സിനിമാ സ്റ്റൈലില്‍ തടവുപുള്ളി ജയില്‍ചാടി; രക്ഷപെടാനുപയോഗിച്ചത് ഹെലികോപ്ടര്‍ 

കമാന്‍ഡോ സ്‌റ്റൈല്‍ ഓപറേഷന്‍ നടത്തിയാണ് അനുയായികള്‍ ഫെയ്ദിനെ കടത്തിയത്
സിനിമാ സ്റ്റൈലില്‍ തടവുപുള്ളി ജയില്‍ചാടി; രക്ഷപെടാനുപയോഗിച്ചത് ഹെലികോപ്ടര്‍ 

പാരീസ്: ഫ്രാന്‍സിലെ കുപ്രസിദ്ധ മോഷ്ടാവും അധോലോക സംഘത്തലവനുമായ റെഡോയ്ന്‍  ഫെയ്ദ് ജയില്‍ ചാടിയതായി പൊലീസ്. കമാന്‍ഡോ സ്‌റ്റൈല്‍ ഓപറേഷന്‍ നടത്തിയാണ് അനുയായികള്‍ ഫെയ്ദിനെ കടത്തിയത്. ഫെയ്ദ് സന്ദര്‍ശക മുറിയില്‍ ഇരിക്കുന്ന സമയത്ത് സ്യുദ്-ഫ്രാന്‍സിലിയേന്‍ ജയില്‍ മുറ്റത്തേക്ക്  ഹെലികോപ്ടര്‍ പറന്നിറങ്ങുകയും ആയുധധാരികളെത്തി
ഫെയ്ദിനെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. 

ഇത് രണ്ടാം തവണയാണ് ഫെയ്ദ് ജയില്‍ ചാടുന്നത്. കഴിഞ്ഞ തവണ ഡൈനാമൈറ്റ് ഉപയോഗിച്ച് ജയിലില്‍ സ്‌ഫോടനം ഉണ്ടാക്കിയാണ് ഇയാള്‍ രക്ഷപെട്ടത്. ഫയ്ദിനെ കടത്തിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഹെലികോപ്ടര്‍ സംഭവ സ്ഥലത്ത് നിന്നും 60 കിലോമീറ്റര്‍ അകലെ നിന്നും കണ്ടെടുത്തു. ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടറെ തോക്കുചൂണ്ടി തട്ടിക്കൊണ്ട് വന്ന് കൃത്യത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നും ഇയാളെ പിന്നീട് വിട്ടയച്ചതായും പൊലീസ് കണ്ടെത്തി.

മോഷണ ശ്രമത്തിനിടയില്‍ പൊലീസുകാരിയെ കൊന്ന കേസില്‍ ഫയ്ദ്‌ന്  കോടതി  25 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഹോളിവുഡ്‌ സിനിമകളില്‍ നിന്നാണ് തനിക്ക് മോഷണം നടത്തുന്നതിനും സാഹസികമായി രക്ഷപെടുന്നതിനും പ്രചോദനം ലഭിച്ചിട്ടുള്ളതെന്ന് ഇയാള്‍ മുമ്പ് പൊലീസിനോട് സമ്മതിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com