സ്ത്രീകള്‍ക്ക് സൗന്ദര്യമുള്ള കാലത്തോളം ബലാത്സംഗം ഉണ്ടാകുമെന്ന് ദ്യുത്തെര്‍ത്തെ; ഫിലിപ്പൈന്‍ പ്രസിഡന്റിനെതിരെ വ്യാപക പ്രതിഷേധം

സമ്മതിക്കാത്തത് കൊണ്ടാണ് ബലാത്സംഗം ചെയ്യേണ്ടി വരുന്നത്, ആദ്യമേ സമ്മതിച്ചാല്‍ ബലാത്സംഗം ഉണ്ടാവില്ലെന്നുമായിരുന്നു' ദ്യുത്തെര്‍ത്തോയുടെ വാക്കുകള്‍.
 സ്ത്രീകള്‍ക്ക് സൗന്ദര്യമുള്ള കാലത്തോളം ബലാത്സംഗം ഉണ്ടാകുമെന്ന് ദ്യുത്തെര്‍ത്തെ; ഫിലിപ്പൈന്‍ പ്രസിഡന്റിനെതിരെ വ്യാപക പ്രതിഷേധം

 മനില: സ്ത്രീകള്‍ സുന്ദരിമാരായത് കൊണ്ടാണ് ലോകത്ത് ബലാത്സംഗങ്ങള്‍ ഉണ്ടാകുന്നതെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രിഗോ ദ്യുത്തെര്‍ത്തെ. സൗന്ദര്യമുള്ള സ്ത്രീകള്‍ ഉള്ളിടത്തോളം കാലം ബലാത്സംഗം വര്‍ധിക്കുമെന്നും അദ്ദേഹം പൊതുവേദിയില്‍ പറഞ്ഞു. വ്യാഴാഴ്ച സ്വദേശമായ ദാവോയില്‍ നടന്ന പരിപാടിയിലായിരുന്നു പ്രസിഡന്റിന്റെ വിവാദ പ്രസംഗം. 'ദാവോയില്‍ ബലാത്സംഗക്കേസുകള്‍ വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍, സുന്ദരിമാരായ സ്ത്രീകള്‍ ഉള്ളത് കൊണ്ടാണ് ബലാത്സംഗവും ഉണ്ടാകുന്നത്.  സമ്മതിക്കാത്തത് കൊണ്ടാണ് ബലാത്സംഗം ചെയ്യേണ്ടി വരുന്നത്, ആദ്യമേ സമ്മതിച്ചാല്‍ ബലാത്സംഗം ഉണ്ടാവില്ലെന്നുമായിരുന്നു' ദ്യുത്തെര്‍ത്തോയുടെ വാക്കുകള്‍.

 പ്രസിഡന്റ് എല്ലാ മര്യാദകളും ലംഘിക്കുകയാണെന്ന്  ഫിലിപ്പൈന്‍സിലെ വനിതാ സംഘടനകള്‍ പ്രതിഷേധക്കുറിപ്പില്‍ വ്യക്തമാക്കി. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രതിഷേധക്കാരെ താന്‍ വകവയ്ക്കുന്നില്ലെന്നും ഇത് രാഷ്ട്രീയമാണ്, തമാശ തിരിച്ചറിയാത്തവര്‍ രാജ്യത്ത് നിന്നും പൊയ്‌ക്കോളൂ എന്നുമാണ് ദ്യുത്തെര്‍ത്തെ പ്രതിഷേധക്കാര്‍ക്ക് മറുപടി നല്‍കിയത്. 

 ദ്യുത്തെര്‍ത്തോയുടെ വാക്കുകള്‍ വെറും തമാശയാണെന്നും അതില്‍ വിവാദം കണ്ടെത്തേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ സെക്രട്ടറി ന്യൂയോര്‍ക്ക് ടൈംസിനോട് ഇതേക്കുറിച്ച് മറുപടി നല്‍കിയത്. അങ്ങേയറ്റം സ്ത്രീ വിരുദ്ധവും മനുഷ്യവിരുദ്ധവുമാണ് ഫിലിപ്പൈന്‍ പ്രസിഡന്റിന്റെ വാക്കുകളെന്നും ഇതൊന്നും തമാശയായി തള്ളിക്കളയരുതെന്നും അന്താരാഷ്ട്ര വനിതാ സംഘടനകള്‍ പറഞ്ഞു .

കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് തന്റെ സര്‍ക്കാര്‍ സഹിക്കില്ലെന്നും എന്നാല്‍ മരിക്കാന്‍ തീരുമാനിച്ചയാള്‍ക്ക് മിസ് യൂണിവേഴ്‌സിനെ വരെ ബലാത്സംഗം ചെയ്യാനുള്ള അനുമതിയുണ്ടെന്നും ദ്യുത്തെര്‍ത്തോ മുന്‍പ് പറഞ്ഞതും വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com