വിളക്ക് അണയ്ക്കാത്ത വീടുകള്‍

വല്ലാത്തൊരു നിശ്ശബ്ദതയായിരുന്നു ചുറ്റും. പുറത്തെങ്ങും ആരെയും കാണാനുണ്ടായിരുന്നില്ല. ആളുകളെല്ലാം വാതില്‍ അടച്ച്, മൗനത്തിലാണ്ട വീടുകള്‍ക്കകത്തിരുന്നു
വിളക്ക് അണയ്ക്കാത്ത വീടുകള്‍

'ലഹളക്കാര്‍ വരുന്നുണ്ട്, മോളേ, വേഗം, വേഗം'
പരിഭ്രാന്തമായ ശബ്ദത്തില്‍ ബീഗം ഇഖ്ബാല്‍ വിളിച്ചു പറഞ്ഞു.
രാവിലെ തന്നെ കുളിക്കാന്‍ കയറിയതായിരുന്നു, ഞാന്‍. വസ്ത്രം വാരിച്ചുറ്റി പുറത്തിറങ്ങി. നോക്കുമ്പോള്‍ ഇഖ്ബാല്‍ സാഹിബ് കൂസലൊന്നുമില്ലാതെ ഉമ്മറത്തെ ചാരുകസേരയില്‍ ഹുക്കയും വലിച്ചിരിപ്പുണ്ട്. ഇടയ്ക്കിടെ ടെലിഫോണിന് അടുത്തു പോയി ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നു. ലൈന്‍ കണക്റ്റ് ആവാത്തതിന്റെ അതൃപ്തിയുണ്ടെങ്കിലും ആശങ്കയൊന്നും ആ മുഖത്തില്ല. ബീഗം ഇഖ്ബാല്‍ പക്ഷേ വല്ലാത്ത പേടിയിലാണ്. 'മോളേ, അവരിങ്ങെത്താറായിട്ടുണ്ടാവും. എന്തെങ്കിലും ചെയ്യണം, വേഗം വേണം'- വിഭജനകാലത്തെ സംഭവ ബഹുലമായ ഒരു ദിവസത്തെ സയിദ ബാനു ഓര്‍ത്തു തുടങ്ങുന്നതിങ്ങനെയാണ്.

എന്താണ് ചെയ്യുക? ഡല്‍ഹിയില്‍ എത്തിയിട്ട് ആഴ്ചകളേ ആയിട്ടുള്ളു. ലക്‌നൗവിലെ പ്രശാന്തതയില്‍ നിന്ന് ഡല്‍ഹിയിലെ തിരക്കു പരിചയിച്ചു വരുന്നതേയുള്ളു. ഒപ്പമുള്ളത് ഏഴു വയസ്സുകാരന്‍ മകനും അവനെ നോക്കാനുള്ള ആയയും. ഇഖ്ബാല്‍ സാഹിബ് പഴയ പരിചയക്കാരനാണ്; പ്രതിരോധ വകുപ്പില്‍ ഉദ്യോഗസ്ഥന്‍. അങ്ങനെയാണ് സിക്കന്ദര്‍ റോഡിലെ അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ ഒപ്പം കൂടിയത്. അസ്വാരസ്യങ്ങള്‍ നിറഞ്ഞ വിവാഹ ജീവിതത്തില്‍ നിന്ന് സ്വയം ഇറങ്ങിപ്പോന്നപ്പോള്‍ കിട്ടിയ പിടിവള്ളി ആയിരുന്നു ഓള്‍ ഇന്ത്യ റേഡിയോയിലെ ജോലി.

സിക്കന്ദര്‍ റോഡിലെ ഹട്‌മെന്റില്‍ രണ്ടോ മൂന്നോ മുസ്ലിം കുടുംബങ്ങളേയുള്ളു. ബാക്കിയെല്ലാം ഹിന്ദുക്കളും സിഖുകാരും. ലഹളക്കാരുടെ വരവിനെക്കുറിച്ച് എങ്ങനെയോ വിവരം കിട്ടിയ ഹിന്ദു അയല്‍ക്കാരാണ് മുസ്ലിം കുടുംബങ്ങളെ വിവരം അറിയിച്ചത്. കലാപകാരികള്‍ കൂട്ടമായി വന്നാല്‍ പിന്നെ തങ്ങള്‍ക്ക് ഒന്നും ചെയ്യാനായെന്ന് വരില്ല, അതിനാല്‍ സ്വന്തം രക്ഷ നോക്കുക. 'മോളേ, എന്തെങ്കിലും ചെയ്യൂ, അല്ലെങ്കില്‍ നമ്മളൊക്കെ മരിക്കും. അദ്ദേഹം ഹുക്കയും വലിച്ച് ഇരിക്കുകയേ ഉള്ളു. പൊലീസ് വരുമെന്നാണ് അദ്ദേഹം പറയുന്നത്! സര്‍ക്കാരും ഭരണവുമൊക്കെ ഇല്ലാതായെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടില്ല. ലഹളക്കാരാണ് ഇപ്പോള്‍ ഭരണം, കാര്യങ്ങളൊക്കെ അവരുടെ കൈയിലാണ്'- ബീഗം വീണ്ടും പറഞ്ഞു. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ കഴിയുന്ന അവര്‍ക്ക് സാഹചര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു.

എന്താണ് ചെയ്യുക? തൊട്ടടുത്ത വീട്ടില്‍ ചെന്ന് ഫോണ്‍ എടുത്ത് മുഹസിന്‍ ചാച്ചയെ വിളിച്ചു. മുഹസിന്‍ അലി സാഹബ് ബാപ്പയുടെ സുഹൃത്താണ്. ബെയ്‌ലി റോഡിലാണ് താമസം. കാര്യം പറഞ്ഞപ്പോള്‍ ചാച്ചയുടെ നിര്‍ദേശം വന്നു, എത്രയും വേഗം ഇങ്ങോട്ടു വരിക. ഇത്രയും ദിവസം അഭയം തന്ന ഇഖ്ബാല്‍ സാഹിബിനേയും കുടുംബത്തെയും എങ്ങനെ കൈയൊഴിയും? അവരെക്കൂടി കൂട്ടട്ടേ? ചാച്ചയോടു ചോദിച്ചു.
എത്ര പേരുണ്ട്, ആകെ?
ജോലിക്കാരെല്ലാം അടക്കം പതിനാറ്.
ഒരുപാടു പേര്‍ കൂടിയിരിക്കുന്ന വീടുകളേയാണ് ലഹളക്കാര്‍ ഉന്നം വയ്ക്കുന്നത്; ചാച്ചയുടെ വാക്കുകളില്‍ വൈമനസ്യം പ്രകടമായി. എങ്കിലും രണ്ടാമതൊരു ആലോചനയില്‍, എല്ലാവരെയും കൂട്ടി വേഗം പുറപ്പെടാന്‍ പറഞ്ഞു.

പിന്നെയൊരു ഓടിപ്പാച്ചില്‍ ആയിരുന്നു. ഓരോ നിമിഷവും പ്രധാനമാണ്, പായ്ക്കിങ്ങിനൊന്നും സമയമില്ല. കയ്യില്‍ കിട്ടിയതൊക്കെ വാരിയെടുത്ത് രണ്ടു കാറുകളിലായി ഹെയ്‌ലി റോഡിലേക്ക്. പതിനൊന്നു മണി ആയിക്കാണും ചാച്ചായുടെ വീട്ടില്‍ എത്തിയപ്പോള്‍. ഇറങ്ങാനൊരുങ്ങുമ്പോഴാണ് ബീഗം വല്ലാത്തൊരു ആന്തലോടെ ചെവിയില്‍ പറഞ്ഞത്; ആഭരണപ്പെട്ടി എടുക്കാന്‍ മറന്നു. വലിയ സമ്പാദ്യമാണ്, അതിന്റെ നഷ്ടബോധമുണ്ടായിരുന്നു അവരുടെ വാക്കുകളില്‍.
സാരമില്ല, ഞാന്‍ എടുത്തിട്ടു വരാം. മഹമ്മൂദ്, നമുക്കൊന്നു പോവാം. വേലക്കാരില്‍ ഒരാളെയും കൂട്ടി തിരികെ സിക്കന്ദര്‍ റോഡിലേക്ക് വിട്ടു. നടുക്കുന്നതായിരുന്നു അവിടെ കണ്ട കാഴ്ച. ഞങ്ങള്‍ പൂട്ടിയിട്ടു പോയ മുന്‍വശത്തെ വാതില്‍ ചവിട്ടി പൊളിച്ചിരുന്നു. ഉള്ളില്‍ വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍ എല്ലാം വാരിവലിച്ചിട്ടിരിക്കുന്നു. ഞങ്ങള്‍ ഇറങ്ങിയതിന് പിന്നാലെ തന്നെ ലഹളക്കാര്‍ ഇരച്ചുകയറിയിരിക്കണം. വേണമെന്നു തോന്നിയതെല്ലാം അവര്‍ എടുത്തു കൊണ്ടുപോയി. ഉന്നത ഉദ്യോഗസ്ഥര്‍ ആരെയെല്ലാമോ വിളിച്ച് ഇഖ്ബാല്‍ സാഹിബ് ഏര്‍പ്പാടു ചെയ്ത പൊലീസുകാര്‍ ആ പരിസരത്ത് എവിടെയും ഇല്ലായിരുന്നു.

