കണ്ടെയ്‌നറിനുള്ളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ചൈനീസ് സ്വദേശികളുടേത്; മനുഷ്യക്കടത്തെന്ന് സംശയം
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th October 2019 05:37 AM |
Last Updated: 25th October 2019 05:37 AM | A+A A- |

ലണ്ടന്‍; ലണ്ടന്‍ നഗരത്തിലെ പാര്‍ക്കില്‍ കണ്ടെയ്‌നറിനുള്ളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ചൈനീസ് പൗരന്മാരുടേതാണെന്ന് കണ്ടെത്തി. ബ്രിട്ടനിലേക്ക് കുടിയേറ്റക്കാരെ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് ദുരന്തത്തില്‍ കലാശിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
കഴിഞ്ഞ ദിവസമാണ് ലണ്ടനിലെ എസക്‌സില്‍ കണ്ടെയ്‌നറില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബള്‍ഗേറിയയില്‍ നിന്നാണ് ലോറി വന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര അയര്‍ലന്‍ഡിലെ രണ്ട് വീടുകളില്‍ പൊലീസ് പരിശോധന നടത്തി. ആസൂത്രിത കുറ്റവാളി സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പ്രായപൂര്‍ത്തിയായ 38പേരും ഒരു കൗമാര പ്രായക്കാരനുമാണു മരിച്ചത്. വെയില്‍സിലെ ഹോളിഹെഡ് വഴിയാണ് ലോറി ബ്രിട്ടനില്‍ പ്രവേശിച്ചത്. ബള്‍ഗേ റിയയില്‍നിന്നുള്ള വാഹനങ്ങള്‍ സാധാരണ ഈ റൂട്ടുവഴി ബ്രിട്ടനില്‍ പ്രവേശിക്കാറില്ല. മറ്റു റൂട്ടുകളിലെ പരിശോധന ഒഴിവാക്കാനായി മനുഷ്യക്കടത്തുകാര്‍ ഈ വഴി തെരഞ്ഞെടുത്തതാണെന്നു സംശയിക്കുന്നു.
ഇതിന് മുന്‍പും ഇത്തരത്തിലുള്ള കൂട്ടക്കുരുതിക്ക് ബ്രിട്ടന്‍ സാക്ഷിയായിട്ടുണ്ട്. 2000 ത്തില്‍ ബ്രിട്ടനിലെ ഡോവറില്‍ ഒരു ലോറി കണ്ടെയ്‌നറില്‍ 58 ചൈനാക്കാരെ ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 2014ല്‍ കപ്പല്‍ കണ്ടെയ്‌നറില്‍ 34 അഫ്ഗാന്‍ സ്വദേശികളെ മരണാസന്നരായും കണ്ടെത്തി.