മുനീര്‍ പോയിട്ട്, നമ്മുടെ മുല്ല-മുസ്ല്യാര്‍-മൗലവിപ്പടയാകമാനം രംഗത്തിറങ്ങിയാലും സ്ത്രീകളെ ഇനി പിന്തിരിപ്പിക്കാനാവില്ല

അങ്ങനെയിരിക്കെ ഒരു നാള്‍ സാത്താന്റെ പ്രേരണയാല്‍ ആ യുവമിഥുനങ്ങള്‍ ദൈവം തങ്ങള്‍ക്കു വിലക്കിയ ജ്ഞാനവൃക്ഷത്തിന്റെ പഴം ഭക്ഷിച്ചു. അതോടെ പൊടുന്നനെ അവര്‍ക്ക് തിരിച്ചറിവ് കൈവന്നു
മുനീര്‍ പോയിട്ട്, നമ്മുടെ മുല്ല-മുസ്ല്യാര്‍-മൗലവിപ്പടയാകമാനം രംഗത്തിറങ്ങിയാലും സ്ത്രീകളെ ഇനി പിന്തിരിപ്പിക്കാനാവില്ല

സെമിറ്റിക് പുരാണങ്ങളിലെ ദൈവം മനുഷ്യനെ ഉള്ളാലെ ഭയന്നിരുന്നു. സര്‍വ്വശക്തനെന്നു സ്വയം ഘോഷിക്കുമ്പോഴും ശക്തിയുടേയും ത്രാണിയുടേയും ബൗദ്ധിക കരുത്തിന്റേയും കാര്യത്തില്‍ ഒരുനാള്‍ മനുഷ്യന്‍ തന്നെ മറികടന്നേക്കുമോ എന്ന ഭീതി ദൈവത്തെ അലട്ടിയിരുന്നു. അതുകൊണ്ട് ആദാമിനും ഹവ്വയ്ക്കും അവന്‍ ജ്ഞാനവൃക്ഷത്തിന്റെ കനി വിലക്കി. ഫലമോ, തിരിച്ചറിവ് എന്ന ഗുണവിശേഷമില്ലാത്ത ആദം-ഹവ്വമാര്‍ ഏദന്‍ തോട്ടത്തില്‍ സമ്പൂര്‍ണ്ണ നഗ്‌നരായി ജീവിച്ചുപോന്നു.

അങ്ങനെയിരിക്കെ ഒരു നാള്‍ സാത്താന്റെ പ്രേരണയാല്‍ ആ യുവമിഥുനങ്ങള്‍ ദൈവം തങ്ങള്‍ക്കു വിലക്കിയ ജ്ഞാനവൃക്ഷത്തിന്റെ പഴം ഭക്ഷിച്ചു. അതോടെ പൊടുന്നനെ അവര്‍ക്ക് തിരിച്ചറിവ് കൈവന്നു. തങ്ങള്‍ നഗ്‌നരാണെന്നു തോന്നിയ നിമിഷം ആദാമും ഹവ്വയും മരച്ചില്ലകളില്‍നിന്നു ഇലകള്‍ പറിച്ച് തങ്ങളുടെ നഗ്‌നത മറച്ചു. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒന്നാന്തരം ജെന്‍ഡര്‍ ന്യൂട്രല്‍ ഡ്രെസ്സ് (ലിംഗനിരപേക്ഷ വസ്ത്രം)! സെമിറ്റിക് ഗണത്തില്‍പ്പെടുന്നതും അബ്രഹാമിക് മതങ്ങള്‍ എന്നറിയപ്പെടുന്നതുമായ ജൂത-ക്രൈസ്തവ-ഇസ്ലാം മതങ്ങളില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ആദിമ മാതാപിതാക്കള്‍ ആദാമും ഹവ്വയുമാണ്.

ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രം ധരിച്ചു നടന്ന ആദം-ഹവ്വമാരുടെ സന്തതിപരമ്പരയില്‍പ്പെട്ട ചിലര്‍ 21-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തില്‍ ഇങ്ങ് കേരളത്തില്‍ ലിംഗനിരപേക്ഷ വസ്ത്രത്തിനെതിരെ അങ്കത്തട്ടിലിറങ്ങിയിരിക്കുന്നു. ആണും പെണ്ണും ലിംഗ പരിഗണനയില്ലാതെ ഒരേതരം വസ്ത്രമണിയുന്നത് കടുത്ത മതനിഷേധമാണെന്നത്രേ അവര്‍ പറയുന്നത്. 14 വര്‍ഷം മുന്‍പ് ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുണ്ടായിരുന്ന സാമൂഹ്യശാസ്ത്ര പുസ്തകത്തില്‍ 'മതമില്ലാത്ത ജീവന്‍' എന്ന പാഠശകലം ചേര്‍ത്ത് വിദ്യാര്‍ത്ഥികളെ മതനിരാസത്തിലേക്ക് നയിക്കാന്‍ നോക്കിയ അതേ ശക്തികള്‍ തന്നെയാണ് ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന പുതിയൊരു മതനിഷേധ പ്രോത്സാഹന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത് എന്നവര്‍ ആരോപിക്കുകയും ചെയ്യുന്നു.

