ഗറില്ലാവഴികള്‍ തേടിപ്പോയ ഷൈന അന്നും ഉല്‍ക്കണ്ഠപ്പെട്ടിരുന്നത് വരിക്കപ്ലാവിലെ ചക്കയേയും ചക്കരമാവിലെ മാങ്ങയേയും കുറിച്ചായിരുന്നു

സി.പി.ഐ നേതാക്കളായ കാനം രാജേന്ദ്രനും, ബിനോയ് വിശ്വവുമാണ് ഈ വിവാഹമാമാങ്കത്തിലെ താര രാജാക്കന്മാര്‍
ഗറില്ലാവഴികള്‍ തേടിപ്പോയ ഷൈന അന്നും ഉല്‍ക്കണ്ഠപ്പെട്ടിരുന്നത് വരിക്കപ്ലാവിലെ ചക്കയേയും ചക്കരമാവിലെ മാങ്ങയേയും കുറിച്ചായിരുന്നു

മാവോയിസ്റ്റ് നേതാക്കളായ രൂപേഷ്, ഷൈന ദമ്പതികളുടെ മകള്‍ ആമിയുടെ വിവാഹ വിപ്ലവം ഏറെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
'ഈ വിവാഹത്തില്‍ പങ്കെടുക്കുക എന്നത് ഒരു വിപ്ലവപ്രവര്‍ത്തനമാണ്' എന്നാണ് ഷൈന പ്രഖ്യാപിച്ചത്. അങ്ങനെ കേരളത്തിലെ തിരുത്തല്‍വാദ മൂരാച്ചികളെ വിപ്ലവത്തിന്റെ വഴിയിലേക്ക് 'ജ്ഞാനസ്‌നാനം' ചെയ്യിക്കാന്‍ ഷൈനക്ക് സാധിച്ചിരിക്കുന്നു. (സി.പി.ഐ നേതാക്കളായ കാനം രാജേന്ദ്രനും, ബിനോയ് വിശ്വവുമാണ് ഈ വിവാഹമാമാങ്കത്തിലെ താര രാജാക്കന്മാര്‍).

1964ല്‍ തിരുത്തല്‍വാദ ചെളികുണ്ടിലേക്ക് നിപതിച്ചവരെ എത്ര എളുപ്പത്തിലാണ് ഷൈന വിപ്ലവപാതയിലേക്ക് കൈപിടിച്ചുയര്‍ത്തിയിരിക്കുന്നത്? സ്വന്തം രാഷ്ട്രീയ തിരിച്ചറിവില്‍നിന്ന് മാവോയിസ്റ്റ് വിപ്ലവപാതയിലേക്ക് കടന്നുചെല്ലാന്‍ കഴിയാതിരുന്ന ഈ ധീരവിപ്ലവ വനിതയെ ഇവിടുത്തെ ഭരണകൂടം മാവോയിസ്റ്റാക്കി മാറ്റുകയായിരുന്നുവെന്ന് ഷൈന മുന്‍പേ പ്രഖ്യാപിച്ചതാണ്. (നിങ്ങളെന്നെ മാവോയിസ്റ്റാക്കിയെന്ന മാധ്യമം വാരികയില്‍ വന്ന ലേഖനം പരിശോധിക്കുക).

മാധ്യമം വാരികയില്‍ നീണ്ട ലേഖനം എഴുതി രഹസ്യപ്രവര്‍ത്തനത്തിന്റെ ഗറില്ലാവഴികള്‍ തേടിപോയ ഈ വിപ്ലവകാരി അന്നും ഉല്‍ക്കണ്ഠപ്പെട്ടിരുന്നത് തന്റെ വീട്ടുമുറ്റത്തെ വരിക്കപ്ലാവിലെ ചക്കയും, ചക്കരമാവിലെ മാങ്ങയെകുറിച്ചുമായിരുന്നു. ഇത്തരക്കാരുടെ വിപ്ലവ അവബോധം തന്നെയാണ് വിവാഹ വിപ്ലവവും അരങ്ങേറിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിവാഹ പങ്കാളിത്തം തീര്‍ച്ചയായും ഷൈനക്ക് മഹത്തായ ഒരു വിപ്ലവ പ്രവര്‍ത്തനം തന്നെയാണ്. അത് തിരിച്ചറിഞ്ഞിട്ടാകാം മറ്റ് മാവോയിസ്റ്റ് വിപ്ലവകാരികള്‍ ഈ മാമാങ്കത്തില്‍ പങ്കാളികളായത്. 

