പുകവലിക്കാത്തവർക്ക് ഈ കമ്പനി നല്‍കും ആറ് ദിവസത്തെ അധിക അവധി; അതും ശമ്പളത്തോടു കൂടി

കമ്പനിയിലെ പുകവലിക്കാരായ ജീവനക്കാരാണ് പുകവലി ശീലമില്ലാത്ത സഹ പ്രവര്‍ത്തകര്‍ക്കായി ഈ സ്‌പെഷ്യല്‍ അവധിയ്ക്ക് വഴിയൊരുക്കിയത്
പുകവലിക്കാത്തവർക്ക് ഈ കമ്പനി നല്‍കും ആറ് ദിവസത്തെ അധിക അവധി; അതും ശമ്പളത്തോടു കൂടി

പുകവലി ശീലമില്ലാത്ത ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടി ആറ് ദിവസത്തെ അധിക അവധി നല്‍കും ഈ കമ്പനി. ജപ്പാന്‍ കമ്പനിയായ പിയാലയാണ് ഇത്തരമൊരു ശ്രദ്ധേയ തീരുമാനം കൈക്കൊണ്ടത്. ടോക്കിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര മാര്‍ക്കറ്റിങ് കമ്പനിയാണ് പിയാല ഇന്‍കോര്‍പറേറ്റ്. കമ്പനിയിലെ പുകവലിക്കാരായ ജീവനക്കാരാണ് പുകവലി ശീലമില്ലാത്ത സഹ പ്രവര്‍ത്തകര്‍ക്കായി ഈ സ്‌പെഷ്യല്‍ അവധിയ്ക്ക് വഴിയൊരുക്കിയത്. 

ബഹുനില കെട്ടിടത്തിന്റെ 29ാം നിലയിലാണ് കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പുകവലി ശീലമുള്ളവര്‍ക്ക് ഇടയ്‌ക്കൊന്ന് വലിക്കണമെങ്കില്‍ താഴത്തെ നിലയിലെത്തണം. ഒരു സിഗരറ്റ് പുകച്ച് സീറ്റില്‍ തിരിയെയെത്താന്‍ കുറഞ്ഞത് 15 മിനിറ്റ് വേണ്ടി വരും. ഇടയ്ക്കിടെ പുകവലിക്കുന്നവര്‍ ജോലി സമയം നഷ്ടപ്പെടുത്തുന്നതായും ബാക്കിയുള്ളവര്‍ ആ സമയത്തും ജോലി ചെയ്യുന്നതായും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുകവലിക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടി അവധി നല്‍കാന്‍ കമ്പനി തീരുമാനിച്ചത്. 

പുകവലിക്കാര്‍ക്ക് പിഴയോ ശിക്ഷയോ നല്‍കി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലത് പ്രോത്സാഹനജനകമായ സമ്മാനങ്ങളോ സൗജന്യമോ അനുവദിക്കുന്നതാണെന്ന് കമ്പനി സിഇഒ ടകാവോ അസൂക്ക പറഞ്ഞു. കമ്പനിയില്‍ സ്ഥാപിച്ചിരുന്ന പരാതിപ്പെട്ടിയില്‍ നിന്ന് ലഭിച്ച പരാതിയാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പിയാല വക്താവ് ഹിരോതക മത്‌സുഷിമ അറിയിച്ചു. 

ജീവനക്കാര്‍ക്കിടയിലെ പുകവലി കുറയ്ക്കുന്നതിനായുള്ള നിലപാട് ജപ്പാനിലെ മിക്ക കമ്പനികളും അടുത്തിടെ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ബാറുകളിലും റെസ്‌റ്റോറന്റുകളിലും പുകവലിക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളുണ്ട്. 2020ല്‍ ഒളിമ്പിക്‌സ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പുകവലി നിയന്ത്രണത്തിനായി ടോക്കിയോ നഗരസഭ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com