങ്ങിനില്‍ക്കുന്നിതാ മര-

ക്കൊമ്പിന്മേല്‍നിന്ന് കോലോളം ദൂരത്തില്‍

എന്നും,

ഉണരുവിന്‍ വേഗമുണരുവിന്‍ സ്വര

ഗുണമോലും ചെറുകിളിക്കിടാങ്ങളേ''

എന്നുമൊക്കെ ചൊല്ലുമ്പോള്‍ ഞാന്‍ കൊച്ചന്നയാന്റിയുടെ മുഖത്തുനിന്നും കണ്ണെടുക്കില്ല. ചുവന്ന വടിവൊത്ത ചുണ്ടുകളിലും ഇടതൂര്‍ന്ന കണ്‍പുരികങ്ങളിലും തിളക്കമാര്‍ന്ന കവിളുകളിലും നെറ്റിയിലേക്കു വീണുകിടക്കുന്ന ചുരുണ്ട മുടിയിഴകളിലും കണ്ണുപായിച്ച്, ഒരു മാന്ത്രികതയ്ക്കു കീഴ്പെട്ടപോലെ ഞാനിരിക്കും. കാതുകളിലേക്ക് ആരോ തേന്‍ കോരിയൊഴിക്കും പോലെ. എന്റെ ഉടലാകെ കോരിത്തരിക്കും. ഹൃദയം നിറഞ്ഞുതുളുമ്പും. കണ്ണുകള്‍ സന്തോഷംകൊണ്ട് ഈറനണിയും.

ആര്‍ക്കാണ് കൊച്ചന്നയാന്റിയോട് സ്‌നേഹം തോന്നാതിരിക്കുക?

പപ്പയ്ക്കു സ്‌നേഹം തോന്നിയെങ്കില്‍ അതിലെന്താണ് തെറ്റ്?

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
വഴിയില്‍ ബോധമറ്റു വീണുകിടക്കുന്ന പപ്പയെ ആരൊക്കെയോ എടുത്തുകൊണ്ടുവന്ന് ഉമ്മറത്തു കിടത്തും. മമ്മി തീര്‍ത്തും ബധിരനെന്നോണം കിടക്കുന്ന പപ്പയെ തെറികൊണ്ട് മൂടും.

വളരെ യാദൃച്ഛികമായി പപ്പയേയും കൊച്ചന്നയാന്റിയേയും ഇണക്കത്തില്‍ കാണാനിടയായ മമ്മി ആദ്യമൊന്ന് പകച്ചു. പിന്നെ അരിശംകൊണ്ട് ചുവന്നു. നാവിലേയ്ക്കു ചെകുത്താന്‍ കയറി. എനിക്കൊന്നും മനസ്സിലായില്ല. കൊച്ചന്നയാന്റി കരഞ്ഞുംകൊണ്ട് പടിയിറങ്ങുമ്പോള്‍ ഞാന്‍ ഓടിച്ചെന്ന് വട്ടംപിടിച്ചു. പക്ഷേ, എന്റെ കൈകള്‍ വിടുവിച്ച് ഒന്നും പറയാതെ കൊച്ചന്നയാന്റി നടന്നു. അതുകണ്ട് എന്റെ ഉള്ള് നീറി. ഞാന്‍ നിലത്തിരുന്ന് കരഞ്ഞു. മമ്മി എന്നെ മുടിക്കു പിടിച്ചുയര്‍ത്തി മുഖമടച്ച് തല്ലി. വീണ്ടും വീണ്ടും പ്രാകി.

അന്നുതൊട്ട് പപ്പ വേറൊരാളായി. പഴയ പപ്പയുടെ ഒരു നിഴല്‍. മനസ്സില്‍ യേശുദാസിന്റെ പാട്ടുകളില്ല. കെ.എസ്. ജോര്‍ജ് പാടിയ നാടകഗാനങ്ങളില്ല. കെ.എസ്. സേതുമാധവനും തോപ്പില്‍ ഭാസിയും വയലാര്‍ രാമവര്‍മ്മയും ജി. ദേവരാജനുമില്ല. അവര്‍ മാത്രമല്ല, മറ്റു പലരും മനസ്സിലുണ്ടായിരുന്നു. തകഴിയും ഉറൂബും പൊറ്റെക്കാട്ടും പാറപ്പുറത്തുമൊക്കെ. എല്ലാവരും പോയി. പപ്പ ആരെയും ഓര്‍ക്കാതെയായി.

