അഡ്വാനിയുടെ അറസ്റ്റ്: ഒരാളും അറിഞ്ഞില്ല, ഒരു ചിത്രം പോലും പുറത്തുവന്നില്ല

മുഖ്യമന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് അറസ്റ്റ് എങ്ങനെ നടപ്പാക്കും എന്ന് തീരുമാനിച്ചത്
അഡ്വാനിയുടെ അറസ്റ്റ്: ഒരാളും അറിഞ്ഞില്ല, ഒരു ചിത്രം പോലും പുറത്തുവന്നില്ല

'അമ്മയുടെ മുലപ്പാല് കുടിച്ചവരുണ്ടെങ്കില്‍ വരട്ടെ, എന്നെ തടയട്ടെ '

പൊതുവെ മൃദുഭാഷിയായ എല്‍കെ അഡ്വാനി ഇങ്ങനെ വെല്ലുവിളിയുടെ സ്വരത്തില്‍ സംസാരിച്ചതിനെക്കുറിച്ച് പറയുന്നുണ്ട്, ലാലു പ്രസാദ് യാദവ് ആത്മകഥയില്‍. രഥയാത്ര നടത്താനുള്ള പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെടാന്‍, അഡ്വാനിയെ നേരിട്ടു കാണാന്‍ എത്തിയതായിരുന്നു, ലാലു. ഭഗല്‍പുര്‍ കലാപത്തിന്റെ മുറിവുകള്‍ ഉണങ്ങിവരുന്നതേയുള്ളു. ആയിരത്തിഅഞ്ഞൂറിലേറെ പേരാണ്, കൂടുതലും മുസ്ലിംകള്‍, അന്നു മരിച്ചത്. അതിനും മുമ്പ് എഴുപതുകളിലും എണ്‍പതുകളിലും എത്രയെത്ര കലാപങ്ങള്‍. ബിഹാര്‍ ശരീഫ്, സീതാമഡി, ഹസാരിബാഗ്, ജംഷഡ്പൂര്‍, റാഞ്ചി...; അസ്വസ്ഥ ബാധിത ദേശങ്ങളുടെ നീളുന്ന പട്ടിക. അവിടെയെല്ലാം ന്യൂനപക്ഷങ്ങള്‍ നിരന്തരഭീതിയിലാണ്, ഇനിയും ഒരു കലാപം താങ്ങാനാവാത്തവര്‍. അതറിയുന്നതുകൊണ്ടു കൂടിയാണ് അഡ്വാനിയെക്കാണാന്‍ ഡല്‍ഹിയില്‍ എത്തിയത്. രഥയാത്ര പക്ഷേ, അവരുടെ രാഷ്ട്രീയ തീരുമാനമായിരുന്നു. അതില്‍ നിന്നു പിന്‍മാറുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും അവര്‍ ഒരുക്കമല്ലായിരുന്നു. ''എങ്കില്‍പ്പിന്നെ നമുക്ക് ബിഹാറില്‍ കാണാം; ഞാന്‍ ഒരമ്മയുടെയല്ല, ഒരുപാട് അമ്മമാരുടെ മുലപ്പാല്‍ കുടിച്ചിട്ടുണ്ട്'' - ഇങ്ങനെയാണ് ആ കൂടിക്കാഴ്ച അവസാനിച്ചതെന്ന് ലാലു.

എങ്കില്‍പ്പിന്നെ നമുക്ക് ബിഹാറില്‍ കാണാം; ഞാന്‍ ഒരമ്മയുടെയല്ല, ഒരുപാട് അമ്മമാരുടെ മുലപ്പാല്‍ കുടിച്ചിട്ടുണ്ട്
അഡ്വാനിയുടെ അറസ്റ്റ്: ഒരാളും അറിഞ്ഞില്ല, ഒരു ചിത്രം പോലും പുറത്തുവന്നില്ല
അച്യുതമേനോന്റെ സഹയാത്രികനായി തൃശൂര്‍ മുതല്‍ ലക്കിടി വരെ

സോമനാഥില്‍ നിന്നായിരുന്നു രഥയാത്രയുടെ തുടക്കം. അതിന്റെ അനുരണനങ്ങള്‍ ഗുജറാത്തും കടന്ന് ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ബിഹാറിലുമൊക്കെയെത്തി. ജനങ്ങള്‍ ഇളകിമറിയാന്‍ തുടങ്ങി. സാമുദായികമായ വേര്‍തിരിവ് രൂപപ്പെട്ടു വരുന്നത് വ്യക്തമായിരുന്നു. 1990 ഒക്ടോബറില്‍ മധ്യപ്രദേശില്‍ നിന്നാണ് യാത്ര ബിഹാറിലേക്കു പ്രവേശിച്ചത്. ആദ്യ സ്വീകരണം ധന്‍ബാദില്‍. അതിനിയും മുന്നോട്ടു പോവുന്നത് കാര്യങ്ങള്‍ പിടിച്ചു നിര്‍ത്താനാവാത്ത വിധം വഷളാക്കും. എന്തെങ്കിലും ചെയ്‌തേ പറ്റൂ. രഥയാത്ര ധന്‍ബാദില്‍ എത്തിയപ്പോള്‍ തന്നെ ലാലു പ്രധാനമന്ത്രി വിപി സിങ്ങിനെ വിളിച്ചു.

