റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സിം കാര്‍ഡ് വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ബംഗ്ലാദേശ് സര്‍ക്കാര്‍

സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ നിയന്ത്രണം നടപ്പിലാക്കിയതെന്ന് ബംഗ്ലാദേശ് സര്‍ക്കാരിന്റെ വാദം.
റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സിം കാര്‍ഡ് വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ബംഗ്ലാദേശ് സര്‍ക്കാര്‍

ധാക്ക: റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ സിം വില്‍പ്പന നടത്തരുതെന്ന് ടെലികോം കമ്പനികള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ നിയന്ത്രണം നടപ്പിലാക്കിയതെന്നാണ് സര്‍ക്കാര്‍ വക്താക്കള്‍ വ്യക്തമാക്കുന്നത്. 
നാലര ലക്ഷത്തോളം വരുന്ന റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സിം വില്‍പ്പന നടത്താന്‍ ശ്രമിച്ചാല്‍ പിഴ ഈടാക്കുമെന്ന് മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 

നിയന്ത്രണം നടപ്പിലാവുന്നതോടെ റോഹിന്‍ഗ്യകള്‍ക്ക് ബംഗ്ലാദേശില്‍ നിന്നും സിം ലഭിക്കില്ലെന്ന് ടെലികോം മന്ത്രാലയ വക്താവ് എനയെറ്റ് ഹൊസൈന്‍ പറഞ്ഞു.
മനുഷ്യത്വപരമായ പരിഗണനയുടെ പേരിലാണ് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ബംഗ്ലാദേശ് അഭയം നല്‍കിയിരിക്കുന്നത് എന്നാല്‍ രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാറിന് സാധിക്കില്ലെന്ന് ജൂനിയര്‍ ടെലികോം മന്ത്രി തരാണ ഹലീം പറഞ്ഞു.

അതേസമയം പുതിയതായി രാജ്യത്തെത്തിയ റോഹിന്‍ഗ്യനുകള്‍ക്ക് ബയോമെട്രിക് കാര്‍ഡുകള്‍ ലഭിക്കുന്നതോടെ നിരോധനം പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക രേഖകള്‍ സമര്‍പ്പിക്കാത്ത പൗരന്മാര്‍ക്ക് സിം കാര്‍ഡ് വില്‍ക്കുന്നതിന് നേരത്തെ തന്നെ സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com