കശ്മീര്‍: യുഎന്നില്‍ തിരിച്ചടി: രാജ്യാന്തര തലത്തില്‍ ഒറ്റപ്പെട്ട് പാകിസ്ഥാന്‍ 

ചൈനയൊഴികെ ഒരു രാഷ്ട്രവും ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ പാക് ശ്രമങ്ങളെ പിന്തുണച്ചില്ല. കശ്മീരില്‍ യുഎന്‍ ഇടപെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നാണ രക്ഷാ സമിതി തീരുമാനിച്ചത്
എഎന്‍ഐ/ട്വിറ്റര്‍
എഎന്‍ഐ/ട്വിറ്റര്‍

യുഎന്‍: ജമ്മു കശ്മീരിലെ ഇന്ത്യന്‍ നടപടിക്കെതിരെ രാജ്യാന്തര തലത്തില്‍ സമ്മര്‍ദത്തിനു ശ്രമിച്ച പാകിസ്ഥാന് ഐക്യരാഷ്ട്ര സഭയില്‍ തിരിച്ചടി. ചൈനയൊഴികെ ഒരു രാഷ്ട്രവും ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ പാക് ശ്രമങ്ങളെ പിന്തുണച്ചില്ല. കശ്മീരില്‍ യുഎന്‍ ഇടപെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നാണ രക്ഷാ സമിതി തീരുമാനിച്ചത്. 

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനം വിഭജിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിക്കെതിരെ പാകിസ്ഥാന്‍ നല്‍കിയ പരാതിയിലാണ്, രക്ഷാ സമിതി അടിയന്തര യോഗം ചേര്‍ന്നത്. അടച്ചിട്ട മുറിയില്‍ നടന്ന യോഗത്തില്‍ അഞ്ചു സ്ഥിരാംഗങ്ങളും 10 താല്‍ക്കാലിക അംഗങ്ങളും പങ്കെടുത്തു. കശ്മീരിലേത് തികച്ചും ആഭ്യന്തര കാര്യമാണെന്നും പാകിസ്ഥാന്‍ യാഥാര്‍ഥ്യം ഉള്‍കൊള്ളണമെന്നും ഇന്ത്യ യോഗത്തില്‍ വ്യക്തമാക്കി. 

ഇന്ത്യയുടെ നടപടി ദക്ഷിണ ഏഷ്യയുടെ സമാധാനവും സ്ഥിരതയും ഇല്ലാതാക്കുമെന്ന്  ഐക്യരാഷ്ട്ര സഭയിലെ പാക് പ്രതിനിധി മലീഹ ലോധി യോഗത്തില്‍ പറഞ്ഞതായി പാക് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സമിതിയുടെ നിലവിലെ നിലപാട് ഒട്ടും പാകിസ്ഥാന് അനുകൂലമല്ലെന്നും ഡോണ്‍ പറയുന്നു.

യോഗത്തില്‍ ചൈന മാത്രമാണ് പാകിസ്ഥാന് അനുകൂലമായി നിലപാട് എടുത്തത്. കശ്മീര്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള ഉഭയകക്ഷി പ്രശ്‌നമാണെന്ന് റഷ്യ വ്യക്തമാക്കി. കശ്മീരില്‍ യുഎന്‍ ഇടപെടലിനുള്ള സാഹചര്യമില്ലെന്നും റഷ്യന്‍ പ്രതിനിധി പറഞ്ഞു. മറ്റ് സ്ഥിരാംഗങ്ങളായ ബ്രിട്ടണ്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഇതിനോടു യോജിച്ചതായാണ് റിപ്പോര്‍ട്ട്. 

വിഷയത്തില്‍ ആഗോള പിന്തുണ നേടാന്‍ ശ്രമിക്കുന്ന പാകിസ്ഥാന് ഇസ്ലാമിക രാഷ്ട്രങ്ങളുടെ പിന്തുണ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com