വഴിയില്‍ ബോധമറ്റു വീണുകിടക്കുന്ന പപ്പയെ ആരൊക്കെയോ എടുത്തുകൊണ്ടുവന്ന് ഉമ്മറത്തു കിടത്തും. മമ്മി തീര്‍ത്തും ബധിരനെന്നോണം കിടക്കുന്ന പപ്പയെ തെറികൊണ്ട് മൂടും. അത്തരം തെറിവാക്കുകളുടെ ഒരു രഹസ്യശബ്ദകോശം മമ്മി സൂക്ഷിച്ചിരുന്നുവെന്നത് എനിക്ക് പുതിയ അറിവായിരുന്നു. തെറി പറഞ്ഞുപറഞ്ഞ് മമ്മി ഒടുവില്‍ തളരും. നിശ്ശബ്ദയാവും.

ഒരു ദിവസം മമ്മിയുടെ തെറിവാക്കുകളിലൊന്ന് പപ്പയുടെ നേര്‍ക്ക് ഞാനും ചീറ്റി. അതുകേട്ട മമ്മി പുറംകാലുകൊണ്ട് ഒറ്റത്തൊഴി. ഞാന്‍ മലര്‍ന്നടിച്ചു വീണു.

''എടീ എരണം കെട്ടവളേ, എന്ധ്യാനിച്ചീ, നീ എന്നതാ ഈ പറഞ്ഞെ?''

ഞാന്‍ പിറകോട്ടു നിരങ്ങി മാറാന്‍ നോക്കി.

''മമ്മി പറയുന്നതല്ലേ?''

''ഈ മനുഷ്യന്‍ നിനക്കാരാ?''

ഞാന്‍ മമ്മിയുടെ ഒച്ച കേട്ടും മുഖത്തെ രൗദ്രത കണ്ടും ഭയന്നുപോയി.

''ഇനി ഒരിക്കലെങ്ങാനും നിന്റെ നാക്ക് ഇങ്ങേര്‍ക്കുനേരെ തിരിഞ്ഞാല്‍ തോലുരിയും ഞാന്‍. വായേല്‍ പിന്നെ നാക്കും കാണുകേല.''

മമ്മിയുടെ താക്കീതിന്റെ ഉഗ്രതയില്‍ ഞാന്‍ അപ്പാടെ വിളറി. അടിയുടുപ്പ് നനഞ്ഞു.

അതൊരു വെളിപാടായിരുന്നു. എനിക്കെന്റെ പപ്പയായ മനുഷ്യനെ ഒന്നും പറഞ്ഞുകൂടാ. എന്നാല്‍ മമ്മിക്ക് തന്റെ കെട്ടിയവനെ എന്തും പറയാം. ഇവര്‍ക്കിടയില്‍ എന്താണ്? ഞാന്‍ ഓര്‍ത്തു വിഷമിച്ചു. അതു വലിയ മനോവിഷമമായി. മമ്മി സദാ പ്രാകുമെങ്കിലും പപ്പയോട് ലവലേശം അനാദരവുകാട്ടാന്‍ എനിക്കെന്നല്ല മറ്റാര്‍ക്കും അവകാശമില്ല. ഇതൊന്നുമറിയാതെ പപ്പ വെളിവുകെട്ട് നടന്നു. വീണേടത്തുറങ്ങി. ശൂന്യതയുടെ ആഴങ്ങളിലേക്ക് ആണ്ടുപോയി.

മമ്മി പറയുമായിരുന്നു.

''അങ്ങേര് പോകണേനു മുമ്പേ ഞാന്‍ പോകല്ലേന്നൊരു അപേക്ഷയേ എനിക്കുള്ളൂ കര്‍ത്താവിനോട്.''

ഞങ്ങള്‍ മക്കള്‍ അമ്പരപ്പോടെ നോക്കുമ്പോള്‍ ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്ത് മമ്മി സ്വാഗതാഖ്യാനമെന്നോണം തുടരും.

''ഞാന്‍ പോയാല്‍ പിന്നെ അങ്ങേരെ ആരു നോക്കും? ആ മനുഷ്യനെ ആരു മനസ്സിലാക്കിയിട്ടുണ്ട്?''

