വൈറസിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവരുത്; സി രവീന്ദ്രനാഥ് എഴുതുന്നു

വൈറസിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവരുത്; സി രവീന്ദ്രനാഥ് എഴുതുന്നു
സി രവീന്ദ്രനാഥ് (ഫയല്‍)
സി രവീന്ദ്രനാഥ് (ഫയല്‍)

വൈറസ് സൂക്ഷ്മ ജീവലോകത്തെ ഒരു പ്രധാന ജീവിയാണ്. വൈറസും ഫംഗസും ബാക്ടീരിയയുമാണ് ഈ ലോകത്തെ സമ്പന്നമാക്കുന്നത്. ജൈവലോകത്ത് നാലു തരം ജീവികളാണ് ഉള്ളത്. 1. സസ്യങ്ങള്‍, 2. സസ്യഭുക്കുകള്‍, 3. മാംസ-മിശ്രഭുക്കുകള്‍, 4. മൃതഭുക്കുകള്‍. ഈ നാല് വിഭാഗങ്ങളാണ് ജൈവലോകത്തിന്റെ സന്തുലനം നിലനിര്‍ത്തുന്നത്. ജൈവലോകത്തിന്റെ സന്തുലനത്തിലൂടെയാണ് പ്രകൃതി സന്തുലനവും നിലനില്‍ക്കുന്നത്. ഒന്നാമത്തെ വിഭാഗമായ സസ്യങ്ങളാണ് സൂര്യപ്രകാശത്തേയും ജലതന്മാത്രയേയും ഉപയോഗിച്ച് ഭക്ഷണം ഉല്പാദിപ്പിക്കുന്നത്. നിര്‍മ്മിക്കപ്പെട്ട ഭക്ഷണം ജൈവലോകത്തേക്ക് മുഴുവന്‍ എത്തിക്കാന്‍ സസ്യങ്ങള്‍ക്കു കഴിയില്ല. അതുകൊണ്ട് ആ ധര്‍മ്മം രണ്ട് മൂന്ന് വിഭാഗങ്ങള്‍ ഏറ്റെടുക്കുന്നു. സസ്യങ്ങളെ സസ്യഭുക്കുകള്‍ ഭക്ഷിക്കും. സസ്യഭുക്കുകളെ മാംസഭുക്കുകള്‍ ഭക്ഷിക്കും. അങ്ങനെ ജൈവലോകത്ത് ഭക്ഷണമെത്തും. തുടര്‍ന്ന് ഈ മൂന്നു വിഭാഗങ്ങളുടെ മരണമുണ്ടാകുമ്പോള്‍ അവയെയെല്ലാം വിഭജിച്ച് വിവിധ പ്രകൃതിഘടകങ്ങളെ മണ്ണിലും വിണ്ണിലും എത്തിച്ച് സൈക്കിള്‍ പൂര്‍ത്തിയാക്കുന്നത് മൃതഭോജികളാണ്. ഈ വിഭാഗത്തിലാണ് കഴുകനും പരുന്തും അടക്കമുള്ള സൂക്ഷ്മജീവികളും ഉള്‍പ്പെടുന്നത്. ചുരുക്കത്തില്‍ എല്ലാത്തരം ജീവികളും ചേര്‍ന്നാണ് സന്തുലനം നിലനിര്‍ത്തുന്നത്. പ്രകൃതിയുടെ സൂക്ഷ്മഭാവം സന്തുലനമാണ്. വനവും പുഴകളും അരുവികളും കടലും എല്ലാം സന്തുലനത്തിനുവേണ്ടി പ്രകൃതിയൊരുക്കിയ മാധ്യമങ്ങളാണ്. പ്രകൃതിയുടെ സൂക്ഷ്മകേന്ദ്രമായ സന്തുലനം നിലനിര്‍ത്താന്‍ ശ്രമിക്കുക എന്നതു മാത്രമാണ് ഓരോ ജീവിയുടേയും സസ്യത്തിന്റേയും കടമ.
