സ്വവർ​ഗാനുരാ​ഗികളെ 'കല്ലെറിഞ്ഞ്' കൊല്ലില്ല; വധശിക്ഷ നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് ബ്രൂണെ പിൻമാറുന്നു

മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന തരത്തിലുള്ള ഒരു നടപടിയും രാജ്യം കൈക്കൊള്ളുകയില്ലെന്നും പൊതുനിയമവും ശരി അത്ത് നിയമവും രാജ്യത്തിന്റെ സമാധാനത്തിനും സ്വരച്ചേർച്ചയ്ക്കും വേണ്ടിയുള്ളതാണെന്നും സുൽത്താൻ
സ്വവർ​ഗാനുരാ​ഗികളെ 'കല്ലെറിഞ്ഞ്' കൊല്ലില്ല; വധശിക്ഷ നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് ബ്രൂണെ പിൻമാറുന്നു

ക്വലാലംപൂർ: സ്വവർ​ഗാനുരാ​ഗികളെ കല്ലെറിഞ്ഞ് കൊല്ലാനുള്ള വ്യവസ്ഥ ശരി അത്ത് നിയമത്തിന്റെ ഭാ​ഗമായി പ്രഖ്യാപിച്ച തീരുമാനത്തിൽ നിന്നും ബ്രൂണെ പിൻമാറുന്നു.  രാജ്യത്ത് വധശിക്ഷ നടപ്പിലാക്കാൻ തത്കാലത്തേക്ക് ആലോചിക്കുന്നില്ലെന്ന് ബ്രൂണെ സുൽത്താൻ ഹസനക്കൽ ബോൾക്യയാണ് വ്യക്തമാക്കിയത്.  ശരി അത്ത് നിയമത്തിൽ പുതിയ വകുപ്പുകൾ കൂടി ചേർത്ത പരിഷ്കാരം സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകളും വാർത്തകളും പരന്നിട്ടുണ്ട്. പക്ഷേ ആരും ഭയപ്പെടാൻ മാത്രം അപകടകരമായി ഒന്നുമില്ല. തെറ്റിദ്ധാരണകൾ നീങ്ങുമ്പോൾ നിയമത്തിന്റെ ​ഗുണഫലങ്ങൾ രാജ്യത്തിന് അനുഭവിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന തരത്തിലുള്ള ഒരു നടപടിയും രാജ്യം കൈക്കൊള്ളുകയില്ലെന്നും പൊതുനിയമവും ശരി അത്ത് നിയമവും രാജ്യത്തിന്റെ സമാധാനത്തിനും സ്വരച്ചേർച്ചയ്ക്കും വേണ്ടിയുള്ളതാണെന്നും സുൽത്താൻ പറഞ്ഞു. സമൂഹത്തിലെ ധാർമികതകളെ പാലിക്കുന്നതിനൊപ്പം വ്യക്തിസ്വാതന്ത്ര്യത്തെ കൂടി അവ മാനിക്കുന്നുണ്ടെന്നും റമദാൻ മാസാരംഭത്തോട് അനുബന്ധിച്ച് നടത്തിയ പ്രസം​ഗത്തിൽ സുൽത്താൻ വ്യക്തമാക്കി.

 കഴിഞ്ഞ 20 വർഷത്തിലേറെയായി ബ്രൂണെ വധശിക്ഷ നടപ്പിലാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ സ്വവർ​ഗ ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നവരെ പിടിച്ചാൽ കല്ലെറിഞ്ഞ് കൊല്ലാൻ വ്യവസ്ഥ ചെയ്തുള്ള പുതിയ ശരിഅത്ത് പരിഷ്കാരം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. വിദേശികൾക്കും കുട്ടികൾക്കും വരെ ഈ തീരുമാനം ബാധകമാക്കിയിരുന്നു. ഐക്യരാഷ്ട്രസഭയുൾപ്പടെയുള്ള സംഘടനകൾ ബ്രൂണെയുടെ തീരുമാനത്തെ അപലപിച്ചിരുന്നു. അന്താരാഷ്ട്ര പ്രതിഷേധത്തെ തുടർന്നാണ് ബ്രൂണെ ഈ  തീരുമാനം പുനഃപരിശോധിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഏപ്രിൽ മൂന്നിന് ബ്രൂണെ പ്രഖ്യാപിച്ച വധശിക്ഷാ തീരുമാനത്തെ തുടർന്ന് യുഎസിലും യൂറോപ്യൻ രാജ്യങ്ങളിലും ഉള്ള ബ്രൂണെയുടെ സ്ഥാപനങ്ങൾക്ക് അപ്രഖ്യാപിത ഒഴിവാക്കലുകൾ നേരിടേണ്ടി വന്നിരുന്നു. 

2014 ൽ സുൽത്താൻ ഹസ്സനൽ ആണ് ശരി അത്ത് നിയമം ബ്രൂണെയ്ക്ക് ബാധകമാക്കിയത്. അതിന് മുമ്പും സ്വവർ​ഗാനുരാ​ഗം ബ്രൂണെ 10 വർഷം തടവ് ലഭിക്കാവുന്ന കുറ്റമായി പ്രഖ്യാപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com