ആ വിഷയത്തിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാതെ മറ്റു ചില കാര്യങ്ങള്‍ പറയട്ടെ. കാലവും സമൂഹവും മുന്നോട്ട് പോകുന്നതിനനുസരിച്ച് മനുഷ്യന്റെ കാഴ്ചപ്പാടുകളിലും വിശ്വാസങ്ങളിലും ആചാരങ്ങളിലും ആഹാരശീലങ്ങളിലും വസ്ത്രധാരണരീതിയിലുമൊക്കെ മന്ദഗതിയിലാണെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചു പോന്നിട്ടുണ്ട്. മാറ്റങ്ങളെ അതികഠിനമായി എതിര്‍ത്ത ഒരു വിഭാഗവും അത്ര വലിയ എതിര്‍പ്പില്ലാതെ അവയെ ഉള്‍ക്കൊള്ളാന്‍ തയ്യാറായ മറ്റൊരു വിഭാഗവും എല്ലാ കാലയളവുകളിലും ഉണ്ടായിട്ടുണ്ടെന്നു പറയാം. ആദ്യത്തെ വിഭാഗം യാഥാസ്ഥിതികരായും രണ്ടാമത്തെ വിഭാഗം പുരോഗമനാശയക്കാരുമായി അടയാളപ്പെടുത്തപ്പെട്ടു.

ഈ പ്രവണത ഇപ്പോഴും തുടരുന്നു. മതത്തിലും തത്ത്വശാസ്ത്രത്തിലും രാഷ്ട്രീയത്തിലും കലാസാഹിത്യാദികളിലുമൊക്കെ യാഥാസ്ഥിതിക വിഭാഗങ്ങളും പുരോഗമന വിഭാഗങ്ങളും വര്‍ത്തമാനകാലത്തും വളരെ സജീവമാണ്. അതുപോലെ വസ്ത്രധാരണ സമ്പ്രദായത്തെ മതവുമായി ബന്ധപ്പെടുത്തി പ്രതിലോമപരമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിഭാഗങ്ങള്‍ക്കു സമൂഹത്തില്‍ ശക്തമായ സാന്നിധ്യമുണ്ട്. പുതിയ കാലത്ത് വസ്ത്രശൈലികളില്‍ അതിദ്രുതം സംഭവിക്കുന്ന മാറ്റങ്ങളെ, പ്രത്യേകിച്ച് ലിംഗനിരപേക്ഷ വസ്ത്രരീതികളെ മതത്തിനു നേരെയുള്ള കടന്നാക്രമണമായി അത്തരക്കാര്‍ വിലയിരുത്തുന്നു.

നിലവാരം കുറഞ്ഞ പ്രസ്താവന

അമ്മട്ടിലുള്ള വിലയിരുത്തലിന്റെ മികച്ച ഉദാഹരണമായിരുന്നു ജൂലൈ 31-ന് കോഴിക്കോട്ട് നടന്ന എം.എസ്.എഫ് സമ്മേളനത്തില്‍ ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍. മുസ്ലിം ലീഗിന്റെ പുരോഗമനമുഖമായി പൊതുവെ പ്രകീര്‍ത്തിക്കപ്പെടുന്ന മുനീറിനെപ്പോലുള്ള ഒരു രാഷ്ട്രീയ വ്യക്തിത്വത്തില്‍നിന്നു പ്രതീക്ഷിക്കാന്‍ പറ്റാത്തവിധം നിലവാരം കുറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ നിരീക്ഷണങ്ങള്‍ എന്നു പറയാതെ വയ്യ. ആണും പെണ്ണും സമാനമായ വസ്ത്രരീതി അവലംബിക്കുന്നത് മതനിരാസത്തിന് തുല്യമാണെന്ന അപക്വവീക്ഷണത്തില്‍ ലീഗ് നേതാവ് അടിവരയിടുകയുണ്ടായി.