ഈ ശാസ്ത്രാശയം ഉള്‍ക്കൊള്ളുന്ന ഒരു ജീവി മാത്രമേ ഭൂമുഖത്തുള്ളൂ. അത് മനുഷ്യനാണ്, മറ്റൊരു ജീവിക്കും ഇതറിയില്ല. പക്ഷേ, എല്ലാ ജീവികളും വൈവിധ്യം സംരക്ഷിക്കുവാന്‍ ജീവിക്കുമ്പോള്‍ മനുഷ്യന്‍ മാത്രം അത് തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. പ്രകൃതി ഒരിക്കലും നിര്‍മ്മിക്കാത്തതും മനുഷ്യന്‍ നിര്‍മ്മിച്ചതുമായ പണം എന്ന സങ്കല്പം സ്വായത്തമാക്കുന്നതിനുവേണ്ടിയാണ് തെറ്റായ ഈ ശ്രമം നടത്തുന്നത്. പണത്തിനുവേണ്ടി സന്തുലനത്തെ ബലികൊടുക്കുന്ന മനുഷ്യന്‍ ദുരിതങ്ങള്‍ ഏറ്റുവാങ്ങുകയാണ്. പക്ഷേ, ഒന്നോര്‍ക്കണം. മനുഷ്യനു സന്തുലനം തെറ്റിക്കാന്‍ സാധിക്കുകയില്ല. മനുഷ്യവര്‍ഗ്ഗത്തെ തന്നെ ഭൂമിയില്‍നിന്ന് ഉന്മൂലനം ചെയ്തുകൊണ്ടായാല്‍ പോലും സന്തുലനം നിലനിര്‍ത്താന്‍ പ്രകൃതി ശ്രമിക്കും. അതുകൊണ്ടാണ് സന്തുലനം തെറ്റിക്കാന്‍ മനുഷ്യന്‍ ശ്രമിക്കുമ്പോഴെല്ലാം പ്രകൃതി തിരിച്ചടിച്ചിട്ടുള്ളത്. സന്തുലനം നിലനിര്‍ത്തികൊണ്ടു മാത്രമേ സ്വസ്ഥജീവിതം നിലനിര്‍ത്താന്‍ ജീവിവര്‍ഗ്ഗത്തിനു കഴിയൂ. അതുകൊണ്ടുതന്നെ ആത്യന്തികമായ പ്രതിരോധം പ്രകൃതി സന്തുലനം നിലനിര്‍ത്താന്‍ ശ്രമിക്കുക എന്നതാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, പ്രകൃതിയോടടുത്ത് നില്‍ക്കുക.
അന്തരീക്ഷ മലിനീകരണം, താപ വര്‍ദ്ധനവ്, ഓസോണ്‍ പാളികളിലെ വിള്ളല്‍, ജലമലിനീകരണം, അമിത ജഛജ ഉപയോഗം (വിഭജിക്കപ്പെടാത്ത രാസവസ്തു- ജലൃശെേെലി േഛൃഴമിശര ജീഹഹൗമേി)േ, രാസവസ്തുവിന്റെ അമിത ഉപയോഗം തുടങ്ങിയ പ്രക്രിയയിലൂടെ ജൈവജീവിതം ബുദ്ധിമുട്ടിലാക്കി എന്നതാണ് അടിസ്ഥാന പ്രശ്‌നം. ബുദ്ധിമുട്ടിലാകുന്ന ജൈവ ജീവിതം സുഖപ്രദമാക്കാന്‍ ജൈവവസ്തു സ്വയം ശ്രമിക്കും എന്നത് നിലനില്‍പ്പിനുവേണ്ടിയുള്ള പ്രകൃതിയുടെ തന്നെ പോരാട്ടമാണ്. ആ പോരാട്ടത്തിലെ അവസാന വഴിയാണ് ജൈവഘടന മാറ്റുക എന്നത്. അതാണ് മ്യൂട്ടേഷന്റെ ഒരു സിദ്ധാന്തം. കൊറോണ വൈറസ് പണ്ടേ നിലനിന്നിരുന്ന വൈറസാണ്. പക്ഷേ, മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ട് അതിന്റെ നിലനില്‍പ്പ് ഭീഷണിയിലായപ്പോള്‍ രൂപവും ഭാവവും മാറിയതാണ് നോവല്‍ കൊറോണ (കൊവിഡ് 19). ഈ രൂപ-ഭാവ മാറ്റം മനുഷ്യശരീരത്തിനു പരിചയമില്ലാത്തതാണ് എന്നതിനാല്‍ അതിനെ പ്രതിരോധിക്കാന്‍ ശരീരത്തിനു ബുദ്ധിമുട്ടായി. ഇതാണ് മഹാമാരിയുടെ അടിത്തറ. പരിചയമില്ലാത്ത ഒരു വൈറസ് ശ്വാസനാള ശ്വാസകോശ ഭാഗങ്ങളേയും ബാധിക്കുമ്പോള്‍ അത് മാരകമാകുന്നു. ചെറുക്കുവാന്‍ ശരീരത്തിനു പരിചിതമായ മാര്‍ഗ്ഗങ്ങളില്ല.
ഈ പുതിയ (മാറ്റംവന്ന) വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിനോ മരുന്നോ കണ്ടുപിടിക്കണം. പ്രതിരോധിക്കാനുള്ള പ്രധാന വഴി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതും വൈറസ് ശരീരത്തിനകത്തേയ്ക്ക് എത്തുകയില്ല എന്ന് ഉറപ്പാക്കുന്നതുമാണ്. വാക്‌സിനും മരുന്നും കണ്ടുപിടിക്കാന്‍ ശാസ്ത്രലോകം കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ നാം വിജയിക്കും എന്നുറപ്പാണ്.
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ നാം സ്വയം തയ്യാറാകണം. ജീവിതശൈലീമാറ്റത്തിലൂടെ അതു സാധ്യമാക്കാം. ശരീരത്തെ ദുര്‍ബ്ബലമാക്കുന്ന ജീവിതരീതി ഉപേക്ഷിക്കണം. പ്രകൃതിയോടടുത്ത ഭക്ഷണം ശീലമാക്കുന്ന ഭക്ഷണശൈലി. പ്രകൃതിയോടിണങ്ങിനില്‍ക്കുന്ന വ്യായാമ ചിന്താശൈലികള്‍, വ്യക്തിജീവിതത്തിലെ ശുദ്ധി, ശുചിത്വം, മദ്യം, മയക്കുമരുന്ന് ഉപയോഗം നിര്‍ത്തുക, ശുചിത്വമുള്ള പരിസരം, മലിനീകരണം ഇല്ലാതാക്കുന്ന സാമൂഹിക ജീവിതശൈലി, വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംസ്‌കാരം എന്നിവ ശീലിക്കണം.
ഇതിനുവേണ്ടിയെല്ലാം ശ്രമിക്കുമ്പോള്‍ത്തന്നെ ഈ കാലഘട്ടത്തിലെ നിത്യ ജീവിതത്തില്‍ മൂന്നു കാര്യങ്ങള്‍ പ്രത്യേകം ഓര്‍ക്കണം.

