97ാം വയസിൽ ഓടിച്ച കാർ മറിഞ്ഞു; അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഫിലിപ് രാജകുമാരൻ

എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ കാറപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു
97ാം വയസിൽ ഓടിച്ച കാർ മറിഞ്ഞു; അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഫിലിപ് രാജകുമാരൻ

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ കാറപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഫിലിപ് രാജകുമാരൻ ഓടിച്ച ലാൻഡ്റോവർ കാർ മറ്റൊരു കാറിലിടിച്ചു മറിഞ്ഞെങ്കിലും 97 വയസുള്ള അദ്ദേഹം പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. മറ്റേ കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളിൽ, ഡ്രൈവറുടെ കാൽമുട്ട് മുറിഞ്ഞു. ഒൻപത് മാസം പ്രായമായ കുഞ്ഞുമായി സഞ്ചരിച്ചിരുന്ന യാത്രക്കാരിയുടെ കൈ ഒടിഞ്ഞു.

നോർഫോക്കിൽ രാജ്ഞിയുടെ സാൻഡ്രിങ്ങാം കൊട്ടാരത്തിനടുത്തുള്ള റോഡിൽ വച്ചാണ് അപകടമുണ്ടായത്. പ്രധാന പാതയിലേക്കു കയറവേ സൂര്യപ്രകാശം രാജകുമാരന്റെ കണ്ണിലടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ. എഡിൻബറ ഡ്യൂക്ക് ആയ ഫിലിപ് രാജകുമാരൻ 2017 ൽ പൊതുജീവിതത്തിൽ നിന്നു വിരമിച്ചെങ്കിലും തൊണ്ണൂറ്റിയേഴാം വയസ്സിലും കാറോടിക്കാറുണ്ട്. 

വശം ചെരിഞ്ഞു റോഡിൽ മറിഞ്ഞ കാറിൽ നിന്ന് എണീറ്റ ഉടൻ അദ്ദേഹം ആർക്കെങ്കിലും പരുക്കുപറ്റിയോ എന്നാരാഞ്ഞു. സ്ഥലത്തെത്തിയ പൊലീസ്, രാജകുമാരൻ ഉൾപ്പെടെ കാർ ഓടിച്ച രണ്ട് പേരുടെയും ശ്വാസ പരിശോധന നടത്തിയെങ്കിലും ഇരുവരും മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞു. അപകടമുണ്ടായാലുടൻ ഡ്രൈവർമാരുടെ ശ്വാസ പരിശോധന നടത്തണമെന്നാണ് ബ്രിട്ടീഷ് നിയമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com