എന്നേക്കാള്‍ കൂടുതല്‍ വിദേശ രാഷ്ട്രങ്ങള്‍, വിശിഷ്യാ പാശ്ചാത്യ രാഷ്ട്രങ്ങളും സിങ്കപ്പൂരും കൊറിയയും തായ്ലന്റും പോലുള്ള ദക്ഷിണ പൗരസ്ത്യ ഏഷ്യന്‍ രാഷ്ട്രങ്ങളും സന്ദര്‍ശിച്ചിരിക്കാനിടയുള്ളയാളാണ് മുനീര്‍. അനേകം ദശകങ്ങളായി ഇച്ചൊന്ന ദേശങ്ങളിലെ ജനങ്ങളില്‍ വന്‍ഭൂരിപക്ഷം ധരിച്ചുപോരുന്നത് ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങളാണ്. പാന്റ്‌സും ഷര്‍ട്ടുമിട്ട് നടക്കുന്ന സ്ത്രീകള്‍ ആ രാജ്യങ്ങളില്‍ ഒരു പുതുമയേ അല്ല. എന്തിന്, ഇന്ത്യയിലെത്തന്നെ പ്രമുഖ കോസ്മോപൊളിറ്റന്‍ നഗരങ്ങളായ മുംബൈയിലും ഡല്‍ഹിയിലും കൊല്‍ക്കത്തയിലും ബെംഗളുരുവിലും ചെന്നൈയിലുമൊക്കെ ഏറെക്കാലമായി അതാണ് സ്ഥിതി. മതത്തെ നിഷേധിക്കുന്നതിന്റേയല്ല, തങ്ങള്‍ക്ക് സൗകര്യപ്രദമെന്നു തോന്നുന്ന വസ്ത്രം അണിയാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ പ്രയോഗിച്ചു തുടങ്ങിയതിന്റെ ഫലമായാണ് ഇത് സംഭവിച്ചത്.

ഇത്തരം വസ്ത്രശൈലീമാറ്റം അരങ്ങേറിയ രാഷ്ട്രങ്ങളിലൊന്നും മതങ്ങളും യാഥാസ്ഥിതിക മനഃസ്ഥിതിക്കാരും കുറ്റിയറ്റു പോയിട്ടില്ല. പക്ഷേ, പഴയ മതഗ്രന്ഥങ്ങള്‍ നിവര്‍ത്തിവെച്ചും ആധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തിയും ആ മാറ്റങ്ങളെയൊന്നും തടയാനാവില്ല എന്ന് അനുഭവങ്ങളിലൂടെ യാഥാസ്ഥിതികര്‍ മനസ്സിലാക്കിയിട്ടുണ്ട്. ഏറെക്കാലമായി മേല്‍ച്ചൊന്ന രാഷ്ട്രങ്ങളിലും ഇന്ത്യയിലെത്തന്നെ വന്‍ നഗരങ്ങളിലും യുവതികളില്‍ മിക്കവരും നടക്കുന്നത് പാന്റ്‌സിട്ടല്ല, അതിനേക്കാള്‍ വളരെ ഇറക്കം കുറഞ്ഞ ഷോര്‍ട്‌സിട്ടാണ്. അത്തരക്കാര്‍ എല്ലാ സമുദായങ്ങളിലുമുണ്ട്. മുനീറിനെപ്പോലുള്ളവരുടെ കണ്ണില്‍ സ്ത്രീകള്‍ ഷോര്‍ട്‌സിട്ട് നടക്കുന്നതും വെറു ലങ്കോട്ടി (ലോയ്ന്‍ക്ലോത്ത്) മാത്രം ധരിച്ച് ബീച്ചുകളില്‍ ഉലാത്തുന്നതും മതവിരുദ്ധമായിരിക്കാം. പക്ഷേ, മുനീര്‍ പോയിട്ട് നമ്മുടെ മുല്ല-മുസ്ല്യാര്‍-മൗലവിപ്പടയാകമാനം സര്‍വ്വായുധ സന്നാഹത്തോടെ രംഗത്തിറങ്ങിയാലും ആ വേഷവിധാനത്തില്‍നിന്നു സ്ത്രീകളെ ഇനി പിന്തിരിപ്പിക്കാനാവില്ല. ആദ്യഘട്ടത്തില്‍ ഒരു ചെറിയ പരിധിവരെ മാറ്റങ്ങളെ ചെറുക്കാന്‍ കഴിഞ്ഞേക്കും. ഒരു ഘട്ടം കഴിഞ്ഞാല്‍ യാഥാസ്ഥിതിക സൈന്യത്തിന് ആയുധം വെച്ച് കീഴടങ്ങാനേ സാധിക്കൂ. ഏതു വലിയ മതപുരോഹിതനും ഒഴുക്കിനൊത്ത് നീന്തുകയല്ലാതെ നിവൃത്തിയുണ്ടാകില്ല. അതാണ് ചരിത്രം നല്‍കുന്ന പാഠം.