നേരേ, ആഭരണപ്പെട്ടി വച്ചിട്ടുണ്ടെന്ന് ബീഗം പറഞ്ഞ മുറിയിലേക്ക് ചെന്നു. ഭാഗ്യം. അത് അവിടെത്തന്നെ ഉണ്ടായിരുന്നു. ചുവരലമാരയില്‍ മുഷിഞ്ഞ തുണികള്‍ക്കടിയിലായിരുന്നു അത്. അതുകൊണ്ടാവണം കൊള്ളയ്‌ക്കെത്തിയവരുടെ കണ്ണില്‍ പെടാതെ പോയത്. അതെടുത്ത് ഭദ്രമായി വച്ചു. വാരിവലിച്ചിട്ടിരിക്കുന്നവയില്‍ ആവശ്യമുള്ള ഒരുപാട് സാധനങ്ങള്‍ ഉണ്ടായിരുന്നു. ഇനി അടുത്തെങ്ങും ഈ വീട്ടിലേക്കൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് ഏതാണ്ട് വ്യക്തമായിരുന്നു. അതുകൊണ്ട് കഴിയുന്നത്ര സാധനങ്ങള്‍ എടുക്കാന്‍ തീരുമാനിച്ചു. ആഭരണപ്പെട്ടിയും ഒരു വണ്ടി നിറയെ വീട്ടുസാധനങ്ങളുമായി മഹ്മ്മൂദിനെ ഹെയ്‌ലി റോഡിലേക്ക് അയച്ചു. വേഗം തന്നെ തിരിച്ചുവരാനും നിര്‍ദേശിച്ചു.

വല്ലാത്തൊരു നിശ്ശബ്ദതയായിരുന്നു ചുറ്റും. പുറത്തെങ്ങും ആരെയും കാണാനുണ്ടായിരുന്നില്ല. ആളുകളെല്ലാം വാതില്‍ അടച്ച്, മൗനത്തിലാണ്ട വീടുകള്‍ക്കകത്തിരുന്നു. സാധനങ്ങള്‍ പെറുക്കിയെടുക്കാന്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോള്‍ സ്വന്തം കാല്‍പ്പെരുമാറ്റം തന്നെ പതിവില്ലാത്ത വിധം മുഴങ്ങുന്നതായി തോന്നിച്ചു. പെട്ടെനാണ് ഒരു സിഖുകാരന്‍ ഓടി വന്നത്.
'ഞാന്‍ അപ്പുറത്തെ ചിബ്ബിന്റെ ഭാര്യ പറഞ്ഞിട്ട് വന്നതാണ്. നിങ്ങള്‍ ഇപ്പോള്‍, ഈ നിമിഷം എന്നോടൊപ്പം വരണം. കൂടെയുള്ളയാളോട് പിന്നിലെ മതില്‍ ചാടി രക്ഷപ്പെടാന്‍ പറയൂ. ലഹളക്കാര്‍ വീണ്ടും വന്നിരിക്കുന്നു. ഓടിപ്പോയ മുസ്ലിംകളില്‍ ചിലര്‍ തിരിച്ചു വന്നതായി അവര്‍ അറിഞ്ഞിരിക്കുന്നു.'

