ഇന്ധന വിലവര്‍ധന: ഫ്രാന്‍സില്‍ പ്രക്ഷോഭം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

ഫ്രാന്‍സില്‍ ഇന്ധനവില വര്‍ധനക്കെതിരെയായി ഉണ്ടായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന.
ഇന്ധന വിലവര്‍ധന: ഫ്രാന്‍സില്‍ പ്രക്ഷോഭം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

പാരീസ്: ഫ്രാന്‍സില്‍ ഇന്ധനവില വര്‍ധനക്കെതിരെയായി ഉണ്ടായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. രണ്ടാഴ്ചയിലേറെയായി ഫ്രാന്‍സിലെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. ഇത് കഴിഞ്ഞ ദിവസങ്ങളിലാണ് അക്രമത്തിലേക്ക് വഴിമാറിയത്. പ്രതിഷേധം കനത്തതിനാല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാകുമെന്ന് ആലോചിക്കുകയാണെന്ന് സര്‍ക്കാര്‍ വക്താവ് ബെഞ്ചമിന്‍ ഗ്രീവക്‌സ് വ്യക്തമാക്കി. ഇന്ധനവിലയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ ഫ്രാന്‍സില്‍ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ട്. മുഖംമറച്ച് തെരുവിലിറങ്ങിയ യുവാക്കള്‍ ഇരുമ്പുവടികളും കോടാലികളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സെന്‍ട്രല്‍ പാരീസില്‍ നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. ഒട്ടേറെ കെട്ടിടങ്ങളും തകര്‍ത്തു.

നവംബര്‍ പതിനേഴ് മുതലാണ് ഇന്ധന നികുതി വര്‍ധനയ്‌ക്കെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധം ആരംഭിച്ചത്. ആദ്യം സാമൂഹിക മാധ്യമങ്ങളില്‍ തുടങ്ങിയ പ്രതിഷേധം പിന്നീട് തെരുവിലേക്ക് നീങ്ങുകയായിരുന്നു. ഇതിന്റെ ഭാഗമായി വാഹനങ്ങളില്‍ ഫ്‌ളൂറസെന്റ് ജാക്കറ്റുകള്‍ പതിപ്പിച്ചും പ്രതിഷേധം സംഘടിപ്പിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രക്ഷോഭത്തിന്റെ സ്വഭാവം മാറുകയും വിവിധയിടങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെടുകയുമായിരുന്നു.

തുടര്‍ന്ന് നിരവധിപേരെ കഴിഞ്ഞ ദിവസം പാരീസിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷേ ഓരോ ദിവസവും കൂടുതല്‍ പേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയാണ്. അതിനിടെ, നിലവിലെ സാഹചര്യം വിലയിരുത്താനായി പ്രസിഡന്റ് ഇമ്മാനുവന്‍ മാക്രാണ്‍ പാരീസില്‍ അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com