മമ്മിയുടെ വ്യാകുലത ഒരുപക്ഷേ, മൂത്ത സന്തതിയായ എന്നെ മാത്രമാവും സ്പര്‍ശിച്ചിരിക്കുക. എന്റെ കണ്ണുകള്‍ ഞാന്‍ തന്നെയുമറിയാതെ എന്തിനോ ഈറനായി. കണ്ണുനീര് ഇറ്റിറ്റ് വീണു.

പെട്ടെന്നൊരു ദിവസം, സന്ധ്യയോടടുത്ത നേരത്ത് ബൈബിള്‍ വായിച്ചുകൊണ്ടിരിക്കെ മമ്മി ഒരു വശത്തേയ്ക്കു ചരിഞ്ഞു. ഞാന്‍ ഓടിച്ചെന്ന് താങ്ങിപ്പിടിച്ചു. മമ്മിയുടെ കൈകളില്‍നിന്നും ബൈബിള്‍ അതിനോടകം താഴെ പതിച്ചിരുന്നു. പരിഭ്രാന്തിയോടെ ഞാന്‍ പലവട്ടം വിളിച്ചെങ്കിലും മമ്മി അടഞ്ഞ കണ്ണുകള്‍ തുറക്കുകയോ വിളി കേള്‍ക്കുകയോ ചെയ്തില്ല. ഞാന്‍ നിര്‍ത്താതെ കരഞ്ഞു.

അടക്കത്തിന് പപ്പ വന്നില്ല. സെമിത്തേരിയില്‍ മറ്റാരൊക്കെയോ ഉണ്ടായിരുന്നു. മുമ്പേ മരിച്ചവരെല്ലാം ചേര്‍ന്ന് മമ്മിയെ വരവേറ്റു.

ഞാന്‍ വിതുമ്പിക്കൊണ്ട് വീട്ടിലെത്തി. ജയിനമ്മയും കുഞ്ഞുമോളും ടോമിയും പിറകെ. വീട്ടിന്നകമേ പപ്പ ബോധമില്ലാതെ കിടന്നു; ജഡം കണക്കെ. എന്നെ കൊണ്ടുപോയി കുഴിച്ചുമൂട് എന്നൊരു ഭാവത്തില്‍. എനിക്കു തോന്നിയത് ഒരു തൊഴി കൊടുക്കാനാണ്. ഞാനങ്ങനെ ചെയ്തപ്പോള്‍ ഒരു ഞരക്കം മാത്രം കേട്ടു. ഇല്ല, ചത്തിട്ടില്ല. എനിക്ക് എന്നോടുതന്നെ വെറുപ്പായി. ഞാന്‍ കണ്ണാടിക്കു മുന്നില്‍നിന്ന് എന്നെത്തന്നെ തല്ലി നോവിച്ചു. പക്ഷേ, ഒട്ടും നൊന്തില്ല.

പക്ഷേ, മമ്മി കര്‍ത്താവില്‍ നിദ്രപ്രാപിച്ചതില്‍ പിന്നീട് പപ്പ അങ്ങേയറ്റം ശാന്തനായി. ആരോടും കയര്‍ത്തില്ല. ഒരു തെറിപ്പദവും ഉരിയാടിയില്ല. വ്യഗ്രതയോടെ ഉഴറി. നിന്ന നില്‍പ്പില്‍ തൂറി. മൂത്രമൊഴുക്കി.

''മുടിഞ്ഞവളേ, പെഴച്ചവളേ'' മമ്മി സെമിത്തേരിയില്‍ കിടന്ന് കാറി. അത് എന്റെ നേര്‍ക്കായിരുന്നു.

പപ്പ ഇടയ്ക്കിടെ ചോദിച്ചു:

''ആ അറുവാണിച്ചി എവ്‌ടെ?''

കൊമ്പു കോര്‍ക്കാനാണ്. മരിച്ചു മണ്ണടിഞ്ഞതൊന്നും പപ്പയുടെ മനസ്സിലില്ല.

