പാകിസ്ഥാനിലെ വെട്ടുകിളി ആക്രമണം; തുരത്താനെത്തുന്നു ചൈനയിൽ നിന്ന് 'താറാവ് സൈന്യം'

വെട്ടുകിളി ശല്യം രൂക്ഷമായ പാകിസ്ഥാന് സഹായവുമായി ചൈന താറാവുകളെ നൽകുന്നു
പാകിസ്ഥാനിലെ വെട്ടുകിളി ആക്രമണം; തുരത്താനെത്തുന്നു ചൈനയിൽ നിന്ന് 'താറാവ് സൈന്യം'

ബെയ്ജിങ്: വെട്ടുകിളി ശല്യം രൂക്ഷമായ പാകിസ്ഥാന് സഹായവുമായി ചൈന താറാവുകളെ നൽകുന്നു. വെട്ടുകിളികളെ തുരത്താന്‍ ഒരു ലക്ഷം പ്രത്യേക താറാവുകളെയാണ് അയക്കുന്നതെന്ന് ചൈന അറിയിച്ചു. കിഴക്കന്‍ ചൈനയിലെ ഷിജിയാങ് പ്രവിശ്യയില്‍ നിന്നാണ് താറാവുകളെ പാകിസ്ഥാനിലേക്ക് അയക്കുന്നത്. പാകിസ്ഥാനിലെ കാര്‍ഷിക മേഖലയില്‍ വന്‍ നാശനഷ്ടമാണ് വെട്ടുകിളികള്‍ കാരണമുണ്ടായത്. 

പാക് അധീന കശ്മീര്‍ വഴി 10 ബാച്ചുകളായി വിമാനത്തിലായിരിക്കും താറാവുകളെ എത്തിക്കുക. വെട്ടുകളി ആക്രമണം നേരിടുന്ന സിന്ധ്, ബലൂചിസ്ഥാന്‍, പഞ്ചാബ് പ്രവിശ്യകളിലെ സാഹചര്യം പഠിക്കാന്‍ ചൈനീസ് കാര്‍ഷിക മന്ത്രാലയത്തിലെ വിദഗ്ധര്‍ പാകിസ്ഥാനിലെത്തിയിരുന്നു. അപകടകാരികളായ വെട്ടുകിളി ശല്യം നിയന്ത്രിക്കാന്‍ താറാവുകള്‍ക്കാകുമെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം. 

നേരത്തെ കോഴികളെ ഇറക്കാനും ആലോചിച്ചിരുന്നു. കോഴികള്‍ക്ക് ദിവസേന 70 വെട്ടുകിളികളെ മാത്രമേ തിന്നാന്‍ സാധിക്കൂ. അതേസമയം, താറാവുകള്‍ക്ക് 200 വെട്ടുകിളികളെ അകത്താക്കാന്‍ കഴിയുമെന്ന് ചൈനീസ് കാര്‍ഷിക ശാസ്ത്രജ്ഞന്‍ ലു ലിഷി പറഞ്ഞു. താറാവുകളുടെ ശത്രുക്കളാണ് വെട്ടുകിളികള്‍. അതുകൊണ്ട് തന്നെ അവയുടെ ആക്രമണം കൂടുതല്‍ സംഘടിതവും കൃത്യതയുള്ളതുമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

കൂടുതല്‍ വലിപ്പമുള്ള മല്ലാര്‍ഡ് താറാവുകളെയാണ് എത്തിക്കുന്നത്. 2000ത്തില്‍ ഷിന്‍സിയാങ് മേഖലയില്‍ വെട്ടുകിളിയാക്രമണമുണ്ടായപ്പോള്‍ ചൈന താറാവുകളെ പരീക്ഷിച്ച് വിജയിച്ചിരുന്നു. കീടനാശിനി ഉപയോഗിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്നും വെട്ടുകിളി ശല്യം അവസാനിച്ചാല്‍ താറാവുകളെ കര്‍ഷകര്‍ക്ക് ഇറച്ചിയാക്കി വില്‍ക്കാമെന്നുമാണ് കണക്കുകൂട്ടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com