കോവിഡ് മരണം ഒരുലക്ഷത്തിലേക്ക്; രോഗം സ്ഥിരീകരിച്ചത് 1,633,083 പേര്‍ക്ക്

ലോകമാകെ കോവിഡ് ബാധിതരുടെ എണ്ണം പതിനാറ് ലക്ഷം കഴിഞ്ഞു
കോവിഡ് മരണം ഒരുലക്ഷത്തിലേക്ക്; രോഗം സ്ഥിരീകരിച്ചത് 1,633,083 പേര്‍ക്ക്

റോം: ലോകമാകെ കോവിഡ് ബാധിതരുടെ എണ്ണം പതിനാറ് ലക്ഷം കഴിഞ്ഞു. മരണസംഖ്യ ഒരുലക്ഷത്തോട് അടുക്കുന്നു. ഇതുവരെ മൂന്നരലക്ഷം പേര്‍ രോഗമുക്തരായി.

ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 99,556 പേരാണ്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,633,083 ആണ്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലും അമേരിക്കയിലുമാണ്. അമേരിക്കയില്‍ ഇന്ന് മാത്രമായി 370 പേര്‍ മരിച്ചതായാണ് കണക്കുകള്‍. രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് അമേരിക്കയാണ്. 475,659 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഇതില്‍ പതിനായിരത്തിലധികം പേരുടെ നില ഗുരുതരമാണ്. ഇതുവരെ 26,050 പേര്‍ രോഗമുക്തരായിട്ടുണ്ട്.

സ്‌പെയിനിലും മരണസംഖ്യ ഉയരുകയാണ്. ഇതുവരെ മരിച്ചവരുടെ എണ്ണം 15,843 ആയി. ഇന്ന് മാത്രം 396 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 157,022 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ ഇതുവരെ 12,210 പേരാണ് മരിച്ചത്. ബ്രിട്ടണില്‍ 7,979 പേരും ഇറാനില്‍ 4,232 പേരും മരിച്ചു.

രാജ്യത്ത് 24 മണിക്കൂറിനിടെ 678 പേര്‍ക്കു കൂടി കോവിഡ് രോഗം. കോവിഡ് ബാധിതരുടെ എണ്ണം 6,412 ആയി. രാജ്യത്തെ മരണ സംഖ്യ 201 ആയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ 16002 സാംപിളുകളാണു പരിശോധിച്ചത്. 0.2 ശതമാനം സാംപിളുകള്‍ മാത്രമായിരുന്നു പോസിറ്റീവ്.

24 മണിക്കൂറിനിടെ 33 പേരാണു മരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം 98 പേര്‍ മരിച്ചു. ഈ കണക്കു പ്രകാരം ഇന്‍ഫെക്ഷന്‍ റേറ്റ് കൂടുതലല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. ഇതുവരെയും രാജ്യത്ത് സാമൂഹിക വ്യാപനമില്ല. അങ്ങനൊന്നുണ്ടായാല്‍ ഞങ്ങളായിരിക്കും അത് ആദ്യം അറിയിക്കുകയെന്ന് ലവ് അഗര്‍വാള്‍ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പക്ഷേ, കൂടുതല്‍ ജാഗ്രത പുലര്‍ത്തണം– അഗര്‍വാള്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ കോവിഡ് രോഗികളുടെ എണ്ണം 431 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച മാത്രം 21 പേര്‍ക്കു രോഗം ബാധിച്ചു. 32 പേര്‍ രോഗം മാറി ആശുപത്രി വിട്ടപ്പോള്‍ നാലു പേര്‍ മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com