എപ്പോഴും പോരടിക്കുമെങ്കിലും എനിക്കുറപ്പുണ്ട്, അവര്‍ അന്യോന്യം സ്‌നേഹിച്ചിരുന്നുവെന്ന്. ഒരു വാക്കു കൊണ്ടോ ഒരു നോട്ടം കൊണ്ടോ ഒരു പുഞ്ചിരി കൊണ്ടോ വെളിപ്പെടുത്താത്ത സ്‌നേഹം. എന്നിട്ടും ബദ്ധവൈരികളെപ്പോലെ. പരസ്പരം അത്രയേറെ ശത്രുത ഭൂമിയില്‍ മറ്റാര്‍ക്കും കൊണ്ടുനടക്കാനാവില്ലെന്ന മട്ടില്‍. നിരന്തരമായി കൊണ്ടും കൊടുത്തും. അതിനിടയില്‍ പുതിയ തെറിവാക്കുകള്‍ പിറവികൊണ്ടു. അവ വീടാകെ മുഴങ്ങി. ഒപ്പം ഉഗ്രമായ ആട്ട്. കാറിത്തുപ്പലുകള്‍. പുലയാട്ടുകള്‍. വീടിന്റെ ഓടുകള്‍ പറന്നുപോകുമെന്നു തോന്നും ചിലപ്പോള്‍.

പക്ഷേ, മമ്മി കര്‍ത്താവില്‍ നിദ്രപ്രാപിച്ചതില്‍ പിന്നീട് പപ്പ അങ്ങേയറ്റം ശാന്തനായി. ആരോടും കയര്‍ത്തില്ല. ഒരു തെറിപ്പദവും ഉരിയാടിയില്ല. വ്യഗ്രതയോടെ ഉഴറി. നിന്ന നില്‍പ്പില്‍ തൂറി. മൂത്രമൊഴുക്കി.

ഒരു ദിവസം എന്നോടു ചോദിച്ചു:

''നീ ആരാ?''

ഞാന്‍ പപ്പയെ തുടച്ചു വെടിപ്പാക്കുകയായിരുന്നു.

''എന്നെ അറിഞ്ഞൂടേ?''

പപ്പ ഇല്ലെന്നു തലയാട്ടി.

''സാന്ദ്രയെന്ന പേര് ഓര്‍ക്കുന്നുണ്ടോ?''

''സാന്ദ്രയോ?''

''അതെ, സാന്ദ്ര.''

''ഇല്ല.''

''ഞാനാണ്.''

അങ്ങനെ പറഞ്ഞതില്‍നിന്ന് പപ്പയ്ക്ക് ബോദ്ധ്യമൊന്നുമുണ്ടായില്ല.

''അവളെന്തിയേ?''

''ആര്?''

''അവള്.''

''പോയില്ലേ?''

''എങ്ങോട്ട്?''

ഞാന്‍ ആകാശത്തിനു നേരെ കൈചൂണ്ടി. പപ്പ എന്തോ പിറുപിറുത്തു. എന്നെക്കൂടാതേയോ എന്നോ മറ്റോ. എന്നിട്ട് കസേരയില്‍ ചടഞ്ഞിരുന്ന് ഉറക്കം തൂങ്ങി.

ഉറങ്ങുമ്പോള്‍ പപ്പയുടെ ചുണ്ടുകളും നാവും രഹസ്യമായി മധുരം നുണയുന്നപോലെ ചലിച്ചു. പപ്പയ്ക്ക് മധുരത്തോട് ആസക്തിയായിരുന്നു. നേരെ മുന്നിലായി ഒരു ബേക്കറിയുണ്ട്; ദേവസ്സിയുടെ. ദേവസ്സിയോ അയാളുടെ കെട്ടിയോള്‍ പെണ്ണമ്മയോ ആണ് കടയിലുണ്ടാവുക. പപ്പ ചിലപ്പോള്‍ അങ്ങോട്ടേയ്ക്കു ചെല്ലും. മധുരപലഹാരങ്ങള്‍ കഴിച്ചതിന്റെ പറ്റ് ഞാന്‍ തീര്‍ക്കണം. അപ്പോഴൊക്കെയും എനിക്കു വല്ലാതെ കയ്ക്കും.

അടുക്കളയിലേക്കു പപ്പയുടെ ഒരു കടന്നുകയറ്റമുണ്ട്. കല്‍ക്കണ്ടമോ പഞ്ചസാരയോ ചക്ക വരട്ടിയതോ ജാമോ ഒക്കെ വാരിത്തിന്നും. രക്തത്തില്‍ പഞ്ചസാരയുടെ അളവ് എപ്പോഴും ഏറിയാണ്.

പപ്പയെ അടുക്കളയില്‍ ഒരു മോഷ്ടാവിനെപ്പോലെ കാണുമ്പോള്‍ എനിക്കു കലികയറും. വായില്‍ തോന്നുന്നതൊക്കെ ഞാന്‍ വിളിച്ചുപറയും. എന്നാലും കലിയടങ്ങില്ല. പപ്പ ഒരക്ഷരം മിണ്ടില്ല. എന്നെയോ മറ്റുള്ളവരേയോ മാത്രമല്ല, ഭാഷയും പപ്പ മറന്നു.

