മറന്നുപോയോ കൂത്താട്ടുകുളം മേരിയെ?

ഉള്ളില്‍ തീനാളങ്ങള്‍ കാത്ത് വെച്ച വിപ്ലവകാരി -  അതായിരുന്നു, കൂത്താട്ടുകുളം മേരി
തിരുവിതാംകൂറിന്റെ പടനായികയെന്ന് വിശേഷിപ്പിക്കാവുന്ന കൂത്താട്ടുകുളം മേരിയുടെ ജീവിതം ആദ്യന്തം പോരാട്ടങ്ങളുടേതായിരുന്നു
തിരുവിതാംകൂറിന്റെ പടനായികയെന്ന് വിശേഷിപ്പിക്കാവുന്ന കൂത്താട്ടുകുളം മേരിയുടെ ജീവിതം ആദ്യന്തം പോരാട്ടങ്ങളുടേതായിരുന്നു

ള്ളില്‍ തീനാളങ്ങള്‍ കാത്ത് വെച്ച വിപ്ലവകാരി -  അതായിരുന്നു, കൂത്താട്ടുകുളം മേരി. പോയ തലമുറയിലെ ഏറ്റവും ധീരയായ കമ്യൂണിസ്റ്റ് വനിത.  തിരുവിതാംകൂറിന്റെ പടനായികയെന്ന് വിശേഷിപ്പിക്കാവുന്ന കൂത്താട്ടുകുളം മേരിയുടെ ജീവിതം ആദ്യന്തം പോരാട്ടങ്ങളുടേതായിരുന്നു. അവസാന ശ്വാസം വരേയും അവര്‍, അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിനു വേണ്ടി പൊരുതി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി. പാര്‍ട്ടിയ്ക്കകത്തെ ശൈഥില്യങ്ങള്‍ക്കെതിരെ കലാപമുയര്‍ത്തുമ്പോഴും കമ്മ്യൂണിസ്റ്റ് ഐക്യത്തിനു വേണ്ടി അഹോരാത്രം പാടുപെടുമ്പോഴും കൂത്താട്ടുകുളം മേരി, തന്റെ ജീവിതം കൊണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അരുണാഭമാക്കിയ നിരവധി അധ്യായങ്ങള്‍ വരുംതലമുറയ്ക്കായി ബാക്കി വെച്ചു.

കൂത്താട്ടുകുളം മേരിജോണ്‍ എന്ന ആദ്യകാല കവയിത്രി ഇവരുടെ അടുത്ത ബന്ധുവായിരുന്നു. അവരുടെ വെണ്‍മ പുരണ്ട കവിതകള്‍ എന്ന പോലെ നന്മ പ്രസരിപ്പിക്കുന്ന മാനവികതയിലൂന്നിയ ജീവിതദര്‍ശനവും കുഞ്ഞുന്നാളിലേ കൂത്താട്ടുകുളം മേരിയെ ആകര്‍ഷിച്ചു. അടുത്ത ബന്ധുക്കള്‍ തന്നെയായ അക്കാമ്മ ചെറിയാന്റേയും അവരുടെ  സഹോദരി റോസമ്മ പുന്നൂസിന്റേയും സ്വാതന്ത്ര്യസമര പോരാട്ടവും മേരി ടീച്ചര്‍ക്ക് പ്രചോദനമായി.

ഭൂപരിഷ്‌കരണനയം നടപ്പിലാക്കുന്നതിനും കര്‍ഷകന്റെ അവകാശങ്ങളുയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടി മലയോരമേഖലയില്‍ പോരാട്ടത്തിനു നേതൃത്വം വഹിച്ച കെടി ജേക്കബ്, ആലപ്പുഴയുടെ അഗ്‌നികിരീടമായ ടിവി തോമസ്, പിടി പുന്നൂസ്, ജേക്കബ് ഫിലിപ്പ് തുടങ്ങിയ നേതാക്കളില്‍ നിന്നാണ് മേരി കമ്മ്യൂണിസത്തിന്റെ ബാലപാഠങ്ങള്‍ ഉള്‍ക്കൊണ്ടത്. പുന്നപ്ര-വയലാര്‍ സമരം ഇരമ്പിയ നാളുകളില്‍ മേരിയും പ്രക്ഷോഭത്തിന്റെ പാതയിലേക്ക് എടുത്ത് ചാടി. മാതാപിതാക്കളുടേയും മറ്റ് ബന്ധുക്കളുടെയും എതിര്‍പ്പുകള്‍ മറികടന്നു കൊണ്ടാണ് അവര്‍ സമരതീക്ഷ്ണമായ ജീവിതം സ്വയം സ്വീകരിച്ചത്.

