പ്രണയ വഴിയില്‍ പറന്നു വന്ന രഹസ്യം

ക്രൂഷ്‌ചേവ് - ചരിത്രം നിര്‍മിച്ചത് അയാളാണ്; ഞാനതിനെ കുറച്ചു നേരത്തേക്കു മുഖാമുഖം കണ്ടുവെന്നു മാത്രം
പ്രണയ വഴിയില്‍ പറന്നു വന്ന രഹസ്യം

തിവുപോലെ പാര്‍ട്ടി ഓഫിസില്‍ കാമുകിയെ കാണാനെത്തിയതായിരുന്നു വിക്ടര്‍. പോളിഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ എഡ്വാര്‍ഡ് ഓച്ചബിന്റെ സെക്രട്ടറിയാണ് ലൂസിയ; രാജ്യത്തെ ഉപപ്രധാനമന്ത്രിയുടെ ഭാര്യയും. ഭര്‍ത്താവുമായി അത്ര രസത്തിലല്ല, തമ്മില്‍ കണ്ടിട്ടു തന്നെ കാലം കുറേയായി. വിക്ടറുമായുള്ള ബന്ധം പാര്‍ട്ടിക്കാര്‍ക്കൊക്കെ അറിയാം, അതത്ര വലിയ ചര്‍ച്ചാ വിഷയമൊന്നുമല്ല. വിക്ടര്‍ ആണെങ്കില്‍ അടിയുറച്ച പാര്‍ട്ടിക്കാരനും.

രണ്ടാം ലോകയുദ്ധം കഴിഞ്ഞ് വീട്ടുകാരെല്ലാം ഇസ്രായേലിലേക്കു കുടിയേറിയപ്പോഴും പോളണ്ടില്‍ തുടരുകയായിരുന്നു, വിക്ടര്‍. ഹോളോകോസ്റ്റില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരാണ്. ഭീകര ദിനങ്ങളുടെ ഓര്‍മകളെപ്പോലും മായ്ചുകളയാന്‍ വാഗ്ദത്ത ഭൂമിയാണ് നല്ലതെന്ന് അവര്‍ക്കു തോന്നിക്കാണണം. വിക്ടറിനേയും ഒരുപാട് നിര്‍ബന്ധിച്ചതാണ്. പോയില്ല. സ്റ്റാലിന്റെ നേതൃത്വത്തില്‍ തൊഴിലാളി സര്‍വാധിപത്യ ലോകം വരുമെന്നും അതിനായി തന്നാലാവുംവിധമെല്ലാം പ്രവര്‍ത്തിക്കണമെന്നുമായിരുന്നു വിക്ടറിന്. സോവിയറ്റ് യൂണിയനിലെയും കമ്യൂണിസ്റ്റ് ബ്ലോക്കിലെയും സംഭവ വികാസങ്ങള്‍ അണുവിടാതെ പിന്തുടര്‍ന്നിരുന്ന അയാള്‍ക്കു പക്ഷേ, പതുക്കെപ്പതുക്കെ സ്വന്തം തീരുമാനത്തില്‍ ഖേദം തോന്നിത്തുടങ്ങിയിരുന്നു. പോളിഷ് വാര്‍ത്താ ഏജന്‍സിയിലെ , സോവിയറ്റ് കിഴക്കന്‍ യൂറോപ്യന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സീനിയര്‍ എഡിറ്റര്‍ ആയിരുന്നു വിക്ടര്‍ ഗ്രയേവ്‌സ്‌കി. 

ലൂസിയയുടെ മേശപ്പുറത്ത് ചുവന്ന കടലാസില്‍ പൊതിഞ്ഞു വച്ച തടിച്ച ഫയല്‍ കണ്ട് വിക്ടര്‍ ചോദിച്ചു: 
'അതെന്താണ്?'
അതീവ രഹസ്യം എന്ന് അതിന്റെ പുറംചട്ടയില്‍ തന്നെ എഴുതിവച്ചിരുന്നു.
'ഓ, അതാ ക്രുഷ്‌ചേവിന്റെ പ്രസംഗമാണ്' - ലൂസിയ അലസമായി പറഞ്ഞു.
വിക്ടറിന്റെ ഉള്ളില്‍ ഒരു വെള്ളിടി വെട്ടി. 