'അഡ്വാനിയെ അറസ്റ്റ് ചെയ്യണം, അതിന് അനുമതി വേണം.'

ഭരണഘടന പ്രകാരം ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്, അതുകൊണ്ടുതന്നെ ആരെയെങ്കിലും കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് ചെയ്യാനോ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയൊന്നും വേണ്ട. ഇവിടെ പക്ഷേ, ചില രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിക്കണമായിരുന്നു.ബിജെപി പിന്തുണയിലാണ്വിപി സിങ്ങിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ്. ബിഹാറിലെ ജനതാദള്‍ സര്‍ക്കാര്‍ അഡ്വാനിയെ അറസ്റ്റ് ചെയ്താല്‍ കേന്ദ്രത്തിലെ ജനതാദള്‍ സര്‍ക്കാര്‍ വീഴും. അതുകൊണ്ടാവണം, അറസ്റ്റിന് അനുമതി തേടി രണ്ടു വട്ടം വിളിച്ചിട്ടും വിപി സിങ് മൗനം ഭജിക്കുകയാണ് ചെയ്തതെന്ന് ലാലു പറയുന്നു.

ഡല്‍ഹിയില്‍ ഇതിനിടെ ചില ചര്‍ച്ചകളൊക്കെ നടക്കുന്നുണ്ടായിരുന്നു. വിപി സിങ് ഹിന്ദു സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തു. പല ഫോര്‍മുലകളും ചര്‍ച്ച ചെയ്‌തെങ്കിലും ഒരു സമവായവും ഉണ്ടായില്ല. രഥയാത്ര തടയരുതെന്ന ഉറച്ച നിലപാടിലായിരുന്നു ഹിന്ദു നേതാക്കള്‍. ഇതിനു ശേഷമാവണം, ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയ്യിദ് ലാലുവിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ആ കൂടിക്കാഴ്ച ലാലുവിന്റെ വാക്കുകളില്‍ ഇങ്ങനെ:

'അഡ്വാനിയെ തടയാന്‍ പദ്ധതിയുണ്ടോ?'

'ഇല്ലെന്ന് പറയാന്‍ പറ്റില്ല'

'നിങ്ങള്‍ എന്തിനാണ് അനാവശ്യമായി ഇതൊക്കെയെടുത്ത് തലയില്‍ വയ്ക്കുന്നത്? രഥയാത്ര അങ്ങു കടന്നു പൊയ്‌ക്കൊള്ളും '

'നിങ്ങള്‍ക്കൊക്കെ അധികാരത്തിന്റെ മത്ത് പിടിച്ചിരിക്കുകയാണ് '

നിങ്ങള്‍ എന്തിനാണ് അനാവശ്യമായി ഇതൊക്കെയെടുത്ത് തലയില്‍ വയ്ക്കുന്നത്? രഥയാത്ര അങ്ങു കടന്നു പൊയ്‌ക്കൊള്ളും
അഡ്വാനിയുടെ അറസ്റ്റ്: ഒരാളും അറിഞ്ഞില്ല, ഒരു ചിത്രം പോലും പുറത്തുവന്നില്ല
പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആ കോള്‍; ...

