ടാഗോറിന്റെ കവിത പങ്കുവച്ച് ഇമ്രാൻ കുറിച്ചത് ഖലീല്‍ ജിബ്രാന്റെ പേര്; അബദ്ധം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ, ട്രോൾമഴ 

രബീന്ദ്രനാഥ ടാഗോറിന്റെ ജീവിതം എന്ന പ്രശസ്തമായ കവിതയിലെ വരികള്‍ ആണ് ഇമ്രാന്റെ ട്വീറ്റിൽ പ്രത്യക്ഷപ്പെട്ടത്
ടാഗോറിന്റെ കവിത പങ്കുവച്ച് ഇമ്രാൻ കുറിച്ചത് ഖലീല്‍ ജിബ്രാന്റെ പേര്; അബദ്ധം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ, ട്രോൾമഴ 

ഇസ്ലാമാബാദ്:  രബീന്ദ്രനാഥ ടാഗോറിന്റെ കവിതാ ശകലങ്ങള്‍ ട്വീറ്റ് ചെയ്ത് അത് ലെബനീസ് എഴുത്തുകാരന്‍ ഖലീല്‍ ജിബ്രാന്‍റെ വരികള്‍ ആണെന്ന് പറഞ്ഞ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ട്രോൾമഴ. ഇമ്രാന്റെ ലോക വിവരത്തെ പരിഹസിച്ചാണ് ട്രോളുകൾ. 

രബീന്ദ്രനാഥ ടാഗോറിന്റെ ജീവിതം എന്ന പ്രശസ്തമായ കവിതയിലെ വരികള്‍ ആണ് ഇമ്രാന്റെ ട്വീറ്റിൽ പ്രത്യക്ഷപ്പെട്ടത്. "ഞാൻ ഉറങ്ങി, ജീവിതം സന്തോഷമാണെന്ന് സ്വപ്നം കണ്ടുകൊണ്ട്. ഞാൻ ഉണർന്നു, ജീവിതം സേവനമാണെന്ന് കണ്ടറിഞ്ഞ്. ഞാന്‍ സേവനം നടത്തി, അതിലൂടെ സേവനം സന്തോഷമാണെന്ന് അറിഞ്ഞു" ഈ വരികളാണ് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്‍തത്. എന്നാൽ ഇത് ഖലീല്‍ ജിബ്രാന്റെ വാക്കുകള്‍ ആണെന്നാണ് അദ്ദേഹം വിവരിച്ചിരിക്കുന്നത്. ഖലീല്‍ ജിബ്രാന്റെ വാക്കുകള്‍  അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ മനസിലാക്കുന്നവര്‍ ജീവിതത്തില്‍ സംതൃപ്തി കണ്ടെത്തുന്നു എന്നും ട്വീറ്റിൽ ചേർത്തിട്ടുണ്ട്. 

മറ്റാരോ എഡിറ്റ് ചെയ്ത ചിത്രം അബദ്ധത്തിൽ പങ്കുവയ്ക്കുകയായിരുന്നു ഇമ്രാൻ. ഇമ്രാനെ തിരുത്തിയും പരിഹസിച്ചും നിരവധി ആളുകളാണ് ട്വീറ്റിന് കമന്റ് കുറിച്ചിരിക്കുന്നത്. ഇമ്രാന്‍ ട്വീറ്റ് ചെയ്‍ത വരികളിലും തെറ്റുണ്ടെന്ന് ആളുകൾ ചൂണ്ടികാണിക്കുന്നുണ്ട്. ടാഗോറിന്‍റെ യഥാര്‍ഥ വരികളില്‍ നിന്ന് മാറ്റിയാണ് ഇമ്രാന്‍ ട്വീറ്റ് ചെയ്‍തത്. 

അതേസമയം അബദ്ധം സംഭവിച്ചത് ചൂണ്ടിക്കാണിച്ചിട്ടും ഇമ്രാൻ ഇനിയും ട്വീറ്റ് പിൻവലിച്ചിട്ടില്ല. ഇന്നലെ ഉച്ചയോടെ പങ്കുവച്ച ട്വീറ്റ് ഇപ്പോഴും ഇമ്രാന്റെ ട്വിറ്റർ ഹാൻഡിലിൽ കാണാം. 


സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com