ഹിന്ദു വിരുദ്ധ പ്രസംഗം: സാക്കീര്‍ നായിക്കിന് മലേഷ്യയില്‍ വിലക്ക്

വിവാദ മത പ്രഭാഷകന്‍ സാക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ക്ക് മലേഷ്യയില്‍ വിലക്ക്
ഹിന്ദു വിരുദ്ധ പ്രസംഗം: സാക്കീര്‍ നായിക്കിന് മലേഷ്യയില്‍ വിലക്ക്

ക്വാലാലംപൂര്‍: വിവാദ മത പ്രഭാഷകന്‍ സാക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ക്ക് മലേഷ്യയില്‍ വിലക്ക്. ഹിന്ദു വിഭാഗങ്ങള്‍ക്ക് എതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിലാണ് മലേഷ്യന്‍ സര്‍ക്കാരിന്റെ നടപടി. രാജ്യത്ത് എവിടെയും സാക്കീര്‍ നായിക്ക് മത പ്രഭാഷണം നടത്തരുത് എന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. 

ദേശസുരക്ഷയും മതമൈത്രിയും ഐക്യവും നിലനിര്‍ത്തുകയെന്ന രാജ്യ താത്പര്യത്തെ മുന്‍നിര്‍ത്തിയാണ് വിലക്കെന്ന് മലേഷ്യന്‍ പൊലീസ് വ്യക്തമാക്കി. വംശീയമായ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ മൈത്രിയെ ബാധിക്കുമെന്നതിനാല്‍ നായിക്കിന്റെ പൊതു പ്രഭാഷണങ്ങള്‍ നിരോധിക്കുകയാണെന്ന് റേയല്‍ മലേഷ്യന്‍ പൊലീസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ദാതുത് അസ്മാവതി അഹമ്മദ് വ്യക്തമാക്കി. 

ആഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഹിന്ദുക്കള്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരേ സാക്കിര്‍ നായിക്ക് വംശീയപരാമര്‍ശം നടത്തിയത്. മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കാള്‍ കൂറ് ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയോടാണ് എന്നതായിരുന്നു പ്രസ്താവന. 'പഴയ അതിഥി'കളായ മലേഷ്യയിലെ ചൈനീസ് വംശജര്‍ രാജ്യം വിടണമെന്നും ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കുള്ളതിനെക്കാള്‍ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുള്ളതെന്നും നായിക്ക് പറഞ്ഞിരുന്നു.  

നായിക്ക് വംശീയരാഷ്ട്രീയം കളിക്കാനാഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പരാമര്‍ശമാണിതെന്നും വംശീയവികാരങ്ങളെ ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പ്രതികരിച്ചിരുന്നു. 

നേരത്തെ മലേഷ്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ നിരോധിച്ചിരുന്നു. സംഭവത്തില്‍ രണ്ടു തവണയായി മലേഷ്യന്‍ പൊലീസ് നായിക്കിനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. മലേഷ്യന്‍ നിയമപ്രകാരം പീനല്‍ കോഡിലെ 504ാം വകുപ്പ് പ്രകാരം സമാധാനം തകര്‍ക്കുക ലക്ഷ്യമിട്ട്  നടത്തിയ മനഃപൂര്‍വ്വമായ വിദ്വേഷപ്രചാരണ കുറ്റമാണ് സാക്കിര്‍ നായിക്കിനെതിരെ ആരോപിക്കുന്നത്. 
2016ല്‍ കള്ളപ്പണം വെളുപ്പിക്കല്‍, മതപ്രഭാഷണങ്ങളിലൂടെ തീവ്രവാദത്തിനു പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങളില്‍ ഇന്ത്യയില്‍ കേസെടുത്തതോടെയാണ് നായിക്ക് മലേഷ്യയിലേക്ക് കടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com