ജവഹര്‍ലാല്‍ നെഹ്‌റു ജയിലില്‍വെച്ച് ഇന്ദിരാ ഗാന്ധിക്ക് എഴുതിയ കത്തിനെ അനുസ്മരിപ്പിക്കും വിധം രൂപേഷ് ജയിലില്‍നിന്നും മകള്‍ക്ക് അയച്ച കത്ത് അടുത്തകാലത്ത് വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കുകയുണ്ടായി. കത്തില്‍ പറയുന്നത് ആമി ഗര്‍ഭസ്ഥശിശുവായിരുന്ന ഘട്ടത്തില്‍ ഷൈന വിപ്ലവ പ്രവര്‍ത്തനത്തിന്റെ കനല്‍വഴികള്‍ താണ്ടി മലമുകളില്‍നിന്നും മലമുകളിലേക്കുള്ള പ്രയാണത്തിലായിരുന്നു. ഇതെല്ലാം ഗര്‍ഭപാത്രത്തിലിരുന്ന് അനുഭവിച്ചറിഞ്ഞ ആമി അമ്മയെപ്പോലെ വിപ്ലവത്തിന്റെ വഴികള്‍ തെരഞ്ഞെടുക്കുകയായിരുന്നു എന്നാണ്. 
തീര്‍ച്ചയായും രൂപേഷ് പറഞ്ഞതുപോലെ വിപ്ലവ രാഷ്ട്രീയത്തെക്കുറിച്ചുള്ള ആ ഉത്തമ ബോധ്യത്തോടെ ആയിരിക്കണം ഈ വിവാഹ വിപ്ലവ പരിപാടികളും കൊണ്ടാടിയത്. 

മാവോയിസ്റ്റ് വിപ്ലവ രാഷ്ട്രീയം യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടവര്‍ സ്വന്തം ജീവിതത്തെ എങ്ങനെയാണ് രൂപപ്പെടുത്തിയത് എന്നതിന് നമുക്കു മുന്‍പില്‍ ഒട്ടെറെ ഉദാഹരണങ്ങള്‍ ഉണ്ട്. 'വില്യം ബ്ലാക്ക് എന്ന ഇംഗ്ലീഷ് കവി എഴുതിയതുപോലെ ഒരു വിപ്ലവകാരിക്ക് തന്റെ വിപ്ലവ ജീവിതം തുടര്‍ന്നുകൊണ്ടുപോകണമെങ്കില്‍ അയാളുടെ ജീവിതത്തിലെ വിലപ്പെട്ടതെല്ലാം നഷ്ടപ്പെടുത്തേണ്ടി വരും.'

കേരളത്തിലും ഇന്ത്യയിലും ലോകത്തെമ്പാടും വിപ്ലവകാരികള്‍ സ്വന്തം ജീവന്‍ തന്നെ ബലികൊടുത്തു കൊണ്ടാണ് വിപ്ലവ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോയത്. ഇന്നും ആയിരക്കണക്കിന് മാവോയിസ്റ്റ് വിപ്ലവകാരികള്‍ തടവറകള്‍ക്കുള്ളില്‍ കടുത്ത പീഡനവും, അസ്വാതന്ത്ര്യവും അനുഭവിക്കുമ്പോഴും അതെല്ലാം സന്തോഷപൂര്‍വ്വം ഏറ്റുവാങ്ങുന്നത് തങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്ന വിപ്ലവ ബോധ്യങ്ങളുടെ കരുത്തിലാണ്. എന്നാല്‍, നമ്മുടെ ചില 'ന്യൂജെന്‍ മാവോയിസ്റ്റുകള്‍ക്ക്' ഇതെല്ലാം വെറും തമാശ മാത്രം. 
അതുകൊണ്ടു തന്നെയായിരിക്കണം മാവോയിസ്റ്റ് വിപ്ലവകാരികളായ കുപ്പു ദേവരാജിനേയും, അജിതയേയും സി.പി. ജലീലിനേയും വെടിവെച്ചുകൊന്ന ഭരണകൂടപിണിയാളന്മാരെ തന്നെ ഈ വിവാഹ വിപ്ലവത്തിന്റെ കാര്‍മ്മികത്വത്തിന് ക്ഷണിച്ചത്. ഇത്തരം കോമാളിത്തങ്ങള്‍ കാട്ടിക്കൂട്ടാന്‍ ഷൈനയെ പോലുള്ള 'ന്യൂജെന്‍' മാവോയിസ്റ്റുകള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് സാധ്യമാവുക. 

സി.പി. ജലീല്‍ കൊല്ലപ്പെട്ടപ്പോള്‍ ഭരണകൂടം വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും മാവോയിസ്റ്റുകള്‍ ആയുധം താഴെ വെക്കാമെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാര സാധ്യത ഉണ്ടാക്കണമെന്നും രൂപേഷ് പരസ്യമായി പ്രസ്താവന നടത്തുകയുണ്ടായി. ഇത് മാവോയിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവെന്ന നിലയിലാണ് പറയുന്നതെന്നും രൂപേഷ് വ്യക്തമാക്കുകയുണ്ടായി.