സാമൂഹിക അകലം പാലിക്കുക
കൊറോണ വൈറസ് ശരീരത്തില്‍നിന്നു പുറത്തുവരുന്നത് സ്രവങ്ങള്‍ വഴിയാണ്. തുമ്മുമ്പോള്‍, തുപ്പുമ്പോള്‍, ചുമക്കുമ്പോള്‍ പുറത്തുവരുന്ന ലക്ഷക്കണക്കിനു ജലകണികകളില്‍ വൈറസ് ഉണ്ടാകും. ഈ ജലകണങ്ങള്‍ നമ്മുടെ മുഖത്ത് വീണാല്‍ ശരീരത്തിലേക്ക് കൊറോണ വൈറസ് കടക്കും. രോഗം ഉറപ്പ്. അതുകൊണ്ട് ഒരാള്‍ തുമ്മിയാല്‍പ്പോലും ആ സ്രവം നമ്മുടെ ശരീരത്തില്‍ എത്തരുത് എന്ന് ഓരോരുത്തരും ഉറപ്പാക്കണം. അതിനുള്ള വഴി രണ്ട് മീറ്ററെങ്കിലും അകന്നു നില്‍ക്കുക എന്നതാണ്. ഈ ദൂരത്തില്‍ മാത്രമേ പൊതു ഇടങ്ങളില്‍ മറ്റൊരാള്‍ വരികയുള്ളൂ എന്ന് ഉറപ്പാക്കിയാല്‍ വൈറസിനെ ഒരു പരിധിവരെ തടയാം. സാമൂഹിക അകലം പരമാവധി പാലിക്കുന്നത് ഏറ്റവും നല്ല പ്രതിരോധമാണ്.
അകന്നു നിന്നാല്‍പ്പോലും വൈറസുള്ള ജലകണിക വായിലേക്കും മൂക്കിലേക്കും എത്തരുത് എന്ന് ഉറപ്പാക്കണം. അതുപോലെ നമ്മള്‍ തുമ്മിയാലും ചുമച്ചാലും സ്രവം മറ്റൊരാളുടെ വായിലെത്തരുത് എന്നും ഉറപ്പുവരുത്തണം. അതിനു വേണ്ടിയാണ് വായും മൂക്കും മൂടുന്ന ഡബ്ബിള്‍ ലെയറെങ്കിലും ഉള്ള മാസ്‌ക് ധരിക്കുന്നത്. മനുഷ്യന്റേയും വൈറസിന്റേയും ഇടക്കുള്ള രക്ഷാകവചമാണ് മാസ്‌ക്.

സോപ്പ്, സാനിറ്റൈസര്‍ ഉപയോഗം  
ഇതിലേറ്റവും പ്രധാനം സോപ്പാണ്. എങ്ങനെ എന്നു കാണാം. നോവല്‍ കൊറോണ വൈറസിനെ നശിപ്പിക്കുന്ന രാസവസ്തു സോപ്പാണ്. എങ്ങനെ എന്നു കാണാം. നോവല്‍ കൊറോണ വൈറസ് സ്വയം നിര്‍മ്മിത നാനോ വസ്തുവാണ്. പരസ്പരം ശക്തമായ ബന്ധമില്ലാത്ത (കോവലന്റ് ബോണ്ടു പോലുമില്ലാത്ത) മൂന്ന് ലെയറുകളാണ് വൈറസിന്റെ ഘടന. ഉള്ളില്‍ Rebo Nucloic Acid (RNA)  ഉം അതിനു പുറത്ത് പ്രോട്ടീനും അതിനെ പൊതിഞ്ഞ് ലിപിഡും (lipid) ആണ് വൈറസ് ഘടന. ഈ വൈറസ് ഒരു സെല്ലിലെത്തി അതിനെ നശിപ്പിച്ച് അടുത്ത സെല്ലിലേക്ക് നീങ്ങും. ഇങ്ങനെയാണ് രോഗം മൂര്‍ച്ഛിക്കുന്നത്. തുമ്മലിലൂടെ വൈറസ് പുറത്തുവന്നാല്‍ പലവിധത്തിലും നമ്മുടെ കൈകളിലെത്തും. കൈപ്പത്തിയുടെ ഇരുവശങ്ങളിലും നൂറുകണക്കിനു സൂക്ഷ്മജീവികളുണ്ട്. പക്ഷേ, അവയില്‍ മിക്കതിലും പുറംതോടില്‍ ലിപിഡ് അല്ല. കൊറോണയില്‍ ലിപിഡ് കവര്‍ ഉണ്ട്. ഇത് ഫാറ്റ് ലിങ്ക്ഡ് ആണ്. സോപ്പ് സോഡിയം, സോള്‍ട് ഓഫ് ഫാറ്റി ആസിഡ് ആണ്. സോപ്പിനൊരു വെള്ളത്തെ ഇഷ്ടപ്പെടുന്ന ഒരു വശവും (hydro Phylic) ഫാറ്റിനെ ഇഷ്ടപ്പെടുന്നൊരു വശവും ഉണ്ട്. (elophilic) വെള്ളത്തെ ഇഷ്ടപ്പെടുന്ന വശം വെള്ളത്തിലും ഫാറ്റിനെ ഇഷ്ടപ്പെടുന്നത് വൈറസിന്റെ ഫാറ്റ് ഭാഗത്തിലും (lipid) ചേര്‍ന്നുനിന്ന് ലിപിഡ് ഭാഗത്തെ മറ്റു രണ്ട് ഭാഗങ്ങളില്‍നിന്നും (RNA & Protein) അടര്‍ത്തിക്കൊണ്ട് വൈറസിനെ ശരീര ചര്‍മ്മത്തില്‍നിന്നും സോപ്പ് നിഷ്‌കാസനം ചെയ്യുന്നു. ചുരുക്കത്തില്‍ വൈറസ് രൂപം മാറി സോപ്പ് പതയിലേക്ക് വരുന്നു. പത വെള്ളമുപയോഗിച്ച് കഴുകുമ്പോള്‍ ചത്ത വൈറസ് പതയോടൊപ്പം പുറത്തുപോകുന്നു. കൈ ശുദ്ധമാകുന്നു.
സാനിറ്റൈസര്‍ മറ്റൊരു രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ ചുരുങ്ങിയത് 60 ശതമാനം എങ്കിലും ആല്‍ക്കഹോള്‍ ഉണ്ടാകണം. ആല്‍ക്കഹോള്‍ വൈറസിന്റെ ലിപിഡ് ഭാഗത്തെ ലയിപ്പിക്കും. അതോടെ മൂന്ന് ഭാഗങ്ങളിലൊന്ന് വേര്‍പെടുകയും വൈറസ്
നശിക്കുകയും ചെയ്യും. പക്ഷേ, സോപ്പ് പടരുന്നതുപോലെ എല്ലാ ഭാഗങ്ങളിലും പടരാനും പതയിലൂടെ കഴുകിക്കളയാനും പറ്റില്ല. അതുകൊണ്ട് സോപ്പാണ് കൂടുതല്‍ ഉപയോഗിക്കേണ്ടത്.
അതുകൊണ്ടുതന്നെ സാധാരണ ജലംകൊണ്ട് എത്രതന്നെ കഴുകിയാലും കൊറോണ വൈറസിന്റെ ലിപിഡ് ഭാഗത്തെ പൊട്ടിക്കാന്‍ കഴിയില്ല. കയ്യില്‍നിന്നും കൊറോണ വൈറസ് പൂര്‍ണ്ണമായും പോകില്ല. വൈറസിന്റേയും ബാക്ടീരിയയുടേയും ഘടനയനുസരിച്ചാണ് കഴുകുവാനുപയോഗിക്കുന്ന വസ്തു തിരഞ്ഞെടുക്കേണ്ടത്.

സ്രവം പങ്കുവെക്കരുത് കൊറോണയെ തടയാം
രണ്ട് മീറ്റര്‍ അകലം പാലിച്ചും നല്ല പുതിയ മാസ്‌ക് ധരിച്ചും ഈ ലക്ഷ്യം നേടാം. ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.