സശാറമില്‍ വച്ച് അഡ്വാനിയെ തടയാനായിരുന്നു, ആദ്യം തീരുമാനിച്ചത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം, ഹെലികോപ്റ്റര്‍ തയ്യാറാക്കി നിര്‍ത്തുന്നത് ഉള്‍പ്പെടെ, പൂര്‍ത്തിയാക്കിയതാണ്. വിവരം ചോര്‍ന്നു കിട്ടി അവസാന നിമിഷം അഡ്വാനി റൂട്ട് മാറ്റിയതിനാല്‍ അത് ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് ധന്‍ബാദില്‍ വച്ച് അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ഒന്നടങ്കം എതിര്‍ത്തു. വലിയ വര്‍ഗീയ സംഘര്‍ഷത്തിനു കാരണമാവുമെന്നായിരുന്നു അവരുടെ ഭീതി. അതിനും ശേഷമാണ് സമസ്തിപുര്‍ പ്ലാന്‍ തയ്യാറാക്കിയത്. അതീവ രഹസ്യമായി ആയിരുന്നു കാര്യങ്ങള്‍. മുഖ്യമന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് അറസ്റ്റ് എങ്ങനെ നടപ്പാക്കും എന്ന് തീരുമാനിച്ചത്. ചീഫ് സെക്രട്ടറിക്കും ഹോം സെക്രട്ടറിക്കും ഏതാനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും മാത്രമേ വിശദാംശങ്ങള്‍ അറിയുമായിരുന്നുള്ളു. യോഗത്തിനു ശേഷം അവരോടെല്ലാം മുഖ്യമന്ത്രിയുടെ വീട്ടില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കി. ഒരാള്‍ക്കും ഫോണ്‍ സൗകര്യം നല്‍കിയുമില്ല. ഒരു വിധത്തിലും പ്ലാന്‍ ചോരരുതെന്ന് ഉറപ്പാക്കാനായിരുന്നു ഇതെല്ലാം.അറസ്റ്റ് നടപ്പാക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ആര്‍കെ സിങ്ങിനെ ചുമതലപ്പെടുത്തി. (ഇതേ ആര്‍കെ സിങ് പിന്നീട് ബിജെപി എംപിയും കേന്ദ്രമന്ത്രിയും ആയി!)

സമസ്തിപുര്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലായിരുന്നു അഡ്വാനി തങ്ങിയിരുന്നത്. പുലര്‍ച്ചെ അവിടുന്ന് അറസ്റ്റ് ചെയ്യണം, ആളുകള്‍ അറിയും മുമ്പ് അവിടുന്ന് മാറ്റുകയും വേണം. അതിനായി ഹെലികോപ്റ്റര്‍ റെഡിയാക്കി നിര്‍ത്തി. ജില്ലാ കലക്ടറും പൊലീസ് മേധാവിയും പോലും അറിയാതെയായിരുന്നു നീക്കങ്ങള്‍. പുലര്‍ച്ചെ നാലു മണിക്ക് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു. 'പത്രത്തില്‍ നിന്നാണ്, അഡ്വാനിജി എന്തു ചെയ്യുകയാണ്?'

'അദ്ദേഹം നല്ല ഉറക്കത്തിലാണ് '

'മുറിയില്‍ തനിച്ചാണോ?'

'അതെ'

അതറിയുകയായിരുന്നു ഉദ്ദേശ്യം. ദൗത്യസംഘത്തിന് ഗ്രീന്‍ സിഗ്‌നല്‍ നല്‍കി. ഒരു തടസ്സവുമില്ലാതെ അവര്‍ അറസ്റ്റ് നടപ്പാക്കുകയും ചെയ്തു. പുലര്‍ച്ചെ മാധ്യമങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ അഡ്വാനിയെ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നതിന്റെ ഒരു ചിത്രം പോലും പുറത്തുവന്നില്ല. പ്രതിഷേധം വല്ലാതെ ആളാതിരിക്കാന്‍ അതും കാരണമായി.

ബിഹാര്‍ ബംഗാള്‍ അതിര്‍ത്തിയിലെ മസന്‍ജോറിലേക്കാണ് അഡ്വാനിയെ മാറ്റിയത്. അവിടവിടെയായി ഉണ്ടായ പ്രതിഷേധ ശ്രമങ്ങള്‍ അല്ലാതെ അറസ്റ്റ് ബിഹാറില്‍ വലിയ ചലനമൊന്നും ഉണ്ടാക്കിയില്ല. വര്‍ഗീയ സംഘര്‍ഷത്തിനുള്ള നീക്കങ്ങളെ ശക്തമായി നേരിടാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു.

രണ്ടു ദിവസം കഴിഞ്ഞ് ലാലു പ്രസാദ് യാദവ് അഡ്വാനിയെ വിളിച്ചു. 'വിശാലമായ വളപ്പിനു നടുവിലാണ് താങ്കളെ പാര്‍പ്പിച്ചിരിക്കുന്ന ഗസ്റ്റ് ഹൗസ്. നല്ല പച്ചപ്പാണ് ചുറ്റും. അവിടൊക്കെ ഒന്നു ചുറ്റിക്കാണൂ. ആരോഗ്യം ശ്രദ്ധിക്കണം എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചോളൂ'

കസ്റ്റഡിയിലായിരിക്കെ ഒറ്റ ആവശ്യമേ അഡ്വാനി മുന്നോട്ടുവച്ചുള്ളു, ഭാര്യയുമായി ദിവസവും സംസാരിക്കാന്‍ സംവിധാനം വേണം. ഉദ്യോഗസ്ഥരെല്ലാം അതിനെ എതിര്‍ത്തു. അത്തരമൊരു സംവിധാനമുണ്ടാക്കിയാല്‍ അത് രാഷ്ട്രീയമായി ഉപയോഗിക്കപ്പെടാം. അഡ്വാനിയുടെ ഒരു വാക്കുമതി അണികള്‍ ഇളകാന്‍. ലാലു പക്ഷേ, തീരുമാനിച്ചത് മറിച്ചാണ്. അഡ്വാനി ക്രിമിനല്‍ അല്ല, രാഷ്ട്രീയത്തടവുകാരനാണ്. ഒരു രാഷ്ട്രീയത്തടവുകാരന്റെ മാനുഷികമായ ആവശ്യമാണ് അദ്ദേഹം ചോദിച്ചത്. അത് അനുവദിക്കുക തന്നെ വേണം. അങ്ങനെ അഡ്വാനിക്കു ഭാര്യയുമായി സംസാരിക്കാന്‍ ഹോട്ട്‌ലൈന്‍ സ്ഥാപിച്ചു. ഭാര്യയുമായി സംസാരിക്കാന്‍ മാത്രമേ ലൈന്‍ ഉപയോഗിക്കാവൂ എന്ന കര്‍ശന നിബന്ധന വച്ചിരുന്നു.

അഡ്വാനിയുടെ അറസ്റ്റ്: ഒരാളും അറിഞ്ഞില്ല, ഒരു ചിത്രം പോലും പുറത്തുവന്നില്ല
മറന്നുപോയോ കൂത്താട്ടുകുളം മേരിയെ?
ലാലുപ്രസാദ് യാദവിന്‍റെ ആത്മകഥ
ലാലുപ്രസാദ് യാദവിന്‍റെ ആത്മകഥരൂപ പബ്ലിക്കേഷന്‍സ്

അഡ്വാനി ഭാര്യ കമലയുമായി ദിവസം രണ്ടു വട്ടം സംസാരിക്കുന്നുണ്ട് എന്നത് വലിയ വാര്‍ത്തയായി. കമലയെ സ്വാധീനിച്ച്, അഡ്വാനിയുമായി അഭിമുഖം നടത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമം നടത്തി. ഒരു സീനിയര്‍ ജേണലിസ്റ്റ് ഒരു ദിവസം ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ എത്തുകയും ചെയ്തു. അഡ്വാനി പക്ഷേ, വാക്കുപാലിക്കുന്നതില്‍ കണിശക്കാരനായിരുന്നു. ഫോണില്‍ മാധ്യമപ്രവര്‍ത്തകനോട് സംസാരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. എന്നാല്‍ അഡ്വാനിയോട് സംസാരിച്ചെന്നും വിപി സിങ് സര്‍ക്കാരിനുള്ള പിന്തുണ ബിജെപി ഉടന്‍ പിന്‍വലിക്കുമന്നും അയാള്‍ വാര്‍ത്ത നല്‍കി. പിന്തുണ പിന്‍വലിക്കുന്ന കാര്യം എല്ലാവര്‍ക്കും ഏതാണ്ട് ഉറപ്പായിരുന്നു. എന്നാല്‍ കസ്റ്റഡിയിലുള്ള അഡ്വാനി അത് സ്ഥിരീകരിച്ചെന്ന വാര്‍ത്ത സര്‍ക്കാരിന് വലിയ നാണക്കേടുണ്ടാക്കി. ഗസ്റ്റ് ഹൗസ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന ആവശ്യമുയര്‍ന്നു. തന്നെ അറസ്റ്റ് ചെയ്ത സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി അഡ്വാനിക്ക് ഈ അവസരം ഉപയോഗിക്കാമായിരുന്നു. എന്നാല്‍ മൗനം ഭജിക്കാതെ, താന്‍ ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പ്രസ്താവനയിറക്കി. ആ അന്തസ്സും സത്യസന്ധതയും അദ്ദേഹം എപ്പോഴും പുലര്‍ത്തിയിരുന്നു. അഭിമുഖത്തിന്റെ പേരില്‍ ബലിയാടാവുമായിരുന്ന ഒരുദ്യോഗസ്ഥന്റെ കരിയര്‍ കൂടിയാണ് അഡ്വാനി അന്നു രക്ഷിച്ചത്.

(ലാലു പ്രസാദ് യാദവിന്റെ ആത്മകഥ ഗോപാല്‍ഗഞ്ച് ടു റയ്‌സിന മൈ പൊളിറ്റിക്കല്‍ ജേണിയെ മാത്രം അവലംബിച്ച് എഴുതിയത്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com