ക്രൂഷ്‌ചേവിന്റെ പ്രസംഗം.
സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി നികിത ക്രുഷ്‌ചേവ് നടത്തിയ പ്രസംഗം. രാജ്യാന്തര രാഷ്ട്രീയത്തിലെ ഹോട്ട് ടോപിക് ആയിരുന്നു അത്; കമ്യൂണിസ്റ്റ് ബ്ലോക്കിലെ ഏറ്റവും വലിയ രഹസ്യവും. നേരിട്ടു കേട്ടവര്‍ അതിനെക്കുറിച്ച് കാര്യമായൊന്നും പുറത്തു പറഞ്ഞില്ല; വായിച്ചവരായി, പടിഞ്ഞാറന്‍ ചാര സംഘടനകള്‍ ആവുംവിധമെല്ലാം ശ്രമിച്ചിട്ടും ഒരാളെപ്പോലും കണ്ടെത്താനുമായില്ല. എങ്കിലും കഥകള്‍ പ്രചരിച്ചത് പല വഴിക്കാണ്.

ക്രെംലിനിലെ പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് വിദേശ പ്രതിനിധികളെയെല്ലാം പുറത്താക്കിയതിനു ശേഷമായിരുന്നു, ക്രുഷ്‌ചേവിന്റെ പ്രസംഗം. ആയിരത്തി നാനൂറ് സോവിയറ്റ് പ്രതിനിധികള്‍ക്കു മുന്നില്‍ നാലു മണിക്കൂറോളം നേരം ജനറല്‍ സെക്രട്ടറി സംസാരിച്ചു. ജോസഫ് സ്റ്റാലിന്‍ എന്ന അതികായന്റെ, അതുവരെ അവര്‍ക്കപരിചിതമായിരുന്ന ചിത്രമാണ് ക്രുഷ്‌ചേവ് വാക്കുകളില്‍ വരച്ചുവച്ചത്. അതവരെ ഞെട്ടിച്ചു, പരിഭ്രാന്തരാക്കി , നിരാശാഭരിതരാക്കി. സമ്മേളന വേദിയില്‍ നിന്ന് അടക്കിപ്പിടിച്ച കരച്ചിലുയര്‍ന്നു, ചിലര്‍ മതിഭ്രമം വന്ന പോലെ സ്വന്തം മുടി പിടിച്ചു വലിച്ചു; ചിലര്‍ക്ക് ഹൃദയാഘാതമുണ്ടായി. സോഷ്യലിസ്റ്റ് സ്വപ്നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീണ ആ രാത്രിയില്‍ കുറഞ്ഞത് രണ്ടുപേരെങ്കിലും ജീവനൊടുക്കി. 

എന്തൊക്കെയാണ് ക്രുഷ്‌ചേവ് പറഞ്ഞത്? സോവിയറ്റ് മാധ്യമങ്ങള്‍ ആ പ്രസംഗത്തിന്റെ ഒരു വരി പോലും റിപ്പോര്‍ട്ട് ചെയ്തില്ല. പാര്‍ട്ടി വൃത്തങ്ങളിലെ അടക്കിപ്പിടിച്ച ചര്‍ച്ചകളെ ഉദ്ധരിച്ചു കൊണ്ടുള്ള വിവരങ്ങളാണ് കുറച്ചെങ്കിലും പുറത്തുവന്നത്. എങ്കിലും കമ്യൂണിസ്റ്റ് ലോകത്തിന്റെ അടിക്കല്ലിളക്കാന്‍ മതിയായ എന്തൊക്കെയോ അതിലുണ്ടെന്ന് പാശ്ചാത്യ ശക്തികള്‍ മണത്തറിഞ്ഞു; അവര്‍ അതിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി പരക്കം പാഞ്ഞു. ക്രുഷ്‌ചേവിന്റെ പ്രസംഗം എത്തിച്ചു കൊടുക്കുന്നവര്‍ക്ക് പത്തു ലക്ഷം ഡോളറാണ് സിഐഎ ഇനാം പ്രഖ്യാപിച്ചത്. 