ഉപയോഗ വസ്തുക്കള്‍ പങ്കുവെക്കരുത്. പ്ലെയ്റ്റ്, ഗ്ലാസ്സ്, സ്പൂണ്‍, തലയിണ, തോര്‍ത്തുമുണ്ട്, മൊബൈല്‍ ഫോണ്‍, പേന, പെന്‍സില്‍ തുടങ്ങിയവ. സ്രവം ഈ ഉപയോഗ വസ്തുക്കളില്‍ പറ്റിപ്പിടിച്ചിരിക്കും. അതു കൈമാറ്റം ചെയ്യപ്പെടും. എല്ലാം സോപ്പ് ഉപയോഗിച്ച് കഴുകി മാത്രം സ്വയം തുടര്‍ന്നുപയോഗിക്കണം. പങ്കുവെക്കുകയേ അരുത്.
ഒത്തുചേര്‍ന്നു കളിക്കരുത്. സ്രവം പലവിധത്തിലും പങ്കുവെക്കപ്പെടും.
വളരെ അടുത്തിരുന്ന് ഭക്ഷണം കഴിക്കരുത്. കഴിക്കുമ്പോള്‍ത്തന്നെ ഉറക്കെ ചിരിക്കരുത്. സംസാരിക്കരുത്. ഭക്ഷണത്തിലേക്ക് സ്രവം വീഴും. ഏറ്റവും അപകടമാണിത്.
വീട്ടിലാണെങ്കില്‍പ്പോലും അടുത്തിരുന്നു സംസാരിക്കുമ്പോള്‍ മാസ്‌ക് ധരിക്കുക.
വീടിനു പുറത്ത് ഉപയോഗിച്ച ചെരിപ്പ് അകത്ത് ഉപയോഗിക്കരുത്. യാത്രകള്‍ പരമാവധി ഒഴിവാക്കുക. വീട്ടില്‍ത്തന്നെ കഴിയുക.
പുറം യാത്ര കഴിഞ്ഞാല്‍ നല്ലതുപോലെ സോപ്പിട്ട് കുളിച്ചശേഷം വീട്ടില്‍ പെരുമാറുക.
വീട്, കട, ഓഫീസ് എന്നിവിടങ്ങളിലേക്ക് കയറുമ്പോള്‍ മാത്രമല്ല, ഇറങ്ങുമ്പോഴും സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈ കഴുകുക. കടയില്‍നിന്നു ലഭിക്കാന്‍ സാധ്യതയുള്ള വൈറസിനെ കഴുകി കളയണം എന്നര്‍ത്ഥം. വീട്ടിലേക്ക് വൈറസിനെ കൂട്ടിക്കൊണ്ടു പോകരുത്.
സമ്പര്‍ക്ക വ്യാപനം വര്‍ദ്ധിച്ചുവരുന്ന ഘട്ടത്തില്‍ ഈ കാര്യങ്ങള്‍ നല്ലതുപോലെ ശ്രദ്ധിച്ചാല്‍ വ്യാപനത്തെ തടയാം. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതോടൊപ്പം പ്രകൃതിസന്തുലനത്തെ നിലനിര്‍ത്താന്‍ കഴിയുന്ന ജീവിതസംസ്‌കാരം രൂപപ്പെടുത്താനുള്ള മനസ്സിന്റെ കൂട്ടായ്മ വികസിപ്പിക്കുക. അകലുമ്പോഴും അടുക്കാവുന്നത് മനസ്സു മാത്രമാണ്. അകന്നുനിന്നു സൃഷ്ടിക്കുന്ന മനസ്സിന്റെ അഭേദ്യമായ ബന്ധങ്ങള്‍ നാളെയുടെ മഹാമാരിയെ തടയുവാന്‍ ആശയമുല്പാദിപ്പിക്കുന്ന കൂട്ടായ്മയാകണം.

(സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും അധ്യാപകനുമാണ് ലേഖകന്‍)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com