ഈ വലിയ പാഠം ഏതാനും വര്‍ഷങ്ങളായി ഉള്‍ക്കൊണ്ടുപോരുന്ന രാഷ്ട്രമാണ്, ഒരുകാലത്ത് മതയാഥാസ്ഥിതികത്വത്തിന്റെ ഉരുക്കുകോട്ടയായി അറിയപ്പെട്ട സൗദി അറേബ്യ. മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന കിരീടാവകാശിയുടെ പുരോഗാമിത്വം എന്നതിലേറെ സൗദിയിലെ പെണ്‍സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വീക്ഷണപരമായ കുഴമറിച്ചിലുകളുടെ പ്രതിഫലനമാണ് അഭൂതപൂര്‍വ്വമായ ഈ മാറ്റം. ആണ്‍കോയ്മാ ഇസ്ലാമിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധനസ്ഥരാക്കപ്പെട്ട പെണ്‍പ്രജ ആ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ വെമ്പുകയും മുന്നിട്ടിറങ്ങുകയും ചെയ്യുമ്പോള്‍ പഴയ മതസിംഹങ്ങളും പുരോഹിതമുഖ്യരും പ്രതിരോധിക്കാനാകാതെ നിസ്സഹായരായി മാറുകയാണ്. ആ നിസ്സഹായത മുതലെടുക്കുകയത്രേ സല്‍മാന്‍ രാജകുമാരന്‍ ചെയ്യുന്നത്.

ഏതാനും വര്‍ഷം മുന്‍പ് വരെ സ്ത്രീകള്‍ വാഹനമോടിക്കുന്നതും സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതും കണ്ണൊഴികെയുള്ള മറ്റെല്ലാ ഭാഗങ്ങളും മറയ്ക്കുംവിധമുള്ള പര്‍ദ ധരിക്കാതേയും പുരുഷ രക്ഷകര്‍ത്താവിന്റെ കൂടെയല്ലാതേയും ഗൃഹാങ്കണത്തിനു വെളിയില്‍ പോകുന്നതും സ്ത്രീ-പുരുഷ സങ്കലനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതുമെല്ലാം സൗദി അറേബ്യയില്‍ മതവിരുദ്ധവും ശിക്ഷാര്‍ഹവുമായിരുന്നു. ഇപ്പോഴോ? എല്ലാം ശീഘ്രഗതിയില്‍ പഴങ്കഥകളായി മാറിക്കൊണ്ടിരിക്കുന്നു. സ്ത്രീകളുടെ വസ്ത്രസംബന്ധ വിഷയമുള്‍പ്പെടെ പല വിഷയങ്ങളിലും പുരുഷ നിയന്ത്രിത മതങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്കുകളുടെ പഴയ കാലത്തേയ്ക്ക് ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ല തന്നെ.

എം.എസ്.എഫ് സമ്മേളനത്തില്‍ 'മതം, മാര്‍ക്‌സിസം, നിരീശ്വരര്‍' എന്ന വിഷയം മുന്‍നിര്‍ത്തി സംസാരിച്ച ഡോ. മുനീറിന് സദസ്സിലെ ചിന്താജാഗ്രത കുറഞ്ഞവരില്‍നിന്നു കയ്യടി കിട്ടിയെന്നത് ശരിയാണ്. അത് പക്ഷേ, തന്റെ ദുര്‍ബ്ബലമായ വാദമുഖങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം തെറ്റിദ്ധരിക്കരുത്. 

എം.എസ്.എഫിലെത്തന്നെ ചിന്താശേഷിയും വായനാശീലവുമുള്ള പെണ്‍കുട്ടികളോട് അദ്ദേഹം ആശയവിനിമയം നടത്തണം. ലിംഗനിരപേക്ഷ വസ്ത്രത്തോട് അവര്‍ക്കുള്ള ആഭിമുഖ്യം അപ്പോള്‍ തിരിച്ചറിയാനാകും. തന്റെ പ്രസംഗത്തില്‍ മാര്‍ക്‌സിനെ അധിക്ഷേപിച്ച മുനീര്‍ മാര്‍ക്‌സിന്റെ ആ പ്രസിദ്ധ വാക്യം കൂട്ടത്തില്‍ ഓര്‍ക്കുന്നതും നന്ന്: ''ലോകത്തില്‍ മാറ്റമില്ലാത്തതായി ഒന്നേയുള്ളൂ; എല്ലാം മാറിക്കൊണ്ടിരിക്കുന്നു എന്ന സത്യമാണത്.'' മാറ്റത്തെ ആര്‍ക്കും ഒരു ശക്തിക്കും പിടിച്ചുകെട്ടാനാവില്ല, ഡോ. മുനീര്‍.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com