ആലോചിക്കാനൊന്നും സമയമില്ല. എങ്ങനെയാണ് ചിബ്ബിന്റെ വീട്ടുപടിക്കല്‍ എത്തിയതെന്നറിയില്ല. എത്തിയപാടെ അവരെന്നെ ഉള്ളിലേക്ക് വലിച്ചിട്ടു. വാതില്‍ കുറ്റിയിട്ട്, കര്‍ട്ടനുകള്‍ താഴ്ത്തി. ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യം കാട്ടി അകത്തെ മുറിയില്‍ പോയിരിക്കാന്‍ നിര്‍ദേശിച്ചു. പേടിപ്പെടുത്തുന്ന നിശ്ശബ്ദത തന്നെയായിരുന്നു ചുറ്റും. കുറേക്കഴിഞ്ഞപ്പോള്‍ ഫോണ്‍ അടിക്കുന്ന ശബ്ദം കേട്ടു, മിസിസ് ചിബ്ബിന്റെ സംസാരവും. മഹ്മൂദ് ആണ്. ഗേറ്റിലെത്തിയപ്പോള്‍ തന്നെ മഹ്മൂദിനെ അവര്‍ ആക്രമിച്ചിരുന്നു, എങ്കിലും എങ്ങനെയോ രക്ഷപ്പെട്ടു. വീട്ടില്‍ ഞാനുണ്ട്, എങ്ങനെയെങ്കിലും രക്ഷിക്കണം എന്നു പറയാന്‍ വിളിച്ചതാണ്.  ഫോണ്‍ വച്ചപ്പോഴേക്കും പുറത്തു നിന്ന് അട്ടഹാസങ്ങള്‍ കേട്ടു. ഇഖ്ബാല്‍ സാഹിബിന്റെ വീട്ടില്‍ അടുത്ത കൊള്ള നടക്കുകയാണ്.

കുറച്ചു കഴിഞ്ഞ് ശബ്ദങ്ങള്‍ അടങ്ങി. കലാപകാരികള്‍ തിരിച്ചു പോയിക്കാണണം. 'വൈകുന്നേരം അദ്ദേഹം വരട്ടെ, നിന്നെ ഹെയ്‌ലി റോഡില്‍ കൊണ്ടാക്കാം' - മിസിസ് ചിബ്ബ് അടക്കിയ സ്വരത്തില്‍ പറഞ്ഞു. സയീദിനെ ഓര്‍ത്തു പിടയുകയായിരുന്നു മനസ്സ്; എന്റെ ഏഴു വയസ്സുകാരന്‍ മകന്‍. അവന്‍ അവിടെ സുരക്ഷിതനായിരിക്കുമോ? എന്തൊക്കെയാണ് ചുറ്റിലും നടക്കുന്നത്? ഒരു മാസം മുമ്പ് ലക്‌നൗവില്‍ നിന്നു പോരുമ്പോള്‍ ഏറ്റവും വന്യമായ സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ലല്ലോ ഇങ്ങനെയൊരു സാഹചര്യം! ജീവിതം നമ്മെ എങ്ങോട്ടൊക്കയാണ് ഒഴുക്കിക്കൊണ്ടുപോവുന്നത്? അഞ്ചര കഴിഞ്ഞു കാണും ചിബ്ബ് എത്തിയപ്പോള്‍. വിവരങ്ങള്‍ അറിഞ്ഞപ്പോള്‍, കുറച്ചു കൂടി ഇരുട്ടിയിട്ട് ഇറങ്ങാമെന്ന് അദ്ദേഹം പറഞ്ഞു. എട്ടുമണിയോടെ ചിബ്ബിന്റെ കാറില്‍ ഞങ്ങളിറങ്ങി, പിന്‍സീറ്റില്‍ ദുപ്പട്ട കൊണ്ട് തലമറച്ച് ഞാന്‍, അപ്പുറവും ഇപ്പുറവും മിസിസ് ചിബ്ബും മകളും.

