കോവിഡ് കാലം മുതലെടുക്കാന്‍ ഭീകരസംഘടനകള്‍ ; സൈനികശേഷി വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

ഇസ്ലാമിക ശത്രുക്കള്‍ക്കെതിരേ ദൈവം സൃഷ്ടിച്ചതാണ് കൊറോണയെന്നും ദൈവം തന്റെ ദേഷ്യം തീര്‍ക്കുകയാണെന്നും അല്‍ഖ്വയിദ
കോവിഡ് കാലം മുതലെടുക്കാന്‍ ഭീകരസംഘടനകള്‍ ; സൈനികശേഷി വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: വലതുപക്ഷ തീവ്രവാദ പ്രസ്ഥാനങ്ങളും അല്‍ഖ്വയിദ, ഐഎസ് പോലുള്ള ഭീകര സംഘടനകളും കോവിഡ് കാല സാഹചര്യത്തെ ചൂഷണം ചെയ്യാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ലോകരാജ്യങ്ങള്‍ കോവിഡിനെ ചെറുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് മുതലെടുത്ത്, വംശീയ സംഘടനകള്‍, ഐഎസ്, അല്‍ഖ്വയിദ തുടങ്ങിയ തീവ്രവാദ സംഘടനകള്‍ സൈനിക ശേഷി വര്‍ധിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായിട്ടാണ് പത്രം വ്യക്തമാക്കുന്നത്. വിദ്വേഷം നിറഞ്ഞ ഗൂഢാലോചന സിദ്ധാന്തത്തിന്റെയും ആക്രമണ പദ്ധതികളുടെയും പണിപ്പുരയിലാണിവരെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.

ചൈനയും ജൂതന്‍മാരും ചേര്‍ന്നുണ്ടാക്കിയ വ്യാജ സൃഷ്ടിയാണ് കൊറോണയെന്നാണ് ഒരു പ്രചാരണം. ആശങ്കയുടെ  അന്തരീക്ഷം സൃഷ്ടിച്ച് ജൂതന്‍മാര്‍, കറുത്തവര്‍ഗ്ഗക്കാര്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിവരെ ബലിയാടാക്കി അവര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാക്കാനാണ് അമേരിക്കയുടെ പദ്ധതിയെന്നുമുള്ള വ്യാജപ്രചാരണങ്ങളും നടത്തുന്നുണ്ട്.

ഇസ്ലാമിക ശത്രുക്കള്‍ക്കെതിരേ ദൈവം സൃഷ്ടിച്ചതാണ് കൊറോണയെന്നും ദൈവം തന്റെ ദേഷ്യം തീര്‍ക്കുകയാണെന്നും അല്‍ഖ്വയിദ കഴിഞ്ഞ ദിവസം സന്ദേശത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. തീവ്രവാദ സംഘങ്ങള്‍ ശക്തി വര്‍ധിപ്പിക്കുന്നതായി യൂറോപ്യന്‍ ഇന്റലിജന്‍സ് വകുപ്പ് ഉദ്യോഗസ്ഥരും, ഓണ്‍ലൈനിലൂടെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സൂപ്പര്‍മാര്‍ക്കറ്റ് ആശുപത്രികള്‍ എന്നിവ വഴി ബോധപൂര്‍വ്വം കൊവിഡ് പടര്‍ത്താന്‍ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട ചാറ്റ് റെക്കോഡുകള്‍ ലഭിച്ചതായി മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റീവന്‍ സ്റ്റാലിന്‍സ്‌കി പറഞ്ഞു. മാര്‍ച്ച് 24ന് കോവിഡ് രോഗികള്‍ കൂടുതലുള്ള ആശുപത്രിയില്‍ സ്‌ഫോടനത്തിന് ശ്രമിച്ച തീവ്രവാദിയെ എഫ്ബിഐ ഏജന്റ് ബെല്‍റ്റണില്‍ വെടിവെച്ചിരുന്നു. നിയോ നാസി ഗ്രൂപ്പുകള്‍ സാമൂഹിക അകലം പാലിച്ച് വീടുകളില്‍ കഴിയുന്ന ജനങ്ങളെ പരിഭ്രാന്തിയിലാക്കാന്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

തീവ്രവാദ സംഘടനകള്‍ കോവിഡിനെ ജൈവ ആയുധമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡ് ആരോഗ്യപ്രശ്‌നം മാത്രമല്ല, ലോകസമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണി സൃഷ്ടിക്കുന്നതായും ഗുട്ടെറസ് അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com