പട്ടാളക്കാരെ വിമര്‍ശിച്ചു: പാകിസ്ഥാന്‍ പത്രപ്രവര്‍ത്തകന് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം രാത്രി ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് മുഹമ്മദ് ബിലാല്‍ ഖാനും സുഹൃത്തും ചേര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു.
മുഹമ്മദ് ബിലാല്‍ ഖാന്‍
മുഹമ്മദ് ബിലാല്‍ ഖാന്‍


 
ഇസ്ലാമാബാദ്: പാകിസ്ഥാനി ബ്ലോഗറും പത്രപ്രവര്‍ത്തകനുമായ യുവാവിനെ അജ്ഞാതന്‍ കൊലപ്പെടുത്തി. ഇരുപത്തിരണ്ട്കാരനായ മുഹമ്മദ് ബിലാല്‍ ഖാന്‍ എന്ന യുവാവിനെയാണ് അക്രമികള്‍ മാരകമായ ആയുധം കൊണ്ട് മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തിയത്. പാകിസ്ഥാനിലെ മിലിറ്ററി ഫോഴ്‌സിനെ വിമര്‍ശിച്ചതിനാലാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. 

ട്വിറ്ററില്‍ 16000 ഫോളോവേഴ്‌സ് ഉള്ള ബിലാല്‍ ഖാന് തന്റെ യുട്യൂബ് ചാനലില്‍ 4822000വും ഫേസ്ബുക്കില്‍ 22000വും ഫോളോവേഴ്‌സ് ഉണ്ട്. സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റ് ആയ ഖാന്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. 

കഴിഞ്ഞ ദിവസം രാത്രി ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് മുഹമ്മദ് ബിലാല്‍ ഖാനും സുഹൃത്തും ചേര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു. ഇവരെ ഫോണില്‍ വിളിച്ച അജ്ഞാതന്‍ സമീപത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി ഖാനെ കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇസ്ലാമാബാദില്‍ വെച്ചാണ് കൊലപാതകം നടന്നത്. 

പാകിസ്ഥാന്‍ സേനയെ വിമര്‍ശിച്ചുകൊണ്ടാള്ള ഖാന്റെ എഴുത്തുകളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ട്വിറ്റര്‍ ഫോളോവേഴ്‌സും പറയുന്നു. ഇതേതുടര്‍ന്ന് ജസ്റ്റിസ് ഫോര്‍ മുഹമ്മദ് അലി ഖാന്‍ എന്ന പേരില്‍ ട്വിറ്ററിലും ഫേസ്ബുക്കിലും ഹാഷ്ടാഗ് കാംപെയ്ന്‍ നടക്കുന്നുണ്ട്. 

തന്റെ മകന്റെ ശരീരത്തില്‍ മാരകമായ ആയുധം കൊണ്ട് മുറിവേല്‍പ്പിച്ച പാടുകള്‍ ഉണ്ടെന്ന് ഖാന്റെ പിതാവ് അബ്ദുള്ള പറഞ്ഞു. 'മിലിറ്ററിക്കെതിരെ സംസാരിച്ചു എന്ന തെറ്റ് മാത്രമേ എന്റെ മകന്‍ ചെയ്തിട്ടുള്ളു. ആളുകള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാനാണ് അവര്‍ എന്റെ മകനെ കൊലപ്പെടുത്തിയത്്'- അദ്ദേഹം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com