ഒട്ടും നല്ല വാര്‍ത്തയായിരുന്നില്ല മുഹ്‌സിന്‍ ചാച്ചയുടെ വീട്ടില്‍ കാത്തിരുന്നത്. ഇഖ്ബാല്‍ സാഹിബും കുടുംബവും അവിടുന്ന് ഇറങ്ങിയിരുന്നു, അഭയാര്‍ഥി ക്യാംപിലേക്ക്. എത്ര നിര്‍ബന്ധിച്ചിട്ടും സയിദിനേയും ആയയേയും അവിടെ നിര്‍ത്തിപ്പോകാന്‍ അവര്‍ തയ്യാറായില്ലെന്ന് ചാച്ച പറഞ്ഞു. ഒരുപാടു പേര്‍ ഒരു വീട്ടില്‍ കൂടിയിരിക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്നോ മറ്റോ മുഹ്‌സിന്‍ ചാച്ച സംസാരമധ്യേ പരാമര്‍ശിച്ചെന്നും അതൊരു കുറ്റപ്പെടുത്തലായി തോന്നിയ ഇഖ്ബാല്‍ സാഹിബ് എല്ലാവരെയും വിളിച്ച് അവിടുന്ന് ഇറങ്ങുകയായിരുന്നെന്നും പിന്നീടാണ് അറിഞ്ഞത്. അതെന്തോ ആവട്ടെ, സയിദിനെ കണ്ടെത്തുകയാണ് പ്രധാനം. പി ബ്ലോക്കിലെ ക്യാംപിലേക്കാണ് അവര്‍ പോയിരിക്കുന്നത്. അവിടെച്ചെന്ന് അന്വേഷിക്കാം, പക്ഷേ, നേരം വെളുക്കാതെ ഒന്നും നടക്കില്ലെന്ന് എല്ലാവരും പറഞ്ഞു.

1947 സെപ്റ്റംബര്‍ ആറ്. എന്തൊരു കാളരാത്രിയാണിത്. ഞാന്‍ ഇവിടെ, എന്റെ ഏഴുവയസ്സുകാരന്‍ മകന്‍ ഏതോ അഭയാര്‍ഥി ക്യാംപില്‍. നിസ്സഹായയായി, ഒന്നും ചെയ്യാനാവാതെ, മറ്റുള്ളവരുടെ കരുണയ്ക്കു കാത്തിരിക്കുകയല്ലാതെ എന്തു വഴി? പുലരും വരെ കാത്തിരുന്നേ മതിയാവൂ.

ഇതിനിടെ മുഹ്‌സിന്‍ ചാച്ചയ്ക്ക് ഒരു കോള്‍ വന്നു. സുഹൃത്ത് കൃഷ്ണ പ്രസാദ്. രാത്രി വീട്ടിലെ വെളിച്ചം അണയ്ക്കരുതെന്ന് പറയാന്‍ വിളിച്ചതാണ്. കലാപകാരികള്‍ ഹിന്ദുക്കള്‍ക്ക് കൊടുത്തിട്ടുള്ള നിര്‍ദേശമാണത്രേ. വിളക്ക് അണച്ചിട്ടില്ലെങ്കില്‍ ഹിന്ദു കുടുംബമായി കണക്കാക്കും, അല്ലാത്ത വീടുകളില്‍ രാത്രി ആക്രമണമുണ്ടാവും. മുഹസിന്‍ ചാച്ച എല്ലാ ലൈറ്റുകളും ഓണാക്കിയിട്ടു. സയീദിനെക്കുറിച്ചുള്ള ഓര്‍മകളില്‍ നീറിയിരുന്നതിനാല്‍ ആക്രമണ ഭീതി എന്നെ വല്ലാതെയൊന്നും ബാധിച്ചില്ല. രാത്രി പതിനൊന്നായിക്കാണണം. ചാച്ചയുടെ സുഹൃത്തുക്കളായ ഇംഗ്ലീഷ് ദമ്പതികള്‍ വന്നു. പുറത്ത് കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നു കണ്ട് സഹായവുമായി വന്നതാണ്. അവരുടെ പക്കല്‍ ഒരു തോക്കുണ്ടായിരുന്നു, ഒരു വാളും. ആവശ്യമെന്നു കണ്ടാല്‍ ഉപയോഗിക്കാം. വീട്ടിലുള്ളവര്‍ക്ക് ചെറിയൊരു ധൈര്യം വന്നതു പോലെ തോന്നി.