മുള്ളുകള്‍ നിറഞ്ഞതായിരുന്നു ആ വഴിയെന്നറിഞ്ഞു കൊണ്ടു തന്നെ അവര്‍ മനുഷ്യനന്മ യുടെ പതാകാവാഹകയായി മാറുകയായിരുന്നു. ഗൗരിയമ്മയും റോസമ്മ പുന്നൂസും ഉയര്‍ത്തിപ്പിടിച്ച ചുവന്ന കൊടിക്കു പിന്നില്‍ അണി നിരക്കുകയും ആ കൊടി ഏറ്റുവാങ്ങുകയും ചെയ്ത്, സര്‍ സിപിയുടെ ഏകാധിപത്യത്തിനെതിരേയുള്ള ഉശിരന്‍ പോരാട്ടങ്ങളുടെ മുന്‍നിരയിലേക്ക് കൗമാരം കടന്നിട്ടില്ലാത്ത മേരിയും എടുത്ത് ചാടി. അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യവുമായാണ് അവര്‍ പ്രക്ഷോഭത്തിന്റെ പാതയിലേക്ക് വന്നത്. അതിനാകട്ടെ, കനത്ത വിലയും നല്‍കേണ്ടി വന്നു. 

1948ലെ രണദിവെ തീസിനെത്തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെടുകയും ഭരണകൂടത്തിന്റെ ഏജന്റുമാര്‍ പുന്നപ്ര-വയലാര്‍ സമരസേനാനികളെ കൊന്നൊടുക്കുകയും ചെയ്ത് കൊണ്ടിരിക്കെ, ഒളിവിലിരുന്ന് കൊണ്ടാണ് പാര്‍ട്ടിയുടെ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ നടന്നത്. പോലീസും പട്ടാളവും ക്രൂരമായ മര്‍ദ്ദനങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ അഴിച്ചുവിട്ടത്. മേരിയേയും പൊലീസ് പിടിച്ചുകൊണ്ടു പോയി. തിരുമാറാടിയെന്ന ഗ്രാമത്തില്‍ ഒളിവില്‍ കഴിയുമ്പോഴാണ് അവര്‍ പിടിക്കപ്പെട്ടത്. സമരസഖാക്കള്‍ക്ക് രഹസ്യസന്ദേശങ്ങള്‍ കൈമാറുന്ന ആളായി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു മേരിയുടെ പേരില്‍ ചാര്‍ത്തിയ കുറ്റം. തോബിയാസ് എന്നൊരു പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അതിക്രൂരമായ മര്‍ദ്ദനമാണ് മേരിയുടെ നേരെ അഴിച്ചുവിട്ടത്. ലാത്തിയും ബയണറ്റിന്റെ മുന കൊണ്ടുമുള്ള കഠിന പീഡനമായിരുന്നു നടന്നത്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനില്‍ നടന്ന ഈ മര്‍ദ്ദനത്തെക്കുറിച്ച് പില്‍ക്കാലത്ത് അവര്‍ നിരവധി അനുഭവങ്ങള്‍ ഈ ലേഖകനുമായി പങ്ക് വെക്കുകയുണ്ടായി. പെരിന്തല്‍മണ്ണയിലെ അവരുടെ വീട്ടിലെ നിരവധി സായാഹ്നങ്ങളില്‍ നടത്തിയ ചരിത്രകഥനങ്ങളത്രയും ഇന്നിപ്പോള്‍ തീര്‍ത്തും ദു:ഖകരമായ ഓര്‍മ്മ.

പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്ത് പോഷകസംഘടനയായ മഹിളാസംഘവുമായി സഹകരിച്ചു കൊണ്ടുള്ള പ്രവര്‍ത്തന രംഗമാണ് മേരി പിന്നീട് സ്വീകരിച്ചത്. തന്നെ ഒരു ഫുള്‍ടൈം കമ്മ്യൂണിസ്റ്റുകാരിയാക്കുന്നതില്‍ ഈ പൊലീസ് മര്‍ദ്ദനം സഹായിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞിരുന്നതോര്‍ക്കുന്നു. പഠനം ഇടയ്ക്ക് വെച്ച് മുടങ്ങിയതിനാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ സഹായത്തോടെ അവര്‍ വിദ്യാഭ്യാസം തുടരുകയും തുടര്‍ന്ന് അധ്യാപികയാവുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് സിഎസ് ജോര്‍ജുമായുള്ള പ്രണയവും ഒളിവുജീവിത കാലത്താണ് സംഭവിച്ചത്. സിപിഐയുടെ നിശ്ശബ്ദനായ നേതാവായിരുന്നു സിഎസ് ജോര്‍ജ്. പാര്‍ട്ടിയുടെ അനുമതിയോടെ വിവാഹം നടന്നു.

മലബാറിലേക്ക് കുടിയേറിയ സിഎസ് ജോര്‍ജും മേരി ടീച്ചറും ആദ്യം മണ്ണാര്‍ക്കാട്ടും പിന്നീട് പെരിന്തല്‍മണ്ണയിലും സ്ഥിരവാസമായി. സിഎസ് ജോര്‍ജ് പെരിന്തല്‍മണ്ണയിലെ സഹകരണാടിസ്ഥാനത്തിലുള്ള ആദ്യത്തെ ബീഡിക്കമ്പനിയ്ക്ക് (കത്രി ബീഡി) രൂപം നല്‍കി. ബീഡിക്കമ്പനിയോടൊപ്പം പെരിന്തല്‍മണ്ണയിലെ ആദ്യത്തെ സിപിഐ ബ്രാഞ്ചും സ്ഥാപിച്ചു. അധ്യാപ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ച മേരി ടീച്ചര്‍ മലപ്പുറം ജില്ലയിലെ സിപിഐ അനുകൂല മഹിളാസംഘത്തിന്റെ പ്രവര്‍ത്തനത്തിലും സജീവമായി. ഭര്‍ത്താവിന്റെ വിയോഗത്തോടെ മേരി ടീച്ചര്‍ താമസം കോട്ടയം വെള്ളൂരിലേക്ക് മാറ്റി.

നാലു പെണ്‍മക്കളേയും പാര്‍ട്ടി പ്രവര്‍ത്തകരാക്കുന്നതില്‍ ആ അമ്മ വിമുഖയായില്ല. മൂത്ത മകള്‍ ഗിരിജ സി ജോര്‍ജ് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റായിരുന്നു. രണ്ടാമത്തെ മകള്‍, മോസ്‌കോ ലുമുംബ യൂണിവേഴ്സിറ്റി യില്‍ പഠിച്ച ഷൈലയും വിദ്യാര്‍ഥി-യുവജനഫെഡറേഷനില്‍ സജീവമായിരുന്നു. ബിനോയ് വിശ്വം എംപിയുടെ ഭാര്യയാണ് എഴുത്തുകാരി കൂടിയായ ഷൈല. മറ്റുമക്കളായ അയിഷ, സുലേഖ എന്നിവരും ആദ്യകാലങ്ങളില്‍ സിപിഐ വിദ്യാര്‍ഥി ഫെഡറേഷന്‍പ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു.

രോഗശയ്യയിലാകുന്നതിന് തൊട്ട് മുമ്പ് സിപിഐയുടെ തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധിയായും പ്രായത്തിന്റെ പാരവശ്യം മറന്ന് മേരി ടീച്ചര്‍ പങ്കെടുത്തിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണം എന്ന ആശയത്തിനു പിന്തുണയയുമായാണ് അവര്‍ അന്ന് സംസാരിച്ചത്.

രാഷ്ട്രീയപ്രവര്‍ത്തനത്തോടൊപ്പം സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന മേരി ടീച്ചര്‍ തൊണ്ണൂറാം വയസ്സില്‍ എറണാകുളത്ത് സ്വന്തമായി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. രാഷ്ട്രീയത്തിലെ ജീര്‍ണതകള്‍ക്കെതിരെ പോരാടിയിരുന്ന ധീരയായ കമ്മ്യൂണിസ്റ്റുകാരിയായിരുന്നു, അവര്‍. ഇന്ന് പലരും മറന്നുപോയ ധീരയായ ആ വനിതാ പോരാളിയുടെ ജീവിതം പുതുതലമുറ കമ്മ്യൂണിസ്റ്റുകാര്‍ക്കാകെ മാനവികതയിലൂന്നിയ മഹത്തായ മാതൃകയാണ് പകര്‍ന്നു നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com