

2016ലെ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഇടത് തരംഗം ആഞ്ഞടിച്ചപ്പോള്‍ യുഡിഎഫിന് ആശ്വാസം നല്‍കി കൂടെനിന്ന ഒരേയൊരു മണ്ഡലമാണ് വടക്കാഞ്ചേരി. അതും 43വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തില്‍. ഇത്തവണ എല്‍ഡിഎഫിനും യുഡിഎഫിനും വടക്കാഞ്ചേരിയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിക്ക് എതിരെ കേസ് കൊടുത്ത അനില്‍ അക്കരയെ നിയമസഭ കാണിക്കരുത് എന്നത് വാശിയായി എടുത്തിരിക്കുകയാണ് സിപിഎം. എന്നാല്‍ സിപിഎമ്മിനെ വെള്ളം കുടിപ്പിച്ച അനിലിനെ ഇത്തവണ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചെടുക്കാനാണ് യുഡിഎഫ് ശ്രമം. സേവ്യര്‍ ചിറ്റിലപ്പിള്ളി എന്ന പുതുമുഖത്തെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ലൈഫ് മിഷനില്‍ വിടാതെ പിടിച്ച്് പ്രചാരണം നടത്തുന്ന ബിജെപി രംഗത്തിറക്കിയിരിക്കുന്നത് ടി എസ് ഉല്ലാസ് ബാബുവിനെ.
ലൈഫ് മിഷന്‍ എന്ന ഭൂതം
രണ്ടുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയ അഭിമാന നിമിഷത്തില്‍ പിണറായി സര്‍ക്കാര്‍ നില്‍ക്കുമ്പോഴാണ് സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ അനില്‍ അക്കര ലൈഫ് മിഷന്‍ വിവാദം എന്ന ഭൂതത്തെ തുറന്നുവിട്ടത്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ നിന്നാണ് വിവാദം ആരംഭിച്ചത്.
സ്വപ്‌നയുടെ അക്കൗണ്ടില്‍ കണ്ട ഒരു തുകയുടെ ഉറവിടം ലൈഫ് മിഷനുവേണ്ടി റെഡ് ക്രെസെന്റ് നിര്‍മിച്ചു നല്‍കാനുദ്ദേശിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ കരാറുമായി ബന്ധപ്പെട്ട് അവര്‍ക്ക് ലഭിച്ച കൈക്കൂലിയാണ് എന്നായിരുന്നു ആ മൊഴി.
ഇത് ഏറ്റെടുത്ത അനില്‍ അക്കര, ലൈഫ് മിഷനില്‍ തിരിമറി ഉണ്ടെന്ന് ആരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഇതിന് പിന്നാലെ സര്‍ക്കാരും അനിലും തമ്മില്‍ വാദപ്രതിവാദങ്ങളുടെ ഘോഷയാത്ര ആരംഭിച്ചു.
അനില്‍ അക്കര തുറന്നുവിട്ട ലൈഫ് മിഷന്‍ ഭൂതം കേരളമാകെ പടര്‍ന്നുപിടിച്ചു. ഭരണ, പ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ വാക്‌പോരുകള്‍ പതിവായി. സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ അഴിമതിയായി പ്രതിപക്ഷം ലൈഫ് മിഷന്‍ ക്രമക്കേട് കേസ് ഉയര്‍ത്തിക്കാട്ടി. പാവപ്പെട്ടവര്‍ക്കായ് വീട് വെച്ച് നല്‍കുന്ന പദ്ധതി തകര്‍ക്കനായി അനില്‍ അക്കര ശ്രമിക്കുന്നു എന്ന് സിപിഎം ക്യാമ്പുകള്‍ ശക്തമായ പ്രതിരോധം തീര്‍ത്തു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടും എന്ന എം എം ഹസ്സന്റെ പ്രസ്താവനയിലേക്ക് വരെ കാര്യങ്ങളെത്തി.
