പക്ഷിയിടിച്ചു, അടിയന്തര ലാന്‍ഡിങ്ങിനിടെ എഞ്ചിന്‍ നിന്നു; 233 പേരുടെ ജീവന്‍ രക്ഷിച്ച പൈലറ്റിനെ വാഴ്ത്തി ലോകം
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th August 2019 07:20 AM |
Last Updated: 16th August 2019 07:21 AM | A+A A- |

പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അപകടം മുന്‍പില്‍ കണ്ട വിമാനം സാഹസികമായി പാടത്ത് ഇടിച്ചിറക്കി പൈലറ്റ്. 233 യാത്രക്കാരുമായി പറന്ന വിമാനം മനസാന്നിധ്യം നഷ്ടപ്പെടാതെ ലാന്‍ഡ് ചെയ്യിക്കാന്‍ ധൈര്യം കാണിച്ച പൈലറ്റാണ് ഇപ്പോള്‍ റഷ്യക്കാരുടെ ഹീറോ.
മോസ്‌കോയുടെ തെക്ക് കിഴക്കന്‍ പ്രദേശത്താണ് റഷ്യന്‍ വിമാനമായ യൂറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 321 അടിയന്തര ലാന്‍ഡിങ് നടത്തിയത്. മോസ്‌കോയില്‍ നിന്ന് ക്രിമിയയിലേക്ക് പറക്കുന്നതിന് ഇടയിലാണ് വിമാനം അപകടത്തില്‍പ്പെട്ടത്. മോസ്‌കോയിലെ സുകോവ്‌സ്‌കി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ വിമാനത്തില്‍ പക്ഷി ഇടിച്ചു.
അപകടം മനസിലാക്കിയ പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് തീരുമാനിക്കുകയായിരുന്നു. ലാന്‍ഡ് ചെയ്യുന്നതിന് ഇടയില്‍ വിമാനത്തിന്റെ എഞ്ചിന്‍ നിന്നുപോവുകയും ചെയ്തു. പക്ഷേ, സമീപത്തെ കൃഷിപ്പാടത്തേക്ക് വലിയ അപകടങ്ങളില്ലാതെ വിമാനം ഇടിച്ച് നിര്‍ത്താന്‍ പൈലറ്റിനായി. ഇത്രയും പേരുടെ ജീവന്‍ രക്ഷിച്ച പൈലറ്റ് ദാമിര്‍ യൂസുപോവയ്ക്കുള്ള അഭിനന്ദനങ്ങളാണ് ഒഴുകുന്നത്. മഹാത്ഭുതം എന്ന് പറഞ്ഞാണ് റഷ്യന്‍ മാധ്യമങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അടിയന്തര ലാന്‍ഡിങ്ങിന് ഇടയില്‍ 23 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് മാത്രമാണ് സാരമായുള്ളത്.