മോദി അവിടെയുണ്ട് ; നാളെ ആക്രമിക്കില്ലെന്ന് എന്താണുറപ്പ് ?; അഭിനന്ദന്റെ മോചനത്തിനെതിരെ പാക് മന്ത്രി

ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയക്കുന്നതിനെതിരെ പാക് മന്ത്രി രംഗത്ത്
മോദി അവിടെയുണ്ട് ; നാളെ ആക്രമിക്കില്ലെന്ന് എന്താണുറപ്പ് ?; അഭിനന്ദന്റെ മോചനത്തിനെതിരെ പാക് മന്ത്രി


ഇസ്ലാമാബാദ് : ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയക്കുന്നതിനെതിരെ പാക് മന്ത്രി രംഗത്ത്. പാകിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദാണ് അഭിനന്ദന്റെ മോചനത്തിനെതിരെ രംഗത്തുവന്നത്. പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെയാണ്, അവാമി മുസ്ലിം ലീഗ് അധ്യക്ഷനായ റഷീദ് അഹമ്മദ് വൈമാനികന്റെ മോചനത്തെ എതിര്‍ത്തത്. 

ഇന്ത്യന്‍ പൈലറ്റിനെ മോചിപ്പിച്ചാല്‍ നാളെ, ഇന്ത്യ വീണ്ടും പാകിസ്ഥാനെ ആക്രമിക്കില്ല എന്ന് എന്താണ് ഉറപ്പെന്ന് റഷീദ് അഹമ്മദ് ചോദിച്ചു. വാജ്‌പോയി പ്രധാനമന്ത്രിയായിരുന്ന കാലത്തേതുപോലുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. മോദി വ്യത്യസ്തമായി ചിന്തിക്കുന്നയാളാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മോദി ആക്രമണം നടത്തുന്നതെന്നാണ് ജനസംസാരം. 

അങ്ങനെയെങ്കില്‍ വൈമാനികനെ ഇന്ത്യയ്ക്ക് തിരിച്ചേല്‍പ്പിച്ചാല്‍ പിന്നീട് ഇന്ത്യ നമ്മളെ ആക്രമിക്കില്ലെന്ന് പറയാനാകുമോ. മോദി അവിടെ ഇരിപ്പുണ്ടെന്ന് മാത്രമേ എനിക്ക് ഓര്‍മ്മിപ്പിക്കാനുള്ളൂ. നാളെ മോദി വീണ്ടും പാകിസ്ഥാനെ ആക്രമിച്ചാല്‍, ഇന്ത്യയിലുള്ള മുസ്ലിങ്ങള്‍ പാകിസ്ഥാനെയാകും കുറ്റപ്പെടുത്തുകയെന്നും റഷീദ് അഹമ്മദ് പറഞ്ഞു. 

കാര്‍ഗില്‍ യുദ്ധസമയത്ത് ഇന്ത്യന്‍ വിമാനങ്ങള്‍ നിയന്ത്രണ രേഖ ലംഘിച്ചില്ല. എന്നാല്‍ ഇത്തവണ 14 ഇന്ത്യന്‍ ജെറ്റുകളാണ് അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെ ജബ്ബയിലെത്തിയത്. അസര്‍ സാഹിബിന്റെ മദ്രസ താലിബാന്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കാണ് ഇന്ത്യന്‍ പോര്‍ വിമാനങ്ങളെത്തിയതെന്നും പാക് മന്ത്രി പറഞ്ഞു. 

റാഷീദിന്റെ പ്രസ്താവനയില്‍ പാകിസ്ഥാനിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഷെയ്ഖ് റഷീദ് രാജിവെക്കണമെന്നും, അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും നവീദ് കമ്രാന്‍ എന്നയാള്‍ ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com