കിടക്കാനെത്തിയ യുവതി ഞെട്ടി; കിടക്കയില്‍ കൂറ്റന്‍ പാമ്പ്

ഓസ്‌ട്രേലിയയിലെ നാമ്പോറിലുള്ള ഒരു സ്ത്രീയാണ് ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മുറിക്കുള്ളില്‍ പാമ്പിനെ കണ്ട് ഞെട്ടിയത്
കിടക്കാനെത്തിയ യുവതി ഞെട്ടി; കിടക്കയില്‍ കൂറ്റന്‍ പാമ്പ്

സിഡ്‌നി:തണുപ്പുക്കാലത്ത് ഇഴജന്തുക്കളെ സൂക്ഷിക്കണമെന്ന് പൊതുവേ പറയാറുണ്ട്. പാമ്പുകള്‍ ഇരതേടിയും പുതിയ വാസസ്ഥലം തേടിയുമൊക്കെ പുറത്തിറങ്ങുന്നത് ഇക്കാലത്താണ്. തണുപ്പ് കാലത്ത് ഉറങ്ങാന്‍ പോകുന്നവര്‍ ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കിടക്കയിലും വിരികള്‍ക്കുള്ളിലുമൊക്കെ ഇവ ഒളിച്ചിരിക്കാന്‍ സാധ്യതയേറെയാണ്. ഇത്തരമൊരു സംഭവത്തിന്റെ ഓസ്‌ട്രേലിയയില്‍ നിന്നുമുളള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ നാമ്പോറിലുള്ള ഒരു സ്ത്രീയാണ് ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മുറിക്കുള്ളില്‍ പാമ്പിനെ കണ്ട് ഞെട്ടിയത്. ബെഡ് റൂമിലെത്തി ലൈറ്റിട്ടപ്പോള്‍ കണ്ടത് കിടക്കയിലൂടെ ഇഴഞ്ഞു നീങ്ങുന്ന കൂറ്റന്‍ പാമ്പിനെയാണ്. ഏഴടിയോളം നീളമുള്ള കാര്‍പെറ്റ് പൈതണ്‍ വിഭാഗത്തില്‍ പെട്ട പാമ്പാണ് വീടിനുള്ളില്‍ കടന്നുകയറിയത്. പാമ്പിനെ കണ്ടു ഭയന്ന പുറത്തിറങ്ങിയ സ്ത്രീ വാതിലടച്ച ശേഷം ഉടന്‍ തന്നെ പാമ്പ് പിടിത്ത വിദഗ്ദ്ധരെ വിവരമറിയിച്ചു.

സണ്‍ഷൈന്‍ കോസ്റ്റ് സ്‌നേക്ക് ക്യാച്ചേഴ്‌സിലെ സ്റ്റ്യുവര്‍ട്ട് മക്കന്‍സിയാണ് പാമ്പിനെ പിടികൂടാനെത്തിയത്. മക്കെന്‍സിയെത്തുമ്പോള്‍ പാമ്പ് മുറിക്കുള്ളില്‍ ഇഴഞ്ഞു നടക്കുകയായിരുന്നു. അധികം പരിശ്രമമൊന്നും കൂടാതെ പെട്ടെന്നു തന്നെ മക്കെന്‍സി പാമ്പിനെ പിടികൂടി പുറത്തെത്തി. മുന്‍വാതിലിനു സമീപമുള്ള ദ്വാരത്തിലൂടെയാകാം പാമ്പ് വീടിനുള്ളില്‍ പ്രവേശിച്ചതെന്ന് മക്കെന്‍സി വ്യക്തമാക്കി. പാമ്പിനെ പിന്നീട് സുരക്ഷിതമായ സ്ഥലത്ത് തുറന്നു വിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com