മുന്‍പ്, ഞാന്‍ കുട്ടിയായിരിക്കെ പപ്പ ചൊല്ലിക്കേള്‍പ്പിച്ച ഒരു കവിതയിലെ നാലു വരി ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്:

''ചെറുതെങ്കിലുമമ്പെഴുന്ന വാ

ക്കൊരുവന്നുത്സവമുള്ളിലേകിടും

ചെറുപുഞ്ചിരിതന്നെ ഭൂമിയെ

പ്പരമാനന്ദ നിവാസമാക്കിടും.''

ചെറുതും വലുതുമായ വാക്കുകളെല്ലാം പപ്പയുടെ മനസ്സില്‍നിന്നും അകന്നുപോയി. അതോ, പപ്പ അങ്ങനെ ഭാവിക്കുന്നതാണോ? എല്ലാം ഓര്‍ക്കുന്നുണ്ടോ? എനിക്കു സംശയം തോന്നിയിരുന്നു പലപ്പോഴും. പപ്പയെ കാണുമ്പോള്‍ തോന്നും ഒരു പ്രഹേളികയാണ് മുന്നിലെന്ന്. ഒടിഞ്ഞുതൂങ്ങിയ ഒരു മനുഷ്യന്‍. വൃദ്ധന്‍. പക്ഷേ, ഉള്ളില്‍ എന്തൊക്കെയോ കത്തുന്നുണ്ട്. ലോകത്തെ അതിവിദഗ്ദ്ധമായി കബളിപ്പിക്കുന്നു.

എന്റെ പപ്പ പള്ളിയില്‍ പോകാറില്ല.

പക്ഷേ, ഞാന്‍ പപ്പയെ പള്ളിയില്‍ കൊണ്ടുപോയി. പപ്പ അതറിയാത്ത പരുവത്തില്‍ ശവപ്പെട്ടിയിലായിരുന്നു.

ശവപ്പെട്ടിയില്‍ വസ്ത്രാലങ്കാരവിഭൂഷിതനായി നീണ്ടുനിവര്‍ന്നു കിടന്നു, കയ്യിലൊരു കുരിശുരൂപവും പിടിച്ച്. വളരെ ശാന്തമായ ഉറക്കം. ആരൊക്കെയോ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. പഴയ ശിഷ്യര്‍, മഠത്തിലെ കന്യാസ്ത്രീകള്‍, പൊതുപ്രവര്‍ത്തകര്‍, പരിചയക്കാര്‍. ചിലര്‍ ശവപ്പെട്ടിക്കരികെ നിന്ന് തൊഴുതു, ചിലര്‍ കുരിശുവരച്ചു. പപ്പ അശുദ്ധിയില്ലാതെ പൂക്കളുടെ സുഗന്ധത്തില്‍ കിടന്നു. ആ കിടപ്പു കണ്ട് എനിക്കു തന്നെയും അസൂയ തോന്നി.

ഇടവകയച്ചന്‍ ഒരുപാട് നല്ല വാക്കുകള്‍ പറഞ്ഞു. ഞാനവയ്ക്കു കാതുകൊടുത്തെങ്കിലും ഒന്നും കേട്ടില്ല. പക്ഷേ, പറയുന്നതത്രയും നല്ല വാക്കുകളാണെന്ന് ഉറപ്പുണ്ടായിരുന്നു. അന്നേരത്ത് ഗഹനമായ നിശ്ശബ്ദതയായിരുന്നു. നിശ്ശബ്ദതയില്‍ അച്ചന്റെ വാക്കുകള്‍ മുഴങ്ങി. വളരെ നല്ല വാക്കുകള്‍.

ഒടുവില്‍ സെമിത്തേരിയില്‍ അടക്കം കഴിഞ്ഞ് അതേ കുഴിമാടത്തിലുള്ള മമ്മിയോട് ഞാന്‍ പലരും കേള്‍ക്കെ പറഞ്ഞു:

''ദേ, കൊണ്ടുവന്ന് കെടത്തിയിട്ടുണ്ട്. തുടങ്ങിക്കോ പോര്.''.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ശ്യാം പ്രസാദ് എഴുതിയ കഥ: ലാന്‍ഡ്സ്കേപ്പ് ഇന്‍ ദി മിസ്റ്റ്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com