ആ പ്രസംഗമാണ് മുന്നില്‍. 
അതീവ രഹസ്യമായി സൂക്ഷിച്ച പ്രസംഗം കിഴക്കന്‍ യൂറോപ്പിലെ പാര്‍ട്ടി നേതാക്കള്‍ക്ക് എത്തിച്ചു നല്‍കാന്‍ ക്രുഷ്‌ചേവ് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് അത് ചുവന്ന ബയന്റില്‍ പൊതിഞ്ഞ്, പോളിഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ജനറലിന്റെ ഓഫീസിലെത്തിയത്, അദ്ദേഹത്തിന്റെ സെക്രട്ടറി ലൂസിയയുടെ മേശപ്പുറത്ത് എത്തിയത്. 

'ഞാനിതൊന്ന് നോക്കിക്കോട്ടെ' - വിക്ടര്‍ ചോദിച്ചു.
'ഓ, അതിനെന്താ?' നിറയെ പ്രണയമായിരുന്നു, ലൂസിയയുടെ വാക്കുകളില്‍.
' ഇവിടെ ആകെ തിരക്കല്ലേ, ഞാനിത് വീട്ടില്‍ കൊണ്ടുപോയി വായിക്കാം, പെട്ടെന്ന് തന്നെ തിരിച്ചെത്തിക്കാം' അതിലും ലൂസിയയ്ക്ക് എതിര്‍പ്പില്ല.
'വൈകിട്ട് നാലിനു മുമ്പ് കൊണ്ടുവരണം, എനിക്ക് ഫയല്‍ ചെയ്യാനുള്ളതാണ്'

ലോകം തേടി നടക്കുന്ന രഹസ്യമാണ് കൈയില്‍. വിക്ടര്‍ അതിന്റെ താളുകള്‍ മറിച്ചു. പൈശാചികമായ കുറ്റകൃത്യങ്ങള്‍, ദശലക്ഷങ്ങളെ കൊന്നൊടുക്കിയതിന്റെ ഞെട്ടിക്കുന്ന വിവരണങ്ങള്‍. വംശ ശുദ്ധീകരണത്തിന്റെ പേരില്‍ നടന്ന കൊടുംക്രൂരതകള്‍; പതിനഞ്ചു ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരെ തടങ്കലിലാക്കിയതിന്റെയും അതില്‍ ഏഴു ലക്ഷത്തോളം പേരെ വധശിക്ഷയ്ക്കു വിധേയമാക്കിയതിന്റെയും കണക്കുകള്‍, പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത 1966 പ്രതിനിധികളില്‍ 848 പേര്‍ കഴുമരത്തിലേക്ക് നയിക്കപ്പെട്ടതിന്റെ വിവരങ്ങള്‍. സോവിയറ്റ് നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന തന്ത്രം മെനഞ്ഞ് ജൂത ഡോക്ടര്‍മാരെ ഇല്ലായ്മ ചെയ്തതിന്റെ കഥകള്‍. 'അപകടകാരിയാണ്, ഇവനെ സൂക്ഷിക്കണം' എന്ന് വര്‍ഷങ്ങള്‍ മുമ്പു തന്നെ, ലെനിന്‍ പാര്‍ട്ടിക്കു മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന വെളിപ്പെടുത്തല്‍; നാലു മണിക്കൂര്‍ നേരം കൊണ്ട് ജോസഫ് സ്റ്റാലിന്‍ എന്ന മിത്തിനെ കല്ലോടു കല്ല് പൊളിച്ചു മാറ്റിയിരിക്കുകയാണ് ക്രുഷ്‌ചേവ്. 

