റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം സൗദി തടവിലാക്കിയ മൂന്ന്  മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക്

സൗദി അറേബ്യയിലെ ഏകാധിപത്യപരമായ രാഷ്ട്രീയ നേതൃത്വത്തിനെ നവീകരിക്കാന്‍ നടത്തിയ ധീരപ്രവര്‍ത്തികള്‍ക്കാണ് പുരസ്‌കാരമെന്ന് സമിതി അറിയിച്ചു.
റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം സൗദി തടവിലാക്കിയ മൂന്ന്  മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക്

കോപന്‍ ഹേഗന്‍: സമാന്തര നൊബേല്‍ എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരത്തിന് സൗദി ജയിലില്‍ കഴിയുന്ന മൂന്ന്  മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അര്‍ഹരായി. അബ്ദുല്ല അല്‍ ഹമീദ്, മൊഹമ്മദ് ഫഹദ് അല്‍ ഖ്വഹ്താനി, വലീദ് അബു അല്‍ ഖൈര്‍ എന്നിവരാണ് പുരസ്‌കാരം സ്വന്തമാക്കിയ സൗദി പൗരന്‍മാര്‍. സൗദി അറേബ്യയിലെ ഏകാധിപത്യപരമായ രാഷ്ട്രീയ നേതൃത്വത്തിനെ നവീകരിക്കാന്‍ നടത്തിയ ധീരപ്രവര്‍ത്തികള്‍ക്കാണ് പുരസ്‌കാരമെന്ന് സമിതി അറിയിച്ചു.

മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ മൂവരേയും സൗദി സര്‍ക്കാര്‍ തടവിലാക്കിയിരിക്കുകയാണ്. 'അറബ് വസന്ത' കാലത്ത് ഹാസേം എന്നപേരില്‍ സംഘടന രൂപീകരിച്ച്  പ്രവര്‍ത്തനം നടത്തിയതിനാണ് അബ്ദുല്ല അല്‍ ഹമീദ്, മൊഹമ്മദ് ഫഹദ് അല്‍ ഖ്വഹ്താനി എന്നിവരെ  പത്തും, പതിനൊന്നും വര്‍ഷം ശിക്ഷിച്ചത്.  ബ്ലോഗറും അഭിഭാഷകനുമായിരുന്ന വലീദ് അബു അല്‍ ഖൈറിനെ രാജഭരണത്തിനെതിരെ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയത്. ഖൈറിന് 15 വര്‍ഷത്തെ ശിക്ഷയും സൗദി വിധിച്ചിരുന്നു.വിദേശ സംഘടനകളുമായി ചേര്‍ന്ന് സൗദിയുടെ സത്‌പേരിന് കളങ്കമുണ്ടാക്കിയെന്ന കുറ്റവും ഇയാള്‍ക്ക് മേല്‍ ചുമത്തിയിരുന്നു. 

84 ലക്ഷത്തിനടുത്ത് ഇന്ത്യന്‍ രൂപയാണ് പുരസ്‌കാരത്തുക.

ഗ്വാട്ടെമാലയിലെ തെല്‍മ അല്‍ദാനയ്ക്കും കൊളംബിയയിലെ ഇവാന്‍ വെലാക്വസിനും ഈ വര്‍ഷത്തെ ഓണററി പുരസ്‌കാരങ്ങളും സമതി പ്രഖ്യാപിച്ചു. അധികാര ദുര്‍വിനിയോഗവും അഴിമതിയും ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നതിനാണ് ഇവര്‍ക്ക് പുരസ്‌കാരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com