ഫൈസര്‍ കോവിഡ് വാക്‌സിന് അമേരിക്കയും അനുമതി നല്‍കി

ഫൈസര്‍ കോവിഡ് വാക്‌സിന് അമേരിക്കയും അനുമതി നല്‍കി

യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനാണ് ഫൈസര്‍ ബയോഎന്‍ടെക് വാക്‌സിന് അനുമതി നല്‍കിയത്

വാഷിങ്ടണ്‍: ഫൈസര്‍ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്ക അനുമതി നല്‍കി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനാണ് ഫൈസര്‍ ബയോഎന്‍ടെക് വാക്‌സിന് അനുമതി നല്‍കിയത്. അമേരിക്കയില്‍ കോവിഡ് രോഗബാധ ഏതാനും ആഴ്ചകള്‍ക്കിടയില്‍ കുത്തനെ വര്‍ധിച്ചതിനിടെയാണ് വാക്‌സിന് അനുമതി നല്‍കിയിരിക്കുന്നത്. 

തുടര്‍ച്ചയായ നാലാം ദിവസവും 24 മണിക്കൂറിനിടെ രണ്ട് ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 3000 പേര്‍ മരിക്കുകയും ചെയ്തു. 107,248 പേരെയാണ് വ്യാഴാഴ്ച മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുകള്‍ 90 ശതമാനവും നിറഞ്ഞിരിക്കുകയാണ്. ഇതുവരെയായി മൂന്നുലക്ഷത്തിലേറെ യുഎസ് പൗരന്മാര്‍ കോവിഡ് മൂലം മരിച്ചതായാണ് കണക്കുകള്‍. 

നാലിനെതിരെ 17 വോട്ടുകള്‍ക്കാണ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. പ്രായപൂര്‍ത്തിയായവരിലും കൗമാരക്കാരിലും ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗം ഫലപ്രദമാണെന്ന് യുഎസ് സര്‍ക്കാരിന്റെ അഡൈ്വസറി പാനല്‍ വിലയിരുത്തി. മഹാമാരിയുടെ നീണ്ട ഗര്‍ത്തത്തിന്റെ അറ്റത്തെ പ്രകാശ നാളം എന്നാണ് സമിതി തീരുമാനത്തെ അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് പ്രസിഡന്റ് ഡോ. സാലി ഗോസ വിശേഷിപ്പിച്ചത്. 

നിലവില്‍ ബ്രിട്ടണ്‍, കാനഡ, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയിട്ടുണ്ട്. മൂന്നാം ഘട്ട പരീക്ഷണത്തില്‍ ഫൈസര്‍ വാക്‌സിന് 95 ശതമാനം ഫലപ്രാപ്തി സ്ഥിരീകരിച്ചതായി കമ്പനി അറിയിച്ചിരുന്നു. ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

മെസ്സെന്‍ജര്‍ ആര്‍എന്‍എ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാക്‌സിനാണ് ഫൈസര്‍ബയോണ്‍ ടെക്ക് വികസിപ്പിച്ചിരിക്കുന്നത്. ഗവേഷണ ഫലം വ്യാഴാഴ്ച ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com