എഫ് 16 ഉപയോഗം : പാകിസ്ഥാനോട് വിശദീകരണം തേടുമെന്ന് അമേരിക്ക ; ഇന്ത്യയ്ക്ക് നേരെ അഞ്ചോളം അമ്രാം മിസൈലുകള്‍ വര്‍ഷിച്ചെന്ന് വ്യോമസേന

ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ എഫ്- 16 ജറ്റ് വിമാനം ഉപയോഗിച്ചതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക
എഫ് 16 ഉപയോഗം : പാകിസ്ഥാനോട് വിശദീകരണം തേടുമെന്ന് അമേരിക്ക ; ഇന്ത്യയ്ക്ക് നേരെ അഞ്ചോളം അമ്രാം മിസൈലുകള്‍ വര്‍ഷിച്ചെന്ന് വ്യോമസേന

വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ എഫ്- 16 ജറ്റ് വിമാനം ഉപയോഗിച്ചതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക. യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് റോബര്‍ട്ട് പല്ലാഡിനോയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ പാകിസ്ഥാനോട് കൂടുതല്‍ വിശദീകരണം യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തേടിയിട്ടുണ്ട്. 

ബാലകോട്ട് ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയുടെയും പാകിസ്ഥാന്റെയും വ്യോമസേനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് പാകിസ്ഥാന്‍ അമേരിക്കന്‍ നിര്‍മിത പോര്‍വിമാനമായ എഫ്-16 ഉപയോഗിച്ചത്. എഫ്-16 കൈമാറിയ വേളയില്‍ ഏര്‍പ്പെട്ട കരാറിന്റെ ലംഘനമാണ് പാകിസ്ഥാന്റെ നടപടി എന്നാണ് ഇന്ത്യ ആരോപിച്ചത്. എഫ്-16 ജെറ്റ് ഉപയോഗിച്ച് ആക്രമണം നടത്തിയതിന്റെ തെളിവുകള്‍ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. അമേരിക്കയുടെ അനുമതിയോടെ മാത്രമേ ഇത്തരം വിമാനം ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് വ്യവസ്ഥ ചെയ്യുന്ന കരാര്‍ നിലവിലുണ്ട്.

ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാക് വ്യോമസേനാ വിമാനത്തില്‍നിന്ന് കശ്മീരിലെ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ പ്രയോഗിച്ച അമ്രാം മിസൈലിന്റെ ഭാഗങ്ങള്‍ ഇന്ത്യ കണ്ടെത്തുകയും തെളിവായി  പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. എഫ്16 വിമാനത്തില്‍നിന്നു മാത്രമേ അമ്രാം മിസൈല്‍ പ്രയോഗിക്കാന്‍ സാധിക്കൂ എന്നും, പാകിസ്ഥാന്‍ ഈ പോര്‍വിമാനം ഉപയോഗിച്ചു എന്നതിന്റെ തെളിവാണിതെന്നും ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ എഫ്-16 ഉപയോഗിച്ചിട്ടില്ല എന്നായിരുന്നു പാകിസ്ഥാന്റെ നിലപാട്.

കാഴ്ചാ പരിധിക്ക് അപ്പുറത്തുള്ള ലക്ഷ്യസ്ഥാനത്തേയ്ക്ക് തൊടുത്തുവിടാന്‍ കഴിയുന്ന സ്വയംനിയന്ത്രിത മിസൈലുകളാണ് അമ്രാം. ഇത് എഫ് 16 വിമാനത്തില്‍ നിന്ന് മാത്രമേ പ്രയോഗിക്കാന്‍ സാധിക്കൂ എന്നാണ് ഇന്ത്യന്‍ സൈന്യം അഭിപ്രായപ്പെടുന്നത്. ആകാശയുദ്ധം ഉണ്ടായ ഫെബ്രുവരി 27 ന് പാകിസ്ഥാന്റെ എഫ് 16 ജെറ്റ് നാലു മുതല്‍ അഞ്ചു വരെ അമ്രാംമിസൈലുകള്‍ ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ക്ക് നേരെ തൊടുത്തു. 40 മുതല്‍ 50 കിലോമീറ്റര്‍ ദൂരപരിധിയില്‍ വെച്ചായിരുന്നു ആക്രമണം. 

ഇന്ത്യയുടെ സുഖേയ് 30, മിഗ് 21 ബൈസന്‍ വിമാനങ്ങളെയാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ലക്ഷ്യം തെറ്റി മിസൈലുകളുടെ ഭാഗങ്ങള്‍ ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ പതിച്ചിട്ടുണ്ട്. ഇത് സൈന്യം ശേഖരിച്ച് വരികയാണ്. ഇതിനകം തന്നെ നിരവധി അമ്രാം മിസൈലിന്റെ ഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വ്യോമസേന അധികൃതര്‍ സൂചിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com