രാത്രിയില്‍ ഇടയ്‌ക്കെപ്പോഴോ അഭയം തേടി രണ്ടു മുസ്ലിംകള്‍ കൂടി വന്നു. ഒരാള്‍ നിലവിളിച്ചു കൊണ്ടാണ് വീട്ടിലേക്ക് ഓടിക്കയറിയത്: എന്നെ മതം മാറ്റിക്കോളൂ, ഹിന്ദുവാക്കിക്കോളൂ, ജീവന്‍ മാത്രം തന്നാല്‍ മതി' ഹിന്ദു വീടാണെന്നു കരുതിയാവണം ഇങ്ങോട്ടു വന്നത്. അനിഷ്ട സംഭവങ്ങള്‍ ഒന്നുമില്ലാതെ എങ്ങനെയൊക്കെയോ രാത്രി കഴിഞ്ഞു. രാവിലെ സയിദിനെ തിരക്കാനായി അഭയാര്‍ഥി ക്യാംപിലേക്ക് ഇറങ്ങിയപ്പോള്‍ ഒപ്പം വന്നത് ഇംഗ്ലീഷ് ദമ്പതികളാണ്. പി ബ്ലോക്ക് ക്യാംപ് അക്ഷരാര്‍ഥത്തില്‍ മനുഷ്യ പ്രളയം ആയിരുന്നു. വലിയൊരു മൈതാനം കമ്പിവേലി കെട്ടി തിരിച്ചിരിക്കയാണ്. പാകിസ്ഥാനിലേക്കു പോവാന്‍ ഉറപ്പിച്ചവരും പുറത്തെ അക്രമം ഭയന്ന് താത്കാലിക അഭയം തേടിയെത്തിയവരുമായ ആയിരക്കണക്കിന് മനുഷ്യര്‍. അവരില്‍ നിന്ന് ഒരു ഏഴു വയസ്സുകാരനെ എങ്ങനെ കണ്ടെത്താനാണ്? ഇംഗ്ലീഷ് ദമ്പതികളാണ് അവിടെയും രക്ഷയായത്. രാജ്യത്ത് ഇംഗ്ലീഷ് ഭരണം അവസാനിച്ചിട്ട് രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞിരുന്നെങ്കിലും വെള്ളക്കാരോടുള്ള ബഹുമാനത്തിന്
ഉദ്യോഗസ്ഥ സംവിധാനത്തില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ഞങ്ങള്‍ ക്യാപിലേക്ക് കടന്നുചെല്ലുമ്പോള്‍ പട്ടാളക്കാര്‍ ഇംഗ്ലീഷ് ദമ്പതികളെ സല്യൂട്ട് ചെയ്യുന്നുണ്ടായിരുന്നു. അവര്‍ കാര്യം അറിയിച്ചപ്പോള്‍ ക്യാംപിലെ സംവിധാനം മിന്നുന്ന വേഗത്തിലാണ് ചലിച്ചത്. അധികമൊന്നും കാത്തിരിക്കേണ്ടി വന്നില്ല, സയിദും ഇഖ്ബാല്‍ സാഹിബിന്റെ കുടുംബവും അതാ മുന്നില്‍. സയിദ് പനി പിടിച്ചു തളര്‍ന്നിരുന്നു, എങ്കിലും പരിഭ്രാന്ത്രിയൊന്നുമില്ലായിരുന്നു ആ കുഞ്ഞു മുഖത്ത്. അവന്‍ ധീരനായ കുട്ടിയാണ്. ഇഖ്ബാല്‍ സാഹിബ് ഇതിനകം പാരിസ്ഥാനിലേക്കു പോവാനുള്ള ഏര്‍പ്പാടെല്ലാം ചെയ്തിരുന്നു. ഇവിടെ ഇനി മുസ്ലിംകള്‍ക്ക് രക്ഷയില്ല, ഒപ്പം പോരാന്‍ അവര്‍ നിര്‍ബന്ധിച്ചു. വൈകിട്ടത്തെ വിമാനത്തില്‍ ടിക്കറ്റ് റെഡിയാക്കാമെന്നും പറഞ്ഞു. പാകിസ്ഥാനിലേക്ക് പോവാനോ? അങ്ങനെയൊരു രാജ്യം ഉണ്ടായെന്നു വിശ്വസിക്കാന്‍ പോലും തയ്യാറല്ലായിരുന്നു മനസ്സ്. ജീവിതമോ അതോ മരണമോ എന്നു തെരഞ്ഞെടുക്കാന്‍ പറയുന്നതു പോലെ എനിക്കു തോന്നി.

(ഇന്ത്യയിലെ ആദ്യത്തെ റേഡിയോ പ്രക്ഷേപക സയിദ ബാനുവിന്റെ ആത്മകഥ ഒഫ് ദ ബീറ്റണ്‍ട്രാക്കില്‍ നിന്ന്.)

ഇതു കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com