

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമിട്ട് ഏഴ് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കൂടുതല്‍ പോളിങ് രോഖപ്പെടുത്തിയത് എറണാകുളത്ത്. 50.83ശതമാനം പോളിങാണ് ഇവിടെ രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്- 44.50 ശതമാനം. കൊല്ലം - 48.43%, പത്തനംതിട്ട - 46.99%, ആലപ്പുഴ - 50.44%, കോട്ടയം - 48.36%, ഇടുക്കി - 46.79% എന്നിങ്ങനെയാണ് നിലവില്‍ മറ്റു ജില്ലകളിലെ പോളിങ് നില.
രാവിലെ ഏഴ് മണിക്ക് തന്നെ സുരേഷ് ഗോപി എംപിയും കുടുംബവും തിരുവനന്തപുരത്തെ ശാസ്തമംഗലം സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറവൂരിലും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പത്തനംതിട്ടയിലും വോട്ട് രേഖപ്പെടുത്തി. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ജവഹര്‍ നഗര്‍ എല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി സംസ്‌കൃത കോളജിലെ ബൂത്തില്‍ വോട്ട് ചെയ്തു,
മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം ഫോര്‍ട്ട് സ്‌കൂളിലും മന്ത്രി വീണാ ജോര്‍ജും അമ്മയും സഹോദരിയും പത്തനംതിട്ട കുമ്പഴ എംഡിഎല്‍പി സ്‌കൂളിലും മന്ത്രി പി. പ്രസാദ് നൂറനാട് സിബിഎം സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. വി.എസ്.അച്യുതാനന്ദന്റെ ഭാര്യ വസുമതി, മകന്‍ വി. എ അരുണ്‍കുമാര്‍ എന്നിവര്‍ പുന്നപ്ര വടക്ക് താലോലം ബഡ്സ് സ്‌കൂളില്‍ വോട്ട് ചെയ്തു. ശുചിമുറിയില്‍ വീണ് കാലിനു പൊട്ടിയ മുന്‍ മന്ത്രി ജി. സുധാകരന്‍ വാക്കര്‍ ഉപയോഗിച്ച് പറവൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. നടന്‍ വിജയരാഘവനും കുടുംബവും ഒളശ്ശ സിഎംഎസ് ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി,
അതേസമയം തിരുവനന്തപുരം കോര്‍പറേഷനില്‍ വിഴിഞ്ഞം വാര്‍ഡിലെയും എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡിലെയും ഇന്നത്തെ വോട്ടെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് രണ്ടിടത്തും വോട്ടെടുപ്പ് മാറ്റിവച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ മറ്റന്നാളത്തെ വോട്ടെടുപ്പും സ്ഥാനാര്‍ഥിയുടെ മരണം മൂലം മാറ്റിവച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രണ്ടാം ഘട്ടം നടക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മറ്റന്നാളാണ് വോട്ടെടുപ്പ്. 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ് സമയം. വൈകിട്ട് ആറിനകം എത്തുന്നവരെ ടോക്കണ്‍ നല്‍കി ആറിനു ശേഷവും വോട്ടു ചെയ്യാന്‍ അനുവദിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates