സഖാക്കള്‍ക്ക് മതം വേണ്ട: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 19th July 2017 02:54 PM  |  

Last Updated: 19th July 2017 05:16 PM  |   A+A-   |  

ബെയ്ജിങ്: പാര്‍ട്ടി അംഗങ്ങളുടെ മതവിശ്വാസത്തില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അംഗങ്ങള്‍ മതവിശ്വാസം ഉപേക്ഷിക്കണമെന്നും ഇല്ലെങ്കില്‍ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന(സിപിസി) മുന്നറിയിപ്പു നല്‍കി. മതവിശ്വാസം വേണ്ടെന്നും മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്്ത്രം പിന്‍പറ്റിയുള്ള പ്രവര്‍ത്തനങ്ങള്‍ മതിയെന്നുമാണ് പാര്‍ട്ടിയുടെ നിലപാട് എന്ന് ഗ്ലോബല്‍ ടൈംസില്‍ പാര്‍ട്ടി മതകാര്യ വക്താവ് എഴുതിയ ലേഖനത്തില്‍ പറയുന്നു.

ചൈനയുടെ ഭരണഘടന മതവിശ്വാസത്തെ അംഗീകരിച്ചിട്ടുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇത് അംഗീകരിച്ചിട്ടില്ല. ഭരണഘടന ആനുകൂല്യം മുതലാക്കി പാര്‍ട്ടി അംഗങ്ങള്‍ മതവിശ്വാസികളാകുന്നുവെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. 

മികച്ച നിരീശ്വരവാദിയാകാന്‍ എല്ലാവരും ശ്രമിക്കണമെന്നും പാര്‍ട്ടി അംഗങ്ങള്‍ക്ക് മതവിശ്വാസം പാടില്ലെന്നും ഗ്ലോബല്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ മതകാര്യ വകുപ്പ് അധ്യക്ഷന്‍ വാങ് സുവോന്‍ പറയുന്നു. ചൈനയില്‍ കഴിയുന്ന ഏതു വിശ്വാസത്തില്‍പ്പെട്ട ജനങ്ങളായാലും അവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിക്കരുതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് പറഞ്ഞിരുന്നു. 90 മില്യണ്‍ പാര്‍ട്ടി അംഗങ്ങളാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിലവിലുള്ളത്. 

മത ഗ്രൂപ്പുകള്‍ പാര്‍ട്ടിക്ക് മുകളില്‍ വളരേണ്ട എന്നും പാര്‍ട്ടിക്ക് വിധേയമായിരിക്കണമെന്നുമാണ് പാര്‍ട്ടി നിലപാട്. ''പിന്തിരിപ്പന്‍ ആശയങ്ങള്‍'' പ്രചരിപ്പിക്കുന്ന മതസംഘടനകള്‍ രാജ്യ പുരോഗതിക്ക് എതിരായ് പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ് പാര്‍ട്ടി പറയുന്നത്. 

വിദേശശക്തികള്‍ മതത്തെ ഉപയോഗിച്ച് രാജ്യത്തേക്ക് കടന്നുകയറുകയാണെന്നും രാജ്യത്തിന്റെ പാരമ്പര്യത്തില്‍ അധിഷ്ടിതമായ സോഷ്യലിസം തകര്‍ക്കുകയാണ് എന്നും പാര്‍ട്ടി ആരോപിക്കുന്നു. 1921ലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിക്കപ്പെട്ടത്. മാര്‍ക്‌സിസ്റ്റ് ലെസിനിസ്റ്റ് മാവോയിസ്റ്റ്,ചൈനീസ് പാരമ്പര്യ സോഷ്യലിസ്റ്റ് പാതയാണ് പാര്‍ട്ടി പിന്തുടര്‍ന്നുവരുന്നത്.ഒറ്റപ്പാര്‍ട്ടി ഭരണമാണ് ചൈനയില്‍ നടന്നുവരുന്നത്.