അവിചാരിതമായി കൈയിലെത്തിയ പ്രസംഗത്തിന്റെ സ്‌ഫോടന ശേഷിയെക്കുറിച്ച് ബോധ്യമുണ്ടായിരുന്നെങ്കിലും അത് എന്തു ചെയ്യണം എന്നതിനെക്കുറിച്ച് ധാരണയൊന്നും ഇല്ലായിരുന്നു, വിക്ടറിന്. ഫയല്‍ തിരിച്ച് ലൂസിയയെ ഏല്‍പ്പിക്കാനായി പോവുമ്പോഴാണ് പെട്ടെന്ന് ഒരു ആശയം തോന്നിയത്. വിക്ടര്‍ നേരെ ഇസ്രയേലി എംബസിയിലേക്കു ചെന്നു. ഫസ്റ്റ് സെക്രട്ടറി യാക്കോവ് ബാര്‍മര്‍, ഇസ്രയേലി ആഭ്യന്തര ചാര സംഘടനയായ ശബക്കിന്റെ പ്രതിനിധിയാണെന്ന് വിക്ടറിന് അറിയാമായിരുന്നു. പ്രസംഗം ഓടിച്ചു നോക്കിയ ബാര്‍മര്‍ വേഗം തന്നെ അതിന്റെ ഫോട്ടോകോപ്പിയെടുത്തു, ഒറിജിനല്‍ തിരിച്ചു നല്‍കി. വൈകിട്ട് നാലിനു മുമ്പു തന്നെ വിക്ടര്‍ ഫയല്‍ ഭദ്രമായി ലൂസിയയെ തിരിച്ചേല്‍പ്പിച്ചു. 

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. വാഴ്‌സായില്‍ നിന്ന് ക്രുഷ്‌ചേവിന്റെ പ്രസംഗം ടെല്‍ അവീവിലേക്കു പറന്നു. ശബക്ക് മേധാവി അമോസ് മാനറും മൊസ്സാദ് തലവന്‍ ഇസ്സര്‍ ഹരേലും ചേര്‍ന്ന് ഫയല്‍ പ്രധാനമന്ത്രി ബെന്‍ ഗൂറിയോണിന്റെ മുന്നിലെത്തിച്ചു. അവിടന്ന് നേരെ വാഷിങ്ടണിലേക്ക്. സിഐഎയുടെ പ്രത്യേക പ്രതിനിധി ജെയിംസ് ആംഗിള്‍ടണ്‍ വഴി ഡയറക്ടര്‍ അലന്‍ ഡല്ലസിലേക്ക്, പിന്നെ പ്രസിഡന്റ് ഐസന്‍ഹോവറിലേക്ക്. 1956 ജൂണ്‍ അഞ്ചിന് അത് ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാം പേജില്‍ നിറഞ്ഞു നിന്നു; ലോകത്തെ ഞെട്ടിച്ച സ്‌കൂപ്പ് വാര്‍ത്തയായി.

'സോവിയറ്റ് യൂണിയന്റെ പതനത്തിനു തുടക്കം കുറിച്ചയാള്‍'; പോളണ്ട് വിട്ട് ഇസ്രായേലിലേക്ക് കുടിയേറി, ഇസ്രായേലി ചാര സംഘടനയില്‍ അംഗമായും ഒപ്പം മൊസ്സാദിന്റെ നിര്‍ദ്ദേശപ്രകാരം കെജിബിക്കു വിവരങ്ങള്‍ നല്‍കുന്ന ഡബിള്‍ ഏജന്റ് ആയും ശിഷ്ടകാലം ജീവിച്ച വിക്ടര്‍ ഗ്രയേവ്‌സ്‌കിയെ വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മാധ്യമ പ്രവര്‍ത്തകന്‍ വിശേഷിപ്പിച്ച വാക്കുകള്‍. വിക്ടര്‍ അതിനോടു പ്രതികരിച്ചതിങ്ങനെ; 'ക്രൂഷ്‌ചേവ് - ചരിത്രം നിര്‍മിച്ചത് അയാളാണ്; ഞാനതിനെ കുറച്ചു നേരത്തേക്കു മുഖാമുഖം കണ്ടുവെന്നു മാത്രം.'

(ഇസ്രായേലി ചാര സംഘടനയെക്കുറിച്ച് മൈക്കല്‍ ബാര്‍ സോഹാറും നിസ്സിം മിഷാലും ചേര്‍ന്നെഴുതിയ 'മൊസ്സാദി'നെ അവലംബിച്ച് എഴുതിയത്)

ഇതു കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com