യഥാര്‍ത്ഥത്തില്‍ ഭരണകൂടത്തോട് യുദ്ധം പ്രഖ്യാപിച്ച ഒരു വിപ്ലവപാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയേയും സംഘടനാ രീതിയെക്കുറിച്ചും പ്രാഥമിക ധാരണയുള്ള ഒരാള്‍ പോലും ഇത്തരം അസംബന്ധം വിളിച്ചുകൂവുകയില്ല. സാധാരണഗതിയില്‍ വിപ്ലവ പാര്‍ട്ടിയുടെ ഏത് ഉന്നത ഘടകത്തില്‍ പ്രവര്‍ത്തിക്കുന്ന ആളായാലും പൊലീസ് പിടിയിലകപ്പെട്ടാല്‍ അയാള്‍ക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം പോലും ഔദ്യോഗികമായി നിലനില്‍ക്കുകയില്ല. പിന്നെങ്ങനെയാണ് രൂപേഷിന് സംഘടനയുടെ ഔദ്യോഗിക വക്താവായി ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കാന്‍ കഴിയുക. ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കാന്‍ സി.പി.ഐ മാവോയിസ്റ്റ് സംഘടന രൂപേഷിനെ ചുമതലപ്പെടുത്തിയിട്ടില്ല എന്നതും ഒരു വസ്തുതയാണ്. 

കേരളത്തില്‍നിന്ന് മാവോയിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത സമിതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു സഖാവ് ദീര്‍ഘകാലമായി ഇന്ത്യന്‍ തടവറയ്ക്കുള്ളിലാണ്. അദ്ദേഹം ഇന്നേവരെ പേരിനും പ്രശസ്തിക്കും വേണ്ടി മാധ്യമങ്ങളെ കൂട്ടുപിടിക്കുകയോ, സ്വയം അവരോധിച്ച് ജനങ്ങള്‍ക്കു മുന്‍പില്‍ തന്റെ വിപ്ലവപരിവേഷം ഉയര്‍ത്തി കാട്ടാനോ ശ്രമിച്ചിട്ടില്ല എന്ന കാര്യം കൂട്ടിവായിക്കുമ്പോഴാണ് മേല്‍സൂചിപ്പിച്ച തരം ആളുകളുടെ കോമാളിത്തം നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ അപഹാസ്യമായി തീരുന്നത്. 

മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റെയും ഷൈനയുടെയും വിവാഹ ചടങ്ങില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
 

വിപ്ലവകാരികളെ സംബന്ധിച്ചിടത്തോളം വിവാഹമെന്നത് ആഘോഷമാക്കി മാറ്റാനുള്ള ഒരേര്‍പ്പാടല്ല. സമൂഹത്തില്‍ പലരും സ്വന്തം പൊങ്ങച്ചം പ്രകടിപ്പിക്കുന്നതിനായി ആര്‍ഭാട വിവാഹങ്ങള്‍ നടത്തുമ്പോള്‍ അതിനെ വിമര്‍ശിക്കുകയും അതെല്ലാം ബൂര്‍ഷ്വാ കെട്ടുകാഴ്ചകളാണെന്ന് ഉറക്കെ പറയുകയും ചെയ്യുന്നവരുമാണ് കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍. അത്തരം വിവാഹങ്ങള്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശങ്ങള്‍ എന്താണെന്ന തിരിച്ചറിവാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ വിപ്ലവകാരികളെ പ്രേരിപ്പിക്കുന്നത്. വിപ്ലവ വഴിയില്‍നിന്നും ഫണ്ടിംഗ് രാഷ്ട്രീയത്തിന്റെ വഴി തേടി ജീവിതം സുരക്ഷിതമാക്കിയ വിപ്ലവ നായികമാരും കാര്‍മ്മികത്വം വഹിച്ച ഈ പരിപാടി സൂചിപ്പിക്കുന്നത് ഇവരുടെ വഴിയും അങ്ങോട്ടേക്കാണെന്നാണ്. 

വിപ്ലവകാരികളെ വെടിവെച്ചുകൊന്ന ഭരണകൂട നടപടികള്‍ക്കൊപ്പം നിന്നവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ (അടിയന്തരാവസ്ഥയില്‍ കൊല്ലപ്പെട്ട രാജന്റേയും വിജയന്റേയും ഘാതകര്‍) വിവാഹ വിപ്ലവം ആഘോഷമാക്കി മാറ്റുന്നവരും അതില്‍ പങ്കാളികളാകുന്നവരും ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം എന്തെന്നുകൂടി പരിശോധിക്കുന്നത് നന്നായിരിക്കും. 

രൂപേഷിന്റെ വെടിനിര്‍ത്തല്‍ പ്രസ്താവനയും കേരളത്തില്‍ ജനകീയ യുദ്ധത്തിന് മുഹൂര്‍ത്തം കുറിച്ച് വിവരം ഭരണകൂടത്തിന് ഒറ്റികൊടുത്ത അറുപിന്തിരിപ്പനായ വിപ്ലവ കാരണവരും ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാരോടൊപ്പം ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന തിരുത്തല്‍വാദികളായ അഭിനവ വിപ്ലവകാരികളും ഒത്തുചേര്‍ന്ന് പൊടിപൂരമാക്കിയ വിവാഹ വിപ്ലവത്തിന് 'നമോവാകം' അര്‍പ്പിക്കട്ടെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com