അനില്‍ അക്കരയുടെ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എത്തിയപ്പോള്‍/ഫെയ്‌സ്ബുക്ക്
കയറിക്കിടിക്കാന്‍ ഒരു വീടെന്ന സാധാരണക്കാരന്റെ സ്വപ്‌നം അനില്‍ അക്കര തകര്‍ക്കാന്‍ നോക്കി എന്ന പ്രചാരണമാണ് വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫ് അഴിച്ചുവിടുന്നത്. അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന യുഡിഎഫ്, പാവപ്പെട്ടവര്‍ക്കുള്ള ഭവന പദ്ധതിയില്‍ പോലും അഴിമതി കാണിച്ചവരാണ് എല്‍ഡിഎഫ് എന്ന് ആരോപിക്കുന്നു. ഇതില്‍ ഏത് പ്രചാരണമാണ് ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കുക എന്ന് കാത്തിരുന്ന് കാണണം.
43വോട്ടിന് ഇക്കരെ വീണ അക്കര
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വെറും 43വോട്ടിനാണ് അനില്‍ അക്കര നിയമസഭയിലെത്തിയത്. സിപിഎമ്മിന്റെ മേരി തോമസ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. മേരി പിടിച്ചത് 65,492വോട്ട്. അക്കര നേടിയത് 65,535വോട്ട്. ബിജെപിയുടെ ടി എസ് ഉല്ലാസ് ബാബു 26,652വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി.
പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമാണ് വടക്കാഞ്ചേരി. 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിജയിച്ചതിന് ശേഷം പിന്നീട് ചെങ്കൊടി ഉയരുന്നത് 1970ല്‍. വീണ്ടും വര്‍ഷങ്ങളുടെ കാത്തിരിപ്പ്. എ സി മൊയ്ദീന്‍ 2006ല്‍ വീണ്ടും മണ്ഡലം ചുവപ്പിച്ചു. 2011ല്‍ സി എന്‍ ബാലകൃഷ്ണന്‍ വടക്കാഞ്ചേരിയെ കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചു.
സി എന്‍ ബാലകൃഷണന്‍ ജയിക്കുമ്പോള്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം 6,685വോട്ടായിരുന്നു. എന്നാല്‍ അനില്‍ അക്കരയെത്തിയപ്പോള്‍ കോണ്‍ഗ്രസ് വോട്ട് നില ദയനീയമായി താഴേക്ക് പോയി. തോല്‍വിയോളം ചെന്നെത്തിയ ഒരു ജയം. ഇത്തവണ ഭൂരിപക്ഷം ഉയര്‍ത്തുക എന്നത് അനില്‍ അക്കരയ്ക്ക് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ വിട്ടുകൊടുക്കാനാവില്ല എന്ന ഉറച്ച വാശിയിലാണ് എല്‍ഡിഎഫ്.
സേവ്യര്‍ ചിറ്റിലപ്പിള്ളി പ്രചാരണത്തില്‍/ഫെയ്‌സ്ബുക്ക്
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പുതുമുഖമാണെങ്കിലും തൃശൂരില്‍ പുതുമുഖമല്ല സേവ്യര്‍ ചിറ്റിലപ്പിള്ളി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം. നേരത്തെ, എസ്എഫ്‌ഐ,ഡിവൈഎംഫ്‌ഐ സമരമുഖങ്ങളിലെ സ്ഥിരം സാന്നിധ്യം. മേരി തോമസ് ഉഴുതുമറിച്ചിട്ട നിലത്തില്‍ ഇത്തവണ വിജയം കൊയ്യാനാകുമെന്ന് തറപ്പിച്ച് പറയുന്നു എല്‍ഡിഎഫ്.
കഴിഞ്ഞ തവണ മത്സരിച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ടി എസ് ഉല്ലാസ് ബാബുവിനെ തന്നെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.ലൈഫ് മിഷന്‍ കേസ് കേരളത്തിലെമ്പാടും പ്രചാരണ വിഷയമാക്കി എടുത്തിരിക്കുന്ന ബിജെപി, വടക്കാഞ്ചേരിയില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates